Monday, September 9, 2024

ad

Homeചിത്രകലസസ്യ ചിത്രരചന സജീവം

സസ്യ ചിത്രരചന സജീവം

ചിത്രകലാരംഗത്ത് പല സങ്കേതങ്ങളും പല മാധ്യമങ്ങളും പല പരീക്ഷണങ്ങളുമൊക്കെ സജീവമാകുകയും സസ്യചിത്രങ്ങൾ രചിക്കുന്ന ബൊട്ടോണിക്കൽ ആർട്ടിസ്റ്റുകൾക്ക് അന്തർദേശീയതലത്തിൽ സംഘടന ഉണ്ടാകുകയും അവരുടെ ഒത്തുകൂടലും മറ്റും നടക്കുകയും ചെയ്യുന്ന ചിത്രകലയുടെ വർണാഭമായ കാലഘട്ടമാണിപ്പോൾ. യഥാതഥ ചിത്രണ സമ്പ്രദായത്തിലധിഷ്‌ഠിതമായ ചിത്രകലാ ചരിത്രത്തിന്റെ പിന്നിലേക്ക് പോകുമ്പോഴും സസ്യചിത്രങ്ങളുടെ രചനകൾ അന്നും മുന്തിയ സ്ഥാനം നേടിയിരുന്നതായി ചരിത്രരേഖകളിൽ കാണാം. ശാസ്ത്രപഠനവുമായി ബന്ധപ്പെട്ട ഒരു സാങ്കേതികജ്ഞാനം സ്വരൂപിക്കുക എന്നതിലപ്പുറം ഇന്ന് സസ്യചിത്രരചന പുതിയ മാനങ്ങൾ കീഴടക്കിയിരിക്കുകയാണ്. ഫോട്ടോഗ്രാഫിയുടെ വരവിന് മുമ്പ് സസ്യശാസ്ത്രപഠനത്തിന് ഒരത്യാവശ്യഘടകമായിരുന്നു സസ്യങ്ങളുടെ രേഖാചിത്രങ്ങളും വർണചിത്രങ്ങളും. സസ്യങ്ങളുടെ ഇലകളുടെയും പൂക്കളുടെയും സ്വഭാവം, ഘടന, പ്രത്യേകതകൾ ഇവ പ്രകടമാക്കുന്ന രേഖാചിത്രങ്ങൾ കറുത്തനിറം കൊണ്ട് (ഇൻഡ്യൻ ഇങ്കിൽ തയ്യാറാക്കിയത്) വരച്ചുണ്ടാ ക്കുകയായിരുന്നു ആദ്യകാലത്ത്. പിന്നീട് സസ്യങ്ങളുടെ ഇലകളും പൂക്കളും ചേർന്ന വർണചിത്രങ്ങൾ ജലച്ചായത്തിൽ തയ്യാറാക്കിവന്നു. ഫോട്ടോഗ്രഫി നിലവിൽ വന്ന ശേഷവും ജലച്ചായത്തിലുള്ള വർണചിത്രങ്ങൾ ഈ വിഷയത്തിൽ താത്പര്യമുള്ള ചിത്രകാരന്മാരും ചിത്രകാരികളും തയ്യാറാക്കിയിരുന്നതായി കാണാം. പിന്നീട് ഫോട്ടോഗ്രഫിയിലും കംപ്യൂട്ടറിലും ആധുനിക സങ്കേതങ്ങൾ രൂപപ്പെട്ടുവെങ്കിലും ചിത്രങ്ങൾ വരച്ചുണ്ടാക്കുന്നതിന്റെ സൗന്ദര്യമായി സസ്യങ്ങളുടെയും പൂക്കളുടെയും സൂക്ഷ്‌മമായ പ്രത്യേകതകൾ വരച്ച ചിത്രങ്ങളാണ് സസ്യശാസ്ത്രകാരന്മാർ ഇപ്പോഴും സ്വീകരിച്ചുവരുന്നത്.

ഈ വിഭാഗം ചിത്രങ്ങളുടെ രചനയിലെ പ്രത്യേകതകൾ ഏറെയാണ്. യഥാതഥമായ രചനാശൈലി എന്നതിനെക്കാൾ കുറെക്കൂടി വ്യക്തവും സൂക്ഷ്‌മവുമായ ചിത്രണരീതി ഈ ചിത്രങ്ങളുടെ പ്രത്യേകതയാണ്. പച്ചനിറത്തിലുള്ള ഇലകളിൽ വെളിച്ചവും നിഴലും വീഴുമ്പോഴുള്ള പച്ചയുടെ നിരവധി ഷേഡുകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ചിത്രങ്ങൾ ഒരു ക്രിയേറ്റീവ് പെയിന്റിങ്ങിന്റെ കാഴ്‌ചയാണ് ആസ്വാദകർക്ക് സമ്മാനിക്കുന്നത്. ചിത്രണത്തിലെ കോമ്പോസിഷനും വർണമേളനരീതിയുമൊക്കെ ഇവിടെ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത്, പ്രത്യേകിച്ച് കലാസങ്കേതങ്ങൾ സങ്കീർണമായിരുന്ന കാലത്ത്, സസ്യചിത്രങ്ങൾ ശൈലീസങ്കേത ങ്ങളിൽപ്പെടാതെ ചിത്രകലയുടെ അടിസ്ഥാന പ്രമാണമായ രേഖ, രൂപം, വർണം എന്നിവയിൽ കേന്ദ്രീകരിച്ച് യഥാതഥമായി ചിത്രീകരിച്ചിരുന്നു. ചിത്രണ സമ്പ്രദായത്തിലെ യഥാതഥമായ അവസ്ഥ ദൃശ്യഭാഷയിലെ സസ്യത്തിന്റെ സ്വഭാവം അനുഭവപ്പെടുത്തുന്ന രീതിയിൽ അവതരിപ്പിക്കുകയായിരുന്നു അക്കാലത്തെ വിദേശ ചിത്രകാരന്മാർ. ബ്രിട്ടീഷ് ഭരണകാലത്തെ വസ്തുനിഷ്‌ഠശൈലിയുടെ പിൻബലത്തിൽ ഭാരതീയരായ സസ്യചിത്രകാരന്മാർ ധാരാളം ചിത്രങ്ങൾ വരച്ചിരുന്നു. ഭാരതീയ ചിത്രകലയിൽ വിഖ്യാത ചിത്രകാരൻ രാജാരവിവർമ ഉയർത്തിയ അക്കാദമിക് റിയലിസം എന്ന ധാര സജീവമായിരുന്ന കാല ത്ത് ഭാരതത്തിലും, പ്രത്യേകിച്ച് കേരളത്തിലുമുള്ള സസ്യചിത്രകാരന്മാർ തങ്ങളുടെ രചനകളുമായി/പഠന പദ്ധതിയുമായി ഒതുങ്ങിക്കൂടുകയായിരുന്നു. ചില ബൊട്ടോണിക്കൽ മ്യൂസിയങ്ങളിലും ലൈബ്രറികളിലും അത്തരം പഠനാർഹമായ സസ്യചിത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ട് എന്ന് കാണാം.

തിരുവനന്തപുരം ആയുർവേദ കോളേജിലെ ഫാർമക്കോഗ്നോസി വിഭാഗത്തിൽ സസ്യചിത്രണത്തിൽ പ്രത്യേക പരിശീലനം നേടിയ ചിത്രകാരന്മാർ ജോലി നോക്കിയിട്ടുണ്ട്. ബാലകൃഷ്ണക്കുറുപ്പ്, ദിവാകരൻ എന്നിവർ വരച്ച അപൂർവ്വ ഔഷധസസ്യ ചിത്രങ്ങൾ ഇപ്പോഴും പഠനങ്ങൾക്ക് ഉപയോഗിക്കുന്നു. ഫോട്ടോഗ്രാഫിക്കും അപ്പുറമുള്ള സസ്യത്തിന്റെ സ്വഭാവം പകർത്തുന്ന സവിശേഷമായ രചനാരീതി സസ്യ ചിത്രരചനയിൽ ശ്രദ്ധിക്കുന്ന കലാകാരന്മാർ സ്വീകരിച്ചുവരുന്നു അത് തന്നെയാണ് സസ്യചിത്രങ്ങളുടെ പ്രത്യേകതയും.

സാധാരണ ചിത്രകാരന്മാരൊക്കെ വരച്ചിരുന്ന യഥാതമായ ചിത്രങ്ങളിലെ പ്രകൃതിദൃശ്യങ്ങളിലൊക്കെ കാണാറുള്ള സസ്യങ്ങൾ വർണത്തേപ്പുകൾ കൊണ്ട് നിഴലും വെളിച്ചവും ദൃശ്യവത്കരിക്കുമ്പോൾ നിഴലിലും വെളിച്ചത്തിലും ഒളിഞ്ഞിരിക്കുന്ന സസ്യത്തിന്റെ സ്വഭാവം വിശദമായി ചിത്രീകരിക്കുകയായിരുന്നു ബൊട്ടോണിക്കൽ ആർട്ടിസ്റ്റുകൾ ചെയ്തുവന്നത്. സൂക്ഷ്‌മമായ രചനാരീതിയും ക്ഷമയോടെയുള്ള രചനാകൗശലവുമാണ് ഇവിടെ ശ്രദ്ധേയമാകുന്നത്.

ചിത്രകലയിലുണ്ടായ വിപ്ലവകരമായ വ്യതിയാനങ്ങൾ ക്കൊപ്പം ചിത്രങ്ങളുടെ വിപണിയും സജീവമായിരിക്കുകയാണിന്ന്. തയ്യാറാക്കുന്ന ചിത്രത്തിന്റെ കലാസൗന്ദര്യം കലാവിപണിയിലെ മുഖ്യ ഘടകമായി മാറുന്നു. ചിത്രങ്ങളുടെ വില്പനയിൽ സസ്യചിത്രങ്ങൾക്ക് ആവശ്യക്കാർ ഉണ്ടായിരിക്കുന്നു. ഇത്തരം ചിത്രങ്ങൾ വിപണിയിൽ ശ്രദ്ധേയമാകുന്നതു വഴി നമുക്കുചുറ്റുമുള്ള പ്രകൃതിയെ, സസ്യങ്ങളെ പ്രത്യേകിച്ച് ഔഷധസസ്യങ്ങളെ പരിചയപ്പെടുവാനും കൂടുതലറിയുവാനും കഴിയുന്നു. പൂക്കളുള്ള സസ്യങ്ങൾ തിരഞ്ഞെടുത്ത് പൂക്കൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള രചനകൾ ആസ്വാദകരെ ഏറെ ആകർഷിക്കുകയും ചെയ്യുന്നു. സസ്യങ്ങളെ ഇഷ്ടപ്പെടുന്നവർ നല്ല വിലയ്ക്കു തന്നെ ചിത്രങ്ങൾ സ്വന്തമാക്കുന്ന കാഴ്‌ച ഈ വിഭാഗം ചിത്രകാരന്മാർക്ക് ഏറെ പ്രതീക്ഷ നൽകുന്നു. അതോടൊപ്പം ചെടികളുടെയും പൂക്കളുടെയും രേഖാചിത്രങ്ങളും വർണചിത്രങ്ങളും വരയ്ക്കുന്ന ചിത്രകാരൻമാരുടെയും ചിത്രകാരികളുടെയും ഒരു ഏഷ്യൻ സംഘടന രൂപീകരിക്കപ്പെട്ടിരിക്കുന്നു. ‘ഗാബ’ (Gaba/-guild Of Asian Botonical Artists). സംഘടനയുടെ ആദ്യസമ്മേളനം തായ്‌ലാന്റിൽ കഴിഞ്ഞ വർഷം സംഘടിപ്പിച്ചു. അമേരിക്കയിലും യൂറോപ്പിലും സമാന സംഘടനകളിലെ സാരഥികളും ചിത്രകാരുമടക്കം 18 രാജ്യങ്ങളിൽ നിന്ന് മുന്നൂറോളം കലാകാരർ ഈ ത്രിദിന സമ്മേളനത്തിൽ പങ്കെടുത്ത് ചിത്രരചന നടത്തുകയുണ്ടായി. വിവിധ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവന്ന സസ്യ ചിത്രങ്ങളുടെ പ്രദർശനം ഒരു മാസം നീണ്ടുനിന്നു. ഗാബയുടെ കോ- ഓർഡിനേറ്റർമാരിലൊരാൾ കേരളത്തിൽ നിന്നുള്ള സസ്യശാസ്ത്രജ്ഞനും കലാകാരനുമായ ഡോ. സി. സതീഷ് കുമാറാണ്. (ട്രോപ്പിക്കൽ ബൊട്ടോണിക്കൽ ഗാർഡൻ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) സസ്യചിത്രകാരന്മാരെ സംഘടിപ്പിക്കുന്നതോടൊപ്പം അവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനും അവസരമുണ്ടാക്കുക, ഈ മേഖലയിലെ ആധുനിക പ്രവണതകളെ കുറിച്ച് ബോധവത്കരിക്കുക, സസ്യ സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുക! ഇവയൊക്കെയാണ് ‘ഗാബ’ യുടെ ലക്ഷ്യങ്ങളെന്ന് ഗാബയുടെ ഔദ്യോഗിക മുഖപത്രമായ ‘വാൻഡ’യുടെ എഡിറ്റോറിയലിൽ പറയുന്നു. സസ്യചിത്രകാരന്മാരുടെയും ചിത്രകാരികളുടെയും സമ്മേളനം ചൈന, ജപ്പാൻ, തായ്‌ലൻഡ് ആസ്ട്രേലിയ, സിംഗപ്പൂർ എന്നിവിടങ്ങളിലൊക്കെ കൂട്ടായ്മകളും പ്രദർശനങ്ങളും നടന്നുവരുന്നു. ബോട്ടോണിക്കൽ ആർട്ടിസ്റ്റുകളുടെ പ്രസക്തി വർദ്ധിക്കേണ്ടുന്ന കാലം കൂടിയാണിത്. പ്രകൃതിയെ അറിയാനും സംരക്ഷിക്കുവാനുമുള്ള ബോധ്യം കൂടി സാമാന്യ ജനങ്ങളിലേക്ക് പകരാൻ ഇത് സഹായകമാകുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen − 11 =

Most Popular