മോദിയുടെ സുപ്രധാന പ്രഖ്യാപനങ്ങളെല്ലാം രാത്രികളിലായിരുന്നു. 2016 നവംബർ 8ന് രാത്രി 8 മണിക്ക് രാജ്യത്തിനു മേലുള്ള ഇരുട്ടടിയായി എത്തിയത് നോട്ടുനിരോധനമായിരുന്നു. 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകൾ അന്നു രാത്രി 12 മണിമുതൽ നിരോധിച്ച മോദി പറഞ്ഞത് 50 ദിവസത്തിനകം എല്ലാം ശരിയാകുമെന്നായിരുന്നു. എന്നാൽ ഏറെക്കുറെയെങ്കിലും സാധാരണ നിലയിലാകാൻ 5 മാസത്തോളം വേണ്ടി വന്നു. നോട്ടു മാറുന്നതിനായി ക്യൂ നിന്നു മാത്രം നൂറിലേറെപ്പേർ മരണപ്പെട്ടു എന്നതാണ് അനന്തരഫലങ്ങളിലൊന്ന്!
നോട്ടു നിരോധന പ്രഖ്യാപനം നടത്തിയിട്ട് അന്നുതന്നെ ഇന്ത്യയിൽ നിന്നുമുങ്ങിയ മോദിയെ നമ്മൾ പിറ്റേന്നു കാണുന്നത് ജപ്പാനിൽ ആടിപ്പാടി അർമാദിക്കുന്നതായാണ്. തിരികെ ഗോവയിലെത്തി പ്രഖ്യാപിച്ചത് 50 ദിവസത്തിനകം, നോട്ടു നിരോധനം കൊണ്ടുണ്ടായ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുകയും കള്ളപ്പണവും കള്ളനോട്ടും ഭീകരവാദവുമില്ലാത്ത ഒരിന്ത്യ യാഥാർഥ്യമാവുകയും ചെയ്യുന്നില്ലെങ്കിൽ ‘‘നിങ്ങൾക്കെന്നെ തല്ലിക്കൊന്ന് വിളക്കുകാലിൽ കെട്ടിത്തൂക്കാം.’’ എന്നാണല്ലോ! നോട്ടുനിരോധനം സൃഷ്ടിച്ച പ്രശ്നങ്ങൾ 50 ദിനരാത്രങ്ങളും പിന്നിട്ട് 5 മാസം കഴിഞ്ഞിട്ടും പരിഹരിക്കപ്പെടാതെ തുടരുമ്പോഴും മോദിയും കൂട്ടരും യാതൊരു കൂസലുമില്ലാതെ പുതിയ ഉടായിപ്പുകളുമായി തുടരുന്നതാണ് നാം കാണുന്നത്.
നോട്ടു നിരോധനത്തിന്റെ കെടുതികളിൽ നിന്ന് കരകയറുന്നതിനു മുൻപാണ്, 2017 ജൂലെെ ഒന്നിന് അർധരാത്രി യാതൊരു തയ്യാറെടുപ്പും വിശദമായ ചർച്ചകളും ഒന്നും കൂടാതെ ജിഎസ്ടി കൊണ്ടുവന്നത്. ഇന്ത്യൻ ജനതയുടെ തലയ്ക്കു മീതെ പതിച്ച മറ്റൊരു ഇടിത്തീയായി അത്. ഈ രണ്ട് ഭ്രാന്തൻ നടപടികളും ചേർന്ന് ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ലുതന്നെ തകർക്കുകയാണുണ്ടായത്.
മോദിയുടെ ഈ മണ്ടൻ തീരുമാനങ്ങൾ (അതോ ആസൂത്രിതമായ കൊലച്ചതികളോ?) ഇന്ത്യൻ ജനതയെ ചക്രശ്വാസം വലിക്കുമ്പോഴാണ് കോവിഡ് മഹാമാരി ഇന്ത്യയിലേക്ക് ഇരച്ചുകയറിയത്. അതിനെ നേരിടാൻ ശാസ്ത്രീയമായ മാർഗങ്ങൾ കെെക്കൊള്ളുന്നതിനു പകരം പാട്ടകൊട്ടലും വിളക്കുതെളിയിക്കലും പൂ വിതറലുമെല്ലാമായി ലോകത്തിനു മുന്നിൽ ഇന്ത്യയെ പരിഹാസപാത്രമാക്കുകയായിരുന്നു മോദി. യാതൊരു മുന്നറിയിപ്പോ മുന്നൊരുക്കമോ കൂടാതെ 2020 മാർച്ച് 24ന് രാത്രി ലോക്ഡൗൺ പ്രഖ്യാപിച്ചുകൊണ്ട് മോദി ഇന്ത്യൻ ജനതയെ ദുരിതങ്ങളുടെ നടുക്കയത്തിലേക്ക് എടുത്തെറിയുകയാണുണ്ടായത്. അന്നന്നത്തെ അന്നത്തിനായി അന്യസംസ്ഥാനങ്ങളിൽപോയി പണിയെടുത്തിരുന്ന തൊഴിലാളികളുടെ കൂട്ടപ്പലായനമായിരുന്നു അതിന്റെ ആദ്യാനുഭവം. വേലയും കൂലിയുമില്ലാതെ കൊടും പട്ടിണിയിലായ ജനതയെ രക്ഷിക്കുന്നതിനുള്ള പദ്ധതികൾക്കുപകരം നാടിനെയും നാട്ടുകാരെയും കോർപ്പറേറ്റുകൾക്ക് കൊള്ളയടിക്കാനുള്ള സുവർണാവസരമാക്കി ആ മഹാദുരന്തകാലത്തെ മാറ്റിത്തീർക്കുകയായിരുന്നു മോദിയും ബിജെപിയും. മോദിയെപ്പോലെ തന്നെ തീവ്രവലതുപക്ഷത്തിന്റെ പ്രതിനിധികളായിരുന്ന ട്രംപും ബോറിസ് ജോൺസനും വരെ അതാതിടങ്ങളിലെ ജനങ്ങൾക്കായി രക്ഷാപദ്ധതികൾ അവതരിപ്പിച്ചപ്പോൾ മോദിയും കേന്ദ്ര സർക്കാരും പാവപ്പെട്ടവന്റെ വായിൽ മണ്ണുവാരിയിടുകയും സമ്പന്നർക്കും കോർപ്പറേറ്റുകൾക്കും ആവോളം അമൃതേത്തിന് വഴിയൊരുക്കുകയുമായിരുന്നു. രോഗം ബാധിച്ച് ചികിത്സ കിട്ടാതെ ശ്വാസംമുട്ടി ലക്ഷക്കണക്കിനാളുകൾ പിടഞ്ഞു മരിച്ചപ്പോൾ ശവസംസ്കാരത്തിനു പോലും നാട്ടിലെ ജനസാമാന്യത്തിന് വകയില്ലായിരുന്നു. എന്തിന്, എത്ര പേർ മരിച്ചുവെന്നതിന്റെ കണക്കുപോലും ഇല്ല മോദി സർക്കാരിന്!
ലോകത്തെ അഞ്ചാമത്തെ സമ്പദ്-ഘടനയായി ഇന്ത്യയെ ഉയർത്തിയെന്നും ഏതാനും വർഷത്തിനകം മൂന്നാമത്തെ സമ്പദ്ഘടനയായി ഇന്ത്യയെ മാറ്റുമെന്നും മോദിയും ബിജെപി/ആർഎസ്എസും വീമ്പടിക്കുമ്പോൾ രാജ്യം പട്ടിണിക്കാരുടെ റിപ്പബ്ലിക്കായി മാറിയിരിക്കുന്നുവെന്ന യാഥാർഥ്യത്തിനുമുന്നിൽ മൊഴിമുട്ടിനിൽക്കുകയാണ്!
കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ മോദി വാഴ്ചയുടെ ബാക്കിപത്രം ഇന്ത്യൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങൾ മാത്രമാണ‍്. ഒന്നിനു പിറകെ ഒന്നായി മോദി പാതിരാത്രികളിൽ വിളിച്ചുകൂവുന്ന മണ്ടത്തരങ്ങൾ ഇന്ത്യൻ ജനതയ്ക്കു നേരെയുള്ള ആക്രമണങ്ങളാണ്. മഹാനരകത്തിലേക്കാണ് മോദിയും ബിജെപിയും ഇന്ത്യൻ ജനതയെ നയിച്ചുകൊണ്ടിരിക്കുന്നത്. ഇതിനറുതി വരുത്താൻ രാജ്യത്തെ ബിജെപി വാഴ്ചയിൽ നിന്ന് രക്ഷിച്ചേ മതിയാകൂ. അതിനായുള്ള പോരാട്ടത്തിലെ പ്രചരണായുധമായി ഉപയോഗിക്കാവുന്ന വസ്തുതകളാണ് ഞങ്ങൾ ഈ ലക്കത്തിൽ അവതരിപ്പിക്കുന്നത്.
ചിന്ത പ്രവർത്തകർ