Friday, May 17, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്വികസനശാസ്‌ത്രത്തിലെ മാർക്‌സിയൻ വഴികൾ‐ 1

വികസനശാസ്‌ത്രത്തിലെ മാർക്‌സിയൻ വഴികൾ‐ 1

കെ എസ് രഞ്ജിത്ത്

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 35

ആന്ദ്രേ ഗുന്തർഫ്രാങ്ക്
യൂറോപ്പും വടക്കേ അമേരിക്കയും ജപ്പാനുമൊക്കെ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ വലിയ തോതിലുള്ള സാമ്പത്തിക പുരോഗതി കൈവരിച്ചപ്പോൾ ലോകത്തിലെ ഭൂരിപക്ഷം ജനതകളെയും ഉൾകൊള്ളുന്ന മൂന്നാം ലോക രാജ്യങ്ങൾ സാമൂഹ്യ സാമ്പത്തിക പുരോഗതിയിൽ ഏറെ പിന്തള്ളപ്പെട്ടു.

ഈ രാജ്യങ്ങളുടെ സാമ്പത്തിക പിന്നോക്കാവസ്ഥയെക്കുറിച്ചുള്ള സൈദ്ധാന്തിക പഠനങ്ങൾ സവിശേഷ പ്രാധാന്യമർഹിക്കുന്ന ഒന്നായി മാറിയത് അതിനാലാണ്. അവികസിത രാജ്യങ്ങളുടെ പിന്നോക്കാവസ്ഥയെ സംബന്ധിച്ച നിർണായകമായ നിരീക്ഷണങ്ങൾ പലതും ആദ്യം മുന്നോട്ടുവെച്ചത് മാർക്സിസ്റ്റ് പണ്ഡിതരാണ്. സാമ്രാജ്യത്വം, കുത്തക മുതലാളിത്തം എന്നീ പരികല്പനകൾ ആദ്യം പ്രയോഗിക്കുന്നവർ ഹിൽഫെർഡിങും ലെനിനുമാണ്.

നൂറ്റാണ്ടുകൾക്ക് മുൻപാരംഭിച്ച മുതലാളിത്ത വികസന പ്രക്രിയ ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും പുതിയ രൂപങ്ങൾ കൈവരിച്ചിരിക്കുന്നുവെന്നും അത് നേരിട്ടുള്ള പിടിച്ചടക്കലും കീഴ്പ്പെടുത്തലുകളുമുപേക്ഷിച്ച് ചൂഷണത്തിന്റെ പുതിയ രൂപങ്ങൾ ആവിഷ്കരിച്ചിരിക്കുന്നുവെന്നും ഇവർ നിരീക്ഷിച്ചു . ഈ നിരീക്ഷണങ്ങളെ ശക്തിപ്പെടുത്തുന്ന കാഴ്ചയാണ് ലോക രാഷ്ട്രങ്ങളുടെ സാമൂഹിക സാമ്പത്തിക ഇടപെടലുകളിൽ പിന്നീട് കണ്ടത്.

ഇമ്മാനുവേൽ വലർസ്റ്റെയിൻ

അടിമവ്യാപാരത്തിന്റെയും നേരിട്ടുള്ള കൊളോണിയൽ ചൂഷണത്തിന്റെയും കാലം അവസാനിച്ചു. അവികസിത രാജ്യങ്ങളെ തങ്ങളുടെ വരുതിയിൽ നിർത്താനുള്ള സാമ്രാജ്യത്വ യുദ്ധങ്ങൾക്കും ഏറെക്കുറെ വിരാമമായി. പകരം പിന്നോക്ക രാജ്യങ്ങളുടെ സാമൂഹിക സാമ്പത്തിക അവസ്ഥയെ മുതലെടുത്തുകൊണ്ടുള്ള പുതിയ തന്ത്രങ്ങൾ മൂലധനശക്തികളും അവരുടെ കേന്ദ്രങ്ങളും രൂപപ്പെടുത്തി. ധനമൂലധനത്തിന്റെ യുഗം ആവിർഭവിച്ചു. പരമ്പരാഗത മാർക്സിസം മുന്നോട്ടുവെച്ച പരികല്പനകൾ മുഖവിലയ്ക്കെടുത്തുകൊണ്ടും അതുപോലെ അവയിൽ അന്തർലീനമായ സങ്കൽപ്പങ്ങൾ പലതിനെയും ഉപേക്ഷിക്കുന്ന തരത്തിലുമുള്ള ചിന്താധാരകൾ അർത്ഥശാസ്ത്ര തലത്തിൽ പ്രത്യക്ഷപ്പെട്ടു. 70കൾക്ക് ശേഷമുയർന്നുവന്ന ഇത്തരം ചിന്താധാരയിൽ പെടുന്നവരാണ് ആന്ദ്രേ ഗുന്തർഫ്രാങ്കും ഇമ്മാനുവേൽ വലർസ്റ്റെയിനും സമീർ അമീനും. സാമ്രാജ്യത്വ അധിനിവേശത്തിനു കീഴിലുള്ള രാജ്യങ്ങളിലെ പിന്നോക്കാവസ്ഥയുടെ കാരണങ്ങൾ, മെട്രോപൊളിറ്റൻ രാജ്യങ്ങളും അതിന്റെ പുറത്തുകിടക്കുന്ന രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ, ഫ്യൂഡലിസത്തിൽ നിന്നും മുതലാളിത്തത്തിലേക്കുള്ള പരിവർത്തനങ്ങളുടെ സ്വഭാവം, അസമമായ കൈമാറ്റത്തിന്റെ (Unequal exchange) പ്രശ്നങ്ങൾ എന്നിവ സവിസ്തരമായ ചർച്ചകൾക്ക് വിധേയമായി.

സമീർ അമീൻ

The modern world system: Capitalsit agricutlure and the origin of european world economy in the 16th century എന്ന പുസ്തകത്തിലൂടെ ഫ്യൂഡലിസത്തിൽ നിന്നും മുതലാളിത്തത്തിലേക്കുള്ള പരിവർത്തനത്തെ സംബന്ധിച്ച പുതിയ ചില പരിപ്രേക്ഷ്യങ്ങൾ വല്ലർസ്റ്റെയിൻ മുന്നോട്ടു വെച്ചു. Capitalsim and underdevelopment in Latin America എന്ന പ്രബന്ധത്തിലൂടെ അധീശ രാജ്യങ്ങളിൽ അവികസിതാവസ്ഥ സൃഷ്ടിക്കുന്ന മെട്രോപൊളിറ്റൻ കേന്ദ്രീകൃതമായ മുതലാളിത്ത വികസനത്തെക്കുറിച്ച് ഗുന്തർഫ്രാങ്കും Unequal development, Accumulation on a world scale എന്നീ പഠനങ്ങളിലൂടെ ആശ്രിത സമ്പദ്വ്യവസ്ഥകളും മെട്രോപൊളിറ്റൻ സമ്പദ്‌വ്യവസ്ഥകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അസമമായ കൊടുക്കൽ വാങ്ങലുകളെക്കുറിച്ചും സമീർ അമീനും പുതിയപരിപ്രേക്ഷ്യങ്ങൾ മുന്നോട്ടു വെച്ചു.

പരമ്പരാഗതമായ മാർക്സിസ്റ്റ് വിശകലന സമ്പ്രദായങ്ങൾക്ക് പുറത്തു പോകുന്നവയായിരുന്നു ഇവർ മുന്നോട്ടുവെച്ച സമീപനങ്ങളിൽ പലതും. മുതലാളിത്ത വികസനത്തെ സംബന്ധിച്ച മാർക്സിസ്റ്റ് കാഴ്ചപ്പാടുകളെ പൊതുവെ രണ്ടു ഗണത്തിൽ പെടുത്താം. ഒന്ന്, ഒരു രാജ്യത്തെ ഉല്പാദനശക്തികളുടെ വികസനത്തിൽ പുരോഗമനപരമായ പങ്ക് മുതലാളിത്തം വഹിക്കുന്നുണ്ട് എന്ന കാഴ്ചപ്പാട്. രണ്ട്, ഒരു പ്രദേശത്തെ വികസനത്തിന് മറ്റു പ്രദേശങ്ങളിലെ വികസനത്തെ തടഞ്ഞു നിർത്തുകയാണ് മുതലാളിത്തം ചെയ്യുന്നത് എന്ന വ്യത്യസ്തമായ മറ്റൊരു കാഴ്ചപ്പാട് (development of underdevelopment). സാമൂഹിക മാറ്റത്തെക്കുറിച്ച് ഇവ ഉല്പാദിപ്പിക്കുന്ന കാഴ്ചപ്പാടുകളും വ്യത്യസ്തമാണ്. ഒരു പ്രദേശത്തെ മുതലാളിത്ത വികസനത്തിനൊപ്പം വളരുന്ന വർഗവൈരുധ്യങ്ങൾ ക്രമേണ വർദ്ധമാന രൂപം കൈക്കൊള്ളുകയും സാമൂഹികമാറ്റത്തിലേക്ക് നയിക്കുകായും ചെയ്യും എന്നതാണ് മാർക്സിസം മുന്നോട്ട് വെയ്ക്കുന്ന കാഴ്ചപ്പാട്. ഇതിൽനിന്നും വ്യത്യസ്തമായി വികസനം വഴിമുട്ടുന്ന പ്രദേശങ്ങളിൽ വളർന്നുവരുന്ന അസംതൃപ്തി സാമൂഹിക വിപ്ലവത്തിലേക്ക് നയിക്കും എന്നതാണ് ഗുന്തർഫ്രാങ്കും മറ്റും മുന്നോട്ടു വെയ്ക്കുന്ന കാഴ്ചപ്പാട്. വലിയ തോതിലുള്ള സാങ്കേതിക പുരോഗതിയും ചില രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും അഭിവൃദ്ധിയും സൃഷ്ടിച്ച ആധുനിക മുതലാളിത്തം ഭൂമിശാസ്ത്രപരമായിത്തന്നെ അതിരൂക്ഷമായ സാമ്പത്തിക അസമത്വതിനിടയാക്കിയിട്ടുണ്ട് എന്ന വസ്തുതയെ ആധാരമാക്കിയാണ് ഈ സങ്കൽപം.

ഹിൽഫെർഡിങ്

ഒരു രാജ്യത്തിനുള്ളിലെ ആഭ്യന്തര സാമൂഹിക ഘടനയും അത് സൃഷ്ടിക്കുന്ന വൈരുധ്യങ്ങളുമാണ് ആ രാജ്യത്തെ വികസന പാതയെ നിർണായകമായി സ്വാധീനിക്കുന്നത് എന്ന കാഴ്ചപ്പാടാണ് മാർക്സ് മുതൽ ലെനിൻ വരെയുള്ള മാർക്സിസ്റ്റ് സൈദ്ധാന്തികൻ മുന്നോട്ടു വെച്ചത്. മുതലാളിത്തം സൃഷ്ടിക്കുന്ന വികസനത്തിന്റെ അളവിലുള്ള ഒന്ന് സാധ്യമാക്കാൻ മുതലാളിത്ത പൂർവ സാമൂഹിക ബന്ധങ്ങൾക്കുള്ളിൽ സാധ്യമല്ല എന്ന കാഴ്ചപ്പാടും യുക്തിസഹമായി മാർക്സിസം മുന്നോട്ടു വയ്ക്കുന്നുണ്ട്. കഴുത്തറുപ്പൻ മത്സരാത്മകതയുടെ ഫലമായി പുതിയ സാങ്കേതികവിദ്യകൾ കണ്ടുപിടിക്കാനും പുതിയ കമ്പോളങ്ങൾ കണ്ടെത്താനും മുതലാളിത്തം നിരന്തരം നിർബന്ധിതമാകുന്നു. മുതലാളിത്ത പൂർവ സാമൂഹിക സാമ്പത്തിക ഘടനയിലാകട്ടെ സാമ്പത്തികേതരമായ മാർഗങ്ങളുപയോഗിച്ച് ചൂഷണം വർധിപ്പിക്കാനാണ് ഭരണവർഗം ശ്രമിക്കുന്നത്. താരതമ്യേന അടഞ്ഞ സാമൂഹിക ഘടനകളാണിത്.

പുതിയ വിഭവസ്രോതസുകൾ കണ്ടെത്തേണ്ടതും പുതിയ കമ്പോളങ്ങൾ കണ്ടെത്തേണ്ടതും കുറഞ്ഞ നിരക്കിലുള്ള ഉല്പാദന ശക്തികൾ കണ്ടെത്തേണ്ടതും വളർന്നു വരുന്ന മുതലാളിത്തത്തിന് അനിവാര്യമാണ്. അതിനാൽ ഭൂമിശാസ്ത്രപരമായ അതിരുകൾ അതിന് നിരന്തരം വിപുലമാക്കേണ്ടതുണ്ട്. വിവിധ രാജ്യങ്ങളിലെ മുതലാളിത്ത വികസനം ഒറ്റപ്പെട്ട പ്രക്രിയയായിട്ടാണ് പരമ്പരാഗത മാർക്സിസം കാണുന്നത് എന്നതാണ് നവ മാർക്സിസ്റ്റ് സൈദ്ധാന്തികരുടെ വിമർശനം. ഇന്നത്തെ രീതിയിലുള്ള ആഗോളവൽക്കരണ പ്രക്രിയയകൾ തീർത്തും ശൈശവ ദശയിലായിരുന്ന സമയത്താണ് മുതലാളിത്ത ചൂഷണത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ ആദ്യകാല മാർക്സിസ്റ്റുകൾ രൂപപ്പെടുത്തിയത് എന്ന വസ്തുത കണക്കിലെടുക്കാതെയുള്ള വിമർശനമാണിത്. മുതലാളിത്ത ചൂഷണത്തിന്റെ സ്വഭാവത്തെ സൂക്ഷമതലത്തിൽ അപഗ്രഥിക്കുകയായിരുന്നു മാർക്സ്’പ്രധാനമായും ചെയ്തത്.

ലെനിൻ

നവ മാർക്സിസ്റ്റുകളുടെ മുതലാളിത്ത വികസന സിദ്ധാന്തങ്ങൾ രൂപപെടുന്നത് പൊതുവെ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള കാലത്താണ്. പല രാജ്യങ്ങളിലും മുതലാളിത്ത വികസനം പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് ഇമ്മാനുവേൽ വാലർസ്റ്റെയ്ൻ തന്റെ സിദ്ധാന്തങ്ങൾ ആവിഷ്കരിക്കുന്നത്. വിവിധ ദേശ രാഷ്ട്രങ്ങൾ പങ്കാളികളായ ഒരു ഏകലോക വ്യവസ്ഥയായാണ് ലോക മുതലാളിത്തത്തെ വാലർസ്റ്റെയ്ൻ വിഭാവനം ചെയ്യുന്നത് (World system theory). ഒരു രാജ്യത്തെ വിവിധ വർഗ്ഗങ്ങൾ തമ്മിലുള്ള ബന്ധങ്ങളിലൂടെയും വൈരുധ്യങ്ങളിലൂടെയും സൃഷ്ടിക്കപ്പെടുന്ന സാമൂഹിക സാമ്പത്തിക വ്യവസ്ഥയായല്ല, ഭൂമിശാസ്ത്രപരമായി വിവിധ പ്രദേശങ്ങൾ തമ്മിൽ, വിവിധ ദേശരാഷ്ട്രങ്ങൾ തമ്മിൽ സൃഷ്ടിക്കപ്പെടുന്ന ലോകവ്യവസ്ഥയാണ് വാലർസ്റ്റെയിനിന്റെ അടിസ്ഥാന വിശകലന ഘടകം.

മെട്രോപോളിസ് അല്ലെങ്കിൽ കേന്ദ്രങ്ങൾ അവയുടെ ഉപഗ്രഹ പ്രദേശങ്ങളുടെ മേൽ അല്ലെങ്കിൽ പ്രാന്തവത്കൃത പ്രദേശങ്ങളുടെ മേൽ നടത്തുന്ന ചൂഷണം അടിസ്ഥാനമാക്കിയ മുതലാളിത്ത വ്യവസ്ഥയാണ് ഇവിടെ ഭാവന ചെയ്യപ്പെടുന്നത്. ഇത് സാധ്യമാകുന്നത് അസമമായ കൊടുക്കൽ വാങ്ങലുകളിലൂടെയും വ്യാപാരത്തിനുമേലുള്ള കുത്തകാവകാശങ്ങളിലൂടെയുമാണ്. ഈ ചൂഷണത്തിന് അധീശരാജ്യങ്ങളിലെ ഭരണവർഗം ഇടനിലക്കാരാകുന്നു. അവികസിതാവസ്ഥ എന്നത് സ്വാഭാവികമായി ഉണ്ടായ ഒന്നല്ല. വികസിത പ്രദേശങ്ങളുടെ താല്പര്യങ്ങളാൽ പ്രാന്തവത്കൃത പ്രദേശങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഒന്നാണ്. ഈ ലോകവ്യവസ്ഥയ്ക്ക് കീഴിൽ തൊഴിൽശക്തിയെ അടിച്ചമർത്താൻ വിവിധ രീതിയിലുള്ള മാർഗങ്ങൾ നടപ്പിലാക്കപ്പെടും. കൂലിവേല, അടിമത്തം ഇതെല്ലം ഇതിന്റെ വിവിധങ്ങളായ രൂപങ്ങളാണ്. വർഗഘടനകളെയും ചൂഷണത്തിന്റെ വിവിധ രൂപങ്ങളെയും പ്രാഥമികമായി കാണുന്നില്ല എന്നതും വർഗസംഘർഷങ്ങളിലൂടെ ഉരുത്തിരിയുന്നതാണ് അതാത് പ്രദേശങ്ങളിലെ സാമൂഹിക സംഘടനാ രൂപങ്ങളെന്നും തിരിച്ചറിയുന്നില്ല എന്നിടത്താണ് മാർക്സിസ്റ്റ് സാമൂഹിക വീക്ഷണവുമായി വാലർസ്റ്റെയിൻ വഴിപിരിയുന്നത്.

ക്ലാസ്സിക്കൽ മാർക്സിസ്റ്റ് വീക്ഷണം മുതലാളിത്തവൽക്കരണ പ്രക്രിയയെ വിലയിരുത്തുന്നത് നിരന്തരമായ വികസന പ്രക്രിയയിലൂടെ കടന്നുപോയ ഒന്നായിട്ടാണ്. യൂറോപ്യൻ രാജ്യങ്ങളിൽ തുടക്കം കുറിച്ച് ക്രമേണ മറ്റ് രാജ്യങ്ങളിലേക്ക് പടർന്ന ഒരു പ്രതിഭാസം. നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോയി ഒട്ടനവധി പരിണാമങ്ങൾക്ക് വിധേയമായ, വ്യാവസായിക വിപ്ലവത്തോടെ അതീവ ശക്തമായ ഒന്ന്. എന്നാൽ ഇതിനു വിപരീതമായി ഗുന്തർഫ്രാങ്കും വല്ലർസ്റ്റെയ്നും വിലയിരുത്തുന്നത് ഒരു ലോക വ്യവസ്ഥയെന്ന നിലയിൽ ആറാം നൂറ്റാണ്ടുമുതൽ നിലനിന്നിരുന്ന ഒരു പ്രതിഭാസമാണ് മുതലാളിത്തം എന്നതാണ്. മാത്രമല്ല അതിന്റെ അടിസ്ഥാന സ്വഭാവത്തിൽ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടുമില്ല എന്നും അവർ വിലയിരുത്തുന്നു. ക്ലാസ്സിക്കൽ മാർക്സിസം മുതലാളിത്തത്തെ ഒരു ഡൈനാമിക് പ്രക്രിയയായി വിലയിരുത്തുമ്പോൾ ലോക സിസ്റ്റം സൈദ്ധാന്തികൻ അതിനെ ഒരു സ്റ്റാറ്റിക് സിസ്റ്റമായി കണക്കിലാക്കുന്നു.

ഇന്നത്തെ നിയോ ലിബറൽ ലോക സാഹചര്യങ്ങളിൽ മുതലാളിത്ത പ്രക്രിയയെ വിലയിരുത്തുമ്പോൾ ഒരു കാര്യം നിസംശയമായും പറയാനാവും. പല രാജ്യങ്ങളുടെയും അവികസിതാവസ്ഥയ്ക്കു പിന്നിൽ ഒരേ സമയം ആ രാജ്യത്തിനകത്തുള്ള അധികാര ഘടനകളും ആ രാജ്യത്തിന് പുറത്തുനിന്നുള്ള അധികാര പ്രയോഗങ്ങളും ഒരേപോലെ പങ്കു വഹിക്കുന്നുണ്ട്. മുതലാളിത്ത പ്രക്രിയയെയും അതിന്റെ വികാസ പരിണാമങ്ങളെയും മനസിലാക്കുന്നതിന് നിർണായകമായ സംഭാവനകൾ നൽകിയ നിരവധി പേരുണ്ട്. മാർക്സ് പ്രധാനമായും തന്റെ സുപ്രധാന പഠനങ്ങളിൽ ഊന്നൽ നൽകിയത് മുതലാളിത്ത ചൂഷണത്തിന്റെ അടിസ്ഥാന സ്വഭാവം എന്താണെന്ന് മനസ്സിലാക്കാനാണ്. അതാകട്ടെ ഒരു closed ഫ്രെയിംവർക്കിനുള്ളിൽ നിന്നുകൊണ്ടുള്ള വിശകലനമായിരുന്നു. മുതലാളിത്ത പൂർവ സമൂഹങ്ങളിൽ മുതലാളിത്തം കടന്നു ചെല്ലുന്നത് മനസ്സിലാക്കാനാണ് റോസാ ലക്സംബെർഗ് ശ്രമിച്ചത്. സാമ്രാജ്യത്വ ഘട്ടത്തിലേക്ക് കടന്ന മുതലാളിത്തത്തെ മനസ്സിലാക്കാനാണ് ഹിൽഫെർഡിങ്ങും ബുഖാരിനും ലെനിനുമൊക്കെ പരിശ്രമിച്ചത്. ലോകത്തെല്ലായിടത്തും മുതലാളിത്തം ഒരേ പോലെ പടർന്നു പന്തലിക്കുമെന്ന പ്രതീക്ഷ വച്ചുപുലർത്താത്ത ആളായിരുന്നു ബാരൻ. ആദ്യഘട്ടത്തിൽ മുതലാളിത്തം വികാസം നേടിയ രാഷ്ട്രങ്ങളുടേതിൽ നിന്നും വ്യത്യസ്തമായിരിക്കും അവികസിതമായ രാജ്യങ്ങളുടെ ഭാവിയിലെ അവസ്ഥ എന്ന ധാരണയാണ് ബാരൻ പുലർത്തിയത്.

60കളിലും 70കളിലും ഉല്പതിഷ്ണുക്കളായ വികസന അർത്ഥശാസ്ത്രകാരന്മാരും (Development economsits) മാർക്സിസ്റ്റ് അർത്ഥശാസ്ത്രകാരന്മാരും വെച്ചുപുലർത്തിയിരുന്ന ധാരണ, വികസിത മുതലാളിത്ത രാജ്യങ്ങൾ അവികസിത രാഷ്ട്രങ്ങളുടെ വികാസം തടയുന്നു എന്നതായിരുന്നു. പ്രാന്തവത്കൃത രാജ്യങ്ങൾ (peripheral countries) കേന്ദ്ര സ്ഥാനത്തുള്ള രാജ്യങ്ങളുടെ (Core countries) ആശ്രിതരായി നിലകൊള്ളേണ്ടി വരുന്നു എന്ന സിദ്ധാന്തമാണ്അവർ മുന്നോട്ടു വെച്ചത്. ആശ്രിത സിദ്ധാന്തം (Dependency theory) എന്നാണ് ഇതിനെ വിളിക്കുന്നത്. ആന്ദ്രേ ഗുന്തർഫ്രാങ്കായിരുന്നു ഈ സിദ്ധാന്തത്തിന്റെ പ്രധാന വക്താവ്. ഉല്പാദന ബന്ധങ്ങളെഅവഗണിക്കുന്നു എന്നതായിരുന്നു ഗുന്തർഫ്രാങ്കിന്റെ സിദ്ധാന്തത്തിന്റെ പ്രധാന ദൗർബല്യം. ഇവിടെ ഒരു പ്രധാന ചോദ്യം ഉയർന്നു വരുന്നത് അവികസിത രാജ്യങ്ങളിലെ സാമൂഹിക സംഘാടന രീതികളെ മുതലാളിത്ത പൂർവ ബന്ധങ്ങളായി വിലയിരുത്താമോ എന്നതാണ്. ആ രാജ്യങ്ങളുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണം ഇതാണോ എന്ന ചോദ്യവും ഇവിടെ ഉയരുന്നു.

ആധുനിക കാലത്തെ സാമ്രാജ്യത്വത്തെയും അതുചെലുത്തുന്ന അധീശത്വത്തെയും അതുവഴി മൂലധനം നടത്തുന്ന ചൂഷണത്തെയും പരിശോധിക്കുകയും പഠിക്കുകയും ചെയ്യുന്നതിൽ, വിമർശനബുദ്ധ്യാ അർത്ഥശാസ്ത്രമണ്ഡലത്തിൽ ഉദയം ചെയ്ത നവീന സിദ്ധങ്ങളെ മനസിലാക്കാൻ ശ്രമിക്കേണ്ടതുണ്ട്. ആ സിദ്ധാന്തങ്ങളിൽ നിന്നും ഉൾകൊള്ളാവുന്നവ എടുക്കുകയും തള്ളിക്കളയേണ്ടവ തള്ളിക്കളയുകയും ചെയ്യെണ്ടതുണ്ട്. മാർക്സിയൻ അർത്ഥശാസ്ത്രത്തെയും വർത്തമാനകാലത്തെ മുതലാളിത്ത പ്രക്രിയകളെയും കൂടുതൽ ആഴത്തിൽ മനസിലാക്കാൻ അത് സഹായകമാകും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 4 =

Most Popular