Sunday, November 24, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻഅർദ്ധരാത്രിയിൽ ജിഎസ്ടി മോദിയുടെ മറ്റൊരു മണ്ടത്തരം

അർദ്ധരാത്രിയിൽ ജിഎസ്ടി മോദിയുടെ മറ്റൊരു മണ്ടത്തരം

ർദ്ധരാത്രി പാർലമെന്റിന്റെ ഇരുസഭകളും ഒരുമിച്ചു സമ്മേളിച്ചാണ് ജി.എസ്.ടി യുഗത്തിനു 2017 ജൂലൈ 1-നു തുടക്കംകുറിച്ചത്. സ്വാതന്ത്ര്യപ്രഖ്യാപനംപോലെ നിർണ്ണായകമായ ഒരു പരിഷ്കാരമാണ് ഇന്ത്യയിൽ നടപ്പാക്കുന്നതെന്ന സന്ദേശം നൽകാനായിരുന്നു അർദ്ധരാത്രി സമ്മേളനം. ഇന്ത്യയിൽ സാമ്പത്തിക കുതിപ്പിനു ജി.എസ്.ടി വഴിതെളിക്കുമെന്നായിരുന്നു മോദി സർക്കാരിന്റെ അവകാശവാദം.

വ്യാപാര തടസ്സങ്ങൾ നീങ്ങുന്നതോടെ കമ്പോളം ഏകീകരിക്കപ്പെടുകയും വിപുലമാക്കപ്പെടുകയും ചെയ്യും; ജി.എസ്.ടി വരുന്നതോടെ കയറ്റുമതിയ്ക്ക് സമ്പൂർണ്ണ നികുതിയിളവ് ലഭിക്കും; നമ്മുടെ മത്സരശേഷി കൂടും; കയറ്റുമതി വർദ്ധിക്കും എന്നൊക്കെ കൊട്ടിഘോഷിക്കപ്പെട്ടു. പക്ഷേ, ഇതൊന്നുമല്ല യഥാർത്ഥത്തിൽ സംഭവിച്ചത്. ജി.എസ്.ടി നടപ്പാക്കൽ താല്കാലികമായിട്ടെങ്കിലും സമ്പദ്ഘടനയ്ക്ക് ഒരു തിരിച്ചടിയായിത്തീർന്നു.

ആഗോളവൽക്കരണ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായി ചെറുകിടമേഖലയ്ക്കുള്ള സംവരണം, റിബേറ്റ് തുടങ്ങിയ ആനുകൂല്യങ്ങൾ നിർത്തുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്ത വേളയിലായിരുന്നു നോട്ടുനിരോധനം. ഇങ്ങനെ പ്രതിസന്ധിയിൽ അസംഘടിത മേഖലയിലെ ചെറുകിട സ്ഥാപനങ്ങൾ വലഞ്ഞിരുന്ന വേളയിലാണ് ജി.എസ്.ടി നടപ്പാക്കപ്പെട്ടത്. ജി.എസ്.ടി ചെറുകിട മേഖലയ്ക്കു തിരിച്ചടിയായി. ചെറുകിട – ഇടത്തരം വ്യവസായ സംഘടനകൾപോലും ആദ്യം ഈ അപകടം തിരിച്ചറിഞ്ഞിരുന്നില്ല.

ഒന്നരക്കോടി രൂപയിൽ താഴെ വിറ്റുവരുമാനമുള്ള ചെറുകിട വ്യവസായികൾക്ക് എക്സൈസ് നികുതി ഉണ്ടായിരുന്നില്ല. വാറ്റ് നികുതിയേ ഒടുക്കേണ്ടി വന്നിരുന്നുള്ളൂ. അതുകൊണ്ട് അവരെ സംബന്ധിച്ചിടത്തോളം ജി.എസ്.ടി അധികഭാരമായി മാറി. വൻകിടക്കാരുമായിട്ടുള്ള അവരുടെ മത്സരശേഷി ഇടിഞ്ഞു. പെരുമ്പാവൂരിലെ പ്ലൈവുഡ് വ്യവസായികൾ വലുതായി പ്രതിഷേധിക്കുകയുണ്ടായി. തുണിയുടെ കാര്യത്തിൽ അസംസ്കൃത വസ്തുക്കൾക്ക് ഉല്പന്നങ്ങളുടെ നികുതി നിരക്കിനേക്കാൾ ഉയർന്ന നികുതി വന്നത് ഇൻപുട്ട് ക്രെഡിറ്റ് കിട്ടുന്നതിനു വലിയ പ്രയാസം സൃഷ്ടിച്ചു. ഇതുപോലുള്ള നികുതിഘടനയുടെ പൊരുത്തക്കേടുകളും കൂനിൻമേൽകുരു പോലെയായി. നോട്ടുനിരോധനത്തിൽ തകർന്ന ചെറുകിട മേഖലയ്ക്ക് ജി.എസ്.ടി ഇരുട്ടടിയായി.

എന്താണ് ജി.എസ്.ടി?

ണ്ടുതരം നികുതികളുണ്ട്. വരുമാനത്തെയും സ്വത്തിനെയും ആസ്പദമാക്കിയുള്ള പ്രത്യക്ഷ നികുതി. ചരക്കുകളുടെയും സേവനങ്ങളുടെയും കൈമാറ്റത്തിന്മേലുള്ള പരോക്ഷ നികുതി. നികുതിദാതാവ് ആരാണോ അയാളുടെ മേലായിരിക്കും പ്രത്യക്ഷ നികുതിയുടെ ഭാരം. അതേസമയം പരോക്ഷ നികുതിയുടെ ഭാരം നികുതിദാതാവിനല്ല, മറിച്ച് ചരക്കുകളുടെയും സേവനത്തിന്റെയും ഉപഭോക്താവിന്റെ മേലാണ്. പരമ്പരാഗതമായ വില്പന നികുതിപോലുള്ള പരോക്ഷ നികുതികൾക്ക് ഒരു ദോഷമുണ്ടായിരുന്നു. ഓരോ വില്പനവേളയിലും നികുതി ഒടുക്കണം. അങ്ങനെ നികുതിക്കുമേൽ നികുതി ചുമത്തപ്പെടുന്നു. ഉദാഹരണത്തിന്, ഫാക്ടറിയിൽ നിന്ന് ഹോൾസെയിൽ വ്യാപാരി ചരക്ക് വാങ്ങുമ്പോൾ എക്സൈസ് നികുതി കേന്ദ്രത്തിനു നൽകണം. ഈ നികുതികൂടി അടങ്ങുന്ന വിലയ്ക്കാണു ഹോൾസെയിൽ വ്യാപാരി ചരക്ക് റീട്ടെയിൽ കച്ചവടക്കാരന് വില്ക്കുന്നത്. പക്ഷേ, അപ്പോഴും റീട്ടെയിൽ വില്പനക്കാരൻ വില്പന നികുതി നൽകണം. അവസാനം ഈ വില്പന നികുതികൂടി അടങ്ങിയ വിലയ്ക്കാണ് റീട്ടെയിൽ കച്ചവടക്കാരൻ ചരക്ക് വില്ക്കുന്നത്. ഈ വിലയുടെമേൽ വീണ്ടും വില്പന നികുതി കൊടുത്തിട്ടാണ് ഉപഭോക്താവിനു ചരക്ക് ലഭ്യമാകുക. അങ്ങനെ ഈയൊരു ഉല്പന്നത്തിനുമേൽ മൂന്ന് തവണ നികുതി ചുമത്തപ്പെടുന്നു.

ഈ സ്ഥിതിവിശേഷം ഒഴിവാക്കാനാണ് സംസ്ഥാനത്ത് വാറ്റ് നികുതിയും കേന്ദ്രത്തിൽ സെൻ വാറ്റ് നികുതിയും കൊണ്ടുവന്നത്. ഈ സമ്പ്രദായത്തിൽ ചില്ലറ വ്യാപാരി ചരക്ക് വാങ്ങുമ്പോൾ ഹോൾസെയിലുകാരനു വാറ്റ് നികുതി കൊടുക്കണം. ചരക്ക് വില്ക്കുമ്പോൾ ഉപഭോക്താവിൽ നിന്നു വാറ്റ് നികുതി ഈടാക്കും. പക്ഷേ, മുഴുവൻ നികുതിയും സർക്കാരിനു കൊടുക്കണ്ട. ഹോൾസെയിലുകാരനു കൊടുത്ത വാറ്റ് നികുതി കിഴിച്ച് ശിഷ്ടം തുക നൽകിയാൽ മതി. അയാൾ വിൽക്കുമ്പോൾ, വാങ്ങുന്ന നികുതിയെ ഔട്ട്പുട്ട് ടാക്സ് എന്നാണു വിളിക്കുന്നത്. വാങ്ങിയപ്പോൾ കൊടുത്ത നികുതിക്ക് ഇൻപുട്ട് ടാക്സ് എന്നും വിളിക്കുന്നു. ഔട്ട്പുട്ട് ടാക്സിൽ നിന്നും ഇൻപുട്ട് ടാക്സ് കിഴിച്ച് ബാക്കിവരുന്ന തുകയേ നികുതിയായി സർക്കാരിനു നൽകേണ്ടി വരുന്നുള്ളൂ. അഥവാ അയാൾ ചരക്ക് വിറ്റപ്പോൾ വിലയിലുണ്ടായ വർദ്ധനവിനു മേലുള്ള നികുതിയേ സർക്കാരിൽ ഒടുക്കേണ്ടതുള്ളൂ. അതുകൊണ്ടാണ് ഇതിനെ മൂല്യവർദ്ധിത നികുതി (Value Added Tax അഥവാ VAT) എന്നു വിളിക്കുന്നത്.

എന്നാൽ മേൽപ്പറഞ്ഞ കഥയിൽ ഒരു പ്രശ്നമുണ്ട്. ഫാക്ടറിയിൽ നിന്നു ഹോൾസെയിലുകാരൻ വാങ്ങുമ്പോൾ കൊടുക്കുന്ന നികുതി കേന്ദ്രസർക്കാരിന്റേതാണ്. ഉല്പാദനഘട്ടത്തിൽ ചുമത്തുന്ന ഈ നികുതിയെ എക്സൈസ് എന്നോ സെൻ വാറ്റ് എന്നോ വിളിക്കും. കേന്ദ്ര സർക്കാരിനു നൽകുന്ന ഈ നികുതിക്ക് ഇൻപുട്ട് ക്രെഡിറ്റ്, വാറ്റ് സമ്പ്രദായത്തിൽ ലഭിക്കില്ല. മറ്റു സംസ്ഥാനങ്ങളിൽനിന്നാണ് ചില്ലറ വില്പനക്കാരൻ ചരക്ക് വാങ്ങുന്നതെങ്കിൽ അവിടെ കൊടുത്ത നികുതിക്കും ഇൻപുട്ട് ക്രെഡിറ്റ് ഇല്ല. അങ്ങനെ എക്സൈസും മറ്റു സംസ്ഥാനങ്ങളിൽ കൊടുത്ത വില്പന നികുതിയും ഉൾക്കൊള്ളുന്ന വിലയുടെ മേലാണ് കേരളത്തിലെ വാറ്റ് വരിക. ഈ രണ്ട് നികുതികൾ മാത്രമല്ല, കേന്ദ്രത്തിന്റെ സർവ്വീസ് നികുതി, സംസ്ഥാനത്തിന്റെ മറ്റു പരോക്ഷനികുതികൾ തുടങ്ങിയവയും വാറ്റ് വലയത്തിനു പുറത്തായിരിക്കും.

ഈ സ്ഥിതിവിശേഷം അവസാനിപ്പിച്ച് വാറ്റ് നികുതിയിൽ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും പരോക്ഷനികുതികളെല്ലാം ലയിപ്പിച്ച് ഇന്ത്യയിൽ എവിടെനിന്നു വാങ്ങിയാലും ഇൻപുട്ട് ക്രെഡിറ്റ് ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ജി.എസ്.ടി അഥവാ ചരക്കു-സേവന നികുതിക്കു രൂപം നൽകിയത്. അതോടെ ഇന്ത്യയിലുടനീളം ഏകീകൃത നികുതി സമ്പ്രദായം വരുന്നു. എല്ലാത്തിനും എല്ലായിടത്തും ഒരുപോലെ മൂല്യവർദ്ധനവിനുമേൽ മാത്രമേ നികുതി ചുമത്തപ്പെടുന്നുള്ളൂ.

ഈ പുതിയ സമ്പ്രദായത്തിനു മേന്മകൾ ഏറെയുണ്ടെങ്കിലും അതിന്റെ ഏറ്റവും വലിയ ദൂഷ്യം സംസ്ഥാനത്തിന് നികുതി നിരക്കുകളിൽ മാറ്റം വരുത്താനുള്ള അവകാശം നഷ്ടപ്പെടുന്നുവെന്നതാണ്. അതിനുള്ള അധികാരം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും പ്രാതിനിധ്യമുള്ള ജി.എസ്.ടി കൗൺസിലിനാണ്. അവിടെ 75 ശതമാനം വോട്ട് കിട്ടിയാലേ തീരുമാനങ്ങൾ എടുക്കാനാകൂ. 25 ശതമാനം വോട്ട് കേന്ദ്ര സർക്കാരിന്റേതാണ്. എന്നുവച്ചാൽ ഏതു തീരുമാനത്തെയും വീറ്റോ ചെയ്യാനുള്ള അധികാരം കേന്ദ്ര സർക്കാരിനുണ്ട്.

ഈ പ്രതിസന്ധി പരിഹരിക്കുന്നതിനു കേരളമാണ് ഒന്നരക്കോടി രൂപ വരെ ചെറുകിടക്കാർക്ക് അനുമാന നികുതി അനുവദിക്കാനുള്ള നിർദ്ദേശം മുന്നോട്ടുവച്ചത്. അതായത് ഇത്തരം ചെറുകിടക്കാർ വിശദമായ കണക്കൊന്നും ഹാജരാക്കാതെ ടേൺഓവറിന്റെ രണ്ട് ശതമാനം അനുമാന നികുതിയായി നൽകിയാൽ മതിയാകും. ചെറുകിടക്കാർ മൂന്നു മാസത്തിലൊരിക്കൽ റിട്ടേണും നികുതിയും ഒടുക്കിയാൽ മതിയെന്നും ധാരണയായി.

ജി.എസ്.ടിയിലേക്കുള്ള 
എടുത്തുചാട്ടത്തിൽ 
നടുവൊടിഞ്ഞ് 
കയറ്റുമതി മേഖല

binary comment

ജി.എസ്.ടിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായിരിക്കും കയറ്റുമതിക്കാർ എന്നാണു ധരിച്ചിരുന്നത്. കയറ്റുമതിയുടെ മേലുള്ള ജി.എസ്.ടി പൂർണ്ണമായും റീഫണ്ട് നൽകുമെന്നായിരുന്നു തീരുമാനം. എന്നുവച്ചാൽ ആദ്യം ജി.എസ്.ടി അടയ്ക്കണം. കയറ്റുമതി ചെയ്തു കഴിഞ്ഞാൽ കണക്കുകൾ ഹാജരാക്കി റീഫണ്ട് വാങ്ങണം.

സംസ്കരിച്ച് കയറ്റുമതി ചെയ്യുമെന്ന ഉറപ്പിൽ ചുങ്കമില്ലാതെ നേരത്തെ അസംസ്കൃത വസ്തുക്കളും മറ്റും ഇറക്കുമതി ചെയ്യാമായിരുന്നു. ജി.എസ്.ടി വന്നതോടെ കയറ്റുമതിക്കായി ചരക്കുകൾ വാങ്ങുമ്പോഴും ആദ്യം നികുതി ഒടുക്കിയേതീരൂ. അതുപോലെ ഉൽപ്പാദനവേളയിൽ വാങ്ങുന്ന അസംസ്കൃത വസ്തുക്കളും ജി.എസ്.ടി നൽകി വാങ്ങണം. കൊടുത്ത നികുതി കയറ്റുമതി ചെയ്യുമ്പോഴേ റീഫണ്ടായി കിട്ടൂ. റീഫണ്ട് ലഭിക്കാൻ വലിയ കാലതാമസം ഉണ്ടായി.

കാരണം ജി.എസ്.ടി നെറ്റ്-വർക്ക് പ്രവർത്തന സജ്ജമായിരുന്നില്ല. എല്ലാം റെഡിയാണെന്ന് പലവട്ടം പറഞ്ഞെങ്കിലും ഐ.ടി നെറ്റ–വർക്കിൽ ഒട്ടേറെ പ്രശ്നങ്ങൾ അവശേഷിച്ചിരുന്നു. വേണ്ടത്ര അവധാനതയില്ലാതെ ജി.എസ്.ടി നടപ്പാക്കിയതിന്റെ വിപരീതഫലത്തിന് ഉദാഹരണമാണ് കയറ്റുമതിക്കുണ്ടായ തിരിച്ചടി.

സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽതന്നെ രാജ്യത്തിന്റെ വളർച്ചാ നിരക്ക് 5.7 ശതമാനമായി താണിരുന്നു. കയറ്റുമതി സ്തംഭനംകൂടി ആയാൽ ഉൽപാദനം മുതലക്കൂപ്പ് നടത്തും. 28-–ാമത് ജി.എസ്.ടി കൗൺസിലിൽ ഈ അപകടത്തെക്കുറിച്ച് സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം ഒരു അവതരണം നടത്തി. പുറമേ എന്തു നടിച്ചാലും സാമ്പത്തിക ഭദ്രതയെക്കുറിച്ച് ഭരണകർത്താക്കളുടെ ആശങ്ക അദ്ദേഹത്തിന്റെ വാക്കുകളിൽ വ്യക്തമായിരുന്നു. ഇതിനെത്തുടർന്ന് പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിച്ചു. ആ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം കയറ്റുമതിയെ രക്ഷിക്കാൻ ചില നടപടികൾ സ്വീകരിച്ചു.

കയറ്റുമതി റീഫണ്ടുകൾ താൽക്കാലികമായി വിതരണം ചെയ്തു. ഭാവിയിൽ കാലതാമസം ഒഴിവാക്കാനായി ഇ- വാലറ്റ് എന്ന പേരിൽ ഒരു പുതിയ സംവിധാനം കൊണ്ടുവന്നു. എന്നുവച്ചാൽ ഓരോ കയറ്റുമതിക്കാരനും കയറ്റുമതിയ്ക്കുള്ള ചരക്കുകൾ വാങ്ങുമ്പോൾ ഒടുക്കേണ്ടിവരുന്ന നികുതി ഒരു പ്രത്യേക ബാങ്ക് അക്കൗണ്ടിൽ സർക്കാർ നൽകും. നികുതി ഒടുക്കാൻ മാത്രമേ ഇത് ഉപയോഗിക്കാനാകൂ. ജി.എസ്.ടി.എൻ ഓൺലൈനായി റീഫണ്ടിന്റെ കണക്കുകൾ പൂർത്തീകരിച്ചു കഴിയുമ്പോൾ ഇത് അഡ്ജസ്റ്റ് ചെയ്യും. പക്ഷേ ഇ- വാലറ്റ് ഉണ്ടാക്കാൻ ഒട്ടേറെ കാലതാമസമുണ്ടായി. അവസാനം തൽക്കാലം കയറ്റുമതിയുടെ മേലുള്ള നികുതി പഴയ രീതിയിൽ തന്നെ തുടരട്ടേയെന്നു തീരുമാനിക്കേണ്ടി വന്നു. ചുരുക്കത്തിൽ, പ്രശ്നം പരിഹരിക്കാൻ കയറ്റുമതി ഉൽപ്പന്നങ്ങളെ ജി.എസ്.ടി.യിൽ നിന്നും താൽക്കാലികമായി ഒഴിവാക്കാൻ ജി.എസ്.ടി കൗൺസിലിനു തീരുമാനിക്കേണ്ടി വന്നു.

ഈ മാറ്റങ്ങൾ ചെറിയൊരു ആശ്വാസം നൽകിയെങ്കിലും ചെറുകിട സ്ഥാപനങ്ങൾ നേരിട്ട പ്രതിസന്ധി പൂർണ്ണമായും പരിഹരിക്കാൻ ഇത് അപര്യാപ്തമായിരുന്നു. ചെറുകിട ഫാക്ടറികളിൽനിന്നും ചരക്കുകൾ വാങ്ങിയാൽ ഇൻപുട്ട് ക്രെഡിറ്റ് കിട്ടണമെങ്കിൽ ചെറുകിടക്കാർ ജി.എസ്.ടിയിൽ രജിസ്റ്റർ ചെയ്തിരിക്കണം. അതുകൊണ്ട് ചെറുകിട ഫാക്ടറികളാണെങ്കിലും ചരക്കുകൾ മറ്റ് ഉല്പാദകർക്കു വിപണനം ചെയ്യണമെങ്കിൽ ജി.എസ്.ടി രജിസ്ട്രേഷൻ കൂടിയേതീരൂ. അനുമാന നികുതി പറ്റില്ല. ഇത് ഇന്നും ഒരു പ്രശ്നമായി അവശേഷിക്കുന്നു.

മറ്റൊരു തലവേദന റിവേഴ്സ് ടാക്സ് സമ്പ്രദായമായിരുന്നു. ചെറുകിടമേഖലയിൽനിന്ന് ചരക്കുകൾ വാങ്ങുമ്പോൾ ജി.എസ്.ടി നികുതി വൻകിടക്കാർ ഒടുക്കുന്ന സമ്പ്രദായത്തെയാണ് റിവേഴ്സ് ടാക്സ് എന്നുപറയുന്നത്. ഇതുമൂലം അനുമാന നികുതിക്കാരിൽ നിന്ന് വൻകിടക്കാർ ചരക്കുകൾ വാങ്ങാത്ത സ്ഥിതി ഉണ്ടായി. റിവേഴ്സ് ടാക്സ് സമ്പ്രദായം തല്ക്കാലം മാറ്റിവച്ച് പ്രശ്നം പരിഹരിക്കാൻ കൗൺസിൽ നിർബന്ധിതമായി.

കാറിനും ബിസ്കറ്റിനും 
ഒരേ നികുതി നിരക്കോ?
തികച്ചും പ്രതിലോമപരമാണ് ഈ നിർദ്ദേശം. ഇപ്പോൾത്തന്നെ ആഡംബര വസ്തുക്കളുടെമേൽ ജി.എസ്.ടിക്കു മുമ്പുണ്ടായിരുന്ന നികുതി നിരക്കുകൾ ഗണ്യമായി വെട്ടിക്കുറച്ചു കഴിഞ്ഞു. ജി.എസ്.ടിക്കു മുമ്പ് കാറുകൾ, എയർകണ്ടീഷനുകൾ തുടങ്ങിയ ആഡംബര വസ്തുക്കളുടെമേൽ കേന്ദ്ര-സംസ്ഥാന നികുതികൾ 30 – 45 ശതമാനം വരുമായിരുന്നു. ഇവയിൽ ഭൂരിപക്ഷത്തിനുമേലും ഇപ്പോൾ 18 ശതമാനമേ നികുതിയുള്ളൂ. രണ്ട് നിരക്കുകളാക്കുമ്പോൾ ആഡംബര വസ്തുക്കളുടെമേലുള്ള നികുതി ഇനിയും കുറയും. നിലവിൽ 5 ശതമാനം നിരക്കിനു വിധേയമായ, സാധാരണക്കാർ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളുടെ നികുതി 12 ശതമാനമായി ഉയരുകയും ചെയ്യും. എത്ര പിന്തിരിപ്പിനാണ് ഈ നികുതി ഘടന?

ജി.എസ്.ടിയും വിലക്കയറ്റവും

ജി.എസ്.ടി വരുമ്പോൾ നികുതിയ്ക്ക് മേലുള്ള നികുതി ഇല്ലാതാകും; അതോടെ നികുതി ഭാരം കുറയും, വില കുറയും എന്നൊക്കെയായിരുന്നു പ്രതീക്ഷകൾ. എന്നാൽ സംഭവിച്ചതോ? നികുതി ഭാരം കുറഞ്ഞിട്ടും വിലക്കയറ്റത്തിന് ആക്കം കൂടി. നികുതിയിലുള്ള ഇളവ് ഉപഭോക്താവിന് നൽകാൻ കമ്പനികളും വ്യാപാരികളും തയ്യാറാകുന്നില്ല. കേരളത്തിൽ നികുതി വകുപ്പ് എല്ലാ ജില്ലകളിൽ നിന്നും ഉപഭോക്തൃ ഉൽപന്നങ്ങളുടെ, ജി.എസ്.ടി.യ്ക്ക് മുമ്പും ശേഷവുമുള്ള ബ്രാൻഡ് തിരിച്ചുള്ള പരമാവധി വിലകൾ (എംആർപി) ശേഖരിച്ചു. അത്യപൂർവ്വം ഉൽപന്നങ്ങളുടെ എം.ആർ.പി.യേ കുറഞ്ഞുള്ളൂ. പലതിന്റെയും വില കൂടുകപോലും ചെയ്തു. ഈ കണക്കുകൾ ആന്റി പ്രോഫിറ്ററിംഗ് കമ്മിറ്റിക്ക് കൈമാറി. എന്നാൽ ഈ സമിതിയെ കോർപ്പറേറ്റുകളുടെയും മറ്റും സമ്മർദ്ദംമൂലം കേന്ദ്ര സർക്കാർ നോക്കുകുത്തിയാക്കി മാറ്റി. ഉപഭോക്തൃ കമ്പനികളുടെ കൊള്ളലാഭത്തിനെതിരെ നടപടിയെടുക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ല.

അതിനിടയിൽ 2019-ലെ ലോക്-സഭാ ഇലക്ഷനു മുന്നോടിയായി കേന്ദ്ര സർക്കാർ മുൻകൈയെടുത്ത് ജി.എസ്.ടി നിരക്കുകൾ ഗണ്യമായി കുറച്ചു. ജി.എസ്.ടിയിൽ ലയിപ്പിച്ച നികുതികൾക്കെല്ലാംകൂടി ലഭിച്ചിരുന്ന റവന്യു തുടർന്നും ലഭിക്കുമെന്ന് ഉറപ്പുവരുത്തുന്ന രീതിയിലായിരുന്നു 5, 12, 18, 28 എന്നീ നാല് നിരക്കുകളിൽ ഉല്പന്നങ്ങൾക്കും സേവനങ്ങൾക്കും നികുതി നിശ്ചയിച്ചിരുന്നത്. ഇതിനെയാണ് റവന്യു ന്യൂട്രൽ റേറ്റ് എന്നു വിളിക്കുന്നത്. ഇത്തരം സന്തുലനാവസ്ഥകളൊന്നും നോക്കാതെ നികുതി നിരക്കുകൾ വെട്ടിക്കുറച്ചത് ജി.എസ്.ടി വരുമാനത്തെ പ്രതികൂലമായി ബാധിച്ചു. ആഡംബര വസ്തുക്കൾക്ക് ഏർപ്പെടുത്തിയിരുന്ന 28 ശതമാനം നികുതി ഏതാണ്ട് ഇല്ലാതാക്കിയെന്നു പറയാം. ഏറ്റവും പ്രധാനപ്പെട്ട നിരക്ക് 18 ശതമാനമായി. അതിന്റെ പകുതിയാണ് സംസ്ഥാനങ്ങൾക്കു ലഭിക്കുക. നേരത്തെ സംസ്ഥാനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട നികുതി നിരക്ക് 14.5 ശതമാനം ആയിരുന്നു. അതാണ് ഇപ്പോൾ ഫലത്തിൽ 9 ശതമാനമായി മാറിയത്. വലിയ നികുതി നഷ്ടമാണ് കേന്ദ്ര സർക്കാരിന്റെ നിരുത്തരവാദപരമായ നിലപാടുമൂലം സണ്ടായത്. ഇങ്ങനെ നികുതി കുറച്ചിട്ടും വില കുറഞ്ഞില്ലായെന്നതു മറ്റൊരു കാര്യം.

ഈ പശ്ചാത്തലത്തിൽ ജി.എസ്.ടിയിൽ ഒരു പൊളിച്ചെഴുത്തുവേണം എന്ന വാദം ശക്തിപ്പെടുന്നുണ്ട്. ഇതൊരു അവസരമാക്കി ജി.എസ്.ടി നിരക്കുകളുടെ എണ്ണം 4-ൽ നിന്നും 2 ആക്കി കുറയ്ക്കുന്നതിനുള്ള നിർദ്ദേശം കോർപ്പറേറ്റുകൾ മുന്നോട്ടുവച്ചു കഴിഞ്ഞു. കേന്ദ്രസർക്കാരും ഇതിനു സമ്മതം മൂളിയിരിക്കുകയാണ്.

ഒറ്റ നികുതി നിരക്ക് ആക്കിയാൽ കണക്കുകൂട്ടാൻ എളുപ്പമാകുമെന്നാണ് ഈ ‘വിദഗ്ധർ’ പറയുന്നത്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിനപ്പുറം സാമ്പത്തിക നീതിയുടേതായിട്ടുള്ള ധാർമ്മിക പ്രശ്നങ്ങൾ അവർക്കു പരിഗണനാ വിഷയമേയല്ല. ജി.എസ്.ടിക്കു മുമ്പ് ഉണ്ടായിരുന്ന ഒരു ഡസൻ നികുതികളും അവയുടെ അസംഖ്യം നിരക്കുകളും ഏകീകരിച്ചാണ് ഇപ്പോഴത്തെ നാലു നിരക്ക് ഉണ്ടാക്കിയിട്ടുള്ളത്. തൽക്കാലം ഇതിനപ്പുറം കണക്കുകൂട്ടൽ എളുപ്പമാക്കാൻ ശ്രമിക്കുന്നത് അധാർമ്മികമാണ്. ആഡംബര കാറിനും പാവപ്പെട്ടവർ ഉപയോഗിക്കുന്ന ബിസ്കറ്റിനും ഒരേനിരക്ക് എന്നത് അശ്ലീലമാണ്.

സംസ്ഥാനത്തിന് അധികനികുതി അവകാശം

ജി.എസ്.ടിയ്ക്കു മുമ്പ് നിലവിലുണ്ടായിരുന്ന വാറ്റ് സമ്പ്രദായത്തിലും എകീകൃത നികുതി നിരക്കുകൾ ആയിരുന്നു. എന്നാൽ അന്ന് നികുതി നിരക്കുകളിൽ ചില ഏറ്റക്കുറച്ചിലുകൾ വരുത്തുന്നതിന് സംസ്ഥാനങ്ങൾക്ക് അവകാശമുണ്ടായിരുന്നു. വാറ്റ് നികുതി നിരക്കുകളിൽ സംസ്ഥാനങ്ങൾ തമ്മിൽ 1-2 ശതമാനം വരെ നിരക്കു വ്യത്യാസം സാധാരണമായിരുന്നു. ഈ ചെറിയ വ്യത്യാസംകൊണ്ട് കച്ചവടമൊന്നും വഴിമാറിപ്പോവില്ല. പ്രളയകാലത്തു ജി.എസ്.ടിയുടെമേൽ ഒരു ശതമാനം പ്രളയസെസ് കേരളം ഏർപ്പെടുത്തുകയുണ്ടായല്ലോ. അതുകൊണ്ട് ഒരു കച്ചവടത്തിനും ദോഷം വന്നില്ല. എന്നാൽ ജി.എസ്.ടിയിൽ സെസ് ഏർപ്പെടുത്തുന്നതിനു കൗൺസിലിന്റെ അംഗീകാരം വേണം. ഇത് ഒഴിവാക്കി ഒന്നോ രണ്ടോ ശതമാനം നികുതി കൂട്ടാനും കുറയ്ക്കാനുമുള്ള അവകാശം സംസ്ഥാനങ്ങൾക്കു നൽകുണം.

സംസ്ഥാനം നികുതി വർദ്ധിപ്പിച്ചാൽ ജനങ്ങളുടെമേൽ കൂടുതൽ ഭാരം വരില്ലേ? ഈ അധികഭാരത്തെ അധികവരുമാനത്തിൽ നിന്നും കിട്ടുന്ന നേട്ടവുമായി താരതമ്യപ്പെടുത്തി വേണം തീരുമാനമെടുക്കാൻ. ഉദാഹരണത്തിന് കേരളത്തിൽ വിദ്യാഭ്യാസവും ആരോഗ്യ പരിപാലനവും സൗജന്യമാണ്. സാമൂഹ്യസുരക്ഷാ പെൻഷനുകളും മറ്റു ക്ഷേമച്ചെലവുകളും ഇതരസംസ്ഥാനങ്ങളേക്കാൾ വളരെ ഉയർന്നതാണ്. ഇത് ഇനിയും ഉയർത്തണം. സ്കാൻഡിനേവിയൻ രാജ്യങ്ങളെപ്പോലെ സമ്പൂർണ്ണ സുരക്ഷ ഉറപ്പാക്കണമെന്നാണ് നമ്മുടെ ആഗ്രഹം. പക്ഷേ സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ വ്യക്തികളുടെ വരുമാനത്തിന്റെ 40-–50 ശതമാനം സർക്കാർ പിരിക്കുന്നു. ഇവിടെ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും എല്ലാ നികുതികളും ചേർത്താലും ഏതാണ്ട് 16–-18 ശതമാനത്തിന് അപ്പുറത്തേയ്ക്കു വരില്ല. നാനാത്വത്തിൽ ഏകത്വമാണല്ലോ ഇന്ത്യ. ഒരു സംസ്ഥാനത്തിന് ജനങ്ങൾക്കു ക്ഷേമസൗകര്യങ്ങൾ കൂടുതൽ വർദ്ധിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അതനുസരിച്ചു നികുതി വരുമാനം ഉയർത്തുന്നതിന് അവർക്കു പരിമിതമായ സ്വാതന്ത്ര്യമെങ്കിലും വേണം.

ഇപ്പോഴത്തെ വീതംവയ്പ് അനീതി
ജി.എസ്.ടി നികുതി കേന്ദ്രവും സംസ്ഥാനവും തുല്യമായി വീതം വയ്ക്കുകയാണ്-. ഇതുമാറ്റണം. സംസ്ഥാനത്തിന് 60 ശതമാനവും കേന്ദ്രത്തിനു 40 ശതമാനവുമാക്കണം. ജി.എസ്.ടിയിൽ ലയിപ്പിച്ച കേന്ദ്ര-സംസ്ഥാന നികുതികൾ കൂട്ടുമ്പോൾ സംസ്ഥാനത്തിന്റെ നികുതി വിഹിതം 55–-58 ശതമാനം വരും. ഈ ന്യായം പറഞ്ഞ് അന്നത്തെ കേന്ദ്ര ധനകാര്യ അഡ്വൈസർ അരവിന്ദ് സുബ്രഹ്മണ്യൻ 60:40 എന്ന തോതാണ് തന്റെ റിപ്പോർട്ടിൽ മുന്നോട്ടുവച്ചത്.

ഇന്നിപ്പോൾ ധനകാര്യ കമ്മീഷന്റെ അവാർഡുപ്രകാരം സംസ്ഥാനങ്ങൾക്കു വിതരണം ചെയ്യേണ്ടുന്ന കേന്ദ്ര നികുതി വരുമാനം (divisible pool) കുറയ്ക്കുന്നതിന് നികുതിക്കുപകരം സെസ്സും മറ്റും കേന്ദ്രസർക്കാർ ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാലമാണ്. ഈ പശ്ചാത്തലത്തിൽ ജി.എസ്.ടിയിൽ സംസ്ഥാനത്തിന്റെ നികുതി വിഹിതം ഉയർത്തണം. അതുപോലെതന്നെ ജി.എസ്.ടിക്കു മുമ്പു ലഭിച്ചിരുന്ന മൊത്തം റവന്യു വരുമാനം ന്യായമായ വർദ്ധനയുടെ അടിസ്ഥാനത്തിൽ ഇപ്പോഴും ലഭിക്കുമെന്ന് ഉറപ്പുവരുത്തുന്ന രീതിയിൽ ജി.എസ്.ടി നിരക്കുകൾ ഭേദഗതി ചെയ്യുകയും വേണം.

ജി.എസ്.ടി 14 ശതമാനം വർദ്ധിച്ചില്ലെങ്കിൽ നഷ്ടപരിഹാരം നൽകുന്നതിന് പ്രത്യേക സെസ് പിരിച്ചിരുന്നു. ഈ നഷ്ടപരിഹാര സ്കീം നീട്ടുന്നതിന് കേന്ദ്രം വിസമ്മതിച്ചു. കേന്ദ്രത്തിന് ഒരു ധനനഷ്ടവും വരാത്ത ഏർപ്പാടാണിത്. എന്നിട്ടും സംസ്ഥാനവിരുദ്ധ നിലപാടാണ് അവർ സ്വീകരിച്ചത്. കോവിഡുകാലത്ത് ജി.എസ്.ടി നികുതി കുറഞ്ഞപ്പോൾ പൂർണ്ണ നഷ്ടപരിഹാരം നൽകാൻ കേന്ദ്രം തയ്യാറായില്ല. നഷ്ടപരിഹാരത്തിനു പകരം വായ്പയെടുക്കാൻ സംസ്ഥാനങ്ങൾക്കു സമ്മതിക്കേണ്ടതായും വന്നു. കോവിഡുകാലത്ത് ആറുമാസം ഓൺലൈനായിപ്പോലും ജി.എസ്.ടി കൗൺസിൽ യോഗം ചേർന്നില്ല. കൗൺസിൽ ഇപ്പോൾ രാഷ്ട്രീയ ചേരിതിരിവിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. വിശ്വാസരാഹിത്യമാണ് ഇപ്പോൾ ജിഎസ്ടി കൗൺസിലിന്റെ മുഖമുദ്ര.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 1 =

Most Popular