Friday, May 3, 2024

ad

Homeകവര്‍സ്റ്റോറിനോട്ടുനിരോധനം മോദിയുടെ ഹിമാലയൻ 
മണ്ടത്തരം

നോട്ടുനിരോധനം മോദിയുടെ ഹിമാലയൻ 
മണ്ടത്തരം

ഡോ. ടി എം തോമസ് ഐസക്

2016  നവംബർ 8-ന് രാത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് തന്റെ തുഗ്ലക് പരിഷ്കാര പരമ്പരയിൽ ആദ്യത്തേത് മോദി പ്രഖ്യാപിച്ചു; അർദ്ധരാത്രി മുതൽ 500 ഉം 1000 ഉം നോട്ടുകൾ പിൻവലിക്കുന്നു. രാജ്യത്തെ നോട്ടുകളുടെ 86 ശതമാനവും ഒറ്റയടിക്ക് ഇല്ലാതാക്കി. അന്നു രാത്രിതന്നെ ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ എന്റെ ചേംബറിൽ നടത്തിയ പത്രസമ്മേളനത്തിൽ ഇതിനെ ഭ്രാന്തൻ നടപടിയെന്നാണു ഞാൻ വിശേഷിപ്പിച്ചത്.

പിറ്റേന്ന് നിയമസഭയിൽ ‘‘ധനമന്ത്രി ഇങ്ങനെ ജനങ്ങളെ പരിഭ്രാന്തരാക്കരുത്’’ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നെ ഉപദേശിച്ചു. വിശദമായ പ്രസ്താവന സഭയിൽ വയ്ക്കണമെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. അന്നു നിയമസഭ പിരിയുന്നതിനുമുമ്പ് നോട്ടുനിരോധനത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചു വിശദമായ ഒരു പ്രസ്താവന ഞാൻ നടത്തി. അന്നു പറഞ്ഞവയെല്ലാം പിന്നീട് ഏതാണ്ട് യാഥാർത്ഥ്യമായിത്തീർന്നു.

പണത്തിന്റെ പ്രാധാന്യം
നമ്മുടെ ശരീരത്തിൽ രക്തത്തിനുള്ള സ്ഥാനമാണ് സമ്പദ്ഘടനയിൽ പണത്തിനുള്ളത്. രക്തം മുഴുവൻ ഒറ്റയടിക്കു വലിച്ചു പുറത്തെടുത്താലോ? ജീവനുണ്ടാവില്ല. അതുപോലെതന്നെയാണ് ഒറ്റയടിക്കു പണം മുഴുവൻ റദ്ദാക്കിയാലുണ്ടാവുക. കൂലി നൽകാനാവില്ല. സാധനങ്ങൾ വിൽക്കാനും വാങ്ങാനും കഴിയില്ല. കടം കൊടുക്കാനോ വാങ്ങാനോ കഴിയില്ല. സാമ്പത്തിക സ്തംഭനമായിരിക്കും ഫലം.

എന്നാൽ മോദി പറഞ്ഞത്, 50 ദിവസംകൊണ്ട് പഴയ നോട്ടുകൾ ബാങ്കിൽ കൊടുത്താൽ പുതിയ നോട്ടുകൾ നൽകും; രാജ്യം സാധാരണഗതിയിലാകും എന്നാണ്. ഇതു പ്രഖ്യാപിക്കുമ്പോൾ പുതിയ നോട്ടുകൾ അച്ചടിച്ചു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. 50 ദിവസമല്ല, നാലോ അഞ്ചോ മാസമെങ്കിലും ഇതിനു വേണ്ടിവരുമെന്നു വളരെ വ്യക്തമായിരുന്നു. അത്രയും നാൾ സമ്പദ്ഘടന സ്തംഭിച്ചു കിടന്നാലുള്ള ജനങ്ങളുടെ ദുരിതം മോദി ഓർത്തോ? ഒട്ടേറെ ചെറുകിട സ്ഥാപനങ്ങൾ പാടേ തകർന്നുപോയി. കൊയ്ത്തു കഴിഞ്ഞ കൃഷിക്കാരുടെ ധാന്യവും മറ്റും വിൽക്കാൻ കഴിയാതെ അവരും വലഞ്ഞു. അങ്ങനെ രാജ്യം സാമ്പത്തിക മാന്ദ്യത്തിലേയ്ക്കു നീങ്ങി.

ഇത്രയും വലിയൊരു നടപടി സ്വീകരിക്കുന്നതിന് മുൻകൂട്ടി ഒരു തയ്യാറെടുപ്പും നടത്തിയിരുന്നില്ലായെന്നതും വ്യക്തമായി. പുറത്തിറക്കിയ പുതിയ 2000 രൂപയുടെ നോട്ട് നിലവിലുണ്ടായിരുന്ന എടിഎമ്മുകളുടെ വലുപ്പത്തിന് അനുയോജ്യമായിരുന്നില്ല. രാജ്യത്തുള്ള മുഴുവൻ എടിഎമ്മുകളും വീണ്ടും കാലിബറേറ്റ് ചെയ്തെടുക്കുന്നതിന് ആഴ്ചകൾ വേണ്ടിവന്നു.

ഒരാൾക്ക് തങ്ങളുടെ കൈയിലുള്ള പണം ബാങ്കുകളിൽ നിക്ഷേപിച്ചു കഴിഞ്ഞാൽ ആഴ്ചയിൽ 24,000 രൂപയേ പിൻവലിക്കാൻ അവകാശമുള്ളൂ. നോട്ടുകൾ നിക്ഷേപിക്കുന്നതിനും മാറ്റിക്കിട്ടുന്നതിനുമായി വരിനിന്ന് തിക്കിലും തിരക്കിലുംപെട്ട് മരണപ്പെട്ടത് 115 പേരാണ്. പുതിയ നോട്ട് അച്ചടിക്കുന്നതിനും എടിഎം മെഷീനുകൾ സജ്ജീകരിക്കുന്നതിനും വന്ന ചെലവ് 13,000 കോടി രൂപയാണ്. ഇതെല്ലാം എന്തിന്?

കള്ളപ്പണ വേട്ടയോ?
എന്തു കണ്ടിട്ടാണ് മോദി ഇങ്ങനെയൊരു അഭ്യാസത്തിനു തുനിഞ്ഞതെന്ന് ഇന്നും പൂർണ്ണമായും വ്യക്തമല്ല. ഉന്നം പലതും ഉണ്ടായിരുന്നിരിക്കണം. കള്ളപ്പണം പിടിക്കാനാണ് നോട്ടുനിരോധനമെന്നാണ് രാത്രി പ്രസംഗത്തിൽ മോദി വിശദീകരിച്ചത്.

പ്രധാനമന്ത്രിയുടെ തെറ്റിദ്ധാരണ കള്ളപ്പണമെല്ലാം നാട്ടില്‍ നോട്ടുകളായി ചാക്കില്‍ക്കെട്ടി സൂക്ഷിച്ചിരിക്കുകയാണെന്നതായിരുന്നു. ഇത് അബദ്ധമാണ്. കള്ളപ്പണത്തിന്റെ നല്ലപങ്കും വിദേശത്താണ്. നാട്ടില്‍ കള്ളപ്പണം സൂക്ഷിക്കുന്നവര്‍ സ്വര്‍ണ്ണത്തിലോ, ഭൂമിയിലോ അല്ലെങ്കിൽ ബിസിനസിൽ തന്നെയോ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. നോട്ട് റദ്ദാക്കിയതുകൊണ്ട് ആ കള്ളപ്പണം കണ്ടുപിടിക്കാനാവില്ല.

സത്യം പറയട്ടെ, ബിജെപിക്കാരെല്ലാം ആത്മാർത്ഥമായിട്ടു വിശ്വസിച്ചിരുന്നത് 5 ലക്ഷം കോടി രൂപയുടെ കള്ളപ്പണമെങ്കിലും പുതിയ നോട്ടുകളാക്കാൻ തിരിച്ചുവരില്ലെന്നാണ്. അത്രയും ബാധ്യത റിസർവ്വ് ബാങ്കിന് ഇല്ലാതാകും. ഇതു കേന്ദ്രസർക്കാരിനു വരുമാനമാക്കാം. ടിവി ചാനൽ ചർച്ചയിൽ കെ. സുരേന്ദ്രൻ ഇരുന്നു വെല്ലുവിളിച്ച ഇതേകാര്യം കുറച്ചു ഗഹനമായ രീതിയിൽ അന്നത്തെ കേന്ദ്ര ധനമന്ത്രി അരുൺ ജെയറ്റ്ലി ഏതാനും ധനമന്ത്രിമാർക്കു വിശദീകരിച്ചും നൽകിയിരുന്നു.

ചിത്രം 1
2001 മുതൽ 2023 വരെ ഇന്ത്യയിലുടനീളം പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യം

അവസാനം റിസർവ് ബാങ്കിന്റെ 2017-–18 വാർഷിക റിപ്പോർട്ട് പുറത്തുവന്നപ്പോൾ ഈ മണ്ടത്തരം സാമാന്യബുദ്ധിയുള്ളവർക്കെല്ലാം ബോധ്യപ്പെട്ടു. അസാധുവാക്കപ്പെട്ട നോട്ടുകളിൽ 99.3 ശതമാനവും തിരിച്ചെത്തി. കള്ളപ്പണം പിടിക്കുമെന്ന നരേന്ദ്രമോദിയുടെ വീമ്പടിക്കലിന് ഒരു ഫലവുമുണ്ടായില്ല എന്നർത്ഥം.

ഡിജിറ്റൽ കറൻസി
കള്ളപ്പണവേട്ടവാദം പൊളിഞ്ഞെന്നു കണ്ടപ്പോൾ മോദി ഗോൾപോസ്റ്റ് മാറ്റി. കറൻസിയിൽ നിന്ന് ഡിജിറ്റൽ പേയ്മെന്റിലേയ്ക്കു രാജ്യത്തെ മാറ്റുകയാണു ലക്ഷ്യമെന്നു പ്രഖ്യാപിച്ചു. എല്ലാ കൈമാറ്റങ്ങൾക്കും രേഖയുണ്ടാകുമ്പോൾ കള്ളപ്പണം ഇല്ലാതാകും, നികുതി പിരിയും അങ്ങനെ ഗുണങ്ങൾ പലത്. എന്നായി വാദം.

ചിത്രം 1-ൽ 2001 മുതലുള്ള ഓരോ ധനകാര്യ വർഷാവസാനത്തിലും പ്രചാരത്തിൽ ഉണ്ടായിരുന്ന നോട്ടിന്റെ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നു. നോട്ടിന്റെ എണ്ണം അനുക്രമമായി വർദ്ധിച്ചുവരുന്ന ഒരു ചിത്രമാണ് നമുക്ക് കാണാൻ കഴിയുന്നത്. ഏകവ്യത്യാസം നോട്ടുനിരോധനത്തിനു ശേഷമുള്ള 2017-ലാണ്. ആ വർഷം പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യം 16.4 ലക്ഷം കോടി രൂപയിൽ നിന്ന് 13.1 ലക്ഷം കോടി രൂപയായി കുറഞ്ഞു. പിറ്റേവർഷം അത് 18 ലക്ഷം കോടി രൂപയായി ഉയർന്നു.

2016 നവംബറിൽ നോട്ടുനിരോധനത്തിനു തൊട്ടുമുമ്പ് ജനങ്ങളുടെ കൈവശമുണ്ടായിരുന്ന ആകെ കറൻസിമൂല്യം 17.97 ലക്ഷം കോടി രൂപ. 2023 നവംബറിലെ മൂല്യം 34.4 ലക്ഷം കോടി രൂപ. കറൻസി ഉപയോഗം ഏതാണ്ട് ഇരട്ടിയായി ഉയർന്നു എന്നർത്ഥം.

ഭീകരവാദത്തിനുള്ള മറുമരുന്നോ?
നോട്ടുനിരോധന പ്രഖ്യാപന പ്രസംഗത്തിൽ മോദി അടിവരയിട്ടത് മൂന്ന് കാര്യങ്ങളാണ്: കള്ളപ്പണം, ഭീകരവാദത്തിന്റെ വളർച്ച, അഴിമതി. കള്ളനോട്ടുകൾ ഇന്ത്യയിൽ എത്തിക്കുന്നതിനെക്കുറിച്ചും ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും മോദി വാചാലനായിരുന്നു. ഭീകരവാദത്തെ നോട്ടുനിരോധനം ഉന്മൂലനം ചെയ്യുമെന്നായിരുന്നു അവകാശവാദം. 2016-ൽ കശ്മീരിൽ ഭീകരവാദികൾ കൊലപ്പെടുത്തിയത് 267 പേരെ ആയിരുന്നെങ്കിൽ 2017-ൽ 357-ഉം, 2018-ൽ 452-ഉം ആൾക്കാർ കൊലചെയ്യപ്പെട്ടു. 2019-ൽ അത് 283-ഉം, 2020-ൽ 323-ഉം ആയിരുന്നു.

നോട്ടിന്റെ പ്രചാരം കുറഞ്ഞാൽ കൈമാറ്റങ്ങൾ കൂടുതൽ സുതാര്യമാകുമെന്നും അഴിമതി കുറയുമെന്നും മോദി അവകാശപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കാലമായി എൻഡിഎ ഭരണം മാറുകയാണുണ്ടായത്.

സാമ്പത്തിക കൂടോത്രം
ഇത്ര ‘ബുദ്ധിമാന്മാരായ’ ആളുകൾക്ക് എങ്ങനെയാണ് ഇതുപോലെ മണ്ടത്തരം പറ്റുന്നതെന്ന് ഈ ലേഖകൻ ഒത്തിരി ആലോചിച്ചിട്ടുണ്ട്. ഇതൊന്നും സാമ്പത്തിക വിദഗ്ധർ ഉപദേശിച്ചു കൊടുത്തിട്ടുള്ളതല്ല. മോദിയുടെ സാമ്പത്തികശാസ്ത്രം മോണിറ്ററിസമാണ്. എന്നുവച്ചാൽ കെയിൻസ് പറഞ്ഞതുപോലെ, സർക്കാർ സമ്പദ്ഘടനയിലെ പണത്തിന്റെ അളവ് കൂട്ടാനും കുറയ്ക്കാനും നിൽക്കരുത്. പണലഭ്യത സ്ഥിരമായ തോതിൽ നിലനിർത്തണം. സമ്പദ്ഘടന അതിന്റെ സന്തുലനാവസ്ഥയിൽ എത്തിക്കോളും എന്നാണ്.

മോണിറ്ററിസത്തിന്റെ അപ്പോസ്തലനായ മിൽറ്റൻ ഫ്രീഡ്മാന്റെ സുപ്രധാന പ്രമാണം. അപ്പോഴാണ് അദ്ദേഹത്തിന്റെ ശിഷ്യഗണം ഇന്ത്യയിൽ നോട്ടുതന്നെ കുറച്ചുനാളത്തേയ്ക്കു വേണ്ടെന്നുവയ്ക്കുന്നത്. നാഗ്പൂരിലെ ആർഎസ്എസ് കാര്യാലയത്തിലെ ചില സാമ്പത്തിക കൂടോത്രക്കാരുടെ അതിബുദ്ധിയായിരുന്നു നോട്ടുനിരോധനം എന്നാണ് ഇപ്പോൾ കരുതുന്നത്.

അർത്ഥക്രാന്തി എന്നു സ്വയം വിശേഷിപ്പിക്കുന്ന നാഗ്പൂരിലെ ഒരു സംഘടനയുടെ നേതാവ് അനിൽ ബൊകീലിന്റെ അരക്കിറുക്കായിരുന്നു നോട്ടുനിരോധനം. എല്ലാ നികുതികളും പിൻവലിക്കുക. പകരം എല്ലാ കൈമാറ്റങ്ങൾക്കും ഒരു ട്രാൻസാക്ഷൻ ടാക്സ് ഏർപ്പെടുത്തുക തുടങ്ങി ഒട്ടേറെ നിർദ്ദേശങ്ങൾ അവർ മുന്നോട്ടുവച്ചിട്ടുണ്ട്. അവയോട് ആർഎസ്എസിന് അനുഭാവവും ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിനു മുമ്പ് 2013-ൽ ബൊകീൽ അഹമ്മദാബാദിലെത്തി മോദിയെ നേരിട്ടുകണ്ട് തന്റെ ‘വമ്പൻ ആശയങ്ങൾ’ അവതരിപ്പിച്ചു. പത്ത് മിനിറ്റ് അനുവദിച്ച മോദി ഒന്നര മണിക്കൂർ കേട്ടിരുന്നു. മോദിക്ക് ഏറ്റവും പിടിച്ചത് നോട്ട് നിരോധനമായിരുന്നു. ഇതാണ് 2016-ൽ നടപ്പാക്കിയതെന്ന് ബൊകീൽ തന്നെ എഴുതിയിട്ടുണ്ട്. ഏതായാലും മോദി ഭരണകാലത്ത് തീരുമാനങ്ങൾ എടുക്കുന്ന രീതികളിലേക്ക് ഇതു വിരൽചൂണ്ടുന്നുണ്ട്. തന്റെ സഹമന്ത്രിമാരോ സാമ്പത്തിക ഉപദേശകരോ ഒന്നും ഈ തീരുമാനത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. എന്തിന്, റിസർവ്വ് ബാങ്കിനെപ്പോലും വിശ്വാസത്തിലെടുത്തിരുന്നില്ല.

റിസർവ്വ് ബാങ്കിന്റെ എതിർപ്പ്
നോട്ടുനിരോധനത്തെക്കുറിച്ച് മോദി ആലോചിച്ചപ്പോൾ തന്നെ റിസർവ്വ് ബാങ്ക് അതിനെ എതിർത്തിരുന്നു. റിസർവ് ബാങ് ഗവർണർ രഘുറാം രാജൻ രാജിവയ്ക്കാൻ നിർബന്ധിതനായി. തുടർന്നുവന്ന ഊർജിത് പട്ടേലിന് ഗവർണർ സ്ഥാനം ഏറ്റെടുത്ത് ആഴ്ചകൾക്കുള്ളിൽ സമ്മതം മൂളേണ്ടിവന്നു. മോദിയുടെ പ്രഖ്യാപനത്തിനു മണിക്കൂറുകൾക്കു മുമ്പാണ് ആർബിഐ യോഗം ചേർന്ന് തീരുമാനം അംഗീകരിച്ചത്. ഈ യോഗത്തിന്റെ മിനിറ്റ്സ് പുറത്തുവിട്ടിരുന്നില്ല. ദേശസുരക്ഷയാണ് പറഞ്ഞ ന്യായം. 2018 നവംബറിൽ മിനിറ്റ്സ് പത്രങ്ങൾക്കു ചോർന്നു കിട്ടി. തൊട്ടടുത്ത മാസം പട്ടേൽ രാജിവച്ച് ഒഴിയുകയും ചെയ്തു.

സർക്കാർ ആർബിഐയ്ക്കു നൽകിയ കുറിപ്പിൽ ഇവയൊക്കെയാണ് പറഞ്ഞിരുന്നത്:

• 2011-നും 2016-നുമിടയ്ക്ക് സമ്പദ്ഘടനയുടെ വളർച്ച 30 ശതമാനമാണ്. എന്നാൽ നോട്ടുകളുടെ മൂല്യം അതിന്റെ പല മടങ്ങാണ് ഉയർന്നത്. ഉയർന്ന ഡിനോമിനേഷനിലുള്ള കറൻസി നോട്ടുകളാണ് ഈ വർദ്ധനയ്ക്കു കാരണം.
• ക്യാഷാണ് കള്ളപ്പണത്തെ സഹായിക്കുന്നത്.
• നിലവിൽ രാജ്യത്ത് 400 കോടി രൂപയുടെ കള്ളനോട്ടുകളുണ്ട്.
• അതിനാൽ 500-ന്റെയും 1000-ത്തിന്റെയും നോട്ടുകൾ അസാധുവാക്കണം.
ആർബിഐ മിനിറ്റ്സിൽ തെളിയുന്നത് ബോർഡ് അംഗങ്ങൾക്കൊന്നും സർക്കാരിന്റെ നിലപാടിനോട് യോജിപ്പ് ഉണ്ടായിരുന്നില്ലയെന്നാണ്. അവരുടെ പ്രതികരണം ഇവയൊക്കെയാണ്:
• സർക്കാർ പരാമർശിച്ച സാമ്പത്തികവളർച്ച സ്ഥിരവിലയിലുള്ള വളർച്ചയാണ്. അതേസമയം കറൻസിയുടെ മൂല്യത്തിലുള്ള വർദ്ധനവ് കണക്കുകൂട്ടുന്നതിൽ വിലക്കയറ്റത്തെ പരിഗണിച്ചിട്ടില്ല. രണ്ടും തമ്മിൽ താരതമ്യപ്പെടുത്താനാവില്ല. അതിനാൽ ഈ വാദം നോട്ടു നിരോധനത്തിനുള്ള ശുപാർശയ്ക്കു മതിയായതല്ല. ഇത്തരമൊരു വങ്കത്തം റിസർവ്വ് ബാങ്കിന്റെ കുറിപ്പായി എഴുതിയവരെ സമ്മതിക്കണം.
• കള്ളപ്പണത്തിൽ അധികവും നിക്ഷേപിക്കപ്പെട്ടിരിക്കുന്നത് ഭൂസ്വത്തിലോ സ്വർണ്ണത്തിലോ ആണ്. പണമായിട്ടല്ല. അതുകൊണ്ടുതന്നെ കറൻസി റദ്ദുചെയ്യുന്നതുകൊണ്ട് കള്ളപ്പണം തടയലിന് യാതൊരു ഗുണവുമുണ്ടാകില്ല.
• നോട്ടുനിരോധനം ജിഡിപിയിൽ പ്രതികൂല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
• 400 കോടി രൂപയുടെ കള്ളനോട്ട് സമ്പദ്ഘടനയിൽ നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന 17 ലക്ഷം കോടി കറൻസിയോട് താരതമ്യപ്പെടുത്തുമ്പോൾ തീരെ തുച്ഛമായ തുകയാണ് (അതായത് 0.02 ശതമാനം മാത്രം).

ഇതെല്ലാം മിനിറ്റ്സിൽ പറഞ്ഞെങ്കിലും അവസാനം ആർബിഐ മോദിക്കു വഴങ്ങി. എന്നാൽ അധികം താമസിയാതെ റിസർവ്വ് ബാങ്ക് പറഞ്ഞതാണു ശരിയെന്നു തെളിഞ്ഞു. മോദിയുടെ മുഖം രക്ഷിക്കണമല്ലോ. അതുകൊണ്ട് ദേശസുരക്ഷയുടെ കാരണം പറഞ്ഞ് മിനിറ്റ്സ് പുറത്തുവിടാൻ മോദി സർക്കാർ തയ്യാറായില്ല.

നോട്ടുനിരോധനംകൊണ്ട് ബിജെപിക്കു ഗുണമുണ്ടായി. കോൺഗ്രസും പല പ്രാദേശിക പാർട്ടികളും തിരഞ്ഞെടുപ്പിനും മറ്റും വേണ്ടി ഒട്ടേറെ കള്ളപ്പണം ബിജെപിയെപ്പോലെതന്നെ ശേഖരിച്ചിട്ടുണ്ടായിരുന്നു. ഈ നടപടിയിലൂടെ ബിജെപി ഒഴിച്ചു ബാക്കിയുള്ള എല്ലാവരെയും പാപ്പരാക്കി. ബിജെപിയുടെ കള്ളപ്പണം അമിത്ഷായുടെയും മറ്റും നിയന്ത്രണത്തിലുള്ള ബാങ്കുകൾവഴി വെളുപ്പിച്ചെടുത്തു.

സാമ്പത്തികത്തകർച്ച
നോട്ടുനിരോധനം നമ്മുടെ രാജ്യത്തെ സമ്പദ്ഘടനയ്ക്ക് ഏൽപ്പിച്ച പ്രഹരത്തിൽ നിന്ന് ഇതുവരെ നാം കരകയറിയിട്ടില്ല. ലക്ഷക്കണക്കിനു ചെറുകിട സ്ഥാപനങ്ങൾ അസംസ്കൃത വസ്തുക്കൾ വാങ്ങാനോ ഉൽപ്പന്നങ്ങൾ വിൽക്കാനോ കഴിയാതെ അടച്ചുപൂട്ടേണ്ടി വന്നു. പ്രധാനമന്ത്രിക്ക് ഉണ്ടായിരുന്ന ധാരണ പുതിയ നോട്ടുകൾ ഇവരുടെ കൈയിൽ വരുന്നതോടെ ഇവരൊക്കെ ഉയർത്തെഴുന്നേറ്റുകൊള്ളുമെന്നായിരുന്നു. ഒന്നോ രണ്ടോ ദിവസം വെള്ളമൊഴിക്കാതെ വാടിയ ചെടി വെള്ളം കിട്ടിയാൽ ഉയർത്തെഴുന്നേൽക്കാം. എന്നാൽ ഏതാനും ആഴ്ച വെള്ളം കിട്ടാതെ വാടിപ്പോയവ ഇനി എത്ര വെള്ളം ഒഴിച്ചാലും തളിരിടില്ല. ഇതാണ് ഇന്ത്യൻ സമ്പദ്ഘടനയിൽ സംഭവിച്ചത്.

നോട്ടുനിരോധനത്തിനു തൊട്ടുമുമ്പുള്ള 2015-–16-ന്റെ അവസാനപാദത്തിലും 2016–-17-ലെ ഒന്നും രണ്ടും പാദത്തിലും ഇന്ത്യൻ സമ്പദ്ഘടന 9 ശതമാനത്തിനുമീതെ വളർന്നതാണ്. നോട്ടുനിരോധനത്തെത്തുടർന്ന് സാമ്പത്തികവളർച്ച മന്ദീഭവിക്കാൻ തുടങ്ങി. 2017-–18-ൽ ഇത് 6.8 ശതമാനമായി 2018-–19-ൽ 6.53 ശതമാനമായി. തുടർന്നുള്ള ഓരോ പാദത്തിലും വളർച്ചാനിരക്ക് ഇടിഞ്ഞുകൊണ്ടേയിരുന്നു. 2019-–20-ന്റെ അവസാനപാദത്തിൽ കേവലം 3.01 ശതമാനം മാത്രമായിരുന്നു സാമ്പത്തിക വളർച്ച.

കോവിഡിനു മുമ്പുതന്നെ ഇന്ത്യൻ സമ്പദ്ഘടന വലിയൊരു തകർച്ചയിലേയ്ക്കു വഴുതിവീഴുകയായിരുന്നു. മോദിയുടെ നോട്ടുനിരോധനം രാജ്യത്തിനു സൃഷ്ടിച്ച ദേശീയനഷ്ടത്തിന്റെ കണക്കൊന്നു കൂട്ടിനോക്കി. ഇന്ത്യൻ സമ്പദ്ഘടന 2016–17 ആദ്യ പാദങ്ങളിലെന്നപോലെ 9 ശതമാനംവച്ച് വളരുമെന്ന് അനുമാനിക്കുകയാണെങ്കിൽ നോട്ടുനിരോധനം 10-–13 ലക്ഷം കോടി രൂപയുടെ ദേശീയനഷ്ടമുണ്ടാക്കി.

തീർന്നില്ല. അസംഘടിത മേഖലയിലാണ് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുപ്പെടുന്നത്. അവിടെയായിരുന്നു നോട്ടുനിരോധനത്തിന്റെ ആഘാതം ഏറ്റവും രൂക്ഷമായത്-. ഫലമോ? ഇന്ത്യ തൊഴിൽരഹിത വളർച്ചയിലേയ്ക്കു നീങ്ങി. ഫലമോ? 2012-നെ അപേക്ഷിച്ച് ഗ്രാമീണ ജനങ്ങളുടെ ഉപഭോഗം കേവലമായി കുറഞ്ഞു. സ്വതന്ത്ര ഇന്ത്യയിൽ ഇങ്ങനെയൊരു അനുഭവം ആദ്യമായിട്ടാണ്.

മോദിയുടെ പ്രചണ്ഡപ്രചാരണ ശൈലി
നോട്ടുനിരോധനം തനി മണ്ടത്തരമാണെന്ന് സാമ്പത്തികശാസ്ത്രം അറിയാവുന്ന ഏതൊരു വ്യക്തിയും സമ്മതിക്കും. യുദ്ധംപോലുള്ള സവിശേഷകാലത്ത് നോട്ടിന്റെ മൂല്യം പാടെ തകർന്ന് അതിന്റെ ഉപയോഗം നഷ്ടപ്പെടുമ്പോൾ മാത്രമേ ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കാറുള്ളൂ. എന്നിട്ടും ആദ്യ ദിവസങ്ങളിൽ തുറന്ന് എതിർക്കാൻ അപൂർവ്വംപേരേ ഉണ്ടായിരുന്നുള്ളൂ. കോൺഗ്രസ്സിൽനിന്നുപോലും പിറ്റേന്ന് അനുകൂലമായ അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്. എന്തുകൊണ്ട്?

ഇവിടെയാണ് പ്രധാനമന്ത്രി മോദിയുടെ പ്രചണ്ഡപ്രചാരണ ശൈലിയുടെ പ്രസക്തി. കള്ളപ്പണവേട്ടയുടെ ധീരപോരാളിയായിട്ടാണ് മോദി നോട്ടുനിരോധനവുമായി ഇറങ്ങിയത്. ഒരാളും കള്ളപ്പണക്കാരോടൊപ്പമാണെന്ന ആക്ഷേപമേൽക്കാൻ തയ്യാറല്ലായിരുന്നു. അതുകൊണ്ട് ഒന്നുകിൽ നിശബ്ദരായി; അല്ലെങ്കിൽ കള്ളപ്പണം തടയുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു തടിയൂരി.

ഇന്നിപ്പോൾ മോദി മാറ്റിമാറ്റിപ്പറഞ്ഞതെല്ലാം വീൺവാക്കുകളാണെന്നു വ്യക്തമാണ്. എന്നാൽ ഒരു കൂസലുമില്ലാതെ അദ്ദേഹം പുതിയ ഞെട്ടിപ്പിക്കുന്ന ആഖ്യാനങ്ങൾ നടത്തി മുന്നോട്ടുപോവുകയാണ്. നോട്ടുനിരോധനം പോലൊന്ന് നടന്നതായിട്ടേ ഭാവിക്കുന്നില്ല. ഇതാണ് മോദിയുടെ ശൈലി.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × four =

Most Popular