Sunday, November 24, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻകോവിഡ് കാലത്തെ 
മണ്ടത്തരങ്ങൾ

കോവിഡ് കാലത്തെ 
മണ്ടത്തരങ്ങൾ

കോവിഡ് രോഗബാധയുണ്ടായത് മോദിയുടെയോ ഭരണ സംവിധാനത്തിന്റെയോ കുഴപ്പംകൊണ്ടാണെന്ന് പറയാനാവില്ല. പക്ഷേ, അത് വികലമായി കെെകാര്യം ചെയ്തതിലൂടെ ജനങ്ങൾക്കുണ്ടായ ദുരിതങ്ങൾക്കെല്ലാം ഉത്തരവാദി മോദിയും ബിജെപി ഭരണവുമാണെന്ന് പറയാതെവയ്യ. 2020 മാർച്ച് 24ന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി അന്നേദിവസം അർദ്ധരാത്രി മുതൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഒറ്റദിവസംകൊണ്ട് സമ്പദ്ഘടനതന്നെ ബന്തവസ്സിലായി.

ഫാക്ടറികളും കച്ചവടവും കൃഷിപ്പണിപോലും നിലച്ചു. ആളുകൾ വീട്ടിലിരിപ്പായി. ഉൽപ്പാദനം നിശ്ചലമായി. മൂന്നാഴ്ചക്കാലമാണ് ആദ്യം ലോക്ഡൗൺ പ്രഖ്യാപിച്ചത്. പിന്നെ ഇത് പലതവണകളായി രണ്ടുമാസം നീണ്ടു. പണിക്കൊന്നും പോകാനാകാതെ വീട്ടിലിരിക്കേണ്ടി വരുന്ന പാവങ്ങൾക്ക് ഭക്ഷണമെങ്കിലും കൃത്യമായി എത്തിക്കാൻ ഒരു പരിപാടി വേണ്ടതാണ്. ഡിമാന്റ് പരിപൂർണ്ണമായും തകരുന്ന വേളയിൽ സാമ്പത്തിക ഉത്തേജനത്തിനു സർക്കാർ കൈയയച്ചു ചെലവഴിക്കണം.

എല്ലാ ലോക രാഷ്ട്രങ്ങളും കോവിഡ് പാക്കേജുകൾ പ്രഖ്യാപിച്ചു. ട്രംപ് പോലും! ട്രംപിന്റെ പേര് പറയാൻ ഒരു കാരണമുണ്ട്. ജനങ്ങൾക്ക് സബ്സിഡി നൽകുന്നതിന് അദ്ദേഹം എന്നും എതിരായിരുന്നു. എന്നിട്ടും 150 ലക്ഷം കോടി രൂപയുടെ രക്ഷാപാക്കേജാണ് ട്രംപ് പ്രഖ്യാപിച്ചത്.

അമേരിക്കൻ ഗവൺമെന്റ് പ്രഖ്യാപിച്ച 150 ലക്ഷം കോടി രൂപയുടെ രക്ഷാപാക്കേജിന്റെ ഭാഗമായി അവിടുത്തെ ഓരോ പൗരനും 90,000 രൂപയും കുട്ടികൾക്ക് 38,000 രൂപ വീതം അക്കൗണ്ടിലിടുമെന്നായിരുന്നു പ്രഖ്യാപനം. ഹോങ്കോങ്ങും ഓരോ പൗരനും 90,000 രൂപ വീതം പ്രഖ്യാപിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ട്രംപിന്റെ അടുത്ത അനുയായിയാണ്. അദ്ദേഹവും നിലപാട് മാറ്റി. വീട്ടിലിരിക്കാൻ നിർബന്ധിതരാകുന്ന എല്ലാവർക്കും ശമ്പളത്തിന്റെ 80 ശതമാനം നൽകാനായിരുന്നു ബ്രിട്ടന്റെ തീരുമാനം. എന്നാൽ മോദിക്കുമാത്രം വലിയ മാനസാന്തരമൊന്നും ഉണ്ടായില്ല.

വാക്കിൽ 20 ലക്ഷം :
കിട്ടിയതോ നക്കാപ്പിച്ച!
ഇന്ത്യയുടെ പാക്കേജ് 20 ലക്ഷം കോടി രൂപയുടേതായിരുന്നു. പക്ഷേ, ഈ പാക്കേജിൽ ബജറ്റിൽ നിന്നുള്ള അധികച്ചെലവും വേണ്ടെന്നുവച്ച വരുമാനവും കൂട്ടിയാൽ ഏതാണ്ട് ആറുലക്ഷം കോടി രൂപയേ വരികയുള്ളൂ. പാശ്ചാത്യരാജ്യങ്ങളിലെന്നപോലെ ബജറ്റിൽനിന്ന് ഗണ്യമായ അധികച്ചെലവു വരുന്ന പാക്കേജായിരുന്നു വേണ്ടിയിരുന്നത്. അതിനുപകരം ബാങ്ക് വായ്പകളെല്ലാം ചേർത്ത് ഊതിവീർപ്പിച്ച ഒരു പാക്കേജായിരുന്നു ഇന്ത്യയുടേത്.

ആർക്കൊക്കെ എന്തൊക്കെ സഹായമാണ് പാക്കേജിൽ നൽകാൻ ഉദ്ദേശിച്ചതെന്നു നോക്കാം: ഗുണഭോക്താക്കൾ അഞ്ചുതരക്കാരാണ്. ഒന്ന്, കൃഷിക്കാർ. രണ്ട്, സൂക്ഷ്മ ചെറുകിട സംരംഭകർ. മൂന്ന്, ധനകാര്യ സ്ഥാപനങ്ങൾ. നാല്, വ്യവസായ കോർപറേറ്റുകൾ. അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങൾ. ഇവർക്ക് ഓരോരുത്തർക്കും എന്തു സഹായമാണ് കിട്ടുന്നത് എന്നു പരിശോധിക്കുമ്പോഴാണ് പാക്കേജിന്റെ തനിനിറം വ്യക്തമാകുന്നത്.

കൃഷിക്കാരും ചെറുകിട സംരംഭകരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ലോക്ഡൗൺ കാലത്തുണ്ടായ നഷ്ടവും അതുമൂലം അതുവരെ എടുത്തിട്ടുള്ള വായ്പകൾ തിരിച്ചടയ്ക്കാനാവാത്തതുമാണ്. പിന്നെ വീണ്ടും പ്രവർത്തനമാരംഭിക്കണമെങ്കിൽ പ്രവർത്തനമൂലധനമായി അവർക്ക് കൂടുതൽ വായ്പയും കിട്ടണം.

കോവിഡുകാലത്തെ 
അധിക മരണങ്ങൾ

യഥാർത്ഥത്തിൽ ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രത്യക്ഷ കോവിഡ് മരണങ്ങളുടേതല്ല. മറിച്ച്, കോവിഡുകാലത്തെ അധിക മരണങ്ങളുടേതാണ്. ഇതിന് ഉപയോഗപ്പെടുത്തുന്നത് അതതു രാജ്യങ്ങളിലെ ജനന-മരണ രജിസ്റ്ററുകളാണ്. മുൻ വർഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിൽ കോവിഡ് വർഷങ്ങളിൽ സാധാരണഗതിയിൽ മരിക്കാവുന്നവരുടെ എണ്ണം ഗണിച്ചെടുക്കാം. പിന്നെ കോവിഡുകാലത്തെ രജിസ്റ്റർ പ്രകാരം എത്ര പേർ മരിച്ചുവെന്നും കണക്കെടുക്കാം.
മേൽപ്പറഞ്ഞ രണ്ടു കണക്കുകളും കിട്ടിയാൽ കോവിഡു കാലത്ത് എത്ര അധിക മരണം നടന്നുവെന്നു കണക്കു കൂട്ടിയെടുക്കാം. ലോകാരോഗ്യ സംഘടന മാത്രമല്ല ലോകത്തെമ്പാടുമുള്ള പല പ്രമുഖ ഗവേഷണ ഏജൻസികളും ഇക്കണോമിസ്റ്റ്, ഹിന്ദു തുടങ്ങിയ പത്രങ്ങളും ഈ രീതിയിലാണ് അധിക മരണങ്ങളുടെ മതിപ്പുകണക്ക് തയ്യാറാക്കിയിട്ടുള്ളത്.

രണ്ടാമത്തെ കാര്യത്തിൽ കുറച്ച് ഉദാരമായ സമീപനം കൈക്കൊണ്ടിട്ടുണ്ട്. ചെറുകിട സംരംഭങ്ങൾക്ക് ഏതാണ്ട് 4 ലക്ഷം കോടി രൂപയും കൃഷിക്കാർക്ക് 3 ലക്ഷം കോടി രൂപയും പല ഇനങ്ങളിലായി വായ്പ അനുവദിച്ചു. പക്ഷേ, ബാങ്കുകൾ കനിയണം. ഈ പ്രതിസന്ധി ആരംഭിച്ചതിനുശേഷം റിസർവ് ബാങ്ക് 8 ലക്ഷം കോടി രൂപയാണ് ബാങ്കുകൾക്ക് കൂടുതലായി വായ്പ നൽകാൻ അനുവദിച്ചത്. പലിശ നിരക്കും ഗണ്യമായി കുറച്ചു. പക്ഷേ, എന്താണ് സംഭവിച്ചത്? ബാങ്കുകൾ 8.5 ലക്ഷം കോടി രൂപ റിസർവ് ബാങ്കിൽത്തന്നെ തിരിച്ചു ഡെപ്പോസിറ്റു ചെയ്യുകയാണുണ്ടായത്. അതും 3.5 ശതമാനം പലിശയ്ക്ക്. 5.5 ശതമാനം പലിശവരെ നൽകിയാണ് റിസർവ് ബാങ്കിൽ നിന്ന് പണമെടുത്തത് എന്നോർക്കണം. ഇത്രയും നഷ്ടം ഉണ്ടായിട്ടും വായ്പ കൊടുക്കാൻ ബാങ്കുകൾ തയ്യാറായില്ല. കേന്ദ്രസർക്കാർ തന്നെ റിസർവ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് സംരംഭകർക്കു നൽകിയാലേ ഫലവത്താകൂ. പക്ഷേ, ഇതിന് മോദി സർക്കാർ തയ്യാറായില്ല.

കൃഷിക്കാരുടെയും സംരംഭകരുടെയും നിലവിലുള്ള വായ്പയ്ക്ക് മൊറട്ടോറിയം അനുവദിച്ചു. പക്ഷേ, ഈ കാലയളവിൽ പലിശ നൽകിയേ തീരൂ. കൃഷിക്കാരായാലും സംരംഭകരായാലും ആവശ്യപ്പെട്ടത് മൊറട്ടോറിയം കാലത്തെ പലിശയെങ്കിലും ഇളവ് ചെയ്യണമെന്നാണ്. പലിശ ഇളവുചെയ്താൽ ബജറ്റിൽ നിന്ന് പണം നൽകണം. അതിന് കേന്ദ്രം തയ്യാറായില്ല. നോട്ടുനിരോധനംമൂലം തകർന്ന ചെറുകിട സംരംഭകർക്ക് കോവിഡ് സ്തംഭനം അടുത്ത ഇരുട്ടടിയായി.

ധനകാര്യ സ്ഥാപനങ്ങളിലേയ്ക്ക് എട്ടുലക്ഷം കോടി രൂപയുടെ സഹായം റിസർവ് ബാങ്ക് നൽകി. ഇതും 20 ലക്ഷം കോടി പാക്കേജിൽ ഉൾപ്പെടുത്തി. പക്ഷേ അതുകൊണ്ട് സമ്പദ്ഘടനയ്ക്കൊരു ഗുണവും ഉണ്ടായില്ല. ഏതായാലും ഇങ്ങനെയൊരു സഹായം കൊടുത്തതുകൊണ്ട് എസ് ബാങ്കിന്റെ തകർച്ച ആവർത്തിക്കില്ലെന്ന് ഐഎൽ ആൻഡ് എഫ്എസും ഉറപ്പുവരുത്തി.

എല്ലാം കോർപ്പറേറ്റുകളുടെ 
കീശയിലേക്ക്
അങ്ങനെ നാം കോർപ്പറേറ്റുകളിലേക്കെത്തുന്നു. അവർക്ക് എന്താണ് മോദിയുടെ ഉത്തേജക പാക്കേജ്? ഇന്ത്യൻ പൊതുമേഖല മുഴുവൻ അവർക്ക് താലത്തിൽവച്ചുകൊടുക്കുകയായിരുന്നു. ഇനി തന്ത്രപ്രധാന മേഖലയിലേ പൊതുമേഖലയുള്ളൂ. അതുതന്നെ ഏറിയാൽ നാല് മേഖലകൾ. ആറ്റമിക് എനർജി, ബഹിരാകാശം, റെയിൽവേ, പ്രതിരോധം, ഖനനം തുടങ്ങി എല്ലാ മേഖലകളിലും സ്വകാര്യ സംരംഭകർക്കു കടന്നു വരാം. പ്രതിരോധത്തിലാകട്ടെ വിദേശ കമ്പനികൾക്ക് 74 ശതമാനം വരെ ഷെയറുമാകാം. കൽക്കരിപ്പാടങ്ങളുടെ മാത്രമല്ല, മറ്റ് ധാതുക്കളുടെയും പര്യവേക്ഷണത്തിനും ഖനനത്തിനുമുള്ള അനുമതി സ്വകാര്യമേഖലയ്ക്കു കൊടുക്കുകയാണ്. തീർന്നില്ല. അഞ്ചു ലക്ഷം ഏക്കർ ഭൂമി അവർക്കായി കണ്ടെത്തി മാറ്റിവെച്ചിരിക്കുകയാണ്. ഇവർ പ്രസാദിച്ചാൽ ഇന്ത്യൻ സമ്പദ്ഘടന രക്ഷപ്പെടും എന്നാണ് സർക്കാർ പറയുന്നത്. ഇതു പറഞ്ഞാണ് ഒന്നര ലക്ഷം കോടി രൂപ നികുതിയിളവായി കോർപ്പറേറ്റുകൾക്ക് മോദി സർക്കാർ നൽകിയത്. പക്ഷേ ഒരു ഗുണവുമുണ്ടായില്ല.

ഏറ്റവും ദുർബലമായ പാക്കേജ്
അമേരിക്കയിലെയും ഇന്ത്യ പോലുള്ള എമർജിംഗ് സമ്പദ്ഘടനകളിലെയും കോവിഡ് കാലത്തെ ഉത്തേജക പാക്കേജുകൾ താരതമ്യപ്പെടുത്തിയാൽ. അമേരിക്കയുടെ ഉത്തേജക പാക്കേജ് ദേശീയ വരുമാനത്തിന്റെ 25.5 ശതമാനം വരും. ബൊൾസനാരോ എന്ന അറുപിന്തിരിപ്പൻ ഭരിച്ചിരുന്ന ബ്രസീലിൽ ഉത്തേജക പാക്കേജ് 8.8 ശതമാനമായിരുന്നു. ദക്ഷിണാഫ്രിക്കയിൽ 5.9 ശതമാനവും ചൈനയിൽ 4.8 ശതമാനവും റഷ്യയിൽ 4.3 ശതമാനവുമായിരുന്നു. എന്നാൽ ഇന്ത്യയുടെ ഉത്തേജക പാക്കേജാകട്ടെ ജിഡിപിയുടെ 3.3 ശതമാനമേ ഉണ്ടായിരുന്നള്ളൂ.

2019-ൽ 4 ശതമാനം വളർച്ച കൈവരിച്ച ഇന്ത്യ ആയിരുന്നു ചൈന കഴിഞ്ഞാൽ ഏറ്റവും ഉയർന്ന വേഗതയിൽ വളർന്ന രാജ്യം. എന്നാൽ 2020-ൽ കൊവിഡുമൂലം ഏറ്റവും വലിയ സാമ്പത്തിക ഇടിവ് നേരിട്ട രാജ്യം ഇന്ത്യയായിരുന്നു. ഇതിന്റെ മുഖ്യകാരണം ഉത്തേജക പാക്കേജിന്റെ ദൗർബല്യമാണ്. മോദി സർക്കാരിന്റെ കോവിഡ് കാലത്തെ ഉത്തേജക പാക്കേജ് സാധാരണക്കാർക്ക് ആശ്വാസം വേണ്ടത്ര നൽകിയില്ലെന്നു മാത്രമല്ല, സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുന്നതിലും അത് പരാജയപ്പെട്ടു.

ഇന്ത്യയുടെ ഉത്തേജക പാക്കേജ് എങ്ങനെ ഹരിച്ചു ഗുണിച്ചാലും ഒരു ലക്ഷം കോടി രൂപ പോലും നേരിട്ട് ജനങ്ങളുടെ കൈകളിൽ പണമായി എത്തിച്ചില്ല. ലോക്ഡൗൺ തുടങ്ങിയപ്പോൾ പ്രഖ്യാപിച്ച ജൻധൻ അക്കൗണ്ടിൽ 500 രൂപ വെച്ച് മൂന്നു മാസം നൽകിയതിലും പ്രധാനമന്ത്രി സമ്മാൻ പദ്ധതിയിലൂടെ വളരെ കുറച്ച് കൃഷിക്കാർക്ക് 2000 രൂപവീതം നൽകിയതിലും ബിപിഎൽ കുടുംബങ്ങൾക്കുമാത്രം സൗജന്യറേഷനിലും സഹായം ഒതുങ്ങി.

കൂട്ടപ്പലായനം
ഒന്നാം ഘട്ടത്തിൽ വേണ്ടത്ര മുന്നറിയിപ്പോ തയ്യാറെടുപ്പോ ഇല്ലാതെ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇന്ത്യയിൽ ഏതാണ്ട് 15 കോടി ആളുകൾ സ്വന്തം ജന്മസ്ഥലംവിട്ട് പട്ടണങ്ങളിലും മറ്റു സംസ്ഥാനങ്ങളിലുമെല്ലാം പണിയെടുക്കാൻ പോകുന്നവരാണ്. പൊടുന്നനെ രാജ്യം മുഴുവൻ അടച്ചുപൂട്ടിയപ്പോൾ ഇവർക്ക് പണിയില്ലാതായി. നാട്ടിലേയ്ക്ക് തിരിച്ചുപോകാൻ നിവൃത്തിയില്ലാതായി. 20,000 കോടി രൂപ പുതിയ പാർലമെന്റ് വീഥി ഉണ്ടാക്കാൻ ചെലവഴിച്ച മോദി സർക്കാർ ഇവർക്ക് നഗരങ്ങളിൽ നിന്നും സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചുപോകാൻ ബസോ ട്രെയിനോ ഏർപ്പാട് ചെയ്തില്ല. മറ്റു വഴിയൊന്നും ഇല്ലാത്തതുകൊണ്ട് കൂട്ടംകൂട്ടമായി സ്വന്തം നാടുകളിലേയ്ക്ക് പലായനം ചെയ്തവർക്ക് ഭക്ഷണപ്പൊതിപോലും എത്തിച്ചുകൊടുത്തില്ല.

കേരളത്തിന്റെ അനുഭവം

കേരളത്തിന്റെ അനുഭവം കൗതുകകരമാണ്. കോവിഡിന്റെ ആദ്യ വർഷം കേരളത്തിലെ രജിസ്റ്റർ ചെയ്ത മരണങ്ങളുടെ എണ്ണം കുറയുകയാണു ചെയ്തത്. ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത് ലോക്ഡൗൺമൂലം റോഡ് അപകടങ്ങൾ ഗണ്യമായി കുറഞ്ഞതാണ്. എന്നാൽ രണ്ടാംവർഷം കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട മരണങ്ങളുടെ എണ്ണം ഗണ്യമായി ഉയർന്നു. നിർവ്വചനത്തിലെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ ഒഴിവാക്കപ്പെട്ട മരണങ്ങളെ കോവിഡ് ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടിയും വന്നു. എന്നിട്ടും കേരളത്തിലും അധിക മരണങ്ങൾ ഉണ്ടായി.

ലോകാരോഗ്യ സംഘടനയുടെ രീതിസമ്പ്രദായത്തിൽ കണക്കെടുത്താൽ കേരളത്തിലെ ഔദ്യോഗിക കോവിഡ് മരണത്തിന്റെ 1.6 മടങ്ങ് അധിക മരണമേ സംസ്ഥാനത്ത് ഉണ്ടായുള്ളൂ. അതേസമയം ഇന്ത്യയിലെ അധിക മരണം ഔദ്യോഗിക കണക്കിന്റെ 10 മടങ്ങ് ആണ്. ഇതാണ് കേരളവും ഇന്ത്യയിലെ പൊതുസ്ഥിതിയും തമ്മിലുള്ള വ്യത്യാസം.

കേരളത്തിലെയും ഇന്ത്യയിലെയും അനുഭവങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ നാം പഠിക്കേണ്ട പാഠം പൊതു ആരോഗ്യ സംവിധാനങ്ങളുടെ പ്രാധാന്യമാണ്. 2022-ൽ കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി. കാരണം ലളിതമാണ്. ഒന്നാം വ്യാപനത്തിൽ വളരെ ചിട്ടയായ സാമൂഹ്യനിയന്ത്രണങ്ങൾ എല്ലാവരും പാലിച്ചതുകൊണ്ട് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ചെറിയൊരു ശതമാനം ആളുകൾക്കേ കോവിഡ് വന്നുള്ളൂ. എന്നാൽ പ്രതിപക്ഷത്തിന്റെ സമരപരിപാടികളും എല്ലാവരുടെയും ഇലക്ഷൻ കാമ്പയിനും ചേർന്നപ്പോൾ ഈ സാമൂഹ്യനിയന്ത്രണങ്ങൾ ദുർബലമായി. കോവിഡ് ബാധിതരല്ലാത്ത ആളുകൾ കൂടുതലുള്ള കേരളത്തിൽ വ്യാപനം അതിരൂക്ഷമായി. മരണവും കൂടി.

എന്നാൽ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ 2022-ലെ ആദ്യമാസങ്ങളിലെ രണ്ടാം വ്യാപന കാലത്ത് ഉണ്ടായതുപോലെ കേരളത്തിലെ ആരോഗ്യ സംവിധാനം തകർന്നില്ല. ഇന്ത്യയെ അപേക്ഷിച്ച് മരണസംഖ്യ വളരെ താഴ്ന്നുതന്നെ തുടർന്നു. അതുകൊണ്ടാണ് ഇന്ത്യയിൽ അധിക മരണം ഏറ്റവും കുറവുള്ള സംസ്ഥാനമായി കേരളം മാറിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ തമ്മിൽ മരണനിരക്കിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ വ്യത്യാസങ്ങളിൽ നല്ല പങ്കിനെയും വിശദീകരിക്കുന്നതിനു സംസ്ഥാന ബജറ്റിൽ ആരോഗ്യത്തിനുവേണ്ടി ചെലവഴിച്ച പണത്തിന്റെ തോതിനു കഴിയും. പൊതുജനാരോഗ്യ സംവിധാനത്തിന്റെ പ്രാധാന്യത്തിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്.

അഭയം തേടി കിലോമീറ്ററുകളോളം കാൽനടയായി നീങ്ങിയ കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണമില്ല; മരുന്നില്ല; കുടിവെള്ളമില്ല. വഴിയിൽ വിശ്രമിക്കാൻ സൗകര്യമില്ല. അവരിൽ കൈക്കുഞ്ഞുങ്ങളും വൃദ്ധരും രോഗികളും ഉണ്ടായിരുന്നു. നടന്നവർക്കും കണ്ടു നിന്നവർക്കും അറിയാമായിരുന്നു ഈ യാത്ര വലിയൊരു ദുരന്തത്തിലേയ്ക്കാണെന്ന്; അല്ല,- മരണത്തിലേയ്ക്കാണെന്ന്. അനിവാര്യമായ ആ ദുരന്തം അറിഞ്ഞിട്ടും ഭരണാധികാരികൾ ഒന്നും ചെയ്യാൻ തയ്യാറായില്ല. ഈ പലായനം വിഭജനകാലത്തെ ചിത്രങ്ങളെ അനുസ്മരിപ്പിച്ചു.

വീണ്ടും കോവിഡ് വന്നപ്പോൾ
2020 ഡിസംബറിൽ കൂടുതൽ മാരകമായ പുതിയയിനം വൈറസ് ഇന്ത്യയിലെത്തി. 2021 ഫെബ്രുവരി മാസത്തിൽ ഇതുസംബന്ധിച്ച് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളറും ഐഎംഎയും മുന്നറിയിപ്പു നൽകി. പക്ഷേ, ഹരിദ്വാറിൽ കുംഭമേള നടത്തി കോവിഡ് വിജയം ആഘോഷിക്കാനാണ് മോദി സർക്കാർ തയ്യാറായത്. ഏപ്രിൽ മാസത്തിൽ ഇതിനിടയിൽ യുപിയിൽ പഞ്ചായത്ത് ഇലക്ഷനും നടത്തി. കോവിഡിന്റെ പുതിയ താണ്ഡവത്തിന് പ്രതിരോധമില്ലാതെ ഇന്ത്യ കീഴടങ്ങി.

ഓക്സിജൻ സിലിണ്ടർ ഇല്ലാതെ മരിക്കുന്നവരുടെ എണ്ണം ഡൽഹിയിൽപ്പോലും പെരുകി. കൂട്ടമരണങ്ങൾ ഗ്രാമങ്ങളിൽ നടന്നു. ചിതയൊരുക്കുന്നതിനു പണം ഇല്ലാത്തതുകൊണ്ട് ഗംഗാ നദിയിലൂടെ മൃതദേഹങ്ങൾ ഒഴുക്കിവിടാൻ തുടങ്ങി. ആയിരക്കണക്കിനു മൃതദേഹങ്ങൾ നദിയിൽനിന്നും എടുത്തു മാറ്റേണ്ടിവന്നു. ഗ്രാമീണർ മൃതദേഹങ്ങൾ ഗംഗാതീരത്തു ദഹിപ്പിക്കുന്നതിനുപകരം അവിടെ കുഴിച്ചിടാൻ തുടങ്ങി. നായകൾ മൃതദേഹങ്ങൾ കടിച്ചു പുറത്തെടുക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. ഏറ്റവും പ്രിയപ്പെട്ടവർക്കുപോലും ചിതയൊരുക്കുന്നതിനു വിറകു വാങ്ങാൻ ജനങ്ങളുടെ കെെയിൽ പണമില്ലാതായി. അത്ര കൊടിയ ദാരിദ്ര്യത്തിലേയ്ക്കും ദുരിതങ്ങളിലേക്കുമാണ് മോദി ഭരണം ഇന്ത്യൻ ജനതയെ കൊണ്ടെത്തിച്ചത്.

കോവിഡുമൂലം ഇന്ത്യയിൽ
എത്ര പേർ മരിച്ചു?
ഇന്ത്യാ സർക്കാരിന്റെ ഔദ്യോഗിക കണക്കു പ്രകാരം 4.8 ലക്ഷം പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. ലോകാരോഗ്യ സംഘടനയുടെ മതിപ്പുകണക്കുപ്രകാരം 47 ലക്ഷം പേരാണ് മരിച്ചത്. സർക്കാർ പറയുന്നതിന്റെ പത്തുമടങ്ങ്. ഏതാണു ശരിയെന്നത് ഒരു അന്തർദേശീയ നയതന്ത്ര പ്രശ്നമായിമാറി അത്രയ്ക്കു രൂക്ഷമായാണ് ഇന്ത്യ സർക്കാർ പ്രതികരിച്ചത്. രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കാനുള്ള ബോധപൂർവ്വ ശ്രമമായിട്ടാണ് ലോകാരോഗ്യ സംഘടനാ റിപ്പോർട്ടിനെ ഇന്ത്യ സർക്കാർ കണ്ടത്.
ലോകത്ത് എല്ലാ രാജ്യങ്ങളിലും ഔദ്യോഗിക കണക്കിനേക്കാൾ അധിക മരണം ഉണ്ടായിട്ടുണ്ട്. 2020-–21-ൽ വിവിധ സർക്കാരുകളുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം മൊത്തം കോവിഡ് മരണം 55 ലക്ഷം ആണ്. എന്നാൽ ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ലോകത്തെ അധിക മരണം 1.5 കോടി ആണ്.

യഥാർത്ഥത്തിൽ അവരുടെ തിരുത്തലോടെ ഇന്ത്യയിലെ കോവിഡ് മരണനിരക്ക് ബ്രസീലിലെയും മറ്റും അനുപാതത്തിലേക്ക് ഉയരുക മാത്രമേ ഉണ്ടായിട്ടുള്ളൂ. സർക്കാർ കണക്കും ലോകാരോഗ്യ സംഘടനയുടെ മതിപ്പുകണക്കും തമ്മിലുള്ള അന്തരം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നു മാത്രം. ലോകത്തു നടന്ന അധിക മരണത്തിന്റെ 32 ശതമാനം ഇന്ത്യയിലാണ്. അതുകൊണ്ടാണ് മോദി സർക്കാരിന് ഇത്ര കോപം.

കോവിഡുകാലത്തെ 
മോദിയുടെ മുൻഗണനകൾ

2020 ജൂൺ 3-ന് കാർഷിക നിയമങ്ങൾ തിരുത്തുന്നതിനുള്ള ഓർഡിനൻസു പുറപ്പെടുവിച്ചു. ലോക്ഡൗൺ അപ്പോഴും പ്രാബല്യത്തിൽ ഉണ്ടായിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ മനസ്സിനെ മദിച്ചിരുന്നത് കാർഷിക മേഖലയെ എങ്ങനെ അഗ്രി ബിസിനസുകാർക്ക് ഏൽപ്പിച്ചുകൊടുക്കാം എന്നതായിരുന്നു. സെപ്തംബർ 17-ന് രണ്ടാം കോവിഡ് തരംഗത്തിന്റെ മൂർദ്ധന്യത്തിൽ പുതിയ നിയമങ്ങൾ രാജ്യസഭയിലും പാസ്സാക്കി. തുടർന്നുണ്ടായ കർഷകസമരവും പ്രത്യാഘാതങ്ങളും ഇതിനകം വിശദീകരിച്ചു കഴിഞ്ഞിട്ടുള്ളതാണല്ലോ.

മോദിയുടെ മറ്റൊരു മുൻഗണന തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുക എന്നതായിരുന്നു. ലേബർ കോഡ് നിയമങ്ങൾ പാസ്സാക്കിയത് കോവിഡിനു ശേഷമാണ്. കോവിഡ് മറയാക്കി പുതിയ തൊഴിൽ നിയമങ്ങൾ കൊണ്ടുവരുന്നതിനു ബിജെപി സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയം സ്വീകരിച്ചു.

“ഇപ്പോഴല്ലെങ്കിൽ ഒരിക്കലുമില്ല. സംസ്ഥാനങ്ങളാണ് ചങ്കൂറ്റമുള്ള പരിഷ്കാരങ്ങളെ മുന്നോട്ടു നയിക്കുന്നത്. നമുക്ക് ഒരിക്കലും ഇതുപോലൊരു അവസരം ലഭിക്കില്ല. അത് ഉപയോഗിച്ചേ തീരൂ”. ആവേശക്കൊടുമുടിയിൽ നിന്ന് അലറിത്തുള്ളുകയായിരുന്നു. നമ്മുടെ നിതി ആയോഗ് സിഇഒ. യുപിയും ഗുജറാത്തുംപോലുള്ള സംസ്ഥാനങ്ങൾ എല്ലാവിധ തൊഴിൽ നിയമങ്ങളും റദ്ദാക്കിയതാണ് അദ്ദേഹത്തെ ഈ ഉന്മാദാവസ്ഥയിലെത്തിച്ചത്. ബിജെപിയുടെ ബിഎംഎസ് ട്രേഡ് യൂണിയൻപോലും ‘കാടത്തം’ എന്നു വിശേഷിപ്പിച്ച നീക്കം ഒരു ബ്യൂറോക്രാറ്റിനെ എത്രമാത്രം ആവേശം കൊള്ളിക്കുന്നുവെന്നു നോക്കൂ. ചില ബിജെപി സംസ്ഥാനങ്ങൾ സ്വീകരിച്ച ഈ കിരാത നടപടി അദ്ദേഹത്തെ സംബന്ധിച്ച് “1991നു ശേഷം ഉണ്ടായിട്ടുള്ള ഏറ്റവും ചങ്കുറപ്പുള്ള ധീരനടപടിയാണ്”.

പൊതുമേഖലയെയാകെ സ്വകാര്യവൽക്കരിക്കുന്നതിനുള്ള തന്ത്രം പാക്കേജിൽ തിരുകിക്കയറ്റാൻ ഒരു മടിയും മോദിക്ക് ഉണ്ടായില്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 − 7 =

Most Popular