അമേരിക്കയിലെ മൂന്ന് വൻകിട വാഹനനിർമാണ കമ്പനികളിൽ തൊഴിലാളികൾ പണിമുടക്കിലാണ്. ഇതെഴുതുമ്പോൾ ഈ പണിമുടക്ക് 12–ാം ദിവസത്തിലേക്ക് കടക്കുകയാണ്. നിലവിലുണ്ടായിരുന്ന വേതന കരാറിന്റെ കാലാവധി സെപ്തംബർ 14ന് അവസാനിച്ചതിനെ തുടർന്ന്, അതിനകം കരാർ കാലോചിതമായി പുതുക്കാൻ തയ്യാറാകാത്ത മാനേജ്മെന്റുകളുടെ നിഷേധാത്മക നിലപാടാണ് തൊഴിലാളികളെ പണിമുടക്കിലേക്ക് തള്ളിവിട്ടത്.
അമേരിക്കയിൽ പ്രതിവർഷം ഉൽപാദിപ്പിക്കപ്പെടുന്ന വാഹനങ്ങളുടെ 50 ശതമാനത്തിന്റെയും നിർമാതാക്കളും അമേരിക്കൻ ജിഡിപിയുടെ ഒന്നര ശതമാനം ഉൽപാദിപ്പിക്കുന്നവരുമായ ഫോർഡ് മോട്ടോർ കമ്പനിയിലെയും ജനറൽ മോട്ടോഴ്സിലെയും സ്റ്റെല്ലാന്റിസിലെയും തൊഴിലാളികളാണ് 2023 സെപ്തംബർ 15 മുതൽ പണിമുടക്കുന്നത്. ഈ മൂന്ന് ഭീമൻ വാഹന നിർമാണ കമ്പനികളിലും ഒരേ സമയം തൊഴിലാളികൾ പണിമുടക്കുന്നതും ഇതാദ്യമായാണ്. 1940കളിലാണ് ഇതിനു മുൻപ് വേതന കരാറിനായി ഈ മേഖലയിൽ ശക്തമായ ഒരു പണിമുടക്ക് നടന്നതുതന്നെ. അതാകട്ടെ ജനറൽ മോട്ടോഴ്സിൽ മാത്രവുമായിരുന്നു.
അമേരിക്കയിലെ ഫാക്ടറി തൊഴിലാളികൾ ഇത്തരത്തിൽ ശക്തമായ ഒരു പണിമുടക്കിലേക്ക് നീങ്ങിയതിന് ഒരു പശ്ചാത്തലമുണ്ട്. അത് മനസ്സിലാക്കിയാൽ മാത്രമേ ഈ പണിമുടക്കിന്റെ പ്രാധാന്യവും അമേരിക്കൻ മൂലധന ഉടമകളെ ഇത് എത്രമാത്രം അങ്കലാപ്പിലാക്കിയിരിക്കുന്നുവെന്നതും നമുക്ക് കാണാനാവൂ. യുണെെറ്റഡ് ആട്ടോ വർക്കേഴ്സ് എന്ന 90 വർഷത്തോളം പഴക്കവും പാരമ്പര്യവുമുള്ള ട്രേഡ‍് യൂണിയനാണ് ഈ പണിമുടക്കിന് നേതൃത്വം നൽകുന്നത്. 2022 ഡിസംബറിൽ ഈ സംഘടനയുടെ പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നിരുന്നു. പുതിയ ഭരണസമിതിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷോൺ ഫെയ്ൻ 2023 മാർച്ചിൽ ചുമതലയേറ്റതോടെയാണ് ആ സംഘടനയ്ക്ക് 1950കൾക്കുശേഷം ട്രേഡ് യൂണിയൻ ഉശിര് ലഭിച്ചത്. വലതുപക്ഷ, കോർപ്പറേറ്റ് മാധ്യമങ്ങൾ യുഎഡബ്ല്യുവിന്റെ പുതിയ പ്രസിഡന്റിനെ പിടിവാശിക്കാരനായി ഇതിനകം തന്നെ മുദ്രകുത്തിക്കഴിഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ തന്നെ, തൊഴിലാളികളുടെ പരിതാപകരമായ ജീവിതാവസ്ഥ മാറ്റിയെടുക്കുന്നതിനുള്ള ഡിമാൻഡുകൾ ഉയർത്തി വിട്ടുവീഴ്ച കൂടാതെ മാനേജ്മെന്റുകളുമായി പൊരുതുമെന്ന വാഗ്ദാനമാണ് തൊഴിലാളികൾക്കു മുന്നിൽ അദ്ദേഹം വച്ചത്.
യൂണിയന്റെ തലപ്പത്ത് പുതിയ നേതൃത്വം വന്നതിനു പുറമെ 2023 ആഗസ്തിൽ യുണെെറ്റഡ് പാഴ്സൽ സർവീസിലെ തൊഴിലാളികൾ ശക്തമായ പ്രക്ഷോഭത്തിലൂടെ മെച്ചപ്പെട്ട പുതിയൊരു വേതനക്കരാർ ഉറപ്പാക്കിയ പശ്ചാത്തലത്തിലുമാണ് വാഹന നിർമാണ മേഖലയിലെ തൊഴിലാളികൾ പണിമുടക്കിലേക്ക് നീങ്ങിയത്. സാധാരണ തൊഴിലാളികളെ അണിനിരത്തിക്കൊണ്ട് കരാറിനുവേണ്ടി നടത്തിയ ദീർഘമായ കാംപെയിന്റെ അവസാനമാണ് സെപ്തംബർ 15 മുതൽ പണിമുടക്ക് ആരംഭിച്ചത്. ആഗസ്ത് മാസത്തിൽ നടത്തിയ സ്ട്രൈക്ബാലറ്റിൽ 97 ശതമാനം അംഗങ്ങളും പണിമുടക്ക് നടത്തണമെന്നാണ് വോട്ടു രേഖപ്പെടുത്തിയത്. പണിമുടക്കുമൂലം തൊഴിലാളികൾക്ക് വേതനമില്ലാതാകുമ്പോൾ പിടിച്ചുനിൽക്കുന്നതിനായി 82.5 കോടി ഡോളർ സ്ട്രൈക് ഫണ്ടായി യുഎഡബ്ല്യു മുൻപു തന്നെ സമാഹരിച്ചിട്ടുമുണ്ടായിരുന്നു.
വിലക്കയറ്റത്തിനാനുപാതികമായി ജീവിത ചെലവിലെ വർധനവ് പരിഹരിക്കാൻ വേണ്ട അലവൻസ്, ഫാക്ടറികൾ അടച്ചുപൂട്ടുന്നതിനെതിരെ പണിമുടക്കാനുള്ള നിയമപരമായ അവകാശം, ലാഭവിഹിതം പങ്കിടൽ, 36 ശതമാനം വേതന വർധനവ്, നിശ്ചിത തുക ഉറപ്പുനൽകുന്ന പെൻഷൻ പദ്ധതി തുടങ്ങിയ ഡിമാൻഡുകളാണ് തൊഴിലാളികൾ മുന്നോട്ടുവയ്ക്കുന്നത്. കഴിഞ്ഞ മൂന്നു മാസത്തിലേറെയായി മാനേജ‍്മെന്റുകളും യൂണിയനും തമ്മിൽ നടക്കുന്ന കൂടിയാലോചനകളിൽ തൊഴിലാളികൾക്ക് സ്വീകാര്യമായ ഒരു കരാറിൽ എത്തിച്ചേരാൻ ഈ ഭീമൻ കമ്പനികളുടെ മാനേജ്മെന്റ് തയ്യാറാകാത്തതാണ് തൊഴിലാളികളെ പണിമുടക്കിന് നിർബന്ധിതരാക്കിയത്. തൊഴിലാളികൾ ആവശ്യപ്പെടുന്നതിന്റെ അടുത്തുപോലും എത്താത്തവിധം തുച്ഛമായ മാറ്റങ്ങൾക്കു മാത്രമേ കമ്പനികൾ തയ്യാറായുള്ളൂ. ‘ലേബർ നോട്ട‍്സി’ൽ ലൂയി ഫെലിസ് ലിയോൺ എഴുതിയതുപോലെ ‘‘കമ്പനികൾ ചില ബദൽ നിർദേശങ്ങൾ മുന്നോട്ടുവെച്ച് ’’ തൊഴിലാളികളുടെ ആവശ്യങ്ങൾ നിരാകരിക്കുകയാണുണ്ടായത്.
ഒന്നരലക്ഷത്തോളം വരുന്ന ആട്ടോ മൊബെെൽ തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിനുവേണ്ടിയുള്ള ഗൗരവമായ കൂടിയാലോചനകൾക്കുപകരം അവസാന നിമിഷം വരെ നീട്ടിക്കൊണ്ടുപോവുകയെന്ന തന്ത്രമാണ് കമ്പനികൾ പയറ്റിയത് എന്നാണ് പണിമുടക്ക് തുടങ്ങുന്നതിനു തൊട്ടുമുൻപ് ഷോൺ ഫെയ്ൻ പ്രസ്താവിച്ചത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പണിമുടക്കിലേക്ക് നീങ്ങുമെന്ന് 2023 ജൂലെെയിൽ തന്നെ കമ്പനികൾക്ക് യൂണിയൻ താക്കീത് നൽകിയിരുന്നു. ദശകങ്ങളായി യൂണിയൻ നേതൃത്വം പിന്തുടർന്നിരുന്ന മാനേജ്മെന്റുകൾക്ക് കീഴടങ്ങുന്ന സമീപനമല്ല, 1930കളിലും 1940കളിലും യുഎഡബ്ല്യു തുടർന്നിരുന്ന ഉശിരൻ പോരാട്ടത്തിന്റേതായ ഇടതുപക്ഷ ശെെലിയാണ് ഷോൺ ഫെയ്ന്റെ നേതൃത്വത്തിൽ യൂണിയൻ ഇപ്പോൾ പിന്തുടരുന്നത്.
വാഹന നിർമാണ കമ്പനികളിലെ തൊഴിലാളികളുടെ പണിമുടക്കിന്റെ പ്രാധാന്യം, കേവലം ആ കമ്പനികളിലെ തൊഴിലാളികളുടെ ഏതെങ്കിലും ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല എന്നതാണ്. എഴുത്തുകാരനും ഗവേഷകനുമായ ഡെറെക്ക് സീഡ്മാൻ ‘‘ട്രൂത്ത് ഔട്ട്’’ മാഗസിനിൽ എഴുതിയതുപോലെ അമേരിക്കയിലെ ‘‘വൻകിട മൂലധനത്തിന്റെ ഭീമാകാരമായ മൂന്ന് തലകളോടാണ്’’ ഏറ്റുമുട്ടുന്നത്. അമേരിക്കയിലെ ഈ മൂന്ന് വാഹന നിർമാണ കമ്പനികളും അമേരിക്കയിലെ യൂണിയനുകളെ തകർക്കുന്നതിൽ കുപ്രസിദ്ധിയാർജിച്ച ആമസോണിനെയും വാൾമാർട്ടിനെയും പോലെയുള്ള കോർപ്പറേഷനുകളുമായുള്ള ബന്ധത്തിലേക്കും സീഡ്മാൻ വെളിച്ചം വീശുന്നുണ്ട്; മാത്രമല്ല, വിദേശ ബന്ധ കൗൺസിലിനെപോലെയുള്ള അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ബുദ്ധികേന്ദ്രങ്ങളുമായും അമേരിക്കൻ സെെനികബജറ്റിന്റെ മഹാഭൂരിപക്ഷവും വിഴുങ്ങി തടിച്ചുകൊഴുത്ത ജനറൽ ഡെെനാമിക്സിനെയും നോർത്ത്റോപ്പ് ഗ്രുമ്മാനെയും ലോക്ഹീഡ് മാർട്ടിനേയും പോലെയുള്ള ഏറ്റവും വലിയ ആയുധ നിർമാണ കമ്പനികളുമായും അടുത്ത ബന്ധം പുലർത്തുന്നവയുമാണ്.
2011 മുതൽ 17 വരെ അമേരിക്കയിലെ ഏറ്റവും വലിയ ആയുധ നിർമാണ കമ്പനികളിൽ അഞ്ചാം സ്ഥാനക്കാരായ ജനറൽ ഡെെനാമിക്സിന്റെ ബോർഡ് ഓഫ് ഡയറക്ടർമാരിൽ ഒരാളായിരുന്നു ഇപ്പോഴത്തെ ജനറൽ മോട്ടോഴ്സിന്റെ സിഇഒ മേരി ബാറ; ആ കാലത്ത് അവർ ദശലക്ഷക്കണക്കിന് ഡോളറാണ് ആ കമ്പനിയിൽനിന്ന് പാരിതോഷികമായി കെെപ്പറ്റിയിട്ടുള്ളത്. ജനറൽ മോട്ടോഴ്സിന്റെ ഇപ്പോഴത്തെ ഡയറക‍്ടർമാരിൽ ഒരാളായ തോമസ് ഷോവെ അമേരിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ ആയുധ നിർമാണ കമ്പനിയായ നോർത്ത് റോപ്പ് ഗ്രുമ്മാന്റെയും ഡയറക്ടറായും സേവനമനുഷ‍്ഠിക്കുന്നുണ്ട്; ജനറൽ മോട്ടോഴ്സിന്റെ മറ്റൊരു ഡയറക്ടർ വെസ്-ലി ജി ബുഷ് 2018 വരെ നോർത്ത് റോപ്പ് ഗ്രുമ്മാന്റെ സിഇഒയും പിന്നീട് 2019വരെ ചെയർമാനുമായിരുന്നു. അമേരിക്കയിലെ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ആയുധ നിർമാണ കമ്പനിയായ ലോക് ഹീഡ് മാർട്ടിന്റെ ഇൻഫർമേഷൻ സിസ്റ്റംസ് ആന്റ് ഗ്ലോബൽ സൊല്യൂഷന്റെ എക്സിക്യൂട്ടീവ് വെെസ് പ്രസിഡന്റ് സ്ഥാനത്തുനിന്നു വിരമിച്ചയാളാണ് ജനറൽ മോട്ടോഴ്സിന്റെ ഇപ്പോഴത്തെ മറ്റൊരു ഡയറക്ടർ ലിൻഡ ആർ ഗുഡ്. ഇതെല്ലാം കാണിക്കുന്നത് ഇപ്പോൾ നടത്തുന്ന പണിമുടക്കിലൂടെ മോട്ടോർ വാഹന നിർമാണ കമ്പനികളിലെ തൊഴിലാളികൾ അമേരിക്കൻ കുത്തക മൂലധനവുമായി മുഖാമുഖം ഏറ്റുമുട്ടുകയാണെന്നാണ്. അതൊരു ചെറിയ കാര്യമല്ല. ഈ പണിമുടക്കിൽ തൊഴിലാളികൾ വിജയിച്ചാൽ അത് അമേരിക്കയിലെ തൊഴിലാളിവർഗത്തിനാകെ പൊരുതാനും വിജയിക്കാനുമുള്ള കരുത്തും ആവേശവുമായിരിക്കും പ്രദാനം ചെയ്യുന്നത്.
പ്രധാനമായും വേതന വർധനയും തൊഴിൽ സുരക്ഷിതത്വവും മെച്ചപ്പെട്ട റിട്ടയർമെന്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ടുകൊണ്ടു പണിമുടക്കിലേക്കു നീങ്ങാൻ തൊഴിലാളികളെ നിർബന്ധിതരാക്കിയത് തൊഴിലാളികളുടെ ഒരാവശ്യവും അംഗീകരിക്കാനാവില്ല എന്ന ഉറച്ച നിലപാടിൽ മാനേജ്മെന്റ് നിന്നതുകൊണ്ടാണ്. തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ വേണ്ട പണമില്ലെന്നും അത്രയൊന്നും ലാഭമില്ലെന്നുമുള്ള നിലപാടാണ് ഇവയുടെ സിഇഒമാരും ഡയറക്ടർ ബോർഡ് അംഗങ്ങളും സ്വീകരിക്കുന്നത്. എന്നാൽ 2022ൽ ജനറൽ മോട്ടോഴ്സ് സിഇഒ മേരി ബാറ മൊത്തം പാരിതോഷികമായി (ശമ്പളത്തിനു പുറമെ) കെെപ്പറ്റിയത് 2.9 കോടി ഡോളറാണ്. ഫോർഡ് സിഇഒ ജിം ഫാർലേക്ക് 2020 മുതൽ 2022 വരെയായി 5.5 കോടി ഡോളർ പാരിതോഷികം കെെപ്പറ്റി. സ്റ്റെല്ലാന്റിസ് സിഇഒ കാർലോസ് ടാവേഴ്സ് 2022ൽ 2.35 കോടി ഡോളർ പാരിതോഷികമായി വാങ്ങി. ഇതു മാത്രമല്ല, കമ്പനികളുടെ ഓഹരി ഉടമകളെ തൃപ്തിപ്പെടുത്താൻ വളരെ ഉദാരമായി അവരിൽ നിന്ന് വൻവില നൽകി ഓഹരികൾ മടക്കി വാങ്ങാനും തയ്യാറാകുന്നുണ്ട്. സ്റ്റെല്ലാന്റിസ് തന്നെ പ്രഖ്യാപിച്ചിട്ടുള്ളത് 50 കോടി ഡോളറിന്റെ ഓഹരികൾ മടക്കി വാങ്ങുമെന്നാണ്. ഇതാണ് ‘‘വാൾ സ്ട്രീറ്റിന് നൽകാൻ പണമുണ്ടെങ്കിൽ ഈ വ്യവസായത്തെ ലാഭകരമാക്കി മുന്നോട്ടുകൊണ്ടുപോകുന്നതിന് പണിയെടുക്കുന്ന തൊഴിലാളികൾക്ക് നൽകാനും പണമുണ്ടാകുമെന്നുറപ്പാണ്’’ എന്ന് യൂണിയൻ പറയുന്നത്.
കമ്പനിക്ക് ലാഭം കുറവായതുകൊണ്ടല്ലല്ലോ ഇത്ര ഭീമമായ തുകകൾ ഇവർക്ക് പാരിതോഷികമായി നൽകിയത‍് എന്നാണ് തൊഴിലാളിപക്ഷത്തുനിന്നുയരുന്ന ചോദ്യം.
ഒരാഴ്ചയിൽ 40 മണിക്കൂർ പണിയെടുക്കുകയും ഓവർടെെം ഒന്നും ലഭിക്കാതിരിക്കുകയും ചെയ്യുന്ന ഒരു സ്റ്റെല്ലാന്റിസ് തൊഴിലാളിക്ക് ആ കമ്പനിയിലെ സിഇഒ യ്ക്ക ലഭിക്കുന്ന ശമ്പളം ലഭിക്കണമെങ്കിൽ 365 വർഷം പണിയെടുക്കണം. സിഇഒയും (അതായത് മേലാളരുമായും) തൊഴിലാളികളും തമ്മിലുള്ള വേതനത്തിലെ അന്തരം അത്രയ്ക്ക് ഭീമമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സ്റ്റെല്ലാന്റിസിലെ സിഇഒയുടെയും തൊഴിലാളിയുടെയും വേതനത്തിന്റെ അനുപാതം 365: 1 എന്നാണ്; ജനറൽ മോട്ടോഴ്സിൽ ഇത് 362:1 എന്നും ഫോർഡിൽ 281:1 എന്നുമാണ്. 2007നുശേഷം ഈ മേഖലയിലെ തൊഴിലാളികൾക്ക് 12 ശതമാനത്തിലും കുറഞ്ഞ വർധനവേ ലഭിച്ചിട്ടുള്ളൂ. നാണയപ്പെരുപ്പം ക്രമീകരിച്ചശേഷമുള്ള, ഈ മൂന്ന് കമ്പനികളിലെയും തൊഴിലാളികളുടെ കൂലി മണിക്കൂറിൽ 9 ഡോളറിലും കുറവാണ്– അവർക്ക് 15 വർഷം മുമ്പ് ലഭിച്ചിരുന്നതിനെക്കാൾ കുറഞ്ഞ കൂലിയാണിത്. തങ്ങൾക്ക് കൂടുതൽ വേതനവും പുറമെ വൻതുക പാരിതോഷികവും ലഭിക്കുന്നത് തങ്ങളുടെ ‘പ്രകടനം’ (പെർഫോമൻസ്) കണക്കിലെടുത്താണെന്നാണ് ജനറൽ മോട്ടേഴ്സ് സിഇഒ മേരി ബാറ പറയുന്നത്. യഥാർഥത്തിൽ സിഇഒമാരുടെയും ഡയറക്ടർമാരുടെയും ‘‘മികച്ച’’ പ്രകടനമല്ല, തൊഴിലാളികളുടെ കഠിനാധ്വാനമാണ് കമ്പനികളുടെ ലാഭം വർധിക്കുന്നതിലെ പരമപ്രധാനമായ ഘടകം എന്ന യാഥാർഥ്യത്തിനു നേരെ കമ്പനികൾ കണ്ണടയ്ക്കുകയാണ്. തൊഴിലാളികളുടെ പട്ടിണിക്കൂലിയാണ് സിഇഒമാരും മറ്റു മേലാളരും ലാഭവിഹിതമായി തട്ടിയെടുക്കുന്നത്.
പണിമുടക്കിന്റെ ഗതിക്രമം
പണിമുടക്ക് തുടങ്ങുന്നതിനു രണ്ട് മണിക്കൂർ മുൻപായി യുണെെറ്റഡ് ആട്ടോ വർക്കേഴ്സിന്റെ പ്രസിഡന്റ് ഷോൺ ഫെയ്ൻ ഇങ്ങനെ പ്രസ്താവിച്ചു, ‘‘നമ്മുടെ തലമുറയുടെ നിർണായക നിമിഷമാണിത്. കമ്പനികൾക്ക് പണമുണ്ട്. നമ്മുടെ ആവശ്യങ്ങൾ ന്യായമാണ്. ലോകം നമ്മെ ഉറ്റുനോക്കുകയാണ്. യുഎഡബ്ല്യു പണിമുടക്കിന് തയ്യാറായിക്കഴിഞ്ഞു.’’
15–ാം തീയതി രാവിലെ മുതൽ മൂന്ന് വൻകിട വാഹന നിർമാണകമ്പനികളിലെയും 1,46000 യുഎഡബ്ല്യു അംഗങ്ങളിൽ 13,000 അംഗങ്ങൾ പണിമുടക്കാരംഭിച്ചു. ഇത്രയും തൊഴിലാളികൾ മാത്രം പണിമുടക്കുന്നതിനെയാണോ സമ്പൂർണ പണിമുടക്കെന്ന് പറയുന്നത് എന്ന സംശയം സ്വാഭാവികമായും ഉയരാം. എന്നാൽ യൂണിയൻ കെെക്കൊണ്ട തന്ത്രപരമായ ഒരു നിലപാടാണ് ഇവിടെ പ്രതിഫലിക്കുന്നത്. കമ്പനികളിലെ എല്ലാ വിഭാഗങ്ങളിലും ഒരേ സമയം പണിമുടക്കാനല്ല തീരുമാനം. മറിച്ച് നിർണായകമായ അസംബ്ലിങ്, പെയിന്റിങ് യൂണിറ്റുകളിൽ ആദ്യം പണിമുടക്ക് നടത്തുക. തുടർന്ന് പല ഘട്ടങ്ങളിലായി ഓരോരോ വിഭാഗങ്ങളിലേക്ക് പണിമുടക്ക് വ്യാപിപ്പിക്കുകയെന്ന സമീപനമാണ് കെെക്കൊണ്ടിട്ടുള്ളത്. കമ്പനികൾക്ക് തങ്ങളുടെ ഉൽപ്പന്നം വിപണിയിൽ എത്തിക്കണമെങ്കിൽ അതിന്റെ നിർമാണം പൂർത്തീകരിക്കണമല്ലോ. അവിടെയാണ് തൊഴിലാളികൾ തുടക്കത്തിൽ സമ്പൂർണമായി പണിമുടക്കുന്നത്. പണിമുടക്ക് വിജയിക്കുന്നതിലെ പ്രധാന ഘടകം തൊഴിലിന്റെ നിർണായകത്വവും (cruciality of job) തൊഴിലാളികളുടെ സമ്പൂർണ ഐക്യവും എന്നതാണല്ലോ. അതു കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം യൂണിയൻ കെെക്കൊണ്ടത്.
ഈ തീരുമാനം മൂലം രണ്ട് നേട്ടങ്ങൾ ഉണ്ടാകുന്നു. ഒന്ന് യൂണിയൻ സമാഹരിച്ചിട്ടുള്ള സ്ട്രൈക് ഫണ്ട് പെട്ടെന്നു തീർന്നുപോകാതെ ദീർഘകാലം പണിമുടക്കിൽ ഉറച്ചുനിൽക്കാൻ കഴിയും. രണ്ടാമത്, കമ്പനികളെ കൂടിയാലോചനയ്ക്ക് നിർബന്ധിതമാക്കാനും അതിനവർ തയ്യാറാവാതിരിക്കുകയും അന്തിമ (ഫിനിഷിങ്) ജോലികൾ താരതമേ-്യന കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ ലഭിക്കുന്ന വികസ്വര–അവികസിത രാജ്യങ്ങളിലേക്ക് സ്പെയർ പാർട്ട്സുകൾ കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്താൽ അടുത്ത ഘട്ടത്തിൽ ആ വിഭാഗങ്ങളിലേക്ക് കൂടി പണിമുടക്ക് വ്യാപിപ്പിക്കുന്നതിന് എപ്പോൾ വേണമെങ്കിലും കഴിയും. കൂടിയാലോചനകൾക്ക് വാതിൽ തുറന്നിട്ടുകൊണ്ട് പണിമുടക്ക് തുടരുകയെന്ന തന്ത്രമാണ് യൂണിയനുകൾ സ്വീകരിച്ചിരിക്കുന്നത്. ഏതു വിഭാഗത്തിൽ, ഏത് ഫാക്ടറിയിൽ ആണ് അടുത്ത ഘട്ടത്തിൽ പണിമുടക്കുന്നത് എന്ന കാര്യവും മുൻകൂട്ടി പ്രഖ്യാപിക്കപ്പെടുന്നില്ല. അടുത്തഘട്ടം എവിടെയായിരിക്കുമെന്നറിയാതെ കമ്പനികൾ അങ്കലാപ്പിലായതിന്റെ റിപ്പോർട്ടുകളും വരുന്നുണ്ട്. 1,46,000 തൊഴിലാളികളും ഏതു നിമിഷവും പണിമുടക്കാൻ സജ്ജരായി നിൽക്കുന്ന ഈ തന്ത്രത്തിന് ‘‘സ്റ്റാൻഡ് അപ് സ്ട്രൈക്’’ എന്നാണ് പേരിട്ടിരിക്കുന്നത്. മിഷിഗണിലും ഒഹിയൊയിലും മിസൗറിയിലുമുള്ള അസംബ്ലിങ് പ്ലാന്റുകളിലാണ് സെപ്തംബർ 15ന് പണിമുടക്ക് തുടങ്ങിയത്.
സെപ്തംബർ 17ന് എംഎസ്എൻബിസി ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്, ‘‘മന്ദഗതിയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. കരാറിൽ ഉടൻ തന്നെ എത്തിച്ചേരുമെന്ന അവകാശവാദമൊന്നും ഞാൻ ഉന്നയിക്കുന്നില്ല’’ എന്നാണ്. പണിമുടക്ക് ശക്തവും ശാന്തവുമായി മുന്നോട്ടുപോകുന്നതിനിടയിൽ തന്നെ തിരിച്ചടിക്കാനുള്ള നീക്കങ്ങളും കമ്പനികൾ തുടങ്ങി. ഫോർഡ് കമ്പനി പണിമുടക്ക് നടക്കുന്ന മിഷിഗണിലെ പ്ലാന്റുകളിൽ ഒന്നിലെ യൂണിയൻ അംഗങ്ങളല്ലാത്ത, അതായത് താൽക്കാലികക്കാരായ, 600 തൊഴിലാളികളെ ജോലിയിൽനിന്നും ഒഴിവാക്കി (ഇവർ പണിമുടക്കിൽ ഏർപ്പെട്ടവരല്ല). ഇവർക്ക് പണി ലഭിക്കണമെങ്കിൽ പെയിന്റ് ഡിപ്പാർട്ട്മെന്റിലെ ജോലികൾ പൂർത്തിയാകണം, എന്നാലേ ഇവർ ചെയ്യുന്ന ഇ–കോട്ടിങ് നടത്താനാകൂ. പെയിന്റ് ഡിപ്പാർട്ട്മെന്റ് പണിമുടക്കിലുമാണ്. അതു കഴിഞ്ഞിട്ടുമതി ഇവർക്കു പണി എന്ന വാദമാണ് ഫോർഡ് കമ്പനി മുന്നോട്ടുവച്ചത്. പണിമുടക്കിന്റെ സ്വാഭാവികമായ അനന്തരഫലമാണ് ഈ ലേ ഓഫ് എന്നാണ് മാനേജ്മെന്റ് പ്രതികരിച്ചത്. എന്നാൽ ഉടൻ തന്നെ യൂണിയൻ അതിനു ചുട്ടമറുപടി നൽകുകയും ചെയ്തു; അതായത് , ഈ 600 തൊഴിലാളികൾക്കും യൂണിയന്റെ സ്ട്രൈക് ഫണ്ടിൽനിന്ന് വരുമാനം നൽകുമെന്ന തീരുമാനം.
ഇതിനിടയിൽ ജനറൽ മോട്ടോഴ്സ് 2000 തൊഴിലാളികൾ പണിയെടുക്കുന്ന കൻസാസിലെ പ്ലാന്റ് അടച്ചുപൂട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചു. മറ്റു ചില പ്ലാന്റുകളിൽ പണിമുടക്കായതിനാൽ ഈ പ്ലാന്റിലെ തൊഴിലാളികൾക്ക് പണിയില്ലെന്ന വാദമാണ് മാനേജ്മെന്റ് ഉയർത്തുന്നത്. എന്നാൽ ഈ തൊഴിലാളികൾക്ക് വരുമാനമില്ലാതായാലും അവർക്കും വരുമാനം ഉറപ്പാക്കുമെന്ന പ്രഖ്യാപനമാണ് യൂണിയൻ നൽകുന്നത്.
മാനേജ്മെന്റുകൾ ഒത്തുതീർപ്പിനു തയ്യാറാകാതെ വന്നതോടെ സ്പെയർ പാർട്ട്സുകൾ വിതരണം ചെയ്യുന്ന മറ്റു 38 സ്ഥാപനങ്ങളിലെ 5000 തൊഴിലാളികൾകൂടി സെപ്തംബർ 22 മുതൽ പണിമുടക്ക് തുടങ്ങി. അങ്ങനെ പണിമുടക്കിന്റെ അടുത്ത ഒരു ഘട്ടത്തിലേക്ക് യൂണിയൻ നീങ്ങി. ഈ വൻകിട കമ്പനികളെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം ലാഭം ഉണ്ടാകുന്ന യൂണിറ്റുകളാണ് സ്പെയർ പാർട്ട്സ് വിതരണ വിഭാഗം. എന്നിട്ടും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത നിലപാടിലാണ് ജനറൽ മോട്ടോഴ്സും സ്റ്റെല്ലാന്റിസും. എന്നാൽ മൂന്ന് വമ്പൻമാരിൽ ഒന്നായ ഫോർഡ് കമ്പനി, യൂണിയൻ മുന്നോട്ടുവയ്ക്കുന്ന പ്രധാന ഡിമാൻഡുകളിൽ 5 എണ്ണം അംഗീകരിക്കാൻ തയ്യാറായി. ഇത് കമ്പനികൾക്കിടയിൽ തന്നെ പ്രശ്നത്തിനിടയാക്കിയിട്ടുണ്ട്. ഈ അവസരം മുതലെടുത്ത് മുന്നോട്ടു പോകാനാണ് യൂണിയൻ തീരുമാനിച്ചിരിക്കുന്നത്. ഫോർഡിന്റെ സ്പെയർ പാർട്ട്സ് യൂണിറ്റുകളിലേക്ക് അതുകൊണ്ടുതന്നെ പണിമുടക്ക് വ്യാപിപ്പിച്ചില്ല.
ജീവിത ചെലവിനനുസരിച്ച് വേതന വർധനവ് നൽകുന്നത് പുനഃസ്ഥാപിക്കാൻ ഫോർഡ് തീരുമാനിച്ചതാണ് ഏറ്റവും വലിയ നേട്ടം. 1946ലെ ജനറൽ മോട്ടോഴ്സ് പണിമുടക്കിലെ ‘‘ഡെട്രോയിറ്റ് ഉടമ്പടി’’ യിലൂടെ നേടിയെടുത്തതാണ് ഈ അവകാശം. എന്നാൽ 2007–09 തിൽ അന്നത്തെ യൂണിയൻ നേതൃത്വം ഈ ആവശ്യം ഉപേക്ഷിക്കാൻ തയ്യാറായതോടെയാണ് തൊഴിലാളികൾക്ക് ഇത് നഷ്ടപ്പെട്ടത്. ഫോർഡിൽ അതാണിപ്പോൾ പുനഃസ്ഥാപിക്കുന്നത്. തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവും ലാഭവിഹിതം നൽകണമെന്നതും പണിമുടക്കാനുള്ള അവകാശവും അതായത് അടച്ചുപൂട്ടലിനെതിരെ–ഫോർഡ് മാനേജ്മെന്റ് അംഗീകരിച്ചിട്ടുണ്ട്. ഈ നേട്ടത്തിന്റെ മുന്നിൽനിന്നാണ് മറ്റ് രണ്ട് കമ്പനികളിലും കൂടി ആവശ്യങ്ങൾ അംഗീകരിക്കാനുള്ള പോരാട്ടവുമായി തൊഴിലാളികൾ മുന്നേറുന്നത്. അമേരിക്കയിലുടനീളം സമരാന്തരീക്ഷം കത്തിപ്പടരുകയാണ്. ♦