Monday, May 20, 2024

ad

Homeരാജ്യങ്ങളിലൂടെസുഡാനിലെ ആഭ്യന്തരയുദ്ധം ആറുമാസം പിന്നിടുമ്പോൾ

സുഡാനിലെ ആഭ്യന്തരയുദ്ധം ആറുമാസം പിന്നിടുമ്പോൾ

ആര്യ ജിനദേവൻ

സുഡാനിൽ സൈനിക ശക്തിയായ സുഡാനിസ് ആർമ്ഡ് ഫോഴ്സസും (SAF) സമാന്തരസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസും (RSF) തമ്മിൽ ആഭ്യന്തരയുദ്ധം തുടങ്ങിയിട്ട് ആറുമാസം പിന്നിട്ടിരിക്കുന്നു. രാജ്യത്ത് 2018 ഡിസംബറിൽ നടന്ന ഡിസംബർ വിപ്ലവത്തിനെതിരായി, അതായത് ജനാധിപത്യ അനുകൂല ബഹുജനപ്രക്ഷോഭത്തിനെതിരായി എസ് എഎഫും ആർ എസ് എഫും ഒന്നിച്ച് പ്രവർത്തിക്കുവാൻ ആരംഭിച്ചു; തുടർന്ന് ഇരു സഖ്യങ്ങളും ഒന്നിച്ച് നടത്തിയ അട്ടിമറി പ്രവർത്തനങ്ങളുടെ ഭാഗമായി 2019 ഏപ്രിലിൽ ഒമർ അൽ ബഷീർ എന്ന സ്വേച്ഛാധിപതിക്ക് അധികാരം നഷ്ടമായി; ഒക്ടോബർ 2021ൽ രാജ്യത്തെ അധികാരം ഈ സൈനിക അട്ടിമറി സഖ്യത്തിന്റെ കൈകളിലെത്തി; അങ്ങനെ രാജ്യത്തിന്റെ ഭരണനിയന്ത്രണം തങ്ങളുടെ കൈകളിലെത്തിയപ്പോൾ ഇരു സൈനിക സഖ്യങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുകയും അത് ഏറ്റുമുട്ടലിലേക്ക് നയിക്കുകയും ശക്തമായ ആഭ്യന്തരയുദ്ധമായി മാറുകയും ചെയ്തു. കേവലം രണ്ട് സൈനിക സഖ്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായി ഉരുവംകൊണ്ട ആഭ്യന്തരയുദ്ധം നിലവിൽ സെപ്റ്റംബർ 15ന് 6 മാസം ആയിരിക്കുകയാണ്. 53 ലക്ഷം ജനങ്ങൾ യുദ്ധത്തിൽ കുടിയൊഴിപ്പിക്കപ്പെട്ടു; അവരിൽ ഒരു ദശലക്ഷത്തിലധികം പേർ അയൽ രാജ്യങ്ങളായ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ഈജിപ്ത്, ചാഡ്‌, എത്യോപ്യ, തെക്കൻ സുഡാൻ എന്നിവിടങ്ങളിലേക്ക് ജീവനുംകൊണ്ട് പലായനം ചെയ്തു; അതേസമയം 41 ലക്ഷത്തിൽ അധികം പേർ സുഡാനിലെ 18 സംസ്ഥാനങ്ങളിലൂടനീളമായി കിടക്കുന്ന 3855 കേന്ദ്രങ്ങളിലേക്ക് ആഭ്യന്തരമായി നീക്കം ചെയ്യപ്പെട്ടു (internally displaced persons -IDPs). മുൻകാലങ്ങളിലെ ആഭ്യന്തര യുദ്ധങ്ങളുടെ ഭാഗമായി സുഡാനിൽ നേരത്തെതന്നെ 32 ലക്ഷത്തോളം പേർ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങളുടെ പട്ടികയിലുണ്ട്. ഇപ്പോൾ എസ്എഎഫും ആർഎസ്എഫും തമ്മിലുള്ള യുദ്ധം ആറുമാസം പിന്നിടുമ്പോൾ ഈ പട്ടികയിലേക്ക് 40 ലക്ഷത്തിലേറെ ആളുകൾകൂടി കൂട്ടിച്ചേർക്കപ്പെട്ടു. അങ്ങനെ രാജ്യത്ത് ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ട ജനതയുടെ എണ്ണം 71 ലക്ഷം പിന്നിട്ടിരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങളുടെ എണ്ണം ഏറ്റവും കൂടുതൽ ഉള്ള രാജ്യം ഇപ്പോൾ സുഡാൻ ആണ് – 71 ലക്ഷം. അതിനു തൊട്ടുതാഴെ 66 ലക്ഷം പേരോടുകൂടി സിറിയയും മൂന്നാമതായി 61 ലക്ഷം ജനങ്ങളോടുകൂടി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോങ്കോയും നാലാം സ്ഥാനത്ത് 51 ലക്ഷം ജനങ്ങളോടുകൂടി ഉക്രൈനും സ്ഥാനംപിടിച്ചിട്ടുണ്ട്. സുഡാനിൽ ഇങ്ങനെ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങളിൽ 35 ലക്ഷം പേർ കുഞ്ഞുങ്ങളാണ്. തലസ്ഥാനമായ ഖാർതോമിൽ സെപ്റ്റംബർ പത്തിന് നടന്ന ഡ്രോൺ ആക്രമണം വലിയ രീതിയിലുള്ള ദുരന്തമാണ് വിതച്ചത്. കുറഞ്ഞത് 43 പേരെങ്കിലും കൊല്ലപ്പെട്ടു എന്നാണ് കണക്ക്; ഖാർത്തോമിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡോക്ടർസ് വിത്തൗട്ട് ബോർഡേഴ്‌സ് എന്ന കൂട്ടായ്മയുടെ ഭാഗമായ മരിയ ബർട്ടൺ പറയുന്നതിങ്ങനെ – “മണിക്കൂറുകളോളം, അതായത് തങ്ങളുടെ പ്രിയപ്പെട്ടവരെ തേടി കുടുംബാംഗങ്ങൾ… ബന്ധുക്കൾ അങ്ങനെ ആരെങ്കിലും എത്തുന്നതുവരെയും ഡസൻകണക്കിന് ശവശരീരങ്ങൾ ആശുപത്രി വരാന്തയിൽ തണുത്തുമരച്ചു കിടന്നു. അതേസമയം മാരകമായ ആയുധങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഗുരുതരമായ പരിക്കുപറ്റിയ അതിജീവിക്കപ്പെട്ടവരുടെ ജീവൻ രക്ഷിക്കുന്നതിനുവേണ്ടി ഞങ്ങളുടെ സ്റ്റാഫ്‌ രാപകലില്ലാതെ പ്രവർത്തന നിരതരായിരുന്നു. അതിജീവിക്കപ്പെട്ട മനുഷ്യരിൽ പലരുടെയും ശരീരഭാഗങ്ങൾ അറ്റുപോയിരുന്നു; വയറുകൾ നെടുകെ പിളർന്നുപോയിരുന്നു. ഈ യുദ്ധം ആറുമാസം പിന്നിടുമ്പോഴും ഓരോ തവണയും തങ്ങൾ കാണുന്ന കാഴ്ചകളിൽ ആശുപത്രിയിലെ വോളണ്ടിയർമാർ ഞെട്ടിത്തരിക്കുകയാണ്’. ആർമ്ഡ് കോൺഫ്ലിറ്റ് ലൊക്കേഷൻ ആൻഡ് ഇവന്റ് ഡാറ്റ പ്രോജക്റ്റിന്റെ (ACLED) കണക്കുപ്രകാരം ആർഎസ്എഫും എസ്എഎഫും തമ്മിൽ യുദ്ധം ആരംഭിച്ച ഏപ്രിൽ 15 മുതലിങ്ങോട്ടിതുവരെ ഏകദേശം 7500 പേർ കൊല്ലപ്പെട്ടിരിക്കുന്നു. കണക്കുകൾ പ്രകാരം വെസ്റ്റ് ദർഫർ സംസ്ഥാനത്തിൽ മാത്രം ജൂലൈയിൽതന്നെ ഏതാണ്ട് പതിനായിരത്തോളം ആളുകൾ കൊല്ലപ്പെട്ടു. എന്തുതന്നെയായാലും ഈ പ്രദേശങ്ങളിൽ നിന്നും സ്വതന്ത്രമായ കണക്കെടുപ്പ് വരുക എന്നത് ബുദ്ധിമുട്ടാണ്. ഈ പറയുന്ന പടിഞ്ഞാറേ ദർഫറിൽ ആർഎസ്എസ്എഫുമായി ബന്ധമുള്ള അക്രമ സംഘടനയായ ജൻജാവിദ് ഇതിനെല്ലാം ഇടയിൽകൂടി പ്രാദേശിക ആഫ്രിക്കൻ ഭാഷകൾ സംസാരിക്കുന്ന മസാലിത് (Massalit) പോലെയുള്ള കർഷക ഗോത്രങ്ങളെ വംശീയമായി ഉന്മൂലനം ചെയ്യുന്ന പ്രവർത്തനവും നടത്തിപ്പോരുന്നുണ്ട്. രാജ്യത്തെ രണ്ട്‌ കോടിയിലധികം ജനങ്ങൾ, അതായത് സുഡാനിന്റെ ആകെ ജനസംഖ്യയുടെ 42%, നിലവിൽ തീവ്രമായ ഭക്ഷ്യ സുരക്ഷിതത്വമില്ലായ്മ നേരിടുന്നു; ആറു ദശലക്ഷത്തോളം ജനങ്ങൾ ക്ഷാമത്തിന് കേവലം ഒരു പടിമാത്രം പിറകിലെത്തിയിരിക്കുന്നു; കുറഞ്ഞത് 498 കുട്ടികൾ പട്ടിണി കിടന്നുമരിച്ചു; രാജ്യത്തുടനീളമുള്ള ക്ലിനിക്കുകൾക്കും ഡോക്ടർമാർക്കും നേരെയുമെല്ലാം തുടർച്ചയായ വെടിവെപ്പുകൾ നടത്തിയതിനാൽ രാജ്യത്തെ പ്രധാന ആശുപത്രി സേവനങ്ങളിൽ 80 ശതമാനവും നിലച്ചു; മനുഷ്യരാശി നേരിടുന്ന ഈ മഹാവിപത്തിനെ ദുരീകരിക്കുന്നതിന് സഹായം നൽകുന്നതിനുവേണ്ടി അന്താരാഷ്ട്ര സമൂഹത്തിൽനിന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ട ഫണ്ട് ഇപ്പോഴും കാൽഭാഗം മാത്രമേ ലഭിച്ചിട്ടുള്ളൂ; അതേസമയം സഹായ ശ്രമങ്ങൾ പൊളിച്ചടുക്കുന്നതിനുള്ള സുഡാനിലെ ഇനിയും ചോരകൊതി കെട്ടടങ്ങിയിട്ടില്ലാത്ത ഇരുസൈനികവിഭാഗങ്ങളും തുടർച്ചയായി നടത്തിപ്പോരുകയും ചെയ്യുന്നു. ഒരു തെറ്റും ചെയ്തിട്ടില്ലാത്ത നിഷ്കളങ്കരായ ജനങ്ങൾക്ക് നേരെ ബോംബും ഡ്രോണും തോക്കും അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് നിഷ്ഠൂരമായ ആക്രമണങ്ങൾ അഴിച്ചുവിടുക, അവരെ ക്രൂരമായി കൊന്നൊടുക്കുക, കൈകളും കാലുകളും അടക്കം ശരീരഭാഗങ്ങൾ ഛേദിച്ചെറിയുക, വെറിപൂണ്ട കുറെയധികം മനുഷ്യരുടെ സ്വാർത്ഥതയുടെയും ലാഭക്കൊതിയുടെയും ഭാഗമായി ഉണ്ടായ യുദ്ധത്തിന്റെ അടയാളങ്ങളായി ഈ പാവപ്പെട്ട മനുഷ്യർക്ക് ജീവിക്കേണ്ടി വരിക, അതിക്രൂരമായ ബലാത്സംഗങ്ങളും പീഡനങ്ങളും നടത്തുക, ജനവിഭാഗങ്ങളെ കുടിയൊഴിപ്പിക്കുക, എവിടേക്കെന്നില്ലാതെ എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യാൻ പാവപ്പെട്ട ജനങ്ങളെ നിർബന്ധിതരാക്കുക, ഇതിനെല്ലാമിടയിലൂടെ അതിക്രൂരമായ വംശീയ ഉന്മൂലനങ്ങളും നടത്തുക… ഇങ്ങനെ ആറുമാസമായി സുഡാനിലെ ഇരു സൈനിക സഖ്യങ്ങളും ചേർന്ന് നടത്തുന്ന വിപത്കരമായ ആഭ്യന്തരയുദ്ധത്തിന്റെ കാഴ്ചകൾ ഹൃദയഭേദകമാണ്. മനുഷ്യ ജീവിതങ്ങൾക്കുമേൽ ദുരന്തം വിതയ്ക്കുന്ന ഈ ആഭ്യന്തര യുദ്ധത്തിന് പിന്നിൽ സാമ്രാജ്യത്വത്തിന്റെ ലാഭകൊതിയും ഉണ്ട് എന്ന് യാഥാർത്ഥ്യവും നാം മറച്ചുവെച്ചുകൂടാ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 + eighteen =

Most Popular