Friday, November 22, 2024

ad

Homeരാജ്യങ്ങളിലൂടെഇസ്രയേൽ ജയിലിൽ കൊല്ലപ്പെട്ട പലസ‌്‌തീൻ തടവുകാരൻ

ഇസ്രയേൽ ജയിലിൽ കൊല്ലപ്പെട്ട പലസ‌്‌തീൻ തടവുകാരൻ

പത്മരാജൻ

കാൻസറിന്റെ വേദനയിൽ നിന്നും കടുത്ത ആസ്‌ത്‌മ രോഗപീഡയിൽനിന്നും ഇസ്രയേൽ ജയിലിലെ ഏകാന്തതയിൽനിന്നും ഒടുവിൽ വാലിഡ്‌ ദഖയ്‌ക്ക്‌ മോചനമായി. 62‐ാമത്തെ വയസ്സിൽ അദ്ദേഹം ഏപ്രിൽ ഏഴിന്‌ ഈ ലോകത്തോട്‌ വിടപറഞ്ഞു. ഇസ്രയേലി സിയോണിസ്റ്റ്‌ ഭരണകൂടം നടത്തിയ അരുംകൊലയായിരുന്നു അതെന്ന്‌ നിസ്സംശയം പറയാം. ശരിയായ ചികിത്സ ലഭിക്കാതെയാണ്‌ അദ്ദേഹം ജയിലിൽ കിടന്ന്‌ നരകയാതന അനുഭവിച്ച്‌ മരിച്ചത്‌.

ആരായിരുന്ന വാലിഡ്‌ ദഖ? പോരാളിയും സഖാവും നേതാവും ചിന്തകനും എഴുത്തുകാരനും പ്രഭാഷകനും സൈദ്ധാന്തികനും സംഘാടകനുമായിരുന്നു വാലിഡ്‌ ദഖ എന്നാണ്‌ പലസ്‌തീൻ വിമോചനത്തിനായുള്ള ജനകീയമുന്നണി (PFLP) അദ്ദേഹത്തെ അനുസ്‌മരിക്കുന്ന കുറിപ്പിൽ രേഖപ്പെടുത്തുന്നത്‌. പലസ്‌തീൻ മോചനത്തിനായുള്ള പോരാട്ടത്തിലെ അവിസ്‌മരണിയ രക്തസാക്ഷിയെന്നും പിഎഫ്‌എൽപി അദ്ദേഹത്തെ അനുസ്‌മരിക്കുന്നു.

1986 മാർച്ച്‌ 25ന്‌ 24‐ാമത്തെ വയസ്സിലാണ്‌ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്‌തത്‌. ഒരു ഇസ്രയേലി പട്ടാളക്കാരൻ കൊല്ലപ്പെട്ട കേസിൽ അദ്ദേഹത്തിനും പങ്കുണ്ടായിരുന്നുവെന്ന്‌ ആരോപിച്ചായിരുന്നു അറസ്റ്റ്‌. ശരിയായ വിചാരണയോ തെളിവോ കൂടാതെ പട്ടാളക്കോടതി അദ്ദേഹത്തിന്‌ 37 വർഷത്തെ തടവുശിക്ഷ വിധിച്ചു. 2023 മാർച്ചിൽ അദ്ദേഹത്തിന്റെ ശിക്ഷാ കാലാവിധി കഴിഞ്ഞെങ്കിലും ജയിലിനുള്ളിലേക്ക്‌ മൊബൈൽഫോൺ കടത്തിയെന്ന കള്ളക്കഥയുണ്ടാക്കി രണ്ടുവർഷത്തേക്കു കൂടി ശിക്ഷ നൽകിയാണ്‌ മോചനം തടഞ്ഞത്‌. ചികിത്സാർഥം പരോൾ അപേക്ഷ നൽകിയെങ്കിലും അദ്ദേഹം ഗുരുതരമായ രോഗബാധിതനാണെന്നറിഞ്ഞിട്ടും ജയിൽ അധികൃതരും അപ്പീൽ കമ്മിറ്റിയും ആ അപേക്ഷ നിരസിക്കുകയാണുണ്ടായത്‌. 2023 മെയ്‌ 31നാണ്‌ അപ്പീൽ തള്ളിയത്‌.

ജയിലിൽ കഴിയവെതന്നെ 57‐ാമത്തെ വയസ്സിൽ അദ്ദേഹം പിതാവുമായി. അതെങ്ങനെയെന്നോ? ജയിലിനുള്ളിൽനിന്ന്‌ അദ്ദേഹത്തിന്റെ ബീജം പുറത്തുകടത്തി, ഭാര്യയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചാണ്‌ അദ്ദേഹം പിതാവായത്‌.

2023 ഒക്ടോബർ ഏഴുമുതൽ ഇസ്രയേലി ജയിലധികൃതർ ഭീകരമായ മർദന നടപടികൾക്ക്‌ അദ്ദേഹത്തിനെ വിധേയനാക്കി എന്നു മാത്രമല്ല, ഇടയ്‌ക്കിടെ കുടുംബാംഗങ്ങൾക്ക്‌ നൽകിയിരുന്ന സന്ദർശനാനുവാദം പോലും നിഷേധിച്ചു. തന്റെ സഹധർമിണിയെയോ അഞ്ചു വയസ്സ്‌ പ്രായമുള്ള കുഞ്ഞിനെയോ പോലും അവസാനമായി ഒരുനോക്ക്‌ കാണാനാവാതെയാണ്‌ ജയിലിലെ ഇരുട്ടറയിൽ ആ ജീവൻ അവസാനിച്ചത്‌. അങ്ങനെ കൊടിയ മർദനങ്ങളും ഒറ്റപ്പെടലും അനുഭവിച്ചാണ്‌ ആ ജീവിതം അവസാനിച്ചത്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen − sixteen =

Most Popular