Friday, May 17, 2024

ad

Homeചിത്രകലഅർഥപൂർണമായ കലാദർശം

അർഥപൂർണമായ കലാദർശം

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

എസ്‌ എച്ച്‌ റാസ

ഷ്യയിലെ മികച്ച ആധുനിക ചിത്രകാരരിൽ പ്രമുഖനെന്ന നിലയിലാണ്‌ എസ്‌ എച്ച്‌ റാസ എന്ന സയ്യിദ്‌ ഹൈദർ റാസ (1922‐2016)യുടെ സ്ഥാനം അലങ്കരിക്കപ്പെടുന്നത്‌. ജന്മദേശമായ മധ്യപ്രദേശിലെ മണ്ട്‌ലയിലും ദൽഹിയിലും അദ്ദേഹം കൂടുതൽ കാലം ജീവിച്ച ഫ്രാൻസിലും രണ്ടുവർഷങ്ങൾക്കു മുമ്പ്‌ വിപുലമായ ജന്മശതാബ്ദി ആഘോഷങ്ങൾ (ചിത്രപ്രദർശനമുൾപ്പെടെ) സംഘടിപ്പിച്ചിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ പെയിന്റിംഗുകളുടെ വിപുലമായൊരു ചിത്രപ്രദർശനം ദുബായിലെ (ജുമൈറയിൽ) പ്രോഗ്രസീവ്‌ ആർട്ട്‌ ഗ്യാലറിയിൽ ആരംഭിച്ചു. പ്രദർശനം 2024 മെയ്‌വരെ നീണ്ടുനിൽക്കും. (ദൽഹിയിൽ പ്രവർത്തിക്കുന്ന പ്രോഗ്രസീവിന്റെ മറ്റൊരു ഗ്യാലറിയാണ്‌ ദുബായിലെ ജുമൈറയിൽ 2024ൽ ആരംഭിച്ചിരിക്കുന്നത്‌). ഇരുപതാം നൂറ്റാണ്ടിലെ ആധുനിക ഇന്ത്യൻ ചിത്രകലയുടെ കുലപതികളിലൊരാളായ എസ്‌ എച്ച്‌ റാസയുടെ കലാവഴികളുടെ ഉൾക്കരുത്തുകൂടിയാണ്‌ ഈ ചിത്രപ്രദർശനം. 2016 ജൂലൈ 23ന്‌ 94‐ാം വയസ്സിൽ കലാലോകത്തോട്‌ വിടപറഞ്ഞ അദ്ദേഹം കലാകാരർക്ക്‌, പ്രത്യേകിച്ച്‌ ഇന്ത്യൻ ചിത്രകാരർക്ക്‌ എന്നും പ്രചോദനമായിരുന്നു‐ ഒപ്പം അദ്ദേഹത്തിന്റെ ചിത്രങ്ങളും.

എസ്‌ എച്ച്‌ റാസയുടെ കലയുടെ പ്രത്യേകതകൾ എന്തായിരുന്നുവെന്നതിലുള്ള ഉത്തരമാണ്‌ ഈ പ്രദർശനം. ഇംപ്രഷണിസ്റ്റ്‌ കലാശൈലിയിലുള്ള ആദ്യകാല ജലച്ഛായാരചനകളിലും ഡ്രോയിംഗുകളിലും ബൗദ്ധികവും സർഗാത്മകവുമായ പ്രവർത്തനങ്ങളുടെ ഇഴചേരൽ കാണാം. രൂപവർണ പ്രയോഗങ്ങളിൽ പ്രകൃതിയോടുള്ള സ്‌നേഹം തെളിയുന്നു. ഇന്ത്യാ‐പാക്‌ വിഭജനവേളയിൽ റാസയുടെ കുടുംബത്തിലെ ഭൂരിഭാഗം അംഗങ്ങളും പാകിസ്ഥാനിലേക്ക്‌ മാറിയെങ്കിലും അദ്ദേഹം മണ്ട്‌ലയിൽ (ഇന്ത്യയിൽ) തന്നെ താമസിച്ചു. നാഗ്‌പൂരിലെ മഹാവിദ്യാലയത്തിൽ കലാപഠനമാരംഭിക്കുകയും പിന്നീട്‌ മുംബൈ ജെ ജെ സ്‌കൂൾ ഓഫ്‌ ആർട്ട്‌സിൽ കലാപഠനം തുടരുകയും ചെയ്‌തു. ഇന്ത്യയിലെ നഗ്നപാദനായ പിക്കാസോ എന്ന്‌ വിളിപ്പേരുള്ള എം എഫ്‌ ഹുസൈൻ ഉൾപ്പെടുന്ന പ്രോഗ്രസീവ്‌ ആർട്ട്‌ ഗ്രൂപ്പിന്റെ സ്ഥാപക അംഗങ്ങളിലൊരാളായി എസ്‌ എച്ച്‌ റാസ പ്രവർത്തിച്ചു. അതുവരെ ശീലിച്ച വഴികളിൽനിന്ന്‌ മാറി ആധുനികകലയിലെ രേഖാ രൂപ‐വർണങ്ങളുടെ പരിണാമങ്ങൾ സ്വന്തം കാഴ്‌ചയിലൂടെ പുനർനിർമിക്കാൻ പ്രോഗ്രസീവ്‌ ഗ്രൂപ്പിലെ കലാകാരർ ശ്രമിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ അലയൊലികൾക്കൊപ്പം കലയുടെ ഉൾക്കരുത്തും ഇഴചേർന്നു നിന്നു. റാസ, ഹുസൈൻ, ഈസ, അമൃത ഷെർഗിൾ, കൃഷ്‌ണൻ ഖന്ന തുടങ്ങിയവരുൾപ്പെടുന്ന കലാകാരർക്ക്‌ ആധുനിക ഇന്ത്യൻ ചിത്ര‐ശിൽപകലയുടെ പരിണാമത്തിന്‌ അവിസ്‌മരണീയമായ സംഭാവനകൾ നൽകാനായി.

1950ലാണ്‌ റാസ പാരീസിലേക്ക്‌ കപ്പൽ കയറുന്നത്‌. കലയിൽ ഉപരിപഠനവും തുടർന്നു. ക്യൂബിസ്റ്റ്‌ ശൈലിയിൽ പ്രകൃതിയെയും വാസ്‌തുശിൽപകലാത്ഭുതങ്ങളെയും അക്കാലത്തെ കലയിൽ അദ്ദേഹം വരച്ചുകാട്ടി. എങ്ങനെയാണ്‌ കാലത്തെ അടയാളപ്പെടുത്തേണ്ടതെന്നും എങ്ങനെയാണ്‌ പെയിന്റ്‌ ചെയ്യേണ്ടതെന്നും പഠിച്ചത്‌ ഫ്രാൻസിൽ നിന്നാണെന്ന്‌ അദ്ദേഹം പറയാറുണ്ടായിരുന്നു. 1959ലാണ്‌ ഫ്രാൻസിൽ ഒപ്പമുണ്ടായിരുന്ന കലാകാരിയായ ജനിൻ മോങ്ങില്ലയെ വിവാഹം ചെയ്യുന്നത്‌. ഫ്രഞ്ച്‌ പാരാന്പര്യം തന്റെ കലയെ സ്വാധീനിക്കുന്നതും ഇന്ത്യൻ സംസ്‌കാരവുമായി ചേർന്ന്‌ തന്റെ ചിത്രതലങ്ങളെ വർണാഭമാക്കുന്നതും അദ്ദേഹം ആഴത്തിൽ പഠിക്കുകകൂടിയായിരുന്നു. അതിൽനിന്നാണ്‌ വിഖ്യാതമായ അദ്ദേഹത്തിന്റെ പരന്പരചിത്രങ്ങൾ പിറവികൊള്ളുന്നത്‌. ഒരു അധ്യാപകൻ ബോർഡിൽ വരച്ചിടുന്ന വൃത്തം റാസയുടെ മനസ്സിലൂടെ കാലങ്ങളോളം സഞ്ചരിച്ചശേഷമാണ്‌ കാൻവാസിലേക്ക്‌ കയറിക്കൂടുന്നത്‌‐ വിവിധ ജ്യാമതീയ മാതൃകകളായിട്ട്‌. ബിന്ദുപരന്പരയുടെ തുടക്കം അവിടെനിന്നായിരുന്നു. ഏതൊരു ജീവജാലത്തിന്റെയുള്ളിലും ഈ ‘ബിന്ദു’ ഒരു ബീജമാണ്‌. അവിടെനിന്നാണ്‌ പ്രകൃതിയുടെ പച്ചപ്പിലേക്ക്‌, നദിയുടെ നീലിമയിലേക്ക്‌, ഭാരതീയ സംസ്‌കാരത്തിന്റെ മഞ്ഞയിലേക്ക്‌ സമൂഹത്തിന്റെ സൂചകമായ ചുവപ്പിലേക്കും ഓറഞ്ചിലേക്കുമൊക്കെ അദ്ദേഹത്തിന്റെ ബ്രഷും നിറവും കടന്നുചെല്ലുന്നത്‌. വർഷങ്ങൾ ഫ്രാൻസിൽ താമസിച്ചിട്ടും റാസ ഇന്ത്യൻ സംസ്‌കാരവും പാരന്പര്യവുമാണ്‌ മുറുകെപ്പിടിച്ചത്‌. ബിന്ദു പരന്പര ചിത്രങ്ങൾ ഇന്ത്യൻ സംസ്‌കാരത്തിന്റെ പരിഛേദം കൂടിയായിരുന്നു.

1940 മുതൽ ബിന്ദുപരന്പര (1970) ചിത്രങ്ങൾ വരെ ഉൾപ്പെടുന്ന എസ്‌ എച്ച്‌ റാസയുടെ കലാവഴികൾ അടയാളപ്പെടുത്തുന്ന ചിത്രങ്ങളും ലഘുവായ ജീവചരിത്രവും ദുബായ്‌ പ്രോഗ്രസീവ്‌ ആർട്ട്‌ ഗ്യാലറിയിലെ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. ഭാരതീയ പ്രപഞ്ചശാസ്‌ത്രത്തിന്റെയും താന്ത്രിക്‌ കലാശൈലിയുടെയും ലാവണ്യചിന്തകളുടെയും മനഃശാസ്‌ത്രമാണ്‌ നിറങ്ങളുടെ ഉത്സവമായി അദ്ദേഹം ആവിഷ്‌കരിച്ചിട്ടുള്ളതെന്ന്‌ കലാനിരൂപകർ രേഖപ്പെടുത്തുന്നു. നിറങ്ങളുടെ ലാളിത്യം, സമാധാനത്തിന്റെയും സമന്വയത്തിന്റെയും താളലയ ഘടകങ്ങൾ ഇവയൊക്കെ ആസ്വാദകരുമായി സംവദിക്കുകയാണ്‌ ‘ബിന്ദു’ പരന്പര. ആധുനികതയുടെ ഒരു ബദൽ കാഴ്‌ചയും ചിന്തയും കൂടിയാണ്‌ ഉൾക്കരുത്തോടെ ഈ പരന്പരയിൽ ദൃശ്യമാവുന്നത്‌. എസ്‌ എച്ച്‌ റാസയുടെ ആദ്യകാല ജലച്ഛായാ ചിത്രങ്ങളും പെൻ ആൻഡ്‌ ഇങ്ക്‌ ഡ്രോയിംഗുകളടക്കമുള്ള ഇരുപതോളം ചിത്രങ്ങളുമാണ്‌ ഈ പ്രദർശനത്തിലുള്ളത്‌.

ദേശീയ, അന്തർദേശീയ പ്രശസ്‌തനായ റാസയെ രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നീ ബഹുമതികൾ നൽകി ആദരിച്ചിരുന്നു. ന്യൂഡൽഹി ആസ്ഥാനമായ റാസ ഫൗണ്ടേഷന്റെ മാനേജിംഗ്‌ ട്രസ്റ്റിയായി കവി അശോക്‌ വാജ്‌പേയ്‌ പ്രവർത്തിക്കുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

17 − 8 =

Most Popular