Monday, September 9, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻകമ്പോള മൗലികവാദങ്ങൾ തിരിഞ്ഞുകുത്തുമ്പോൾ

കമ്പോള മൗലികവാദങ്ങൾ തിരിഞ്ഞുകുത്തുമ്പോൾ

‘‘ഞാൻ കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചു… പുതുനിക്ഷേപത്തിന് ഉൽപ്പാദനവുമായി ബന്ധപ്പെടുത്തിയുള്ള ആനുകൂല്യ സ്കീം പ്രഖ്യാപിച്ചു. ഇനി എനിക്ക് ഇന്ത്യയിലെ കോർപ്പറേറ്റ് മേധാവികളിൽ നിന്നാണ് കേൾക്കാനുള്ളത്. എന്താണ് നിക്ഷേപിക്കുന്നതിനു നിങ്ങൾക്കുള്ള തടസ്സം? വിദേശരാജ്യങ്ങളും വ്യവസായങ്ങളും ഇന്ത്യയെ നിക്ഷേപ സൗഹൃദ ഇടമായി കാണുന്നു. വിദേശമൂലധനം വരുന്നു. സ്റ്റോക്ക് മാർക്കറ്റ് ആത്മവിശ്വാസത്തിലാണ്. ഇന്ത്യയിലെ റീടെയിൽ നിക്ഷേപകർ അതിൽ വിശ്വസിക്കുന്നു. എന്തിനു നിങ്ങൾ മടിക്കണം?”

ചോദിച്ചത് സാധാരണ ഒരു വ്യക്തിയല്ല, കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനാണ്. വേദി ഇന്ത്യൻ കോർപ്പറേറ്റ് പ്രതിനിധികളെല്ലാം നിരന്നിരുന്ന മൈൻഡ്മൈൻ സമിറ്റ് – 2022 ആയിരുന്നു. താൻ ഇത്രയൊക്കെ ചെയ്തിട്ടും മുതലാളിമാർ വ്യവസായത്തിലും മറ്റും ആവശ്യമായ നിക്ഷേപം നടത്താൻ മടിക്കുന്നത് എന്തിനെന്ന് അവർക്കൊരു പിടിയും കിട്ടുന്നില്ല. ഇന്ത്യൻ കോർപ്പറേറ്റുകൾക്ക് അവരുടെ ശക്തി തിരിച്ചറിയാത്തതുകൊണ്ടാണോ?

അതുകൊണ്ട് അവർ തുടർന്നു. “അത് ഹനുമാനെപ്പോലെ നിങ്ങളുടെ കഴിവും ശേഷിയും നിങ്ങൾ തിരിച്ചറിയാത്തതുകൊണ്ടാണോ? ഹേ ഹനുമാൻ, അങ്ങേക്ക് അതു ചെയ്യാനാകുമെന്ന് അടുത്തു നിന്നു പറയാൻ ഒരാൾ ഇല്ലാത്തതുകൊണ്ടാണോ? ആരാണ് ഇന്ന് അത് ഹനുമാനോടു പറയേണ്ടത്. സർക്കാർ വേണോ?”

രാമായണ കഥയിലെ കിഷ്കിന്ധ കാണ്ഡത്തിൽ ഹനുമാനും വാനരസേനയും കടൽ എങ്ങനെ കടക്കുമെന്ന് ഓർത്ത് നിസ്സഹായരായി വിഷമിച്ചു നിൽക്കുമ്പോൾ ജാംബവാൻ ഹനുമാനെ സ്വന്തം ശേഷിയെക്കുറിച്ച് ഓർമ്മിപ്പിച്ച് ഉത്തേജിതനാക്കിയഒരു സന്ദർഭമുണ്ട്. ഇതിനെക്കുറിച്ചാണ് നിർമ്മലാ സീതാരാമൻ പരാമർശിക്കുന്നത്. ഒരുകാര്യം അവർ വിട്ടുപോയി. ഹനുമാനും ജാംബവാനും രാമഭക്തർ ആയിരുന്നെങ്കിൽ കോർപ്പറേറ്റുകളുടെ ഏക ഭക്തി ലാഭം ഒന്നിനോടു മാത്രമാണ്. പ്രത്യേകിച്ച് ഉപദേശമൊന്നും നൽകേണ്ട ആവശ്യമില്ല. നിക്ഷേപം നടത്തി അധിക ഉൽപ്പാദനം നടത്തിയാൽ അത് മുഴുവൻ ലാഭകരമായി വിറ്റുപോകുമെന്ന് ഉറപ്പുണ്ടെങ്കിൽ അവർ സ്വയം പണം കണ്ടെത്തിക്കോളും നിക്ഷേപം നടത്തിക്കോളും.

ഇടിയുന്ന നിക്ഷേപം
അതെന്തായാലും നിർമ്മലാ സീതാരാമന്റെ വേവലാതി യഥാർത്ഥമാണ്. ഇന്ത്യൻ സമ്പദ്ഘടനയിലെ നിക്ഷേപം 2008-ൽ ജിഡിപിയുടെ 38 ശതമാനം വരുമായിരുന്നു. എന്നാൽ ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ നിക്ഷേപം 36 ശതമാനത്തിനു താഴെയായി 2009ൽ കുറഞ്ഞു. പിന്നീട് ഏതാണ്ട് ഇതേ നിലയിൽ 2013-–14 വരെ തുടർന്നു. പിന്നെ ചിത്രം 1-ൽ കാണാവുന്നതുപോലെ തുടർച്ചയായിട്ടുള്ള ഇടിവാണ് രേഖപ്പെടുത്തിയത്. തുടർന്ന് 2017–-18-ൽ 30 ശതമാനമായി താഴ്ന്നു. നിർമ്മലാ സീതാരാമൻ സ്വീകരിച്ച നടപടികൾക്കൊന്നും ഫലമുണ്ടായില്ല. കോവിഡ് കഴിഞ്ഞ് 2021–-22-ൽപ്പോലും ജിഡിപി നിക്ഷേപത്തോത് 29.6 ശതമാനം മാത്രമാണ്. ചുമ്മാതല്ല സഹികെട്ട് നിർമ്മലാ സീതാരാമൻ പുരാണത്തിലേക്കു തിരിഞ്ഞത്. എന്തു ചെയ്യണമെന്ന് അവർക്ക് ഒരു പിടിയുമില്ല.

നികുതി കുറയ്ക്കുന്നതും കൂടുതൽ ആനുകൂല്യം നൽകുന്നതുമെല്ലാം കോർപ്പറേറ്റുകൾക്കു വളരെ സന്തോഷകരമായ കാര്യമാണ്. അതുകൊണ്ടുതന്നെ അവരുടെ ലാഭത്തിൽ അത്ഭുതകരമായ വർദ്ധനയും ഉണ്ടായിട്ടുണ്ട്. നിഫ്റ്റി സൂചികയിലെ 500 കമ്പനികളുടെ 2022-ലെ മൊത്തം ലാഭം ജിഡിപിയുടെ 4.3 ശതമാനംവരും. ഇത് കഴിഞ്ഞ ഒരു ദശാബ്ദത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്. എന്നിട്ടും സ്വകാര്യനിക്ഷേപം ഉയരുന്നില്ലെങ്കിൽ അതിനർത്ഥം അധിക ഉൽപ്പാദനം വിപണിയിൽ വിറ്റുപോകുമെന്ന് വ്യവസായികൾക്ക് ഉറപ്പില്ലായെന്നാണ്. സമ്പദ്ഘടനയിലെ മൊത്തം ഡിമാന്റ് ഉത്പ്പാദിപ്പിക്കപ്പെടുന്ന ചരക്കുകൾ മുഴുവൻ വാങ്ങുന്നതിന് അപര്യാപ്തമാണ്. അതുകൊണ്ടാണ് അവർ മുതൽമുടക്കാൻ മടിക്കുന്നത്.

ചിത്രം 1
ഇന്ത്യയിലെ നിക്ഷേപം ജിഡിപിയുടെ ശതമാനമായി 2005–06/2017-18

കടപ്പാട്: ആർ. നാഗരാജ് (www.The India Forum.in February 7, 2020)

മൊത്തം ഡിമാന്റ് എന്നാലെന്ത്?
ഇന്ത്യയിലെ മൊത്തം ഡിമാന്റിന് എന്താണു സംഭവിക്കുന്നത്? മൊത്തം ഡിമാന്റ് എന്നു പറഞ്ഞാൽ നാല് ഘടകങ്ങൾ കൂടിച്ചേരുന്നതാണ്.

മൊത്തം ഡിമാന്റ് = ഉപഭോഗം + നിക്ഷേപം + അസൽ കയറ്റുമതി + സർക്കാർ ചെലവ്

ഒന്ന് ഭക്ഷണം, വസ്ത്രം തുടങ്ങി ജീവിത ആവശ്യങ്ങൾക്കു വേണ്ടിയുള്ള ഉപഭോക്തൃ ഉൽപ്പന്നങ്ങൾക്കായുള്ള ജനങ്ങളുടെ ഉപഭോഗ ഡിമാന്റ്. സ്വകാര്യ ഉപഭോഗം ജിഡിപിയുടെ 56 ശതമാനമാണ്.

രണ്ട്: അസംസ്കൃത വസ്തുക്കൾ, യന്ത്രസാമഗ്രികൾ, പശ്ചാത്തലസൗകര്യങ്ങൾ തുടങ്ങിയവയ്ക്കായുള്ള കോർപ്പറേറ്റുകളുടെയും അല്ലാതുള്ള സംരംഭകരുടെയും ഡിമാന്റ്. ഇതോടൊപ്പം കുടുംബങ്ങളുടെ കെട്ടിട നിർമ്മാണം പോലുള്ള നിക്ഷേപങ്ങളും ഇതിൽപ്പെടും. ഇതിനെ മൊത്തം മൂലധന രൂപീകരണം (ഗ്രോസ് ക്യാപിറ്റൽ ഫോർമേഷൻ) എന്നും വിളിക്കും. സ്വകാര്യ മൂലധനച്ചെലവ് ദേശീയ വരുമാനത്തിന്റെ ഏതാണ്ട് 28 ശതമാനമാണ്.

മൂന്ന്: രാജ്യത്തു നിന്നുള്ള കയറ്റുമതി ഡിമാന്റ് വർദ്ധിപ്പിക്കുന്നു. ഇറക്കുമതി ഡിമാന്റ് കുറയ്ക്കുന്നു. കയറ്റുമതി സമ്പദ്ഘടനയിലെ മൊത്തം ഡിമാന്റ് വർദ്ധിപ്പിക്കുമെങ്കിൽ ഇറക്കുമതി ഡിമാന്റ് കുറയ്ക്കും. അതുകൊണ്ട് മൂന്നാമത്തെ ഇനം, ഇറക്കുമതി കിഴിച്ചാൽ കിട്ടുന്ന അസൽ കയറ്റുമതിയാണ്. ഇന്ത്യയിൽ എപ്പോഴും കയറ്റുമതിയേക്കാൾ കൂടുതലാണ് ഇറക്കുമതി. അതുകൊണ്ട് കയറ്റുമതിയിൽ നിന്നുള്ള ഡിമാന്റ് മൈനസ് ആണ്. ഇത് ഏതാണ്ട് 3 ശതമാനം മൈനസ് ആണ്.

നാല് : സർക്കാരിന്റെ ചെലവ്. ഇത് ഉപഭോക്തൃ ചെലവുമാകാം, നിക്ഷേപ ചെലവുമാകാം. കേന്ദ്ര സർക്കാരിന്റെ ചെലവ് ജിഡിപിയുടെ 19 ശതമാനം വരും. അതിൽ 8 ശതമാനം മൂലധനച്ചെലവാണ്. ബാക്കി ഉപഭോക്തൃ ചെലവും.

ബിജെപി ഭരണകാലത്ത് രാജ്യത്തെ മൊത്തം ഡിമാന്റിന് എന്തു സംഭവിച്ചു? ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയാൽ നിർമ്മലാ സീതാരാമന്റെ ചോദ്യത്തിന് ഉത്തരമാകും. നമുക്ക് മൊത്തം ഡിമാന്റിന്റെ നാല് ഘടകങ്ങളുടെയും മാറ്റങ്ങളെ പ്രത്യേകമെടുത്തു പരിശോധിക്കാം.

ഉപഭോക്തൃ ഡിമാന്റ്
സ്വകാര്യ ഉപഭോക്തൃ ഡിമാന്റ് ജനങ്ങളുടെ വരുമാനത്തെ ആശ്രയിച്ചിരിക്കും. ജനങ്ങളുടെ വരുമാനം മുഖ്യമായും തൊഴിൽ ലഭ്യതയേയും കൂലി അല്ലെങ്കിൽ വരുമാനത്തെയും ആശ്രയിച്ചിരിക്കും.

നോട്ട് നിരോധനത്തെത്തുടർന്ന് തൊഴിലില്ലായ്മ ഉയരാൻ തുടങ്ങി. 2017–-18-ൽ അത് 6.1 ശതമാനമായി കുത്തനെ ഉയർന്നു. തുടർന്നുള്ള വർഷങ്ങളിൽ ഔദ്യോഗിക കണക്കു പ്രകാരം തൊഴിലില്ലായ്മയിൽ കുറവ് വന്നിട്ടുണ്ടെങ്കിലും മറ്റു സ്രോതസ്സുകളിൽ നിന്നുള്ള സ്ഥിതിവിവര കണക്കുകൾ പ്രകാരം തൊഴിലില്ലായ്മ ഉയർന്നുതന്നെ തുടരുകയാണ്. വീടുമായി ബന്ധപ്പെട്ടുള്ള സ്വന്തം ഉപഭോഗത്തിനായുള്ള സ്വയംതൊഴിലുകളെക്കൂടി തൊഴിലിന്റെ നിർവ്വചനത്തിൽ കൊണ്ടുവന്നാണ് മോദി സർക്കാർ തൊഴിലില്ലായ്മ നിരക്ക് താഴ്ത്തിയത്.

തൊഴിലെടുക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ ഇടിവ് ഉണ്ടായിട്ടുണ്ട്. 2004-–05-ൽ ഇവർ തൊഴിൽ പ്രായപരിധിയിലുള്ള ജനങ്ങളുടെ 42 ശതമാനം വരുമായിരുന്നു. 2011-–12-ൽ ഇത് 38.6 ശതമാനമായി കുറഞ്ഞു. 2017-–18-ൽ 34.1 ശതമാനമായി ഇടിഞ്ഞു.

കൂലിയുടെ വർദ്ധനയാവട്ടെ അതീവ മന്ദഗതിയിലായിരുന്നു. 2014 ഡിസംബറിനും 2018 ഡിസംബറിനും ഇടയിൽ കർഷകത്തൊഴിലാളിയുടെയും ഗ്രാമീണ തൊഴിലാളിയുടെയും കൂലി 0.5 ശതമാനം വീതമാണ് പ്രതിവർഷം ഉയർന്നത്. ഇത് മുൻകാല വർദ്ധനവിനേക്കാൾ വളരെ താഴ്ന്നതാണ്.

1980-കൾ മുതൽ ഇന്ത്യയിലെ ദാരിദ്ര്യരേഖയ്ക്കു കീഴിലുള്ളവരുടെ എണ്ണം ഔദ്യോഗിക കണക്കുകൾ പ്രകാരം തുടർച്ചയായി കുറഞ്ഞുവരികയായിരുന്നു. ഈ കണക്കുകളെ പ്രഭാത് പട്നായ്-ക്കിനെ പോലുള്ളവർ നിശിതമായി വിമർശിച്ചിട്ടുണ്ട്. എന്നാൽ ഔദ്യോഗിക കണക്കു പ്രകാരം തന്നെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ എണ്ണം ബിജെപി ഭരണത്തിൻ കീഴിൽ വർദ്ധിക്കാൻ തുടങ്ങി.

സർക്കാർ സമീപകാലത്ത് 2023–24 ധനകാര്യ വർഷത്തിലെ ജിഡിപി വളർച്ചയുടെ കണക്ക് പ്രസിദ്ധീകരിച്ചു. അതുപ്രകാരം ഉപഭോഗത്തിലുള്ള വർദ്ധന 4.4 ശതമാനം മാത്രമാണ്. 20 വർഷത്തിനിടയിൽ ഏറ്റവും താഴ്ന്ന നിരക്കാണിത്. വരുമാനത്തിലെ അസമത്വം വിലക്കയറ്റംമൂലം വർദ്ധിച്ചിരിക്കുന്നു. പ്രാദേശിക ഉല്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് ഇറക്കുമതിയുടെമേൽ ഉയർന്ന നികുതി ചുമത്തിയതും പല ആഭ്യന്തര ഉല്പന്നങ്ങളുടെയും വില വർദ്ധനവിലേക്കു നയിച്ചിട്ടുണ്ട്. തൊഴിലെടുക്കുന്ന 10 ശതമാനം ആളുകൾക്കേ 25,000 രൂപയേക്കാൾ മാസവരുമാനമുള്ളൂ. മിനിമംകൂലി വർദ്ധിക്കാത്തത് സ്ഥിതിഗതികളെ കൂടുതൽ മോശമാക്കി. അവിദഗ്ധ തൊഴിലാളികൾക്കുള്ള മിനിമം കൂലിയായ 176 രൂപ 2017-നുശേഷം പുതുക്കിയിട്ടില്ല.

കേന്ദ്ര സർക്കാരിന്റെ വാർഷിക ചെലവ് ജിഡിപിയുടെ –ശതമാനമായി 2011-12/2018-19

ഡിമാന്റ് മുരടിക്കുമ്പോൾ 
ചെലവ് ചുരുക്കി കേന്ദ്ര സർക്കാർ
2010-നുശേഷം ദേശീയ വരുമാനത്തിന്റെ കയറ്റുമതി അനുപാതത്തിൽ കുറവു വരാൻ തുടങ്ങി. മൂലധന നിക്ഷേപവും കുറഞ്ഞു. അങ്ങനെ മൊത്തം ഡിമാന്റിന്റെ മൂന്നു ഘടകങ്ങളും താഴുകയാണുണ്ടായത്. ഈ സ്ഥിതിവിശേഷത്തിൽ അത്താണിയാകേണ്ടത് സർക്കാർ ചെലവാണ്. സമ്പദ്ഘടന മുരടിപ്പിലേക്കു വഴുതി വീഴാതിരിക്കണമെങ്കിൽ സർക്കാർ ചെലവ് ഗണ്യമായി ഉയർത്താൻ തയ്യാറാകണം.

എന്നാൽ മോദി സർക്കാർ ചെലവു ചുരുക്കാനാണു തീരുമാനിച്ചത്. ചിത്രം 2-ൽ കാണാവുന്നതുപോലെ 2011–-12-ൽ സർക്കാർ ചെലവ് ജിഡിപി അനുപാതത്തിന്റെ 14.38 ശതമാനം ആയിരുന്നു. അത് തുടർച്ചയായി കുറഞ്ഞുകുറഞ്ഞ് 2017-–18-ൽ 12.25 ശതമാനത്തിൽ എത്തി. തുടർന്ന് കോവിഡ് കാലത്ത് സർക്കാർ ചെലവ് കുത്തനെ ഉയർന്നു. അത് ഇപ്പോൾ വീണ്ടും 11-–12 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുകയാണ്.

ഉപഭോക്തൃ ഡിമാന്റും നിക്ഷേപ ഡിമാന്റും വിദേശ കയറ്റുമതിയും ഇടിയുന്ന കാലത്തുപോലും ചെലവ് വർദ്ധിപ്പിക്കാൻ ബിജെപി സർക്കാർ തയ്യാറാകുന്നില്ല. ഈ സമീപനം സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു.

പലിശയിലും തലതിരിഞ്ഞ നയം
സർക്കാരിന്റെ പണനയത്തിലാണ് ഈ കമ്പോള മൗലികവാദം കൂടുതൽ ആക്രമണോൽസുകമാകുന്നത്. സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായി പലിശ നിരക്കുകൾ സ്വതന്ത്രമായി. അടിസ്ഥാനപലിശ നിരക്ക് അഥവാ റിസർവ്വ് ബാങ്ക് മറ്റു ബാങ്കുകൾക്കു വായ്പ നൽകുന്ന പലിശ നിരക്ക് മാത്രമാണു നിശ്ചയിക്കുക. മറ്റു ചില്ലറ പലിശ നിരക്കുകൾ നിശ്ചയിക്കുന്നതിന് ബാങ്കുകൾക്കും മറ്റും സ്വാതന്ത്ര്യമുണ്ട്. അടിസ്ഥാന പലിശ നിരക്കിനെ വിളിക്കുന്നത് റിപ്പോ നിരക്ക് എന്നാണ്. മോദി സർക്കാരിനു കീഴിൽ റിപ്പോ നിരക്കിന് എന്തു സംഭവിച്ചുവെന്നത് ചിത്രം 3-ൽ കാണാം.

ചിത്രം 3
റിപ്പോ പലിശ നിരക്കിന്റെ സ്ഥിരവിലയിലുള്ള ഗതിമാറ്റം

കടപ്പാട്: പുല്ലാപ്ര ബാലകൃഷ്ണൻ

മോദി അധികാരത്തിൽ വരുമ്പോൾ വിലക്കയറ്റ നിരക്കിനേക്കാൾ താഴ്ന്നതായിരുന്നു റിപ്പോ നിരക്ക്. അതുകൊണ്ട് യഥാർത്ഥ പലിശ നിരക്ക് 2012–-13-ൽ –2.1 ആയിരുന്നു. 2013-–14-ൽ – 1.8-ഉം. പക്ഷേ മോദി സർക്കാരിന്റെ ആദ്യ വർഷമായ 2014–-15-ലെ യഥാർത്ഥ പലിശ നിരക്ക് നോക്കൂ. 2 ശതമാനമായി കുതിച്ചുയർന്നു. ആ ഒറ്റവർഷം റിപ്പോ നിരക്ക് 3.8 ശതമാനമാണ് ഉയർന്നത്. തുടർന്നുള്ള വർഷങ്ങളിലും പലിശ നിരക്ക് ഉയർന്നു തന്നെ തുടർന്നു. കോവിഡ് വന്നപ്പോഴാണ് പലിശ നിരക്ക് ഇടിഞ്ഞത്. അപ്പോഴും 2019–-20-ൽ പലിശ നിരക്ക് 0.7 ശതമാനം ആയിരുന്നു.

പലിശ നിരക്കിലെ മാറ്റങ്ങൾ മുഖ്യമായും വിലക്കയറ്റത്തെ നിയന്ത്രിക്കുന്നതിനു ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. മോദിയുടെ ആദ്യ അഞ്ചുവർഷത്തെ ഭരണകാലത്ത് യുപിഎ കാലത്തെ അപേക്ഷിച്ച് വിലക്കയറ്റം താഴ്ന്നതായിരുന്നു. അന്തർദേശീയമായി ക്രൂഡോയിലിന്റെ വില ഇടിഞ്ഞു താഴ്ന്നതാണ് ഇതിന്റെ മുഖ്യകാരണം. ഈ പശ്ചാത്തലത്തിൽ പലിശ നിരക്ക് ഉയർത്തിയത് വിഡ്ഢിത്തമായിരുന്നു. പലിശ താഴ്ത്തി നിർത്തി നിക്ഷേപത്തെ ഉത്തേജിപ്പിച്ച് വളർച്ച ഉയർത്താൻപറ്റിയ സന്ദർഭമായിരുന്നു അത്. പക്ഷേ, മോദി ചെയ്തത് നേർവിപരീതമാണ്. പലിശ നിരക്ക് ഉയർത്തി. എന്തിന് ഇത് ചെയ്തൂവെന്നതിനെക്കുറിച്ച് ഇന്നേവരെ ഒരു വിശദീകരണവും ആരും നൽകിയിട്ടില്ല.

നോട്ട് നിരോധനത്തെത്തുടർന്ന് വളർച്ചാ നിരക്ക് ഇടിയുമെന്നതു വളരെ വ്യക്തമായിരുന്നു. അപ്പോഴെങ്കിലും പലിശ നിരക്ക് കുറയ്ക്കുന്ന നയം സ്വീകരിക്കുകയാണു യുക്തിസഹമായ നയം. എന്നാൽ പലിശ കുറയ്ക്കാൻ മോദി തയ്യാറായില്ല. കോവിഡ് കാലത്ത് സാമ്പത്തികത്തകർച്ച വന്നപ്പോൾ മാത്രമാണ് പലിശ നിരക്ക് കുറയ്ക്കാൻ മോദി സർക്കാർ തയ്യാറായത്.

മോദി ഭരണകാലത്ത് സാമ്പത്തിക ദൃഢീകരണത്തിനാണ് (stabilisation) ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത്. യഥാർത്ഥ പലിശ നിരക്ക് ഉയർത്തി നിർത്തുകയെന്നതായിരുന്നു റിസർവ്വ് ബാങ്ക് പിന്തുടർന്ന നയം. ചുരുക്കത്തിൽ ധനനയവും പണനയവും ഒരുപോലെ സാമ്പത്തിക ഉത്തേജനത്തിനു പകരം സാമ്പത്തിക ചുരുക്കലിൽ ഊന്നിക്കൊണ്ടുള്ളതായിരുന്നു. നോട്ടുനിരോധനം പോലെതന്നെ സാമ്പത്തിക മണ്ടത്തരങ്ങളാണ് മോദിയുടെ ഈ നയങ്ങളും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

9 + eighteen =

Most Popular