വർഷക്കാലത്തെ ഏറ്റവും വലിയ നേട്ടമായി നിയോലിബറൽ വക്താക്കൾ ആഘോഷിക്കുന്നത് വിദേശ വിനിമയ കരുതൽ ശേഖരത്തിലുണ്ടായ കുതിപ്പാണ്. 1991ൽ നിത്യവൃത്തിക്ക് റിസർവ്വ് ബാങ്കിന്റെ കൈയിൽ വിദേശ വിനിമയം ഇല്ലാതെ വന്നപ്പോൾ ഇന്ത്യയിൽ നിന്നും ലോഡു കണക്കിനു സ്വർണ്ണം വിമാനത്തിൽ കൊണ്ടുപോയി പണയം വയ്ക്കേണ്ടിവന്നു. ഈ വിദേശ വിനിമയ പ്രതിസന്ധിയാണ് പുതിയ യുഗത്തിലേയ്ക്കുള്ള വാതിൽ തുറന്നത്. പരിഷ്കാരങ്ങൾ നടപ്പാക്കിയതിന്റെ ഫലമായി ഓരോ വർഷവും രാജ്യത്തിന്റെ വിനിമയ ശേഖരം ഉയർന്നു. 64200 കോടി ഡോളറാണ് ഇന്ത്യയുടെ വിദേശ വിനിമയ ശേഖരം. ലോകത്ത് 4-ാം സ്ഥാനത്താണ്. ചൈന 3,34,900 കോടി ഡോളർ, ജപ്പാൻ 1,37,600 കോടി ഡോളർ, സ്വിറ്റ്സർലാന്റ് 1,07,400 കോടി ഡോളർ, ഇന്ത്യ 64,200 കോടി ഡോളർ.
1991-ൽ പ്രതിസന്ധി പൊട്ടിപ്പുറപ്പെടുമ്പോൾ ഇന്ത്യയുടെ പക്കൽ ഉണ്ടായിരുന്നതു കേവലം 5,800 കോടി ഡോളർ മാത്രം. 1991-ഉം 2023-ഉം തമ്മിൽ എന്തൊരു അന്തരം! ഇതെങ്കിലും ഒരു നേട്ടമായി അംഗീകരിക്കാൻ വിമർശകർ തയ്യാറുണ്ടോ എന്നാണ് നിയോലിബറൽ വക്താക്കളുടെ ചോദ്യം.
വിദേശ വിനിമയ വരുമാനവും ചെലവും
നമ്മൾ ചോദിക്കുന്ന മറുചോദ്യം ലളിതമാണ്. ഇത്രയും ഭീമാകാരമായ വിദേശ വിനിമയശേഖരം ഇന്ത്യയ്ക്ക് എവിടെ നിന്നു ലഭിച്ചു?
ചൈനയിലെ അനുഭവം ഇതിൽ നിന്നു വ്യത്യസ്തമാണ്. കഴിഞ്ഞ നാലു പതിറ്റാണ്ടായി ഓരോ വർഷവും ചൈനയുടെ വിദേശ വ്യാപാരമിച്ചം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇന്ത്യയുടെ സ്ഥിതി നേർവിപരീതമാണ്. വിദേശ വ്യാപാരം നിലനിർത്താൻ തുടർച്ചയായി വിദേശ വിനിമയശേഖരത്തിൽ നിന്ന് വിദേശ നാണയം ചെലവഴിച്ചുകൊണ്ടിരുന്നേ പറ്റൂ. വിദേശത്തു ജോലി ചെയ്യുന്ന ഇന്ത്യക്കാരും ഇന്ത്യൻ കമ്പനികളും നാട്ടിലേയ്ക്ക് പണം അയക്കുമ്പോഴും നമുക്കു വിദേശ വിനിമയശേഖരത്തിലെ ഈ വിടവ് നികത്താൻ പര്യാപ്തമല്ല. എന്നിട്ടും എങ്ങനെ വിദേശ വിനിമയശേഖരം ഇങ്ങനെ ഊതി വീർപ്പിക്കാൻ കഴിഞ്ഞു?
ചിത്രം 1
ഇന്ത്യയുടെ വിദേശവിനിമയ ശേഖരം
വിദേശ മൂലധന ഒഴുക്കും
വിദേശ വിനിമയശേഖരവും
വിദേശ വിനിമയം ലഭിക്കാൻ മൂന്ന് മാർഗ്ഗം പ്രധാനമായും ഉള്ളത്. വിദേശത്തു നിന്നും കടം വാങ്ങുക, ഫാക്ടറികളും മറ്റും സ്ഥാപിക്കാൻ പ്രത്യക്ഷ വിദേശ മൂലധന നിക്ഷേപത്തെ ആകർഷിക്കുക. അതുമല്ലെങ്കിൽ ഷെയർ മാർക്കറ്റിലും മറ്റു കമ്പോളങ്ങളിലും ബോണ്ടുകളിലും ഇടപാടുകൾ നടത്തുന്നതിനുവേണ്ടി വിദേശ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക. ആദ്യം പറഞ്ഞ രണ്ടു മാർഗ്ഗങ്ങൾ രാജ്യത്തിനു ഭാവിയിൽ ഒരു വിദേശ വിനിമയ ബാധ്യതയും സൃഷ്ടിക്കുന്നില്ല. എന്നതു മാത്രമല്ല കറണ്ട് അക്കൗണ്ടു വഴി വിദേശ വിനിമയശേഖരം ഉയരുന്നതു ശ്രേയസ്കരമാണുതാനും.
എന്നാൽ അതുപോലെയല്ല, മൂന്നാമത്തെ മാർഗ്ഗം. ഇതിനെ മൂലധന അക്കൗണ്ട് എന്നാണു വിളിക്കുക. ഇതുവഴി വരുന്ന മൂലധനം ഉടമസ്ഥൻ പിൻവലിക്കാൻ തീരുമാനിച്ചാൽ നമ്മൾ വിദേശനാണയത്തിൽ അതു തിരിച്ചു നൽകാൻ ബാധ്യസ്ഥരാണ്. മൂലധന അക്കൗണ്ടുവഴി വിദേശനാണയം സമാഹരിക്കുന്നതു ഭാവിയിൽ ബാധ്യതകൾ സൃഷ്ടിക്കുന്നു എന്നു സാരം. പരിധിവിട്ടാൽ ഇത് അപകടകരമാണ്. ഇന്ത്യയുടെ വിദേശ വിനിമയശേഖരം മുഴുവൻ മൂന്നാമത്തെ മാർഗ്ഗത്തിലൂടെ ശേഖരിച്ചിട്ടുള്ളവയാണ്.
വിദേശ വിനിമയ
വരുമാനത്തിലെ ചാഞ്ചാട്ടം
ഇന്ത്യയുടെ ഇന്നത്തെ വിദേശ വിനിമയശേഖരം മുഴുവൻ അനുസ്യൂതവും ഒരേ തോതിലുള്ള വളർച്ചയുടെയും ഫലമല്ല. 1991 മുതലുള്ള ചരിത്രം പരിശോധിച്ചാൽ വിദേശ വിനിമയ വരവിലും ചെലവിലും വലിയ ചാഞ്ചാട്ടം കാണാം. ഈ വിദേശ വിനിമയശേഖരത്തിന്റെ 61 ശതമാനവും നാലുവർഷംകൊണ്ട് വർദ്ധിച്ചതാണ്. ആഗോള സാമ്പത്തിക തകർച്ചയുടെ തലേവർഷം 2007–-08-ൽ 10100 കോടി ഡോളറും, 2017–-18-ൽ 8300 കോടി ഡോളറും, 2019-–20-ൽ 6600 കോടി ഡോളറും, 2020–-21-ൽ 10300 കോടി ഡോളറും വിദേശ വിനിമയശേഖരം ഉയർന്നു. 64,200 കോടി ഡോളറിന്റെ വിദേശ വിനിമയശേഖരത്തിൽ 35,300 കോടി ഡോളറും നാലു വർഷംകൊണ്ട് ഉണ്ടായതാണ്.
ഇതുപോലെതന്നെ മൂന്നുവർഷം വിദേശ വിനിമയശേഖരം ഗണ്യമായി കുറഞ്ഞു. ആഗോള പ്രതിസന്ധിയെത്തുടർന്ന് 2008–-09-ൽ 2000 കോടി ഡോളറും 2011-–12-ൽ 1300 കോടി ഡോളറും 2018-–19-ൽ 300 കോടി ഡോളറും വിദേശ വിനിമയശേഖരത്തിൽ കുറവുവന്നു. ഇതിനു കാരണം വലിയതോതിൽ ഈ വർഷങ്ങളിൽ വിദേശമൂലധനം പിൻവലിഞ്ഞതാണ്. ഈ ചാഞ്ചാട്ടങ്ങൾ മനസ്സിലാക്കണമെങ്കിൽ വിദേശ വിനിമയശേഖരത്തിന്റെ ഘടനയിലേയ്ക്കു കടക്കണം.
വിദേശ വിനിമയശേഖരത്തിന്റെ
ഘടന
പണ്ട് വിദേശ വിനിമയശേഖരം സ്വർണ്ണത്തിലാണു സൂക്ഷിച്ചിരുന്നത്. ഇപ്പോൾ സ്വർണ്ണംപോലെ സുരക്ഷിതമെന്നു കരുതുന്ന ഡോളർ, യൂറോ, യെൻ തുടങ്ങിയ വിദേശനാണയങ്ങളുടെ രൂപത്തിലാണ് ഇതിൽ നല്ലപങ്കും സൂക്ഷിക്കുന്നത്. ഇന്ത്യയുടെ 64200 കോടി ഡോളർ വിദേശ വിനിമയശേഖരത്തിൽ (2021 സെപ്തംബർ 3) 58,000 കോടി ഡോളറും വിവിധ വിദേശനാണയ ആസ്തികളിലായിരുന്നു. സ്വർണ്ണശേഖരം 3800 കോടി ഡോളറേ വരൂ. പിന്നെ മൂന്നാമതൊരു ഇനമുണ്ട്. അതാണ് ഐഎംഎഫിന്റെ നാണയമായ സ്പെഷ്യൽ ഡ്രോയിങ് റേറ്റ്സ് അഥവാ എസ്ഡിആർസ്. ഇത് 2000 കോടി ഡോളർ വരും. 5 കോടി ഡോളർ ഐഎംഎഫിന്റെ റിസർവ്വുകളാണ്.
ചിത്രം 2
വിദേശമൂലധന നിക്ഷേപം ഇന്ത്യയിൽ
ചുരുക്കത്തിൽ, ഇന്ത്യയുടെ വിദേശ വിനിമയശേഖരത്തിന്റെ 90 ശതമാനവും മറ്റു രാജ്യങ്ങളുടെ നാണയങ്ങളാണ്. അവ പൂർണ്ണമായും വിദേശമൂലധനം ഇന്ത്യയിലേയ്ക്കു വന്നതിന്റെ ഭാഗമായി ലഭിച്ചിട്ടുള്ളതാണ്.
വിദേശമൂലധനത്തെ മുഖ്യമായും മൂന്നായി തിരിക്കാം. ഒന്നാമത്തേത്, സർക്കാരുകളും കമ്പനികളും എടുക്കുന്ന വിദേശ വായ്പകളാണ്. ഇങ്ങനെയെടുക്കുന്ന പണത്തിന് എല്ലാ വർഷവും പലിശ നൽകേണ്ടിവരും. പക്ഷേ, കാലാവധി കഴിയുമ്പോഴേ മുതല് തിരിച്ചടയ്ക്കേണ്ടതുള്ളൂ. അതുകൊണ്ട് തിരിച്ചടവു ബാധ്യത കൃത്യമായി കണക്കുകൂട്ടാം.
രണ്ടാമത്തേത്, ഫാക്ടറികളിലും മറ്റുമുള്ള പ്രത്യക്ഷ വിദേശമൂലധന നിക്ഷേപമാണ്. 2000-ത്തിനും 2021-നും ഇടയ്ക്ക് ഇത്തരത്തിൽ 73600 കോടി ഡോളർ ഇന്ത്യയിൽ നിക്ഷേപിക്കപ്പെട്ടു. പ്രത്യക്ഷ മൂലധന നിക്ഷേപവും പൊടുന്നനെ പിൻവലിക്കാനാവില്ല. ഫാക്ടറി അടച്ചുപൂട്ടുകയോ വിൽക്കുകയോ വേണമല്ലോ. പക്ഷേ, എല്ലാവർഷവും ഈ നിക്ഷേപത്തിൽ നിന്നും ഡിവിഡന്റ്, റോയൽറ്റി, ഫീസ്, പലിശ, ശമ്പളം തുടങ്ങിയ ഇനങ്ങളിൽ വലിയ തുക പുറത്തേയ്ക്കു പോകും. കഴിഞ്ഞ 10 വർഷത്തിനിടയിൽ (2010-–11 / 2019-–20 കാലയളവ്) 39,000 കോടി ഡോളർ ഇപ്രകാരം വിദേശത്തേയ്ക്ക് ഒഴുകി.
മൂന്നാമത്തേത്, ഫോറിൻ പോർട്ട്ഫോളിയോ നിക്ഷേപം എന്നു വിശേഷിപ്പിക്കുന്ന സ്റ്റോക്ക് എക്സ്ചേഞ്ചിലേയ്ക്കും മറ്റു കമ്പോളങ്ങളിലേയ്ക്കും വരുന്ന ഹ്രസ്വകാല നിക്ഷേപങ്ങളാണ്. അവയ്ക്ക് എപ്പോൾ വേണമെങ്കിലും കടന്നുവരാം. എപ്പോൾ വേണമെങ്കിലും തിരിച്ചുവലിയാം. ഒരു തടസ്സവുമില്ല. ഇന്ത്യയിലെ വിദേശ വിനിമയശേഖരത്തിന്റെ ഗണ്യമായൊരു ഭാഗം ഇത്തരത്തിലുള്ള ചൂതാട്ട വിദേശ മൂലധനമാണ്.
വിദേശ സ്ഥാപന നിക്ഷേപകരും
ചൂതാട്ട മൂലധനവും
ആദ്യം പരാമർശിച്ച രണ്ട് വിദേശ മൂലധനങ്ങളിൽ നിന്നും വ്യത്യസ്തമായി കമ്പോളത്തിൽ കളിക്കാൻ വരുന്ന മൂലധനത്തെ സംബന്ധിച്ച കണക്കുകൾ ലഭിക്കുക വളരെ പ്രയാസമാണ്. ഇത്തരത്തിൽ മുതൽമുടക്കുന്ന സ്ഥാപനങ്ങളെ വിളിക്കുന്ന പേരാണ് ഫോറിൻ വിദേശ സ്ഥാപന നിക്ഷേപകർ എന്ന്. ഇവരുടെ മൊത്തം നിക്ഷേപം 28,100 കോടി ഡോളർ ആണെന്നാണ് കണക്ക്. ഈ പണം ഓഹരികളിലും ബോണ്ടുകളിലുമെല്ലാം നിക്ഷേപിച്ചിരിക്കുകയാണല്ലോ. അവയുടെ വിപണിമൂല്യം 60,700 കോടി ഡോളർ വരുമെന്നാണു മറ്റൊരു കണക്ക് (2021 മാർച്ച് 31). ഇവിടെയാണ് അപകടം. ഈ 60,700 കോടി ഡോളർ ഷെയറുകളും ബോണ്ടുകളും വിറ്റഴിച്ച് തങ്ങളുടെ പണം പിൻവലിക്കാൻ അവർ തീരുമാനിച്ചാൽ ഇന്നത്തെ ഭീമാകാരമായ വിദേശ വിനിമയശേഖരം മുഴുവൻ കാറ്റുപോയ ബലൂൺ പോലെയാകും.
ഇന്ത്യൻ ഭരണകൂടത്തിന് വിദേശ മൂലധന നിക്ഷേപകരെ പ്രീതിപ്പെടുത്തിയേപറ്റൂ. അവർക്ക് അനിഷ്ടമായിട്ടുള്ള ഒരു കാര്യവും ചെയ്യാൻ മോദി സർക്കാർ തയ്യാറല്ല. അതുകൊണ്ടാണല്ലോ കോവിഡു കാലത്തും ജനങ്ങളുടെ ദുരിതത്തെ പൂർണ്ണമായും അവഗണിച്ചുകൊണ്ട് സർക്കാർ നിയോലിബറൽ നയങ്ങളെ മുറുകെപ്പിച്ചത്.
1991-ൽ വിദേശ മൂലധനത്തെ ആശ്രയിച്ചുകൊണ്ടുള്ള ഉദാരവൽക്കരണ നയങ്ങൾ വലിയൊരു പ്രതിസന്ധിയിൽ എത്തിച്ചേർന്നു. അതിൽനിന്നും പുറത്തു കടക്കാൻ ഭരണവർഗ്ഗങ്ങൾ ഐഎംഎഫും ലോകബാങ്കും നിർദ്ദേശിച്ച ഘടനാപരമായ പരിഷ്കാരങ്ങൾ അംഗീകരിച്ചു. ഈ പരിഷ്കാരങ്ങളുടെ ലക്ഷ്യം ഇന്ത്യയിലെ സാമ്പത്തിക നയചട്ടക്കൂട് മറ്റു വിദേശരാജ്യങ്ങളിലെല്ലാം ഉള്ളതുപോലെ അന്തർദേശീയ മൂലധനത്തിന് അനുയോജ്യമാക്കി മാറ്റുക എന്നുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിദേശ മൂലധനം ഇന്ത്യയിലേയ്ക്കു വന്നു. എന്നാൽ അവർ എപ്പോൾ പിൻവാങ്ങുന്നുവോ അപ്പോൾ 1991-നേക്കാൾ അതിരൂക്ഷമായ പ്രതിസന്ധിയിലേയ്ക്ക് സമ്പദ്ഘടന വഴുതി വീഴും. ♦