മനുഷ്യ ജീവിതത്തിന്റെയും പ്രകൃതിയുടെയും ജീവജാലങ്ങളുടെയും ഘടനയിൽ അപ്രതീക്ഷിത മാറ്റങ്ങളാണ് നിര്‍മ്മിത ബുദ്ധി കരുതിവെക്കുന്നത്. ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ വന്ന സ്ഫോടനാത്മകമായ സാങ്കേതികവിദ്യയിലൂടെ വന്ന മാറ്റങ്ങളെയെല്ലാം മറികടന്നു കൊണ്ടുള്ള പുതിയ സങ്കേതങ്ങള്‍ ലോകത്തെ മാറ്റിനിര്‍മ്മിക്കാന്‍ പോന്നവയായിട്ടാണ് ഇതുവരെ വന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഫാക്ടറികളിലെ സ്വയം പ്രവര്‍ത്തിക്കുന്ന മെഷീനുകള്‍ക്കും റോബോട്ടുകള്‍ക്കും അതീതമായി നിര്‍മ്മിത ബുദ്ധി ലോക ജനതയിലേക്ക് കയറിച്ചെല്ലുകയാണ്. തൊഴിൽ രംഗങ്ങളിൽ നിന്നും മനുഷ്യരെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള സാഹചര്യം സംജാതമായി വരുന്നു. അടുത്തിടെ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (MIT) വിദഗ്ധര്‍ കണ്ടെത്തിയത്, നിര്‍മ്മിത ബുദ്ധി ഉപകരണങ്ങളുടെ (AI Tools) പ്രയോഗത്താൽ ഉൽപാദനം 14% കണ്ട് വര്‍ദ്ധിച്ചുവെന്നാണ്. ഒപ്പം ഇടപാടുകാരുടെ സംതൃപ്തിക്കും സന്തോഷത്തിനും ഇടയാക്കിയെന്നും. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ ഉൽപാദനത്തിന്റെയും സേവനത്തിന്റെയും രംഗത്ത് ഒരു കുതിച്ചു കയറ്റം തന്നെ ഉണ്ടാവുകയാണ്. നിര്‍മ്മിത ബുദ്ധിയുടെ ആഗമനം കൊണ്ട് തൊഴിലാളികള്‍ അവരുടെ തൊഴിലുകളിൽ ഉന്നത മികവ് പ്രകടിപ്പിച്ചില്ലെങ്കിൽ ജോലിയിൽ തുടരാന്‍ പ്രയാസപ്പെടും.
ഏത് മേഖലയിലായാലും ഓട്ടോമേഷന്‍, ജോലി സാധ്യതകള്‍ കുറയ്ക്കുകയും ജോലി ചെയ്യുന്നവരുടെ വേതനത്തിൽ കുറവുവരുത്തുകയും സാമൂഹിക സുരക്ഷിത മേഖലകളിൽ ഈ കുറവുകള്‍ ഗണ്യമായി പ്രകടമാവുകയും ചെയ്യും എന്നത് നമ്മുടെ മുന്‍കാല അനുഭവങ്ങളാണ്. നിര്‍മ്മിത ബുദ്ധിയുടെ ഫലപ്രദമായ നിര്‍വഹണത്തിലൂടെ 2030 ആകുമ്പോഴേക്കും ആഗോള ജിഡിപി 14% കണ്ട് വര്‍ദ്ധിക്കുമെന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് (PWC) ഒരു പഠനത്തിൽ വെളിപ്പെടുത്തിയത് ഈയിടെയാണ്. ഈ റിപ്പോര്‍ട്ട് പ്രകാരം എ ഐ കൊണ്ടുള്ള ഏറ്റവും വലിയ സാമ്പത്തിക നേട്ടം കൈവരിക്കാന്‍ പോകുന്നത് ചൈനയായിരി ക്കുമെന്നും 2030 ആകുമ്പോഴേക്കും ചൈനയുടെ ജി ഡി പി 26% കണ്ട് വര്‍ദ്ധിക്കുമെന്നും പറയുന്നു. ഒപ്പം തന്നെ ജനസംഖ്യയിൽ ചൈനയെ മറികടന്ന ഇന്ത്യക്കും നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞേക്കുമെന്നും നിരീക്ഷിക്കപ്പെടുന്നു. സുപ്രീംകോടതി നിര്‍ദ്ദേശം വന്നിട്ട് ഏഴ് വര്‍ഷം കഴിയുമ്പോഴാണ് ഡാറ്റാ പ്രൊട്ടക്ഷന്‍ ബി (2023) ഇന്ത്യന്‍ പാര്‍ലമെന്റിൽ അവതരിപ്പിച്ചതുതന്നെ. മണിപ്പൂര്‍ സംസ്ഥാന വിഷയം ചര്‍ച്ച ചെയ്യുന്ന വേളയിൽ ഒരു ചര്‍ച്ചയ്ക്കും ഇട നൽകാതെ ബില്ല് പാസ്സാവുകയാണുണ്ടായത്. ബില്ലിലെ പോരായ്മകള്‍ വിദഗ്ധര്‍ക്കിടയിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുന്നു; അതുസംബന്ധിച്ച തുടര്‍ചര്‍ച്ചയിലുമാണ്. പ്രസിഡന്റ് ആഗസ്റ്റ് 12ന് ഒപ്പിട്ടതോടെ ബിൽ നിയമമായി. ഏകദേശ കണക്കുവെച്ച് 80 കോടിയോളം ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഉള്ള ഇന്ത്യയിലാണിത് സംഭവിച്ചതെന്നോര്‍ക്കണം. ബില്ലിലെ വ്യവസ്ഥകളാകട്ടെ, ഭരണകൂടത്തിന് നേരിട്ട് കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും നൽകുന്നു. ഈ സ്വാതന്ത്ര്യം ഇതുവരെ അനുഭവിച്ചത് വന്‍കിട കുത്തക കമ്പനികള്‍ ആയിരുന്നുവെന്നത് നാം അനുഭവിച്ചതാണല്ലോ. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള വിവിധ ആപ്ലിക്കേഷനുകള്‍ക്കുമേൽ തങ്ങളുടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ലോകത്തെ തന്നെ ആദ്യത്തെ ആര്‍ട്ടിഫിഷ്യൽ ഇന്റലിജന്‍സ് ആക്ട് 2023, ഇക്കഴിഞ്ഞ ജൂണ്‍ 14ന് യൂറോപ്യന്‍ യൂണിയന്‍ പാസാക്കുകയുണ്ടായി.
2023 ഏപ്രിലിൽ ഗോള്‍ഡ്മാന്‍ സാച്ച്സ് എന്ന കമ്പനി പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടിൽ പറയുന്നത് ജനറേറ്റീവ് നിര്‍മ്മിത ബുദ്ധി മാത്രം വരുന്ന 10 വര്‍ഷത്തിനകം ആഗോള ജിഡിപിയെ 7% വെച്ച് വര്‍ദ്ധിപ്പിക്കും എന്നാണ്. ഇതാകട്ടെ, ജനറേറ്റീവ് എ ഐക്ക് മനുഷ്യന് തുല്യമായ പ്രവര്‍ത്തനക്ഷമത നൽകുന്നതിലൂടെയും അതുവഴി മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള പരസ്പര ആശയവിനിമയത്തിനുള്ള തടസ്സങ്ങള്‍ നീങ്ങുന്നതിലൂടെയും ആയിരിക്കും. ചാറ്റ് ജി പി ടി അടക്കമുള്ള ജനറേറ്റീവ് എ ഐ ആപ്ലിക്കേഷനുകള്‍ സങ്കീര്‍ണ്ണങ്ങളായ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ തയ്യാറാക്കുന്നത് കൂടാതെ പ്രയാസമേറിയ പരീക്ഷകള്‍ എളുപ്പത്തി എഴുതിയും എന്തിനേറെ നല്ല സുന്ദരമായ വരികള്‍ കോര്‍ത്തിണക്കി കവിതകള്‍ എഴുതിയും നമ്മെ വിസ്മയിപ്പിക്കാന്‍ പോന്നവയുമാണ്. വ്യക്തിഗത വിവരങ്ങളുടെ അനധികൃതമായ സമ്പാദനവും അതിന്റെ വിനാശകരമായ വിനിയോഗവും കണക്കിലെടുത്ത് 2023 മാര്‍ച്ചിൽ ഇറ്റലി ചാറ്റ് ജി പി ടിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ചൈന അടക്കമുള്ള ചില രാജ്യങ്ങളും ചാറ്റ് ജി പി ടിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. മെക്കിന്‍സി ഗ്ലോബൽ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ റിപ്പോര്‍ട്ടിൽ പറയുന്നത് എ ഐ ഉപയോഗിച്ച് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ആദ്യകാലങ്ങളിൽ സാധിച്ചാലും അത് വന്‍കിട വ്യവസായ സ്ഥാപനങ്ങളിൽ വലിയ സാങ്കേതിക വേര്‍തിരിവ് സൃഷ്ടിക്കുമെന്നാണ്.
ഈയിടെ പ്രസിദ്ധീകരിക്കപ്പെട്ട യു എസിലെ ഒരു സാമ്പത്തിക റിപ്പോര്‍ട്ട് പ്രകാരം അവിടെയുള്ള 85 ശതമാനത്തിലധികം പേരും ജോലി ചെയ്യുന്നത് പുതിയ ദശകങ്ങളിൽ സൃഷ്ടിക്കപ്പെട്ട ജോലിയാണ്. ഇതാകട്ടെ, സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമാണ്. എ ഐയുടെ ഈ രംഗത്തേക്കുള്ള കുതിച്ചുചാട്ടം അവിടുത്തെ തൊഴിൽ മേഖലക്ക് ഭീഷണി ഉയര്‍ത്തുമെന്ന് കരുതപ്പെടുന്നു. ലോകത്ത് ഇന്നേവരെ നടന്ന മുഖ്യ പഠനങ്ങളെല്ലാം വെളിപ്പെടുത്തുന്നത് എ ഐ യുടെ ഇടപെടൽ വളര്‍ച്ചയിൽ നല്ല രീതിയിൽ പ്രതിഫലിക്കുമെന്നാണ്. കാര്‍ഷികരംഗത്ത് വിത്തുകളിലെ ജീനുകളുടെ അപഗ്രഥനങ്ങളിലൂടെയുള്ള കണ്ടെത്തലുകള്‍ വഴി ധാന്യങ്ങളുടെയും ഫലങ്ങളുടെയും ഉൽപ്പാദനം ക്രമാതീതമായി വര്‍ദ്ധിപ്പിക്കാം എന്ന് കൃത്യമായ സൂചനകള്‍ ഉണ്ട്. നിലവിൽ ജീനുകളിൽ മാറ്റം വരുത്തിയ ചില വിത്തിനങ്ങള്‍ പ്രയോഗത്തിലുണ്ടെങ്കിലും (GM ജനറ്റിക്കലി മോഡിഫൈഡ്) നിര്‍മ്മിത ബുദ്ധിയുടെ സഹായത്താൽ വിത്തുകളുടെ ജീനുകളിൽ മാറ്റം വരുത്തി രോഗപ്രതിരോധശേഷിയുള്ള അത്യുൽപാദനം നൽകുന്ന വിത്തിനങ്ങള്‍/ഫലവൃക്ഷത്തെെകള്‍ ഉൽപ്പാദിപ്പിക്കാം എന്നതാണ്. ഒപ്പം തന്നെ, പ്രകൃതിയുടെയും കൃഷി ചെയ്യുന്ന മണ്ണിന്റെയും പരിസ്ഥിതിയുടെയും സാഹചര്യം നേരത്തെ ഗണിച്ച് കൃഷിക്ക് അനുകൂലമാക്കിത്തീര്‍ക്കാനും സാധിക്കും. മനുഷ്യ ശരീരത്തിലെ ജീനുകള്‍ അടക്കമുള്ള സൂക്ഷ്മാണുക്കളെ അപഗ്രഥിച്ച് മരുന്ന് നിശ്ചയിച്ച് നിര്‍ദ്ദേശിക്കാന്‍ എ ഐ ഉപയോഗപ്പെടുത്താം. എക്സ്þറേ, സ്കാനിങ് എന്നിവയ്ക്ക് പകരം എ ഐ അപഗ്രഥനത്തിലൂടെ മാരകരോഗങ്ങളെ മുന്‍കൂട്ടി അറിഞ്ഞു രോഗം നിര്‍ണ്ണയിക്കാനും മാറ്റിയെടുക്കാനുമുള്ള സാധ്യതകള്‍ തെളിഞ്ഞു വരികയാണ്.
ഇങ്ങനെ പലതും മാറ്റി പ്രതിഷ്ഠിക്കപ്പെടുമ്പോള്‍ പലയിടങ്ങളിൽ നിന്നും മനുഷ്യശേഷിക്ക് പകരം നിര്‍മ്മിത ബുദ്ധി കാര്യങ്ങള്‍ നിര്‍വഹിക്കുകയാണല്ലോ. പല തൊഴിലുകളും ഇല്ലാതാകുമ്പോള്‍ ചിലയിടങ്ങളിൽ നിര്‍മ്മിത ബുദ്ധി പുതിയ തൊഴിൽ മേഖലകള്‍ തുറക്കും. സ്പെഷ്യലൈസേഷന്‍ അടക്കമുള്ള പഴയ തൊഴിലവസരങ്ങള്‍ക്ക് പകരം ആധുനികതയുടെ പുതിയ മണ്ഡലങ്ങള്‍ റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്കയുടെ നേതൃത്വത്തിൽ ഹോളിവുഡിലെ തിരക്കഥാകൃത്തുക്കള്‍ അടക്കം ഈ വര്‍ഷം മെയ് രണ്ടിന് ആരംഭിച്ച സമരം മെച്ചപ്പെട്ട വേതനത്തോടൊപ്പം തങ്ങളുടെ തൊഴിലിനെ ബാധിക്കും വിധം നിര്‍മ്മിത ബുദ്ധിയുടെ അമിത ഉപയോഗം പാടില്ലെന്നും ആവശ്യപ്പെട്ടാണ്. ജൂലൈ 14 മുതൽ അഭിനേതാക്കളും സമരത്തിനിറങ്ങിയപ്പോള്‍ ഹോളിവുഡ് നിശ്ചലമാമായി.
വര്‍ദ്ധിച്ച തോതിലുള്ള മൂലധന പര്യാപ്തത
നിര്‍മ്മിത ബുദ്ധിയുടെ ഗുണങ്ങള്‍ ഗണ്യമായി ലഭ്യമാകണമെങ്കിൽ ഈ മേഖലയിൽ കൂടുതൽ നിക്ഷേപം അനിവാര്യമാണ്. ഒപ്പം വ്യാപാര വ്യവസായ രംഗത്തെ പുനഃക്രമീകരണവും. നേരത്തെ ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ സാങ്കേതികവിദ്യാ വികസനത്തിൽ മൂലധനത്തിന്റെ വ്യാപനവും അതിന്റെ കേന്ദ്രീകരണവും കൊണ്ടുള്ള വിപത്തുകള്‍ അനുഭവിക്കുന്നവരാണ് നമ്മള്‍. മൈക്രോസോഫ്റ്റ് അടക്കമുള്ള വന്‍ കുത്തകകള്‍ മൂലധനത്താൽ സാങ്കേതികവിദ്യാ വികസനത്തിന്റെ അധിപരായി മാറിയല്ലോ.
എന്തിനേറെ മനുഷ്യകുലത്തിന് ആകെ വിനാശകരമായ കോവിഡ് എന്ന മഹാമാരിയുടെ വ്യാപനം വന്നപ്പോഴും കഷ്ടപ്പെട്ടത് സാധാരണ ജനങ്ങളായിരുന്നു. കോവിഡ് പ്രതിരോധ വാക്സിന്റെയും അനുബന്ധ മരുന്നുകളുടെയും നിര്‍മ്മാണവും വിതരണവും വഴി ലോകത്ത് ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ക്രമാതീതമായ വര്‍ദ്ധനയ്ക്ക് നാം സാക്ഷ്യം വഹിച്ചു. ഇന്ത്യയിലാകട്ടെ പൊതുമേഖലാ കമ്പനികളെ മാറ്റിനിര്‍ത്തി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നീ കമ്പനികള്‍ക്ക് വാക്സിന്‍ നിര്‍മ്മാണാനുമതി നൽകി. ചെറുകിട പൊതുമേഖലാ കമ്പനികള്‍ക്കാകട്ടെ തുച്ഛമായ സംഖ്യയുടെ നിര്‍മ്മാണ കരാറുകളും. പറഞ്ഞുവന്നത് മനുഷ്യകുലത്തെയാകെ പരിഭ്രാന്തിയിലാക്കിയ മഹാമാരിയുടെ നേട്ടവും മൂലധനം നിയന്ത്രിച്ച വന്‍കുത്തകകള്‍ക്കായിരുന്നു. ഇനി വ്യാപാര പുനഃക്രമീകരണത്തെ കുറിച്ചാകാം.
ബാങ്കുകള്‍ അടക്കമുള്ള ധനകാര്യസ്ഥാപനങ്ങളുടെ മേലുള്ള നിയന്ത്രണവും നിരീക്ഷണവും ഫലപ്രദമാക്കുന്നതിന് നിര്‍മ്മിത ബുദ്ധി ഉപയോഗപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഈയിടെ തീരുമാനം എടുത്തു. ഇതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ ആയ മക്കിന്‍സി ആന്‍ഡ് കമ്പനിയെയും ആക്സഞ്ചര്‍ സൊല്യൂഷന്‍സിനെയും ചുമതലപ്പെടുത്തിക്കഴിഞ്ഞു. നിലവിൽ റിസര്‍വ് ബാങ്ക് പരിമിതമായ തോതിൽ നിര്‍മ്മിത ബുദ്ധിയും മെഷീന്‍ ലേണിങ്ങും ഉപയോഗിക്കുന്നുണ്ട്. നേരത്തെ സാങ്കേതിക വിദ്യയുടെ ഗുണമേന്മകള്‍ തങ്ങളിലേക്ക് സ്വരൂപിക്കുന്നതിൽ വന്‍കിട കമ്പനികള്‍ ഉപയോഗപ്പെടുത്തിയിരുന്നത് ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളെ ആയിരുന്നു. ഇന്‍ഷുറന്‍സ്, ആരോഗ്യം, ബാങ്കിംഗ് തുടങ്ങി മിക്ക മേഖലകളിലും ഇതുപോലുള്ള കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളെ നിയോഗിച്ച് പുനഃക്രമീകരണങ്ങളിലൂടെ പരമാവധി മനുഷ്യ വിഭവശേഷിയെ മാറ്റിനിര്‍ത്തുകയാണ് ഉണ്ടായത്. ഒപ്പം അതാത് സ്ഥാപനത്തിന്റെ പരമാവധി ലാഭം എല്ലാ ശ്രേണികളിലും ഉറപ്പുവരുത്തുകയും. ഇവിടെ ലാഭം വര്‍ദ്ധിപ്പിക്കുക എന്നതുമാത്രമാണ് ലക്ഷ്യം വെക്കുന്നത്. വ്യക്തികളുടെയും സംഘടനകളുടെയും പൂര്‍ണ്ണ വിവരങ്ങള്‍ ആഗോള കൺസൾട്ടസികളുടെ പക്കലെത്തിക്കൊണ്ടിരിക്കുകയാണ്.
അമേരിക്കയിൽ തന്നെ സമീപ കാലത്ത് നടന്ന സര്‍വ്വേകളിൽ പൊതുവായി പരാമര്‍ശിക്കപ്പെടുന്നത്, നിര്‍മ്മിത ബുദ്ധിയുടെ ആഗമനം സമൂഹത്തിൽ ആഴത്തിലുള്ള വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്ന് തന്നെയാണ്. അതാകട്ടെ, തൊഴിൽ മേഖല, വിവരശേഖര സ്വകാര്യത, രാഷ്ട്രീയം, യുദ്ധരംഗം എന്നിവയിലടക്കം മുന്‍കൂട്ടി പ്രതീക്ഷിക്കാന്‍ പറ്റാത്ത തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ക്കിടയാക്കും എന്നും പ്രസ്തുത സര്‍വ്വേകളിൽ ചൂണ്ടിക്കാണിക്കുന്നു. ♦