ജാതി കേന്ദ്രീകൃതമായ ഒരു സാമൂഹ്യഘടനയിൽ ജാതി സെൻസസ് നടത്തുന്നതിൽ എന്താണ് കുഴപ്പം? ഒരു കുഴപ്പവുമില്ല എന്ന് ഏതൊരു മതനിരപേക്ഷ ജനാധിപത്യവാദിയും തലകുലുക്കി അംഗീകരിക്കുമെന്നതിൽ തർക്കമില്ല. പിന്നെ എന്താണ് പ്രശ്നം? അതാണ് ഇവിടെ പരിശോധിക്കാൻ ഉദ്ദേശിക്കുന്നത്. സെൻസസ് അഖിലേന്ത്യ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരാണ് നടത്തേണ്ടത്, എന്നാൽ സംവരണം എന്ന ആശയത്തെ അട്ടിമറിക്കാൻ ബോധപൂർവ്വം ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്ന ആർ.എസ്.എസ്. നിയന്ത്രണത്തിലുള്ള സംഘപരിവാർ സംഘടനകളിൽ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഭാരതീയ ജനതാപാർട്ടിയുടെ നേതൃത്വത്തിൽ അധികാരത്തിൽ ഇരിക്കുന്ന നരേന്ദ്രമോദി സർക്കാരിന് കുഴലൂത്ത് നടത്തുന്നതിൽ മത്സരിക്കുന്ന ചില എസ്.സി. എസ്.ടി. ജാതി സംഘടനകളുടെയും പിന്നോക്കവിഭാഗം ജാതിസംഘടനകളുടെയും തീവ്ര വലതുപക്ഷ ന്യൂനപക്ഷ സംഘടനകളുടെയും നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെ നിർദ്ദോഷമായ ഒരു ഇടപെടലായി തള്ളിക്കളയാൻ കഴിയുകയില്ല.
വംശം, ജാതി, മതം തുടങ്ങിയ പലവിധ സാമൂഹിക കാരണങ്ങളാൽ അരികുവൽക്കരിക്കപ്പെട്ടുപോയ ജനതയെ ഉയർത്തിക്കൊണ്ടുവരുവാൻ ദേശീയ സ്വാതന്ത്ര്യസമരപോരാട്ടങ്ങളിലൂടെ ഉയർന്നുവന്ന മഹാനായ ഡോക്ടർ അംബേദ്കർ ഉയർത്തിപ്പിടിച്ച ഒരു മുദ്രാവാക്യമാണ് സംവരണം. ഇന്ന് നാം ഭരണഘടനാപരമായ ഒരു അവകാശമായി അനുഭവിച്ചു വരുന്ന ഈ അവകാശം നേടിയെടുക്കുന്നതിനുവേണ്ടി നടത്തിയ സമരപോരാട്ടങ്ങളെപോലെതന്നെ അതിനേക്കാൾ ശക്തിയിൽ അത് സംരക്ഷിക്കുവാൻ വേണ്ടി നടത്തുന്ന പോരാട്ടത്തിന്റെ ദിശ നിർണയിക്കേണ്ടത് മതനിരപേക്ഷ ജനാധിപത്യവാദികളുടെ ഉത്തരവാദിത്വമാണ്.
ആ ദിശയിൽ നിന്നുകൊണ്ടുവേണം ഇന്ന് രാജ്യത്ത് ഉയർന്നു വരുന്ന സെൻസസ് സംബന്ധിച്ച വിഷയത്തിൽ നിലപാടെടുക്കാൻ, ജാതി സെൻസസ് സംസ്ഥാനമാണോ കേന്ദ്രമാണോ നടത്തേണ്ടത് എന്ന ചോദ്യത്തിന് ഉത്തരം നൽകുന്നതിനുമുമ്പ് ചില കാര്യങ്ങൾ പരിശോധിക്കുന്നത് നല്ലതാണ്. നമ്മുടെ രാജ്യം ഒരു മതനിരപേക്ഷ ജനാധിപത്യ രാജ്യമാണ്. അതിന്റെ ഭരണഘടന നമുക്ക് ഉറപ്പുതരുന്ന ലെജിസ്ലേറ്റീവ്, എക്സിക്യൂട്ടീവ്, ജുഡീഷ്യൽ സംവിധാനങ്ങളെ നിലനിർത്തുന്നതോടൊപ്പം സർവ്വതന്ത്ര സ്വതന്ത്രമായ ചില സമിതികളെയും കാവൽഭടന്മാരെപോലെ ജനാധിപത്യത്തെ കാത്തുസൂക്ഷി ക്കുവാൻ ഭരണഘടന നമുക്ക് ഉറപ്പുതരുന്നുണ്ട്. എന്നാൽ ഈ സർവ്വതന്ത്ര സ്വതന്ത്ര സ്വഭാവമുള്ളവയുടെ ചിറകരിയുന്ന നയസമീപനമാണ് കേന്ദ്ര ഗവൺമെന്റ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ഇതിൽ പ്രധാനമാണ് ഇലക്ഷൻ കമ്മീഷൻ. ഇത് ഇനി എങ്ങനെ പ്രവർത്തിക്കണം എന്ന് മോദി സർക്കാർ തീരുമാനിച്ചു കഴിഞ്ഞു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന അവരുടെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നതോടെ ബ്രിട്ടീഷ് കേന്ദ്രീകൃതഭരണത്തിന് കാരണമായ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1883- അംഗീകരിച്ചതിലൂടെ ഇന്ത്യ പൂർണമായും ബ്രിട്ടന്റെ നിയന്ത്രണത്തിൽ ആയതുപോലെ 1883-ന് മുമ്പ് രാജ്യത്ത് പരിപാലിക്കപ്പെട്ട മനുസ്മൃതിയുടെ അടിസ്ഥാനത്തിലുള്ള രാജ്യഭരണം എങ്ങനെയായിരുന്നുവോ അതുപോലെ നമ്മുടെ രാജ്യം പൂർണമായും സംഘപരിവാർ അധീനതയിലാകും എന്നതിൽ തർക്കമില്ല.
മതനിരപേക്ഷ ജനാധിപത്യത്തിന്റെ മറ്റൊരു കാവൽ ഭടനാണ് കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അക്കൗണ്ടുകൾ പരിശോധിക്കേണ്ട ഭരണഘടന വാഗ്ദാനം ചെയ്യുന്ന ഈ സ്വതന്ത്ര സ്ഥാപനത്തെ മോദി സർക്കാർ രാഷ്ട്രീയ ചതുരംഗപലകയിലെ കരുക്കളാക്കി പ്രതിപക്ഷത്തെ തകർക്കാൻ ഉപയോഗിക്കുന്ന ഉപകരണമാക്കി ഈ സ്ഥാപനത്തെ മാറ്റിയിരിക്കുന്നു. അടുത്ത സ്വതന്ത്രസ്ഥാപനമാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ. തൊഴിൽ നിയമനം കൃത്യതയോടെ നടത്തുന്നതിൽ നിർണായക പങ്കുവഹിക്കേണ്ട സ്ഥാപനം ഇന്ന് നോക്കുകുത്തിയായി മാറിയിരിക്കുന്നു ഇങ്ങനെ സ്വതന്ത്ര സ്ഥാപനങ്ങൾ എല്ലാം തങ്ങൾക്ക് അനുകൂലമാക്കിയ ഘട്ടത്തിൽ സംവരണം വഴി ആശ്വാസം ലഭിക്കേണ്ട വിഭാഗങ്ങൾക്ക് ആശ്വാസം പകരാൻ കഴിയാതെ അതിനെ ശ്വാസം മുട്ടിച്ചു കൊന്നുകുഴിച്ചുമൂടിയത് ജനങ്ങളിൽ നിന്നും മറച്ചു പിടിക്കാനുള്ള മറയായി. ജാതി സെൻസസിനെ മാറ്റുന്നതിന് കൂട്ടുനിൽക്കുന്നതിൽനിന്ന് പിന്തിരിയേണ്ടവർ പിന്തിരിയുകതന്നെ വേണം.
ജനാധിപത്യത്തിന്റെ കാവലാളുകളായ സ്വതന്ത്ര സ്ഥാപനങ്ങളെ തകർത്ത് വർണ്ണാശ്രമവ്യവസ്ഥയിലേക്ക് രാജ്യത്തെ നയിക്കുന്ന നരേന്ദ്രമോദി സർക്കാർ ഭരണഘടനയെതന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഘട്ടത്തിൽ ആർ.എസ്.എസ്. നേതാവ് മോഹൻ ഭാഗവത് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് ജാതി സംവരണം പിഴുതെറിയണമെന്നാണ്. അതേസമയം സാമ്പത്തിക സംവരണത്തിന് വേണ്ടിയുള്ള മുറവിളി കൂട്ടുന്നതിൽ മുന്നിൽനിന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന മോഹൻ ഭഗവതിന്റെയും ആർ.എസ്.എസ്സിന്റെയും ഈ നിലപാടുകൾക്കെതിരെ പോരാടുന്നതിനുപകരം അവർക്കുവേണ്ടി കുഴലൂത്ത് നടത്തുന്നത് ആർ.എസ്.എസിന്റെ നിലപാടുകളെ വെള്ളപൂശുന്നതിനു വേണ്ടിയാണ്. തന്ത്രം പയറ്റി ആർ.എസ്.എസിനൊപ്പം സിപിഎമ്മിനെയും പികെഎസിനെയും കൂട്ടിക്കെട്ടാൻ നടത്തുന്ന ഹിന്ദുത്വശക്തികൾക്ക് സമൂഹത്തിൽ മാന്യത ഉണ്ടാക്കുന്നതിനുവേണ്ടിയാണ്. ആർഎസ്എസിന്റെ സാമ്പത്തിക സംവരണ വാദവും, ജാതി സംവരണം നിലനിർത്തിക്കൊണ്ടുതന്നെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ മുന്നോട്ട് കൊണ്ടുവരുവാൻ ജനറൽ വിഭാഗത്തിൽ നിന്നും 10% സംവരണം നടപ്പിലാക്കിയത് ആ വിഭാഗത്തിന് ആശ്വാസകരമാണ്. എന്നാൽ പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്കക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇല്ലാതാക്കും എന്ന് പറയുന്നവർ ശരിക്കും പട്ടികജാതിക്കാരെയും പിന്നോക്കക്കാരെയും ചതിക്കുഴിയിൽ വീഴ്ത്തി സംഘപരിവാർ ശക്തികൾക്ക് ചൂട്ട് പിടിച്ച് കൊടുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. കാരണം പട്ടികജാതി പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്ക് ജനറൽ വിഭാഗവുമായി മത്സരിക്കുവാനുള്ള ശേഷി കൈവന്നിരിക്കുന്നു എന്നാണ് ഇത് അംഗീകരിക്കുമ്പോൾ സമർത്ഥിക്കുന്നത്. ഈ വിഭാഗങ്ങൾക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കാൻ അർഹതയില്ലാത്തവരാണെന്ന് ചൂണ്ടിക്കാണിക്കുന്നതിന് തുല്യമാകും എന്നതിന് മറ്റൊരു തെളിവു വേണ്ട. ഇത് മറച്ചു പിടിക്കാൻ വേണ്ടി നടത്തുന്ന അടവുപരമായ സമീപനമാണ് സി.പി.ഐ.എമ്മും പി.കെ.എസും ആർ.എസ്.എസ് വലയിൽ കുടുങ്ങി എന്ന പ്രചാരണം.
സംവരണത്തിന്റെ പേരിൽ നമ്മുടെ രാജ്യത്തുണ്ടായ കലാപങ്ങൾ സംബന്ധിച്ച് ഒരു പരിശോധന ഈ അവസരത്തിൽ നടത്തുന്നത് നല്ലതാണ്. കോൺഗ്രസേതര ഗവൺമെന്റുകളിൽ ജനതാദൾ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയും പ്രധാനമന്ത്രി എന്ന നിലയിൽ 1989 ഡിസംബർ മുതൽ 1990 നവംബർ വരെ രാജ്യം ഭരിച്ചത് വിശ്വനാഥ് പ്രതാപ് സിംഗ് (1931-2008) ആണ്. അദ്ദേഹമാണ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് ശുപാർശകൾ നടപ്പിലാക്കാൻ തീരുമാനിച്ചത്. ജാതി വിവേചനത്തിന് പരിഹാരം എന്ന നിലയിൽ പിന്നോക്ക ജാതി വിഭാഗങ്ങൾക്ക് പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിക്ക് ക്വാട്ട നിശ്ചയിച്ചത് മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിലാണ്. 1979-08 മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള മറ്റൊരു കോൺഗ്രസ്സേതര (ജനതാ പാർട്ടി സർക്കാരിന്റെ പാർലമെൻറ് അംഗമായ ബി.പി. മണ്ഡലിന്റെ നേതൃത്വത്തിൽ കമ്മീഷനെ നിയമിച്ചത് കമ്മീഷൻ പിന്നീട് അതിന്റെ അധ്യക്ഷന്റെ പേരിലാണ് അറിയപ്പെട്ടത്. 1980-ലെ മണ്ഡൽ റിപ്പോർട്ടിൽ പൊതുമേഖലയിലെ തൊഴിലുകളിൽ ദളിതർക്കും ആദിവാസികൾക്കും പുറമേ മറ്റു പിന്നോക്ക ജാതികൾക്കും 27 ശതമാനം സംവരണം ശുപാർശ ചെയ്തു. എന്നാൽ ഇത് 10 വർഷക്കാലം നടപ്പിലാക്കാതെ വെച്ചു. പിന്നീട് ഇത് നടപ്പിലാക്കപ്പെട്ടപ്പോൾ ഹിന്ദുത്വ രാഷ്ട്രീയം തലയ്ക്ക് പിടിച്ച സവർണ ജാതിക്കാർ വിഷയം തെരുവിലേക്ക് വലിച്ചിഴച്ചു. അവർ പ്രതീകാത്മകമായി തെരുവുകൾ അടിച്ചുവാരി ഷൂ മിനുക്കുന്നതായി അഭി നയിക്കുകയും അതുപോലുള്ള മറ്റ് ജോലികളും ചെയ്തു. ഡോക്ടർമാർ, എൻജിനീയർമാർ, അഭിഭാഷകർ, സാമ്പത്തിക വിദഗ്ധർ എന്നിവയാകുന്നതിന് സംവരണനയം സവർണ ജാതിക്കാരെ വീടുപണിപോലുള്ള പ്രവർത്തനങ്ങളിലേക്ക് ചുരുക്കുമെന്നായിരുന്നു ഈ പ്രതീകാത്മക പ്രതിഷേധത്തിലൂടെ അവർ ഉദ്ദേശിച്ചത്. കുറച്ചുപേർ പരസ്യമായി ആത്മഹത്യ നടത്താൻ ശ്രമിച്ചു. ഇതിൽ ശ്രമിച്ചു. ഇതിൽ ഏറ്റവും പ്രശസ്തം ദൽഹി സർവ്വകലാശാല വിദ്യാർത്ഥി രാജീവ് ഗോസ്വാമി 1990-ൽ നടത്തിയ ആത്മഹത്യയാണ്. സമാന പ്രതിഷേധങ്ങൾ 2006-ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ഒന്നാം യു.പി.എ സർക്കാർ ഉന്നത വിദ്യാഭ്യാസ രംഗത്ത് സംവരണം മറ്റു പിന്നോക്ക ജാതിക്കാർക്ക് കൂടി വ്യാപിപ്പിക്കാൻ ശ്രമിച്ചപ്പോഴും ഉണ്ടായി.
ആർ.എസ്.എസ് ജാതിയെ അടിസ്ഥാനപ്പെടുത്തിയുള്ള സംവരണം നടപ്പിലാക്കുന്നതിനെതിരാണ്. അതുകൊണ്ടുതന്നെ സെൻസസ് എടുക്കുമ്പോൾ ജാതിക്ക് ഒരു കോളം എന്നത് ഉണ്ടാവുകയില്ല. അവർക്ക് വേണ്ടത് മതമാണ്. ന്യൂനപക്ഷത്തിൽ ആദ്യം വേണ്ടത് മുസ്ലിങ്ങളെയാണ്. രണ്ടാമത് വേണ്ടത് ക്രിസ്ത്യാനികളെയാണ്. ഇവരുടെ കണക്കെടുത്തുകഴിഞ്ഞാൽ പിന്നെ വേണ്ടത് കമ്മ്യൂണിസ്റ്റുകളെയാണ് (വിചാരധാര അധ്യായം 19, 20, 21 പരിശോധിക്കുക). ഈ മൂന്നുഘട്ടം കഴിയുമ്പോൾ രാജ്യത്ത് വർണ്ണാശ്രമ വ്യവസ്ഥയിലുള്ളവർ മാത്രമേ ഉണ്ടാവുകയുള്ളൂ. ബാക്കിയുള്ള പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്കക്കാർ വനാന്തരങ്ങളിലേക്ക് ആട്ടിയോടിക്കപ്പെടും. അങ്ങിനെ രൂപപ്പെടുന്ന രാജ്യത്തെയാണ് ആർ.എസ്.എസ് സ്വപ്നം കാണുന്നത്. അതാണ് അവരുടെ രാമരാജ്യം.
“സ്വാതന്ത്ര്യത്തിനുശേഷവും പിന്തിരിപ്പൻ പ്രതിവിപ്ലവ പ്രവണതകൾ നിലനിന്നു വരുന്നുണ്ട് ഫ്യൂഡൽ ആശയങ്ങളുടെ അഗാധമായ സ്വാധീനത്തെ ആശ്രയിച്ച് നിലനിൽക്കുന്ന ജനങ്ങളുടെ ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഈ അടുത്ത പതിറ്റാണ്ടുകളിൽ കോൺഗ്രസിനെതിരായ അസംതൃപ്തി വർധിച്ചു വരികയും അത് കോൺഗ്രസിനെ അധഃപതനത്തിലേക്ക് നയിക്കുകയും ചെയ്തപ്പോൾ, അത് ഉപയോഗപ്പെടുത്തിക്കൊണ്ട് കോൺഗ്രസ് പാർട്ടി മൂലമുണ്ടായ ശൂന്യതയെ നികത്താൻ ആ പിന്തിരിപ്പൻ പ്രതിവിപ്ലവ ശക്തികൾ ഗൗരവമായ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. പിളർപ്പുണ്ടാക്കുന്നതും വർഗീയവുമായ പരിപാടിയോടുകൂടിയ പിന്തിരിപ്പൻ പാർട്ടിയാണ് ഭാരതീയ ജനതാ പാർട്ടി. മറ്റു മതങ്ങളോടുള്ള വെറുപ്പും അസഹിഷ്ണുതയും തീവ്രദേശീയതയുടേതായ സങ്കുചിതവാദവും ആണ് അതിന്റെ പിന്തിരിപ്പൻ ഉള്ളടക്കത്തിന്റെ അടിസ്ഥാനം. ഫാസിസ്റ്റ് സ്വഭാവമുള്ള രാഷ്ട്രീയ സ്വയംസേവക സംഘം മാർഗനിർദ്ദേശം നൽകുകയും മേധാവിത്വം വഹിക്കുകയും ചെയ്യുന്നതിനാൽ ബി.ജെ.പി. സാധാരണ ബൂർഷ്വാ പാർട്ടിയല്ല. ബിജെപി അധികാരത്തിലിരിക്കുമ്പോൾ ഭരണകൂടാധികാരത്തിന്റെയും ഭരണകൂട സംവിധാനത്തിന്റെയും ഉപകരണങ്ങളിൽ ആർ.എസ്.എസിന് ഇടപെടാൻ കഴിയുന്നുണ്ട്. ഹിന്ദുത്വ പ്രത്യയശാസ്ത്രം പുനരുത്ഥാന വാദത്തെ വളർത്തുന്നു. ഒരു ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അത് ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരത്തെ നിഷേധിക്കുന്നു. ഇത്തരത്തിലുള്ള വർഗീയ കാഴ്ചപ്പാടിന്റെ വികാസം ന്യൂനപക്ഷ മതമൗലീകതയുടെ വളർച്ചയിലേക്കാണ് നയിക്കുന്നത്. രാഷ്ട്രസംവിധാനത്തിന്റെ മതനിരപേക്ഷ അടിത്തറയെ സംബന്ധിച്ചിടത്തോളം അത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന് അത് ഗുരുതരമായ അപകടം വരുത്തിവെക്കുന്നു. വൻകിടബിസിനസുകാരിലും ഭൂപ്രഭുക്കളിലും ഒരു വലിയ വിഭാഗത്തിന് പുറമേ യു.എസ്.എ.യുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വവും ബി.ജെ.പി.ക്ക് അങ്ങേയറ്റം പിന്തുണ നൽകിക്കൊണ്ടിരിക്കുകയാണ് (സിപിഐഎം പരിപാടി . 7-14)
“ജാതി എന്നു പറയുന്ന സംഗതി കൊണ്ട് സാമൂഹ്യമോ രാജ്യ നൈതികമോ ആയ വല്ല വിഷമതകളും ആരെങ്കിലും അനുഭവിക്കുന്നുണ്ടെങ്കിൽ അത് പൂർണ്ണമായും ദൂരീകരിക്കണമെന്നുള്ളത് പറയാതെ തന്നെ അറിയാവുന്ന കാര്യമാണ്. 1950-ൽ നാം ഒരു റിപ്പബ്ലിക്കായ ദിവസം മുതൽ 10 വർഷത്തേക്ക് മാത്രമേ ഡോക്ടർ അംബേദ്കർ “പട്ടികജാതിക്കാക്ക്’ പ്രത്യേകാനുകൂല്യങ്ങൾ വേണമെന്നു പരിഗണിക്കുകയുള്ളൂ. പക്ഷേ അതു തുടർന്നുകൊണ്ടങ്ങനെ പോവുകയാണ്. ജാതിയിൽന്മേൽ മാത്രം അടിസ്ഥാനപ്പെടുത്തിയ പ്രത്യേക ആനുകൂല്യങ്ങൾ ഒരു പ്രത്യേക വിഭാഗമായി തുടരാനുള്ള സ്ഥാപിത താല്പര്യങ്ങൾ വളർത്തുക തന്നെ ചെയ്യും. സമുദായത്തിലെ ഇതര ഘടകങ്ങളോടുകൂടി അവർ ഇഴകിച്ചേരുന്നതിന് ഇത് തടസ്സമാണ്.
വളരെ മോശമായ സാമ്പത്തിക കുഴപ്പങ്ങളിൽ യാതന അനുഭവിക്കുന്നവർ ഇന്നു സമുദായത്തിന്റെ എല്ലാ വിഭാഗങ്ങളിലും ഉണ്ട് അതിന്റേതായ ദരിദ്രരും, അവശരും, അശരണരുമായ വിഭാഗമില്ലാത്ത ഒരു ജാതിയും ഇന്നില്ല. അതുകൊണ്ട് സാമ്പത്തിക ചുറ്റുപാടുകളെ അടിസ്ഥാന പ്പെടുത്തിയാണ് പ്രത്യേക ആനുകൂല്യങ്ങൾ ശരിയായിരിക്കുക. ഇത് കുഴപ്പങ്ങൾ തീർക്കുകയും ഹരിജനങ്ങൾ മാത്രമേ മേൽപ്പറഞ്ഞ ആനുകൂല്യങ്ങൾ അനുഭവിക്കുന്നുള്ളൂവെന്നും മറ്റുമുള്ളവരിൽ ഉണ്ടാവുന്ന ഹൃദയവ്യഥയ്ക്ക് ശമനമുണ്ടാവുകയും ചെയ്യും (ഗുരുജി ഗോൾവാക്കറുടെ വിചാരധാരയിൽ നിന്നും അശ്യത ശാപമോഷവും എന്ന അധ്യായത്തിലെ പുതിയ മാനദണ്ഡങ്ങൾ ഉയർത്തുക എന്ന സൈഡ് ഹെഡിങ്ങിൽ നിന്ന് പേജ് 408, 409).
മുതലാളിത്ത സാമൂഹ്യഘടനയ്ക്ക് കീഴിൽ സംവരണത്തിലൂടെ സാമ്പത്തിക സമത്വം കൊണ്ടുവരുവാൻ കഴിയുമെന്ന് ധാരണ അബദ്ധജടിലമാണ് സാമൂഹിക സമത്വം കൊണ്ട് വരണമെങ്കിൽ പ്രധാനമായും നിലവിലുള്ള സാമൂഹ്യഘടനയെ തച്ചു തകർത്ത് അതിന്റെ ചാരത്തിൽ നിന്നു വേണം പുതിയ സാമൂഹിക ഘടന രൂപം കൊള്ളേണ്ടത് എന്നാൽ ഇന്ത്യയിൽ മുതലാളിത്തം വളർന്നത് ഫ്യൂഡൽ സാമൂഹ്യഘടനയെ നിലനിർത്തി അതിന്റെ സൗകര്യങ്ങളെ ഉപയോഗപ്പെടുത്തിയാണ് ഇന്ത്യൻ മുതലാളിത്തം വളർന്നത് എന്നാൽ ലോകത്ത് മുതലാളിത്ത വിപ്ലവം നടന്നത് ഫ്യൂഡൽ സാമൂഹ്യഘടനയെ തകർത്ത് അതിന്റെ ചാരത്തിൽനിന്ന് ഉയർന്നുവന്ന പുതിയ സാമൂഹ്യഘടനയായിരുന്നു മുതലാളിത്തം.
അതുകൊണ്ടുതന്നെ ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തെ സംബന്ധിച്ചിട ത്തോളം അതിനു നിറവേറ്റാൻ ഉള്ള കടമ പൂർത്തീകരിക്കപ്പെടാത്ത ബൂർഷ്വാ ജനാധിപത്യ വിപ്ലവം പൂർത്തീകരിക്കേണ്ടതായുണ്ട്. ആ വിപ്ലവപ്രക്രിയയെയാണ് ജനകീയ ജനാധിപത്യ വിപ്ലവം. അത് നയിക്കേണ്ടമുന്നണി ജനകീയ ജനാധിപത്യമുന്നണിയാണ്. പ്രസ്തുത മുന്നണി കെട്ടിപ്പടുക്കുമ്പോൾ സ്വാഭാവികമായും ഉണ്ടാവുന്ന കയറ്റിറക്കങ്ങളും തകർന്നുപോയെന്നു കരുതും വിധം അഗാധ ഗർത്തത്തിലേക്ക് വീണെന്നിരിക്കും. എങ്കിലും ജനകീയ ജനാധിപത്യ മുന്നണി അതിന്റെ പൂർണ്ണതയിലേക്ക് ഉയർന്നുവന്നു കൊണ്ട് അതിന്റെ നേതൃത്വത്തിൽ ജനകീയ ജനാധിപത്യ വിപ്ലവം നടക്കുക തന്നെ ചെയ്യും. അതുവരെ മുതലാളിത്തം നിലവിലുള്ള ജാതിവ്യവസ്ഥയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുക. ജാതി വ്യവസ്ഥ നിലനിൽക്കുന്നിടത്തോളം കാലം ജാതി സംവരണം ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ്. അതുകൊണ്ടുതന്നെ അതി നുവേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുത്തുകതന്നെ വേണം.
ആർഎസ്എസ് നേതൃത്വം വരച്ചവരയിലൂടെ ഭരണം നടത്തുന്ന മോദി സർക്കാർ സംവരണത്തിന് എതിരാണ്. 2011-ൽ നടന്ന സെൻസസിന് ശേഷം 2022 ലാണ് സെൻസസ് നടക്കേണ്ടത് എന്നാൽ എന്നാൽ ഇതിന്റെ പ്രവർത്തനമൊന്നും കേന്ദ്രസർക്കാർ ആരംഭിച്ചിട്ടില്ല. മാത്രമല്ല 2011ലെ സെൻസസിന്റെ ഭാഗമായി കേന്ദ്രം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്നവരെ പ്രഖ്യാപിക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണെന്ന് സുപ്രീംകോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ ജാതി സെൻസസ് എടുക്കുന്നതുകൊണ്ട് സംവരണാനുകൂല്യങ്ങൾ ലഭിക്കുന്നവർക്ക് എന്ത് സഹായമാണ് ലഭിക്കാൻ പോകുന്നത് എന്ന് വലതുപക്ഷ ജാതിസംഘടനകൾ വ്യക്തമാക്കേണ്ടതുണ്ട് രാജ്യം സംഘർഷഭരിതമായ അന്തരീക്ഷത്തിലൂടെ മുന്നോട്ടുപോകുമ്പോൾ ആർഎസ്എസിനാൽ ഭരിക്കപ്പെടുന്ന ഭരണകൂടം അതിന്റെ വീഴ്ചകളെ മറച്ചു പിടിക്കാൻ കലാപകലുഷിതമായ ഒരു അന്തരീക്ഷം രാജ്യത്ത് സൃഷ്ടിച്ചെടുക്കാൻ മാത്രമാണ് ഇത്തരം ജാതി സംഘടനകൾ അറിഞ്ഞോ അറിയാതെയോ ജാതി സെൻസസ് കേരള സർക്കാർ നടത്തണമെന്ന് മുറവിളി കൂട്ടുന്നതെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.
‘ഹിന്ദുത്വ ഭരണകൂടത്തിന്റെ ആക്രമണത്തിനു വിധേയരായിട്ടുള്ള ദളിതരേയും പിന്നോക്കജാതിവിഭാഗങ്ങളേയും ന്യൂനപക്ഷങ്ങളേയും സംഘടിപ്പിച്ച് സ്വത്വരാഷ്ട്രീയം കൊണ്ട് ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടാൻ വേണ്ടിയുള്ള ചില കരുനീക്കങ്ങൾ രാജ്യത്ത് നടക്കുന്നുണ്ട് അത്തരം ഒരു കൂട്ടായ്മ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. അത് ദളിതരെയും മതന്യൂനപക്ഷത്തെയും ഏകോപിപ്പിച്ച് ഹിന്ദുത്വ സ്വത്വത്തിനെതിരെ അതിന്റെ പീഡനത്തിന് വിധേയരാകുന്നവരെ മാത്രം സംഘടിപ്പിച്ച് പോരാട്ടം നടത്തുക എന്ന രീതി. മതനിരപേക്ഷ ജനാധിപത്യശക്തികളുടെ ശക്തിയെ ദുർബലപ്പെടുത്തുന്നതിന് സഹായകരമായ നിലപാടുകൾ എടുത്തു പോകുന്നത് ന്യൂനപക്ഷ വലതുപക്ഷവുമാണ് അതിന്റെ നേതൃത്വം. ഹിന്ദു വർഗീയശക്തികളും സാമ്രാജ്യത്വവും കോർപ്പറേറ്റ് മുതലാളിത്തവും ചേർന്ന് നടത്തുന്ന ഇടപെടൽ മാത്രമാണിതെന്ന് തിരിച്ചറിയുക. ♦