Sunday, May 26, 2024

ad

Homeപുസ്തക പരിചയംകലുഷിതമായ ഒരു 
കാലത്തെക്കുറിച്ചുള്ള ഓർമകൾ

കലുഷിതമായ ഒരു 
കാലത്തെക്കുറിച്ചുള്ള ഓർമകൾ

ജി വിജയകുമാർ

1960കളുടെ അവസാനം ലോകമാകെ കലാപകലുഷിതമായിരുന്നു. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ, മുന്നേറ്റങ്ങളുടെ കാലം. വിയറ്റ്നാം ജനതയ്ക്കുനേരെ അമേരിക്കൻ സാമ്രാജ്യത്വം കെട്ടഴിച്ചുവിട്ട കടന്നാക്രമണത്തിനെതിരായ ജനരോഷമായിരുന്നു ആ പ്രക്ഷോഭങ്ങളിൽ ഉയർന്നു മുഴങ്ങിയത്. ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വശക്തിയായ അമേരിക്കയുടെ ആക്രമണത്തെ ധീരോദാത്തമായി ചെറുത്തുനിൽക്കുന്ന വിയറ്റ്നാം ജനത ലോകത്താകെയുള്ള യുവതയെ ആവേശഭരിതരാക്കി; അവരെ പ്രചോദിപ്പിച്ചു. ഐതിഹാസികമായ ആ ചെറുത്തുനിൽപ്പിനു പിന്നിലെ പ്രത്യയശാസ്ത്രത്തെകുറിച്ചും മാർക്സിസത്തെകുറിച്ചും ആ മുന്നേറ്റങ്ങളുടെ നാളുകളിൽ ചർച്ച ചെയ്യപ്പെട്ടു. ഒട്ടേറെ യുവതി യുവാക്കൾ അതിലേക്കാകൃഷ്ടരായി. അങ്ങനെയാണ് ലണ്ടനിൽ എയർ ഇന്ത്യയിലെ ജീവനക്കാരിയും ഡ്രാമ സ്കൂൾ വിദ്യാർഥിനിയുമായിരുന്ന ബൃന്ദ തന്റെ ജോലി ഉപേക്ഷിച്ച് തൊഴിലാളിവർഗ വിപ്ലവപ്രസ്ഥാനത്തിന്റെ ഭാഗമായി മാറാൻ 1970ൽ ഇന്ത്യയിലേക്കു മടങ്ങിയത്. അതുമുതൽ, പ്രത്യേകിച്ച് 1975 മുതൽ 1985 വരെയുള്ള അവരുടെ അനുഭവങ്ങളാണ് ‘‘റീത്തയുടെ പാഠങ്ങൾ’’ എന്ന കൃതിയിൽ ബൃന്ദ രേഖപ്പെടുത്തിയിരിക്കുന്നത്.

ലണ്ടനിൽനിന്ന് ജോലിയും ഡ്രാമ സ്കൂൾ പഠിത്തവും ഉപേക്ഷിച്ച് മടങ്ങിയ ബൃന്ദ കമ്യൂണിസ്റ്റു പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ൽ ചേർന്ന് പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ തന്റെ സ്വദേശമായ ബംഗാളിലാണ് എത്തിയത്. 1970കളിൽ സിദ്ധാർഥ ശങ്കർ റേയുടെ ഭരണത്തിൻകീഴിൽ നടമാടിയിരുന്ന കോൺഗ്രസിന്റെ അർധഫാസിസ്റ്റ് വാഴ്ചയുടെ കാലത്താണ്, കമ്യൂണിസ്റ്റു പാർട്ടി പ്രവർത്തകർ കൊല ചെയ്യപ്പെട്ടുകൊണ്ടിരുന്ന, കമ്യൂണിസ്റ്റുകാർ തങ്ങളുടെ വീടുകളിൽ അന്തിയുറങ്ങാൻ കഴിയാതെ നാടുവിടാൻ നിർബന്ധിതരായിരുന്ന കാലത്താണ് ഉപരിവർഗ കുടുംബത്തിലെ അംഗമായ പെൺകുട്ടി പാർട്ടി അംഗമാകുകയെന്ന മോഹത്തോടെ പാർട്ടിയെ സമീപിക്കുന്നത്. നിരവധി കടമ്പകൾ കടന്ന് സർവകലാശാലയിലെ സ്റ്റുഡന്റ് ബ്രാഞ്ചിന്റെ ശുപാർശയോടെ 1971ൽ അവർ പാർട്ടിയിൽ അംഗമായി. 1975 വരെ കൽക്കത്തയിലെ സർവകലാശാല സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ലോക്കൽ കമ്മിറ്റിക്കുകീഴിൽ പ്രാദേശികമായ പാർട്ടി പ്രവർത്തനത്തിനൊപ്പം പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡെമോക്രസിയുടെ പ്രവർത്തനത്തിലും പങ്കെടുത്ത ശേഷമാണ്, ട്രേഡ് യൂണിയൻ രംഗത്ത് പ്രവർത്തിക്കണമെന്ന അവരുടെ ആഗ്രഹം പരിഗണിച്ച് ഡൽഹിയിൽ തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കാനായി നിയോഗിക്കപ്പെടുന്നത്.

ഡൽഹിയിൽ അടിയന്തരാവസ്ഥയുടെ നാളുകളിലും തുടർന്നുള്ള വർഷങ്ങളിലും ടെക്-സ്റ്റെൽ മിൽ തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ച ഒരു ദശകക്കാലത്തെ അനുഭവമാണ് ഈ ഓർമക്കുറിപ്പുകളിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായ ബൃന്ദാ കാരാട്ട് വായനക്കാരുമായി പങ്കുവയ്ക്കുന്നത്. അടിയന്തരാവസ്ഥ കാലത്ത്, തൊഴിലാളി സംഘടനാ പ്രവർത്തനത്തിനായി കൽക്കത്തയിൽനിന്ന് ഒളിവിൽ എത്തിയ ബൃന്ദയുടെ ഐഡന്റിറ്റി മറച്ചുവയ്ക്കാനാണ് വടക്കൻ ഡൽഹിയിലെ ബിർള മിൽസ് തൊഴിലാളി ബ്രാഞ്ചിന്റെ യോഗത്തിൽ വച്ചാണ് ‘റീത്ത’ എന്ന പേര് സ്വീകരിച്ചത്. അടിയന്തരാവസ്ഥ കഴിഞ്ഞിട്ടും പ്രവർത്തനകേന്ദ്രം പാർട്ടി സ്റ്റേറ്റ് സെന്ററിലേക്ക് മാറുന്നതുവരെ റീത്ത എന്ന പേരിൽ തന്നെ അവർ അറിയപ്പെട്ടു.

ഒരു ദശകക്കാലം തൊഴിലാളികൾക്കൊപ്പം ജീവിച്ച്, അവരെ സംഘടിപ്പിച്ച് മുതലാളിത്ത ചൂഷണത്തിനും അടിച്ചമർത്തലുകൾക്കുമെതിരെ സമരം ചെയ്ത കാലത്തെ അനുഭവങ്ങളും അതിൽനിന്നു ലഭിച്ച പാഠങ്ങളുമാണ് ‘‘റീത്തയുടെ പാഠങ്ങൾ’’ പങ്കുവയ്ക്കുന്നത്. മിക്ക ദിവസങ്ങളിലും വടക്കൻ ഡൽഹിയിൽ തുണി മിൽ തൊഴിലാളികൾ പാർത്തിരുന്ന ചേരികളിൽ, പാർട്ടി സഖാക്കളുടെ ദുരിതജീവിതം പങ്കിട്ടായിരുന്നു, റീത്തയെന്ന് അക്കാലത്ത് അറിയപ്പെട്ടിരുന്ന ബൃന്ദാ കാരാട്ടിന്റെയും ജീവിതം.

1974ലും 1975ന്റെ ആദ്യപകുതിയിലും ടെക്-സ്റ്റെെൽ മിൽ തൊഴിലാളികൾ ഉൾപ്പെടെ ഇന്ത്യൻ തൊഴിലാളിവർഗം മുതലാളിമാർ ഭരണകൂട പിന്തുണയോടെ നടത്തിയിരുന്ന കൊടിയ കൊള്ളയ്ക്കും അടിച്ചമർത്തലുകൾക്കുമെതിരെ അതിശക്തമായി പൊരുതി നിൽക്കുകയായിരുന്നു. തൊഴിലാളിവർഗ പോരാട്ടങ്ങളുടെ ആ കാലത്തായിരുന്നു, അതിന്റെ പശ്ചാത്തലത്തിലായിരുന്നു തൊഴിലാളിവർഗത്തിന്റെ എതിർശബ്ദം ഉയരാതെ അവരെ നാവടക്കി പണിയെടുപ്പിക്കാനും കൂടി ആയിരുന്നു ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ പ്രഖ്യാപനം. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വിലകൾ കുതിച്ചുയർന്നുകൊണ്ടിരുന്നത് യഥാർഥകൂലിയിൽ ഇടിവുണ്ടാക്കിയതിനു പുറമെ, മാറ്റിവയ്ക്കപ്പെട്ട വേതനം എന്ന നിലയിലുള്ള ബോണസിന്റെ നിർവചനം മാറ്റിമറിച്ചുകൊണ്ട് നിയമം ഭേദഗതി ചെയ്യുകയും തൊഴിലാളികളുടെ സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശങ്ങൾക്ക് കൂച്ചുവിലങ്ങിടുകയും ചെയ്തിരുന്ന കെട്ട കാലത്താണ് ബൃന്ദ തൊഴിലാളികൾക്കിടയിൽ തന്റെ പാർട്ടി പ്രവർത്തനം ആരംഭിച്ചത്.

അടിയന്തരാവസ്ഥയുടെ അടിച്ചമർത്തലുകൾ ശിരസ്സാവഹിച്ച് വാ മൂടിക്കെട്ടി കഴിയാൻ പറ്റുന്നതായിരുന്നില്ല തൊഴിലാളികളുടെ ദുരിത ജീവിതം. സിഐടിയുവിന്റെ നേതൃത്വത്തിൽ ടെക്-സ്റ്റെെൽ മിൽ തൊഴിലാളികളെ സംഘടിപ്പിച്ച് ആ ഇരുണ്ടകാലഘട്ടത്തിലും ചെറുത്തുനിൽപ്പ് സമരങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടാണ് ബൃന്ദയും സഖാക്കളും തൊഴിലാളികൾക്കിടയിൽ പാർട്ടി കെട്ടിപ്പടുക്കുകയെന്ന ദൗത്യം നിറവേറ്റിയതും അതിലൂടെ തൊഴിലാളി ജീവിതങ്ങൾക്ക് ആശ്വാസത്തിന്റെ തെളിനീരെത്തിച്ചതും. ഈ പ്രവർത്തനത്തിനിടയിൽ പരിഷ്കരണവാദികളായ ട്രേഡ് യൂണിയൻ നേതാക്കളിൽനിന്നുള്ള ഇടങ്കോലിടലുകൾക്കൊപ്പം ഭരണകൂടത്തിന്റെയും മിൽ മുതലാളിമാരുടെ ഗുണ്ടകളിൽ നിന്നുള്ള ആക്രമണങ്ങളെയും അവർക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഒരു ഘട്ടത്തിൽ ബിർള മില്ലിലെ പണിമുടക്ക് പ്രചരണത്തിനായുള്ള ഗേറ്റ് മീറ്റിങ്ങിൽ രാത്രി അവർ സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതലാളിയുടെ ഗുണ്ടകൾ പെട്ടെന്ന് വെെദ്യുതി ബന്ധം വിച്ഛേദിച്ച് ആക്രമിക്കാനായി ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്തപ്പോൾ തൊഴിലാളി സഖാക്കൾ അത്ഭുതകരമായ വിധം രക്ഷിച്ച അനുഭവവും ഉണ്ടായി.

സിപിഐ എമ്മിന്റെ ബ്രാഞ്ച് അംഗമായും ലോക്കൽ കമ്മിറ്റി അംഗമായും വടക്കൻ ഡൽഹി ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയായും പ്രവർത്തിച്ച അനുഭവങ്ങൾ ഈ കൃതിയിൽ വിവരിക്കുന്നുണ്ട്. അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തൂത്തെറിയപ്പെട്ടതും അടിയന്തരാവസ്ഥയ്ക്കെതിരായ ചെറുത്തുനിൽപ്പിൽ തൊഴിലാളിവർഗവും സിപിഐ എമ്മും വഹിച്ച പങ്കുമെല്ലാം വിവരിക്കപ്പെടുന്നുണ്ട്. ഡൽഹി മുനിസിപ്പൽ കൗൺസിലിലേക്കും മെട്രോ പൊളിറ്റൻ കൗൺസിലിലേക്കും നടന്ന തിരഞ്ഞെടുപ്പനുഭവങ്ങളും ഈ കൃതിയിൽ വായിക്കാം.

1979–80 കാത്ത് സ്ത്രീകളെ സംഘടിപ്പിക്കാനാരംഭിച്ചതും തുടർന്ന് പ്രവർത്തനരംഗം പൂർണമായും ട്രേഡ് യൂണിയൻ മേഖലയിൽ നിന്ന് മഹിളാ രംഗത്തേക്കും പാർട്ടി ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയെന്നനിലയിൽ നിന്ന് സംസ്ഥാന കമ്മിറ്റി അംഗമായും മഹിളാപ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്കും ഉയരുന്നിടത്താണ് ഈ കൃതി അവസാനിക്കുന്നത്. മഹിളാരംഗത്ത് സ്ത്രീ പീഡനങ്ങൾക്കെതിരെ സ്ത്രീകളെ സംഘടിപ്പിച്ച് നടത്തിയ പോരാട്ടങ്ങളും ഒപ്പം നിയമപോരാട്ടങ്ങളും വിശദീകരിക്കുന്നുണ്ട്. അവസാന അധ്യായങ്ങളിൽ സിക്കു തീവ്രവാദികളുടെ ഭീകരപ്രവർത്തനങ്ങളും 1984ൽ ഇന്ദിരാഗന്ധിയെ അവരുടെ അംഗരക്ഷകരായ രണ്ട് സിക്കുകാർ വെടിവച്ചുകൊന്നതിനെതുടർന്ന് കോൺഗ്രസും ആർഎസ്എസും ചേർന്ന് നടത്തിയ സിക്കു കൂട്ടക്കൊലയുടെ കാലത്ത് മതമെെത്രിക്കും സിക്കുകാരായ മനുഷ്യരെ രക്ഷിക്കുന്നതിനായും സിപിഐ എം നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.

ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാവുന്നത്ര മനോഹരമായാണ് ഈ കൃതി രചിക്കപ്പെട്ടത്. ഇതിന്റെ ഒരു പ്രത്യേകത വ്യക്തിജീവിതത്തിലുപരി പൊതുജീവിതത്തെയാണ് പരാമർശ വിഷയമാക്കുന്നതെന്നതാണ്. തുടക്കത്തിൽ കുടുംബാംഗങ്ങളെക്കുറിച്ചും അന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന പ്രകാശ് കാരാട്ടുമായുള്ള പാർട്ടി ഓഫീസിൽവച്ചു നടത്തിയ വിവാഹവും മാത്രമാണ് വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് പരാമർശിക്കപ്പെടുന്നത്.

ആർ പാർവതിദേവിയാണ് ഈ കൃതിയുടെ മനോഹാരിത അൽപ്പവും ചോർന്നുപോകാതെ വളരെ ഭംഗിയായി മലയാളത്തിലേക്ക് മൊഴി മാറ്റം നടത്തിയത്. ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ട് അൽപ്പവും വെെകാതെ തന്നെ മലയാളികളുടെ മുന്നിലേക്ക് ഈ പുസ്തകം എത്തിച്ച ചിന്ത പബ്ലിഷേഴ്സും പരിഭാഷകയായ ആർ പാർവതി ദേവിയും തീർച്ചയായും അഭിന്ദനം അർഹിക്കുന്നുണ്ട്. അവശ്യം വായിച്ചിരിക്കേണ്ട ഒരു കൃതിയാണിത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × one =

Most Popular