Friday, May 10, 2024

ad

Homeവിശകലനംകർഷകരുടെ വരുമാനം ഇരട്ടിയാക്കൽ വാഗ്ദാനം മോദി ഗവൺമെന്റിന്റെ വഞ്ചനയുടെ കഥ

കർഷകരുടെ വരുമാനം ഇരട്ടിയാക്കൽ വാഗ്ദാനം മോദി ഗവൺമെന്റിന്റെ വഞ്ചനയുടെ കഥ

വിജൂ കൃഷ്‌ണൻ

2014ലെ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയും ബിജെപിയും കർഷകരെ പ്രീണിപ്പിച്ചത് ആകർഷകമായ ഒരു വാഗ്ദാനം മുന്നോട്ടുവെച്ചായിരുന്നു. സി2 + 50 ഫോർമുല പ്രകാരം കർഷകരുടെ ഉൽപ്പന്നങ്ങൾ മൊത്തം ഉല്പാദന ചെലവിന്റെ ഒന്നര ഇരട്ടിയെങ്കിലും താങ്ങുവിലനൽകി സംഭരിക്കും എന്നതായിരുന്നു ആ വാഗ്ദാനം. വാഗ്ദാനങ്ങളുടെ ഇടതടവില്ലാതെയുള്ള ഉദ്ഘോഷണം ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലെയും ഗ്രാമീണ വോട്ടർമാരിൽ വളരെ വലിയ പ്രതീക്ഷ ജനിപ്പിക്കുകയും തിരഞ്ഞെടുപ്പിൽ അത് ബിജെപിക്ക് അനുകൂലമായി മാറുകയും ചെയ്തു. എന്നാൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞത് തങ്ങൾ വാഗ്ദാനം നൽകിയതുപോലെ താങ്ങുവില നിശ്ചയിക്കുന്നത് അസാധ്യമാണെന്നും അങ്ങനെ ചെയ്താൽ അത് വിപണിയെ പ്രതികൂലമായി ബാധിക്കുമെന്നുമാണ്; അതോടെ കർഷകർക്കുണ്ടായിരുന്ന പ്രതീക്ഷയാകെ അസ്തമിച്ചു. 2016 ഫെബ്രുവരി 28ന് യൂണിയൻ ബജറ്റ് അവതരിപ്പിച്ചവേളയിൽ സ്വാതന്ത്ര്യലബ്ധിയുടെ 75–ാം വാർഷികത്തിന്റെ ഭാഗമായി കർഷക ജനതയ്ക്ക് മറ്റൊരു വാഗ്ദാനം കൂടി മോദി സർക്കാർ നൽകി. അതായത് ‘‘2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കും’’ (ഡിഎഫ്ഐ–Doubling Farmer’s Income) എന്നായിരുന്നു ആ വാഗ്ദാനം. ഒരു വർഷത്തിനുശേഷം 2017 മെയ് മാസത്തിൽ കർഷകർ സി2+ 50 ശതമാനം താങ്ങുവില നടപ്പാക്കണമെന്നാവശ്യപ്പെട്ടു നടത്തിയ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടപ്പോൾ അന്ന് ബിജെപി പ്രസിഡന്റായിരുന്ന അമിത് ഷാ ധാർഷ്ട്യത്തോടെ അവകാശപ്പെട്ടത്, അധികാരത്തിലെത്തി മൂന്നു വർഷത്തിനുള്ളിൽ തങ്ങൾ നൽകിയ വാഗ്ദാനം ഏറെക്കുറെ പൂർത്തീകരിച്ചുവെന്നാണ്. ഉൽപാദന ചെലവ് കണക്കാക്കുന്നതിൽ ഭൂമിയുടെ വില ഒഴിവാക്കുകയാണെങ്കിൽ ഉല്പാദന ചെലവിന്റെ 43 ശതമാനത്തിൽ കൂടുതൽ താങ്ങുവില നൽകിക്കൊണ്ടിരിക്കുകയാണെന്നാണ്; തറവില കൂടി ഉൾപ്പെടുത്തി താങ്ങുവില കണക്കാക്കുന്ന കാര്യം അസാധ്യമാണെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.

2016 ഏപ്രിൽ 13നാണ് കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കൽ സംബന്ധിച്ച് അശോക് ദൽവായ് കമ്മിറ്റി രൂപീകരിച്ചത്. 2012–13 ലെ ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷന്റെ മതിപ്പുകണക്കു പ്രകാരം 2015–16 അടിസ്ഥാന വർഷമായി കണക്കാക്കി 2016–17 മുതൽ 2022–23 വരെയുള്ള കാലം കൊണ്ട് ലക്ഷ്യം കൈവരിക്കണമെന്ന സമയപരിധിയാണ് ഈ കമ്മിറ്റി നിശ്ചയിച്ചത്. 2015 – 16ൽ ദേശീയ തലത്തിൽ കർഷകന്റെ ശരാശരി വാർഷിക വരുമാനം 96,703 രൂപയായി കണക്കാക്കി – – അതായത് ഒരു കർഷക കുടുംബത്തിന് പ്രതിമാസം ഏകദേശം 8,-058 രൂപ. കമ്മിറ്റിയുടെ കണക്കുപ്രകാരം 2022–23ൽ ദേശീയതലത്തിൽ കർഷകരുടെ വരുമാനം നിലവിലെ വിലകൾക്കനുസരിച്ച് പ്രതിവർഷം 2,71,378 രൂപയോ പ്രതിമാസം 22,610 രൂപയോ ആയിരിക്കണം. ഈ ലക്ഷ്യം കൈവരിക്കുന്നതിന്, കാർഷിക വരുമാന വളർച്ചാനിരക്ക് പ്രതിവർഷം 10.4 ശതമാനം ആയിരിക്കണം എന്നും കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. എന്തായാലും കർഷകരുടെ വിളയും വരുമാനവും വർദ്ധിപ്പിക്കാൻ സഹായകമാകുന്ന സാങ്കേതികമോ സാമ്പത്തികമോ ആയ ഒരു പ്രയോഗപദ്ധതിയും കമ്മറ്റി മുന്നോട്ടുവെച്ചിട്ടില്ല. 14 വോള്യങ്ങളുള്ള ബൃഹത്തായ ഈ റിപ്പോർട്ട് കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് സി 2+50 നിരക്കിൽ വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് ഒന്നും പറയുന്നില്ല.

‘‘ Doubling of Former’s Incomes Through Market Driven, Agri Linked Made in India’’എന്ന തലക്കെട്ടോടെ സങ്കൽപ്പനപരമായ ഒരു കുറിപ്പ് സമർപ്പിച്ച, കൃഷികൾ മുൻപരിചയം ഒന്നുമില്ലാത്ത ശരത് മറാഠെ എന്ന പ്രവാസിയായ വ്യവസായിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ 2018 ജനുവരിയിൽ നിതി അയോഗ് ഡിഎഫ്ഐക്കായി പ്രത്യേക ദൗത്യസേന ( Special task force) രൂപീകരിച്ച കാര്യം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അശോക് ദാൽവായ് തന്നെയാണ് ഈ ദൗത്യസംഘത്തിന്റെയും തലവൻ; അതിന്റെ അന്തിമ റിപ്പോർട്ട് ലഭ്യമല്ലെങ്കിലും കൃഷിയിലും അതുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രവർത്തനങ്ങളിലും സ്വകാര്യ കമ്പനികളുടെ താൽപര്യങ്ങളെയാണ് സർക്കാർ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. അതുകൊണ്ടാണ് ദൗത്യസംഘം, തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ കമ്പനികളുമായി മാത്രം സംസാരിച്ചത്.

2021ൽ പുറത്തിറങ്ങിയ കർഷക കുടുംബങ്ങളുടെ സ്ഥിതി വിലയിരുത്തുന്നതിനുള്ള 77–ാ-മത് റൗണ്ട് സർവെ വെളിപ്പെടുത്തുന്നത്, 2018–19ൽ കർഷക കുടുംബങ്ങളുടെ കണക്കാക്കപ്പെട്ട പ്രതിമാസ വരുമാനം, നാമമാത്രമായ 10,218 രൂപ മാത്രമാണ് എന്നാണ്. ഇതനുസരിച്ച് പ്രതിവർഷം1,25,616 രൂപയായിരിക്കും കർഷക കുടുംബത്തിന്റെ വാർഷിക വരുമാനം. ഡിഎഫ്ഐ ലക്ഷ്യം നേടണമെങ്കിൽ 2022 നകം കർഷകരുടെ വാർഷിക വരുമാനം ഇരട്ടിയാക്കേണ്ടതാണ്. എന്നാൽ 2,71,378 രൂപ വാർഷിക വരുമാനമായാൽ മാത്രമേ ഈ ലക്ഷ്യത്തിലെത്തുകയുള്ളൂ. അതിന് പ്രതിമാസ വരുമാനം 22,610 രൂപയെങ്കിലും ആയിരിക്കണം.

പിന്നീട് വന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എക്കണോമിക് റിസർച്ച് ഡിപ്പാർട്ട്മെന്റിന്റെ (ERD) റിപ്പോർട്ടാകട്ടെ കർഷകരുടെ കണ്ണിൽ പൊടിയിടുന്നതിനുള്ള ഒന്നാണ്. എസ്ബിഐ വിവിധ സംസ്ഥാനങ്ങളിലെ കാർഷിക മേഖലയെ സംബന്ധിച്ച് ശേഖരിച്ചിട്ടുള്ള വിവിധ വിലകളുടെ സൂക്ഷ്മ ഡാറ്റ പ്രകാരം ചില സംസ്ഥാനങ്ങളിൽ ചില വിളകൾക്ക് 2018 നെ അപേക്ഷിച്ച് 2022 ആയപ്പോൾ കർഷകരുടെ വരുമാനം ഇരട്ടിയായിട്ടുണ്ടെന്നാണ് ആ റിപ്പോർട്ട് പ്രഖ്യാപിക്കുന്നത്. 2018 നും 22 നുമിടയ്ക്ക് വരുമാനത്തിലുണ്ടായ മാറ്റം കണക്കാക്കുന്നതിന് എല്ലാ വിഭാഗങ്ങളിൽനിന്നുമുള്ള കർഷകരിൽനിന്നും ശേഖരിച്ച വ്യാപകവും പ്രാതിനിധ്യ സ്വഭാവമുള്ളതും സാധ്യതയെ അടിസ്ഥാനമാക്കിയതുമായ സാമ്പിളുകളാണ് ഉപയോഗിച്ചിട്ടുള്ളത് എന്നും എസ്ബിഐ അവകാശപ്പെടുന്നു. മഹാരാഷ്ട്രയിലെ സോയാബീൻ കർഷകർക്കും കരിമ്പ് കർഷകർക്കും കർണാടകത്തിലെ പരുത്തി കർഷകർക്കും നെൽ കൃഷിക്കാർക്കും രാജസ്താനിലെ ഗോതമ്പ് കൃഷിക്കാർക്കും ഗുജറാത്തിലെ നിലക്കടല കൃഷിക്കാർക്കും പരുത്തി കൃഷിക്കാർക്കും ഇങ്ങനെ വരുമാനം ഇരട്ടിയായിട്ടുണ്ട്. അതേസമയം മറ്റിടങ്ങളിലൊന്നും ഇങ്ങനെ വരുമാനം ഇരട്ടിയായിട്ടില്ല. മറിച്ച് 1.3 മുതൽ1.7 മടങ്ങ് വർദ്ധനയേ ഉണ്ടായിട്ടുള്ളൂ.

അതേസമയം രീതിശാസ്ത്രം, സാമ്പിളിന്റെ വ്യാപ്തി, ചെലവ് കണക്കുകൂട്ടൽ, കർഷക ജനസാമാന്യത്തിലെ വിവിധ വിഭാഗങ്ങളിൽനിന്നു പ്രതികരിച്ചവരുടെ തരംതിരിക്കൽ, കർഷകരുടെ വരുമാനം കണക്കാക്കിയതിന്റെ അടിസ്ഥാനം എന്നിവയോ അല്ലെങ്കിൽ എന്തുകൊണ്ട് രാജസ്താൻ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടകം എന്നീ സംസ്ഥാനങ്ങൾ മാത്രം തിരഞ്ഞെടുത്തു എന്നീ കാര്യങ്ങളിലൊന്നും എസ്ബിഐ വിശദീകരണം നൽകിയില്ല. ദൗർഭാഗ്യവശാൽ പൊള്ളയായ ഈ അവകാശവാദങ്ങൾക്ക് വ്യാപകമായ മാധ്യമശ്രദ്ധ ലഭിച്ചു. വിള വായ്പയുടെ പരിധിയിൽ വരാത്ത ഭൂരഹിത കർഷകരെയും ഇആർഡി പഠനം ഒഴിവാക്കി. പഠനത്തിന് ഉപയോഗിച്ച രീതിശാസ്ത്രത്തെക്കുറിച്ചുള്ള വ്യക്തതയില്ലായ്മയും ബാങ്ക് വായ്പ സ്വീകരിക്കുന്ന എല്ലാവരും കർഷക ജനസാമാന്യത്തെ പ്രതിനിധീകരിക്കുന്നില്ല എന്ന വസ്തുത അൽപനേരത്തേക്ക് നാം അവഗണിക്കുകയാണെങ്കിൽപ്പോലും ഈ ഫലങ്ങളെ അധികരിച്ച്, 2022 ൽ കർഷകരുടെ വരുമാനം ഇരട്ടിച്ചു എന്നവകാശപ്പെടുന്നതിനെ, തലപ്പത്തുള്ളവരെ പ്രീതിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തട്ടിക്കൂട്ടിയുണ്ടാക്കിയ ഒന്നായേ കാണാനാവൂ.

കാർഷിക ചെലവുകളും വിലകളും നിരീക്ഷിക്കുന്ന ഏതൊരാൾക്കും, മിക്കപ്പോഴും സംഭരണം ഉറപ്പാക്കുന്നില്ല എന്നതിനാൽ താങ്ങുവില മിക്കവാറും ഒരു സങ്കല്പം മാത്രമാണെന്ന് തിരിച്ചറിയാനാകും. 2021–22 ൽ മൊത്തം ഉത്പാദനത്തിൽ സോയാബീനിന്റെ സംഭരണം 0% വും നിലക്കടലയുടെ സംഭരണം 2.05%വുമെന്നനിലയിൽ വളരെ താഴ്-ന്നതായിരുന്നു. കച്ചവടക്കാർ കർഷകരുടെ ചെലവിലും ഉപഭോക്താക്കളെ ഞെക്കിപ്പിഴിഞ്ഞും വലിയ ലാഭം ഉണ്ടാക്കുമ്പോൾ കർഷകർ തങ്ങളുടെ ഉൽപന്നങ്ങൾ പെട്ടാപ്പെട്ട വിലയ്ക്ക് താങ്ങുവിലയെക്കാൾ വളരെ താഴ്-ന്ന വിലയ്ക്ക് വിൽക്കാൻ നിർബന്ധിതനാകുന്നു. കർണാടകയിൽ നെല്ലിന്റെയും പരുത്തിയുടെയും രാജസ്താനിൽ ഗോതമ്പിന്റെയും സംഭരണത്തിന്റെ തോത് തീരെ തുച്ഛമാണ്.പ്രഖ്യാപിക്കപ്പെട്ട താങ്ങുവില കർഷകരുടെ വരുമാനം വർധിപ്പിക്കുകയും മെച്ചപ്പെട്ട വില ലഭ്യമാക്കുകയും ചെയ്യുമെന്ന അവകാശവാദവും പൊള്ളയാണ്. കരിമ്പിന്റെ പൊതുസംഭരണം നടക്കാത്തതിനാൽ കോർപറേറ്റ് പഞ്ചസാരമില്ലുകൾക്ക് തങ്ങളുടെ വിളകൾ എത്തിച്ചുകൊടുക്കാൻ നിർബന്ധിതരായ കർഷകർക്ക് ലഭിക്കേണ്ട തുക നൽകാതെ മില്ലുടമകൾ ആയിരക്കണക്കിനു കോടി രൂപ കുടിശ്ശികയാക്കിയിരിക്കുകയാണ്. ഈ സവിശേഷ സാഹചര്യവും കർഷകർ നേരിടുകയാണ്.

അടിസ്ഥാന യാഥാർഥ്യം 
എന്ത്?
2023 ജൂൺ 7ന് പ്രഖ്യാപിച്ച, 2023 –24ലെ ഖാരിഫ് സീസണിലേക്കായുള്ള താങ്ങുവില അവകാശപ്പെടുന്ന ‘‘ലാഭകരമായ വില ഉറപ്പാക്കും’’ എന്നത് ‘‘വിള വെെവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കും’’ എന്നതുമാണ്. എന്നാൽ ഇത് ന്യായമോ ലാഭകരമോ അല്ല. ഇത് കർഷകരുടെ പ്രതീക്ഷകളെ തകർക്കുകയും അവരുടെ വരുമാനത്തിൽ നഷ്ടമുണ്ടാക്കുകയും ചെയ്തു. വിളകളുടെ വെെവിധ്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുപകരം അത് കർഷകരെ കൃഷിയിൽ നിക്ഷേപം നടത്തുന്നതിനെ തന്നെ നിരുൽസാഹപ്പെടുത്തുകയാണ്. കർഷകരുടെ ‘വരുമാനം ഇരട്ടിയാക്കുന്നതിനു’ പകരം വർധിച്ചുവരുന്ന ഇൻപുട്ട് ചെലവുകളും ന്യായമല്ലാത്ത താങ്ങുവിലയും കർഷകരിലെ വലിയൊരു വിഭാഗത്തെ, പ്രത്യേകിച്ച് ചെറുകിട, നാമമാത്ര, ഇടത്തരം കർഷകരെയും കുടിയാൻമാരെയും കടക്കെണിയിലേക്ക് തള്ളിവിടുകയാണ്. സി 2 +50 ശതമാനമായി താങ്ങുവില നിശ്ചയിക്കുന്നതിനു പകരം, കൃഷിക്കാരന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ തറവാടക മൂല്യവും അവർക്ക് സ്വന്തമായുള്ള സ്ഥിര മൂലധനത്തിന്റെ പലിശയും ഉൾപ്പെടുത്താതെയുള്ള മാനദണ്ഡം നിശ്ചയിച്ച് ഉൽപ്പാദനച്ചെലവ് A2+FL കുടുംബാംഗങ്ങളുടെ അധ്വാനത്തിന്റെ മൂല്യം ഒഴിവാക്കിക്കൊണ്ട് ഉൽപ്പാദനച്ചെലവ് കണക്കാക്കൽ) എന്ന് നിശ്ചയിച്ച് ഭരണകൂടം സൗകര്യപൂർവം ഗോൾപോസ്റ്റുകൾ മാറ്റുകയാണ്. A2+FL ഫോർമൂല പ്രകാരം കണക്കാക്കിയ വിലകളിൽപോലും ഒരു കബളിപ്പിക്കൽ കാണാം. കാർഷിക സർവേകളിൽ ഒൗദ്യോഗികമായി കണക്കാക്കിയിട്ടുള്ള ചെലവ് ഓരോ സംസ്ഥാനത്തെയും കൃഷിച്ചെലവിനെ ഗണ്യമായി കുറച്ചു കാണിച്ചിരിക്കുകയാണ്. ഇതിന്റെ ശരാശരിയെയാണ് എം എസ് പി കണക്കാക്കാൻ കാർഷികച്ചെലവുകളും വിലകളും സംബന്ധിച്ച കമ്മീഷൻ (സിഎസിപി– Agricultural Costs and price) അടിസ്ഥാനമാക്കിയിരിക്കുന്നത്.

ആന്ധ്രപ്രദേശ്, ബീഹാർ, കർണാടകം, കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, തെലങ്കാന, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ നെല്ലുൽപ്പാദനത്തിന്റെ മതിപ്പുകണക്ക് സിഎസിപി മുന്നോട്ടുവച്ചതിനേക്കാൾ ഉയർന്നതാണെന്ന് 2023–24 മാർക്കറ്റിങ് സീസണിലെ ഖാരിഫ് വിളകളുടെ വില നയം സംബന്ധിച്ച സിഎസിപി രേഖ തന്നെ സമ്മതിക്കുന്നു. നെല്ലിന് കേരള സംസ്ഥാന കൃഷി വകുപ്പ് മുന്നോട്ടുവയ്ക്കുന്ന സി 2 ചെലവ് ക്വിന്റലിന് 2847 രൂപയാണ്. എന്നാൽ സിഎസിപി മുന്നോട്ടുവയ്ക്കുന്നത് ക്വിന്റലിന് 2338 രൂപമാത്രമാണ്. പഞ്ചാബിൽ നെല്ലിന്റെ സി 2 ചെലവ് ക്വിന്റലിന് 2089 രൂപയാണ്. അതേസമയം സിഎസിപി മുന്നോട്ടുവയ്ക്കുന്നത് ക്വിന്റലിന് 1462 രൂപ മാത്രവും. ഒട്ടുമിക്ക വിളകൾക്കും സിഎസിപി മുന്നോട്ടുവയ്ക്കുന്നതിനേക്കാളും സംസ്ഥാനങ്ങൾ മുന്നോട്ടുവയ്ക്കുന്നത് കൂടുതൽ ഉയർന്ന തുകയാണ്.

ചെലവ് സംബന്ധിച്ചു സിഎസിപിയുടെ കണക്കുകൾ വർധിച്ചുവരുന്ന ഇൻപുട്ട് ചെലവുകളെയോ പണപ്പെരുപ്പത്തെയോ ഘടകത്തെയോ കണക്കിലെടുക്കുന്നില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങൾ പോലും കണക്കിലെടുക്കാൻ മോദിയുടെ ‘ഡബിൾ എഞ്ചിൻ സർക്കാർ’ തയ്യാറായില്ല. കേരളത്തിലെ ഉയർന്ന ഉൽപാദനച്ചെലവിന്റെ പശ്ചാത്തലത്തിൽ എൽഡിഎഫ് ഗവൺമെന്റ് ക്വിന്റലിന് 2,850 രൂപയ്ക്ക് സംഭരിക്കുന്ന നെല്ലിന് ക്വിന്റലിന് ഏകദേശം 800 രൂപ ബോണസായി നൽകുന്നു. വിപണിയെ തടസ്സപ്പെടുത്തുന്നു എന്നുപറഞ്ഞ് ബിജെപി സർക്കാർ നിരുൽസാഹപ്പെടുത്തുന്ന ഇത്തരം നടപടികൾ യഥാർഥത്തിൽ കൃഷിയുടെയും കർഷകരുടെയും ജീവനാഡിയാണ്.

സിഎസിപി കണക്കാക്കുന്നതിനുസരിച്ച് സി 2 ചെലവുകൾ എടുക്കുകയും അതനുസരിച്ച് നെല്ലിന്റെ താങ്ങുവിലെ കണക്കാക്കുന്നതിന് സി 2 + 50 ഫോർമുല പ്രയോഗിക്കുകയും ചെയ്യുകയാണെങ്കിൽ പോലും ക്വിന്റലിന് 2,866 രൂപ നിശ്ചയിക്കേണ്ടതാണ്. (A2+FL) + 50% പ്രകാരം പ്രഖ്യാപിക്കപ്പെട്ട താങ്ങുവില ക്വിന്റലിന് 2,183 രൂപ മാത്രമേ വരൂ; അതായത് ക്വിന്റലിന് ഏകദേശം 700 രൂപയുടെ കുറവുണ്ടാകും. സംസ്ഥാനങ്ങൾ നൽക്കുന്ന (2139/ക്വിന്റൽ) C2 ചെലവിന്റെ വെയിറ്റഡ് ആവറേജ് കണക്കിലെടുക്കുകയാണെങ്കിൽ താങ്ങുവില ക്വിന്റലിന് 3208 രൂപ ആയിരിക്കും. ഇങ്ങനെ രണ്ട് തരത്തിൽ നോക്കിയാലും ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള താങ്ങുവില തീരെ കുറവാണ്. കർഷകർക്ക് യഥാക്രമം ക്വിന്റലിന് 683.5 രൂപയുടെയും, ക്വിന്റലിന് 1025.5 രൂപയുടെയും നഷ്ടം സംഭവിക്കും. ഹെക്ടറിന് 6 ടൺ ഉൽപ്പാദനശേഷിയുള്ള ആന്ധ്രപ്രദേശിലെ കർഷകന് മേൽപറഞ്ഞതനുസരിച്ച് യഥാക്രമം ഹെക്ടർ ഒന്നിന് 41,010 രൂപയുടെയും 61,530 രൂപയുടെയും നഷ്ടമുണ്ടാകും. ഇത് സംസ്ഥാനത്തെ ഒരു കൃഷി സീസണിൽ മാത്രം 9,020 കോടി രൂപയ്ക്കും 13,540 കോടി രൂപയ്ക്കുമിടയിൽ നഷ്ടമുണ്ടാക്കും. (ആന്ധ്രപ്രദേശിൽ 22 ലക്ഷം ഹെക്ടറിലേറെ നെൽകൃഷിയുണ്ട്).

പരുത്തിയുടെ കാര്യത്തിൽ തെലങ്കാന സംസ്ഥാനം മുന്നോട്ടുവയ്ക്കുന്ന താങ്ങുവില ക്വിന്റലിന് 11,031 രൂപയാണ്. അതേ സമയം സിഎസിപി മുന്നോട്ടുവയ്ക്കുന്നത് ക്വിന്റലിന് 6,264 രൂപ മാത്രമാണ്. പരുത്തിക്ക് സി2 വിന്റെ സിഎസിപി മുന്നോട്ടുവയ്ക്കുന്ന തുക കണക്കിലെടുത്താൽപോലും (5,756 രൂപ/ക്വിന്റൽ) സി 2+50 അനുസരിച്ചുള്ള വില 8,679 രൂപ/ക്വിന്റൽ ആയിരിക്കും. അതേസമയം, കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിച്ച താങ്ങുവില ക്വിന്റലിന് വെറും 6,620 രൂപ മാത്രമാണ്. ഒരു ഹെക്ടറിൽ നിന്ന് 15 ക്വിന്റൽ ശരാശരി ഉൽപ്പാദനം എന്ന് കണക്കാക്കിയാൽ നഷ്ടം ഹെക്ടറിന് 30,885 രൂപയായിരിക്കും. സംസ്ഥാന സർക്കാർ പറയുന്നതനുസരിച്ച് സി 2 + 50 പ്രകാരം ക്വിന്റലിന് 16,547 രൂപയോ അല്ലെങ്കിൽ പ്രഖ്യാപിക്കപ്പെട്ട താങ്ങുവിലയെക്കാൾ ക്വിന്റലിന് 9,927 രൂപ കൂടുതലോ ആയിരിക്കും. അതായത് ഹെക്ടറിന് 1,48,905 രൂപയുടെ നഷ്ടം. സംസ്ഥാനത്ത് ഏകദേശം 19 ലക്ഷം ഏക്കർ നിലമുള്ളതിനാൽ കേന്ദ്രത്തിന്റെ താങ്ങുവിലയും സംസ്ഥാനത്തിന്റെ നിർദ്ദിഷ്ട താങ്ങുവിലയിലും കൂടി നഷ്ടം ഏകദേശം 5,868 കോടി രൂപ മുതൽ 28,291 കോടി രൂപ വരെ ആയിരിക്കും. ഇത് കർഷകരെ വലിയ നിരാശയിലാഴ്-ത്തുന്നു. പരുത്തി മേഖലയിലെ കർഷകർ ആത്മഹത്യ വർദ്ധിക്കുന്നതിന്റെ കാരണം ഇതിൽനിന്ന് നമുക്കൂഹിക്കാവുന്നതേയുള്ളൂ.

റബറിന്റെ കാര്യമെടുത്താൽ, 2011ൽ കർഷകന് കിലോയ്ക്ക് 230 രൂപ കിട്ടിയിരുന്നത് ഇപ്പോൾ കിലോയ്ക്ക് 124 രൂപയായി കുത്തനെ ഇടിഞ്ഞു. ഒരു ഹെക്ടർ സ്ഥലത്ത് ശരാശരി 1,500 കിലോഗ്രാം റബർ ഉൽപ്പാദിക്കുകയാണെങ്കിൽ 3,45,000 രൂപ വരുമാനം കിട്ടുമായിരുന്നത് ഇപ്പോൾ 1,86,000 രൂപയായി കുറഞ്ഞിരിക്കുന്നു. അതായത് 1,59,000 രൂപയുടെ നഷ്ടം. വർദ്ധിച്ചു വരുന്ന കൃഷിച്ചെലവ് കണക്കിലെടുത്താൽ നഷ്ടവും തുച്ഛമായ ആദായവും എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. തെറ്റായ വ്യാപാര നയം, ഇന്ത്യ –ആസിയാൻ സ്വതന്ത്ര വ്യാപാരക്കരാർ, പൂജ്യം ഇറക്കുമതി തീരുവ എന്നിവയും കോർപ്പറേറ്റ് ശിങ്കിടികളുടെയും ടയർ നിർമ്മാതാക്കളുടെയും തീട്ടൂരങ്ങളും കർഷകരെ പ്രതിസന്ധിയിലേക്കു തള്ളിവിട്ടു. ടയർ നിർമ്മാതാക്കൾ തങ്ങളുടെ പണപ്പെട്ടി നിറയ്ക്കുമ്പോഴും ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടത്തിൽപ്പെട്ട് കർഷകർ നട്ടം തിരിയുകയാണ്..

വില നിയന്ത്രണം എടുത്തുകളഞ്ഞതുമൂലം കമ്പനികൾക്ക് തോന്നുന്നതുപോലെ വില നിശ്ചയിക്കാൻ കഴിയുമെന്നതിനാൽ കർഷകർക്ക്, തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് അന്യായമാംവിധം താഴ്-ന്ന വില ലഭിക്കുകയും ഇൻപുട്ടുകൾക്ക് എക്കാലവും വില വർധിച്ചു കൊണ്ടിരിക്കുകയും ചെയ്യുകയുമെന്ന കുരുക്കിൽ തളച്ചിടപ്പെടുകയാണ്. താങ്ങുവിലയിലെ വർധന ഉപഭോകൃതവിലയും വർദ്ധിപ്പിക്കും എന്നതാണ് പലപ്പോഴും ഉപയോഗിക്കുന്ന തന്ത്രം. എന്നാൽ കർഷകരുടെയും ഉപഭോക്താക്കളുടെയും ചെലവിൽ കച്ചവടക്കാർ ലാഭം കൊയ്യുന്നത് തടയാൻ യാതൊന്നും ചെയ്യുന്നില്ല. മികച്ച കൃഷി രീതികൾ, ഉയർന്ന വിളവു തരുന്ന ഇനങ്ങൾ എന്നിവ ഉപയോഗിച്ച് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കേണ്ടതിന്റെ അനിവാര്യതയും സബ്സിഡിയോടുകൂടി ഗുണനിലവാരമുള്ള ഇൻപുട്ടുകൾ താങ്ങാൻ കഴിയുന്ന നിരക്കിൽ നൽകിക്കൊണ്ട് ഉൽപ്പാദനച്ചെലവുകൾ കുറയ്ക്കേണ്ടതും ആവശ്യമാണെന്നും ദൽവായി കമ്മിറ്റി പോലും തിരിച്ചറിഞ്ഞുകഴിഞ്ഞു. എന്നിരുന്നാലും കോർപ്പറേറ്റ് കമ്പനികൾ, ബഹുരാഷ്ട്ര കുത്തകകൾ, ഏജൻസികൾ, കർഷകരുടെ ചോരയൂറ്റിക്കുടിക്കുന്ന അഗ്രി ബിസിനസുകാരുടെ താൽപര്യങ്ങൾക്കായി വാദിക്കുന്ന വ്യക്തികൾ എന്നീ വിഭാഗങ്ങളുടെയെല്ലാം തീട്ടൂരങ്ങൾക്കാണ് പ്രാധാന്യം കൽപിക്കുന്നത്. നിർണായകരൂപങ്ങളോ പിന്തുണയോ പൊതുവായി നൽകുന്നതിനുള്ള ഒരു തന്ത്രം രൂപപ്പെടുത്തുകയും അത് നിറവേറ്റുന്നതിനുള്ള വിഭവങ്ങൾ നൽകുകയും ചെയ്യുന്നതിനുപകരം നിലവിലെ ഗവൺമെന്റ് ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ നിന്നും ഒഴിഞ്ഞുമാറുകയാണ്. കർഷകരെയും കൃഷിയെയും പിന്തുണയ്ക്കുന്നത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്ക് അനിവാര്യമാണെന്ന യഥാർഥ്യംപോലും നിലവിലെ നയങ്ങൾ കണക്കിലെടുക്കുന്നില്ല.

കർഷകരെ മനപ്പൂർവം കടക്കെണിയിലേക്ക് തള്ളിവിടുകയും പാപ്പരാക്കുകയും സ്വന്തം ഭൂമിയിൽ നിന്നും അവരെ പുറത്താക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി സർക്കാർ മുന്നോട്ടുനീങ്ങുന്നത്. കോർപ്പറേറ്റ് കമ്പനികളുടെ ലാഭം പരമാവധിയാക്കുക എന്ന ലക്ഷ്യവും ഇതിലൂടെ നിറവേറ്റുന്നു. മൂന്ന് കാർഷികനിയമങ്ങളും വൈദ്യുതി നിയമങ്ങളും കർഷകരെ കൃഷി ഭൂമിയിൽ നിന്നും പിഴുതെറിയാനുള്ള പദ്ധതിയുടെ ഭാഗമാണ്. വർധിച്ച ഉൽപ്പാദനച്ചെ ലവുകളും കുറഞ്ഞ വിളവും കുറഞ്ഞ വിലയും മൂലം കൃഷി കർഷകർക്ക് അപ്രാപ്യമാവുകയാണ്. വാഗ്ദാനങ്ങളുടെയും ഉറപ്പുകളുടെയും പെരുമഴയാണെങ്കിലും കഴിഞ്ഞ 10 വർഷത്തിനിടയിൽ കർഷകരും കർഷക ത്തൊഴിലാളികളും കുടിയേറ്റക്കാരായ ദിവസവേതനത്തൊഴിലാളികളുമുൾപ്പെടെയുള്ള നാല് ലക്ഷം പേരുടെ ആത്മഹത്യ, കാർഷിക മേഖലയിലെ ദുരിതം എത്രമാത്രം ആഴത്തിലുള്ളതാണെന്നു കാണിക്കുന്നു. കർഷകരുടെ ദുരിതങ്ങൾ ഇരട്ടിയാക്കുന്നതിൽ മാത്രമാണ് മോദി സർക്കാർ വിജയിച്ചത്. ‘മോദിയുടെ ഉറപ്പ്’ (മോദി കി ഗാരണ്ടി) കർഷകരുടെ ദുരിതങ്ങൾക്കിടയിലും ലാഭം കൊയ്യുകയും സമ്പത്ത് ഇരട്ടിയാക്കുകയും മാത്രമല്ല പലമടങ്ങ് വർധനയുണ്ടാക്കുന്ന കോർപ്പറേറ്റ് ശിങ്കിടികൾക്കുള്ളതാണ്. ആ ‘ഉറപ്പ്’ കർഷകരുടെ ജീവിതത്തിൽ മരണവും ദുരിതവും മാത്രമാണ് വിതച്ചത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × five =

Most Popular