ഗാസയിൽ ഇസ്രയേൽ സിയോണിസ്റ്റ് ഭരണകൂടം വംശഹത്യ തുടങ്ങിയിട്ട് ആറുമാസം പിന്നിട്ടിരിക്കുന്നു. 2023 ഒക്ടോബർ 7നും 2024 ഏപ്രിൽ 4നുമിടയിൽ 14,350 പലസ്‌തീൻ കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്. ഈ കാലയളവിൽ പലസ്‌തീനിൽ മൊത്തം കൊല്ലപ്പെട്ടവരുടെ 44 ശതമാനമാണിത്. മൊത്തം കൊല്ലപ്പെട്ടവരിൽ 70 ശതമാനത്തിലധികവും സ്‌ത്രീകളും കുട്ടികളുമാണ്. ഇതിനുപുറമെ 7,000 പേരെ കാണാതായിട്ടുമുണ്ട്. ഇതിലും ഏറെപ്പേർ കൊല്ലപ്പെട്ടിട്ടുണ്ടാവും എന്നാണ് കണക്കാക്കപ്പെടുന്നത്. കാരണം ഇസ്രയേലി ബോംബാക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെയാകെ രക്ഷിക്കാനോ മൃതദേഹങ്ങൾ കണ്ടെത്താനോ കഴിഞ്ഞിട്ടില്ല.
ഇതിനുപുറമേയാണ് ഇസ്രയേൽ ഉപരോധത്തിന്റെ ഫലമായി ഭക്ഷ്യവസ്‌തുക്കൾ ലഭിക്കാത്തതുമൂലം പട്ടിണി കിടന്ന് മരിക്കുന്ന കുഞ്ഞുങ്ങൾ. കഴിഞ്ഞ രണ്ടുമാസത്തിനിടെ മാത്രം ഗാസയിൽ 31 പലസ്‌തീൻ കുഞ്ഞുങ്ങളാണ് പട്ടിണിമൂലം മരിച്ചത്. ഇരുപതിനായിരത്തിലേറെ കുഞ്ഞുങ്ങളാണ് ഗാസയിൽ 2023 ഒക്ടോബർ 7നുശേഷം കടുത്ത പോഷകദാരിദ്ര്യം നേരിടുന്നത്.
2024 മധ്യത്തോടുകൂടി ഗാസയിലും വെസ്റ്റ് ബാങ്കിലുമായി 24 ലക്ഷം കുട്ടികൾ‐ 18 വയസ്സിൽ താഴെയുള്ളവർ ഉണ്ടാവും എന്നാണ് കണക്കാക്കപ്പെടുന്നത്‐ ഇത് ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും മൊത്തം ജനസംഖ്യയിൽ 43 ശതമാനമാണ്. ഭക്ഷണം കിട്ടാതെ ഇവർ പട്ടിണി കിടന്ന് മരിക്കുക മാത്രമല്ല ഇവരുടെ വിദ്യാഭ്യാസവും ഇസ്രയേലിന്റെ ആക്രമണംമൂലം മുടങ്ങിയിരിക്കുന്നു. ഗാസയിലെ 10ൽ 8 സ്‌കൂളുകളും പൂർണമായി തകർക്കപ്പെട്ടു. മറ്റൊരു 113 സ്‌കൂളുകൾ അഭയാർഥികേന്ദ്രങ്ങളാണ്.
ഈ നിഷ്‌ഠൂരമായ ശിശുഹത്യകൾക്കു പുറമെയാണ് പലസ്‌തീൻ കുട്ടികളെ ഇസ്രയേൽ സേന പിടികൂടി തടവിലാക്കുന്നത്. ഒക്ടോബർ 7നുശേഷം മാത്രം 500ൽ ഏറെ കുട്ടികൾ തടവിലാക്കപ്പെട്ടു. ചിലരെ വിട്ടയച്ചെങ്കിലും ഇപ്പോഴും വിവിധ ഇസ്രയേലി ജയിലുകളിലായി 200ൽ അധികം കുട്ടികൾ കിടക്കുന്നു. കൊടും ക്രിമിനലുകളോടെന്ന നിലയിലാണ് കൈവിലങ്ങിട്ടും കറുത്ത തുണികൊണ്ട് കണ്ണ് മൂടിക്കെട്ടിയും ജയിലിൽ ഇവരെ അടച്ചിരിക്കുന്നത്. ലൈംഗിക പീഡനത്തിനുപോലും ഇവർ ഇരയാക്കപ്പെടുന്നുണ്ട്. സൈനിക കോടതിയിലാണ് ഈ കുട്ടികളെ വിചാരണയ്‌ക്ക് വിടുന്നത്. മാത്രമല്ല പലരെയും ഏകാന്തതടവിനും ശിക്ഷിക്കുന്നുണ്ട്. ഇസ്രയേലി ഭീകര ഭരണകൂടം നടത്തുന്ന വംശഹത്യയുടെ ആഴം കുട്ടികളെ പീഡിപ്പിക്കുന്നതിൽനിന്നുതന്നെ അറിയാൻ കഴിയും. ♦