Saturday, April 27, 2024

ad

Homeഅനുസ്മരണംകെ ജി ജോർജ്: സങ്കീർണതകളിലെ നേർവര

കെ ജി ജോർജ്: സങ്കീർണതകളിലെ നേർവര

ജിതിൻ കെ സി

ന്റെ കാലത്തോടും തനിക്കു ചുറ്റുമുള്ള മനുഷ്യരോടും സിനിമയിലൂടെ ഏറ്റവും ക്രിയാത്മകമായി പ്രതികരിക്കുകയായിരുന്നു കെ ജി ജോർജ്. മനുഷ്യരുടെ പലവിധ സംഘർഷങ്ങളെക്കുറിച്ച് അദ്ദേഹം നിരന്തരം സിനിമകൾ ചെയ്തു. മനുഷ്യബന്ധങ്ങളിലെയും ജീവിതത്തിന്റെയും സങ്കീർണവും ആസന്നവുമായ സാഹചര്യങ്ങളെ സിനിമയിൽ ലളിതവും നേർരേഖീയമായും അദ്ദേഹം അവതരിപ്പിച്ചുകൊണ്ടിരുന്നു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠനം പൂർത്തിയാക്കിയ കെ ജി ജോർജ്, ആ കാലത്ത് വ്യാപകമായിരുന്ന ഇന്ത്യൻ ആർട്ട് ഹൗസ് സിനിമകളുടെ രീതിയല്ല സ്വീകരിച്ചത്. പ്രമേയത്തെയോ ആഖ്യാനത്തെയോ പരീക്ഷണാത്മകമാക്കുകയോ സംവദിക്കാൻ ബുദ്ധിമുട്ടുള്ളതാക്കുകയോ ആയ രീതി അദ്ദേഹം കൈക്കൊണ്ടില്ല. ലീനിയറായും സംവേദനക്ഷമത ഉള്ളതുമായ പരിചരണമായിരുന്നു ജോർജിന്റേത്. ആദ്യ ചിത്രമായ സ്വപ്നാടനം, അതുവരെ മലയാള സിനിമയിൽ പരിചിതമല്ലാതിരുന്ന സൈക്കോളജിക്കൽ ഡ്രാമ എന്ന സിനിമാ രീതിയെ പരിചയപ്പെടുത്തുന്നതായിരുന്നു. സ്വപ്നാടനം മുതൽ ഇലവങ്കോട് ദേശം വരെ നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. ചെയ്ത സിനിമകളിൽ, സ്വപ്നാടനം, മേള, ഉൾക്കടൽ, യവനിക, കോലങ്ങൾ, ഇരകൾ, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, മറ്റൊരാൾ എന്നീ ചിത്രങ്ങൾ സവിശേഷ ശ്രദ്ധയാകർഷിച്ചു. 1980 കളിൽ ആർട്ട് ഹൗസ് എന്ന് വ്യാപകമായി വിളിക്കപ്പെടുന്ന സിനിമകളുടെയും, കമേഴ്സ്യൽ സിനിമകളുടെയും, ഇതിനിടയിലെന്ന് അവകാശപ്പെടുന്ന സിനിമകളുടെയും അടക്കം യാതൊരുവിധ ലേബലുകളും ബാധ്യതയാവാത്ത ചിത്രങ്ങളാണ് കെ. ജി ജോർജ് എടുത്തത്. തീർത്തും പരിചിതവും അപ്പോൾ തന്നെ നവീനവുമായ ചിത്രങ്ങൾ. ബന്ധങ്ങൾ, ലൈംഗികത, സദാചാരം, രാഷ്ട്രീയ/സാമൂഹിക പരിസരം തുടങ്ങി മനുഷ്യരുടെ നൈരന്തര്യ ജീവിതത്തിൽ ഇടപെടുന്നതെല്ലാം കെ ജി ജോർജിന്റെ സിനിമകളുടെ വിഷയങ്ങളായി.

കോലങ്ങൾ എന്ന ചിത്രം പുറത്തു വരുന്നത് 1981 ലാണ്. ആ ചിത്രത്തെക്കുറിച്ച് ജോർജ് പറയുന്ന ഒരു കാര്യം, താൻ ജനിച്ചു വളർന്ന തിരുവല്ലയിലെ ഗ്രാമാന്തരീക്ഷത്തിന്റെ ചിത്രീകരണമാണ് കോലങ്ങൾ എന്ന സിനിമ എന്നാണ്. തിരുവല്ല ഇന്ന് കേരളത്തിലെ ഏറ്റവും വലിയതും മുന്തിയതുമായ പട്ടണങ്ങളിലൊന്നാണ്. തിരുവല്ലയിലെ ഗ്രാമപ്രദേശങ്ങളിൽ ജോർജ്, തന്റെ കാലത്ത് കണ്ട മനുഷ്യരുടെ കലഹങ്ങളാണ് കോലങ്ങൾ എന്ന ചിത്രം. നിയതമായ കഥയുടെ ഒരു ഘടനയല്ല കോലങ്ങളുടെത്. ഒരു ഗ്രാമപരിസരവും അവിടെയുള്ള ആളുകളും( സിനിമയിൽ കഥാപാത്രങ്ങൾ) ചേരുമ്പോഴുണ്ടാകുന്ന/ഉണ്ടാക്കുന്ന പലവിധ ആക്റ്റുകളും ചേർന്നതാണ് കോലങ്ങളുടെ ഘടന. ഒരു കഥയിലുണ്ടാവുന്ന സംഭവങ്ങളും കഥാപാത്രങ്ങളും ഈ ചിത്രത്തിലുണ്ട്, ഒരു തുടക്കം ഒടുക്കം എന്ന നിലയ്ക്ക് കഥയെ പരിമിതപ്പെടുത്തുന്നില്ല ജോർജ്.

ഗ്രാമത്തിന്റെ നൈർമല്യം, വിശുദ്ധി, നന്മ, തുടങ്ങിയ വ്യാജവും യാഥാർത്ഥ്യത്തിൽ നിന്ന് അകന്നതും അടർത്തിയതുമായ ചില മധ്യവർഗാനുഭൂതികളെ നിരസിക്കുകയും പരിഹസിക്കുകയും കൂടി ചെയ്യുന്ന ചിത്രമാണ് വാസ്തവത്തിൽ കോലങ്ങൾ. എഴുപതുകളിലും എൺപതുകളിലും മലയാളത്തിലെ ജനപ്രിയ നോവലുകളും കഥകളും സിനിമകളും അടയാളപ്പെടുത്തിയ ഗ്രാമം എന്ന സ്ഥലത്തിന്റെ വിശേഷണം മുഖ്യമായും അത് നന്മയുടെ ഉറവുകേന്ദ്രമായിരുന്നു എന്നാണ്. എന്നാൽ ഏതൊരു സ്ഥലത്തേയും പോലെ തന്നെ, സ്നേഹവും വെറുപ്പും വിദ്വേഷവും തിന്മയും കൊടുക്കൽ വാങ്ങലുകളും ഗ്രാമങ്ങളിലെ മനുഷ്യരിലുമുണ്ട് എന്ന് കോലങ്ങൾ എന്ന ചിത്രത്തിൽ പറയുന്നുണ്ട്. മനുഷ്യന്റെ അടിസ്ഥാന ചോദനകളെ സ്വാധീനിക്കുന്നത് മറ്റു പലതുമാണെന്ന് ജോർജ് കരുതുന്നു. കേവലം ഒരു ഗ്രാമാന്തരീക്ഷത്തിൽ ജനിച്ചതിനാൽ മനുഷ്യനെന്തോ പ്രത്യേക നന്മയൊന്നും കൈവരിക്കുന്നില്ലെന്ന് കോലങ്ങളിൽ സംശയലേശമന്യേ പറയുന്നുണ്ട്. ജനപ്രിയ സാഹിത്യത്തിലെ ഗ്രാമത്തിലെ നന്മ മനുഷ്യർക്കെതിരെ, മനുഷ്യരുടെ സംഘർഷങ്ങൾ എല്ലായിടത്തും ഒരുപോലെയാണെന്നുള്ള ഒരു എതിർവാക്കാവുന്നുണ്ട് കോലങ്ങൾ.

തന്റെ ദേശത്തിന്റെയും കാലത്തിന്റെയും ഒരു ഡോക്യുമെന്റ് എന്ന നിലയ്ക്ക് കോലങ്ങളെ ജോർജ് ആവിഷ്കരിക്കുന്നതായി കാണാം. നമുക്ക് ഇക്കാലത്ത് താദാത്മ്യവത്കരിക്കാൻ കഴിയാത്ത ഒരു പരിസരത്തു നിന്ന് കൊണ്ട് ഈ കാലത്തോടു സംസാരിക്കാൻ കഴിയുന്ന ആഖ്യാന നൈപുണ്യം കോലങ്ങൾ എന്ന ചിത്രത്തിനുണ്ട്. നമ്മുടെ ജനപ്രിയ സാഹിത്യം/ സിനിമ/ കഥ എന്നിവ സൃഷ്ടിച്ചു വെച്ച വലിയൊരു പുകമറയാണ് ഗ്രാമങ്ങളിലെ അയൽക്കാരായ മനുഷ്യരുടെ നന്മ. കോലങ്ങളിലെ പല രംഗങ്ങളും ഈ പുകമറയെ തച്ചുടയ്ക്കുന്നുണ്ട്. കോലങ്ങളിലെ ഒരു രംഗം ഇങ്ങനെയാണ്: ഓലമേഞ്ഞ കുളിപ്പുരയിൽ കുളിക്കുന്ന യുവതിയെ ഒളിഞ്ഞു നോക്കുന്ന പരമു(നെടുമുടി വേണു). അയാളെ ചൂലു കൊണ്ട് അടിച്ച് തൊടിയുടെ പുറത്തേക്ക് ഓടിക്കുന്ന യുവതിയുടെ അമ്മയായ ഏലിയാമ്മ. ഈ രംഗം വികസിക്കുന്നത്, ഇത്രയും രംഗം കണ്ടുനിൽക്കുന്ന അയൽവാസിയായ ചന്തമറിയത്തിലേക്കാണ്. അവർ വേലിയുടെ അടുത്ത് വന്ന് ഏലിയാമ്മയെയും മകളെയും പരിഹസിക്കുന്നു. ഏലിയാമ്മ ചന്തമറിയത്തെയും മകളെയും തിരിച്ചും പരിഹസിക്കുന്നു. പരസ്പരം തെറി പറഞ്ഞുകൊണ്ട് ആ രണ്ടു സ്ത്രീകൾ തങ്ങളുടെ പെൺമക്കളുടെ ചാരിത്ര്യത്തെ ചൊല്ലി മണ്ണിൽ കിടന്ന് അടികൂടുന്നു. സത്യത്തിൽ ഒളിഞ്ഞും തെളിഞ്ഞും നമ്മുടെ നാട്ടിൽ നടക്കുന്ന യാഥാർത്ഥ്യത്തെ അവതരിപ്പിക്കാൻ നമ്മുടെ ജനപ്രിയ സിനിമ ശ്രമിച്ചിരുന്നില്ല. അവർ പ്രേക്ഷകരെ ‘നോവിക്കാ’ത്ത ചില വ്യാജ മാന്യതയുള്ള യാഥാർത്ഥ്യങ്ങളെ മാത്രമേ ഉപയോഗിച്ചിരുന്നുള്ളു. അനാവശ്യമായ സദാചാരബോധം അതിനെയെല്ലാം ചൂഴ്ന്നു നിന്നിരുന്നു. ജോർജാകട്ടെ ആ ബോധ്യങ്ങളെ മുഴുവൻ അട്ടിമറിക്കുന്നു.

കോലങ്ങൾ എന്ന ചിത്രത്തിലെ മനുഷ്യർ പരസ്പരം കഴിഞ്ഞു കൂടുന്നത് ഇത്തരത്തിൽ പലനിലയ്ക്കുള്ള കുറ്റങ്ങളോടും കുറവുകളോടും കൂടിയവരാണ്. സ്നേഹം കൊണ്ട് മാത്രമല്ല, സ്നേഹരഹിതമായ ഒരന്തരീക്ഷത്തിലും മനുഷ്യർ ജീവിക്കുന്നു എന്ന് ജോർജ് കരുതുന്നു. ഈ ചിത്രത്തിൽ നെടുമുടി വേണു അവതരിപ്പിച്ച പരമു എന്ന കഥാപാത്രം വാസ്തവത്തിൽ സദാചാര മലയാളി ആണിന്റെ നേർപ്പകർപ്പാണ്.

കുളിക്കടവുകളിലെയും വീടുകളിലെ കുളിപ്പുരകളിലെയും സ്ഥിരം ഒളിഞ്ഞുനോട്ടക്കാരനാണയാൾ. അപ്പോൾ തന്നെ കവലയിലെയും ചായക്കടയിലെയും സദാചാരപ്രാസംഗികനും. പെൺകുട്ടികൾ ലൈംഗിക സദാചാരം തെറ്റിക്കുന്നതിൽ ആകുലപ്പെടുകയും അവരെ വേശ്യയായി മുദ്രകുത്തുകയും ചെയ്യുന്ന, ശേഷം തന്റെ ഒളിഞ്ഞുനോട്ടം തുടരുന്ന, എല്ലാ നിലയ്ക്കും അസംതൃപ്തനും അരക്ഷിതനുമായ ഒരു ആണിന്റെ നെറികേടുകളുടെ ആകത്തുകയാണ് പരമു എന്ന കഥാപാത്രം. നമ്മുടെ നാട്ടിൽ പറയാറുള്ള ‘തിണ്ണമിടുക്കി’ ന്റെ ആൾരൂപം. എല്ലാ സ്ത്രീകളും അയാൾക്ക് ലൈംഗികതയുടെ മാത്രം ഉപകരണങ്ങളോ പ്രതീകങ്ങളോ ആണ്. അവർ വേശ്യകളും. പുറത്തു നിന്ന് ആ നാട്ടിൽ ജോലിക്കായി എത്തുന്നവർ വരത്തൻമാരും. വരത്തൻമാരും വേശ്യകളും കൂടി നാടുമുടിക്കുന്നതിൽ ആകുലപ്പെടുന്ന, ഒളിഞ്ഞുനോട്ടക്കാരനും വഷളനും ആയ പരമുവിന് പക്ഷേ നാട്ടിലെ വെടിവട്ട ചർച്ചകളിൽ വലിയ സ്വീകാര്യതയാണ്. തങ്ങളുടെ വാക്കും പ്രവൃത്തിയും ബന്ധമില്ലാത്തതോ/ ബന്ധം വേണമെന്ന് നിർബന്ധമില്ലാത്തതോ ആയ ആൺ പ്രതിനിധാനമാണ് പരമു. സമൂഹത്തിലെ സൂക്ഷ്മമായ ഇത്തരം കഥാപാത്രങ്ങളുടെ തുറന്നു പറച്ചിലാണ് ജോർജിന്റെ സിനിമകളിൽ ഉള്ളടങ്ങുന്ന രാഷ്ട്രീയ സാമൂഹിക ഇടപെടൽ.

സംഭാഷണങ്ങൾ കൊണ്ടു നിറഞ്ഞതും, ചെറു സീനുകളും പെട്ടെന്നുള്ള കട്ടുകളും തുടർച്ചകളും കൊണ്ട് സംവേദനക്ഷമവുമായ ഒരു സിനിമാഖ്യാന ശൈലിയാണ് ജോർജ് സ്വീകരിച്ചിരുന്നത്. ആ കാലത്തെ ജോഷി, ഐ വി ശശി, ഹരിഹരൻ തുടങ്ങിയ സംവിധായകരും ഈ രീതിയാണ് ഉപയോഗിച്ചിരുന്നത്. പ്രമേയത്തിലെ ആഴം കൊണ്ട് ഒരേസമയം സംവേദനക്ഷമവും സൂക്ഷ്മവിശകലനത്തിന് ശേഷിയുള്ളതുമായ സിനിമകളായിരുന്നു കെ ജി ജോർജിന്റെ സിനിമകൾ.

യവനിക, ഇരകൾ എന്നീ രണ്ടു ചിത്രങ്ങൾ കെ ജി ജോർജിന്റെ സിനിമകളിൽ വെച്ചു തന്നെ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ ചിത്രങ്ങളാണ്. അടിയന്തരാവസ്ഥക്കാലം തന്നിലുണ്ടാക്കിയ പ്രതിഫലനങ്ങളാണ് ഇരകൾ എന്ന ചിത്രം എന്ന് സംവിധായകൻ തന്നെ പറയുന്നുണ്ട്. പണത്തിന്റെയും അധികാരത്തിന്റെയും ലഹരി നിറഞ്ഞ സമ്പന്നമായ ഒരു വീടും അതിനകത്തു നടക്കുന്ന പലവിധ കുറ്റകൃത്യങ്ങളും( Crime) ആണ് ഇരകൾ എന്ന ചിത്രത്തിന്റെ പശ്ചാത്തലം. ഒരു മധ്യവർഗത്തിന് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ കഴിയാത്ത പണവും അധികാരവും സ്വാതന്ത്ര്യവും ഒരു കുടുംബത്തിൽ കേന്ദ്രീകരിക്കപ്പെടുന്നു. അക്കാലത്തെ ഇന്ത്യയുടെ ജനാധിപത്യവും രാഷ്ട്രീയാന്തരീക്ഷവും ഇന്ദിരാഗാന്ധിയിലും അവരുടെ കുടുംബത്തിലും കേന്ദ്രീകരിക്കപ്പെട്ടിരുന്നു. ആ സർവാധിപത്യം കൊണ്ട് ഉണ്ടാവുന്ന വിനാശങ്ങളാണ് ഇരകളിലെ ആഖ്യാനം. ഈ ചിത്രത്തിൽ ശ്രീവിദ്യ അവതരിപ്പിക്കുന്ന ആനി എന്ന കഥാപാത്രം സമ്പന്നമായ ആ വീട്ടിലെ ഒരു അംഗമാണ്. പണം, അധികാരം, ലൈംഗികത തുടങ്ങിയ മനുഷ്യാസക്തികളുടെ പ്രതീകമാണ് ആനി. ഒന്നിലധികം കൊലപാതകങ്ങൾ നടക്കുകയും അത് സമ്പന്നമായ ആ വീടിനകത്തു തന്നെ വച്ച് ഒത്തുത്തീർക്കപ്പെടുകയും ചെയ്യുന്ന കഥയാണ് ഇരകളിലേത്.

യവനിക എന്ന ചിത്രം കെ ജി ജോർജിന്റെ മറ്റൊരു പ്രധാന ചിത്രമാണ്. അദ്ദേഹത്തിന്റെ കരിയറിനെത്തന്നെ അടയാളപ്പെടുത്താൻ ശേഷിയുള്ള ഒരു ചിത്രമാണ് യവനിക. ഒരു നാടകക്കമ്പനിയും ആ നാടകക്കമ്പനിയിൽ നടക്കുന്ന ഒരാളുടെ തിരോധാനവും/ കൊലപാതകവും അതിന്റെ അന്വേഷണവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. നമ്മുടെ നാട്ടിൽ എൺപതുകളിലും മറ്റും സജീവമായിരുന്ന ഒരു പ്രൊഫഷണൽ നാടകട്രൂപ്പാണ് കഥാപരിസരം. പ്രത്യക്ഷമായി ലീനിയറായുള്ള അവതരണമാണ് യവനികയുടേതെങ്കിലും അതിനകമേ, പല അടരുകളും നമുക്ക് കണ്ടെടുക്കാൻ സാധിക്കും. സിനിമയ്ക്കകത്ത് നാടകം, നാടക ട്രൂപ്പിനകത്ത് സംഘർഷഭരിതവും ഉദ്വേഗജനകവുമായ ഒരു സന്ദർഭം എന്ന നിലയ്ക്ക് ഒന്നിൽക്കൂടുതൽ ലെയറുകൾ ഒരേ സമയം സിനിമയിൽ പ്രവർത്തിക്കുന്നുണ്ട്.

നാടകട്രൂപ്പിലെ തബലിസ്റ്റായ അയ്യപ്പൻ(ഭരത് ഗോപി) അതീവ സ്ത്രീലമ്പടനും കള്ളുകുടിയനും, അപ്പോൾ തന്നെ മികച്ച ഒരു തബലിസ്റ്റുമാണ്. നാടകത്തിൽ അഭിനയിപ്പിക്കാനായി അയാൾ രോഹിണി(ജലജ) യെ നാട്ടിൽ നിന്ന് കൊണ്ടുവരികയും അയാളുടെ രണ്ടാം ഭാര്യയായി പാർപ്പിക്കുകയും ചെയ്യുന്നു. അവരുടെ എല്ലാ നിലയ്ക്കുമുള്ള സംരക്ഷകനാണ് അയ്യപ്പൻ. ഒരുനാൾ അയ്യപ്പനെ കാണാതാവുന്നു. അയ്യപ്പനെ തേടുന്ന പൊലീസിന്റെ അന്വേഷണം സിനിമയുടെ അന്വേഷണമായി മാറുന്നു. നാടകക്യാമ്പ് പൊലീസിന്റെ അന്വേഷണ ക്യാമ്പായി മാറുന്നു. ട്രൂപ്പിലെ മറ്റൊരംഗമായ ജോസഫും( വേണു നാഗവള്ളി) രോഹിണിയും ചേർന്ന് അയ്യപ്പനെ കൊലപ്പെടുത്തിയതാണ് എന്ന് തെളിയുന്നു. ഈ ചിത്രത്തിൽ പല അടരുകളിൽ കഥാപാത്രങ്ങളെയും പരിസരങ്ങളെയും അടയാളപ്പെടുത്തിയതായി കാണാം. മൂന്നുതരം അഭിനയം കഥാപാത്രങ്ങൾക്ക് പുറത്തെടുക്കേണ്ടി വരുന്നു. ഒന്ന്, സിനിമയിലെ കഥാപാത്രം, രണ്ട്, സിനിമയ്ക്കകത്തെ നാടകത്തിലെ കഥാപാത്രം, മൂന്ന് പൊലീസിനു മുന്നിൽ മറച്ചുപിടിക്കുന്ന അഭിനയം. ഇത്തരത്തിൽ പല ലെയറുകളിൽ കഥാപാത്രങ്ങളും സന്ദർഭങ്ങളും ഉരുവപ്പെടുമ്പോഴും ഒരു ക്രൈം ഡ്രാമയുടെ ലക്ഷണയുക്ത ഭാവങ്ങളെല്ലാം സിനിമ പിന്തുടരുന്നു.

കോമഡി എന്ന ജോണറിൽ കെ ജി ജോർജ് എടുത്ത ചിത്രമാണ് പഞ്ചവടിപ്പാലം. തീവ്രമായ ശ്രദ്ധ ലഭിച്ച അദ്ദേഹത്തിന്റെ മറ്റൊരു ചിത്രം കൂടിയാണ് പഞ്ചവടിപ്പാലം. ഈ ചിത്രം ഒരു കാർട്ടൂണിന്റെ സ്വഭാവത്തിലാണ് അദ്ദേഹം ആഖ്യാനം ചെയ്തിരിക്കുന്നത്. അതിനാൽത്തന്നെ ഇതിന്റെ തിരക്കഥ നിർവഹിക്കാൻ ജോർജ് ഏൽപ്പിക്കുന്നത് കാർട്ടൂണിസ്റ്റ് യേശുദാസനെയാണ്. യഥാർത്ഥത്തിൽ നമുക്ക് പരിചിതമായ കഥാപാത്രങ്ങളെ ഒരൽപ്പം extent ചെയ്യുകയും അവരെ യഥാതഥമായ ഒരു പരിസരത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്യുമ്പോൾ രൂപപ്പെടുന്ന കോമഡിയെ അദ്ദേഹം സിനിമയിൽ ഉപയോഗിക്കുന്നു.

സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന പലനിലയ്ക്കുള്ള പ്രശ്നങ്ങൾ ജോർജിന്റെ സിനിമയ്ക്ക് വിഷയമായിട്ടുണ്ട്. സ്ത്രീപക്ഷ സിനിമകൾ വളരെക്കുറവായ മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും പ്രാധാന്യത്തോടെ കാണേണ്ടുന്ന ഒരു ചിത്രം കെ ജി ജോർജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദാമിന്റെ വാരിയെല്ല് എന്ന ചിത്രമാണ്. സമൂഹത്തിന്റെ മൂന്നു തുറകളിലുള്ള (സാമൂഹിക-, സാമ്പത്തിക) സ്ത്രീകളുടെ അവതരണമാണ് ഈ ചിത്രം. ആലീസ് (ശ്രീവിദ്യ), വാസന്തി (സുഹാസിനി), അമ്മിണി (സൂര്യ) എന്നീ മൂന്നു സ്ത്രീകളുടെ ആണിനാലോ അധികാരത്താലോ കുടുംബത്താലോ നിയന്ത്രിക്കപ്പെട്ട ജീവിതമാണ് ഈ ചിത്രം. ആലീസ് ഒരു സമ്പന്നവർഗ കുടുംബത്തിലെ സ്ത്രീയാണ്. അവരുടെ ആസക്തികൾക്ക് വിലകൽപ്പിക്കപ്പെടാതാവുമ്പോൾ അവർ ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നു. വാസന്തി, കേരളത്തിലെ മധ്യവർഗസ്ത്രീകളുടെ പ്രതിനിധാനമാണ്. ചെറിയ ജോലിയും ചെറിയ വരുമാനവുമുള്ള മധ്യവർഗ കുടുംബത്തിലെ സ്ത്രീയാണവർ. വീട്ടുജോലികൾ എല്ലാം തീർത്ത് ഓഫീസിൽ പോകുന്നു, തിരിച്ച് വന്നതിനുശേഷം വീണ്ടും വീട്ടുജോലികളിലും കുഞ്ഞിനെ നോക്കുന്നതിലും വ്യാപൃതയാകേണ്ടി വരുന്നു. ജോലി നഷ്ടപ്പെട്ട് മുഴുക്കുടിയനായ ഭർത്താവ്, ക്രൂരയായ ഭർതൃമാതാവ് എന്നിവർക്കിടയിൽപെടുന്ന വാസന്തിക്ക് മാനസിക നില നഷ്ടമാവുന്നു. അമ്മിണി, ആലീസിന്റെ വീട്ടിലെ ജോലിക്കാരിയാണ്. പുരുഷനിൽനിന്ന് നിരന്തരമായ പീഡനങ്ങൾക്ക് അവർ വിധേയയാവുന്നു. ഭ്രമകല്പനകളുടെ ദൃശ്യാനുഭവങ്ങളെ തിരസ്കരിക്കുന്ന ഗൊദാർദിയൻ ശൈലി നമുക്ക് പരിചിതമാണ്. ബ്രത്ലെസ് (സംവിധാനം: ജീൻ ലൂക്ക് ഗൊദാർദ്) നായകൻ മരിച്ചു വീഴുന്ന അവസാന ഷോട്ടിൽ നായകൻ കാമുകിയെ തെറി വിളിക്കുന്നുണ്ട്. .അവൾ കാണിയോട്/ ക്യാമറയോട് അയാളെന്താണ് പറയുന്നത് എന്ന് ചോദിക്കുന്നുണ്ട്. കാണി ആ നിമിഷം കാണിയാണെന്ന് തിരിച്ചറിയുകയും സിനിമയിൽ/ കാഴ്ചാനുഭവത്തിൽ/ ഭ്രമാത്മകതയിൽ നിന്ന് വിടുതൽ നേടുകയും ചെയ്യുന്നു. ആദാമിന്റെ വാരിയെല്ല് എന്ന ചിത്രത്തിന്റെ ക്ലൈമാക്സിൽ വിഭ്രാന്തരായ ഒരു കൂട്ടം സ്ത്രീകൾ ഗേറ്റ് തള്ളിത്തുറന്ന് സംവിധായകനെയും ക്യാമറാമാനെയും പിന്നിലാക്കി കുതിച്ചോടുന്നതു കാണാം. സ്ത്രീകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ഈ രംഗം.

അത്രയധികം ചർച്ചചെയ്യപ്പെടാതെ പോയ കെ ജി ജോർജിന്റെ ശക്തമായ ഒരു ചിത്രമാണ് മറ്റൊരാൾ. മറ്റൊരാളിന്റെ ദേശ പശ്ചാത്തലം നഗരമാണ്. പട്ടണത്തിലെ ഒരു ഹൗസിംഗ് കോളനി. ‘കോലങ്ങളി’ലേതു പോലെ അയൽപക്കങ്ങളും വീടുകളും മറ്റൊരാളിലും ഉണ്ട്. നിസാരമായ കാര്യങ്ങൾക്കുപോലും അയൽപക്ക കലഹങ്ങൾ ഉണ്ടാവുന്ന കോലങ്ങളിലെ അയൽവീടുകൾ പോലെയല്ല മറ്റൊരാളിലേത്. ഓരോ വീടുകളും ഓരോ ദ്വീപുകളാണ്. അത്തരമൊരു ഉപരിമധ്യവർഗ വീടിന്റെ സാമ്പിളുകളിലൊന്നിലേക്കാണ് ജോർജ് മറ്റൊരാൾ എന്ന സിനിമയുടെ ക്യാമറ വെക്കുന്നത്.

ചിത്രത്തിന്റെ തുടക്കം പാലും പത്രവും വിതരണം ചെയ്തുകൊണ്ടിരിക്കുന്ന, ഒരു ഹൗസിംഗ് കോളനിയുടെ പ്രഭാതദൃശ്യത്തിലേക്കാണ്. അത്തരത്തിൽ ആ കോളനിയിലെ സാമാന്യം നല്ലൊരു വീടിന്റെ ഗേറ്റ് തുറന്ന് പത്രം കയ്യിൽ പിടിച്ച് ജോലിക്കാരി അകത്തു കയറുന്ന ദൃശ്യം. അത് ആ കോളനിയിലെ ഏതു വീടുമാവാം. എല്ലാ വീടുകളിലും സംഭവിക്കുന്നത് ഈ സിനിമ തന്നെയോ ഇതിന്റെ പ്രതിഫലനങ്ങളോ ആവാമെന്ന് സംവിധായകൻ കരുതുന്നു. രണ്ട് നിലയുള്ള, കാറുള്ള ഒരു ഉപരിമധ്യവർഗ കുടുംബത്തിന്റെ വീട്. അതിന്റെ പ്രഭാത ദൃശ്യങ്ങൾ. ആ വീടിനകത്ത് ഷേവ് ചെയ്യുകയും പല്ലു തേക്കുകയും ചെയ്യുന്ന കൈമൾ (കരമന ജനാർദ്ദനൻ നായർ). അയാൾക്ക് ടർക്കിടവൽ (തോർത്തു മുണ്ട് അല്ല, ടർക്കി ടവലാണ്, അത് സമ്പന്നതയുടെ പ്രതീകമാണ്) നൽകുന്ന വീട്ടമ്മയായ ഭാര്യ സുശീല (സീമ). ഒരു പെൺകുട്ടിയും ഒരാൺകുട്ടിയും കൂടി ആ വീടിന്നകത്തുണ്ട്. അവർക്ക് ഭക്ഷണം നൽകുന്നത് ജോലിക്കാരിയാണ്. കൈമളിന് നൽകുന്നത് സീമയും. തന്റെ കാറിൽ ഓഫീസിൽ പോകാൻ ശ്രമിക്കുമ്പോൾ കൈമളിന്റെ കാറ് സ്റ്റാർട്ടാവുന്നില്ല. അയാൾ അസ്വസ്ഥനായി ഓട്ടോ പിടിച്ച് ഓഫീസിൽ പോവുന്നു. ഇതാണ് ചിത്രത്തിന്റെ ആദ്യ രംഗം. തുടർന്നയാൾ കാറ് നേരെയാക്കാൻ ഒരു മെക്കാനിക്കിനെ ഏൽപ്പിക്കുന്നു.

ഓഫീസിൽ നിന്ന് തിരികെ വരുമ്പോഴേക്കും കട്ടിലിൽ ടവൽ, മാറാനുള്ള മുണ്ട് എന്നിവ സുശീല ഒരുക്കി വെച്ചിട്ടുണ്ട്. സത്യത്തിൽ കൈമൾ, നല്ല ജോലിയും സാമ്പത്തിക, സാമൂഹിക അധികാരവും ഉള്ള പുരുഷന്റെ പ്രതീകമാണ്. കാറ് കേടാവുമ്പോൾ അസ്വസ്ഥപ്പെടുന്ന കൈമൾ, അത് നേരെയാവുമ്പോൾ ചിരിക്കുന്നു, സന്തോഷിക്കുന്നു. ഉടനെ തന്നെ ഭാര്യയേയും മക്കളെയും കൂട്ടി അയാൾ പുറത്തുപോകുന്നു. ഇവിടെ ഒരു കുടുംബത്തിന്റെ സന്തോഷമെന്നത് പുരുഷന്റെ സന്തോഷമാണ് എന്ന സാമൂഹികമായ തോന്നലിനെ വിമർശനാത്മകമായി ഉപയോഗിക്കുകയാണ് ജോർജ്. കൈമളിന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്ന സുശീല എന്ന ജീവനുള്ള ഒരു മനുഷ്യനിലല്ല മറിച്ച് ഒരു മെഷീനിലാണ്(കാർ) അയാൾ സന്തോഷം കണ്ടെത്തുന്നത്. സുശീലയ്ക്ക് കൈമളിൽ ഒരു ഇടപെടൽ ശേഷിയുമില്ല. അത് പറയുന്ന രണ്ട് രംഗങ്ങൾ ചിത്രത്തിലുണ്ട്. ഒന്ന്, കൈമളിന്റെ ഓഫീസിലെ ഒരു സ്ത്രീ സ്ഥലം മാറ്റത്തിനായി ശുപാർശ ചെയ്യാൻ സുശീലയോട് പറയുന്നു. രണ്ട്, ഇവരുടെ കുടുംബ സുഹൃത്തായ ബാല (മമ്മൂട്ടി)ന് വേണ്ടി ഭാര്യ വേണി (ഉർവ്വശി) സുശീലയോട് പണം കടം ചോദിക്കുന്നു. ഈ രണ്ട് സാഹചര്യത്തിലും ഭാര്യ എന്ന പദവി പോലും ഉപയോഗിക്കാൻ ശേഷിയില്ലാതെ സുശീല നിസ്സഹായയാവുന്നു. കൈമൾ എന്ന പുരുഷാധികാരം അവരെ ശേഷിയില്ലാതാക്കി മാറ്റുന്നു.

ഒരു ദിവസം ഓഫീസിൽ നിന്ന് തിരിച്ചെത്തിയ കൈമൾ, കട്ടിലിൽ ടവലും മുണ്ടും കാണാത്തതിൽ നീരസപ്പെടുന്നു. സുശീലയെ തിരക്കുന്ന അയാൾക്ക് അവരെ കാണാനാവുന്നില്ല. സുശീല എന്നാൽ നല്ല ശീലത്തോടു കൂടിയവൾ എന്നാണർത്ഥം. മലയാളി ആണിന്റെ ഈ ‘നല്ല’ നിർവചനങ്ങളെ പൊട്ടിച്ചെറിഞ്ഞുകൊണ്ട് സുശീല, കാർ മെക്കാനിക്കിനൊപ്പം ഇറങ്ങിപ്പോവുന്നതാണ് ചിത്രത്തിന്റെ കഥ.

ഇത്തരത്തിൽ മനുഷ്യബന്ധങ്ങളിലെ സ്നേഹവും സ്നേഹ നിരാസങ്ങളും സങ്കീർണതകളും മുൻവിധികളില്ലാതെ അവതരിപ്പിച്ച സംവിധായകനാണ് കെ ജി ജോർജ്. നിയതമായ പ്രേക്ഷകാനുഭൂതികളെ നിരസിക്കുകയും മനുഷ്യജീവിതത്തോട് കൂടുതൽ ചേർന്നുനിൽക്കുകയും ചെയ്യുന്ന കുറച്ച് സിനിമകൾ സത്യസന്ധമായി അവതരിപ്പിച്ചു എന്നതു തന്നെയാണ് മലയാള സിനിമയുടെ ചരിത്രത്തിലെ കെ ജി ജോർജിന്റെ സംഭാവന. ലളിതമായി അത് കൈകാര്യം ചെയ്യാൻ സാധിച്ചത് സിനിമയെന്ന മാധ്യമത്തിനോട് ജോർജിനുണ്ടായിരുന്ന തഴക്കത്തിന്റെ തെളിവാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × 1 =

Most Popular