കോവിഡ് മഹാമാരി മോദിയേയും സംഘപരിവാറുകാരെയും സംബന്ധിച്ചിടത്തോളം പലവിധത്തിലും സുവർണാവസരമായിരുന്നു. നിലവിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണത്തിൽ 1948 മുതൽ പ്രവർത്തിച്ചുവരുന്ന പിഎം നാഷണൽ റിലീഫ് ഫണ്ട് (PMNRF) ഉണ്ടായിരിക്കെ അതിനു പുറമെ പിഎം കെയേഴ്സ് ഫണ്ട് എന്ന പേരിൽ പുതിയൊരു ഫണ്ടുകൂടി രൂപീകരിച്ച മോദി ഗവൺമെന്റിന്റെ നടപടി എന്തുകൊണ്ടും ദുരൂഹമാണ്.
2019 ഡിസംബറിലെ കണക്കുപ്രകാരം പിഎംഎൻആർഎഫിൽ ചെലവഴിക്കപ്പെടാത്ത തുക തന്നെ 3,800 കോടി രൂപയുണ്ടായിരുന്നു. കോവിഡ് ദുരിതബാധിതരെ സഹായിക്കാനും കോവിഡ് ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും വേണ്ടി ഈ ഫണ്ടിൽനിന്നുള്ള തുക ഉപയോഗിക്കാമെന്നിരിക്കെ അതിനു തയ്യാറാകാതെയാണ് പുതിയ ഫണ്ടിന് രൂപം നൽകിയത്. പിഎംഎൻആർഎഫിൽ തന്നെ സർക്കാരിന്റെ ആഹ്വാനപ്രകാരം ആവശ്യാനുസരണം ധനസമാഹരണം നടത്തുകയും ചെയ്യാം. അതിനും തയ്യാറാകാതെയാണ് മോദി പുതിയൊരു ട്രസ്റ്റു സ്ഥാപിച്ച് ഫണ്ട് സമാഹരിക്കാൻ തീരുമാനിച്ചത്. ചെലവഴിക്കലിന്റെ കാര്യത്തിൽ പിഎംഎൻആർഎഫിൽ പ്രധാനമന്ത്രിക്ക് വിവേചനാധികാരവുമുണ്ട്; അതുകൊണ്ട് അങ്ങനെയൊരു വിവേചനാധികാരം ലഭ്യമാക്കാൻ വേണ്ടി മറ്റൊരു ഫണ്ടിനു രൂപം നൽകേണ്ട ആവശ്യമില്ല. എങ്ങനെ പരിശോധിച്ചാലും പിഎം കെയേഴ്സ് എന്ന പ്രൈം മിനിസ്റ്റേഴ്സ് സിറ്റിസൻസ് അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജെൻസി സിറ്റേ-്വഷൻസ് ഫണ്ട് (PM CARES FUND) സ്ഥാപിച്ചത് എന്ന കാര്യം ദുരൂഹമായിരുന്നു.
2020 മാർച്ച് 27നാണ്, അതായത് ആദ്യ ലോക്ഡൗൺ പ്രഖ്യാപിച്ച് രണ്ട് ദിവസത്തിനുശേഷമാണ്, പിഎം കെയേഴ്സ് ഫണ്ട് നിലവിൽ വന്നത്. പ്രധാനമന്ത്രി മോദി ചെയർമാനും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ആഭ്യന്തരമന്ത്രി അമിത്ഷായും ധനമന്ത്രി നിർമല സീതാരാമനും അംഗങ്ങളായുള്ള ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് ഈ ഫണ്ട്. ഇതിന്റെ ചെലവഴിക്കലിൽ മോദിയുടെ വിവേചനാധികാരമാണ് പ്രധാനം. പൊതുഫണ്ടായിട്ടല്ല, സ്വകാര്യഫണ്ടായിട്ടാണ് ഇത് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല, കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്വ ഫണ്ടുകളിൽനിന്നു കോവിഡ് ദുരിതാശ്വാസപ്രവർത്തനങ്ങൾക്കുള്ള സഹായധനം പിഎം കെയേഴ്സിലൂടെ ആയിരിക്കണം നൽകേണ്ടത് എന്നും ഇന്ത്യാ ഗവൺമെന്റ് ഉത്തരവിറക്കി. അങ്ങനെ സംസ്ഥാന സർക്കാരുകളുടെ ദുരിതാശ്വാസനിധിയിലേക്ക് വരുമായിരുന്ന തുകയെ കൂടി പിഎം കെയേഴ്സിലേക്ക് നിർബന്ധപൂർവം വഴിമാറ്റുകയായിരുന്നു മോദി.
സ്വകാര്യമേഖലയിൽനിന്നു മാത്രമല്ല, പൊതുമേഖലയിൽനിന്നുമുള്ള കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത ഫണ്ടും ഒപ്പം സർക്കാർ ജീവനക്കാരിൽനിന്നും വ്യക്തികളിൽനിന്നും പിഎം കെയേഴ്സിലേക്ക് സമാഹരിക്കുകയായിരുന്നു. അതേസമയം സ്വകാര്യ-ഫണ്ടായതിനാൽ വിവരാവകാശ നിയമത്തിനോ സർക്കാർ സംവിധാനങ്ങളുടെ ആഡിറ്റിങ്ങിനോ വിധേയമാകേണ്ടതില്ല എന്ന ‘സൗകര്യ’വും പിഎം കെയേഴ്സിനുണ്ട്. ഇതിലേക്ക് എത്ര തുക വന്നുവെന്നതിന്റെ സ്ഥിരീകരിക്കപ്പെട്ട കണക്കുപോലും ലഭ്യമാക്കാൻ മോദി സർക്കാർ തയ്യാറല്ല, ചെലവഴിച്ചതെങ്ങനെയെന്ന വിവരത്തിന്റെ സ്ഥിതിയും അതുതന്നെ.
എന്നാൽ, ദി ഇന്ത്യൻ എക്സ്പ്രസ്, ഡെക്കാൻ ഹെറാൾഡ്, ദി വയർ, ന്യൂസ്-ക്ലിക്, ദി ഹിന്ദു, ബിസിനസ് സ്റ്റാൻഡേർഡ് തുടങ്ങിയ ചില മാധ്യമങ്ങൾ ഇതുസംബന്ധിച്ച് ചില വിവരങ്ങൾ അനേ-്വഷിച്ച് കണ്ടെത്തിയിട്ടുണ്ട്. ലഭ്യമായ വിവരങ്ങളനുസരിച്ച് 14,000 കോടിയോളം രൂപയാണ് 2020 മാർച്ചിനും 2022 മാർച്ചിനുമിടയ്ക്കുള്ള കാലത്ത് ഇതിൽ ലഭിച്ചത്. 2019–20ൽ 3,076.6 കോടി രൂപ ഈ ഫണ്ടിൽ എത്തിയത് 2020–21ൽ 10,990.2 കോടി രൂപയായി വർധിച്ചുവെന്നാണ് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തത്.
ഈ പണം എവിടെനിന്നെല്ലാമാണ് വന്നത്? പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നും ബാങ്കുകളിൽനിന്നുമുള്ള പണം ഗണ്യമായ നിലയിൽ ഇതിൽ വന്നിട്ടുണ്ട്. ബിസിനസ് സ്റ്റാൻഡേഡ് റിപ്പോർട്ടുപ്രകാരം ഒഎൻജിസി 370 കോടി രൂപയും എൻടിപിസി 330 കോടി രൂപയും പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ 275 കോടി രൂപയും ഇന്ത്യൻ ഓയിൽ കോർപറേഷൻ 265 കോടി രൂപയും പവർ ഫിനാൻസ് കോർപറേഷൻ ഓഫ് ഇന്ത്യ 222 .4 കോടി രൂപയും പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നൽകിയിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകളുടെയും അവയിലെ ജീവനക്കാരുടെയും സംഭാവനയും ഇതിലുണ്ട്. ഇതിനുപുറമെ, റിലയൻസ്, അദാനി ഗ്രൂപ്പ്, ഇൻഫോസിസ്, ലാർസൻ & ടൂബ്രൊ, ഹീറൊ, ടാറ്റ, പേറ്റിഎം, അസിം പ്രേംജി തുടങ്ങിയ വൻകിട കോർപറേറ്റ് സ്ഥാപനങ്ങളും ഇതിലേക്ക് വൻ തുകകൾ സംഭാവന ചെയ്തിട്ടുണ്ട്. അക്ഷയ്കുമാർ, ദീപിക പദുകോൺ, ഷാരൂഖ് ഖാൻ, കരൺ ജോഹർ തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരും സംഭാവന നൽകിയിട്ടുണ്ട്. ഇവയ്ക്കെല്ലാം പുറമെ വിദേശ രാജ്യങ്ങളിൽനിന്ന് 535.44 കോടി രൂപ സംഭാവനയായി ലഭിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ് പത്രം 8.5.2023ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ പാകിസ്താനിൽനിന്നും ചെെനയിൽനിന്നുമുള്ള സംഭാവനയുണ്ടോയെന്ന് അതാതിടങ്ങളിലെ എംബസികളിൽ നടത്തിയ വിവരാവകാശ അനേ-്വഷണത്തിൽ ‘അതേ’ എന്നാണ് ഉത്തരമായി ലഭിച്ചത്. ചെെനയിലെ പൊതുമേഖലാ കമ്പനികളും സ്വകാര്യ മേഖലാ കമ്പനികളും വൻതുകകൾ സംഭാവന ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. റോസോബൊറോൺ എക്സ്പോർട്ട് എന്ന റഷ്യൻ പ്രതിരോധ ഉപകരണ കയറ്റുമതി സ്ഥാപനവും സംഭാവന നൽകിയ കൂട്ടത്തിലുണ്ട്.
ഇവിടെ ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യം കേരളത്തിന് പ്രളയകാലത്ത് യുഎഇ ഉൾപ്പെടെ പല രാജ്യങ്ങളും സംഭാവന നൽകാൻ തയ്യാറായി മുന്നോട്ടുവന്നപ്പോൾ അതനുവദിക്കാതെ നിഷേധാത്മകമായ നിലപാടാണ് മോദി സർക്കാർ സ്വീകരിച്ചത്. വിദേശങ്ങളിൽനിന്ന് സംഭാവന സ്വീകരിക്കുന്നത് ഇന്ത്യയുടെ ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിക്കുമെന്ന ന്യായമാണ് അന്ന് മോദിയും കൂട്ടരും പറഞ്ഞത്. കേരള സർക്കാരിന്റെ അക്കൗണ്ടിലേക്ക് കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിദേശരാജ്യങ്ങളിൽനിന്ന് പണമെത്തുന്നത് അപമാനമായി കണ്ടവരാണ്, അവർതന്നെ ശത്രുരാജ്യങ്ങളെന്ന് മുദ്രകുത്താറുള്ള പാകിസ്താനിൽനിന്നും ചെെനയിൽനിന്നും പിഎം കെയേഴ്സിലേക്ക് പണം സ്വീകരിച്ചത്.
ഈ പണമെല്ലാം എങ്ങനെ ചെലവഴിക്കപ്പെട്ടു എന്നുകൂടി ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കാം. കോവിഡ് വാക്-സിൻ സംഭരിക്കാനും വെന്റിലേറ്ററുകളും ഒാക്സിജനും വാങ്ങാനും ഉപയോഗിച്ചുവെന്നാണ് ഭരണ കേന്ദ്രങ്ങൾ അനൗദ്യോഗികമായി പ്രചരിപ്പിക്കുന്നത്. എന്നാൽ ബോംബെ ഹെെക്കോടതിയുടെ ഔറംഗബാദ് ബെഞ്ചിൽ വെന്റിലേറ്ററുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട ഒരു കേസിൽ പുറത്തുവന്ന വിവരങ്ങൾ ഗൗരവപൂർവം കാണേണ്ടതുണ്ട്.
2021 മെയ് 26ന് ദി ലീഫ്-ലെറ്റ് എന്ന ഇന്റർനെറ്റ് മാഗസിൻ റിപ്പോർട്ടു ചെയ്തതനുസരിച്ച് പിഎം കെയേഴ്സ് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വെന്റിലേറ്ററുകൾ ഉപയോഗിക്കാൻ പറ്റാത്തവയാണെന്ന കാര്യം ഗൗരവപൂർവം കാണേണ്ടതാണെന്ന് കോടതി പ്രസ്താവിക്കുകയുണ്ടായി. ഈ സാഹചര്യത്തിൽ വെന്റിലേറ്ററുകൾ നിർമിച്ചു നൽകിയ കമ്പനിക്കെതിരെ കേന്ദ്ര സർക്കാർ എപ്പോൾ എന്തു നടപടി സ്വീകരിക്കുമെന്നാണ് കോടതി അഡീഷണൽ സോളിസിറ്റർ ജനറലിനോട് ചോദിച്ചത്. എന്നാൽ അതിനു മറുപടി തന്നെ ഉണ്ടായില്ല.
ജസ്റ്റിസുമാരായ രവീന്ദ്ര വി ഘുഘെയുടെയും ബി യു ദേബാദ്-വാറിന്റെയും ബെഞ്ചിൽ വന്ന കേസ് നൂറിലേറെ വെന്റിലേറ്ററുകൾ വാങ്ങിയതിൽ ഉപയോഗിച്ചു നോക്കാത്ത 37 എണ്ണം ഒഴികെ എല്ലാ വെന്റിലേറ്ററുകളും കേടായതായി കണ്ടെത്തിയെന്നതാണ്. ഔറംഗാബാദിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഡീനാണ് സംഭവം റിപ്പോർട്ടു ചെയ്തത്. അദ്ദേഹം കോടതിയിൽ നൽകിയ മൊഴിയിൽ പറയുന്നത് അവശേഷിക്കുന്ന 37 എണ്ണം ഉപയോഗിക്കാതെ മാറ്റിവച്ചത് അവയും ഉപയോഗക്ഷമമല്ലായിരിക്കും എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ്. ഇതെല്ലാംതന്നെ ഗുജറാത്തിലെ ഒരു കമ്പനിക്ക് പിഎം കെയേഴ്സ് ഫണ്ടിൽനിന്ന് പണംനൽകി വാങ്ങിയ വെന്റിലേറ്ററുകളുമാണ്. മറ്റു കമ്പനികളിൽനിന്ന് ഇതേ ആശുപത്രി വാങ്ങിയ 64 വെന്റിലേറ്ററുകൾ യാതൊരു കേടും കൂടാതെ പ്രവർത്തിക്കുന്നുണ്ട് എന്നും ആശുപത്രി അധികൃതർ കോടതിയിൽ മൊഴിനൽകി. ഇതിൽ നിന്നു വ്യക്തമാകുന്നത് പിഎം കെയേഴ്സ് ഫണ്ട് മോദി–അമിത്ഷാ സംഘം തങ്ങളുടെ ഇഷ്ടക്കാരായ ഏതോ തട്ടിക്കൂട്ട് കമ്പനിക്ക് നൽകിയാണ് ഈ വെന്റിലേറ്ററുകൾ നിർമിച്ചതെന്നാണ്.
വാക്സിനുകളുടെ കാര്യം, സംസ്ഥാന സർക്കാരുകളുടെ തലയിൽ കെട്ടിവയ്ക്കാൻ മോദി സർക്കാർ ശ്രമിച്ചപ്പോൾ സുപ്രീംകോടതി ഇടപ്പെട്ടതിനെതുടർന്നാണ് വലിയ തുക കമ്പനികൾക്ക് നൽകി വാക്സിൻ സൗജന്യമായി ജനങ്ങൾക്ക് ലഭ്യമാക്കാൻ മോദി സർക്കാർ നിർബന്ധിതമായത്. ഈ ഫണ്ടിൽ നിന്നുള്ള തുക ഗുജറാത്തിലല്ലാതെ മറ്റെവിടെയെങ്കിലും സംസ്ഥാന സർക്കാരുകൾ വഴിയോ സ്വകാര്യ കമ്പനികൾ വഴിയോ ചെലവഴിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കപ്പെട്ടിട്ടില്ല.
2023 ജനുവരിയിൽ ഡൽഹി ഹെെക്കോടതിയിൽ കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത് പിഎം കെയേഴ്സ് ഫണ്ടിനുമേൽ കേന്ദ്ര സർക്കാരിന് ഒരു നിയന്ത്രണാധികാരവും ഇല്ലയെന്നാണ്. ട്രസ്റ്റിന് സർക്കാർ പണമൊന്നും ലഭിച്ചിട്ടില്ലെന്ന സുപ്രീംകോടതിയുടെ 2020ലെ ഒരു വിധിന്യായം കൂടി ഉദ്ധരിച്ചാണ് കേന്ദ്ര സർക്കാർ ഡൽഹി ഹെെക്കോടതിയിൽ ഈ സത്യവാങ്മൂലം നൽകിയത്. എന്നാൽ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നുമുള്ള പണം പൊതുപണമാണെന്ന വസ്തുത മറച്ചുവച്ചാണ് കേന്ദ്ര സർക്കാർ ഈ അസത്യവാങ്മൂലം കോടതിയിൽ നൽകിയത്. ഹെെക്കോടതിയും സുപ്രീംകോടതിയും ഇതിനുനേരെ കണ്ണടയ്ക്കുകയുംകൂടി ചെയ്തതിലൂടെ ഒരു തീവെട്ടിക്കൊള്ളയ്ക്ക് അവ കൂട്ടുനിൽക്കുകയായിരുന്നു. ചാരിറ്റിയുടെ പേരിൽ പിഎം കെയേഴ്സ് ഫണ്ട് എന്ന ‘സ്വകാര്യ’ ട്രസ്റ്റ് സമാഹരിച്ച തുകയെ നികുതിയിൽ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു ദശകക്കാലത്തിനിടയിൽ ഇന്ത്യയിൽ നടന്ന വലിയൊരു കുംഭകോണത്തിനാണ് കോവിഡിന്റെ മറവിൽ ഇങ്ങനെ അരങ്ങൊരുക്കപ്പെട്ടത്. ♦