Sunday, April 28, 2024

ad

Homeഗവേഷണംസയന്റിഫിക് കോളോണിയലിസവും പാരച്യൂട്ട് ഗവേഷണവും

സയന്റിഫിക് കോളോണിയലിസവും പാരച്യൂട്ട് ഗവേഷണവും

പി എം സിദ്ധാർത്ഥൻ

ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളിൽ നിന്ന് വ്യത്യസ്തമായി പരിസ്ഥിതി വിജ്ഞാനം (ecology), ഭൂവിജ്ഞാനീയം (geology) പുരാവസ്തുശാസ്ത്രം (archeology), പാലിയന്റോളജി (palaeontology) തുടങ്ങിയ പല വിഷയങ്ങളിലും ഗവേഷണങ്ങൾ നടത്തുവാൻ പല പ്രദേശങ്ങളിലും രാജ്യങ്ങളിലും നിന്ന് & quot; സാംപിളുകൾ & quot; ശേഖരിക്കേണ്ടിവരും. ഇത്തരം സാംപിളുകൾ ജീവനുള്ള ജീവികളോ സസ്യങ്ങളോ അവയുടെ അവശിഷ്ടങ്ങളോ (fossil) ആവാം; അപൂർവമായതോ, വംശനാശ ഭീഷണി നേരിടുന്നവയോ ആവാം. ജീവികളും അവയുടെ അവശിഷ്ടങ്ങളും (ഫോസിൽ) കാണപ്പെടുന്നത് എല്ലാ രാജ്യങ്ങളിലും സമാനമായല്ല. ചില ഫോസ്സിലുകളും ജീവികളും സസ്യങ്ങളും ചില രാജ്യങ്ങളിലോ ഭൂഖണ്ഡങ്ങളിലോ കാണപ്പെടാം. അവ എല്ലാ രാജ്യങ്ങളിലും ഭൂഖണ്ഡങ്ങളിലും കാണപ്പെടുകയുമില്ല.

പടിഞ്ഞാറൻ യൂറോപ്പ്യൻ രാജ്യങ്ങളുടെ സാമ്രാജ്യത്വ മേൽകോയ്മയുടെ കാലഘട്ടത്തിൽ ആ രാജ്യങ്ങളിലെ ഗവേഷകർക്ക് അവരുടെ കോളനികളായ രാജ്യങ്ങളിൽ നിന്ന് ജീവനുള്ളതോ അല്ലാത്തതോ ആയ സാംപിളുകൾ ശേഖരിക്കാൻ ഒരു തടസ്സവുമുണ്ടായിരുന്നില്ല. അക്കാലത്താണ് ചാൾസ് ഡാർവിനെപ്പോലെയുള്ള നാച്ചുറലിസ്റ്റുകൾ ബ്രിട്ടീഷ്, ഫ്രഞ്ച്, ഡച്ച്, പോർച്ചുഗീസ് കോളനികൾ സന്ദർശിച്ചതും സാംപിളുകൾ ശേഖരിച്ച് യൂറോപ്പിലേക്ക് അയച്ചതും.

കോളനികളിൽ നിന്ന് വന്നുകൊണ്ടിരുന്ന സാംപിളുകൾ സൂക്ഷിക്കേണ്ടതിനാൽ യൂറോപ്പിലെ മ്യൂസിയങ്ങൾ നിരന്തരം വലുതാക്കിക്കൊണ്ടിരുന്നു എന്നു പറയപ്പെടുന്നു. പക്ഷെ, പ്രകൃതി ശാസ്ത്രത്തിന്റെ (natural sciences) വളർച്ചക്ക് അവർ നൽകിയ സംഭാവനകൾ വിസ്മരിക്കുന്നില്ല.

എന്നാൽ ഇപ്പോൾ ജീവികളെയോ സസ്യങ്ങളെയോ ഫോസിലുകളോ രാജ്യാതിർത്തികൾ കടത്തിക്കൊണ്ടുപോവുന്നതിന്ന് നിയന്ത്രണങ്ങളും നിരോധനങ്ങളും ഉണ്ട്. ഉദാഹരണമായി കേരളത്തിലെ വനങ്ങളിൽനിന്ന് ജീവികളെയോ സസ്യങ്ങളെയോ ശേഖരിക്കണമെങ്കിൽ കേരള വനംവകുപ്പിന്റെ രേഖാമൂലമുള്ള അനുമതി ആവശ്യമാണ്. അതിനായി ഗവേഷക/ഗവേഷകൻ വനം വകുപ്പധികൃതരെ തന്റെ ഗവേഷണത്തിന്റെ പ്രാധാന്യവും ഉപയോഗമുണ്ടെങ്കിൽ അതും ബോധ്യപ്പെടുത്തേണ്ടതുണ്ട്.

അന്താരാഷ്ട്രത്തലത്തിലും ഇത്തരം നിയമങ്ങളുണ്ട്. പലരാജ്യങ്ങളും ചില സാംപിളുകൾ കടത്തിക്കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്. സാംപിളുകളും ഫോസ്സിലുകളും മറ്റൊരു രാജ്യത്തേക്ക് കടത്തിക്കൊണ്ടുപോകുന്നത് അതാത് രാജ്യങ്ങളിലെ ഗവേഷകർക്ക് പല പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇതാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്ന വിഷയത്തിന്റെ പശ്ചാത്തലവും പ്രാധാന്യവും.
ചെടികളുടെയും ജീവികളുടെയും മനുഷ്യന്റെ പൂർവികരുടെയും അവശിഷ്ടങ്ങൾ പഠിക്കുന്ന ശാഖയാണ് പാലിയന്റോളജി (palaeontology).

പാലിയന്റോളജിയിൽപ്പെടുന്ന, മനുഷ്യപൂർവികരെക്കുറിച്ചുള്ള ഗവേഷണങ്ങൾ വളരെയേറെ ശ്രദ്ധയാകർഷിക്കുന്നതും പെട്ടെന്ന് പ്രശസ്തി നേടാൻ സഹായിക്കുന്നതുമായ ഒരു ശാഖയാണ്. ലൂയിസ് ലീക്കി, മേരി ലീക്കി ദമ്പതികളെക്കുറിച്ചുള്ള കഥകൾ പ്രസിദ്ധമാണല്ലോ. ജീവിവർഗങ്ങളിലെ കാണാകണ്ണികൾ (missing links) കണ്ടെത്തുന്നതും ഇത്തരത്തിൽ പ്രശസ്തി നേടിക്കൊടുക്കുന്ന കാര്യമാണ്. ("മൂന്ന് ഫോസ്സിലുകളുടെ കഥ" എന്ന ബോക്സ് കാണുക).

സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകരാണ് പരിണാമ-ജീവശാസ്ത്രം (evolutionary- biology), പാലിയന്റോളജി തുടങ്ങിയ പല ശാസ്ത്രശാഖകളിലും മേധാവിത്വം പുലർത്തുന്നത്. എന്നാൽ ഈ ഗവേഷണങ്ങൾക്ക് വേണ്ട സാംപിളുകൾ ഉള്ളത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആഫ്രിക്കൻ, തെക്കേഅമരിക്കൻ, ഏഷ്യൻ രാജ്യങ്ങളിലാണ്. ഇതിന്ന് മറ്റൊരു പ്രധാന വശം കൂടിയുണ്ട്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ രാജ്യങ്ങളെല്ലാം മുൻപ് സാമ്രാജിത്വ രാജ്യങ്ങളുടെ കോളനികളും, ഗവേഷകരുടെ രാജ്യങ്ങളിൽ മിക്കവയും മുൻപ് ഈ കോളനികളെ കീഴടക്കി ഭരിച്ച സാമ്രാജിത്വ രാജ്യങ്ങളുമാണ്. ഇത് വെറും ആകസ്മികമല്ല.

ഈ പൂർവ ബന്ധത്തിന്റെ സ്വാധീനം പാലിയന്റോളജി അടക്കമുള്ള ശാസ്ത്രഗവേഷണരംഗത്ത്‌ കാണാം. അതിനാലാണ് ഇതിനെ സയന്റിഫിക് കൊളോണിയലിസം എന്നു വിളിക്കുന്നത്. സാമ്പത്തികമേൽക്കോയ്മയുള്ള പാശ്ചാത്യ രാജ്യങ്ങളിലെ ഗവേഷകർ നടത്തുന്ന ഗവേഷണങ്ങളുടെ ചില പ്രത്യേക രീതികൾ കാരണം അതിന്ന് & quot; പാരച്യൂട്ട് ഗവേഷണം" എന്ന മറ്റൊരു പേരുകൂടി ശാസ്ത്രജ്ഞർ നൽകിയിട്ടുണ്ട്.

പാരച്യൂട്ട് പാലിയന്റോളോജി സയന്റിഫിക് കോളോണിയലിസം തെളിഞ്ഞു കാണുന്ന തരത്തിൽ ഗവേഷണം നടക്കുന്ന ഒരു മുഖ്യ ശാസ്ത്രശാഖ പാലിയന്റോളോജി ആണ്. അതിനാൽ ഈ ലേഖനത്തിൽ പാലിയന്റോളജി ആണ് ഉദാഹരണമായി എടുത്തിട്ടുള്ളത്. അത് അറിയപ്പെടുന്നത് "പാരച്യൂട്ട് പാലിയന്റോളോജി & quot; എന്നാണ്.

ഈ ഗവേഷണത്തിന്റെ പ്രശ്നങ്ങൾ പല വിധത്തിലാണ്. സൈനികർ പാരച്യൂട്ട് ഉപയോഗിച്ച് നേരിട്ട് അന്യരാജ്യങ്ങളിൽ ഇറങ്ങുന്നതുപോലെ, (1) പാശ്ചാത്യ ഗവേഷകർ ആഫ്രിക്ക, ഏഷ്യ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളിൽ പോയി നേരിട്ട് സാമ്പിളുകൾ ശേഖരിക്കുന്നു. (2) അങ്ങനെ ശേഖരിച്ച സാമ്പിളുകൾ ഉപയോഗിച്ച് ഗവേഷണം നടത്തുമ്പോൾ നാട്ടുകാരായ ഗവേഷകരെ ഒഴിവാക്കുന്നു. (3) അഥവാ നാട്ടുകാരായ ഗവേഷകരുടെ സഹായം എടുത്താലും അവരുടെ പേര് ഗവേഷണ പ്രബന്ധങ്ങളിൽ ചേർക്കാതിരിക്കുന്നു. (4) പാശ്ചാത്യ ഗവേഷകർ നേരിട്ട് സാമ്പിളുകൾ ശേഖരിക്കുന്നത് ആ രാജ്യത്തെ യുവ ഗവേഷകർക്ക് ആ വിഷയത്തിൽ ഗവേഷണത്തിനുള്ള സാദ്ധ്യതകൾ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നു. (5) സാമ്പിളുകൾ ശേഖരിക്കുന്നത് അധികൃതരുടെ അറിവും സമ്മതവും ഇല്ലാതെയാണെങ്കിൽ (അതിന്ന് നാട്ടുകാരുടെ സഹായം വേണ്ടിവരും) അത് അഴിമതിയും ഫോസ്സിലുകളുടെ കള്ളക്കടത്തും പ്രോത്സാഹിപ്പിക്കുന്നു. (6) അനധികൃതമായി ശേഖരിച്ച സാംപിളുകൾ കടത്തിക്കൊണ്ടുപോവുന്നതു നിമിത്തം ആ രാജ്യത്തിന് ഫോസിൽ സമ്പത്ത് നഷ്ടമാവുകയും ആ രാജ്യത്തെ ഗവേഷകരുടെ ബൗദ്ധികമായ പുരോഗമനത്തി ന്ന് തടസ്സമാവുകയും ചെയ്യുന്നു.

പ്രശ്നത്തിന്റെ ഗഹനത: ഈ പ്രശ്‌നത്തിന്റെ ഗൗരവം എത്രത്തോളമുണ്ട് എന്നറിയാനായി ന്യൂറംബർഗിലെ (ജർമ്മനി) ഫ്രഡറിക്ക് അലക്സാണ്ടർ സർവകലാശാലയിലെ എമ്മാ ഡ്യൂണെ (Emma Dunne), നുസൈബ രാജ (Nussabah Raja ) എന്നീ പാലിയോ-ബയോളജിസ്റ്റുകൾ 26000 ഗവേഷണ പ്രബന്ധങ്ങൾ പരിശോധിച്ചു. അവർ കണ്ടെത്തിയ വസ്തുത ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. നേച്ചർ എക്കോളജി ആൻഡ് ഇവൊല്യൂഷൻ എന്ന ജേർണലിൽ (nature ecology & evolution 6, page 145–154 (2022)) അവരും മറ്റ് അഞ്ച് ഗവേഷകരും ചേർന്ന് പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ വിവരങ്ങൾ ഉള്ളത്. ഐസർ പൂനയിലെ ദേവപ്രിയ ചതോപാധ്യായയും ലേഖനകർത്താക്കളിൽ ഉണ്ട്.

ലേഖന കർത്താക്കളിൽ ഇല്ലെങ്കിലും ബ്രസീലിലെ ഹുവാൻ കാർലോസ് സിസ്നേറോ (Juan Carlos Cisneros) യും ഈ പഠനത്തിന്ന് സംഭാവന നൽകിയതായി കാണുന്നു. (അവരുടെ കണ്ടെത്തലുകളുടെ രത്നചരുക്കം ഒരു ചിത്രീകരണമായി (Graphical description ) ചിത്രം 4 ൽ കൊടുത്തിരിക്കുന്നു). പാലിയോ-ബയോളജിയിലെ അറിവിന്റെ ഉൽപാദനം: 26000 പ്രബന്ധങ്ങളിൽ 97% പ്രബന്ധങ്ങളും യു.എസ്.എ, പടിഞ്ഞാറൻ യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്. ഇതിൽ തന്നെ യു.എസ്.എയുടെ പങ്ക് 32.47% ആണ്. തൊട്ടുപിന്നാലെ ജർമ്മനി 12.75%, ബ്രിട്ടൻ 9.73%, ഫ്രാൻസ് 9.34% എന്നിവരാണ്. കാനഡ, റഷ്യ, ചൈന, ആസ്ട്രേലിയ, സ്പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങളിൽ നിന്നാണ് ബാക്കിയുള്ള ഗവേഷണ പ്രബന്ധങ്ങൾ. ഈ ശതമാനക്കണക്ക് പാലിയന്റോളജിയിൽ മുന്നിൽനിൽക്കുന്നത് ആരൊക്കെയാണ് എന്ന് കാണിക്കുന്നു. ഇന്ത്യ ഈ വിഷയത്തിൽ ഒരു "പ്രാദേശിക കേന്ദ്രം (regional hub) " ആണെങ്കിലും പ്രസിദ്ധീകരണത്തിന്റെ കാര്യത്തിൽ പിന്നിൽ ആണ്. യു.എസ്.എ, പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങൾ എന്നിവ മുന്നിട്ട് നില്കുന്നതിന്ന് ഒരു സാമ്പത്തിക വശം കൂടിയുണ്ട്. അത് ഈ ലേഖനത്തിന്റെ അവസാന ഭാഗത്ത് വിശദീകരിക്കുന്നുണ്ട്.

മേല്പറഞ്ഞ അറിവിന്റെ ഉൽപാദനം ശ്ലാഘനീയമാണെങ്കിലും ഉല്പാദനത്തിന്റെ കൊളോണിയൽ രീതിയും അത് ഫോസിൽ ഉള്ള രാജ്യങ്ങൾക്ക് ഉണ്ടാക്കുന്ന പ്രശ്നങ്ങളും ശ്രദ്ധിക്കപ്പെടേണ്ടതാണ്. പാരച്യൂട്ട് പാലിയോ-ബയോളജി ഗവേഷണം: താഴെ തന്നിരിക്കുന്ന എല്ലാ ശതമാനക്കണക്കും എമ്മാ ഡ്യൂണെ, നുസൈബ രാജ എന്നിവർ പരിശോധിച്ച ഫോസ്സിലുകളെക്കുറിച്ചുള്ള 26000 ഗവേഷണ പ്രബന്ധങ്ങളിൽ എത്ര ശതമാനം എന്നാണ് കാണിക്കുന്നത്. യു.എസ്.എ, ചൈന, റഷ്യ, സ്പെയിൻ എന്നീ രാജ്യങ്ങളിലെ ഗവേഷകർ മാത്രമാണ് വിദേശത്ത് നടത്തുന്നതിനേക്കാൾ കൂടുതൽ ഗവേഷണം സ്വന്തം രാജ്യത്തിനകത്ത് നടത്തുന്നത്. യു.എസ്.എ യിലെ ഗവേഷകർ സ്വന്തം രാജ്യത്തും മറ്റുരാജ്യങ്ങളിലും ഏകദേശം തുല്യമായ ശതമാനം ഗവേഷണങ്ങൾ ചെയ്യുന്നു. പക്ഷെ മറ്റുരാജ്യങ്ങളിൽ നടത്തുന്ന ഗവേഷണങ്ങളിൽ 7.48% ആ രാജ്യങ്ങളിലെ ഗവേഷകരുമായി ഒരുവിധ യോജിച്ച പ്രവർത്തനവും ഇല്ലാതെ ആണ്. അതായത് യു.എസ്.എയുടെ പാലിയന്റോളോജി ഗവേഷണങ്ങളിൽ 7.48% പാരച്യൂട്ട് ഗവേഷണമാണ്. ജർമനിയുടെ കാര്യത്തിൽ 11.24% ഗവേഷണവും വിദേശ രാജ്യങ്ങളിലാണ്. അതിൽ 6.14 % പാരച്യൂട്ട് ഗവേഷണമാണ്.

അതേസമയം അവർ അവരുടെ രാജ്യത്ത് നടത്തിയ ഗവേഷങ്ങൾ 1.51 % മാത്രമേ വരൂ. അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം, സ്വിറ്റ്സർലാൻഡ് അവരുടെ പാലിയന്റോളോജി ഗവേഷണത്തിന്റെ 86% ഗവേഷണവും മറ്റു രാജ്യങ്ങളിലാണ് നടത്തുന്നതെന്നതാണ്.

ലോകത്ത് ഫോസിൽ ഡാറ്റ ഉപയോഗിച്ച് ഗവേഷണം നടത്തുന്ന രാജ്യങ്ങളിൽ ഏറ്റവും അധികം പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ 5 രാജ്യങ്ങൾ ചിത്രം 1 ൽ കാണിച്ചിരിക്കുന്നു.

ചിത്രം 1 പാരച്യൂട്ട് ഗവേഷണത്തിൽ മുൻപന്തിയിൽ ഉള്ള അഞ്ച് രാജ്യങ്ങൾ പാരച്യൂട്ട് ഗവേഷണത്തിന്റെ ഇര രാജ്യങ്ങളും അവയുടെ പ്രശ്നങ്ങളും: ബ്രസീൽ, മെക്സിക്കോ, മ്യാൻമർ എന്നീ രാജ്യങ്ങളിലെ പ്രശ്നങ്ങളാണ് എമ്മാ ഡ്യൂണെ, നുസൈബ രാജ, ബ്രസീലിലെ ഹുവാൻ കാർലോസ് സിസ്നേറോ (Juan Carlos Cisneros) എന്നീ പാലിയോ- ബയോളജിസ്റ്റുമാർ പഠന വിധേയമാക്കിയതെങ്കിലും, ഈ പ്രശ്നങ്ങൾ മിക്ക രാജ്യങ്ങളും അനുഭവിക്കുന്നുണ്ട് എന്ന് അവർ പറയുന്നു. പാരച്യൂട്ട് പാലിയന്റോളജിയുടെ പ്രധാന പ്രത്യാഘാതങ്ങൾ, മുൻ സെക്ഷനിൽ പറഞ്ഞതുപോലെ താഴെ പറയുന്നവയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

(1) ഗവേഷണത്തിന്ന് വേണ്ട സാമ്പത്തിക പിൻബലമുള്ള വിദേശരാജ്യക്കാർ സാമ്പിളുകൾ ശേഖരിക്കുന്നത് ഇര രാജ്യത്തെ യുവ ഗവേഷകർക്ക് ഗവേഷണത്തിനുള്ള സാദ്ധ്യതകൾ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നുണ്ട്.

(2) അനധികൃതമായി സാമ്പിളുകൾ ശേഖരിക്കുന്നത് അഴിമതിയും ഫോസ്സിലുകളുടെ കള്ളക്കടത്തും പ്രോത്സാഹിപ്പിക്കുന്നു.

(3 ) അനധികൃതമായി ശേഖരിച്ച സാംപിളുകൾ കടത്തിക്കൊണ്ടുപോവുന്നത് നിമിത്തം ആ രാജ്യത്തിന്‌ അത് നഷ്ടമാവുകയും ഇര രാജ്യങ്ങളിലെ ഗവേഷകർക്ക് അവ അപ്രാപ്യമാവുകയും ചെയ്യുന്നു.

പാരച്യൂട്ട് പാലിയന്റോളജിയുടെ ഇരകളായ രാജ്യങ്ങളെല്ലാം & quot; ദക്ഷിണ രാജ്യങ്ങളാണ് ( Global South) ", അതായത് ഏറെ സാമ്പത്തികമായി വികസിക്കാത്ത രാജ്യങ്ങൾ. എല്ലാ ഇര രാജ്യങ്ങളുടെയും ഫോസിൽ ഗവേഷണങ്ങൾ പരിശോധിച്ചാൽ ആദ്യം ചൂണ്ടിക്കാട്ടിയ കൊളോണിയൽ ബന്ധം വ്യക്തമാവും. മൊറോക്കോ, ടുണീഷ്യ, അൾജീരിയ എന്നീ രാജ്യങ്ങളിൽ നടക്കുന്ന ഗവേഷങ്ങളിൽ നാലിലൊന്ന് ചെയ്യുന്നത് ഫ്രഞ്ചുഗവേഷകരാണ്. ടാൻസാനിയയിലെ ഗവേഷണത്തിന്റെ 17% നടത്തുന്നത് ജർമൻകാരും ദക്ഷിണാഫ്രിക്കയിലെയും ഈജിപ്തിലെയും ഗവേഷണങ്ങൾ നടത്തുന്നവരുടെ 10 % ബ്രിട്ടിഷുകാരുമാണ്. എന്നാൽ അവർ ഗവേഷണങ്ങൾ നടത്തുന്നത് അവരുടെ മുൻ കോളനികളിൽ മാത്രമാണെന്ന് ധരിക്കരുത്.

യു.എസ്.എ യോടൊപ്പം അവർക്കെല്ലാം ലോകമാകെ താല്പര്യമുള്ള മേഖലകളാണ്. പാരച്യൂട്ട് പാലിയന്റോളജിയുടെ ഇരകളായ രാജ്യങ്ങൾക്ക് എന്ത് നഷ്ടപ്പെടുന്നുവെന്ന് മനസ്സിലാക്കാൻ ബ്രസീലിൽ നടക്കുന്ന പാലിയന്റോളജി ഗവേഷണങ്ങളും സംഭവങ്ങളും ചുരുക്കി പരിശോധിക്കാം.

ബ്രസീൽ 1942ൽ പാസ്സാക്കിയ നിയമപ്രകാരം ബ്രസീലിൽ എല്ലാ ഫോസ്സിലുകളും ബ്രസീൽ ഗവണ്മെന്റിന്റെ സ്വത്താണ്. 1990 ൽ വിദേശ രാജ്യങ്ങളിലെ ഗവേഷകർ ബ്രസീലിൽ വന്നു ഗവേഷണം നടത്തുന്നത് നിയന്ത്രിക്കുന്ന നിയമം പാസ്സാക്കിയിട്ടുണ്ട്. സാംപിളുകൾ കയറ്റി അയക്കാം, പക്ഷെ പെർമിറ്റ് വേണം.

ഫോസ്സിലുകളുടെ വില്പന നിയമംവഴി നിരോധിച്ചിട്ടുണ്ട്. ബ്രസീലിലെ ആരാരിപ്പ ബേസിൻ ഭൂവിജ്ഞാനീയപരമായി വളരെ പ്രാധാന്യമുള്ള ഒന്നാണ് അവിടെനിന്നും കണ്ടെത്തിയ ഫോസിലുകളെ കുറിച്ചുള്ള 72 പഠനങ്ങൾ 1990നും 2020നും മദ്ധ്യേ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ പകുതിയോളം പേപ്പറുകൾ പ്രതിപാദിക്കുന്ന ഫോസിലുകൾ ബ്രസീലിൽ നിന്ന് കണ്ടെടുത്തവയും എന്നാൽ ഇപ്പോൾ പ്രബന്ധ കർത്താക്കളായ ഗവേഷകരുടെ രാജ്യങ്ങളിൽ എത്തപ്പെട്ടവയുമാണ് 60% പേപ്പറുകളിലും പ്രതിപാദിക്കപ്പെട്ട ഫോസിലുകൾ പ്രബന്ധ കർത്താക്കളായ ഗവേഷകരുടെ രാജ്യത്തേക്ക് ബ്രസീലിൽ നിന്ന് കൊണ്ടുവന്നതിന്റെ പെർമിറ്റുകളെ കുറിച്ച് ഒന്നും പറയുന്നില്ല. പല ഫോസ്സിലുകളും ജർമനിയിൽ ആണ് ഉള്ളത്. ഒരു ബ്രസീലുകാരന്ന്, അയാളുടെ രാജ്യത്ത് കണ്ടെടുത്ത ഒരു ഫോസിലിനെക്കുറിച്ച് പഠിക്കാൻ വിസ വാങ്ങി ആറിരട്ടി കൂടുതൽ മൂല്യമുള്ള ജർമൻ കറൻസി കൊടുത്ത് ജർമനിയിൽ പോകേണ്ട അവസ്ഥ!. (ഇന്ത്യയിൽ നിന്ന് മുൻപ് കൊണ്ടുപോയ ഒരു ഫോസിലിനെ കുറിച്ച് പഠിക്കാനായി ഇന്ത്യക്കാരനായ ഒരു ഗവേഷക വിദ്യാർത്ഥിക്ക് ഇന്ത്യൻ രൂപയുടെ 105 മടങ്ങ് മൂല്യമുള്ള പൗണ്ട് കൊടുത്ത് ഇംഗ്ലണ്ടിൽ പോയി പഠിക്കേണ്ടി വരുന്നത് ആലോചിച്ചു നോക്കൂ !) ജർമനിയുടെ പ്രത്യേകത അവിടെ ഫോസിലുകൾ വിൽക്കുന്നതും വാങ്ങുന്നതും നിയമ വിരുദ്ധമല്ല എന്നതാണ്. അതായത് ബ്രസീലിൽ നിന്നും നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോകുന്ന ഫോസിലുകൾ ജർമനിയിൽ എത്തിയാൽ നിയമവിധേയമായി വിൽക്കാം. അങ്ങനെയാണ് ബ്രസിലിന്റെ 18.40% നട്ടെല്ലുള്ള ജന്തു വർഗ്ഗത്തിന്റെയും (vertibrates) 22.40% സസ്യങ്ങളുടെയും ഫോസ്സിലുകൾ (ആകെ 40.80 %) ജർമനിയിൽ എത്തിച്ചേർന്നത്. (ചിത്രം 2)

ചിത്രം 2. ബ്രസീലിൽ നിന്ന് കണ്ടെടുത്ത ഫോസിലുകൾ ഇപ്പോൾ എവിടെ ഉണ്ട്?

മെക്സിക്കോയിലും സമാനമായ പ്രശ്നം തന്നെയാണ്. പക്ഷെ ബ്രസീലിനേക്കാൾ കുറച്ചു മെച്ചം എന്നു കാണുന്നു. ഫോസിൽ ശേഖരണത്തെയും, കയറ്റുമതിയെയും സംബന്ധിച്ച നിയമങ്ങൾ നടപ്പിലാക്കുന്നതിൽ മെക്സിക്കൻ നിയമപാലകർ കാണിക്കുന്ന ശ്രദ്ധയാണ് ഇതിനു കാരണം എന്ന് പറയപ്പെടുന്നു.

ഇന്ത്യയുടെ പ്രത്യേകത: ഇന്ത്യ, ചൈന, ജപ്പാൻ, ബ്രസീൽ, മെക്സിക്കോ, അർജന്റീന എന്നിവിടങ്ങളിലെ ഗവേഷണങ്ങൾ ലേഖനകർത്താക്കളുടെ പ്രത്യേകമായ ശ്രദ്ധക്ക് വിധേയമായിട്ടുണ്ട്. ചൈന, ജപ്പാൻ, അർജന്റീന എന്നീരാജ്യങ്ങളിലെ പാലിയന്റോളജി ഗവേഷണം മിക്കവാറും രാജ്യത്തിനകത്താണ് (ചൈന (75 %), ജപ്പാൻ (50%) അർജന്റീന (66%)). ഈ മൂന്ന് രാജ്യങ്ങളും ഇന്ത്യയോടും ബ്രസീൽ, മെക്സിക്കോ എന്നിവരോടുമൊപ്പം പാലിയന്റോളജി അറിവിന്റെ പ്രാദേശിക കേന്ദ്രങ്ങൾ ( regional hubs) ആണ്. ഇവിടങ്ങളിൽ ഗവേഷണത്തിന്റെ സിംഹഭാഗവും ആ നാട്ടിലെ ഗവേഷകർ തന്നെ ചെയ്യുന്നു. മാത്രമല്ല കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലത്ത് പ്രാദേശിക ഗവേഷകരുടെ സംഭാവന ഗണ്യമായി വർധിച്ചിട്ടുണ്ട്. ഇവയിൽ ചില രാജ്യങ്ങളിലെ സർവ്വകലാശാലകൾ പാലിയന്റോളജി ഒരു പ്രത്യേക വിഷയമായോ, മറ്റൊരു വിഷയത്തിന്റെ പ്രധാന ഭാഗമായോ പഠിപ്പിക്കുന്നുണ്ട്. അവിടങ്ങളിൽ ദേശീയ തലത്തിലും താഴെത്തട്ടിലും ഇതിനെ പോപ്പുലർ ആക്കാൻ സൊസൈറ്റികൾ ഉണ്ട്.

പാലിയന്റോളോജിക്കൽ മ്യൂസിയങ്ങളും വേണ്ടത്ര ഫണ്ടും ഉണ്ട്. എന്നാൽ ഇന്ത്യ ഗവേഷണകാര്യത്തിൽ മേല്പറഞ്ഞ മറ്റു രാജ്യങ്ങളിൽ നിന്ന് കുറച്ച് വേറിട്ടു നിൽക്കുന്നു. ദേശീയ തലത്തിലുള്ള ഫണ്ടുകൾ നൽകുന്ന ഏജൻസികൾ രാജ്യത്തിനകത്ത്‌ ഗവേഷണം നടത്താൻ മാത്രമേ ഫണ്ടു നൽകുന്നുള്ളൂ. വളരെക്കാലമായി ഇന്ത്യയിൽ നിന്ന് ശേഖരിക്കപ്പെട്ട ഫോസ്സിലുകളും സാമ്പിളുകളും വിദേശ ശേഖരങ്ങളിൽ ആണെന്നിരിക്കെ വിദേശത്തു പോയി ആ സാമ്പിളുകൾ പഠിക്കാനോ, വിദേശത്തു പോയി സാമ്പിളുകൾ ശേഖരിക്കാനോ, ഇന്ത്യയിൽ ഫണ്ട് ലഭ്യമല്ല.

ഇന്ത്യയെക്കുറിച്ചുള്ള മറ്റു ചില നിരീക്ഷണങ്ങൾ ഇവയാണ്:

1. ഇന്ത്യയിൽ ഫോസിലുകളും ഫോസിലുകൾ കണ്ടെത്തുന്ന സ്ഥലങ്ങളും രാജ്യത്തിന്റെ പൊതു സ്വത്ത് ആണെന്ന് അംഗീകരിച്ചിട്ടുണ്ട്. പക്ഷെ അവയെ സംരക്ഷിക്കാനുള്ള നിയമങ്ങൾ വിരളമാണ്. ഭൂമിശാസ്ത്രപരമായി പ്രാധാന്യമുള്ള സ്ഥലങ്ങളിൽ പലപ്പോഴും ഖനനം നടക്കുന്നുണ്ട്. അധികൃതർ അറിയാതെ ഫോസിലുകൾ കയറ്റി അയക്കപ്പെടുകയും ചെയ്യുന്നുണ്ട്.

2. ഭൂശാസ്ത്രത്തിന്റെയോ ഭൗമശാസ്ത്രത്തിന്റെയോ ഒരു ചെറിയ ഭാഗമായേ പാലിയന്റോളജിയിൽ ഗവേഷങ്ങൾ നടക്കുന്നുള്ളൂ. ഇന്ത്യക്കകത്ത്‌ ഗവേഷണം ചെയ്യാൻ മാത്രമേ ഫണ്ട് ലഭിക്കുകയുള്ളൂ.

3. ഇന്ത്യയിൽ പാലിയന്റോളോജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ എന്ന ഒരു സംഘടന ഉണ്ട്. പക്ഷെ അതിന്റെ പ്രവർത്തന വ്യാപനം എത്രത്തോളമെന്നു അറിയില്ല.

4. ഇന്ത്യയിൽ പാലിയന്റോളജി വിഷയം പ്രാഥമികമായി പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടുകൾ ഇല്ലതന്നെ. അത് ഭൂവിജ്ഞാനീയം (geology) അല്ലെങ്കിൽ ഭൗമശാസ്ത്ര (Earth Science) ന്റെ ഭാഗമായി മാത്രമാണ് പഠിപ്പിക്കുന്നത്. എന്നാൽ പോസ്റ്റ്- ഗ്രാജുവേഷനും പി.എച്ച്‌ ഡിക്കും സ്പെഷ്യലൈസ് ചെയ്യാം.

5. രാജ്യത്തെ എല്ലാ ഫോസ്സിലുകളും ശേഖരിച്ചുവെക്കാനുള്ള ഒരു ഏക സംവിധാനം (മ്യൂസിയം, Repositary) ഇല്ല. അക്കാഡമീഷ്യന്മാരും ഗവേഷകരും ശേഖരിക്കുന്ന സാംപിളുകൾ അവർ വിരമിക്കുന്നതോടെ നഷ്ടപ്പെടുന്നു.

കേരളം ഒരു വിജ്ഞാന സമൂഹമായി മാറേണ്ടുന്നതിന്റെ ആവശ്യകത നമ്മുടെ സർക്കാരും വിദ്യാഭ്യാസ ചിന്തകരും ഇടതു പക്ഷ രാഷ്ട്രീയ നേതാക്കളും ഊന്നിപ്പറഞ്ഞിട്ടുണ്ട്. വിജ്ഞാന സമൂഹമായി മാറാൻ ഗവേഷണം ഒഴിച്ചുകൂടാത്തതാണ്. ഗവേഷണത്തിന്ന് അടിസ്ഥാന സൗകര്യങ്ങളും (infrastructure) ഫണ്ടും ആവശ്യമാണ്.

(യു എസ് എ, യൂറോപ്പിലെ രാജ്യങ്ങൾ എന്നിവർ മിക്ക ഗവേഷണ മേഖലകളിലും മുന്നിലാണ്. അതിന്റെ ഒരു പ്രധാനകാരണം അവർ ഗവേഷണത്തിന്‌ നൽകുന്ന പ്രാധാന്യം തന്നെ. യു.എസ്.എയും, പടിഞ്ഞാറൻ യൂറോപ്പ്യൻ രാജ്യങ്ങളും ഗവേഷണത്തിന്‌, പ്രത്യേകിച്ച് പ്രകൃതി ശാസ്ത്ര ഗവേഷണങ്ങൾക്ക് വളരെയധികം സൗകര്യങ്ങളും ഫണ്ടുകളും നൽകുന്ന പാരമ്പര്യം ഉള്ള രാജ്യങ്ങളാണ്.

ഇപ്പോഴും ഫണ്ടിങ്ങിൽ മുന്നിട്ട് നിൽക്കുന്നത് ഈ രാജ്യങ്ങൾ തന്നെ. അടിസ്ഥാന സൗകര്യങ്ങൾക്കും ഫണ്ടിനോടുമൊപ്പം ഒരു വിജ്ഞാന പോഷണ അന്തരീക്ഷം സ്കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ, പൊതു ഇടങ്ങൾ എന്നിവയിലൊക്കെ വേണം. വിജ്ഞാന വിഷയ സംബന്ധിയായ സൊസൈറ്റികളുടെ പ്രാധാന്യം അവിടെയാണ്. വിജ്ഞാനത്തിൽ താല്പര്യം വളർത്താൻ സിലബസ് അധിഷ്ഠിത വിദ്യാഭ്യാസം മാത്രംകൊണ്ട്‌ ആവില്ല. പ്രത്യേക വിഷയങ്ങളിലെ അറിവ് സമ്പുഷ്ടമാക്കാൻ ആ വിഷയങ്ങളിൽ ചർച്ചകൾ, പ്രഭാഷണങ്ങൾ, സെമിനാറുകൾ, സിംപോസിങ്ങൾ തുടങ്ങിയവ നടത്തി താല്പര്യം വളർത്തിയെടുക്കാൻ സഹായിക്കുന്ന സൊസൈറ്റികൾ അത്യാവശ്യമാണ്. ഇപ്പോൾ കോളേജുകളിൽ ഉള്ള വിഷയ അസോസിയേഷനുകൾ (ഉദാ: ഫിസിക്സ് അസോസിയേഷൻ, തുടങ്ങിയവ) പോഷിപ്പിക്കുകയും സംസ്ഥാന തലത്തിലേക്ക് വികസിപ്പിക്കുകയും വേണം. സയൻസിൽ തന്നെ താല്പര്യം ഉണ്ടാക്കുകയും വളർത്തുകയും വേണം. അങ്ങനെ മാത്രമേ സയൻസിൽ അറിവിന്റെ ഉത്പാദനം വർധിക്കുകയുള്ളൂ. ശാസ്ത്രത്തിന്റെ പ്രചാരണം ആവശ്യമില്ലെന്നും അത് വെറും & quot; സയന്റിസം & quot; ആണെന്നും വാദിക്കുന്നത് വളർച്ച മുരടിപ്പിക്കാനേ സഹായിക്കൂ.

Note: Palaeontology : ഫോസിൽ പഠനത്തിലൂടെ ജന്തുക്കളുടെയും സസ്യങ്ങളുടെയും ശരീരപ്രകൃതി, പരിണാമം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ) മൂന്ന് ഫോസ്സിലുകളുടെ കഥ.

1. 2020 ൽ ജർമൻകാരായ ഒരു സംഘം ഗവേഷകർ , ബ്രസീലിലെ ആരാരിപ്പേ ബേസിൻ പ്രദേശത്തു നിന്നും കണ്ടെത്തിയ & quot; രോമാവൃതമായ ദിനോസറിനെ" കുറിച്ചുള്ള ഗവേഷണ പേപ്പർ പ്രസിദ്ധീകരിച്ചു. ബ്രസീലുകാരായ ഒരു ഗവേഷകനും പ്രബന്ധ കർത്താക്കളിൽ ഇല്ല. പ്രസിദ്ധീകരിച്ച ഉടൻ തന്നെ അത് പല ചോദ്യങ്ങളും ഉയർത്തി. അത് എങ്ങനെ ജർമനിയിൽ എത്തി എന്നതിന് ഗവേഷകരുടെ മറുപടി അവ്യക്തമായിരുന്നു. അവർ പറഞ്ഞത് ഈ ഫോസിൽ 1995 ൽ ഒരു ബ്രസീലിയൻ മ്യൂസിയത്തിൽ നിന്നും ജർമനിയിലെ ഒരു മ്യൂസിയം കടം വാങ്ങിയതാണെന്നാണ്. പക്ഷെ അത് 2009 ൽ ഒരു പ്രൈവറ്റ് കമ്പനിയിൽ നിന്ന് വാങ്ങിയതാണ് എന്നാണ് ജർമൻ മ്യൂസിയക്കാർ, പറയുന്നത്. ആ കമ്പനി അത് 2006 ൽ ഇറക്കുമതി ചെയ്തതാണ് എന്നവകാശപ്പെട്ടു. പക്ഷേ ഒന്നിനും ഒരു രേഖയുമില്ല! (പിന്നീട് ആ പ്രബന്ധം പ്രസിദ്ധീകരിച്ച എൽസാവിയർ (Elsevier) അത് പിൻവലിച്ചു).

2. 120 ദശലക്ഷം പഴക്കമുള്ള & quot; നാല് കാലുള്ള പാമ്പിനെ & quot; കുറിച്ച് ജർമൻകാരായ ഗവേഷകർ ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു. അത്, പല്ലിവർഗ്ഗത്തിന്റെയും പാമ്പുകളുടെയും ഇടയ്‌ക്കുള്ള കാണാക്കണ്ണി ആണ് എന്നായിരുന്നു അവരുടെ അവകാശവാദം. അത് ഒരു മ്യൂസിയത്തിൽ ആണ് ഉള്ളതെന്ന് അവർ അവകാശപ്പെട്ടുവെങ്കിലും അതിപ്പോൾ ഒരു പ്രൈവറ്റ് ശേഖരത്തിൽ ആണ് ഉള്ളതെന്ന് തെളിഞ്ഞു. അതിനും ഒരു രേഖകളും ഇല്ല. എല്ലാത്തിനുമുപരി അത് ഒരു പാമ്പ് അല്ല എന്ന് ബ്രസീൽകാരായ ഗവേഷകർ തെളിയിച്ചിട്ടുണ്ടെങ്കിലും പ്രബന്ധം ഇപ്പോഴും പിൻവലിച്ചിട്ടില്ല. (ചിത്രം 3) 11

ചിത്രം 3. ടെട്രാപോഡോഫിസ് ആംപ്ലിക്റ്റസ്. ജർമൻ ഗവേഷകർ ഇത് പാമ്പിന്റെയും പല്ലിവർഗ്ഗത്തിന്റെയും കാണാകണ്ണി ആണെന്ന് അവകാശപ്പെട്ടെങ്കിലും ഇപ്പോൾ അത് ഒരുതരം പല്ലി ആണെന്ന് ശാസ്ത്രലോകം അംഗീകരിച്ചിരിക്കുന്നു.

3. 2021ൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ വിവരിക്കുന്ന & quot; നീളൻ ചിറകുള്ള സ്രാവ് (long -finned fossil shark) ഒരു മെക്സിക്കൻ കോടീശ്വരന്റെ കൈവശമാണുള്ളത്‌. അത് ഒരു മ്യൂസിയത്തിലാണ് എന്ന് അയാൾ പറയുന്നുവെങ്കിലും അത്തരം ഒരു മ്യൂസിയവും ഇപ്പോൾ നിലവിൽ ഇല്ല. ഫോസിൽ വില്പന നിരോധിച്ച മെക്സികോയിൽ ആ സ്രാവിന്റെ ഫോസിൽ അയാളുടെ കയ്യിൽ എങ്ങനെ എത്തി എന്ന ചോദ്യത്തിന്ന് ഉത്തരമില്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 3 =

Most Popular