വിപ്ലവപാതയിലെ ആദ്യപഥികർ‐ 68
കേരളത്തിൽ കമ്മ്യൂണിസ്റ്റുകാരനായ ആദ്യത്തെ എംഎൽഎ ഇ ഗോപാലകൃഷ്ണമേനോനാണ്. മണ്ഡലം കൊടുങ്ങല്ലൂർ. 1948 ഫെബ്രുവരിയിൽ കൊച്ചിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി മത്സരിച്ചില്ല. എന്നാൽ പാർട്ടിയുമായി ബന്ധപ്പെട്ട ചിലർ ചില മണ്ഡലങ്ങളിൽ സ്ഥാനാർഥികളായി. പാർട്ടിക്ക് വലിയ സ്വാധീനമുള്ള കൊടുങ്ങല്ലൂർ മണ്ഡലത്തിൽ വി വി കൃഷ്ണൻ മാസ്റ്റർ പാർടിയുടെ അറിവോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു. കൃഷ്ണൻ മാസ്റ്റർ പാർട്ടിയുടെ അനുഭാവിയും എസ്എൻഡിപി യോഗം പ്രവർത്തകനുമാണ്. പ്രായപൂർത്തി വോട്ടവകാശം വന്നശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ്. പ്രജാമണ്ഡലത്തിന്റെ അതായത് കോൺഗ്രസ്സിന്റെ സ്ഥാനാർഥി സി യു നാരായണൻ മാസ്റ്ററായിരുന്നു. കൃഷ്ണൻ മാസ്റ്റർക്കുവേണ്ടി പ്രചാരണം നടത്തിയത് പ്രധാനമായും പി കേശവദേവും പൊൻകുന്നം ദാമോദരനുമാണ്. പ്രജാമണ്ഡലം സ്ഥാനാർഥിയാണ് ജയിച്ചത്. എന്നാൽ കൃഷ്ണൻ മാസ്റ്റർ തിരഞ്ഞെടുപ്പ് കേസ് ഫയൽ ചെയ്തു. പ്രജാമണ്ഡലത്തിനുവേണ്ടി വോട്ടെടുപ്പിൽ വലിയ കൃത്രിമം നടന്നുവെന്ന് കേസിൽ തെളിഞ്ഞു. ജയിച്ചയാളുടെ അംഗത്വം നഷ്ടപ്പെട്ടു. അങ്ങനെയാണ് ഉപ തിരഞ്ഞെടുപ്പ് നടന്നത്. അതിൽ മത്സരിക്കാൻ പാർട്ടി തീരുമാനിച്ചു. ഇ ഗോപാലകൃഷ്ണമേനോൻ സ്ഥാനാർഥി. ഒളിവിലായിരുന്ന ഗോപാലകൃഷ്ണമേനോന്റെ തിരഞ്ഞെടുപ്പുകമ്മിറ്റി പ്രസിഡണ്ടായി പ്രവർത്തിച്ചത് മുൻ സ്ഥാനാർഥിയായ കൃഷ്ണൻ മാസ്റ്റർ.
1945ൽ നടന്ന തിരഞ്ഞെടുപ്പിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽനിന്ന് മത്സരിച്ച ഗോപാലകൃഷ്ണമേനോൻ മൂന്നാം സ്ഥാനാത്തായിരുന്നെങ്കിലും തരക്കേടില്ലാത്ത വോട്ടുലഭിച്ചിരുന്നു. എസ്എസ്എൽസി പരീക്ഷ പാസായവർ, നികുതിയടയ്‌ക്കുന്നവർ തുടങ്ങിയവർക്കൊക്കെ മാത്രമായിരുന്നു അക്കാലത്ത് വോട്ടവകാശം. 1949 ജൂണിൽ നടന്ന വോട്ടെടുപ്പിൽ ഗോപാലകൃഷ്ണമേനോൻ വലിയ ഭൂരിപക്ഷത്തിൽ ജയിച്ചു. ഒളിവിലായതിനാൽ മേനോന്റെ പത്രിക സമർപ്പിച്ചത് കൊടുങ്ങല്ലൂരിലെ പാർട്ടി പ്രവർത്തകനായ ജോൺ വൈദ്യർ. പ്രചാരണം നയിച്ചത് ജോൺ വൈദ്യരും ടി എൻ കുമാരനും ചേർന്ന്. വൈദ്യരെയും കുമാരനെയും കുറിച്ച് പിന്നീട് വിശദമായി പ്രതിപാദിക്കേണ്ടതുണ്ട്.
തിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും ഗോപാലകൃഷ്ണമേനോന്റെ നിയമസഭാംഗത്വം പ്രതിസന്ധിയിലായി. ഫലം വന്ന് 35 ദിവസത്തിനകം മജിസ്ട്രേട്ടിനു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യണമെന്നതാണ് അന്നത്തെ ചട്ടം. ഗോപാലകൃഷ്ണമേനോന് അറസ്റ്റു വാറണ്ടുണ്ട്്. ഒളിവിലാണ്. അംഗത്വം നഷ്ടപ്പെടുന്നത് ജനങ്ങളിൽ വലിയ നൈരാശ്യത്തിനിടയാക്കും. പാർട്ടി തീരുമാനിച്ചത് പോലീസ് സ്റ്റേഷന്റെ തൊട്ടടുത്തുതന്നെയുള്ള മജിസ്ട്രേട്ടിന്റെ വീട്ടിൽ ഗോപാലകൃഷ്ണമേനോനെ എത്തിക്കലാണ്. സമയപരിധി തീരുന്നതിന്റെ ഏതാനും മണിക്കൂർ മുമ്പ്‐ രാത്രിയിൽ മേനോനെ വക്കീലിനോടൊപ്പം അയച്ചു. പുറത്ത് മുളവടികളുമായി ഇരുപതിലേറെ വോളന്റിയർമാർ എന്തിനും തയ്യാറായി പതിയിരുന്നു. ഒരു കാരണവശാലും അറസ്റ്റിന് വഴങ്ങരുതെന്നാണ് തീരുമാനം. മജിസ്ട്രേട്ട് ആദ്യം സമ്മതിച്ചില്ല. മേനോന്റെ അംഗത്വം നഷ്ടപ്പെടാനിടയായാൽ ഉത്തരവാദിത്വം മജിസ്ട്രേട്ടിനായിരിക്കുമെന്ന് വക്കീൽ ഇ പി മേനോൻ പറഞ്ഞു. ഒടുവിൽ സത്യപ്രതിജ്ഞ നടത്തിക്കുകയും പേപ്പർ നൽകുകയുമായിരുന്നു. അറസ്റ്റിന് വഴങ്ങാതെ മേനോൻ വീണ്ടും ഒളികേന്ദ്രത്തിലേക്ക് മടങ്ങി.
നിയമസഭയിൽ തുടർച്ചയായി ഹാജരാകാതിരുന്നാൽ അംഗത്വം നഷ്ടപ്പെടുമെന്ന പ്രശ്നം അപ്പോഴും നിലനിൽക്കുന്നു. പക്ഷേ ഗത്യന്തരമില്ല. അതിനിടയിൽ തിരുവിതാംകൂറും കൊച്ചിയും സംയോജിച്ച് ഒറ്റ സംസ്ഥാനമായി, ഒറ്റ നിയമസഭയും. സത്യപ്രതിജ്ഞ ചെയ്ത് പോലീസിനെ കബളിപ്പിച്ചുവെന്ന ദേഷ്യംകൂടി പോലീസിനുണ്ടായി. ഏതുവിധേനയും ഗോപാലകൃഷ്ണമേനോനെ പിടികൂടുകയെന്ന ലക്ഷ്യത്തോടെ സർക്കാർ കൊണ്ടുപിടിച്ച ശ്രമമാരംഭിച്ചു. പുല്ലൂറ്റ് കാവൽക്കടവിനടുത്ത് ഒരു വീട്ടിലാണ് മേനോനുള്ളതെന്ന് വിവരം കിട്ടിയതിനെ തുടർന്ന് ആ വീട് പോലീസ് റെയ്ഡ് ചെയ്തു. കുടുംബനാഥനായ ചാത്തനെയും മകൾ ചക്കിയെയും പോലീസ് നിഷ്ഠുരമായി മർദിച്ചു. വീട്ടുപാത്രങ്ങളെല്ലാം തച്ചുതകർത്തു. വീട് ഭാഗികമായി തകർത്തു. പക്ഷേ ഗോപാലകൃഷ്ണമേനോനെ പിടികിട്ടിയില്ല. തലേദിവസം അദ്ദേഹത്തെ മറ്റൊരു വീട്ടിലേക്ക് മാറ്റിയിരുന്നു. പോലീസ് എല്ലായിടത്തും അരിച്ചുപെറുക്കുകയാണ്. ഓരോ രാത്രിയും ഓരോ സ്ഥലത്തേക്ക് മാറിക്കൊണ്ടിരുന്നു. ഒടുവിൽ തന്റെ കുടുംബവുമായി ബന്ധമുള്ള മൂന്ന് സ്ത്രീകൾ മാത്രം പാർക്കുന്ന വീട്ടിലേക്ക്‐ തിരുവള്ളൂർ‐ പോകാൻ ഗോപാലകൃഷ്ണമേനോൻ തന്നെ തീരുമാനിച്ച് ടെക് സംഘടനയെ അറിയിച്ചു. ആ വീട്ടിൽവെച്ച് രണ്ടുദിവസം കഴിഞ്ഞ് അറസ്റ്റിലായി. തോക്കേന്തിയ പോലീസ് സംഘം വീടുവളഞ്ഞ് പിടികൂടുകയായിരുന്നു. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ തടയാൻ ശ്രമിച്ചു. മാപ്പപേക്ഷ എഴുതിത്തരികയും സ്റ്റേഷനിൽ ഇന്ന ദിവസം ഹാജരാകാമെന്ന് ജാമ്യക്കാർ ഒപ്പിട്ടുസമ്മതിക്കുകയും ചെയ്താൽ തൽക്കാലം വിടാമെന്ന് പോലീസ് ഗത്യന്തരമില്ലാതെ സമ്മതിച്ചു. എന്നാൽ ജനങ്ങളെ വഞ്ചിച്ച് അത്തരം കീഴടങ്ങലിന് തയ്യാറല്ലെന്ന് മേനോൻ പറഞ്ഞതിനാൽ അറസ്റ്റ് നടപടിയുമായി പോലീസ് മുന്നോട്ടുനീങ്ങി. ജനങ്ങളുടെ പ്രിയങ്കരനായ സഖാവിനെ വിലങ്ങുവെച്ച് നടത്തിക്കുകയായിരുന്നു. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പിൽ മൂന്നുമാസത്തോളം കൊടിയ പീഡനത്തിനിരയായി. കോടതിയിൽ ഹാജരാക്കി ജയിലിലടയ്ക്കാതെ പോലീസിന്റെ ലോക്കപ്പിൽ മാറിമാറി പാർപ്പിക്കുകയും ദിവസേനയെന്നോണം മർദിക്കുകയുമായിരുന്നു. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 1950 മെയ് മാസം പിടിയിലായ ഗോപാലകൃഷ്ണമേനോൻ പുറത്തിറങ്ങിയത് 1951 മാർച്ചിലാണ്. അതിൽപ്പിന്നെയാണ് അസംബ്ലിയിൽ പങ്കെടുക്കാനായത്. അംഗത്വം സംബന്ധിച്ച് തർക്കങ്ങളുണ്ടായെങ്കിലും സ്പീക്കർ അനുകൂല തീരുമാനമെടുക്കുകയായിരുന്നു.
കേരളത്തിന്റെ നിയമസഭാചരിത്രത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് അംഗമായ ഗോപാലകൃഷ്ണമേനോൻ ആദ്യം നടത്തിയ സഭാപ്രസംഗം പോലീസ് ലോക്കപ്പിൽ തനിക്കുണ്ടായ അനുഭവത്തിലൂന്നിയാണ്. പോലീസ് ലോക്കപ്പിൽ നടക്കുന്ന ക്രൂരമായ നടപടികൾ. തന്റെ ഉറ്റ സഖാവായ കമ്മ്യൂണിസ്റ്റ് നേതാവായ പി കെ കുമാരനെ ഒളിവിൽ സംരക്ഷിച്ചുവെന്നാരോപിച്ച് കുറുമ്പയെന്ന യുവതിയെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് നഗ്നയാക്കി നിർത്തി പുറത്തുപറയാനാവാത്ത വിധം അതിക്രൂരമായി മർദിച്ചത്, പീഡിപ്പിച്ചത് പോലീസ് ചരിത്രത്തിലെതന്നെ ഏറ്റവും ഭീകരസംഭവങ്ങളിലൊന്നാണെന്ന് ഗോപാലകൃഷ്ണമേനോൻ വിവരിച്ചു.
1919 ജനുവരി 19‐ന് കൊടുങ്ങല്ലൂർ ആലേച്ചുംപറമ്പ് ഏങ്ങണ്ടൂർ നാണിയമ്മയുടെയും വളപ്പിൽ ദാമോദരമേനോന്റെയും മകനായാണ് ഗോപാലകൃഷ്ണമേനോൻ ജനിച്ചത്. കൊടുങ്ങല്ലൂർ ഗവ. ഹൈസ്കൂളിൽ വിദ്യാഭ്യാസം. 1931‐32 കാലത്ത് രണ്ടാം നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂരിലും സത്യാഗ്രഹം നടന്നു. നിയമലംഘനപ്രസ്ഥാനത്തിൽ പങ്കെടുത്ത് കണ്ണൂർ ജയിലിലെ ആറുമാസത്തെ തടവിനുശേഷം തിരികെയെത്തിയ കൊടുങ്ങല്ലൂർക്കാരായ എലന്തക്കൽ ഗോപാലമേനോൻ, യു വി കരുണാകരമേനോൻ എന്നിവർ നേതൃത്വം നൽകിയ കൊടുങ്ങല്ലൂർ സത്യാഗ്രഹത്തിന്റെ പ്രധാന നായകൻ നന്ത്യേലത്ത് പത്മനാഭമേനോനായിരുന്നു (പി ഭാസ്കരന്റെ പിതാവ്). സമരത്തിൽ സ്കൂൾ വിദ്യാർഥികളായ ഗോപാലകൃഷ്ണമേനോനും വി ടി ഇന്ദുചൂഡനും കെ എം മൊഹിയുദ്ദീൻ, ഇ പി മേനോൻ എന്നിവരും പങ്കെടുത്തു. വിവരം വീട്ടിലറിഞ്ഞപ്പോൾ പ്രശ്നങ്ങളുണ്ടായെങ്കിലും മുന്നോട്ടുവച്ച കാൽ പുറകോട്ടെടുക്കാൻ മേനോൻ തയ്യാറായില്ല. കൊച്ചിൻ കോൺഗ്രസ്സിൽ സജീവപ്രവർത്തകനായി.
കൊച്ചിൻ കോൺഗ്രസ്സും നാഷണൽ കോൺഗ്രസ്സുമെല്ലാം ചേർന്ന് 1941 ജനുവരിയിൽ കൊച്ചിരാജ്യ പ്രജാമണ്ഡലം രൂപീകരിച്ചപ്പോൾ അതിന്റെ സംഘാടക സെക്രട്ടറിമാരിലൊരാളായി ഗോപാലകൃഷ്ണമേനോനെ തിരഞ്ഞെടുത്തു. 1942 ജനുവരിയിൽ ഇരിങ്ങാലക്കുടയിൽ പ്രജാമണ്ഡലത്തിന്റെ ഒന്നാം വാർഷികസമ്മേളനം നടത്തുന്നതിനുള്ള പ്രധാന ചുതലക്കാരൻ ഗോപാലകൃഷ്ണമേനോനായിരുന്നു. സമ്മേളനത്തിൽ യുദ്ധവിരുദ്ധ പ്രസംഗങ്ങളുണ്ടാകുമെന്നതിന്റെ പേരിൽ ദിവാൻ ഡിക്സൻ സമ്മേളനം നടത്തരുതെന്ന് നിർദേശിച്ചു. ദിവാന്റെ കത്ത് പരിഗണിച്ച പ്രജാമണ്ഡലം യോഗം നിരോധനം ലംഘിച്ച്് സമ്മേളനം നടത്താനാണ് തീരുമാനിച്ചത്. ജനുവരി ഒമ്പതുമുതൽ 11 വരെയാണ് സമ്മേളനം. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യാനായി ഗോപാലകൃഷ്ണമേനോൻ ജനുവരി രണ്ടിന് ഇരിങ്ങാലക്കുടയിലെ സ്വാഗതസംഘം ഓഫീസിലെത്തി. അപ്പോഴേക്കും പോലീസ് എത്തി ഓഫീസ് വളഞ്ഞ് ഉള്ളിൽ കയറി അദ്ദേഹത്തെ അറസ്റ്റുചെയ്തു. അറസ്റ്റിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയതിനും യുദ്ധവിരുദ്ധ പ്രചരണം നടത്തിയതിനും പി കെ കുമാരൻ, വട്ടപ്പറമ്പിൽ ശങ്കരൻകുട്ടി മേനോൻ, എൻ ടി ശങ്കരൻകുട്ടി മേനോൻ, അമ്പാടി ശങ്കരൻകുട്ടി മേനോൻ, ആർ സുബ്രഹ്മണ്യൻ എന്നിവരെ അറസ്റ്റ് ചെയ്തു. ഇതൊന്നും വകവെക്കാതെ എസ് നീലകണ്ഠയ്യരുടെ നേതൃത്വത്തിൽ സമ്മേളന ഒരുക്കങ്ങൾ തുടങ്ങി. സമ്മേളനത്തിൽ നിരോധനം ലംഘിച്ചുതന്നെ പങ്കെടുക്കാൻ നിരവധി പേർ എത്തി. നീലകണ്ഠയ്യരെയടക്കം എല്ലാവരെയും അറസ്റ്റുചെയ്തു. ഒമ്പതിനും പത്തിനും സമ്മേളനം ചേരാത്ത സാഹചര്യത്തിൽ പ്രജാമണ്ഡലത്തിന്റെ ഉദ്യമം പരാജയപ്പെട്ടതായി വിലയിരുത്തി 11 ന് ഗോപാലകൃഷ്ണമേനോനടക്കമുള്ളവരെ ജയിലിൽനിന്ന് വിട്ടയച്ചു.
ദിവാന്റെ സ്വേഛാധിപത്യപരമായ നടപടിയെ പരാജയപ്പെടുത്തിയേ തീരൂ എന്ന് തീരുമാനിച്ച് ഗോപാലകൃഷ്ണമേനോനും വി ശങ്കരൻകുട്ടി മേനോനും സമ്മേളനസ്ഥലത്തേക്ക് തിരിച്ചു. യാത്രക്കൂലിക്കുള്ള പണവും ഒരു ത്രിവർണപതാകയും സംഘടിപ്പിച്ച് ബസ്സിൽ മാപ്രാണത്തെത്തി. അവിടെനിന്ന് നടന്ന് അയ്യങ്കാവിലെ നിർദിഷ്ട പൊതുസമ്മേളനനഗരിയിലേക്ക് എം ടി കൊച്ചുമാണി എന്ന ഒരു തൊഴിലാളിയും അവർക്കൊപ്പമുണ്ടായിരുന്നു. അവർ പോലീസിന്റെ കണ്ണിൽപെടുന്നതിന് മുമ്പ് സമ്മേളനസ്ഥലത്തെത്തുകയും മുദ്രാവ്യേം വിളിക്കുകയും ത്രിവർണ പതാക ഉയർത്തുകയും ചെയ്തു. നിരോധനം ലംഘിച്ച് പൊതുസമ്മേളനം നടത്തുകയാണെന്നും താൻ അത് ഉദ്ഘാടനം ചെയ്തിരിക്കുന്നുവെന്നും ഗോപാലകൃഷ്ണമേനോൻ പ്രഖ്യാപിച്ചു. ഉടൻതന്നെ പോലീസ് ഓടിയെത്തി മൂന്നുപേരെയും പിടികൂടി. പോലീസ് സ്റ്റേഷനിലെത്തിച്ച അവരെ ക്രൂരമായ മർദനത്തിനിരയാക്കി. തല ചുമരിൽ ഇടിപ്പിക്കുകയും കാൽവെള്ളയിൽ പൊതിരെ ലാത്തികൊണ്ടടിക്കുകയുമായിരുന്നു. ഇതെല്ലാം പിറ്റേന്ന് പത്രവാർത്തയായതോടെ ദിവാൻ ഡിക്സൻ വിറച്ചു. അയാൾ അറസ്റ്റിലായ എല്ലവരെയും വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു.
ഇന്നത്തെ തൃശൂർ ജില്ലയുൾപ്പെട്ട പ്രദേശത്ത് തൊഴിലാളിവർഗവിപ്ലവപ്രസ്ഥാനം കെട്ടിപ്പടുക്കാൻ ത്യാഗപൂർവം പ്രവർത്തിച്ച നേതാക്കളിൽ ഗോപാലകൃഷ്ണത്രയം എന്നറിയപ്പെട്ടവരാണ് ഇ ഗോപാലകൃഷ്ണമേനോനും സർദാർ ഗോപാലകൃഷ്ണനും പി കെ ഗോപാലകൃഷ്ണനും. 1926ന് റിപ്പബ്ലിക് ദിനത്തിൽ പൗരാവകാശജാഥ നടത്താൻ പാർട്ടിയുടെ നാട്ടിക ഫർക്ക കമ്മിറ്റി (നാട്ടിക ഫർക്ക മലബാറിന്റെ ഭാഗമായിരുന്നു. പൊന്നാനി താലൂക്കിന്റെ ഭാഗം) തീരുമാനിക്കുകയും വിവരമറിഞ്ഞ് നേതാക്കളായ ടി കെ രാമൻ, കെ എസ് നായർ, പി ടി ഭാസ്കരപണിക്കർ എന്നിവരെ അറസ്റ്റുചെയ്യുകയും ചെയ്തതടക്കമുള്ള കാര്യങ്ങൾ സർദാർ ഗോപാലകൃഷ്ണനെക്കുറിച്ചുള്ള അധ്യായത്തിൽ വിശദമായി പ്രതിപാദിച്ചത് ഓർക്കുക. പൗരാവകാശജാഥ പുറപ്പെടുന്ന പെരിഞ്ഞനം കുറ്റിലക്കടവിൽനിന്ന് സർദാറിന് പതാക എടുത്തുകൊടുത്ത് ഉദ്ഘാടനം നിർവഹിച്ചത് പി കെ ഗോപാലകൃഷ്ണനാണ്. മാർക്സിസ്റ്റ് വീക്ഷണത്തിൽ കേരളത്തിന്റെ സാംസ്കാരിക ചരിത്രം രചിച്ച് ശ്രദ്ധേയനായ ഗോപാലകൃഷ്ണൻ ശ്രീനാരായണ പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും സമുന്നത നേതാവുമായിരുന്നു.
മണപ്പുറം വലപ്പാട്ടെ അടിപ്പറമ്പിൽ ഉണ്ണൂലിക്കുട്ടിയുടെയും പൂവത്തുംകടവിൽ കുഞ്ഞിറ്റിയുടെയും മകനായി 1923 നവംബർ 29‐നാണ് പി കെ ഗോപാലകൃഷ്ണൻ ജനിച്ചത്. ശ്രീനാരായണ ഗുരുവുമായി അടുത്ത ബന്ധം പുലർത്തിയ കുടുംബം. ആലുവാപ്പുഴയുടെ തീരത്ത് ഗുരു അദ്വൈതാശ്രമം സ്ഥാപിക്കുന്ന കാലം. അതോടുചേർന്ന സ്ഥലം ഗോപാലകൃഷ്ണന്റെ അമ്മ വിലകൊടുത്തുവാങ്ങി ആശ്രമത്തിന്റെ ഭാഗമായി കൂട്ടിച്ചേർക്കാനായി സമർപ്പിച്ചു.
മലബാർ ഡിസ്ട്രിക്ട് ബോഡിന്റെ കീഴിലുള്ള പാപ്പിനിവട്ടം സ്കൂളിലും പിന്നെ കുറച്ചകലെ ആല യുപി സ്കൂളിലുമായി പ്രൈമറി വിദ്യാഭ്യാസം. നാലാം ഫോറത്തിൽ അതായത് എട്ടാം ക്ലാസിൽ കാട്ടൂർ ഹൈസ്കൂളിൽ. പിന്നെ കൊടുങ്ങല്ലൂർ ഗവ. ബോയ്‌സ് ഹൈസ്കൂളിൽ. ഈ സ്കൂളിൽവെച്ചാണ് ഗോപാലകൃഷ്ണൻ രാഷ്ട്രീയത്തിലേക്കാകർഷിക്കപ്പെടുന്നത്. സ്കൂളിൽ ജാതീയമായ ഉച്ചനീചത്വം വളരെ പ്രകടമായിരുന്നു. സ്കൂൾ കിണറ്റിൽനിന്ന് അവർണ കുട്ടികൾക്കും അവർണരായ അധ്യാപകർക്കും വെള്ളമെടുക്കാൻ വിലക്ക്. ഇതിനെതിരെ ഉല്പതിഷ്ണുക്കളായ വിദ്യാർഥികൾ സമരം നടത്തി. വി ടി ഇന്ദുചൂഡൻ, പി ഭാസ്കരൻ, പി കെ ഗോപാലകൃഷ്ണൻ, കെ എ രാജൻ, പി കെ അബ്ദുൾഖാദർ എന്നിവരാണ് സമരം നടത്തിയത്. ഈ കൂട്ടുകാരുടെ സംഘം കൊടുങ്ങല്ലൂർ സ്കൂൾ കേന്ദ്രീകരിച്ച് വിദ്യാർഥി ഫെഡറേഷന്റെ ഘടകം രൂപീകരിച്ചു. സീനിയർ വിദ്യാർഥിയായിരുന്ന ഇ ഗോപാലകൃഷ്ണമേനോന്റെ സഹായവും ഉപദേശനിർദേശങ്ങളുമുണ്ടായിരുന്നു. ഈ സംഘം സ്കൂളിൽ സാഹിത്യകുസുമം എന്ന പേരിൽ ആരംഭിച്ച കയ്യെഴുത്തുമാസികയിലാണ് പി ഭാസ്‌കരന്റെ (പുല്ലൂറ്റ് പാടത്ത് ഭാസ്‌കരന്റെ) കവിത ആദ്യം വെളിച്ചം കാണുന്നതത്രെ.
സഹപാഠിയായ പി ഭാസ്കരനെപ്പോലെതന്നെ ജയപ്രകാശ് നാരായണന്റെ ‘എന്തുകൊണ്ട് സോഷ്യലിസം?’ എന്ന കൃതി വായിച്ചാണ് പി കെ ഗോപാലകൃഷ്ണനും സോഷ്യലിസ്റ്റാകുന്നത്. കൊടുങ്ങല്ലൂരിൽനിന്ന് മെട്രിക്കുലേഷൻ കഴിഞ്ഞ ഉടൻ ഭാസ്കരനും ഇന്ദുചൂഡനും ഗോപാലകൃഷ്ണനുമെല്ലാം ഇന്ററിനായി മഹാരാജാസിൽ എത്തിയിരുന്നു. അവിടെവെച്ചാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. ഇതിൽ ഇന്ദുചൂഡൻ ജവഹർ സംഘം എന്ന പേരിൽ ഒരു വിദ്യാർഥി കൂട്ടായ്മ മഹാരാജാസിൽ രൂപീകരിച്ചിരുന്നു. ആദ്യം അതുമായും മേൽപറഞ്ഞ കൂട്ടുകാരെല്ലാം സഹകരിച്ചു. പിന്നീട് അതുവിട്ട് കമ്മ്യൂണിസ്റ്റ് ആശയത്തിലേക്കെത്തുകയായിരുന്നു. 1942‐ൽ തൃശൂരിൽ നടന്ന അഖില കൊച്ചി വിദ്യാർഥി ഫെഡറേഷൻ സമ്മേളനത്തിൽ പി ഭാസ്കരനു പറമെ മഹാരാജാസിൽനിന്ന് ടി കെ കൃഷ്ണനും ഗോപാലകൃഷണനും പങ്കെടുത്തു. സമ്മേളനം ഉദ്ഘാടനം ചെയ്തത് പാർവതി കുമാരമംഗലം. ലോകയുദ്ധത്തെക്കുറിച്ചുള്ള കമ്മ്യൂണിസ്റ്റ് നിലപാടുമായി ബന്ധപ്പെട്ട് സമ്മേളനത്തിൽ പൊട്ടിത്തെറിയുണ്ടായി. പലരും ഇറങ്ങിപ്പോയി. തുടർന്ന് പി ഭാസ്കരൻ സെക്രട്ടറിയും പി കെ അബ്ദുൾഖാദർ ജോയിന്റ് സെക്രട്ടറിയുമായി കമ്മിറ്റി രൂപീകരിച്ചു. ഗോപാലകൃഷ്ണൻ പാർട്ടിപക്ഷത്തോടൊപ്പം ഉറച്ചുനിന്നു. തൃശൂർ സമ്മേളനത്തിനു ശേഷം സേലത്തുചേർന്ന ദക്ഷിണേന്ത്യൻ സമ്മേളനത്തിലും മഹാരാജാസിൽനിന്ന് പങ്കെടുത്തത്് മേൽപറഞ്ഞ സംഘംതന്നെ. കേഡർമാരെ പിടിച്ചുനിർത്താൻ സി ജനാർദനന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനം ഭാഗികമായേ വിജയിച്ചുള്ളു. ക്വിറ്റ് ഇന്ത്യാ സമരത്തോട് പാർട്ടി അനുകൂലനിലപാടല്ല സ്വീകരിച്ചതെങ്കിലും മഹാരാജാസിലെ നേതാക്കളായ ഭാസ്കരനും ഗോപാലകൃഷ്ണനും ടി കെ കൃഷ്ണനും സമരത്തിൽ പങ്കാളികളായി. സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പി കെ ഗോപാലകൃഷ്ണന്റെ സ്കോളർഷിപ്പ് റദ്ദാക്കി. ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളേജ് മൂന്നുമാസത്തോളം അടച്ചിട്ടു. ഇതിനകം സമരത്തിൽനിന്ന് വിദ്യാർഥി ഫെഡറേഷൻ പിൻവാങ്ങുന്നതായി പി കെ ഗോപാലകൃഷ്ണൻ പ്രസ്താവനയിറക്കി. അപ്പോഴേക്കും വിദ്യാർഥിപ്രവർത്തകർ പൂർണമായും പാർട്ടി ലൈനിനൊപ്പം എത്തിയിരുന്നു.
മദ്രാസ് സംസ്ഥാനത്ത് ഒന്നാം റാങ്കായാണ് ഗോപാലകൃഷ്ണൻ ബിഎ പാസായത്. സ്വർണമെഡലോടെ ബിരുദം നേടിയെത്തിയ ഗോപാലകൃഷ്ണനെ പാർട്ടിയുടെ കൊച്ചി സംസ്ഥാന സെക്രട്ടറി സി അച്യുതമേനോൻ വിളിപ്പിക്കുകയാണ്. അഖില കൊച്ചി വിദ്യാർഥി ഫെഡറേഷന്റെ സംഘടനാ സെക്രട്ടറിസ്ഥാനം ഏറ്റെടുക്കാമോ എന്നാണ് ചോദ്യം. സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്ന എൻ ഡി വാസുദേവൻ നമ്പൂതിരി പാമ്പുകടിയേറ്റ് അകാലത്തിൽ മരണപ്പെട്ടു. ആ സ്ഥാനത്തേക്കാണ് നിർദേശം. ഗോപാലകൃഷ്ണൻ ആ സ്ഥാനം ഏറ്റെടുക്കുകയാണ്. വീട്ടിലെ എതിർപ്പൊന്നും കണക്കിലെടുത്തില്ല. വീട്ടുകാരെ കൃത്യമായി കാര്യം അറിയിച്ചുമില്ല. പാർട്ടി നേതാവായ സി ജനാർദനനാണ് ഗോപാലകൃഷ്ണന് പ്രവർത്തനത്തിനാവശ്യമായ മാർഗനിർദേശങ്ങൾ നൽകിയത്. കണ്ടശ്ശാംകടവിൽ രാമു കാര്യാട്ട്, ചേലക്കരയിൽ ശൂലപാണി വാരിയർ എന്നീ പ്രവർത്തകരെ കണ്ടെത്താൻ സാധിച്ചു. തൃശൂർ നഗരത്തിലെ വാടകക്കെട്ടിടത്തിൽ പാർട്ടി ഓഫീസും വിദ്യാർഥി ഫെഡറേഷൻ ഓഫീസും. ഭക്ഷണം പലദിവസവും ഒരുനേരം മാത്രം. സി ജനാർദനൻ പ്രസിദ്ധമായ ചെമ്പോട്ടിൽ തറവാട്ടുകാരനാണ്. അവർക്ക് വടക്കുന്നാഥ ക്ഷേത്രത്തിൽനിന്ന് ഒരു പാത്രം ചോറ് സൗജന്യമായി കിട്ടും. ചില സ്വാധീനങ്ങളുപയോഗിച്ച് അതൊരു വലിയ പാത്രം നിറച്ചാക്കാൻ സാധിച്ചു. ജനാർദനൻ ഒരു നമ്പൂതിരി യുവാവിനെയാണ് ചോറ് വാങ്ങാൻ അയയ്‌ക്കുക‐ അതിനാൽ കുറച്ചധികം കിട്ടും. ഓഫീസിലെ എല്ലാവർക്കും ഒരു നേരത്തേക്ക് അത് തികയും. വിദ്യാർഥി ഫെഡറേഷന്റെ ഓഫീസിന്റെ വാടകകൊടുക്കാൻ പണമില്ലാത്തതിനാൽ റെയിൽവേ സ്റ്റേഷനിലും മറ്റും പോയി പാട്ടുപാടി പിരിവ് നടത്തിയ അനുഭവമുണ്ട്. 1943 കാലത്ത് വിദ്യാർഥി ഫെഡറേഷന്റെ നേതൃത്വത്തിൽ (എഐഎസ്എഫ്) രണ്ടാഴ്ചയോളം നീണ്ട കലാ‐സാഹിത്യ ക്യാമ്പ്് ആലുവയിൽ സംഘടിപ്പിക്കുകയുണ്ടായി. സി ജെ തോമസ്, വള്ളത്തോൾ വാസന്തി, എ കെ തമ്പി, പി കെ ഗോപാലകൃഷ്ണൻ, പി എസ് നമ്പൂതിരി, കലാമണ്ഡലം ഗംഗാധരൻ, ജേക്കബ്ബ് ഫിലിപ്പ് തുടങ്ങിയവരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.
പിന്നീട് മദിരാശിയിൽ നിയമപഠനത്തിന് തിരഞ്ഞെടുക്കപ്പെട്ടതോടെ ഗോപാലകൃഷ്ണൻ അങ്ങോട്ടേക്ക് പ്രവർത്തനം മാറ്റി. ലോ കോളേജിൽ എഐഎസ്എഫിന്റെ സെക്രട്ടറിയായും രഹസ്യമായി പാർട്ടി അംഗമെന്ന നിലയിലുള്ള പ്രവർത്തനവും. മദിരാശിയിലെ പാർട്ടി നേതാവായ ശർമാജിയുമായി ബന്ധപ്പെട്ട് രഹസ്യപ്രവർത്തനങ്ങൾ. നേതാക്കൾ തമ്മിലുള്ള വിനിമയത്തിന്റെ കണ്ണി. ഡോ. പി കെ ആർ വാരിയർ, ദേവകി വാരിയർ, സംഗീതസംവിധായകൻ എം ബി ശ്രീനിവാസൻ എന്നിവരെല്ലാം അടുത്ത സഹപ്രവർത്തകർ. മദിരാശിയിൽനിന്നും ബിഎൽ ബിരുദം റാങ്കോടെ നേടിയാണ് പി കെ നാട്ടികയിൽ തിരിച്ചെത്തിയത്. നട്ടിക ഫർക്ക കമ്മിറ്റിയിൽ അംഗമായി പ്രവർത്തനം തുടങ്ങി. പിന്നീട് കോഴിക്കോട്ട് അഡ്വ. കെ കുഞ്ഞിരാമമേനോന്റെ കീഴിൽ പ്രാക്ടീസ് നടത്താനായി പോവുകയാണ്. കുറച്ചുകാലം പാർട്ടിപ്രവർത്തനമേഖലയും കോഴിക്കോട്ടാക്കി. സാസ്കാരികമുന്നണിയിൽ പ്രവർത്തിക്കാൻ കൃഷ്ണപിള്ളയും ദാമോദരനും നിർദേശിച്ചു.
പിന്നീട് വീണ്ടും നാട്ടികയിലെത്തിയ ഗോപാലകൃഷ്ണൻ അവിടെ മുഴുവൻസമയ പ്രവർത്തകനാവുകയായിരുന്നു. ടി.കെ.രാമൻ സെക്രട്ടറിയായ അവിടുത്തെ താലൂക്ക് കമ്മിറ്റിയിൽ പി ടി ഭാസ്കരപണിക്കർ, പി എ പ്രഭാകരൻ, സേലം കൃഷ്ണൻ, കെ എസ് നായർ, കെ കെ ഗോപാലൻ, സർദാർ ഗോപാലകൃഷ്ണൻ, മുഹമ്മദ് യൂനുസ്, വി കെ ചാത്തൻ എന്നിവരായിരുന്നു മറ്റംഗങ്ങൾ. പടിഞ്ഞാറേ വമ്പല്ലൂരിൽ ഒരു നിശായോഗത്തിനെത്തിയ പി.കെ.യെ പോലീസ് ഭീകരമായി തല്ലിച്ചതച്ചു. അന്ന് അറസ്റ്റുചെയ്യാതെ വിട്ടു. എന്നാൽ പിറ്റേന്ന് വലിയ സന്നാഹവുമായെത്തി അറസ്റ്റുചെയ്തു. അറസ്റ്റുചെയ്ത് നേരെ സ്റ്റേഷനിൽകൊണ്ടുപോകുന്നതിന് പകരം പി കെ യുടെ ബന്ധുവീടുകൾ, വായനശാല പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം കൊണ്ടുപോയി പ്രദർശിപ്പിക്കുകയും ആക്ഷേപിക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പി കെയെ റിമാന്റ് ചെയ്തു. വലപ്പാട് പോലീസാണ് അറസ്റ്റുചെയ്തത്. ജാമ്യത്തിന്റെ ഭാഗമായി നിശ്ചിതദിവസങ്ങളിൽ ഹാജരാകേണ്ടത് ചാവക്കാട് സ്റ്റേഷനിൽ.
1950‐ ജനുവരി 26‐ന്റെ സംഭവത്തിൽ (സർദാർ ഗോപാലകൃഷ്ണന്റെ രക്തസാക്ഷിത്വത്തിലേക്കെത്തിച്ച പൗരാവകാശ റാലി) പി കെ ഗോപാലകൃഷ്ണൻ ഒന്നാം പ്രതിയും മുഹമ്മദ് യൂനുസ് രണ്ടാം പ്രതിയുമായാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒളിവിൽപോയ പി കെയെ പിടിക്കാൻ പോലീസ് നാലുപാടും തിരഞ്ഞു. പി കെയുടെയും ബന്ധുക്കളുടെയും വീടുകളിൽ കയറി അതിക്രമം കാട്ടി. കൊടുങ്ങല്ലൂർ കോവിലകത്ത് ഒളിവിൽ കഴിയുമ്പോഴാണ് പോലീസ് എത്തി അറസ്റ്റ് ചെയ്തത്. ആദ്യം വിയ്യൂർ ജയിലിലും പിന്നീട് കണ്ണൂർ സെൻട്രൽ ജയിലിലുമായി ഒന്നരക്കൊല്ലത്തെ തടവുശിക്ഷ. കേസ് തെളിവില്ലാത്തതിനാൽ തള്ളുകയായിരുന്നു.
ജയിൽമോചിതനായി നാട്ടികയിലെത്തിയ പി കെ മുഴുവൻസമയ പ്രവർത്തകനായി. 1952 മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ നാട്ടിക മണ്ഡലത്തിൽ നിന്ന് മദിരാശി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് സ്ഥാനാർഥി പി കെ ഗോപാലകൃഷ്ണൻ. കോൺഗ്രസ് സ്ഥാനാർഥി ഗോപാലകൃഷ്ണന്റെ നേരെ അമ്മാവൻ. സ്ഥലത്തെ പ്രമുഖ ജന്മിയും പൊന്നാനി താലൂക്ക് ബോർഡ് പ്രസിഡണ്ടുമൊക്കെയായ എ പി രാമൻ. തീപാറിയ മത്സരത്തിൽ ഗോപാലകൃഷ്ണൻ വിജയിച്ചു.



