Thursday, May 2, 2024

ad

Homeപുസ്തകം‘വാച്ചാത്തി' എന്ന വീരകഥ

‘വാച്ചാത്തി’ എന്ന വീരകഥ

പി ടി രാഹേഷ്

വെറുമൊരു പഴങ്കഥയായി മാറിയേക്കാമായിരുന്ന വാച്ചാത്തി ഇന്ന് അതിജീവനത്തിനായുള്ള പോരാട്ടത്തിന്റെ വീരകഥയാണ്. ശബ്ദമില്ലാത്തവരും, ദുർബലരുമായ ഒരു ജനതക്ക് നേരെ നടന്ന ഭരണവർഗ്ഗത്തിന്റെ ഭീകരതയുടേയും, അതിജീവനത്തിന്റെയും ചരിത്രം രേഖപ്പെടുത്തുകയാണ് ‘വാച്ചാത്തി വേട്ടയാടപ്പെട്ട സ്ത്രീത്വം, ചെങ്കൊടി നയിച്ച പോരാട്ടങ്ങൾ’ എന്ന പുസ്തകം. തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിലെ സിത്തേരിക്കുന്നുകളുടെ താഴ്‌വരയിലുള്ള വാച്ചാത്തി ഗ്രാമത്തിൽ 1992ൽ നടന്ന ആദിവാസി വേട്ടയുടെ കഥയാണ് ഈ പുസ്തകം പറയുന്നത്. നൂറു പേജു മാത്രമുള്ള ഈ കുഞ്ഞു പുസ്തകം കണ്ണു നിറയാതെയും, ദേഷ്യത്തോടെയുമല്ലാതെ വായിച്ചു തീർക്കാനാവില്ല. ഇടയ്‌ക്കു നിർത്തി ഇങ്ങനെയൊക്കെ മനുഷ്യരോട് മനുഷ്യന് ചെയ്യാനാവുമോ എന്ന് നാം ചോദിച്ചു പോകും. സമാനതകളില്ലാത്ത ഭരണകൂട ഭീകരതയിൽ വിറങ്ങലിച്ചു പോയ ഒരു നാടിന്റെ പോരാട്ടം ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ നമുക്ക് പൊരുതാനുള്ള ചെറുതല്ലാത്ത ഊർജം പകരുന്ന ഒന്നാണ്. ഭരണകൂടം മനുഷ്യത്വവിരുദ്ധതയുടെ ദംഷ്ട്രകൾ പുറത്തെടുക്കുന്ന കാലത്ത് വാച്ചാത്തി ഒരോർമ്മപ്പെടുത്തലാണ്. സമത പ്രസിദ്ധീകരിച്ച ഈ പുസ്തകം വാച്ചാത്തിയുടെ വീറും ആവേശവും ഒട്ടും ചോരാതെ നമ്മളിലേക്കെത്തിക്കുന്നുണ്ട്.

‘നമ്മുടെ രാജ്യത്ത് ഒരാൾക്ക് എത്ര സ്വർണ്ണം വേണമെങ്കിലും സൂക്ഷിക്കാം. അത് അനുവദനീയമാണ്. അയാൾക്ക് ചാക്ക് കണക്കിന് രത്നങ്ങളും കൈവശം വെക്കാം. അതും കുറ്റമല്ല. അയാൾ വളരെയധികം ഭൂസ്വത്ത് കൈവശം വെക്കാം. പക്ഷേ വീടിനു പുറകിൽ നിൽക്കുന്ന ഒരു ചെറിയ ചന്ദനമരം നിയമവിരുദ്ധമാണെന്ന് നിയമം പറയുന്നു. അത്ഭുതകരമായ നിയമം! ചന്ദനം സ്വർണത്തേക്കാളും രത്നങ്ങളേക്കാളും വിലപിടിപ്പുള്ളതാണോ? അല്ലേയല്ല! എന്നിട്ടും ആദിവാസികളെ അവർ ഓരോരുത്തരും, എല്ലാവരും വീരപ്പൻ ആണെന്നതുപോലെ പിടികൂടുകയും പീഡിപ്പിക്കുകയും ചെയ്യുന്നു’. പോലീസ് നടപടിക്ക് കാരണമെന്ന് പറയുന്ന ചന്ദകള്ളക്കടത്തിലെ യുക്തിരാഹിത്യം തുറന്നുകാണിക്കുകയാണ് വാച്ചാത്തിയുടെ പോരാട്ടത്തിന് നേതൃത്വം നൽകിയ സഖാവ് ഷണ്മുഖത്തിന്റെ ഈ വാക്കുകൾ. കൊടും ക്രൂരതകൾ കേട്ടറിഞ്ഞ സഖാക്കൾ വാച്ചാത്തിയിൽ എത്തിയപ്പോൾ ഗ്രാമീണരും ചുറ്റുമുള്ള കാടുകളിൽ ഒളിച്ചിരിക്കുകയായിരുന്നു. ഒരു ചെറുപ്പക്കാരി മാത്രം സഖാക്കളുടെ അടുത്തേക്ക് വന്നു. മറ്റുള്ളവരെല്ലാം ഓടിപ്പോയിട്ടും അവൾ മാത്രമവിടെ നിന്നതെന്തിനാണെന്ന് ചോദിച്ചപ്പോൾ ‘ചെങ്കൊടി’ കണ്ടു വന്നതാണെന്നും, സഹായിക്കാൻ വന്നവരാണ് അവരെന്ന് തനിക്കറിയാമായിരുന്നെന്നുമാണ് ‘ശാല’ എന്ന ആ പെൺകുട്ടി മറുപടി പറഞ്ഞത്.

കാക്കിയിട്ട ശക്തരോട് പോരാടാൻ തങ്ങൾക്ക് ധൈര്യം നൽകിയത് ചെങ്കൊടിയാണെന്നും ചെങ്കൊടി മാത്രമാണെന്നുമുള്ള സത്യം വാച്ചാത്തിയിലെ ധീരവനിതകളിലൊരാളായ പരന്തായി അടിയുറച്ചു പറയുന്നുണ്ട്. നിരാലംബരും അടിച്ചമർത്തപ്പെട്ടവരുമായ ആദിവാസി ജനങ്ങളെ കുറ്റവാളി ഗോത്രങ്ങളായി മുദ്രകുത്തുകയും, നാട്ടിൽ നടക്കുന്ന ഏത് കുറ്റകൃത്യത്തിനും അവരെ ഉപദ്രവിക്കുകയും, അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന കൊളോണിയൽ മാനസികാവസ്ഥ ഇപ്പോഴും അവസാനിച്ചിട്ടില്ല. യൂണിഫോമിലുള്ള ഉദ്യോഗസ്ഥർ ആദിവാസികൾക്കെതിരെ നടത്തുന്ന അതിക്രമങ്ങളും, ലൈംഗികാതിക്രമങ്ങളും സ്വതന്ത്ര ഇന്ത്യയിൽ തുടരുകയാണ്. അത്തരമൊരു ക്രൂരമായ ആക്രമണത്തിലെ രക്തകലുഷിതമായ ഒരേടാണ് വാച്ചാത്തി. പോലീസ് – വനം – റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ കൈകളിൽ നിന്ന് അക്രമത്തിനും, കൂട്ടബലാത്സംഗത്തിനും ഇരയായ കുട്ടികൾ അടക്കമുള്ള പതിനെട്ട് സ്ത്രീകൾ ചെങ്കൊടിക്ക് കീഴിൽ പോരാടിയ ചരിത്രമാണ് ഈ പുസ്തകം നമ്മോട് സംസാരിക്കുന്നത്. നിയമത്തിന്റെ ചരിത്രത്തിൽ പ്രത്യേകിച്ച്, സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമക്കേസുകളിൽ അസാധാരണമായ ഒരു വിധി നേടി എന്നതാണ് ഈ കേസിനെ വേറിട്ടതാക്കുന്നത്. തുടർച്ചയായ നിയമപോരാട്ടത്തിലൂടെ കുറ്റക്കാരായ നിയമപാലകരെ കൂട്ടത്തോടെ ശിക്ഷിക്കാനായത് ചരിത്രപരമാണ്. സംരക്ഷർ തന്നെ പീഡകരായി മാറുന്ന നിരവധി കേസുകൾ ഇന്ത്യയിൽ കുറ്റക്കാരെ ശിക്ഷിക്കാതെ പൂർത്തിയായെങ്കിൽ വാച്ചാത്തി അത്തരം അസംഖ്യം കേസുകളുടെ പശ്ചാത്തലത്തിൽ സമാനതകളില്ലാത്ത പ്രാധാന്യമുള്ളതാണ്. ഭരണകൂടത്തോടും പൊലീസിനോടും ഉദ്യോഗസ്ഥരോടും പോരാടുകയും വിജയം നേടുകയും ചെയ്ത ഈ സമരത്തിന്റെ രസതന്ത്രം വാച്ചാത്തിയിലെ സ്ത്രീകളെ ഇരകളിൽ നിന്ന് പോരാളികളാക്കി മാറ്റിയതെങ്ങനെ എന്നുകൂടി പുസ്തകം നമുക്ക് പറഞ്ഞു തരുന്നുണ്ട്. അതുകൊണ്ടുതന്നെ അടിച്ചമർത്തലുകൾക്കെതിരെ പോരാടുന്ന എല്ലാവർക്കും പ്രതീക്ഷയുടെ സന്ദേശം കൂടിയാണ് വാച്ചാത്തി നൽകുന്നത്.

1992 ജൂൺ 20നാണ് വീരപ്പന്റെ സഹായികൾ എന്ന് ആരോപിച്ച് ഗ്രാമത്തിൽ റെയ്ഡ് നടത്തുകയും സമാനതകളില്ലാത്ത ക്രൂരത നടത്തുകയും ചെയ്തത്. അവിടെയെത്തിയ സിപിഎം നേതാക്കൾ ഈ വിഷയം ഏറ്റെടുക്കുകയും നിരന്തരമായ നിയമപോരാട്ടത്തിലൂടെയും, ജനകീയ സമരങ്ങളിലൂടെയും വാച്ചാത്തിയിലെ ആദിവാസി ജനതയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിക്കുകയും ചെയ്തു. 2011 സെപ്റ്റംബർ 29ന് ജില്ലാ കോടതി 269 പ്രതികളും കുറ്റക്കാരാണെന്ന് വിധിക്കുകയും, മരണമടഞ്ഞ 54 പ്രതികൾ ഒഴികെ മറ്റ് 215 പേർക്കും പിഴയും തടവുശിക്ഷയും വിധിക്കുകയും ചെയ്തു. മദ്രാസ് ഹൈക്കോടതി പ്രതികൾ നൽകിയ അപ്പീലുകൾ തള്ളുകയും ജില്ലാ കോടതിവിധി ശരിവെക്കുകയും ചെയ്യുന്നത് 2023 സെപ്റ്റംബർ 29നാണ്. കോടതിവിധി ലോകത്തെ ഏതൊരാളുടെയും ഭാവനക്കപ്പുറമുള്ളതും, ഞെട്ടിക്കുന്നതുമായിരുന്നു എന്ന് സഖാവ് ഷണ്മുഖം ഓർത്തെടുക്കുന്നുണ്ട്. സർക്കാറിന്റെ ഭാഗമായി യൂണിഫോമിട്ട ഉദ്യോഗസ്ഥർ അതുവരെ അത്രയും നിസംശയം കൂട്ടത്തോടെ കുറ്റക്കാരായി വിധിക്കപ്പെട്ടിരുന്നില്ല എന്നതായിരുന്നു അതിന്റെ പ്രധാനകാരണം. വിചാരണ കാലയളവിൽ മരിച്ചവർ പോലും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു എന്നതാണ് മറ്റൊരു കാരണം. ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തിൽ അത്തരമൊരു വിധി ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് തന്നെയാണ് വാച്ചാത്തിയെ അത്രമേൽ വേറിട്ടതും ആവേശകരവുമാക്കുന്നത്.

കോടതിയിൽ നിന്ന് ഇത്തരമൊരു ചരിത്രവിധി നേടുന്നതിന് എണ്ണമറ്റ പോരാട്ടങ്ങളും, നിരവധി വെല്ലുവിളികളും മുഖാമുഖം നേരിടേണ്ടി വന്നിട്ടുണ്ട്. പതറാതെ പൊരുതിയ ദുരിതബാധിതരുടെ ദൃഢനിശ്ചയവും, ആത്മവിശ്വാസവും അളക്കാനാവുന്നതല്ല. വാച്ചാത്തിയിൽ നിന്ന് നിരവധി പാഠങ്ങൾ നമുക്ക് പഠിക്കാനുണ്ട്. ഞെരുക്കുന്ന ഭരണകൂടം തങ്ങൾക്കു മേൽ അടിച്ചേൽപ്പിച്ച കള്ളന്മാർ എന്ന കളങ്കത്തിൽ നിന്ന് മുക്തരാവാൻ കൂടിയാണ് ആ വിധിയോടെ ഒരു ജനതക്ക് കഴിഞ്ഞത്. ഒരു ജനതയുടെ ആത്മാഭിമാനത്തെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ സിപിഐഎം എന്ന സംഘടനയുടെ അശ്രാന്തപരിശ്രമം നീതിയുടെ വിജയത്തിനായുള്ള പ്രധാനപ്പെട്ട കാരണമാണ്. വളരെ ചെറിയൊരു പാർട്ടിക്ക് എങ്ങനെയാണ് ഈ നിയമയുദ്ധത്തിന് സാധിച്ചതെന്ന നമുക്ക് സംശയം ഉണ്ടാകും. ‘പശു പുല്ലുകെട്ടുമായി മേയാൻ പോകാറില്ല’ എന്ന് തമിഴിൽ ഒരു ചൊല്ലുണ്ട്. ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ സിപിഐഎമ്മിന് പണം ഒരു പ്രശ്നമേ അല്ല. വാച്ചാത്തിയിലെ അതിക്രമങ്ങൾക്കെതിരെ പോരാട്ടം നടത്താൻ ഞങ്ങൾ ഒരിക്കലും സാമ്പത്തികമായി വിഷമം അനുഭവിച്ചിട്ടില്ലെന്നും, വിവിധ വർഗ്ഗ ബഹുജന സംഘടനകൾ സാമ്പത്തികമായി സഹായിച്ചെന്നും സഖാവ് ഷൺമുഖം പറയുന്നുണ്ട്. ഒരു കാര്യത്തിനായി തൊഴിലാളിവർഗ്ഗം ഒരുമിച്ചാൽ ലഭിക്കുന്ന ഉറച്ച വിജയത്തിന്റെ ക്ലാസിക് ഉദാഹരണം കൂടിയാണ് വാച്ചാത്തിയിലെ ചരിത്ര വിധി.

ആ ഗ്രാമത്തിലെ മൊത്തം ജനസംഖ്യ വെറും ഏഴുനൂറിൽ താഴെ മാത്രമായിരുന്നു. അവർക്ക് നേരെ സർക്കാർ ഉദ്യോഗസ്ഥർ കെട്ടഴിച്ചുവിട്ട ആക്രമണങ്ങൾ ഏതൊരു മനുഷ്യനെയും ഞെട്ടിക്കുന്നതാണ്. മനുഷ്യാവകാശങ്ങളുടെ പരിപൂർണ്ണമായ ലംഘനമാണ് അവിടെ നടന്നത്. ഗ്രാമത്തിൽ അന്നുണ്ടായിരുന്ന 200ലധികം വൃദ്ധരേയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഗർഭിണികളെ പോലും അവർ വെറുതെ വിട്ടില്ല. വെള്ളം എടുത്തിരുന്ന കിണറ്റിൽ അക്രമികൾ ഡീസൽ ഒഴിച്ചു, അവരുടെ വളർത്തുമൃഗങ്ങളെ കൊല്ലുകയും ആടിന്റെ തൊലിയും കുടലുകൾ പോലും വെള്ളത്തിൽ പൊങ്ങിക്കിടക്കുകയും ചെയ്തു. സർക്കാർ നൽകിയ മോട്ടോർ ഇളക്കി കിണറ്റിലേക്ക് എറിഞ്ഞു. എല്ലാ വീടുകളിലെയും വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. വീടുകളിലെ ധാന്യ സഞ്ചിയിൽ പോലും ഡീസലും മണ്ണെണ്ണയും ഒഴിച്ചു. ഉള്ളതെല്ലാം കൊള്ളയടിച്ചു. അവരുടെ കോവിലിലെ സ്വർണം പോലും കട്ടുകൊണ്ടുപോയി. ചില സ്ത്രീകളെ തടാകക്കരയിലേക്ക് കൊണ്ടുപോയി ഉദ്യോഗസ്ഥർ ബലാത്സംഗം ചെയ്തു. അതിനുശേഷം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ സ്ത്രീകൾക്ക് പ്രാണിയും പുഴുക്കളും നിറഞ്ഞ കഞ്ഞി കുടിക്കാൻ കൊടുത്തു. അവരുടെ ഗ്രാമത്തലവനെ അവർക്ക് മുന്നിൽ വച്ച് അടിക്കാൻ ആവശ്യപ്പെട്ടു. അവർ കടിച്ചു തുപ്പിയെ എല്ലുകളും ഭക്ഷണവും കഴിക്കാൻ നിർബന്ധിച്ചു. കേട്ടാൽ അറയ്ക്കുന്ന അസഭ്യവാക്കുകൾ കൊണ്ട് അഭിഷേകം ചെയ്തു. വാച്ചാത്തിയിലെ മനുഷ്യരുടെ, ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ അനുഭവകഥകൾ നമുക്കൊരു കെട്ടുകഥയായി തോന്നിയേക്കാം. നാം അനുഭവിക്കാത്തതുകൊണ്ട് തന്നെ അതൊരു കെട്ടുകഥയായി തോന്നുന്നത് സ്വാഭാവികം. പക്ഷേ നടന്നതെല്ലാം സത്യമാണെന്നും സംരക്ഷകരാകേണ്ടവർ തന്നെയാണ് ഈ അഴിഞ്ഞാട്ടം നടത്തിയതെന്നും നിരന്തരമായ നിയമയുദ്ധത്തിലൂടെയാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് പുറത്തുവന്നത്.

വേട്ടയാടപ്പെട്ട ആദിവാസി സ്ത്രീകളായ ജയയുടെയും, സെൽവിയുടെയും കോടതിമൊഴി കണ്ണുനിറയാതെ നമുക്ക് വായിച്ചു തീർക്കാനാവില്ല. തിരഞ്ഞുപിടിച്ച പതിനെട്ടു പെൺകുട്ടികളെ കൂട്ട ബലാൽസംഘം ചെയ്തതിന്റെ കഥ അവർ തുറന്നു പറയുന്നുണ്ട്. ലോകത്തെമ്പാടുമുള്ള സ്ത്രീകൾക്കെതിരായ കടന്നാക്രമണങ്ങളുടെ കഥകൾ നാം വായിച്ചുണ്ട്. ലൈംഗിക തടവുകാരായ സ്ത്രീകളുടെ കഥ നാം കേട്ടത് നാദിയാമുറാദിൽ നിന്നാണ്. അതുപോലെ ഒരു സംഘം യൂണിഫോമിട്ട കഴുകൻമാർ പ്രായപൂർത്തിയാവാത്ത കുട്ടിയെ മുതൽ ഗർഭിണിയെ വരെ ലൈംഗികമായി അക്രമിച്ചതിന്റെയും, അതിനുശേഷം ഫോറസ്റ്റ് ഓഫീസിൽ വെച്ചും നടത്തിയ പീഡനത്തിന്റേയും ഞെട്ടിക്കുന്ന കഥ ഇവരുടെ മൊഴിയിൽ നിന്ന് നമുക്ക് കണ്ണുനിറയാതെ വായിച്ചെടുക്കാനാവില്ല. ചന്ദനക്കടത്ത് തടയുക എന്ന ലക്ഷ്യത്തോടെയുള്ള റെയ്ഡിന്റെ മറവിലാണ് ഈ ക്രൂരതയെല്ലാം നടന്നത്. ഇതിനെതിരെ ശബ്ദിക്കാൻ സിപിഎം അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറാൻ സിപിഐഎം വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് നടത്തിയത്. അഭ്യസ്തവിദ്യരായ, സർക്കാർ ജോലിയുള്ള ഉയർന്ന ഉദ്യോഗസ്ഥർ അത്തരം കുറ്റകൃത്യങ്ങൾ ചെയ്യുമെന്ന് വിശ്വസിക്കാൻ ആകുന്നില്ല എന്ന വാദമാണ് ഈ കേസ് തള്ളിപ്പോകുന്ന ആദ്യഘട്ടത്തിൽ ജഡ്ജിമാർ തന്നെ പറഞ്ഞത്. ഭരണവർഗത്തിന്റെ പൊതുവായ ദളിത് വിരോധത്തിൽ നിന്നും ഉടലെടുത്ത വാക്കുകളാണിത്. പിന്നീട് സഖാവ് നല്ലശിവൻ 1992 സെപ്റ്റംബർ 3ന് സുപ്രീംകോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് കേസ് വീണ്ടും പുറത്തുവരുന്നത്. നിയമപരമായ പോരാട്ടത്തിനോടൊപ്പം, തന്നെ ജനകീയ സമരങ്ങളും സിപിഐ എം ഏറ്റെടുത്തു. പ്രതിഷേധ ജാഥകളും, നിരാഹാരസമരവും തുടങ്ങി. വാച്ചാത്തിയിൽ യാതൊന്നും അന്യായമായി സംഭവിച്ചിട്ടില്ല എന്നു വാദിച്ച സംസ്ഥാന സർക്കാർ, കോടതിവിധിയെ തുടർന്ന് അവർക്ക് നഷ്ടപരിഹാരം നൽകാൻ നിർബന്ധിതരായി. സിബിഐ കേസ് ഏറ്റെടുക്കുകയും പ്രതികളെ കണ്ടെത്താനായുള്ള തിരിച്ചറിയൽ പരേഡ് നടത്തുകയും ചെയ്തു. ഈ അവസരത്തിൽ വനംവകുപ്പിലെ ചില നല്ല ഉദ്യോഗസ്ഥർ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. ‘ഞങ്ങളെ കുടുക്കാനായി കൂടുതൽ പേരെ തിരിച്ചറിയാൻ നിങ്ങൾ ഉപദേശിക്കുമെന്ന് ഞങ്ങൾക്ക് പേടിയുണ്ടായിരുന്നു, പക്ഷേ അവർ കുറ്റങ്ങൾ ചെയ്തവരെ മാത്രമാണ് തിരിച്ചറിഞ്ഞത്. കമ്മ്യൂണിസ്റ്റുകാർ മാന്യമായ രീതിയിൽ മാത്രമേ പെരുമാറുകയുള്ളൂ എന്ന് നിങ്ങൾ വീണ്ടും തെളിയിച്ചു. നിങ്ങളെ അഭിനന്ദിക്കുവാൻ വാക്കുകളില്ല. യഥാർത്ഥ കുറ്റക്കാരെ കണ്ടെത്താനും ശിക്ഷ വാങ്ങി കൊടുക്കാനുമുള്ള സിപിഐ എമ്മിന്റെ പ്രതിജ്ഞാബദ്ധതയാണ് ഇവിടെ നാം കാണുന്നത്. കുറ്റക്കാർ ശിക്ഷിക്കപ്പെട്ടുവെങ്കിലും അവർക്ക് കിട്ടേണ്ട നഷ്ടപരിഹാരങ്ങൾക്കും, ആനുകൂല്യങ്ങൾക്കായി സിപിഐഎം പോരാട്ടം ഇപ്പോഴും തുടരുകയാണ്.

‘നിങ്ങൾക്കെതിരെ അതിക്രമങ്ങൾ
അഴിച്ചു വിടുന്നവരെ ഭയക്കരുത്,
അവരുടെ മുഖത്ത് തുപ്പുകയും, അവരെ
ചവിട്ടി വെളിയിലാക്കുകയും വേണം’

വിദേശ ഭരണാധികാരികൾക്കെതിരെ മഹാനായ വിപ്ലവ കവി ഭാരതീയാർ എഴുതിയ വരികളാണിത്. വർഷങ്ങളുടെ പോരാട്ടത്തിലൂടെ വാച്ചാത്തിയിലെ ജനങ്ങൾ ഈ വരികൾ ജീവിച്ചു കാണിക്കുകയാണ് ചെയ്തത്. ആമയെ പോലെ തല പുറകോട്ട് വലിക്കുകയും മൂകജീവിതം നയിക്കുകയും ചെയ്തിരുന്നവർ നീതിയുടെ പോരാളികളായി മാറി. എന്താണീ മാറ്റത്തിന് കാരണം? ഫ്രണ്ട് ലൈനിന്റെ പ്രതിനിധിയായ ദുരൈ രാജ് ഈ ചോദ്യം വിചാരണക്കോടതിയുടെ വിധി വന്നതിന് ശേഷം വാച്ചാത്തിയിലെ ജനതയോട് ചോദിച്ചു. ഭരണകക്ഷിക്കും, എണ്ണമില്ലാത്ത സർക്കാർ ഉദ്യോഗസ്ഥർക്കുമെതിരെ പോരാടാനുള്ള ധൈര്യം കിട്ടിയത് എവിടെ നിന്നാണ്? ‘പരന്തായി’ എന്ന സ്ത്രീ ഏറ്റവും ലഘുവായി ഉത്തരം പറഞ്ഞു: ചെങ്കൊടി! ഈ ചെങ്കൊടി മാത്രം മതി! അടച്ചമർത്തപ്പെട്ടവർക്കൊപ്പം ലോകത്തെമ്പാടും നിലകൊണ്ട ചെങ്കൊടി വാച്ചാത്തിയിൽ അവർക്കൊപ്പം കൂടെ ഉണ്ടായിരുന്നു. സത്യത്തെ അടിച്ചമർത്താനുള്ള ഭരണവ്യവസ്ഥയുടെ നിരവധി വഴികളും, സത്യത്തെ ഭാവനക്കപ്പുറം വളച്ചൊടിക്കാനുള്ള ഉദ്യോഗസ്ഥരുടെ കുടിലമായ കഴിവും കണക്കിലെടുക്കുമ്പോൾ, ചെങ്കൊടിയുടെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ വാച്ചാത്തിയിൽ അഴിച്ചുവിട്ട അക്രമങ്ങൾ ആവിയായി പോകുമായിരുന്നു. മായപോലെയും, പഴങ്കഥ പോലെയും, സ്വപ്നം പോലെയും ഒന്നുമല്ലാതായി തീരുമായിരുന്നു.

നിയമവാഴ്ച് സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥർ തന്നെയാണ് ഇവിടെ മനുഷ്യാവകാശങ്ങളെ ചവിട്ടിയരച്ചത്. പകയോടെ ആദിവാസികൾക്കു നേരെ അഴിഞ്ഞാടിയത്. വാച്ചാത്തിയിലെ ജനങ്ങളുടെ കരളുറപ്പും, സിപിഎം പോലുള്ള വിവിധ സംഘടനകളുടെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവും ഈ നീതികേടിനെ വെളിച്ചത്തു കൊണ്ടു വന്നു. ഇപ്പോൾ ആദിവാസി കാര്യങ്ങൾക്കു മാത്രമായി ഒരു ദേശീയ കമ്മീഷൻ നിലവിലുണ്ട്. പണ്ട് പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് ഒരു കമ്മീഷനേ ഉള്ളൂ. ഇന്ത്യയുടെ ഭരണഘടനയിലും വിവിധ നിയമങ്ങളിലും ആദിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വ്യവസ്ഥകളുണ്ട്. പക്ഷേ അവയൊന്നും തന്നെ വാച്ചാത്തിയിലെ ജനങ്ങളെ കാത്തില്ല. ചെങ്കൊടിക്കീഴിൽ നടന്ന നിരവധി ജനകീയ മുന്നേറ്റങ്ങളാണ് അവരുടെ താല്പര്യങ്ങളും, അവകാശങ്ങളും സംരക്ഷിച്ചത്. മനുഷ്യാവകാശങ്ങളെ സംബന്ധിച്ച് ലോകത്തിന് അവബോധം ഇല്ലാതിരുന്ന ഒരു കാലത്താണ് ഭീകരമായ ഈ സംഭവം നടന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ 1993ലാണ് രൂപീകരിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ മനുഷ്യാവകാശങ്ങൾക്കു വേണ്ടി നടത്തിയ പോരാട്ടമായാണ് വാച്ചാത്തിയെ ചരിത്രം അടയാളപ്പെടുത്തുന്നത്. ജനിച്ച മണ്ണിൽ ജീവിക്കാനായുള്ള മനുഷ്യന്റെ ഈ പോരാട്ടം എല്ലാവരും അറിയേണ്ടതുണ്ട്.

മനുഷ്യരാശിക്കെതിരെ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ സാമൂഹ്യപദവി നോക്കാതെ പോരാടാനും, കുറ്റവാളികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനും എല്ലാവർക്കും ആത്മവിശ്വാസം ഉണ്ടാകണം. അത്തരത്തിൽ മനുഷ്യത്വവിരുദ്ധമായ പോരാട്ടങ്ങളിൽ പിന്മടക്കമില്ലാതെ പൊരുതാൻ ദിശാബോധവും ആവേശവും നൽകുന്ന ഒരേടാണ് വാച്ചാത്തി. ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറിയ കമ്യൂണിസ്റ്റുകാരുടെ നിരവധി പോരാട്ടത്തിലെ ഒരു പ്രൗഢോജ്വല ചരിത്രം കൂടിയാണ് വാച്ചാത്തി. അടിച്ചമർത്തപ്പെട്ട മനുഷ്യരെ ചേർത്തുനിർത്താനും, അവരുടെ കണ്ണുനീരിന് അറുതിവരുത്താനും, എല്ലാ മനുഷ്യർക്കും അവകാശപ്പെട്ട തുല്യനീതിക്കായി പൊരുതാനും നമുക്ക് കരുത്തും കരളുറപ്പും നൽകുന്ന ചെങ്കൊടി ഉയർത്തിയല്ലാതെ കഴിയുകയില്ല എന്ന തിരിച്ചറിവാണ് വാച്ചാത്തി നൽകുന്നത്. ഇന്നത്തെ ഇന്ത്യയിൽ ദരിദ്രർ കൂടുതൽ ദരിദ്രരാവുകയും, സമ്പന്നർ കൂടുതൽ സമ്പന്നരാവുകയും ചെയ്യുന്ന സാഹചര്യത്തിൽ സമത്വസുന്ദരമായ ഒരു നാടിനായി നാം ഉയർത്തിപ്പിടിക്കേണ്ട പതാക കൂടിയാണ് ഈ ചെങ്കൊടി. വാച്ചാത്തി ജനതയേയും, അവർ വിശ്വസിക്കുകയും അവർക്കൊപ്പം നിലകൊള്ളുകയും ചെയ്ത കമ്മ്യൂണിസ്റ്റുകാരെയും വായിക്കുന്നതും അറിയുന്നതും അധികാരത്തിന്റെ ഗർവിനോടും അടിച്ചമർത്തലിനോടും നിർഭയരായി പൊരുതാൻ നമുക്ക് കരുത്തും ആവേശവും നൽകും. ഒരു ചെറിയ പാർട്ടിക്ക് ഇന്ത്യയിൽ എന്തുചെയ്യാനാകുമെന്ന് ചോദിക്കുന്നവരോട് അവസാനത്തെ മനുഷ്യന്റെയും ആത്മാഭിമാനം സംരക്ഷിക്കാൻ ആർക്കു മുമ്പിലും കീഴടങ്ങാതെ പോരാടാൻ കഴിയുമെന്ന് തെളിയിക്കുകയാണ് സിപിഐ എം. മനുഷ്യജീവിതമാകെ ഇരുട്ടുമൂടുന്ന ഇന്ത്യയിൽ സിപിഐ എം പ്രതീക്ഷയുടെ ഒരു കനൽവെട്ടമായി കെടാതെ നിൽക്കുന്നുണ്ട്. ഇന്ത്യയിൽ എല്ലാം നഷ്ടപ്പെട്ട ജനതയ്ക്ക് പൊരുതിക്കയറാനുള്ള ഒരു പാഠപുസ്തകമായി ‘വാച്ചാത്തി’യും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × one =

Most Popular