അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ 50–ാം വാർഷികദിനമാണ് ജൂൺ 25. അതുമായി ബന്ധപ്പെട്ട ഓർമ പുതുക്കുന്ന പതിപ്പാണ് ഈ ലക്കം ചിന്ത വാരിക. എസ് രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, എം എ ബേബി, കെ എൻ രവീന്ദ്രനാഥ്, പി കരുണാകരൻ, വെെക്കം വിശ്വൻ, എം എം മണി, കെ ജെ തോമസ്, എം വിജയകുമാർ എന്നിവർ അന്നത്തെ ഓർമകൾ പങ്കുവയ്ക്കുന്നു.
1975 ജൂൺ 12ന് തിരഞ്ഞെടുപ്പ് പരാതിയിൽ അലഹബാദ് ഹെെക്കോടതി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദ് ചെയ്തു. ഇതിനെത്തുടർന്ന് രാജി വയ്ക്കേണ്ടിവരുമെന്ന ഘട്ടത്തിൽ സ്വന്തം അധികാരം നിലനിർത്താൻ ഇന്ദിര പ്രഖ്യാപിച്ചതാണ് അടിയന്തരാവസ്ഥ എന്ന രീതിയിലുള്ള ആഖ്യാനമാണ് പൊതുമണ്ഡലത്തിൽ പ്രബലമായി കാണുന്നത്. എന്നാൽ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിനിടയാക്കിയ പെട്ടെന്നുള്ള കാരണങ്ങളിലൊന്ന് മാത്രമാണത് എന്നതാണ് യാഥാർഥ്യം.
1971ലെ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് വിജയിച്ചത് ഗരീബി ഹഠാവൊ തുടങ്ങിയ ജനപ്രിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു. എന്നാൽ ഇന്ദിരാഗാന്ധിയുടെ ഭരണം തികച്ചും ജനവിരുദ്ധമായിരുന്നു എന്ന് ജനങ്ങൾക്ക് വ്യക്തമാകാൻ കാലം ഏറെ വേണ്ടിവന്നില്ല. അതുകൊണ്ടുതന്നെ ഈ കാലത്ത് ജനകീയ സമരങ്ങൾ അലയടിച്ചുയർന്നു. വിലക്കയറ്റത്തിനെതിരായ സമരങ്ങൾ, റെയിൽവെ തൊഴിലാളികളുടെ പണിമുടക്കുൾപ്പെടെ തൊഴിലാളികളുടെയും ജീവനക്കാരുടെയും സമരങ്ങൾകൊണ്ട് മുഖരിതമായിരുന്നു അക്കാലം. ഇന്ദിരാവാഴ്ചയിൽ നടമാടിയ കൊടിയ അഴിമതികളും ജനങ്ങളിൽ അസംതൃപ്തി പടർത്തിയിരുന്നു.
രൂക്ഷമായ സാമ്പത്തികപ്രതിസന്ധി ഭരണവർഗത്തിനുള്ളിൽ തന്നെ ചേരിതിരിവ് ഉണ്ടാക്കുകയും അത് രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിതെളിക്കുകയും ചെയ്തിരുന്നു. ഭരണകക്ഷിയായ ഇന്ദിരാകോൺഗ്രസിനുള്ളിൽ തന്നെ ചേരിതിരിവ് രൂപപ്പെട്ടുവന്നിരുന്നു. കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയുടെ സ്ഥാനാർഥിയെ പരാജയപ്പെടുത്തി യുവതുർക്കിയെന്നറിയപ്പെട്ടിരുന്ന ചന്ദ്രശേഖർ വിജയിച്ചത് ഭരണകക്ഷിക്കുള്ളിലെ ഭിന്നതയുടെ തെളിവാണ്.
ഈ ഘട്ടത്തിൽ ഇന്ദിരാവാഴ്ചയിലെ ജനവിരുദ്ധ നടപടികൾക്കും അഴിമതിക്കുമെതിരെയും ജനാധിപത്യത്തിനുവേണ്ടിയും രാജ്യത്തുടനീളം പ്രസ്ഥാനങ്ങൾ സജീവമായിരുന്നു. ബീഹാറിലും ഗുജറാത്തിലുമെല്ലാം വലിയ സമരങ്ങൾ തന്നെ ഉയർന്നുവന്നിരുന്നു. ഈ വേളയിലാണ് ഇന്ദിരാഗാന്ധിക്കെതിരായ തിരഞ്ഞെടുപ്പ് കേസിൽ അവർക്കെതിരെ വിധി വരുന്നത്. ഇതാകെയാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ പശ്ചാത്തലം.
‘‘നാവടക്കൂ, പണിയെടുക്കൂ’’ എന്നതായിരുന്നു കേരളത്തിലുൾപ്പെടെ അടിയന്തരാവസ്ഥക്കാലത്തെ സർക്കാരിന്റെ മുദ്രാവാക്യം. എല്ലാവിധ ജനാധിപത്യാവകാശങ്ങളും കവർന്നെടുക്കപ്പെട്ടിരുന്നു. പത്ര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നു. കൊടിയ മർദ്ദനങ്ങളുടെ കാലമായിരുന്നു അത്. എന്നാൽ അതിനെയെല്ലാം തരണം ചെയ്തുകൊണ്ട് രാജ്യത്തുടനീളം ആ മർദകവാഴ്ചയ്ക്കെതിരെ ചെറുത്തുനിൽപ്പുകളും ശക്തമായി ഉയർന്നുവന്നു. അത്തരമൊരു ഘട്ടത്തിലാണ് അടിയന്തരാവസ്ഥാ നിയമങ്ങളിൽ അയവുവരുത്തിക്കൊണ്ട് ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പ് തീരുമാനം പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിലെ ജനവിധി അവരുടെ കണക്കുകൂട്ടലുകളെയാകെ തെറ്റിച്ചു.
ആ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് 50 വർഷം തികയുമ്പോൾ നാം ഇന്ന് മറ്റൊരു അടിയന്തരാവസ്ഥയുടെ നിഴലിലാണ്. 1975ൽ ഭരണഘടനാ വ്യവസ്ഥ ഉപയോഗിച്ച് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയായിരുന്നെങ്കിൽ ഇപ്പോൾ മോദിയുടേത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന വ്യത്യാസമേയുള്ളൂ. സമാനതകൾ ഏറെയുണ്ട്. അതുകൊണ്ടുതന്നെ ആ കാലത്തെ അനുഭവങ്ങൾക്ക് ഇന്ന് ഏറെ പ്രസക്തിയുമുണ്ട്. l