Thursday, November 21, 2024

ad

Homeലെനിന്റെ 100‐ാം ചരമവാർഷികംസോഷ്യലിസവും മതവും വി.ഐ. ലെനിൻ

സോഷ്യലിസവും മതവും വി.ഐ. ലെനിൻ

വി ഐ ലെനിൻ

മതത്തോടുള്ള കമ്യൂണിസ്റ്റുകാരുടെ സമീപനം എന്തായിരിക്കണം എന്ന് കൃത്യമായി വിശദീകരിക്കുന്നതാണ് ലെനിന്റെ ഈ ലേഖനം

– ചിന്ത പ്രവർത്തകർ

നസംഖ്യയിലെ ഒരു നിസ്സാരന്യൂനപക്ഷം – ഭൂവുടമവർഗവും മുതലാളിവർഗ്ഗവും – വിപുലമായ തൊഴിലാളിവർഗ്ഗ സമൂഹത്തിനുമേൽ നടത്തുന്ന ചൂഷണത്തിൽ പൂർണ്ണമായും അധിഷ്ഠിതമാണ് ഇന്നത്തെ സമുദായം. അതൊരു അടിമ സമുദായമാണ്. കാരണം, ലാഭമുണ്ടാക്കിക്കൊടുക്കുന്ന അടിമകളെ നിലനിർത്താനും മുതലാളിത്താടിമത്തത്തെ സംരക്ഷിക്കാനും ചിരസ്ഥായിയാക്കാനും അനുപേക്ഷണീയമായ ഉപജീവനോപാധികൾക്കു മാത്രമാണ് ആയുഷ്-ക്കാലം മുഴുവൻ മുതലാളിമാർക്കുവേണ്ടി പണിയെടുക്കുന്ന “”സ്വതന്ത്ര തൊഴിലാളികൾ’’ അർഹരായിട്ടുള്ളത്.

തൊഴിലാളികളുടെമേലുള്ള സാമ്പത്തികമായ അടിച്ചമർത്തൽ അനിവാര്യമായും നാനാതരത്തിലുള്ള രാഷ്ട്രീയമായ അടിച്ചമർത്തലിനും സാമൂഹ്യാപമാനത്തിനും ഇടയാക്കുന്നു. ജനസാമാന്യത്തിന്റെ ആത്മീയജീവിതത്തെയും ധാർമ്മികജീവിതത്തേയും കർക്കശവും ഇരുളടഞ്ഞതാക്കുന്നു. തങ്ങളുടെ സാമ്പത്തികമോചനത്തിനുവേണ്ടി പൊരുതാൻ തൊഴിലാളികൾക്കു ലഭിക്കുന്ന രാഷ്ട്രീയസ്വാതന്ത്ര്യം താരതമ്യേന കൂടുതലോ കുറവോ ആയെന്നു വരാം. പക്ഷേ എത്രതന്നെ സ്വാതന്ത്ര്യം ലഭിച്ചാലും മൂലധനത്തിന്റെ അധികാരത്തെ തകിടംമറിക്കാതെ ദാരിദ്ര്യവും തൊഴിലില്ലായ്മയുംഅടിച്ചമർത്തലും അവരിൽനിന്നും വിട്ടുമാറുകയില്ല. സാമൂഹ്യമർദ്ദനത്തിന്റെ രൂപങ്ങളിലൊന്നാണു മതം. മറ്റുള്ളവർക്കുവേണ്ടി ചെയ്യുന്ന അവിരാമമായ അധ്വാനവും ദാരിദ്ര്യവും ഒറ്റപ്പെടലും കൊണ്ടു നടുവൊടിഞ്ഞ ബഹുജനങ്ങളുടെമേൽ അത് എല്ലയിടത്തും ഒരു കനത്ത ഭാരമായിരിക്കുകയാണ്. പ്രകൃതിയുമായുള്ള പോരാട്ടത്തിൽ കിരാതന്റെ നിർവീര്യത ദൈവങ്ങളിലും പിശാചുക്കളിലും അത്ഭുതങ്ങളിലും മറ്റുമുള്ള വിശ്വാസത്തിനും ഇടനൽകിയതെങ്ങനെയോ, അത്രതന്നെ അനിവാര്യമാണ് ചൂഷകർക്കെതിരായ സമരത്തിൽ ചൂഷിതവർഗ്ഗങ്ങളുടെ നിർവീര്യത പരലോകത്തു കൂടുതൽ സുഖമായി ജീവിക്കാമെന്ന വിശ്വാസത്തിനും ഇടനൽകുന്നുവെന്നത്. ഈ ഭൂമിയിലുള്ള കാലത്തോളം അടങ്ങിയൊതുങ്ങി ക്ഷമയോടെ ജീവിക്കുക, സ്വർഗ്ഗീയപാരിതോഷികത്തിന്റെ പ്രതീക്ഷയിൽ ആശ്വാസംകൊള്ളുക – ഇതാണ് ജീവിതകാലം മുഴുവൻ പാടുപെട്ട് പട്ടിണിയും പരിവട്ടവുമായി കഴിയുന്നവരോട് മതം അനുശാസിക്കുന്നത്. എന്നാൽ മറ്റുള്ളവരുടെ അദ്ധ്വാനത്തിന്റെ പുറത്തു ജീവിക്കുന്നവരോടാകട്ടെ, ഭൂമിയിലുള്ള കാലത്തും ദാനധർമ്മങ്ങൾ അനുഷ്ഠിക്കണമെന്നാണ് മതം അനുശാസിക്കുന്നത്. അങ്ങനെ ചൂഷകരെന്ന നിലയ്ക്കുള്ള അവരുടെ ജീവിതത്തെയാകെ ന്യായീകരിക്കാനുള്ള ഒരു ലാഭകരമായ വഴി അതും അവർക്കുണ്ടാക്കിക്കൊടുക്കുന്നു. സ്വർഗ്ഗീയസന്തുഷ്ടിക്കുള്ള ടിക്കറ്റുകൾ മിതമായ വിലയ്ക്കും അവർക്കു വിൽക്കുന്നു. ജനങ്ങളെ മയക്കുന്ന കറുപ്പാണ് മതം. മൂലധനത്തിന്റെ അടിമകൾ അവരുടെ മാനുഷിക മുഖഛായയും ഏറെക്കുറെ മനുഷ്യോചിതമായി ജീവിക്കണമെന്ന അവരുടെ ആവശ്യവും മുക്കിക്കളയുന്ന ഒരുതരം ആത്മീയമയക്കുമരുന്നാണ് മതം.

എന്നാൽ തന്റെ അടിമത്തത്തെക്കുറിച്ചു ബോധവാനായിത്തീരുകയും തന്റെ മോചനത്തിനുവേണ്ടി സമരരംഗത്തിറങ്ങുകയും ചെയ്ത അടിമ പാതിയോളം അടിമയല്ലാതായിത്തീർന്നിരിക്കുന്നു. വൻകിട ഫാക്ടറി വ്യവസായത്താൽ വളർത്തിയെടുക്കപ്പെട്ടവനും നാഗരികജീവിതത്താൽ പ്രബുദ്ധനാക്കപ്പെട്ടവനുമായ വർഗ്ഗബോധമുള്ള ആധുനികതൊഴിലാളി മതപരമായ മുൻവിധികളെ അവജ്ഞയോടെ വലിച്ചെറിയുന്നു. സ്വർഗ്ഗത്തെ പുരോഹിതന്മാർക്കും ബൂർഷ്വാ മതഭ്രാന്തന്മാർക്കുമായി വിട്ടുകൊടുത്തുകൊണ്ട് ഈ ഭൂമിയിൽ കൂടുതൽ മികച്ച ജീവിതം നേടിയെടുക്കാൻ ശ്രമിക്കുന്നു. മതത്തിന്റെ മൂടൽമഞ്ഞിനെതിരായ പോരാട്ടത്തിൽ ശാസ്ത്രത്തിന്റെ സഹായം തേടുകയും, വർത്തമാനകാലത്ത് ഭൂമിയിൽ കൂടുതൽ മെച്ചപ്പെട്ട ഒരു ജീവിതത്തിനുവേണ്ടി പൊരുതാൻ തൊഴിലാളികളെ ഒന്നിച്ചുചേർത്തുകൊണ്ടും മരണാനന്തരജീവിതത്തിലുള്ള വിശ്വാസത്തിൽനിന്നും അവരെ മാറ്റിയെടുക്കുകയും ചെയ്യുന്ന സോഷ്യലിസത്തിന്റെ ഭാഗത്താണ് ഇന്നത്തെ തൊഴിലാളിവർഗ്ഗം നിലകൊള്ളുന്നത്.

മതം ഒരു സ്വകാര്യവിഷയമാണെന്നു പ്രഖ്യാപിക്കണം. ഇങ്ങനെയാണ് സോഷ്യലിസ്റ്റുകാർ മതത്തോടുള്ള അവരുടെ മനോഭാവം സാധാരണ വെളിപ്പെടുത്താറുള്ളത്. എന്നാൽ തെറ്റിദ്ധാരണയ്ക്കിടനൽകാതിരിക്കാൻ ഈ വാക്കുകളുടെ അർത്ഥം കൃത്യമായി നിർവ്വചിക്കേണ്ടതുണ്ട്. ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം മതത്തെ ഒരു സ്വകാര്യവിഷയമായി കരുതണമെന്നാണ് നാം ആവശ്യപ്പെടുന്നത്. എന്നാൽ അതേസമയം തന്നെ, നമ്മുടെ പാർട്ടിയെ സംബന്ധിച്ചിടത്തോളം മതത്തെ ഒരു സ്വകാര്യവിഷയമായി കരുതാൻ നമുക്കു യാതൊരു നിർവ്വാഹവുമില്ല. ഭരണകൂടത്തിനു മതത്തിൽ കാര്യമൊന്നും പാടില്ല. മതസംഘടനകൾക്കും സർക്കാരുമായി യാതൊരു ബന്ധവും പാടില്ല. ഓരോരുത്തർക്കും അവരവർക്കിഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ളസ്വാതന്ത്ര്യമുണ്ടാവണം. അതേപോലെതന്നെ മതവിശ്വാസിയാവാതിരിക്കാനുള്ള – അതായത് നാസ്തികനാകാനുള്ള – സ്വാതന്ത്ര്യവും വേണം. സോഷ്യലിസ്റ്റുകൾ സാമാന്യേന അത്തരക്കാരാണല്ലൊ. മതവിശ്വാസത്തിന്റെ പേരിൽ പൗരർ തമ്മിൽ വിവേചനം കാട്ടുന്നതും തീർത്തും ദുസ്സഹമാണ്. ഔദ്യോഗികരേഖകളിൽ ഒരു പൗരന്റെ മതം കുറിക്കുന്നതുപോലും നിസ്സംശയമായും എടുത്തുകളയണം. വ്യവസ്ഥാപിത പള്ളിക്കും ധനസഹായമൊന്നും നൽകരുത്. പുരോഹിതസംഘടനകൾക്കും മതസഭകൾക്കും സർക്കാരിൽനിന്നും ബത്തകളൊന്നും നൽകരുത്. അവ സമാനചിത്തരായ പൗരർ ഒന്നുചേർന്നിട്ടുള്ള തികച്ചും സ്വതന്ത്രമായ സംഘടനകളായിത്തീരണം, ഭരണകൂടത്തിൽനിന്നു വിട്ടുനിൽക്കുന്ന സംഘടനകൾ. ഈ ആവശ്യങ്ങൾ പൂർണ്ണമായി നിറവേറ്റിയാൽ മാത്രമേ അപമാനകരവും അഭിശപ്തവുമായ ഭൂതകാലത്തിന് അറുതിവരുത്താൻ കഴിയൂ. പള്ളി ഭരണകൂടത്തിന്റെ ഫ്യൂഡൽ ആശ്രയത്തിലും റഷ്യൻ പൗരർ വ്യവസ്ഥാപിത പള്ളിയുടെ ഫ്യൂഡൽ ആശ്രയത്തിലും കഴിഞ്ഞിരുന്ന അക്കാലത്തും നിലനിന്നതും പ്രയോഗിച്ചുവന്നതും മദ്ധ്യകാലോചിതമായ, മതദ്രോഹവിചാരണയ്ക്കു ചേർന്ന നിയമങ്ങളാണ് (ഇന്നുപോലും അവ നമ്മുടെ ക്രിമിനൽ കോഡുകളിലും നിയമാവലികളിലും അവശേഷിക്കുന്നുണ്ട്). വിശ്വസിച്ചതിനും വിശ്വസിക്കാത്തതിനും അവ മനുഷ്യരെ ദ്രോഹിച്ചു. മനുഷ്യരുടെ മനസ്സാക്ഷിയെ പീഡിപ്പിച്ചു. കുശാലായ സർക്കാരുദ്യോഗങ്ങളേയും സർക്കാരിൽനിന്നുകിട്ടുന്ന വരുമാനങ്ങളേയും വ്യവസ്ഥാപിത പള്ളിയുടെ മയക്കുമരുന്നു വിതരണവുമായി ബന്ധപ്പെടുത്തി. പള്ളിയും ഭരണകൂടവും പരിപൂർണ്ണമായി വേർതിരിയണമെന്നതാണ് സോഷ്യലിസ്റ്റ് തൊഴിലാളിവർഗ്ഗം ആധുനികഭരണകൂടത്തിൽ നിന്നും ആധുനികപള്ളിയിൽനിന്നും ആവശ്യപ്പെടുന്നത്.

രാഷ്ട്രീയസ്വാതന്ത്ര്യത്തിന്റെ ഒരു അവശ്യഘടകമെന്ന നിലയ്ക്ക് റഷ്യൻ വിപ്ലവം ഈ ആവശ്യം നടപ്പാക്കണം. ഇക്കാര്യത്തിൽ വിശേഷിച്ചും അനുകൂലമായ ഒരു സ്ഥിതിയിലാണ് റഷ്യൻ വിപ്ലവം നിലകൊള്ളുന്നത്. കാരണം, പൊലീസിന്റെ തേർവാഴ്ച നടന്നിരുന്ന ഫ്യൂഡൽ സ്വേച്ഛാധിപത്യത്തിന്റെ ഗർഹണീയമായ ഉദ്യോഗസ്ഥചിന്താഗതി പുരോഹിതന്മാർക്കിടയിൽപോലും അസംതൃപ്തിയും അസ്വസ്ഥതയും രോഷവും ഉളവാക്കിയിട്ടുണ്ട്. റഷ്യൻ ഓർത്തഡോക്സ് സഭയിലെ പുരോഹിതർ എത്രകണ്ട് കൊള്ളരുതാത്തവരും വിവരംകെട്ടവരുമായിക്കൊള്ളട്ടെ, അവർപോലും ഇപ്പോൾ റഷ്യയിലെ പഴയ മദ്ധ്യകാലിക ക്രമത്തിന്റെ തകർച്ചയുടെ ഇടിനാദം കേട്ട് ഉണർന്നിരിക്കുന്നു. അവർ പോലും സ്വാതന്ത്ര്യം ആവശ്യപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ഉദ്യോഗസ്ഥന്മാരുടെ താന്തോന്നിത്തത്തിനും ഉദ്യോഗസ്ഥചിന്താഗതിക്കുമെതിരായി, പോലീസിനുവേണ്ടി ചാരപ്പണി നടത്തുന്ന ജോലി “ദൈവഭൃത്യന്മാ’രുടെ തലയിൽ വച്ചുകെട്ടുന്നതിനെതിരായി, പ്രതിഷേധിക്കുന്നുണ്ട്. സോഷ്യലിസ്റ്റുകാരായ നമ്മൾ ഈ പ്രസ്ഥാനത്തെ പിന്താങ്ങണം. സത്യസന്ധതയും ആത്മാർത്ഥതയുമുള്ള പുരോഹിതരുടെ ആവശ്യങ്ങളെ പരിസമാപ്തിയിലെത്തിക്കണം. സ്വാതന്ത്ര്യത്തെക്കുറിച്ചും അവർ പറഞ്ഞിട്ടുള്ള വാക്കുകളിൽ ഉറച്ചുനിൽക്കാൻ അവരെ നിർബ്ബന്ധിക്കണം. അവർ മതവും പൊലീസും തമ്മിലുള്ള എല്ലാ ബന്ധങ്ങളും ദൃഢനിശ്ചയത്തോടെ മാറ്റണമെന്നും ആവശ്യപ്പെടണം. നിങ്ങൾക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ പള്ളിയും ഭരണകൂടവും തമ്മിലും പള്ളിയും പള്ളിക്കൂടവും തമ്മിലും നിശ്ശേഷം വേർതിരിഞ്ഞുനിൽക്കുന്നതിനുവേണ്ടി നിങ്ങൾ നിലകൊള്ളണം. മതം പൂർണ്ണമായും കേവലമായും ഒരു സ്വകാര്യവിഷയമായി പ്രഖ്യാപിക്കുന്നതിനുവേണ്ടി നിങ്ങൾ നിലകൊള്ളണം. അതല്ല, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഈ അടിയുറച്ച ആവശ്യങ്ങൾ നിങ്ങൾ സ്വീകരിക്കുന്നില്ല എന്നാണെങ്കിൽ, മതദ്രോഹവിചാരണയുടെ പാരമ്പര്യങ്ങൾ നിങ്ങളെ ഇപ്പോഴും അടിമപ്പെടുത്തി വച്ചിരിക്കുന്നുവെന്നു സ്പഷ്ടം. കുശാലായ സർക്കാർ ജോലികളിലും സർക്കാരിൽനിന്നുള്ള വരുമാനങ്ങളിലും നിങ്ങൾ ഇപ്പോഴും അള്ളിപ്പിടിച്ചിരിക്കുന്നുവെന്നു സ്പഷ്ടം. നിങ്ങൾ നിങ്ങളുടെ ആയുധത്തിന്റെ ആത്മീയബലത്തിൽ വിശ്വസിക്കുന്നില്ലെന്നും സർക്കാരിൽ നിന്നും ഇപ്പോഴും കോഴവാങ്ങുന്നുവെന്നും സ്പഷ്ടം. അങ്ങിനെയാണെങ്കിൽ റഷ്യയിലാകെയള്ള വർഗ്ഗബോധമുള്ള തൊഴിലാളികൾ നിങ്ങളുടെ നേരെ നിർദ്ദാക്ഷിണ്യമായ യുദ്ധം പ്രഖ്യാപിക്കുന്നതാണ്.

സോഷ്യലിസ്റ്റ് തൊഴിലാളിവർഗ്ഗത്തിന്റെ പാർട്ടിയെ സംബന്ധിച്ചിടത്തോളം മതം ഒരു സ്വകാര്യവിഷയമല്ല. തൊഴിലാളിവർഗ്ഗത്തിന്റെ മോചനത്തിനുവേണ്ടി പൊരുതുന്ന വർഗ്ഗബോധമുള്ള മുന്നണിപ്പോരാളികളുടെ സംഘടനയാണ് നമ്മുടെ പാർട്ടി. മതവിശ്വാസങ്ങളുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന വർഗ്ഗബോധമില്ലായ്മയോടും അജ്ഞതയോടും വിജ്ഞാനവിരോധത്തോടും അതുപോലൊരു സംഘടനയ്ക്ക ഉദാസീനത കൈക്കൊള്ളാൻ നിവൃത്തിയില്ല. ഉദാസീനത കൈക്കൊള്ളുകയുമരുത്. മതത്തിന്റെ മൂടൽമഞ്ഞിനെ തനി ആശയപരമായ, ആശയപരം മാത്രമായ, ആയുധങ്ങൾകൊണ്ട് പത്രങ്ങളിലൂടെയും പ്രചരണപ്രസംഗങ്ങളിലൂടെയും എതിർക്കാൻ കഴിയണം. അതുകൊണ്ടാണ് പള്ളിയെ ഭരണ കൂടത്തിൽനിന്നു നിശ്ശേഷം വേർതിരിക്കണമെന്നു ആവശ്യപ്പെടുന്നത്. തൊഴിലാളികളെ മതപരമായി കബളിപ്പിക്കുന്നതിനെതിരെ അത്തരമൊരു സമരം നടത്താൻ വേണ്ടിത്തന്നെയാണ് നാം നമ്മുടെ സംഘടനയായ റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാപിച്ചത്. നമ്മെ സംബന്ധിച്ചിടത്തോളം ആശയസമരം ഒരു സ്വകാര്യവിഷയമല്ല, മുഴുവൻ പാർട്ടിയുടേയും കാര്യമാണ്, മുഴുവൻ തൊഴിലാളിവർഗ്ഗത്തിന്റേയും കാര്യമാണ്.

അങ്ങിനെയാണെങ്കിൽ നാം നാസ്തികരാണെന്ന് എന്തുകൊണ്ടു നമ്മുടെ പരിപാടിയിൽ പ്രഖ്യാപിക്കുന്നില്ല? ക്രിസ്ത്യാനികളും മറ്റു ദൈവവിശ്വാസികളും നമ്മുടെ പാർട്ടിയിൽ ചേരുന്നത് നാം എന്തുകൊണ്ടു വിലക്കുന്നില്ല?

മതത്തിന്റെ പ്രശ്നം പ്രതിപാദിക്കുന്നതിൽ ബൂർഷ്വാ ജനാധിപത്യവാദികളും സോഷ്യൽ ഡെമോക്രാറ്റുകാരും തമ്മിലുള്ള അതിപ്രധാനമായ വ്യത്യാസമെന്താണെന്നു വിശദമാക്കാൻ ഈ ചോദ്യത്തിനുള്ള മറുപടി ഉപകരിക്കുന്നതാണ്.

ശാസ്ത്രീയമെന്നു മാത്രമല്ല ഭൗതികവാദപരം കൂടിയായ ലോകവീക്ഷണത്തിൽ പൂർണ്ണമായും അധിഷ്ഠിതമാണ് നമ്മുടെ പരിപാടി. അതുകൊണ്ടു മതപരമായ മൂടൽമഞ്ഞിന്റെ ചരിത്രപരവും സാമ്പത്തികവുമായ യഥാർത്ഥവേരുകളെക്കുറിച്ചുള്ള ഒരു വിശദീകരണം നമ്മുടെ പരിപാടിയെക്കുറിച്ചുള്ള വിശദീകരണത്തിൽ അവശ്യമായും ഉൾപ്പെട്ടിരിക്കുന്നു. നാസ്തികത്വത്തിന്റെ പ്രചരണവും നമ്മുടെ പ്രചാരവേലയിൽ അവശ്യമായും ഉൾപ്പെട്ടിരിക്കുന്നു. ഉചിതമായ ശാസ്ത്രീയസാഹിത്യത്തിന്റെ പ്രസാധനം ഇനിമേൽ നമ്മുടെ പ്രവർത്തനരംഗങ്ങളിലൊന്നായിത്തീരണം. ഇതേവരെ സ്വേച്ഛാധിപത്യ ഫ്യൂഡൽ ഗവണ്മെന്റ് അതിനെ കർശനമായി നിരോധിച്ചിരുന്നു, അടിച്ചമർത്തിയിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് പ്രബോധകരുടേയും നാസ്തി കരുടേയും കൃതികളെ പരിഭാഷപ്പെടുത്തി വിപുലമായി പ്രചരിപ്പിക്കണമെന്നും എംഗൽസ് ഒരിക്കൽ ജർമ്മൻ സോഷ്യലിസ്റ്റുകാരെ ഉപദേശിക്കുകയുണ്ടായി (എംഗൽസിന്റെ പ്രവാസി സാഹിത്യം ‘ എന്ന ലേഖനം നോക്കുക). നമുക്കും ഒരുപക്ഷേ ആ ഉപദേശം അനുസരിക്കേണ്ടിവന്നേക്കും.

എന്നാൽ അമൂർത്തവും ആശയവാദപരവുമായ മട്ടിൽ, വർഗ്ഗസമരവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു “” ബൗദ്ധിക” പ്രശ്നമെന്ന നിലയ്ക്ക്, മതത്തിന്റെ പ്രശ്നത്തെ അവതരിപ്പിക്കുകയെന്ന അബദ്ധധാരണയിൽ നാം യാതൊരു കാരണവശാലും ചെന്നു ചാടരുത്. ബൂർഷ്വാസികൾക്കിടയിലെ തീവ്ര ജനാധിപത്യവാദികൾ ദുർലഭമായിട്ടല്ലാതെ ചെയ്യുന്ന ഒരു പണിയാണിത്. തൊഴിലാളി ബഹുജനങ്ങളെ അന്തമില്ലാതെ മർദ്ദിക്കുന്നതിനേയും മുരടിപ്പിക്കുന്നതിനേയും അടിസ്ഥാനമാക്കിയ ഒരു സമുദായത്തിൽ കേവലം പ്രചരണമാർഗ്ഗങ്ങളിലൂടെ മതപരമായ മുൻവിധികൾ നീക്കാൻ കഴിയുമെന്നു കരുതുന്നതും അസംബന്ധമാണ്. മനുഷ്യരാശിക്കു ചുമക്കേണ്ടിവരുന്ന മതത്തിന്റെ നുകം സമുദായത്തിനുള്ളിലെ സാമ്പത്തികനുകത്തിന്റെ സന്തതിയും പ്രതിഫലനവും മാത്രമാണെന്ന കാര്യം വിസ്മരിക്കുന്നത് ബൂർഷ്വാ സങ്കുചിതമനഃസ്ഥിതിയാണ്. മുതലാളിത്തത്തിന്റെ കറുത്ത ശക്തികൾക്കെതിരായ സ്വന്തം സമരത്തിലൂടെ തൊഴിലാളിവർഗ്ഗം പ്രബുദ്ധരാകുന്നില്ലെങ്കിൽ എത്ര ലഘുലേഖ ഇറക്കിയാലും എത്ര പ്രചരണം നടത്തിയാലും അവർ പ്രബുദ്ധരാകാൻ പോകുന്നില്ല. ഭൂമിയിൽ പറുദീസ തീർക്കാൻ വേണ്ടി മർദ്ദിതവർഗ്ഗം നടത്തുന്ന യഥാർത്ഥത്തിൽ വിപ്ലവകരമായ ഈ സമരത്തിലെ ഐക്യത്തെ, സ്വർഗ്ഗത്തിലെ പറുദീസയെക്കുറിച്ചുള്ള തൊഴിലാളിവർഗ്ഗത്തിന്റെ അഭിപ്രായൈക്യത്തെക്കാൾ കൂടുതൽ പ്രധാനമായി നാം കാണുന്നു.

ഇതുകൊണ്ടാണു നാം നമ്മുടെ പരിപാടിയിൽ നമ്മുടെ നാസ്തികത്വത്തെപ്പറ്റി എടുത്തുപറയാത്തതും. പറയരുതാത്തതും. ഇതുകൊണ്ടാണ് നാം പഴയ മുൻവിധികളുടെ ചില അവശിഷ്ടങ്ങൾ ഇപ്പോഴും മനസ്സിൽ വച്ചുപുലർത്തുന്ന തൊഴിലാളികളെ നമ്മുടെ പാർട്ടിയുമായി ബന്ധപ്പെടുന്നതിൽ നിന്നു വിലക്കാത്തതും വിലക്കരുതാത്തതും. ശാസ്ത്രീയമായ ലോകവീക്ഷണം നാം എക്കാലവും പ്രചരിപ്പിക്കും. വിവിധ വിഭാഗം ‘‘ക്രിസ്ത്യാനികൾ” പ്രകടിപ്പിക്കുന്ന സ്ഥിരതയില്ലായ്മയെ നാം ചെറു ക്കേണ്ടതും അത്യാവശ്യമാണ്. എന്നുവച്ച് മതപ്രശ്നത്തെ മുൻപന്തിയിലേക്കുകൊണ്ടുവരണമെന്ന് അൽപംപോലും അർത്ഥമില്ല. അവിടെയല്ല അതിന്റെ സ്ഥാനം. യഥാർത്ഥത്തിൽ വിപ്ലവകരമായിട്ടുള്ള സാമ്പത്തിക-–രാഷ്ട്രീയ സമരത്തിന്റെ ശക്തികൾ മൂന്നാംകിട അഭിപ്രായങ്ങളുടേയും അർത്ഥമില്ലാത്ത ജല്പനങ്ങളുടേയും പേരിൽ ഭിന്നിച്ചുപോകാൻ നാം അനുവദിക്കണമെന്നും അർത്ഥമില്ല. ഈ അഭിപ്രായങ്ങളുടേയും ജല്പനങ്ങളുടേയും രാഷ്ട്രീയപ്രാധാന്യം അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സാമ്പത്തികവികാസത്തിന്റെ ഗതിതന്നെ അവയെ അതിവേഗം ചവറ്റുകൊട്ടയിലേക്കു തൂത്തെറിയുകയാണ്.

പിന്തിരിപ്പൻ ബൂർഷ്വാസി എവിടെയും താല്പര്യമെടുത്തിട്ടുള്ളതും ഇപ്പോൾ റഷ്യയിൽ താല്പര്യമെടുത്തുതുടങ്ങിയിരിക്കുന്നതും മതകലഹങ്ങൾ കുത്തിപ്പൊക്കുന്നതിലാണ്. റഷ്യയാസകലമുള്ള തൊഴിലാളിവർഗ്ഗം വിപ്ലവസമരത്തിൽ യോജിച്ചുകൊണ്ടും ഇപ്പോൾ പ്രായോഗികമായി പരിഹരിച്ചു കൊണ്ടിരിക്കുന്ന യഥാർത്ഥത്തിൽ സുപ്രധാനവും മൗലികവുമായ സാമ്പത്തിക-–രാഷ്ട്രീയ പ്രശ്നങ്ങളിൽ നിന്നും ബഹുജനശ്രദ്ധ അങ്ങനെ തിരിച്ചുവിടാനാണ് അവരുടെ നോട്ടം. തൊഴിലാളിവർഗ്ഗശക്തികളെ ഭിന്നിപ്പിക്കുകയെന്ന ഈ പിന്തിരിപ്പൻ നയം ഇന്നു മുഖ്യമായും പ്രകടമാകുന്നത് ബ്ലാക്ക് ഹൺഡ്രഡുകാരുടെ നരവേട്ടകളിലൂടെയാണ് (ബ്ലാക്ക് ഹൺഡ്രഡുകാർ – വിപ്ലവപ്രസ്ഥാനത്തെ നേരിടാൻ വേണ്ടി സാറിസ്റ്റ് പൊലീസ് സംഘടിപ്പിച്ച രാജപക്ഷ സായുധ സംഘങ്ങൾ അവർ വിപ്ലവകാരികളെ കൊലപ്പെടുത്തി, പുരോഗമന ചിന്താഗതിക്കാരായ ബുദ്ധിജീവികളെ ആക്രമിച്ചു, ജൂതർക്കെതിരെ നരവേട്ടകൾ നടത്തി). നാളെ അതു കുറേക്കൂടി പരോക്ഷമായ രൂപങ്ങൾ കെെക്കൊണ്ടെന്നു വരാം. എന്തായാലും തൊഴിലാളിവർഗ്ഗ ഐക്യദാർഢ്യവും ശാസ്ത്രീയ ലോകവീക്ഷണവും ശാന്തമായി, അടിപതറാതെ, ക്ഷമാപൂർവ്വം പ്രചരിപ്പിച്ചുകൊണ്ട് നാമതിനെ നേരിടും. രണ്ടാംകിട പ്രാധാന്യമുള്ള അഭിപ്രായവ്യത്യാസങ്ങൾ കുത്തിപ്പൊക്കുന്നതി നെതിരാണ് ഈ പ്രചരണം.

ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം തികച്ചും ഒരു സ്വകാര്യവിഷയമായി മതത്തെ മാറ്റുന്ന കാര്യത്തിൽ വിപ്ലവ തൊഴിലാളിവർഗ്ഗം വിജയിക്കുകതന്നെ ചെയ്യും. മദ്ധ്യകാലത്തിന്റേതായ പൂപ്പൽ തുടച്ചുമാറ്റിയിരിക്കുന്ന ഈ രാഷ്ട്രീയ വ്യവസ്ഥയിൽ തൊഴിലാളിവർഗ്ഗം, മനുഷ്യരാശിയെ മതത്തിന്റെ പേരിൽ കബളിപ്പിക്കുന്നതിന്റെ യഥാർത്ഥ ഉറവിടമായ സാമ്പത്തികാടിമത്തത്തെ ഉന്മൂലനം ചെയ്യാൻ വേണ്ടി വിപുലമായ തോതിലും പരസ്യമായും സമരം ചെയ്യുന്നതാണ്.
(ലെനിനിന്റെ + സമാഹൃതകൃതികൾ, അഞ്ചാം റഷ്യൻ പതിപ്പ്,വാള്യം 12)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × two =

Most Popular