1975 ജൂൺ 26ന്, ഇന്ദിരാഗാന്ധി ഗവൺമെന്റ് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഞാൻ കൽക്കട്ടയിലായിരുന്നു. ആ കാലത്ത് എസ്എഫ്ഐയുടെ കേന്ദ്ര ഓഫീസ് കൽക്കട്ടയിലായിരുന്നു; എസ്എഫ്ഐ പ്രസിഡന്റ് എന്ന നിലയിൽ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് ഞാൻ അവിടേക്ക് പോയത്. ജൂൺ 28ന് നടത്താൻ തീരുമാനിച്ചിരുന്ന ഡൽഹിയിലേക്കുള്ള എന്റെ മടക്കയാത്രയെക്കുറിച്ച് ഞാൻ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയുമായ സഖാവ് പ്രമോദ് ദാസ് ഗുപ്തയോട് സംസാരിച്ചു. ഡൽഹി പാർട്ടി സെക്രട്ടറി മേജർ ജയ്പാൽ സിങ്ങിന്റെ അറസ്റ്റിനെക്കുറിച്ച് ഞങ്ങൾ അറിഞ്ഞിരുന്നു; ഈ സ്ഥിതിയിൽ ഡൽഹിയിലേക്ക് പോകാനാണ് സ. പ്രമോദ് ദാസ് ഗുപ്ത എന്നോട് പറഞ്ഞത്; എന്നാൽ ഘാസിയാബാദ് സ്റ്റേഷനിൽ തീവണ്ടിയിൽനിന്ന് ഇറങ്ങണമെന്ന് അദ്ദേഹം എന്നെ ഉപദേശിച്ചു; ന്യൂഡൽഹി ടെർമിനൽ സ്റ്റേഷനിൽ ഇറങ്ങരുതെന്നും അവിടെ പൊലീസ് നിരീക്ഷണത്തിനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഡൽഹിയിൽ എത്തിയശേഷമുള്ള ആദ്യത്തെ ഏതാനും ദിവസങ്ങളിൽ, ആക്രമണം നേരിട്ടുകൊണ്ടിരുന്ന ജെഎൻയുവിലെ എസ്എഫ്ഐ ഘടകത്തിനും പാർട്ടി അംഗങ്ങൾക്കും മാർഗദർശനം നൽകുകയും അവരെ സഹായിക്കുകയുമായിരുന്നു ഞാൻ. ജൂലെെ 7ന് രാത്രി നൂറുകണക്കിന് പൊലീസുകാർ ജെഎൻയുവിലെ ഹോസ്റ്റലുകൾ റെയ്ഡ് ചെയ്തു. ഒട്ടേറെ വിദ്യാർഥികളെ അവർ കസ്റ്റഡിയിലെടുത്തു; പത്ത് പേരൊഴികെ മറ്റെല്ലാവരെയും പൊലീസ് സ്റ്റേഷനിലെ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചു. ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഡി പി ത്രിപാഠിയെ അറസ്റ്റ് ചെയ്യുന്നതിനായിരുന്നു പൊലീസിന്റെ അന്വേ ഷണം. എസ്എഫ്ഐ പ്രവർത്തകനായ പ്രബീർ പുർകായസ്തയെ ഡി പി ത്രിപാഠിയാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് തട്ടിക്കൊണ്ടുപോയതും അറസ്റ്റ് ചെയ്തതുമായിരുന്നു ഏറ്റവും നാടകീയമായ സംഭവം. തങ്ങൾക്ക് അമളി പറ്റിയത് മൂടിവെയ്ക്കാൻ പൊലീസ് അടിയന്തരാവസ്ഥ കഴിയുന്നതുവരെ മിസ (MISA) നിയമപ്രകാരം പ്രബീറിനെ തടങ്കലിലാക്കി – ഈ മാസങ്ങളിലാകെ ജെഎൻയു സ്റ്റുഡന്റ്സ് യൂണിയനും എസ്എഫ്ഐയും അടിയന്തരാവസ്ഥയെയും, വിദ്യാർഥികളുടെയും വിദ്യാർഥി യൂണിയന്റെയും അവകാശങ്ങൾ അടിച്ചമർത്താൻ ശ്രമിച്ചിരുന്ന യൂണിവേഴ്സിറ്റി അധികൃതരെയും എതിർക്കുന്നതിൽ അഭഋതപൂർവമായ പങ്കുവഹിച്ചു. അടിയന്തരാവസ്ഥയ്ക്കെതിരെ മൂന്ന് ദിവസത്തെ പഠിപ്പുമുടക്കുൾപ്പെടെ നിരന്തരമായ ചെറുത്തുനിൽപ്പ് നടത്തിയ യൂണിവേഴ്സിറ്റി കാമ്പസ് എന്ന നിലയിൽ ദേശീയതലത്തിൽ തന്നെ ജെഎൻയു ശ്രദ്ധ പിടിച്ചുപറ്റി.
ആ സമയത്തുതന്നെ, ഒളിവിൽ പോകാൻ പാർട്ടിയിൽനിന്ന് എനിക്ക് നിർദ്ദേശം ലഭിച്ചു. 1975 ആഗസ്ത് മുതൽ 1977 ജനുവരിയിൽ അടിയന്തരാവസ്ഥ അവസാനിക്കുന്നതുവരെ എസ്എഫ്ഐയുടെ സംഘടനാജോലികൾ ചെയ്തും ഡൽഹി പാർട്ടിയിലെ ഉത്തരവാദിത്വങ്ങൾ നിറവേറ്റിയും ഞാൻ ഒളിവിൽ പ്രവർത്തിച്ചു; ഇതിനിടയിൽതന്നെ പാർട്ടിയുടെ ഡൽഹി സംസ്ഥാന കമ്മിറ്റിയിൽ എന്നെ ഉൾപ്പെടുത്തിയിരുന്നു.
എന്റെ ഒളിവുജീവിതം താരതമേ-്യന പ്രയാസരഹിതമായിരുന്നു; കാരണം പഴയൊരു കേസ് പൊക്കിപ്പിടിച്ച് പൊലീസിന് എന്നെ അറസ്റ്റുചെയ്യാൻ കഴിയുമായിരുന്ന ജെഎൻയുവിലും ഡൽഹി പാർട്ടി ഓഫീസിലും എന്റെ അമ്മ താമസിച്ചിരുന്ന വിത്തൽ ഭായി പട്ടേൽ ഹൗസിലെ എന്റെ -ഫ്ളാറ്റിലും ഞാൻ പോകാതിരുന്നതുകൊണ്ട് പൊലീസ് എന്നെ പിടികൂടാനായി കണ്ണിലെണ്ണയൊഴിച്ച് തെരഞ്ഞിരുന്നില്ല. ഡൽഹിയിലും രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലുമെല്ലാം തീരെ അജ്ഞാതനായി എനിക്ക് സഞ്ചരിക്കാൻ കഴിയുമായിരുന്നു.
ഞങ്ങൾ ലഘുലേഖകളും ഇൻഫർമേഷൻ ബുള്ളറ്റിനുകളും തയ്യാറാക്കാൻ തുടങ്ങി; രഹസ്യമായി അവയുടെ പകർപ്പുകളെടുക്കുകയും എസ്എഫ്ഐ നെറ്റ് വർക്കിലൂടെ വിതരണം നടത്തുകയും ചെയ്തു. എസ്എഫ്ഐ പ്രവർത്തകരെ കാണാനും കൂടിയാലോചിക്കാനുമായി ഞാൻ പശ്ചിമ ബംഗാൾ, കേരളം, തമിഴ്നാട്, രാജസ്താൻ തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിൽ സഞ്ചരിച്ചു. എസ്എഫ്ഐ ഭാരവാഹികളുടെ ഒരു യോഗം ഞങ്ങൾ കൽക്കട്ടയ്ക്കടുത്ത് രഹസ്യമായി ചേർന്നു; പിന്നീട് ഡൽഹിയിൽ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഒരു യോഗവും ചേർന്നു. ഇതിൽ ആദ്യത്തെ യോഗത്തിൽ സഖാവ് പ്രമോദ് ദാസ് ഗുപ്തയും രണ്ടാമത്തെ യോഗത്തിൽ സഖാവ് പി സുന്ദരയ്യയും പങ്കെടുത്തു. ഡൽഹിയിലെ യോഗം ചേർന്നത് ജെഎൻയുവിലെ ഒരു എസ്എഫ്ഐ നേതാവിന്റെ കുടുംബം പുതുതായി വാടകയ്ക്കെടുത്ത ഫ്ളാറ്റിലായിരുന്നു. തമിഴ്നാട്ടിൽ അടിയന്തരാവസ്ഥയ്ക്കെതിരായിരുന്ന ഡിഎംകെയാണ് ഭരണത്തിൽ എന്നതിനാൽ ഞങ്ങൾക്ക് ചെന്നെെയിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞു; അവിടെ സംസ്ഥാന പൊലീസിനെ പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രീയ പ്രവർത്തനങ്ങളെ എതിർക്കാൻ സംസ്ഥാന പൊലീസിനെ ഉപയോഗിച്ചിരുന്നില്ല. എന്നാൽ 1976 ജനുവരിയിൽ കേന്ദ്രം ഡി എം കെ ഗവൺമെന്റിനെ പിരിച്ചുവിട്ടതിനെത്തുടർന്ന് ഈ സ്ഥിതിയിൽ മാറ്റംവന്നു.
പാർട്ടിയിലെ ഡൽഹി കമ്മിറ്റിയിലെ ഒരംഗമെന്ന നിലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പാർട്ടി നേതാക്കൾക്കുവേണ്ട ‘ടെക്’ ഏർപ്പാടുകൾ ചെയ്യുന്നതിൽ ഞാൻ ഏർപ്പെട്ടു. നേതാക്കളിൽ രണ്ടുപേർ, പി സുന്ദരയ്യയും ബി ടി രണദിവെയും ഡൽഹിയിൽ ഒളിവിൽ കഴിയുകയും മറ്റ് സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുകയും ചെയ്തിരുന്നു. ഞങ്ങളുടെ വിവാഹത്തിനുശേഷം ബൃന്ദയും ഞാനും താമസിക്കാനായി വാടകയ്ക്കെടുത്തിരുന്ന ചെറിയൊരു വീട്ടിലായിരുന്നു ഒളിവിലായിരുന്ന പി സുന്ദരയ്യ രണ്ട് മാസം കഴിഞ്ഞത്. 1975 നവംബർ 7നാണ് തികച്ചും ആർഭാടരഹിതമായി ഞങ്ങളുടെ വിവാഹം നടന്നത്; എ കെ ജിയും സുശീലയും ഹർകിഷൻ സിങ് സുർജിത്തും മറ്റു ചുരുക്കം ചില സഖാക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത‍്. ഞാൻ പി സുധീർ എന്ന പേരും ബൃന്ദ റീത്തയെന്ന പേരുമാണ് അക്കാലത്ത് സ്വീകരിച്ചിരുന്നത്.
ഞങ്ങളോടൊപ്പമുള്ള സുന്ദരയ്യയുടെ താമസം ഞങ്ങൾക്ക് രണ്ടു പേർക്കും വളരെയേറെ പ്രയോജനം ചെയ്തതും അറിവ് പകർന്നു നൽകിയതുമായ അനുഭവമായിരുന്നു. രുചികരമായ ഭക്ഷണം പാചകം ചെയ്യേണ്ടതെങ്ങനെയെന്നുപോലും അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു. ഞാൻ ഓർമിക്കുന്ന മറ്റൊരു പ്രധാന സംഭവം 1975ൽ പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ എ കെ ജി നടത്തിയ പ്രസംഗമാണ്. 1971 മുതൽ 1973 വരെ സഹായിയായി ഞാൻ എ കെ ജിയോടൊപ്പം പ്രവർത്തിച്ചിരുന്നു. അതിനുശേഷവും ഇടയ്ക്കിടെ ലേഖനങ്ങളും പ്രസംഗങ്ങളും തയ്യാറാക്കാൻ ഞാൻ എ കെ ജിയെ സഹായിച്ചിരുന്നു. അടിയന്തരാവസ്ഥയെ സംബന്ധിച്ച് ലോക്-സഭയിൽ നടത്തിയ പ്രശസ്തമായ പ്രസംഗത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു: ‘‘ആദ്യത്തെ പെൺ സേ-്വച്ഛാധിപതിയെ ലോകം കാണുകയാണ്’’. താൻ നടത്താൻ പോകുന്ന പ്രസംഗത്തിന്റെ ടെക‍്സ്റ്റ് കാണിച്ചുകൊണ്ട് തമാശരൂപേണ അദ്ദേഹം എന്നോട് ചോദിച്ചത്, ഇത്തരമൊരു പ്രസ്താവന നടത്തിയതിന്റെ പേരിൽ പാർട്ടിയിൽനിന്ന് തന്നെ പുറത്താക്കുമോയെന്നാണ്.
1970ൽ സ്ഥാപിക്കപ്പെട്ട എസ്എഫ്ഐ ചുരുങ്ങിയ കാലംകൊണ്ട്, ഇന്ദിരാഗാന്ധി ഗവൺമെന്റിന്റെ തെറ്റായ നയങ്ങൾക്കും വളർന്നുവരുന്ന സേ-്വച്ഛാധിപത്യ ശെെലിക്കുമെതിരായി പൊരുതുന്ന വിദ്യാർഥികളുടെ ഉശിരൻ സംഘടനയെന്ന നിലയിൽ പേരെടുത്തു കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസ് ഭരണാധികാരികൾ എസ്എഫ്ഐയെ ആക്രമണലക്ഷ്യമാക്കിയത്. എസ്എഫ്ഐയുടെ ഒമ്പത് ഭാരവാഹികളെയും സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങളെയും അടിയന്തരാവസ്ഥയുടെ കാലം കഴിയുന്നതുവരെ മിസ പ്രകാരം തടവിലാക്കിയിരുന്നു. കോടിയേരി ബാലകൃഷ്ണൻ, മണിക് സർക്കാർ, ഉദ്ധബ് ബർമൻ, ജനാർധൻ പതി തുടങ്ങിയവർ അതിൽ ഉൾപ്പെട്ടിരുന്നു. ഈ വിദ്യാർഥി നേതാക്കളെല്ലാം പിൽക്കാലത്ത് സിപിഐ എമ്മിന്റെ പ്രമുഖ നേതാക്കളായി. എസ്എഫ്ഐയുടെ മറ്റ് 60 കേഡർമാരെയും മിസ പ്രകാരം തടവിലാക്കിയിരുന്നു. ഡിഫൻസ് ഓഫ് ഇന്ത്യാ റൂൾ അനുസരിച്ച് മറ്റു നൂറുകണക്കിന് വിദ്യാർഥികളും അറസ്റ്റുചെയ്യപ്പെട്ടു. കേരളത്തിൽമാത്രം അസടിയന്തിരാവസ്ഥയ്ക്കെതിരെ നടന്ന നിരവധി പ്രതിഷേധപ്രകടനങ്ങളിൽ പങ്കെടുത്ത 600 വിദ്യാർഥികളെ ഡിഐആർ പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരായി നിരവധി പ്രതിഷേധ പ്രകടനങ്ങൾക്കിടയിൽ കേരളത്തിൽ വേറെയും നൂറുകണക്കിന് സഖാക്കൾ അറസ്റ്റുചെയ്യപ്പെട്ടു. ഇതൊക്കെയുണ്ടായിട്ടും എസ്എഫ്ഐയുടെ പ്രവർത്തനം തടയാൻ ഭരണാധികാരികൾക്ക് കഴിഞ്ഞില്ല. അടിയന്തരാവസ്ഥ കാലത്തെ എസ്എഫ്ഐ കെെക്കൊണ്ട വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അതിന്റെ പ്രശസ്തിയും സ്വീകാര്യതയും വർധിപ്പിച്ചതും അടിയന്തരാവസ്ഥയ്ക്കുശേഷം രാജ്യവ്യാപകമായി വളരാൻ എസ്എഫ്ഐയെ സഹായിച്ചതും. l



