Friday, November 22, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻലോകത്തെ 
5-ാമത്തെ സമ്പദ്ഘടന - 
പ്രതിശീർഷ വരുമാനത്തിൽ 
142–ാം സ്ഥാനം

ലോകത്തെ 
5-ാമത്തെ സമ്പദ്ഘടന – 
പ്രതിശീർഷ വരുമാനത്തിൽ 
142–ാം സ്ഥാനം

ന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി തന്റെ ഭരണത്തിൽ വളർന്നുവെന്നതാണ് മോദിയുടെ ഏറ്റവും വലിയ അവകാശവാദം. 2014-ൽ മോദി അധികാരത്തിൽ വന്നപ്പോൾ ഇന്ത്യ പത്താംസ്ഥാനത്തായിരുന്നു. 2015-ൽ ഏഴാംസ്ഥാനത്തേക്കു കയറി. 2019-ൽ ആറാംസ്ഥാനത്തെത്തി. 2022-ൽ ബ്രിട്ടനെ മറികടന്ന് അഞ്ചാംസ്ഥാനം നേടി. ഇനിയിപ്പോൾ നമ്മുടെ മുന്നിൽ ചൈന, അമേരിക്ക, ജപ്പാൻ, ജർമ്മനി എന്നീ രാജ്യങ്ങളാണുള്ളത്. 2027-ൽ നാലാംസ്ഥാനത്തെ ജർമ്മനിയേയും 2029-ൽ മൂന്നാംസ്ഥാനത്തുള്ള ജപ്പാനെയും മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തും. ഇത് മോദിയുടെ ഗ്യാരന്റിയായിട്ടാണ് അദ്ദേഹം പ്രഖ്യാപിക്കുന്നത്.

ശരിയാണ്, രാജ്യത്തിന്റെ മൊത്തം ഉൽപ്പാദനം അഥവാ ജിഡിപി എടുത്താൽ ഇന്ത്യയുടെ സ്ഥാനം അഞ്ചാമത്തേതാണ്. നമ്മുടെ രാജ്യത്തെ ജനസംഖ്യ 140 കോടിയാണ്. അതുകൊണ്ട് എത്ര സമ്പന്നമാണെങ്കിലും ചെറിയ രാജ്യങ്ങൾക്ക് ജിഡിപിയുടെ വലുപ്പത്തിൽ നമ്മളെ മറികടക്കാനാവില്ല. അതേസമയം ആളോഹരി വരുമാനമെടുത്താൽ ഇന്ത്യയുടെ റാങ്ക് 142–ാം സ്ഥാനമാണ്.

മാർക്കറ്റ് വിലയിൽ ആഗോള ഉൽപ്പാദനത്തിന്റെ 5 ശതമാനമാണ് ഇന്ത്യയുടെ വിഹിതം. ഇന്ത്യയുടെ പ്രതിശീർഷ വരുമാനമായ 2,600 ഡോളർ അമേരിക്കയുടെ പ്രതിശീർഷ വരുമാനമായ 83,000 ഡോളറിനേക്കാൾ എത്രയോ താഴ്ന്നതാണ്. വികസിത രാജ്യങ്ങളുടെ ശരാശരി പ്രതിശീർഷ വരുമാനം 54,101 ഡോളറാണ്. നമ്മൾ മൂന്നാംസ്ഥാനത്ത് എത്തുമ്പോഴും ഇന്ത്യയുടെ ജിഡിപി അമേരിക്കയുടെ ആറിലൊന്നു മാത്രമായിരിക്കും. ചൈനയുടേതിന്റെ അഞ്ചിലൊന്നും. ലോകത്തെ മൂന്നാമത്തെ സമ്പദ്ഘടനയാകുമ്പോഴും ഇന്ത്യ ഒരു താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യമായി തുടരുമെന്നു സാരം.

സൂചികകളിലെല്ലാം ഇന്ത്യ പിന്നോട്ട്
ഇന്ത്യയിലെ പ്രതിശീർഷ വരുമാനം മോദിക്കാലത്ത് ഉയർന്നില്ല എന്നല്ല വാദിക്കുന്നത്. പക്ഷേ, ഈ ഉയർച്ചയുടെ നേട്ടം മറ്റു രാജ്യങ്ങളിലെ സാധാരണക്കാർക്കു ലഭിച്ചതുപോലെ ഇന്ത്യയിലെ ജനങ്ങൾക്കു ലഭിച്ചില്ല. പുതിയ കാലഘട്ടത്തിൽ സാമ്പത്തികവളർച്ചയുടെ മുഖ്യദൗർബല്യം അതിന്റെ നേട്ടങ്ങളുടെ നീതിപൂർവ്വകമായ വിഹിതം ജനങ്ങൾക്കു ലഭിക്കുന്നില്ലയെന്നുള്ളതാണ്. തൊഴിലവസരങ്ങൾ കുറയുന്നു; തൊഴിലില്ലായ്മ ഉയരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, മറ്റു സാമൂഹ്യക്ഷേമ സൗകര്യങ്ങൾ എന്നിവയെല്ലാം ഒച്ചിഴയുന്ന വേഗത്തിലാണ് മുമ്പോട്ടുപോകുന്നത്. ഇതുമൂലം ഇന്ത്യയേക്കാൾ വളരെ താഴ്ന്ന വരുമാന വളർച്ചയുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ദാരിദ്ര്യം, പട്ടിണി, വിദ്യാഭ്യാസം, ആരോഗ്യം, ജൻഡർ അന്തരം, മാനവവിഭവശേഷി തുടങ്ങിയവയെല്ലാം ആഗോള സൂചികകളിലും താഴേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. നമ്മുടെ അയൽ രാജ്യങ്ങളേക്കാൾ മോശമാണ് വികസന സൂചികകളിൽ ഇന്ത്യയുടെ സ്ഥാനം. മോദി ഭരണത്തിനുകീഴിൽ ഒരൊറ്റ ആഗോള വികസന സൂചികയിൽപ്പോലും ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെട്ടിട്ടില്ല. 2014-നും അതിനുശേഷം കണക്ക് ലഭ്യമായ ഏറ്റവും അവസാന വർഷത്തെയും ചില പ്രധാന വികസന സൂചികകളിൽ ഇന്ത്യയുടെ റാങ്കിലുണ്ടായ ഇടിവ് അമ്പരപ്പിക്കുന്നതാണ്.

ആഗോള വികസന സൂചികകളിൽ ഇന്ത്യയുടെ സ്ഥാനം

സൂചിക മോദി 
അധികാരത്തിൽ
വരുമ്പോഴുള്ള റാങ്ക്
ഇപ്പോൾ
ഇന്ത്യയുടെ 
റാങ്ക്
ഐക്യരാഷ്ട്രസഭയുടെ മാനവവികസന സൂചിക 130 (2014) 132
ഐക്യരാഷ്ട്രസഭയുടെ സന്തോഷം (happiness) സൂചിക 117 (2015) 136
സുസ്ഥിരവികസന സൂചിക 110 (2016) 121
അന്തർദേശീയ ഫുഡ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ 
ആഗോള പട്ടിണി സൂചിക 76 രാജ്യങ്ങളിൽ
55 (2014)
121 രാജ്യങ്ങളിൽ 107
സേവ് ചിൽഡ്രന്റെ ശൈശവ സൂചിക 116 (2017) 118
ബ്ലുംബർഗ് ആരോഗ്യ സൂചിക 103 (2015) 120 (2019)
വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ 
മാനവമൂലധന സൂചിക 122 രാജ്യങ്ങളിൽ
78 (2013)
130 രാജ്യങ്ങളിൽ
103 (2017)
ലഗാറ്റം അഭിവൃദ്ധി സൂചിക 99 (2015) 103
ലോകബാങ്കിന്റെ മാനവമൂലധന സൂചിക 115 (2018) 116 (2020)
മാധ്യമ സ്വാതന്ത്ര്യ സൂചിക 140 (2014) 150
അസമത്വം കുറയ്ക്കുന്നതിനുള്ള പ്രതിബദ്ധത 123
ജോർജ് ടൗൺ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ത്രീ സുരക്ഷ സൂചിക 131 (2017) 148
ലോക ഇക്കണോമിക് ഫോറത്തിന്റെ ആഗോള ജൻഡർ അകല സൂചിക 114 (2014) 135
തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷന്റെ സ്ത്രീകൾക്ക് 
ഏറ്റവും അപകടകരമായ രാജ്യം 4 (2011) 1 (2018)

(സൂചികയുടെ വർഷം ബ്രാക്കറ്റിൽ)

മോദി അധികാരത്തിൽ വരുമ്പോൾ എല്ലാ വികസന സൂചികകളിലും ഇന്ത്യയുടെ സ്ഥാനം ആഗോള പട്ടികയിൽ താഴെയായിരുന്നു. ഇതു മുഖ്യമായും കോൺഗ്രസിന്റെ ‘സംഭാവന’യാണ്. മോദിയുടെ ഭരണകാലത്ത് ഇവ ഓരോന്നിലും ഇന്ത്യയുടെ ആഗോളസ്ഥാനം വീണ്ടും പിന്നോട്ടടിച്ച കഥയാണ് പട്ടിക യിൽ കൊടുത്തിട്ടുള്ളത്.

ഐക്യരാഷ്ട്രസഭയുടെ ഹ്യൂമൻ ഡെവലപ്പ്മെന്റ് ഇൻഡക്സ് അഥവാ മാനവവികസന സൂചികയാണ് ഏറ്റവും കൂടുതൽ പ്രചാരമുള്ള വികസന സൂചിക. അതിൽ നമ്മൾ രണ്ടുസ്ഥാനം പിന്നോട്ടു പോയി. ഇതുപോലെ തന്നെ അംഗീകാരമുള്ള സൂചികയാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന സൂചിക. ഐക്യരാഷ്ട്രസഭ പുതിയ സഹ്രസാബ്ദത്തിൽ 2030 ആകുമ്പോഴേക്കും കൈവരിക്കണമെന്നു പ്രഖ്യാപിച്ചിട്ടുള്ള വികസനലക്ഷ്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഈ സൂചിക ഉണ്ടാക്കിയിട്ടുള്ളത്. ഈ സൂചികയിൽ ഇന്ത്യ 11 സ്ഥാനമാണ് പുറകോട്ടു പോയത്. സന്തോഷ സൂചികയിൽ ഇന്ത്യ ഒൻപത് സ്ഥാനമാണ് പുറകോട്ടു പോയത്. സന്തോഷം ഏറ്റവും കുറഞ്ഞ ജനങ്ങളുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു.

ഏറെ വിവാദമുണ്ടാക്കിയിട്ടുള്ള ഒന്നാണ് ആഗോള പട്ടിണി സൂചിക. 2014-ൽ 76 രാജ്യങ്ങളുടെ കണക്കേ ഈ സൂചികയിൽ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ 121 രാജ്യങ്ങളുടെ കണക്കുകളുണ്ട്. ഇന്ത്യയുടെ സ്ഥാനം 107 ആണ്. കുട്ടികളുടെ നിലയിലും നാം പിന്നാക്കം പോയിരിക്കുകയാണ്. ആരോഗ്യ സൂചികയിൽ നമ്മൾ 103-ൽ നിന്നും 120-–ാം സ്ഥാനത്തേക്കു വീണു.

സ്ത്രീകളുടെ നിലയിലാണ് ഏറ്റവും വലിയ തിരിച്ചടി ഉണ്ടായിട്ടുള്ളത്. സ്ത്രീ സുരക്ഷാ സൂചികയിൽ നമ്മുടെ സ്ഥാനം 131-ൽ നിന്ന് 138 ആയി താഴ്ന്നു. സ്ത്രീയും പുരുഷനും തമ്മിലുള്ള ജൻഡർ അകലം 114-ൽ നിന്ന് 135 ആയി താഴ്ന്നു. ലോകത്ത് സ്ത്രീകൾക്ക് ഏറ്റവും അപകടകരമായ രാജ്യമായി ഇന്ത്യയെയാണ് റോയിട്ടേഴ്സ് കണ്ടെത്തിയിട്ടുള്ളത്.

മോദി സർക്കാർ ഈ സൂചകങ്ങളെയൊക്കെ ചോദ്യം ചെയ്യുന്നുണ്ട്. തെറ്റായ കണക്കുകളും മുൻവിധികളുമാണ് ഈ പിന്നാക്കാവസ്ഥയ്ക്കു കാരണമെന്നാണ് ഇന്ത്യാ സർക്കാരിന്റെ വാദം. ഇവയ്ക്കെല്ലാം ഏതെങ്കിലും ഒരു സ്ഥാപനമല്ല, വ്യത്യസ്ത സ്ഥാപനങ്ങളാണ് രൂപം നൽകിയിട്ടുള്ളത്. അവയിലെല്ലാം നമ്മൾ പിന്നാക്കം പോകുമ്പോൾ ആ കണക്കുകളെ മുൻവിധിയെന്നു പറഞ്ഞു തള്ളിക്കളയാൻ പാടില്ല.

വികസിത രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരവും ഉയർന്നതാണ്. മേൽപ്പറഞ്ഞ സൂചികകളിലെല്ലാം ആദ്യ സ്ഥാനങ്ങളിൽ വരുന്നത് വികസിത രാജ്യങ്ങളാണ്. എന്നാൽ ഇന്ത്യയിൽ വളർച്ചയുടെ നേട്ടം ജനങ്ങൾക്കു ലഭ്യമാകുന്നില്ല. അസമത്വം ഭീകരമായി വർദ്ധിക്കുകയാണ്. വളർച്ചയുടെ നേട്ടം മുഴുവൻ ഒരു ചെറുന്യൂനപക്ഷത്തിന്റെ കൈകളിലേക്കാണു പോകുന്നത്. അത് ജനങ്ങൾക്കു പ്രാപ്യമാക്കുന്നതിന് മോദിയുടെ നയങ്ങൾ അപര്യാപ്തമാണ്. അതുകൊണ്ടാണ് മേൽപ്പറഞ്ഞ സൂചികകളിൽ എല്ലാംതന്നെ ഇന്ത്യയുടെ റാങ്ക് നമ്മുടെ അയൽ രാജ്യങ്ങളേക്കാൾ പിന്നിലാകുന്നത്. ഈ നയങ്ങൾ നമ്മെ ഒരിക്കലും വികസിതരാജ്യ പദവിയിലേക്ക് എത്തിക്കില്ല.

ചിത്രം 1
ഇന്ത്യയുടെ ജിഡിപി വളർച്ചയുടെ ദീർഘകാല പ്രവണത

എന്നാലും വളർച്ചയിൽ കുതിപ്പുണ്ടായില്ലേ?
ശരിയാണ്. ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആഗോള സാമ്പത്തിക വളർച്ചാ വേഗതയുടെ ഏതാണ്ട് ഇരട്ടി വേഗതയിലാണ് ഇന്ത്യ വളരുന്നത്. സാമ്പത്തിക വളർച്ചയുടെ വേഗതയിലുണ്ടായിട്ടുള്ള വർദ്ധന മോദി ഭരണകാലത്ത് പൊടുന്നനെ ഉണ്ടായ ഒന്നാണെന്ന ധാരണ പരത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇത്തരം വാദങ്ങളുടെ പൊള്ളത്തരം ചിത്രം 1-ൽ കാണാം.

ചരിത്രം മറക്കാൻ പാടില്ല. കൊളോണിയൽ കാലഘട്ടത്തിൽ ഏതാണ്ട് സാമ്പത്തിക നിശ്ചലാവസ്ഥയിലായിരുന്നു രാജ്യം. 1.2 ശതമാനം വേഗതയിലായിരുന്നു സാമ്പത്തിക വളർച്ച. അതിനെ അപേക്ഷിച്ച് നോക്കുമ്പോൾ സ്വാതന്ത്ര്യാനന്തരകാലത്ത് 1980 വരെ ശരാശരി 3.6 ശതമാനം വേഗതയിൽ വളർന്നത് വലിയൊരു കുതിച്ചുചാട്ടമായിരുന്നു. 1980-കളിൽ ഇത് 5.5 ശതമാനമായി ഉയർന്നു. അവിടെനിന്ന് 1991-നുശേഷം ശരാശരിയെടുത്താൽ 7 ശതമാനത്തിലേക്കു നമ്മുടെ വളർച്ച നിരക്ക് ഉയർന്നു. ഇതിൽ നിന്നും വെളിവാകുന്ന കാര്യം ഇന്ത്യൻ സമ്പദ്ഘടനയുടെ വളർച്ചാ വേഗത അനുക്രമമായി വർദ്ധിക്കുകയായിരുന്നു. അതിന്റെ തുടർച്ചയാണ് ഇന്നത്തെ 7 ശതമാനം വളർച്ചയും.

ഇന്ത്യ മാത്രമല്ല, ബ്രിക്സ് രാജ്യങ്ങളാകെ ആഗോള ശരാശരിയേക്കാൾ വേഗതയിലാണു വളരുന്നത്. അതുപോലെതന്നെ തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളും. ഇതിൽ ചൈനയുടെ 1970-കൾ മുതലുള്ള വളർച്ചയ്ക്ക് ചരിത്രത്തിൽ താരതമ്യമില്ല. ഏതാണ്ട് 5 ശതമാനത്തിൽ നിന്ന് ചൈനയുടെ ലോക ജിഡിപിയിലെ വിഹിതം 18 ശതമാനമായി ഉയർന്നു. ഇന്ത്യയുടേത് ഇപ്പോഴും 5 ശതമാനത്തിൽ നിൽക്കുകയാണ്.

ചിത്രം 2
ദേശീയ വരുമാന വളർച്ച (2013 മുതൽ 2020 വരെ)

മോദിയുടെ കാലത്തെ തിരിച്ചടി
ഇന്ത്യ നേടിയിരിക്കുന്ന വളർച്ചയിൽ മോദിക്ക് അവകാശപ്പെടാൻ ഏറെയില്ല. മോദിയുടെ പത്തു വർഷക്കാല ഭരണം സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിച്ചു. ഇത് താഴെക്കൊടുത്തിരിക്കുന്ന ചിത്രം 2-ൽ കൃത്യമായി കാണാം.

2016-–17-ൽ സാമ്പത്തിക വളർച്ച 8.3 ശതമാനം ആയിരുന്നത് പിന്നീടുള്ള വർഷങ്ങളിൽ 7.0%, 6.1%, 4% എന്നിങ്ങനെ അനുക്രമമായി കുറഞ്ഞു. 2004-നും 2014-നും ഇടയ്ക്ക് ദേശീയവരുമാനം 183 ശതമാനം ഉയർന്നു. എന്നാൽ 2014-നും 2023-നും ഇടയിൽ വർദ്ധനവ് കേവലം 83 ശതമാനം മാത്രമാണ്. മോദിയുടെ ആദ്യ ആറ് വർഷത്തെ ശരാശരി സാമ്പത്തിക വളർച്ച 6.8 ശതമാനമാണ്. 1991-നുശേഷം 2016 വരെ ഉണ്ടായ 7.5 ശതമാനം വളർച്ചയേക്കാൾ താഴ്ന്നതാണിത്.

കോവിഡുകാലത്ത് ഏറ്റവും വലിയ സാമ്പത്തികത്തകർച്ച നേരിട്ട രാജ്യമാണ് ഇന്ത്യ. കോവിഡിനുശേഷം സ്വാഭാവികമായി -8 ശതമാനത്തിൽ നിന്നും വളർച്ച 8.7% ആയി 2021-–22-ൽ ഉയർന്നിട്ടുണ്ട്. പക്ഷേ, മൊത്തം ജിഡിപി കോവിഡിനുമുമ്പ് ഉണ്ടായിരുന്ന നിലയേക്കാൾ അൽപ്പം ഭേദപ്പെട്ടിട്ടുണ്ട്. അത്രമാത്രം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twelve + ten =

Most Popular