പൊളിറ്റിക്കൽ ഇക്കണോമിസ്റ്റും സാമൂഹിക നിരീക്ഷകനും എഴുത്തുകാരനുമായ പരകാല പ്രഭാകർ എഴുതിയ പുസ്തകമാണ് ‘ആരൂഢം വളഞ്ഞ നവ ഇന്ത്യ’ (The Crooked Timber of New India). ഈ പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് റ്റി.എ രാജശേഖരനാണ്. ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ ഈ പുസ്തകം നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷമുള്ള കാലത്തെ രാഷ്ട്രീയ വ്യവസ്ഥയുടെയും സാമൂഹിക സമ്പദ്-വ്യവസ്ഥയുടെയും മാറ്റങ്ങളെ ഏറ്റവും സൂക്ഷ്മമായി വിലയിരുത്തുന്ന കൃതിയാണ്. വർത്തമാനകാല ഇന്ത്യയിൽ ശ്രദ്ധിക്കേണ്ട ശബ്ദമാണ് പരകാല പ്രഭാകറിന്റേതെന്നും വഞ്ചിക്കപ്പെട്ട രാജ്യത്തെ ഒരു പൗരന്റെ നിരീക്ഷണങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കമെന്നും പുസ്തകത്തിന്റെ പ്രകാശനവേളയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം.സ്വരാജ് അഭിപ്രായപ്പെടുകയുണ്ടായി. കൃത്യമായ ഒരു നിരീക്ഷണമാണത്. അധികാരത്തിലേറുന്ന സമയത്തെ വായ്ത്താരികളെ പാടെ മറന്നുപോകുന്ന ഭരണാധികാരിയുടെ ക്രൂര ഇംഗിതങ്ങളെ വസ്തുനിഷ്oമായി ഈ കൃതി വിലയിരുത്തുന്നുണ്ട്.വഡോദരയിൽ നടത്തിയ വിജയ പ്രസംഗത്തിൽ വരാനിരിക്കുന്ന നല്ല നാളുകളെക്കുറിച്ച് പ്രഖ്യാപനം നടത്തിയ മോദി വാഗ്ദാനം ചെയ്തത് തിളങ്ങുന്ന ഇന്ത്യയെയാണ്. രാജ്യത്തെ ദരിദ്രർക്കും പിന്തള്ളപ്പെട്ട ജനവിഭാഗത്തിനുംവേണ്ടി നിലകൊള്ളുന്ന ഒരു സർക്കാരായിരിക്കും തങ്ങളുടേതെന്ന് കൊട്ടിഘോഷിച്ചിടത്തുനിന്നും ജനാധിപത്യ വ്യവസ്ഥിതിയെ മനുഷ്യർ ഭയക്കുന്ന തരത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞതാണ് മോദി സർക്കാരിന്റെ മഹത്തായ സംഭാവന!
ഇന്ത്യയിൽ പട്ടിണിപ്പാവങ്ങളുടെ കണക്ക് 7.5 കോടിയാണ്. രാജ്യത്തെ തൊഴിൽ നിലയും കുത്തനെ ഇടിഞ്ഞു. സാമ്പത്തിക പരാധീനതയേറി. പ്രഭാകർ പറയുന്നുണ്ട്: ‘‘ഞാനീ അവതാരിക എഴുതുന്ന സമയത്ത് തൊഴിലില്ലായ്മ നിരക്ക് 7.7 ശതമാനമാണ്. ചെറുകിട ഇടത്തരം വ്യവസായങ്ങൾ നോട്ടുനിരോധനം ഏല്പിച്ച ആഘാതത്തിൽ നിന്ന് ഇനിയും മോചനം നേടിയിട്ടില്ല. ഗ്രാമീണ മേഖലയിലെ ദുരിതങ്ങൾ മാറ്റമില്ലാതെ തുടരുന്നു’’. ഉറപ്പുള്ള ഒരു സാമ്പത്തിക ദർശനം മുന്നോട്ടുവയ്ക്കാൻ കഴിയാത്ത മോദി സർക്കാരിന്റെ പരാജയ ഗാഥയാണ് ഈ കൃതി സ്പഷ്ടമായി പറഞ്ഞുവെയ്ക്കുന്നത്. മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന, പച്ചയ്ക്ക് വർഗ്ഗീയത പറയുന്ന തിരഞ്ഞടുപ്പ് പ്രചരണ പ്രസംഗങ്ങളെ അപലപിക്കാൻ തയ്യാറാകാത്ത ഉത്തരാഖണ്ഡ് സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും മനോഭാവത്തെ വിശദമായി തന്നെ ഈ പുസ്തകം വെളിപ്പെടുത്തുന്നു.
ജയ്ശ്രീറാം വിളിക്കാതെ ഈ രാജ്യത്ത് നിങ്ങൾക്ക് ജീവിക്കാനാകില്ലെന്ന് ആഹ്വാനം ചെയ്ത് തെരുവുകൾ നീളെ മുദ്രാവാക്യമുഖരിതമായ പ്രകടനങ്ങളുമായി തീവ്രഹിന്ദുത്വ സംഘടനകൾ അരങ്ങുവാഴുന്നുണ്ട്. ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ലക്ഷ്യമിട്ട് നടത്തുന്ന കൊലപാതകങ്ങളുടെ കണക്ക് ഞെട്ടിക്കുന്നതാണ്. ഇംഗ്ലീഷ് മാധ്യമങ്ങളുടെ കണ്ടന്റ് അനാലിസിസ് വിഭാഗമായ ഇന്ത്യ സ്പെന്റ് റിപ്പോർട്ട് ചെയ്തതു പ്രകാരം ബീഫിന്റെ പേരിൽ നടന്ന ആക്രമണങ്ങളിൽ 97 ശതമാനവും നടന്നത് നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിനു ശേഷമാണ്. ഏറ്റവും കൂടുതൽ ആക്രമണങ്ങൾ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ബീഫ് വിവാദം കത്തിനിൽക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോർട്ട് ഇന്ത്യാ സ്പെന്റ് പുറത്തുവിടുന്നത്. സംഘം ചേർന്ന് അടിച്ചുകൊല്ലൽ,പശു സംരക്ഷകരുടെ ആക്രമണം, മോഷ്ടിച്ചെന്ന് ആരോപിച്ചുള്ള ആക്രമണം എന്നിവയ്ക്ക് പുറമേ ബലാത്സംഗം വരെ പശുവിന്റെ പേരിൽ നടന്നിട്ടുണ്ട്. ഉത്തർപ്രദേശ്, ഹരിയാന, ഗുജറാത്ത്, കർണാടകം, മധ്യപ്രദേശ്, ഡൽഹി, രാജസ്ഥാൻ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്താനങ്ങളിലാണ് പശുവിന്റെ പേരിലുള്ള ആക്രമണങ്ങൾ കൂടുതൽ നടന്നത്. ഇത്തരം പ്രശ്നങ്ങൾ വിശദമായി പ്രഭാകർ പ്രതിപാദിക്കുന്നില്ലെങ്കിലും ഈ വിഷയങ്ങൾ തീവ്രതയോടെ അവതരിപ്പിക്കാൻ എഴുത്തുകാരൻ ശ്രദ്ധിച്ചിട്ടുണ്ട്.
‘മോദി, മോദിക്കെതിരെ’ എന്ന അദ്ധ്യായം പ്രധാനമായും സംവദിക്കുന്നത് 2014 മുതൽ 2020 വരെയുള്ള മോദിയുടെ പ്രസംഗങ്ങളിലെ കാപട്യത്തെക്കുറിച്ചാണ്. കോവിഡ് സമയത്തെ മോദിയുടെ പ്രസംഗം തുടങ്ങിയപ്പോൾ, മനുഷ്യത്വരഹിതമായ പീഡനങ്ങൾ അനുഭവിച്ച്, മരണത്തിൽ പോലും അന്തസ്സ് നിഷേധിക്കപ്പെട്ടവരെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നതെന്നാണ് എഴുത്തുകാരൻ ആദ്യം ചിന്തിച്ചത്. കോവിഡ് 19 മഹാമാരിക്ക് അടിമപ്പെട്ട് ആ വേനലിൽ മരണമടഞ്ഞ ആയിരക്കണക്കിന് മനുഷ്യരെക്കുറിച്ചുള്ള ചിന്തകളായിരിക്കും പങ്കുവെക്കാൻ പോകുന്നതെന്നും പ്രഭാകർ കരുതി. എന്നാൽ വിഭജന ഭീകരതാസ്മൃതി ദിനം ആചരിക്കുന്നത് സംബന്ധിച്ച സർക്കാരിന്റെ വൈകാരിക തീരുമാനത്തെക്കുറിച്ചായിരുന്നു എന്നറിഞ്ഞപ്പോൾ പ്രഭാകറിന് ഉണ്ടായ ഞെട്ടലിനെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
ഹിന്ദുത്വ ഏകാധിപത്യ രാജ്യമായി പതിയെ നാട് മാറുന്നുണ്ട് എന്ന് മനസ്സിലാക്കുന്ന ഏതൊരു പൗരനും അനുഭവിക്കുന്ന മാനസികവ്യഥയാണിത്. ഇങ്ങനെ ഓരോ സമയത്തും മോദി നടത്തിയ പ്രസംഗങ്ങളുടെ അർത്ഥശൂന്യത കൃത്യമായി എഴുത്തുകാരൻ വെളിപ്പെടുത്തുന്നു.
ബിജെപിയുടെ ഉദയവും ഉയർച്ചയും, ഒരു രാഷ്ട്രമെന്ന നിലയിൽ എങ്ങനെ നാം ഇവിടെ എത്തിയെന്നും മൂന്നാം അധ്യായത്തിൽ ചർച്ച ചെയ്യുന്നു. മതപരമായ സ്വത്വത്തെ പൗരത്വ പ്രശ്നത്തിൽ കൊണ്ടെത്തിച്ച ബിജെപി യുടെ കുടിലതന്ത്രം വിശദമാക്കുന്ന അദ്ധ്യായമാണിത്. എങ്ങനെയാണ് അചിന്ത്യമായിരുന്ന ഹിന്ദുത്വവൽക്കരണം പൗരത്വ ഭേദഗതി നിയമത്തിലൂടെ രാജ്യത്ത് നടപ്പിലാക്കാൻ പ്രയത്നിച്ചതെന്ന ചരിത്രം കൂലങ്കഷമായി പുസ്തകം ചർച്ചചെയ്യുന്നു.ന്യൂനപക്ഷത്തെ പാടെ തമസ്കരിച്ചുകൊണ്ടുള്ള ചുവടുവെപ്പുകൾക്കാണ് കാലം പിന്നെ സാക്ഷ്യം വഹിച്ചത്. കേന്ദ്രമന്ത്രിസഭയിലോ പാർലമെന്റ് അംഗങ്ങളിലോ ന്യൂനപക്ഷത്തിൽ നിന്നൊരാൾ പോലുമില്ലാത്ത സാഹചര്യം രാജ്യം ഭരിക്കുന്ന ബിജെപിയുടെ അസന്ദിഗ്ദ്ധമായ തിരസ്കാരത്തിന്റെ തെളിവുകളിൽ ഒന്നാണ്. ‘അഹംഭാവാധിപത്യം ഡിജിറ്റൽ സ്വാതന്ത്ര്യവും ഡാറ്റാ സ്വകാര്യതയും’എന്ന അധ്യായത്തിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിനകത്ത് നിലനിൽക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ കഴുത്തുഞെരിക്കുന്ന സർക്കാരിന്റെ ശ്രമങ്ങളെക്കുറിച്ചാണ് പറയുന്നത്.
ഇന്റർനെറ്റ് സേവനം നിർത്തിവെച്ച ലോകത്തെ 29 രാജ്യങ്ങളിൽ ഏറ്റവും മുകളിൽ ആയിരുന്നു ഇന്ത്യ എന്ന ഞെട്ടിക്കുന്ന വിവരം പുസ്തകം പങ്കുവെക്കുന്നു. 2019ൽ മാത്രം 121 സംഭവങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. 2021ലെ സർക്കാർ ഇൻഫർമേഷൻ ടെക്നോളജി ബിൽ സർക്കാരിന്റെ പരിധിയില്ലാത്ത അധികാര മനോഭാവത്തിന് ആക്കംകൂട്ടുന്നതാണ്. രാജ്യത്തെ പൗരർക്ക്,സാധാരണ മനുഷ്യർക്ക് വിമർശന സ്വരം ഉയർത്താനുള്ള ഇടമായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ നിലനിൽക്കെ സർക്കാർ അത് ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങൾ ആരംഭിക്കുമെന്ന് പ്രഭാകർ ദീർഘ ദർശനം ചെയ്യുന്നു. ടെക് കമ്പനികൾക്കുമേൽ സമ്മർദ്ദം ചെലുത്തി നമ്മുടെ രാഷ്ട്രീയ പെരുമാറ്റശീലങ്ങളുടെ പരുവപ്പെടുത്തലിന് കമ്പനിയുടെ നിയന്ത്രണതന്ത്രങ്ങൾ ഭാവിയിൽ ഉപയോഗിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. പ്രഭാകർ പ്രതീക്ഷവെകയ്ക്കുന്നത് ജെഎൻയു പോലെയുള്ള യൂണിവേഴ്സിറ്റികളിലാണ്. രാഷ്ട്രീയ ബൗദ്ധിക അധികാരഘടനയെ ചോദ്യം ചെയ്യുന്ന, കാലത്തിന് മുമ്പേ ചിന്തിക്കാൻ കഴിയുന്ന ഒരു തലമുറയെയാണ് പ്രഭാകർ സ്വപ്നം കാണുന്നത്. രാജവാഴ്ചയും പൗരോഹിത്യവും സാമ്രാജ്യത്വവും ഏകാധിപതികളും ഉയർത്തിവിട്ട എണ്ണമറ്റ വെല്ലുവിളികളെ നേരിടാനാണ് ജനാധിപത്യം ചുവടുറപ്പിച്ചത്. ജനാധിപത്യത്തെ സജീവമാക്കുന്ന വിയോജിപ്പുകളെയും ചിന്തകളെയും ഇല്ലായ്മ ചെയ്യാൻ സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, സിവിൽ സമൂഹത്തെ ഇത്രമാത്രം ഭയപ്പെടുന്ന ഒരു ഭരണാധികാരിയും സർക്കാരും അധികാരത്തിൽ ഏറിയിരിക്കുന്ന ഇക്കാലത്ത് പരകാല പ്രഭാകറിന്റെ ഈ പുസ്തകം ഇന്ത്യയുടെ വളഞ്ഞ ആരൂഢത്തെ വ്യക്തമാക്കിത്തരുന്ന തീപ്പന്തം തന്നെയാണ്. ♦