Saturday, June 22, 2024

ad

Homeസാര്‍വദേശീയംവളർച്ചയുടെ 
പുതിയ പടവുകളിൽ ബ്രിക്സ്

വളർച്ചയുടെ 
പുതിയ പടവുകളിൽ ബ്രിക്സ്

ജി വിജയകുമാർ

ഗസ്ത് 22 മുതൽ 24വരെ ദക്ഷിണാഫ്രിക്കൻ തലസ്ഥാനമായ ജോഹന്നസ്ബർഗിൽ ചേർന്ന ബ്രിക്സിന്റെ 15–ാമത് ഉച്ചകോടിയെ മുന്നോട്ടേക്കുള്ള ഒരു വലിയ ചുവടുവയ്പായി കണക്കാക്കാവുന്നതാണ്. 18 മാസമായി തുടരുന്ന ഉക്രൈൻ യുദ്ധം ആരംഭിച്ചശേഷം ഇതാദ്യമായാണ് ഈ കൂട്ടായ്മയുടെ ഉന്നതതലയോഗം ചേർന്നത്. 2019നുശേഷം ഈ കൂട്ടായ്മയിലെ അഞ്ച് രാജ്യങ്ങളുടെയും മുഖ്യഭരണാധികാരികൾ നേരിട്ട് പങ്കെടുക്കുന്ന ആദ്യ ഉച്ചകോടിയുമാണിത് – അതായത് ഈ അഞ്ച് രാഷ്ട്ര നേതാക്കളും ഇതിനുമുൻപ് ഒത്തുചേർന്നത് കോവിഡ് 19 മഹാമാരി ലോകത്തെ പിടിച്ചുലയ്ക്കുന്നതിനും മുൻപാണ്.

ഈ ഉച്ചകോടിയുടെ മറ്റൊരു സവിശേഷത പുതിയതായി ആറ് രാഷ്ട്രങ്ങളെ കൂടി കൂട്ടായ്മയിൽ ഉൾപ്പെടുത്തി എന്നതാണ്. അങ്ങനെ ബ്രിക്സ് 11 അംഗ കൂട്ടായ്മയായി മാറി. ഒരുപക്ഷേ 2024 ജനുവരിക്കുശേഷം ഇത് ജി – 11 എന്ന് അറിയപ്പെടാനും ഇടയുണ്ട്. 23 രാജ്യങ്ങളാണ് ബ്രിക്സിൽ അംഗമാകാൻ താൽപര്യപ്പെട്ടുകൊണ്ട് മുന്നോട്ടുവന്നത്. അതിൽനിന്നാണ് 6 രാജ്യങ്ങൾക്ക് പൂർണ അംഗത്വം നൽകാൻ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത – സ്ഥാപക അംഗ രാജ്യങ്ങളിലെ ഭരണാധികാരികൾ ഏകകണ്ഠമായി ധാരണയിലെത്തിയത്. ഇപ്പോൾ ഇത്രയേറെ രാജ്യങ്ങൾ ഈ കൂട്ടായ്മയിൽ ചേരാൻ താൽപര്യപ്പെട്ടതിനും അതിൽനിന്ന് 6 രാജ്യങ്ങളെ അതിൽ ഉൾപ്പെടുത്തിയതിനും വമ്പിച്ച സാർവദേശീയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്. കാരണം ഉക്രൈൻ യുദ്ധത്തെത്തുടർന്ന് റഷ്യക്കെതിരായി അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും സാമ്പത്തിക ഉപരോധം അടിച്ചേൽപിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയും രണ്ടാം ശീതയുദ്ധം എന്നു വിളിക്കപ്പെടുന്നതിന്റെ ഭാഗമായി ചെെനയെ ഒറ്റപ്പെടുത്താൻ അമേരിക്കൻ സാമ്രാജ്യത്വം കൊണ്ടുപിടിച്ച് നീക്കം നടത്തുകയും ചെയ്യുന്നതിനിടയിലാണ് ചെെനയും റഷ്യയും മുഖ്യപങ്കു വഹിക്കുന്ന ബ്രിക്സിൽ ചേരുന്നതിനും അതുമായി സഹകരിക്കുന്നതിനും പാശ്ചാത്യ ചേരിയുമായി സഹകരിക്കുന്ന രാജ്യങ്ങൾ പോലും മുന്നോട്ടുവരുന്നത്.

യുഎൻ ആസ്ഥാനത്തുവച്ചാണ് 2009ൽ ഐക്യരാഷ്ട്ര പൊതുസഭയുടെ 61–ാമത് സമ്മേളന വേദിയിൽ ഈ കൂട്ടായ്മയുടെ ആദ്യ രൂപമായ ബ്രിക് (BRIC) – ബ്രസീൽ, റഷ്യ, ഇന്ത്യ, ചെെന – രൂപംകൊണ്ടത്. 2010ൽ ഇതിനൊപ്പം ദക്ഷിണാഫ്രിക്ക കൂടി ചേർന്നാണ് ബ്രിക്സ് ആയി രൂപപ്പെട്ടത്. ഇതിന്റെ ചരിത്രത്തിന് അൽപംകൂടി പഴക്കമുണ്ടെന്നതാണ് വസ്തുത. 2003 സെപ്തംബറിൽ മെക്സിക്കോയിലെ കാൺകൂണിൽ ചേർന്ന ലോകവ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനവേളയിൽ മെക്സിക്കോയിൽവെച്ച് ബ്രസീലിന്റെയും ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ഉന്നതാധികാരികൾ ഔഷധ വ്യാപാരവുമായി ബന്ധപ്പെട്ട പൊതുതാൽപര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ യോഗം ചേർന്നതാണ് ഈ കൂട്ടായ്മയുടെ തുടക്കമെന്ന് പറയാനാവും. എയ്ഡ്സ് ചികിത്സയ്ക്കടക്കമുള്ള നിരവധി മരുന്നുകൾ ഏറ്റവുമധികം ഉൽപാദിപ്പിക്കുകയും ഏറ്റവും കുറഞ്ഞ വിലയ്ക്ക് വിൽക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ബ്രസീലും ദക്ഷിണാഫ്രിക്കയും എയ‍്ഡ്സ് ചികിത്സയ്ക്കുവേണ്ട ഔഷധങ്ങൾ ഏറ്റവുമധികം അത്യാവശ്യമുള്ള രാജ്യങ്ങളുമാണ്. എന്നാൽ ലോകവ്യാപാര സംഘടന ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ കർക്കശമായി അടിച്ചേൽപ്പിക്കുന്നതുമൂലം ഈ രാജ്യങ്ങൾക്ക് രോഗചികിത്സയ്ക്ക് അവശ്യംവേണ്ട ഔഷധങ്ങൾ പോലും അനായാസം വിൽക്കാനും വാങ്ങാനും കഴിയാത്ത സാഹചര്യമാണ് നിലനിന്നത്.

ഈ സ്ഥിതിവിശേഷത്തെ എങ്ങനെ നേരിടാമെന്ന ആലോചനയാണ് ഈ യോഗത്തിന് നിദാനമായത‍്. മെക്സിക്കോ യോഗത്തിന് ഏതാനും മാസം മുൻപ് (2003 ജൂണിൽ) ഈ മൂന്ന് രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ ബ്രസീൽ തലസ്ഥാനമായ ബ്രസീലിയയിൽ യോഗം ചേർന്ന് ഇബ്സ ( IBSA– ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക) എന്ന കൂട്ടായ്മയ്ക്ക് രൂപംനൽകിയിരുന്നു. ലോകവ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) കാൺകുൺ ഉച്ചകോടിയിൽ ഒന്നിച്ചുനിന്ന് അമേരിക്കയും യൂറോപ്യൻ യൂണിയനും ഉൾപ്പെടുന്ന വികസിതരാഷ്ട്ര ചേരിയെ നേരിടുന്നതിനാണ് ഈ കൂട്ടായ്മയ്ക്ക് രൂപംനൽകിയത്. ബ്രസീലിൽ പുതുതായി അധികാരത്തിൽവന്ന ലുല ഡസിൽവയുടെ ഇടതുപക്ഷ ഗവൺമെന്റാണ് ഈ കൂട്ടായ്മയ്ക്ക് രൂപംനൽകാൻ മുൻകെെയെടുത്തതെന്ന പ്രത്യേകതയുമുണ്ട്. കേവലം ബൗദ്ധിക സ്വത്തവകാശവും വ്യാപാരവും സംബന്ധിച്ച വിഷയങ്ങൾ മാത്രമല്ല മറിച്ച് വികസ്വര – ദരിദ്ര രാജ്യങ്ങൾ സ്വന്തം രാജ്യങ്ങളിൽ നൽകുന്ന കാർഷിക സബ്സിഡി നിർത്തലാക്കണമെന്ന സമ്പന്ന രാജ്യങ്ങളുടെ ആവശ്യം അടിച്ചേൽപിക്കാൻ നോക്കുന്നതിനെതിരെ ഒന്നിച്ചുനീങ്ങുകയെന്ന ലക്ഷ്യവും ഈ കൂട്ടായ്മയ്ക്കുണ്ടായിരുന്നു.

1940കൾ മുതൽ അമേരിക്കയും മറ്റു പാശ്ചാത്യ വികസിത രാജ്യങ്ങളും ലോക വ്യാപാരത്തിൽ ആധിപത്യം സ്ഥാപിക്കുന്നതിനെതിരെ വികസ്വര – അവികസിത രാജ്യങ്ങൾ നടത്തിക്കൊണ്ടിരുന്ന സമ്മർദ്ദതന്ത്രങ്ങളുടെ തുടർച്ചയായാണ് ഇബ്സ രൂപപ്പെട്ടത്. വികസ്വര – അവികസിത രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം വിപുലപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയെന്നതായിരുന്നു ഈ കൂട്ടായ്മയുടെ ലക്ഷ്യം. 2007–08 കാലത്ത് അമേരിക്കയിലും യൂറോപ്പിലുമുണ്ടായ ബാങ്കിങ് തകർച്ചയും സാമ്പത്തിക മാന്ദ്യവും അമേരിക്കൻ – യൂറോപ്യൻ വിപണിയെ ആശ്രയിച്ച് മുന്നോട്ടുപോകാൻ കഴിയില്ലെന്ന ധാരണയിൽ ഇന്ത്യയും ചെെനയും ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങൾ എത്തിച്ചേർന്നതാണ് 2009ൽ ബ്രിക്കിന്റെ രൂപീകരണത്തിനും 2010ൽ ദക്ഷിണാഫ്രിക്കയും കൂടി ചേർന്ന് ബ്രിക്സ് ആയി രൂപപ്പെട്ടതിനും പശ്ചാത്തലമായത്. എന്നാൽ ഇന്ത്യയിൽ നരേന്ദ്രമോദിയും ബ്രസീലിൽ ബൊൾസനാരൊയും അധികാരത്തിലെത്തിയതിനെതുടർന്ന് ഈ കൂട്ടായ്മയുടെ പ്രവർത്തനം മന്ദഗതിയിലായിയെങ്കിലും അത് പൂർണമായും നിലച്ചുപോകാതിരുന്നത് ഈ രാജ്യങ്ങളിലെ ഭരണവർഗങ്ങളുടെ വ്യാപാര താൽപര്യങ്ങൾ അവയെ അതിന് നിർബന്ധിതമാക്കിയതുമൂലമാണ്.

അതിവേഗം വളർന്നുകൊണ്ടിരിക്കുന്നതും ഒന്നിച്ചുനിന്നാൽ 2050 ആകുമ്പോൾ ആഗോള സമ്പദ്ഘടനയിൽ ആധിപത്യം സ്ഥാപിക്കുന്നതുമായ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ് എന്നാണ് അതിന്റെ ആരംഭകാലത്ത് ഗോൾഡ്മാൻ സാച്ചസിലെ സാമ്പത്തിക ശാസ്ത്രജ്ഞൻ ജി ഒ’നീൽ വിശേഷിപ്പിച്ചത്. ലോകത്തെ മൊത്തം ഭൂവിസ്തൃതിയുടെ 16.7% വും ആഗോള ജനസംഖ്യയുടെ 41.5 ശതമാനവും ആഗോള ജിഡിപിയുടെ 26.6 ശതമാനവും വരുന്നവയാണ് ഈ 5 രാജ്യങ്ങൾ. 2018ലെ കണക്കനുസരിച്ച് ഇൗ അഞ്ച് രാജ്യങ്ങൾക്കും കൂടി 4.46 ലക്ഷം കോടി വിദേശനാണയശേഖരവുമുണ്ട്.

ബ്രിക്സ് ചേരിയിൽ ഉൾപ്പെടുന്നവയിൽ രണ്ട് രാജ്യങ്ങൾ – റഷ്യയും ചെെനയും – ഐക്യരാഷ്ട്ര സെക്യുരിറ്റി കൗൺസിലിലെ സ്ഥിരാംഗങ്ങളാണ് – അതായത് വീറ്റൊ അധികാരമുള്ള അംഗങ്ങളാണ്. മറ്റ് മൂന്നംഗങ്ങൾ – ബ്രസീലും ദക്ഷിണാഫ്രിക്കയും ഇന്ത്യയും – ഈ പദവി നേടുന്നതിന്, യുഎൻ സ്ഥിരാംഗത്വം നേടുന്നതിന് നെടുനാളായി അപേക്ഷയുമായി നിൽക്കുന്നവയുമാണ്. ലാറ്റിനമേരിക്കൻ മേഖലയിൽനിന്ന് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിൽ പ്രാതിനിധ്യമില്ലെന്ന പോരായ്മ ചൂണ്ടിക്കാട്ടിയാണ് ആ മേഖലയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീൽ യുഎൻ സുരക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനായി നീക്കം നടത്തുന്നത്. ദക്ഷിണാഫ്രിക്കയ്ക്കും സമാനമായ വിധം പരിഗണനയുണ്ട്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽനിന്ന് യുഎൻ സെക്യുരിറ്റി കൗൺസിലിൽ സ്ഥിരാംഗത്വം ഒരു രാജ്യത്തിനും ഇല്ലാതിരിക്കെ ആ ഭൂഖണ്ഡത്തിലെ ഭൂവിസ്തൃതിയിൽ വലുതും വലിയ സമ്പദ്ഘടനയുമായ ദക്ഷിണാഫ്രിക്കയെ പരിഗണിക്കേണ്ടതാണ്. ഇന്ത്യയെയാകട്ടെ ഇപ്പോൾ ലോകത്ത് ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള (മുൻപു രണ്ടാം സ്ഥാനത്തായിരുന്നു‍) രാജ്യമെന്ന നിലയിൽ യുഎൻ സെക്യുരിറ്റി കൗൺസിൽ സ്ഥിരാംഗത്വത്തിൽ ഉൾപ്പെടുത്താത്തത് കടുത്ത അനീതിയാണ്; കഴിഞ്ഞ 20 വർഷമായി ഇന്ത്യ ഈ ആവശ്യം ഉന്നയിക്കുന്നുമുണ്ട്. പാശ്ചാത്യ രാജ്യങ്ങൾ തങ്ങളുടെ മേധാവിത്വം ഉറപ്പിച്ചുനിർത്തുന്നതിന് ഈ രാജ്യങ്ങളെ അതിനുപുറത്തുനിർത്തിയിരിക്കുകയാണ്. മാത്രമല്ല, ഉക്രൈൻയുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിലും ഈ കൂട്ടായ്മയിലെ രാജ്യങ്ങൾ അതാതിന്റേ തായ നിലയിൽ ഒത്തുതീർപ്പ് നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചുവെന്നതും ശ്രദ്ധേയമാണ്. ഈ അഞ്ച് രാജ്യങ്ങളും ജി –20 കൂട്ടായ്മയിലെ അംഗങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. ജി – 20 പതിവായി യോഗം ചേരുകയും പ്രസ്താവനയിറക്കുകയും ചെയ്യുന്നുണ്ടെങ്കിലും അതിപ്പോഴും സമ്പന്നരാഷ്ട്രങ്ങൾ എന്നറിയപ്പെടുന്നവയുടെ കൂട്ടായ്മയായ ജി 7ന്റെ നിഴലിലാണ് നിൽക്കുന്നത് . ജി7ന് ബദലായ ബ്രിക്സ് കൂട്ടായ്മയുടെ പ്രാധാന്യവും പ്രസക്തിയും ഇതൊക്കെയാണ്. ബ്രിക്സിന്റെ ജോഹന്നസ്ബർഗ് ഉച്ചകോടി കൂട്ടായ്മയുടെ രൂപീകരണത്തിൽ പ്രമുഖ പങ്കു വഹിച്ച ലുല അധികാരത്തിൽ തിരിച്ചെത്തിയ ശേഷമുള്ള ആദ്യ ഉച്ചകോടിയാണിത്. ജി 7 രാജ്യങ്ങളുടെ മൊത്തം ജിഡിപിയെക്കാൾ വലുതാണ് ബ്രിക്സ് രാജ്യങ്ങളുടെ ജിഡിപി.

അർജന്റീന, ഇൗജിപ്ത്, ഇത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ എന്നീ ആറ് രാജ്യങ്ങൾകൂടി 2024 ജനുവരി ഒന്നു മുതൽ ഈ കൂട്ടായ്മയിലെ സ്ഥിരാംഗങ്ങൾ ആകുന്നതോടെ ബ്രിക്സിന്റെ പ്രാധാന്യം വർധിക്കുകയാണ്. ജനസംഖ്യ, ഭൂവിസ്തൃതി, ജിഡിപിയിലെ വലിപ്പം എന്നിവയിലെല്ലാം ബ്രിക്സിന്റെ പങ്കാളിത്തം വർധിക്കുകയുമാണ്. എണ്ണ ഉൽപാദക രാഷ്ട്ര സംഘടനയായ ഒപ്പെക്കിലെ (OPEC) 13 അംഗരാജ്യങ്ങളിൽ 7 എണ്ണവും ഇതിൽ ചേരുകയോ ചേരാൻ സന്നദ്ധമായി മുന്നോട്ടുവരികയോ ചെയ്തിട്ടുണ്ട്. ബ്രിക്സിലെ പ്രധാനപ്പെട്ട രണ്ടു രാജ്യങ്ങളായ ചെെനയ്ക്കും റഷ്യയ്ക്കുമെതിരെ അമേരിക്ക ശീതയുദ്ധത്തിന് തുടക്കംകുറിച്ചിരിക്കവെ അതെല്ലാം അവഗണിച്ച് കൂടുതൽ രാജ്യങ്ങൾ ബ്രിക്സ് വേദിയിലേക്ക് വരുന്നതു തന്നെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.

ബ്രിക്സ് വാണിജ്യപരമായ ഒരു കൂട്ടായ്മയായിരിക്കെ തന്നെ സാമ്പത്തികവും വികസനപരവുമായ വിഷയങ്ങളും കൂടുതൽ രാജ്യങ്ങളെ ഈ കൂട്ടായ്മയിലേക്ക് ആകർഷിക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് ചെെനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷേ-്യറ്റീവാണ്. മറ്റൊന്ന് ഷാങ്ഹായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിക്സിന്റെ ന്യു ഡവലപ്മെന്റ് ബാങ്കാണ്. ലോകബാങ്കിനും ഐഎംഎഫിനും ബദലായി വളർച്ചയുടെ ആരംഭദശയിലുള്ള ന്യു ഡവലപ്മെന്റ് ബാങ്ക് വികസ്വര – അവികസിത രാജ്യങ്ങൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. 10,000 കോടി ഡോളർ മൂലധന നിക്ഷേപമുള്ള ഈ ബാങ്കിൽ എല്ലാ അംഗങ്ങൾക്കും തുല്യ ഓഹരി പങ്കാളിത്തവും തുല്യ വോട്ടവകാശവുമാണുള്ളത്. ആർക്കും വീറ്റോ അധികാരവുമില്ല.ലോക ബാങ്കിലാകട്ടെ അമേരിക്കയ്ക്ക് വീറ്റോ അധികാരമുണ്ട്. അമേരിക്കയ്ക്ക് 15 ശതമാനത്തിലധികം ഓഹരിയുള്ളപ്പോൾ മറ്റ് അംഗരാജ്യങ്ങൾക്ക് വളരെ കുറഞ്ഞ ഓഹരിപങ്കാളിത്തമേയുള്ളൂ. വ്യവസ്ഥകൾക്ക് വിധേയമായി (അതായത് വായ്പയെടുക്കുന്ന രാജ്യങ്ങളുടെ സാമ്പത്തിക നയത്തിൽ ഇടപെടുന്ന വ്യവസ്ഥകൾ) മാത്രമേ ലോകബാങ്കും ഐഎംഎഫും വായ്പ നൽകുന്നുള്ളൂ. വികസനാവശ്യങ്ങളെക്കാളുപരി വായ്പാ തിരിച്ചടവുകൾക്കുള്ള പുതിയ വായ്പകളായാണ് അത് നൽകപ്പെടുന്നതും. എന്നാൽ ബ്രിക്സ് ബാങ്കാകട്ടെ, വായ്പാ തിരിച്ചടവിന് വായ്പ നൽകില്ലെന്ന ഒറ്റ വ്യവസ്ഥ മാത്രമേ മുന്നോട്ടുവയ്ക്കാറുള്ളൂ. വികസനാവശ്യങ്ങൾക്ക് മറ്റൊരുപാധിയുമില്ലാതെ വായ്പ നൽകും. മാത്രമല്ല മൊത്തം വായ്പയുടെ മുപ്പത് ശതമാനത്തോളവും അതാത് രാജ്യത്തെ കറൻസിയിലായിരിക്കും നൽകുന്നത്. തിരിച്ചടവും അങ്ങനെതന്നെ. ആഗോള സാമ്പത്തിക ഇടപാടുകളിലെ ഡോളർ മേധാവിത്വം ഇതുവഴി ഇല്ലാതാക്കപ്പെടുകയാണ്.

ഈ കൂട്ടായ്മ ഒരു സാമ്രാജ്യത്വവിരുദ്ധ ചേരിയാണോ എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നുണ്ട്. അല്ലയെന്നുതന്നെയാണ് അതിന്റെ ഉത്തരം. അമേരിക്കയുമായും യൂറോപ്യൻ രാജ്യങ്ങളുമായുമുള്ള വാണിജ്യപരമായ കാര്യങ്ങളിലെ വെെരുധ്യങ്ങളാണ്, താൽപര്യസംഘർഷങ്ങളാണ് ഈ രാജ്യങ്ങളെ ഒന്നിച്ചുനിർത്തുന്നത്. ഈ കൂട്ടായ്മയ്ക്ക് ഏറെക്കുറെയുള്ള സമാനത 1960കളിലും 1970കളിലും സജീവമായിരുന്ന ചേരിചേരാ പ്രസ്ഥാനവുമായാണ്. എന്നാൽ അതിന്റെ തനിയാവർത്തനവുമല്ല. ബഹുസ്വരതയിലേക്കുള്ള നീക്കമായി ബ്രിക്സിനെ കാണാവുന്നതാണ്. നാറ്റോയെ യൂറോപ്പും കടന്ന് ഏഷ്യയിലേക്കു കൂടി വ്യാപിപ്പിക്കാൻ അമേരിക്ക ശ്രമിക്കുമ്പോൾ അതിനൊപ്പം കൂടാതെ മറുവശത്ത് ബ്രിക്സിൽ ചേരാൻ കൂടുതൽ രാജ്യങ്ങൾ മുന്നോട്ടുവരുന്നത് അമേരിക്കയെ സംബന്ധിച്ചിടത്തോളം തിരിച്ചടി തന്നെയാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

8 + sixteen =

Most Popular