Friday, November 22, 2024

ad

Homeമുഖപ്രസംഗംകേരളത്തിൽ 
ബിജെപിയ്ക്കൊപ്പം 
യുഡിഎഫും

കേരളത്തിൽ 
ബിജെപിയ്ക്കൊപ്പം 
യുഡിഎഫും

കേരളത്തിലെ എൽഡിഎഫ് സർക്കാർ വ്യാമോഹം സൃഷ്ടിക്കുന്ന വാഗ്ദാനങ്ങളല്ല തിരഞ്ഞെടുപ്പു പത്രികയിലൂടെ ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചിരുന്നത്. അത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ജനങ്ങൾക്ക് ബോധ്യമായി. ഓരോ വർഷം കഴിയുമ്പോഴും പ്രോഗ്രസ് റിപ്പോർട്ടുകൾ മന്ത്രിമാർ അവരവരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ച് ജനങ്ങൾക്കുമുമ്പിൽ സമർപ്പിക്കുന്ന പതിവ് ആരംഭിച്ചു. അങ്ങനെ അഞ്ചുവർഷം കഴിഞ്ഞപ്പോൾ ആദ്യം നൽകപ്പെട്ട വാഗ്ദാനങ്ങളിൽ 90 ശതമാനത്തിലധികം നടപ്പാക്കപ്പെട്ടതായി ജനങ്ങൾക്ക് ബോധ്യപ്പെട്ടു. വാക്കുകൾ കൊണ്ടുള്ള കസർത്തോ ചെപ്പടിവിദ്യയോ അല്ല, ജനങ്ങൾക്ക് നേരിട്ടു ബോധ്യപ്പെടുന്ന കാര്യങ്ങളും കണക്കുകളുമാണ് പിണറായി സർക്കാർ ജനങ്ങൾക്കു സമർപ്പിച്ചത്. ഈ ബോധ്യം കൊണ്ടാണ് പതിവിനു വിരുദ്ധമായി ഭരണത്തിലിരിക്കുന്ന മുന്നണിയെത്തന്നെ 2021ൽ കൂടുതൽ സീറ്റുകൾ നൽകി ജനങ്ങൾ വീണ്ടും അധികാരം ഏൽപ്പിച്ചത്.

ഇത് ഇവിടെ ഓർമിപ്പിക്കാൻ കാരണം അമ്മട്ടിലുള്ള ഒരു പുതിയ ബോധ്യപ്പെടലിനാണ് ഇപ്പോൾ മന്ത്രിമാരുടെ നേതൃത്വത്തിൽ സർക്കാർ ജനങ്ങളെ സമീപിക്കുന്നത് എന്നതുകൊണ്ടാണ്. ഇത്തവണ പ്രോഗ്രസ് റിപ്പോർട്ട് സമർപ്പിക്കുകയല്ല. നൽകപ്പെട്ട ഏതെല്ലാം വാഗ്ദാനങ്ങളാണ് നടപ്പാക്കപ്പെട്ടിട്ടുള്ളത്. ഏതേത് പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്, ഇനിയും തുടങ്ങാനുള്ളതുണ്ടെങ്കിൽ ഏവ എന്നു അവതരിപ്പിക്കുന്നു. അതിനേക്കാൾ പ്രധാനം സംസ്ഥാന ജില്ലാ–നിയോജകമണ്ഡലാടിസ്ഥാനത്തിൽ നടപ്പാക്കപ്പെടുന്ന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിനു ജനങ്ങളുടെ സഹകരണം തേടുകയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരും ഉദ്യോഗസ്ഥാനുദ്യോഗസ്ഥരും. അത് ചെയ്യുന്നതാകട്ടെ ഇതുവരെയുള്ള പ്രവർത്തന പുരോഗതി വിലയിരുത്തിക്കൊണ്ടും. അതിനായി ആദ്യം 3–4 ജില്ലകൾ ഉൾപ്പെടുന്ന മേഖലാടിസ്ഥാനത്തിലും അതിനുശേഷം ജില്ല, നിയോജകമണ്ഡലം അടിസ്ഥാനത്തിലും ഇത്തരത്തിൽ അവലോകനത്തിനു മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും നേതൃത്വത്തിൽ വിപുലമായ യോഗം ചേരുന്നു.

എന്താണ് ഇവ കൊണ്ടുള്ള പ്രയോജനം? സർക്കാർ അംഗീകരിച്ച ഓരോ പദ്ധതി/പ്രവൃത്തി നടപ്പാക്കുന്നതിനും എന്തെങ്കിലും പ്രതിബന്ധം ഉണ്ടെങ്കിൽ അത് ഉടൻ കണ്ടെത്താൻ കഴിയുന്നു. ഉത്തരവുകൾ മേലെ നിന്നു കീഴോട്ട് നൽകുന്നതിലും പ്രതിബന്ധങ്ങൾ കീഴെ നിന്നു മേലോട്ടു റിപ്പോർട്ടായി സമർപ്പിക്കുന്നതിലും പദ്ധതികൾ കെട്ടിക്കിടക്കുന്നതിനുപകരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അധികാരികളും തമ്മിൽ നേരിട്ടു ചർച്ച ചെയ്യുന്നതിലൂടെ തടസ്സങ്ങൾ നീക്കി പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാൻ വഴി തെളിയുന്നു. ഇത് വികസനപദ്ധതികളുടെ കാര്യത്തിൽ മാത്രമല്ല. സംസ്ഥാനത്തെ അതിദരിദ്രർ, ദരിദ്രർ എന്നീ വിഭാഗത്തിൽപ്പെട്ടവർ നേരിടുന്ന പ്രശ്നങ്ങൾ തിരിച്ചറിയുക, അവർക്കായി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ വഴിയുള്ള സേവനം അവർക്ക് സമയബന്ധിതമായി ലഭിക്കുന്നു എന്നു ഉറപ്പുവരുത്തുക, അതുവഴി ഈ വിഭാഗങ്ങളിൽപ്പെട്ടവരുടെ സാമൂഹ്യവും സാമ്പത്തികവും സാംസ്കാരികവുമായ നിലവാരം ഉയർത്തുക എന്നിവ പ്രധാന ലക്ഷ്യങ്ങളാണ്. കേരളം രൂപീകരിക്കപ്പെട്ടശേഷം ദാരിദ്ര്യം, പട്ടിണി, രോഗാതുരത, നിരക്ഷരത മുതലായ പിന്നാക്കാവസ്ഥകൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വേഗത്തിൽ പരിഹരിക്കാൻ കഴിഞ്ഞത് ആദ്യത്തെ (ഇ എം എസ്) മന്ത്രിസഭയുടെ കാലംമുതൽ ഇടതുപക്ഷ സർക്കാരുകൾ ജനക്ഷേമകരമായ പരിപാടികൾ ആവിഷ-്ക്കരിച്ചു നടപ്പാക്കുന്നതുകൊണ്ടാണ്.

അതുകൊണ്ടുണ്ടായ നേട്ടമെന്താണ്? മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസം, ആരോഗ്യം മുതലായ വ്യക്തിഗതവും സാമൂഹ്യവുമായ ലക്ഷ്യങ്ങൾ, ഭൂപരിഷ്-കരണം പോലുള്ള നടപടികളിലൂടെ പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയർത്താനുള്ള നടപടികൾ, ഇവയെല്ലാം വഴി സാമൂഹ്യ–സാമ്പത്തിക–സാംസ്കാരിക ബന്ധങ്ങളിലും ജനങ്ങളുടെ കാഴ്ചപ്പാടിൽ തന്നെയും മാറ്റം വരുത്തൽ എന്നിങ്ങനെ വ്യത്യസ്ത ലക്ഷ്യങ്ങൾ വലിയ തോതിൽ ഒരേ സമയം കെെവരിക്കാൻ കഴിഞ്ഞു. ഇടതുപക്ഷ–വലതുപക്ഷ സർക്കാരുകൾ മാറിമാറി നിലവിൽ വന്നപ്പോൾ വലതുപക്ഷ സർക്കാരുകൾ ഇടതുപക്ഷം ചെയ്തുവച്ച പലതും തകർക്കുന്ന സ്ഥിതിയുണ്ടായി. ഉണ്ടാകാമായിരുന്ന സാമൂഹ്യപുരോഗതി തന്മൂലം കെെവരിക്കാനായില്ല. പിന്നീട് ജനങ്ങൾ തന്നെ അതിനെതിരായ നിലപാട് കെെക്കൊണ്ടതുകൊണ്ടാണ് ഇടതുപക്ഷത്തിന്റെ ഭരണത്തുടർച്ചയുണ്ടായത്. അങ്ങനെ കേരളം പുരോഗതിയുടെ പാതയിലൂടെ മുന്നോട്ടു നീങ്ങുകയാണ്.

സംസ്ഥാനത്തെ വലതുപക്ഷ ശക്തികൾക്കപ്പുറം കേന്ദ്ര സർക്കാരും അതിന്റെ ആജ്ഞാനുവർത്തിയായ ഗവർണറും ഇടതുപക്ഷ നേതൃത്വത്തിലുള്ള സർക്കാരുകളുടെ പ്രവർത്തനങ്ങളിൽ പല തരത്തിൽ ഇടങ്കോലിടുന്ന സ്ഥിതി ഉണ്ടായി. ആദ്യ (കമ്യൂണിസ്റ്റ്) സർക്കാരിന്റെ കാലത്ത് ഗവർണറായി നിയോഗിക്കപ്പെട്ട മുൻ ആന്ധ്രാമുഖ്യമന്ത്രി ബി രാമകൃഷ്ണറാവുതന്നിൽ നിക്ഷിപ്തമായ അധികാരത്തെ ഏതെല്ലാം രീതികളിൽ ദുരുപയോഗിക്കാൻ കഴിയുമെന്നു പ്രയോഗത്തിൽ കാണിച്ചു. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് പ്രവർത്തിക്കാൻ ഭരണഘടനാപരമായി ബാധ്യസ്ഥനാണ് ഗവർണർ. കേന്ദ്രത്തിൽ പ്രസിഡന്റ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ഉപദേശം സ്വീകരിക്കാൻ ഭരണഘടനാപരമായി ബാധ്യതപ്പെട്ടിരിക്കുന്നതുപോലെയാണ് സംസ്ഥാനത്ത് ഗവർണറുടെയും സ്ഥിതി.

ഇപ്പോഴത്തെ സംസ്ഥാന ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ സംസ്ഥാന നിയമസഭ പാസാക്കിയ എട്ടു ബില്ലുകൾ ഒപ്പിടാതെ നിയമമാക്കുന്നതിന് തടസ്സം സൃഷ്ടിച്ചിരിക്കയാണ‍്. അവ സംബന്ധിച്ച് ഗവർണർക്ക് സംശയമോ തടസ്സവാദമോ ഉണ്ടെങ്കിൽ അവ ചൂണ്ടിക്കാട്ടി സംസ്ഥാന മന്ത്രിസഭക്ക് അത് തിരുത്താനായി തിരിച്ചയച്ചുകൊടുക്കാം. മന്ത്രിസഭ ആവശ്യമായ ഭേദഗതി വരുത്തിയോ അല്ലാതെയോ അത് വീണ്ടും സമർപ്പിച്ചാൽ ഗവർണർ അംഗീകരിച്ച് ഒപ്പിടാൻ ബാധ്യസ്ഥനാണ്. ഇവിടെ ഗവർണറുടെ താൽപ്പര്യം സംസ്ഥാന നിയമസഭ പാസാക്കിയ നിയമം തടഞ്ഞു വയ്ക്കുന്നതിലാണ്. അങ്ങനെ ചെയ്യാൻ ഗവർണർക്ക് അധികാരമില്ല. അതിനാൽ ഈ പ്രശ്നം സുപ്രീംകോടതിയുടെ പരിഗണനക്ക് സമർപ്പിക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ യഥാർഥത്തിൽ ചെയ്തത് സർക്കാരിന്റെ പ്രവർത്തനം തടയുകയാണ്.

സാമ്പത്തികമായ പരിമിതികളും കേന്ദ്ര സർക്കാർ സൃഷ്ടിക്കുന്ന ഞെരുക്കങ്ങളും ഉണ്ട്. അവയെ ഫലപ്രദമായും സംയമനത്തോടെയും നേരിട്ടുകൊണ്ട് പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങൾ മാത്രമല്ല, മറ്റു വിഭാഗങ്ങളും നേരിടുന്ന സാമ്പത്തികവും വികസനപരവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു എൽഡിഎഫ് സർക്കാർ ഊർജിതനീക്കത്തിലാണ്. ക്ഷേമപ്രവർത്തനങ്ങളിലും പശ്ചാത്തല വികസനത്തിലും മറ്റും ഈ സർക്കാർ കെെവരിച്ചതും കെെവരിച്ചുകൊണ്ടിരിക്കുന്നതുമായ നേട്ടങ്ങൾ ജനങ്ങളിൽ വലിയ സംതൃപ്തി ഉളവാക്കിയിട്ടുണ്ട്. ഇത് അടുത്തുവരാൻ പോകുന്ന ലോക്-സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്ന ആശങ്ക യുഡിഎഫിനും ബിജെപിക്കും ഉണ്ട്. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം തടയാൻ സംസ്ഥാനത്തിനു അർഹമായ സാമ്പത്തിക വിഹിതം കേന്ദ്ര സർക്കാർ തടഞ്ഞുവയ്ക്കുകയാണ്. അത് ബാധിക്കുന്നത് യഥാർഥത്തിൽ ഇവിടത്തെ ജനസാമാന്യത്തെയാണ്. കേന്ദ്ര സർക്കാരിന്റെ ഈ തെറ്റായ നടപടിയെ വിമർശിക്കുന്നതിനും എതിർക്കുന്നതിനും പകരം യുഡിഎഫ് നേതൃത്വം ചെയ്യുന്നത് എൽഡിഎഫ് സർക്കാരിനെ എതിർക്കുകയാണ്. അവർ ഫലത്തിൽ ബിജെപിക്ക് പിന്തുണ നൽകുകയാണ് ഇവിടെ.

വരുന്ന ലോക്-സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കണം. ഇക്കാര്യത്തിൽ ഏകാഭിപ്രായക്കാരാണ് രാജ്യത്താകെയുള്ള മുപ്പതോളം കക്ഷികൾ. ജനങ്ങളെ ബിജെപിക്കെതിരെ അണിനിരത്താൻ കഴിയുക മോദി സർക്കാരിന്റെ ജനവിരുദ്ധ പ്രവർത്തന വിമർശനത്തിൽ ഊന്നിയാണ്. അത്തരത്തിൽ ബിജെപി സർക്കാരിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിനുപകരം ഇവിടെ കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് ചെയ്യുന്നത് എൽഡിഎഫ് സർക്കാരിനെ അന്ധമായി എതിർക്കുകയാണ്. യഥാർഥത്തിൽ കേരളത്തിൽ കോൺഗ്രസ് ചെയ്യുന്നത് ബിജെപിയുമായി കെെകോർക്കലാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

six + 7 =

Most Popular