സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഇന്ത്യയില്‍ മൂന്നുതവണ അടിയന്തരാവസ്ഥ പ്രഖ്യാപനങ്ങളും അവയുടെ നടപ്പിലാക്കലുകളുമുണ്ടായി. ആദ്യത്തെ അടിയന്തരാവസ്ഥ പ്രഖ്യാപനമുണ്ടായത് 1962 ഒക്ടോബര്‍ 26þന് ആയിരുന്നു. ജവഹര്‍ലാല്‍ നെഹ്റു ആയിരുന്നു ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രി. ഇന്ത്യയും ചൈനയും തമ്മില്‍ നടന്ന യുദ്ധത്തെ തുടര്‍ന്നായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപനം ഉണ്ടായത്. അന്ന് പ്രഖ്യാപിക്കപ്പെട്ടത് ബാഹ്യ അടിയന്തരാവസ്ഥ. അത് 1968 ജനുവരി 16 വരെ ഇന്ത്യയില്‍ നിലനിന്നു. അടുത്ത അടിയന്തരാവസ്ഥ പ്രഖ്യാപനം ഉണ്ടായത് 1971 ഡിസംബര്‍ 3 ന് ആയിരുന്നു. ഇന്ത്യയുടെ അപ്പോഴത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധം നടന്ന കാലമായിരുന്നു അത്. അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ തുടര്‍ന്ന് ആഭ്യന്തര സുരക്ഷാപരിപാലന നിയമം (മിസ), കോഫെ പോസ ആക്ട് തുടങ്ങിയ നിയമങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് ഇക്കാലത്ത് നടപ്പാക്കുകയുണ്ടായി. ഇന്ത്യ–പാകിസ്ഥാന്‍ യുദ്ധം അവസാനിച്ചെങ്കിലും ഇന്ദിരാഗാന്ധിയുടെ ഭരണം ബാഹ്യ അടിയന്തരാവസ്ഥ പിന്‍വലിക്കുകയുണ്ടായില്ല. രണ്ടാം അടിയന്തരാവസ്ഥ പ്രഖ്യാപനം നിലനിന്നിരുന്ന 1975 ജൂണ്‍ 25ന് ആയിരുന്നു അടുത്ത (ആഭ്യന്തര) അടിയന്തരാവസ്ഥ പ്രഖ്യാപനം നടന്നത്. ഇന്ത്യയിലാകെ വളര്‍ന്നുവന്ന ജനകീയ സമരങ്ങളെ നേരിടാനും ഇന്ദിരാഗാന്ധിയുടെ ഭരണത്തെ സംരക്ഷിക്കാനുമായിരുന്നു 1975þലെ അടിയന്തരാവസ്ഥ പ്രഖ്യാപനം നടന്നത്.
അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ പശ്ചാത്തലം ചുരുക്കത്തില്‍ പരിശോധിക്കാം. 1971þലും 1972þലും ഇന്ത്യയില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ഇന്ദിരാ കോണ്‍ഗ്രസിന് സ്വാധീനിക്കാന്‍ കഴിഞ്ഞ ഇന്ത്യന്‍ ജനത തുടര്‍ന്ന് ഇന്ദിരാഗാന്ധിയുടെ ഭരണത്തിനെതിരെ അതിവേഗത്തില്‍ തിരിയാന്‍ തുടങ്ങി. ബൂര്‍ഷ്വാ–ഭൂപ്രഭു സഖ്യത്തിന്റെ രാഷ്ട്രീയ നേതൃത്വത്തിനെതിരായി ഒരു യഥാര്‍ത്ഥ ദേശീയ ബദല്‍ ശക്തിയെന്ന നിലയില്‍ ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ ഐക്യം വളര്‍ത്തിയെടുക്കാന്‍ സിപിഐ എം മുന്‍കൈയെടുത്തു. ഇടതുപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിനുവേണ്ടി നടന്ന ഈ പരിശ്രമം കാരണം 1973 ആഗസ്തിലെയും 1974 മെയിലെയും റെയില്‍വേ പണിമുടക്കുകാലത്ത് നടന്ന ഇടതുപക്ഷ കക്ഷികളുടെ യോഗങ്ങളില്‍ മാറിനിന്ന സിപിഐയും പങ്കെടുക്കാന്‍ നിര്‍ബന്ധിതമായി ത്തീര്‍ന്നു. 1973–74 കാലത്ത് നടന്ന തൊഴിലാളി വർഗത്തിന്റെ യോജിച്ച പണിമുടക്ക് പരമ്പരകള്‍ ഇടതുപക്ഷ കക്ഷികളുടെ യോജിപ്പിന് ഉത്തേജനം നല്‍കി. ഐതിഹാസികമായ റെയില്‍വേ പണിമുടക്കും അതിന് പിന്തുണ നല്‍കിക്കൊണ്ട് ഏകദിന അഖിലേന്ത്യാ പൊതുപണിമുടക്കും നടന്നു. റെയില്‍വേ പണിമുടക്കിനെ നേരിടാന്‍ ഇന്ദിരാഗാന്ധിയുടെ ഗവണ്‍മെന്റ് ശക്തമായ കടന്നാക്രമണം നടത്തി. ഇരുപത്തിയൊന്ന് ദിവസത്തിനുശേഷം പണിമുടക്ക് പിന്‍വലിക്കേണ്ടി വന്നു. പണിമുടക്ക് പിന്‍വലിച്ചതിനുശേഷവും ദേശീയ രാഷ്ട്രീയ രംഗത്ത് വലിയ മാറ്റങ്ങള്‍ നടന്നു. തൊഴിലാളികള്‍, കൃഷിക്കാര്‍, വിദ്യാര്‍ത്ഥികള്‍, ഇടത്തരക്കാര്‍ എന്നിങ്ങനെ വിവിധ ജനവിഭാഗങ്ങളുടെ ഇടയില്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റിനെതിരെ കടുത്ത അസംതൃപ്തി വളര്‍ന്നുവന്നു. ഇതിനെ ഉപയോഗപ്പെടുത്തി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഗവണ്‍മെന്റിനെ അധികാരത്തില്‍നിന്നും നീക്കം ചെയ്യാനുള്ള രാജ്യവ്യാപകമായ പ്രക്ഷോഭം വളര്‍ത്തിക്കൊണ്ടുവരുവാന്‍ പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചു നീങ്ങി.
വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണത്തിനെതിരെ ജനകീയ സമരങ്ങള്‍ വളര്‍ന്നുവന്നു. 1973 കാലത്ത് ഗുജറാത്തില്‍ കോണ്‍ഗ്രസ് നേതാവായ ചിമന്‍ഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയായിരുന്നു ഭരണത്തിലുണ്ടായിരുന്നത്. ഫീസ് വര്‍ദ്ധനവിനെതിരെ വിദ്യാര്‍ത്ഥികള്‍ ശക്തമായ സമരം നടത്തി. ഫാക്ടറി തൊഴിലാളികളും മറ്റു ജനവിഭാഗങ്ങളും വിദ്യാര്‍ത്ഥി സമരത്തിന് അനുകൂലമായി അണിനിരന്നു. ശക്തിമത്തായ ജനകീയ സമരത്തിന്റെ ഫലമായി ചിമന്‍ഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്ക് രാജിവെക്കേണ്ടിവന്നു. തുടര്‍ന്ന് അസംബ്ലി പിരിച്ചുവിടുകയും പ്രസിഡന്റ് ഭരണം പ്രഖ്യാപിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് നടന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ജനതാപാര്‍ട്ടിയോട് പരാജയപ്പെട്ടു. ഇന്ത്യയിലെ മറ്റു നിരവധി സംസ്ഥാനങ്ങളിലും ഇന്ദിരാ കോണ്‍ഗ്രസിന്റെ ഭരണത്തിനെതിരെ ജനകീയ സമരങ്ങള്‍ ശക്തിപ്പെട്ടു. കേരളത്തിലും ശക്തിമത്തായ ബഹുജന സമരങ്ങള്‍ നടന്നു.
ഈ പശ്ചാത്തലത്തിലായിരുന്നു അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് ജഗന്‍മോഹന്‍ലാല്‍ സിന്‍ഹ 1975 ജൂണ്‍ 12ന് ഇന്ദിരാഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കുകയും അടുത്ത ആറുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട രാജ് നാരായണന്‍ തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി കൃത്രിമത്വം കാട്ടിയെന്ന് ആക്ഷേപമുന്നയിച്ച് നല്‍കിയ ഹര്‍ജി അംഗീകരിച്ചാണ് ഇന്ദിരാഗാന്ധിക്കെതിരായ കോടതിവിധി പുറപ്പെടുവിച്ചത്. കോടതി ഉത്തരവിനെതിരെ ഇന്ദിരാഗാന്ധി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. അന്ന് സുപ്രീം കോടതി ജഡ്ജിയായിരുന്ന വി ആര്‍ കൃഷ്ണയ്യര്‍ 1975 ജൂണ്‍ 24þന് ഇന്ദിരാഗാന്ധിക്കെതിരായ ഹൈക്കോടതി വിധിയെ അസ്ഥിരപ്പെടുത്താതെ അവര്‍ക്ക് പ്രധാനമന്ത്രി സ്ഥാനത്ത് താല്കാലികമായി തുടരാന്‍ അനുവാദം നല്‍കി. ഇന്ദിരാഗാന്ധി നല്‍കിയ അപ്പീല്‍ ഹര്‍ജി സുപ്രീം കോടതിയുടെ പൂര്‍ണമായ പരിഗണനയ്ക്കുവേണ്ടി മാറ്റിവെച്ചു. ഈ സന്ദര്‍ഭത്തില്‍ ഇന്ദിരാഗാന്ധിയുടെ ഭരണത്തിനെതിരെ ഡല്‍ഹിയിലും നിരവധി സംസ്ഥാനങ്ങളിലും ഇന്ദിരാഗാന്ധി രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ വളര്‍ന്നുവന്നിരുന്നു.
രാജ്യവ്യാപകമായി വളര്‍ന്നുവന്ന ജനകീയ സമരത്തെ നേരിടുന്നതിനാണ് 1975 ജൂണ്‍ 25 അര്‍ദ്ധരാത്രിയില്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഉപദേശമനുസരിച്ച് ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീന്‍ അലിഅഹമ്മദ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ഭരണഘടനയുടെ 352–ാം വകുപ്പ് ഉപയോഗിച്ചായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപനം നടന്നത്. അതേതുടര്‍ന്ന് പൗരാവകാശങ്ങള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ വ്യാപകമായ അടിച്ചമര്‍ത്തലുണ്ടായി. രാജ്യമൊട്ടാകെ പൊലീസിനെ ഉപയോഗിച്ചുകൊണ്ട് ആയിരക്കണക്കിന് പ്രതിപക്ഷ നേതാക്കളെയും അടിയന്തരാവസ്ഥയെ എതിര്‍ക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളെയും അറസ്റ്റുചെയ്തു. തിരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയെന്ന കേസില്‍ നിന്നും ഇന്ദിരാഗാന്ധിയെ പൂര്‍ണമായും കുറ്റവിമുക്തയാക്കുന്ന വിധത്തില്‍ നിയമങ്ങളില്‍ തിരുത്തല്‍ വരുത്തി. ഇന്ദിരാഗാന്ധിയുടെ പാര്‍ട്ടിക്കെതിരായി പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിച്ചിരുന്ന ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഭരണം അനിശ്ചിതകാലത്തേക്ക് പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. 1950 നെ തുടര്‍ന്ന് ഭരണഘടന പ്രഖ്യാപിച്ച് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്ന പല അവകാശങ്ങളും അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ തുടര്‍ന്ന് ഇന്ദിരാഗാന്ധിയുടെ ഭരണനേതൃത്വം എടുത്തുകളഞ്ഞു. കേന്ദ്രഗവണ്‍മെന്റിന്റെ അവകാശങ്ങളും അധികാരവ്യാപ്തിയും പരമാവധി വികസിപ്പിച്ചു. സംസ്ഥാനങ്ങളുടെ അധികാരപരിധിക്കുള്ളിലുണ്ടായിരുന്ന പല അവകാശങ്ങളും ഇതിന്റെ ഫലമായി കേന്ദ്രഭരണം കൈക്കലാക്കി. അതോടൊപ്പം ഭരണഘടന ഉറപ്പുനല്‍കിയിരുന്ന പല പൗരാവകാശങ്ങളും ബന്ധപ്പെട്ട ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഭരണം നടപ്പിലാക്കിയ ജനവിരുദ്ധമായ ഭരണഘടനാ ഭേദഗതികള്‍ക്ക് ഇടതുപക്ഷ മുഖം നല്‍കി ഒഴിഞ്ഞുമാറാന്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, മതനിരപേക്ഷം എന്നീ രണ്ടുവിശേഷണങ്ങളും കൂട്ടിച്ചേര്‍ത്തു. സോഷ്യലിസത്തിലേക്കും മതനിരപേക്ഷതയിലേക്കും നീങ്ങുന്ന ഇന്ത്യാ ഗവണ്‍മെന്റിന്റെ നടപടികളെ തടയുന്ന പിന്തിരിപ്പന്‍ ശക്തികളുടെ നീക്കത്തെ നേരിടുന്നതിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപനവും ഭരണഘടനാ- ഭേദഗതികളും നടപ്പാക്കിയതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രചരിപ്പിച്ചത്.
അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയിലെ കൃഷിക്കാര്‍ വീണ്ടും വഞ്ചിക്കപ്പെട്ടു. ധനിക കൃഷിക്കാരുടെയും ഭൂപ്രഭുക്കളുടെയും ലാഭം വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ പല നടപടികളുമെടുത്തു. കര്‍ഷകത്തൊഴിലാളികളുടെ മിനിമം വേതനവും വീടുവെക്കാനുള്ള സൗകര്യങ്ങളും നിഷേധിക്കപ്പെട്ടു. തൊഴിലാളിവര്‍ഗ്ഗം അനുഭവിച്ചുവന്ന ജീവിത സൗകര്യങ്ങള്‍ പടിപടിയായി റദ്ദാക്കി. ബോണസ് നല്‍കുന്നത് തടയുകയും കൂലിയും ശമ്പളവും വെട്ടിക്കുറക്കുകയും ചെയ്തു. പതിനയ്യായിരം കോടി രൂപയുടെ വരുമാനമെങ്കിലും ഇപ്രകാരം പിടിച്ചെടുക്കപ്പെട്ടു. തൊഴിലെടുക്കുന്ന അഞ്ചുലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. പതിനായിരക്കണക്കിന് കേന്ദ്ര–സംസ്ഥാന ജീവനക്കാരെ ഗവണ്‍മെന്റ് ചെലവുകള്‍ കുറയ്ക്കണമെന്ന പേരില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഗ്രാമീണ ജനങ്ങളുടെ ഇടയിലെ തൊഴിലില്ലായ്മയും ദാരിദ്ര്യവും വന്‍തോതില്‍ വര്‍ദ്ധിച്ചു. വിദ്യാസമ്പന്നരായ തൊഴിലില്ലാത്തവരുടെ എണ്ണം പെരുകി 40 ലക്ഷമായി.
ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയെ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിലേക്ക് മാറ്റം വരുത്താനുള്ള നീക്കം അടിയന്തരാവസ്ഥക്കാലത്ത് ഭരണനേതൃത്വത്തിന്റെ ഭാഗത്തുനിന്നുമുണ്ടായി. ജനാധിപത്യ വ്യവസ്ഥയെ പരിമിതപ്പെടുത്താനുള്ള നീക്കത്തിനെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുന്നതിന് സിപിഐ എമ്മും മറ്റു പ്രതിപക്ഷ കക്ഷികളും സജീവമായി ഇടപെട്ടു. പ്രകടനങ്ങളും യോഗങ്ങളും നടത്തുന്നതിന് അനുവദിക്കാതിരുന്നതുകൊണ്ട് ഹാളുകളില്‍ വെച്ച് കണ്‍വെന്‍ഷനുകള്‍ നടത്തി. കേരളമടക്കം നിരവധി സംസ്ഥാനങ്ങളില്‍ സി.പി.ഐ ഒഴിച്ചുള്ള കോണ്‍ഗ്രസ്സിതര രാഷ്ട്രീയ കക്ഷികള്‍ ഈ പ്രക്ഷോഭങ്ങള്‍ വളരെ സജീവമായി ഏറ്റെടുത്തു. ജയിലിന് പുറത്തായിരുന്ന പ്രതിപക്ഷ നേതാക്കളെല്ലാം ഈ കണ്‍വെന്‍ഷനുകളില്‍ പങ്കെടുത്തു. അഖിലേന്ത്യാ തലത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഒത്തുചേര്‍ന്ന് ഒരു അഖിലേന്ത്യാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഈ അഖിലേന്ത്യാ കണ്‍വെന്‍ഷന്‍ അടിയന്തരാവസ്ഥയ്ക്കെതിരായ സമരത്തിന്റെ പ്രധാന കേന്ദ്രമായിമാറി. പൗരാവകാശ ധ്വംസനത്തിനെതിരെ മറ്റൊരു അഖിലേന്ത്യാ കണ്‍വെന്‍ഷനും സംഘടിപ്പിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് ഒന്നരവര്‍ഷത്തിനകമാണ് ഈ രണ്ട് കണ്‍വെന്‍ഷനുകളും സംഘടിപ്പിക്കപ്പെട്ടത്. പ്രതിപക്ഷ ഐക്യം തുടര്‍ന്നും കൂടുതല്‍ ശക്തിപ്പെട്ടു. പാര്‍ലമെന്ററി ഭരണ വ്യവസ്ഥയെ മാറ്റി പ്രസിഡന്‍ഷ്യല്‍ ഭരണ വ്യവസ്ഥ നടപ്പാക്കാനുള്ള പദ്ധതി ഇന്ദിരാഗാന്ധിക്കും സഹപ്രവര്‍ത്തകര്‍ക്കും ഉപേക്ഷിക്കേണ്ടിവന്നു. അടിയന്തരാവസ്ഥക്കാലത്ത്, അതിനെതിരെ ശബ്ദമുയര്‍ത്തിയ പ്രതിപക്ഷ കക്ഷികളുടെ നീക്കങ്ങളിലുണ്ടായ ഒട്ടും നിസ്സാരമല്ലാത്ത ഒരു നേട്ടമായിരുന്നു ഇത്.
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും മകന്‍ സഞ്ജയ് ഗാന്ധിയും കൂട്ടുകാരും ചേര്‍ന്ന് ഭരണകക്ഷിയിലും ഗവണ്‍മെന്റിലും രൂപംകൊണ്ട ഒരു ചെറിയ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ അടിയന്തരാവസ്ഥയ്ക്കെതിരായ ജനവികാരം വളർത്തുന്നതിനിടയാക്കി. ഭരണഘടനയിലെ വ്യവസ്ഥകള്‍ക്ക് ഒട്ടും വിധേയമായിട്ടല്ലാതെയാണ് ഈ ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നത്. ഭരണഘടനയ്ക്കതീതമായി പ്രവര്‍ത്തിക്കുന്ന അധികാരകേന്ദ്രമായി ഇതുമാറി. ഭരണത്തിലുള്ള കേന്ദ്രമന്ത്രിമാര്‍ ഈ ഭരണഘടനാ ബാഹ്യകേന്ദ്രത്തിന് അടിമപ്പെട്ട് പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരായി. ആഭ്യന്തരമന്ത്രി പേരിന് ബ്രഹ്മാനന്ദ റെഡ്ഡിയായിരുന്നുവെങ്കിലും അദ്ദേഹത്തെ സാക്ഷിയാക്കി ആ വകുപ്പ് കൈകാര്യം ചെയ്തത് സഹമന്ത്രിയായ ഓംമേത്തയായിരുന്നു. ദീര്‍ഘകാല ഭരണപരിചയമുണ്ടായിരുന്ന ജഗജീവന്‍ റാമിന് സഞ്ജയ് വാഴ്ചക്ക് കീഴില്‍ നടക്കുന്ന അക്രമനടപടികള്‍ക്ക് മൂകസാക്ഷിയായി നില്‍ക്കേണ്ടി വന്നു. പല മന്ത്രിമാരും നിസ്തേജരായി. അവരുടെ കൈയിലുള്ള അധികാരം യഥാര്‍ത്ഥത്തില്‍ കൈയാളുന്നത് സഞ്ജയ് ഗാന്ധിയും സഞ്ജയ് ഗാന്ധിയുടെ ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥരും മന്ത്രിമാരുമാണെന്ന നിലവന്നു. മന്ത്രിമാരില്‍ തന്നെ ഓംമേത്തക്ക് പുറമെ വി സി ശുക്ലയെപോലെ ചിലര്‍ മറ്റു മന്ത്രിമാരുടെയും ഭരണകക്ഷി നേതാക്കളുടെയും മേല്‍ ആധിപത്യം പുലര്‍ത്തുന്നത് സാധാരണ പതിവായി മാറി. സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തില്‍ ഭരണതലത്തിലൊരിക്കലുമുണ്ടായിട്ടില്ലാത്ത പുതിയ സ്ഥിതിവിശേഷങ്ങളെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായി രാജ്യത്തിന് നേരിടേണ്ടിവന്നത്.
സഞ്ജയ് വാഴ്ചക്കാര്‍ നടപ്പാക്കിയ മറ്റൊരു നടപടി നിര്‍ബന്ധിത കുടുംബാസൂത്രണമായിരുന്നു. വ്യാപകമായി ഉദ്യോഗസ്ഥരെ ഇതിനുവേണ്ടി നിയമിച്ചു. അവരാകട്ടെ നിര്‍ദ്ദേശം നടപ്പാക്കിയില്ലെങ്കില്‍ ജോലി പോകുമെന്ന ഭയത്താല്‍ പാവപ്പെട്ടവരെ തെരഞ്ഞുപിടിച്ച് ശസ്ത്രകിയ നടത്തി. രാജ്യത്താകമാനം ജാതി–മത–കക്ഷി ഭേദമന്യേ ജനങ്ങളെ ഗവണ്‍മെന്റിനെതിരെ തിരിച്ചുവിടാന്‍ ഈ നടപടി സഹായിച്ചു. ഇവയ്ക്കെതിരെ ശബ്ദമുയര്‍ത്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്ക് സിപിഐയും ചേര്‍ന്നു. എന്നാല്‍ അടിയന്തരാവസ്ഥയോടു സിപിഐ അന്നെടുത്ത അനുകൂല സമീപനത്തില്‍ ഒരു മാറ്റവും വരുത്തിയില്ല. എങ്കിലും ഒരു ചെറിയ മാറ്റം അവരുടെ നിലപാടിലുണ്ടായത് സഞ്ജയ് ഗാന്ധിയെയും കൂട്ടരെയുംപ്രകോപിപ്പിച്ചു. സിപിഐയും ഇന്ദിരാഗാന്ധിയും തമ്മിലുണ്ടായിരുന്ന ബന്ധവും ഉലയാന്‍ തുടങ്ങി. അക്കാലത്ത് കേരളത്തില്‍ നടന്ന ശ്രദ്ധേയമായ ഒരു സംഭവമായിരുന്നു സഞ്ജയ് വാഴ്ചയ്ക്കെതിരെ അന്ന് കെപിസിസി പ്രസിഡന്റായിരുന്ന എകെ ആന്റണി എഐസിസി യുടെ ഗുവാഹത്തി സമ്മേളനത്തില്‍ നടത്തിയ പ്രസംഗം. കേരളത്തിലെ കോണ്‍ഗ്രസിനകത്തും അടിയന്തരാവസ്ഥയ്ക്കെതിരായ ചെറുതായ ചില ചലനങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയെന്നതിന്റെ സൂചനയായിരുന്നു അത്.
ഈ പൊതു പശ്ചാത്തലത്തിലാണ് സംഘടനാ കോണ്‍ഗ്രസ്, ജനസംഘം, ലോക്ദള്‍, സ്വതന്ത്രാപാര്‍ട്ടി, സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നിവ ചേര്‍ന്ന് ഒറ്റപ്പാര്‍ട്ടിയാവുകയോ അല്ലെങ്കില്‍ യോജിച്ച് പ്രവര്‍ത്തിക്കുകയോ ചെയ്യണമെന്ന നിര്‍ദേശം അഖിലേന്ത്യാ തലത്തില്‍ ഉയര്‍ന്നുവന്നത്. ഇവരും സിപിഐ എം അടക്കമുള്ള ഇടതുപാര്‍ട്ടികളും ചേര്‍ന്നായിരുന്നു അടിയന്തരാവസ്ഥയ്ക്കും സഞ്ജയ് വാഴ്ചയ്ക്കുമെതിരായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചത്. ഈ സന്ദര്‍ഭത്തിലാണ് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തില്‍ ഒരു ഉരുള്‍പൊട്ടല്‍ നടന്നത്. ജഗജീവന്‍ റാം, എച്ച് എൻ ബഹുഗുണ, നന്ദിനി സത്പതി എന്നീ മൂന്ന് അഖിലേന്ത്യാ നേതാക്കൾ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് പ്രതിപക്ഷ നിലപാടെടുത്തു. ജനാധിപത്യ കോണ്‍ഗ്രസ് എന്ന പേരില്‍ അവര്‍ രൂപം നല്‍കിയ അഖിലേന്ത്യാ പാര്‍ട്ടി പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ഒരുമിച്ചുനീങ്ങി. അവരും മറ്റു പ്രതിപക്ഷ കക്ഷികളും ചേര്‍ന്നാണ് 1977 മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിച്ചത്.
1977 ജനുവരി 18 ന് ആയിരുന്നു 1977 മാര്‍ച്ചില്‍ ലോക്-സഭ തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചത്. നിരവധി പ്രതിപക്ഷ നേതാക്കൾ ജയില്‍ വിമുക്തരായി. കുറേയധികം നേതാക്കളെ തിരഞ്ഞെടുപ്പ് കാലത്തും ജയിലിലടച്ചിരുന്നു. 1977 മാര്‍ച്ച് 16 മുതല്‍ 20 വരെ തീയതികളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ജനതാപാര്‍ട്ടി 298 ലോക്-സഭ സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് 154 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. 1971 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചതിനേക്കാള്‍ 198 സീറ്റുകളുടെ കുറവാണ് 1977ലെ തിരഞ്ഞെടുപ്പിലുണ്ടായത്. ഇന്ദിരാഗാന്ധി സ്വന്തം നിയോജകമണ്ഡലമായ റായ്ബറേലി നിയോജകമണ്ഡലത്തില്‍ പരാജയപ്പെട്ടു. മൊറാര്‍ജി ദേശായി ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസ്സിതര പ്രധാനമന്ത്രിയായി. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റ് തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ആഭ്യന്തര അടിയന്തരാവസ്ഥ പിന്‍വലിച്ചിരുന്നു. ജനതാദള്‍, സിഎഫ്ഡി (കോണ്‍ഗ്രസ് ഫോര്‍ ഡമോക്രസി) ഗവണ്‍മെന്റ് ബാഹ്യ അടിയന്തരാവസ്ഥയും പിന്‍വലിച്ചു. 1975 മുതല്‍ 1977 വരെയുള്ള കാലത്തായിരുന്നു ഇന്ദിരാഗാന്ധിയുടെ തീരുമാനപ്രകാരം അടിയന്തരാവസ്ഥ നിലനിന്നത്. നിരവധി സംഘടനകളെ നിയമവിരുദ്ധ സംഘടനകളായി പ്രഖ്യാപിച്ച പ്രഖ്യാപനങ്ങളും പിന്‍വലിച്ചു. പത്രങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ച നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞു. അടയിന്തരാവസ്ഥക്കാലത്ത് നടപ്പാക്കിയ ഭരണ ഘടനാ ഭേദഗതികള്‍ റദ്ദാക്കുമെന്നും ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. ജനാധിപത്യാവകാശം, പത്രസ്വാതന്ത്ര്യം, സമ്മേളിക്കുന്നതിനും സംഘടിക്കുന്നതിനും പണിമുടക്ക് അടക്കമുള്ള ബഹുജന സമരങ്ങള്‍ നടത്തുന്നതിനുമുള്ള സ്വാതന്ത്ര്യം എന്നിവ നിഷേധിക്കുന്ന അടിയന്തരാവസ്ഥക്കാലത്തെ നടപടികള്‍ പിന്‍വലിച്ചു. പത്രങ്ങളുടെ സെന്‍സര്‍ഷിപ്പിനും നീതിനിര്‍വ്വഹണവിഭാഗത്തെ ഭരണ നിര്‍വ്വഹണ വിഭാഗത്തിന് കീഴ്പ്പെടുത്താനുമുള്ള അമിതാധികാര ഭരണത്തില്‍ നിന്നുളവായ എല്ലാവിധ നയങ്ങള്‍ക്കുമെതിരായ ജനങ്ങളുടെ വിധിയെഴുത്തായി ഇന്ദിരാഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും പരാജയം മാറി. അടിയന്തരാവസ്ഥ അവസാനിപ്പിച്ചതും സ്ഥിതിഗതികളില്‍ മാറ്റംവരുത്തിയതും ജനങ്ങളുടെ സംഘടിതമായ ഇടപെടലിന്റെ ഫലമായിരുന്നു. ഇന്ത്യയിലെ വിപുലമായ ജനസാമാന്യത്തിന്റെ ജീവിത–തൊഴില്‍ പരിതഃസ്ഥിതികളില്‍ കാര്യമായ മാറ്റം വരുത്തുന്നതിന് പുതിയ കാഴ്ചപ്പാടുകളും സമരരൂപങ്ങളും വികസിപ്പിക്കേണ്ട ചുമതല അടിയന്തരാവസ്ഥയുടെ പര്യവസാനത്തോടെ സിപിഐ എമ്മിനും ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും വര്‍ദ്ധിച്ചു. ജനതാഗവണ്‍മെന്റിന്റെ ഭരണകാലത്തും അതിനുശേഷവും സിപിഐ എം പ്രവര്‍ത്തിച്ചത് ഈ കാഴ്ചപ്പാടോടെയാണ്. l



