Thursday, May 2, 2024

ad

Homeനിരീക്ഷണംബിജെപിയുടെ വേവലാതികൾ

ബിജെപിയുടെ വേവലാതികൾ

വി ബി പരമേശ്വരൻ

ടുത്ത വർഷം ലോക്-സഭയിലേക്കും ഈ വർഷാവസാനം നാല് നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് അടുത്തതോടെ കേന്ദ്രഭരണകക്ഷിയായ ബിജെപിക്ക് വേവലാതി വർധിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടകത്തിൽ ദയനീയമായി തോറ്റതിനു ശേഷം നടക്കുന്ന മധ്യ പ്രദേശ്, രാജസ്താൻ, ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തോൽക്കുന്ന പക്ഷം അത് മോദിക്ക് മൂന്നാം ഊഴം നഷ്ടപ്പെടുത്തുമോ എന്നതാണ് ബിജെപിയെ അലട്ടുന്ന കാര്യം. അതിനാൽ എന്തു വിലകൊടുത്തും ഈ സംസ്ഥാനങ്ങളിൽ വിജയിക്കാനുള്ള തന്ത്രമാണ് ബിജെപി നേതൃത്വം പുറത്തെടുക്കുന്നത്. എന്നാൽ ജനരോഷത്തിന് മുമ്പിൽ അതൊന്നും ഏശുന്നില്ലെന്നതാണ് യാഥാർഥ്യം. കഴിഞ്ഞ ദിവസങ്ങളിൽ മധ്യപ്രദേശിൽ ഉണ്ടായ സംഭവങ്ങൾ മാത്രം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.

ഓപ്പറേഷൻ താമരയിലൂടെ ബിജെപി ഭരണം നേടിയ സംസ്ഥാനമാണ് മധ്യപ്രദേശ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 230 അംഗസഭയിൽ കോൺഗ്രസിന് 114 സീറ്റും ബിജെപിക്ക് 109 സീറ്റും ലഭിച്ചു. സ്വതന്ത്രരുടെ പിന്തുണയോടെ കോൺഗ്രസ് മന്ത്രിസഭ കമൽനാഥ് രൂപീകരിച്ചു. എന്നാൽ ജ്യോതിരാദിത്യ സിന്ധ്യയൂടെ നേതൃത്വത്തിൽ 20 ലധികം കോൺഗ്രസ് എം എൽ എ മാരെ ബിജെപി പാളയത്തിലെത്തിച്ചാണ് ശിവരാജ് സിങ് ചൗഹാൻ നാലാമതും മുഖ്യമന്ത്രിയായത്. 18 വർഷം മുഖ്യന്ത്രിസ്ഥാനത്തിരുന്ന ചൗഹാനെതിരെ ഭരണവിരുദ്ധവികാരം ശക്തമാണ്. അതിനാൽ ചൗഹാനെ പൂർണമായും തഴഞ്ഞുള്ള തിരഞ്ഞെടുപ്പ് തന്ത്രമാണ് ബിജെപി സ്വീകരിക്കുന്നത്. ചൗഹാനെ മുന്നിൽ നിർത്താതെ ഭരണ വിരുദ്ധവികാരം മറികടക്കാനുള്ള പോംവഴികളാണ് ബിജെപി തേടുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ നിയന്ത്രണം മോദി -–അമിത് ഷാ-–നദ്ദ കൂട്ടുകെട്ട് ഏറ്റെടുത്തു. തിരഞ്ഞെടുപ്പ് ചുമതല കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന് നൽകി. ഉപ ചുമതല മറ്റൊരു കേന്ദ്ര മന്ത്രിയായ അശ്വനി വൈഷ്ണവിനും നൽകി. തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായി മധ്യപ്രദേശിൽ നിന്നുള്ള കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെ നിയമിച്ചു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന ബിജെപി മുഖ്യമന്ത്രിയായിട്ടു പോലും ശിവരാജ് സിങ് ചൗഹാന് ഒരു ചുമതലയും നൽകിയില്ല.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ച് ജന ആശീർവാദ് യാത്രകൾ ബിജെപി നടത്തുകയുണ്ടായി. അമിത്ഷായും നിതിൻ ഗഡ്ക്കരിയും ഉദ്ഘാടനം ചെയ്ത ഈ യാത്രകളിൽ മാമാജി എന്നു വിളിക്കപ്പെടുന്ന ശിവരാജ് സിങ് ചൗഹാന് ഒരു റോളും ഉണ്ടായിരുന്നില്ല. സെപ്തംബർ 25 ന് അഞ്ച് ജന ആശീർവാദ് യാത്രകളും ഭോപ്പാലിൽ സമാപിച്ചു , ഈ യോഗത്തിൽ സംസാരിച്ച പ്രധാനമന്ത്രി മോദി , ചൗഹാന്റെ പേരുപോലും പരാമർശിച്ചില്ല. ഡബിൾ എഞ്ചിൻ ഗവർമെന്റിന്റെ നേട്ടങ്ങളെക്കുറിച്ചും മോദി മൗനം പാലിച്ചു. എല്ലാ പത്രങ്ങൾക്കും രണ്ട് ഫുൾപേജ് പരസ്യം നൽകി സർക്കാരിന്റെ നേട്ടങ്ങൾ പറയാൻ മുഖ്യമന്ത്രി തയ്യാറായത് മോദിക്കുള്ള മറുപടി കൂടിയാണെന്ന വിലയിരുത്തലുണ്ടായത് ഈ പശ്ചാത്തലത്തിലാണ്. ഒഴിഞ്ഞ കസേരകളും ശുഷ്കമായ സദസ്സുകളും പരസ്പരസംഘർഷവും കൊണ്ട് നിറം മങ്ങിയതായിരുന്നു ജന ആശീർവാദ് യാത്രകൾ. പലയിടത്തും ജനങ്ങൾ ബിജെപി നേതാക്കളെ ചോദ്യം ചെയ്യുന്ന സ്ഥിതിയുണ്ടായതായി ‘ദ പ്രിന്റ്’ റിപ്പോർട്ട് ചെയ്തു.

സെപ്തംബർ 25 നു രാത്രി പുറത്തുവന്ന ബി ജെ പി യുടെ രണ്ടാമത്തെ സ്ഥാനാർഥി ലിസ്റ്റ് മുഖ്യമന്ത്രിക്ക് സീറ്റ് ലഭിക്കില്ലെന്നതിനുള്ള വ്യക്തമായ സൂചനയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഗസ്ത് 23 നാണ് 39 പേരുടെ ആദ്യലിസ്റ്റ് പുറത്തുവന്നത്. തിങ്കളാഴ്ച 35 പേരുടെ ലിസ്റ്റ് കൂടി പ്രസിദ്ധീകരിച്ചു. ഈ 74 സീറ്റിൽ കഴിഞ്ഞ തവണ ബിജെപി ജയിച്ചത് മൂന്ന് സീറ്റിൽ മാത്രമായിരുന്നു. തോറ്റ സീറ്റിൽ നേരത്തേ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് സീറ്റ് വർധിപ്പിക്കാനാകുമോ എന്ന പരീക്ഷണമാണ് കേന്ദ്ര നേത്യത്വം നടത്തുന്നത്. എന്നാൽ രണ്ടാമത്തെ ലിസ്റ്റ് ഈ ലക്ഷ്യം നേടാൻ സഹായിക്കുന്നതല്ല എന്ന വിലയിരുത്തലാണ് പൊതുവേ ഉള്ളത്. മൂന്ന് കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ ഏഴ് സിറ്റിങ്ങ് എംപിമാരും ഒരു ബിജെപി ദേശീയ ജനറൽ സെക്രട്ടറിയുമാണ് രണ്ടാം പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമർ , കേന്ദ്രസഹമന്ത്രിമാരായ പ്രഹ്ളാദ് സിങ് പട്ടേൽ, ഫഗൻസിങ് കുലസ്ത എന്നിവരും മറ്റ് നാല്‌ എംപിമാരുമാണ് പട്ടികയിലുള്ളത്. മാൾവ മേഖലയിൽ ഡോൺ’ പരിവേഷമുള്ള കൈലാസ് വിജയവർഗിയയെയാണ് മത്സരരംഗത്തിറക്കിയിട്ടുള്ള ദേശീയ ജനറൽ സെക്രട്ടരി : ഇവരെല്ലാം തന്നെ മുഖ്യമന്ത്രി ചൗഹാന്റെ- എതിർ കേമ്പിലുള്ളവരാണ് എന്നത് മുഖ്യമന്ത്രിക്ക് സീറ്റുണ്ടാവില്ലെന്ന സംശയം ബലപ്പെടുത്തുന്നു . ബുധനാഴ്ച സെക്രട്ടറിയറ്റ് സ്റ്റാഫിനോട് മുഖ്യമന്ത്രി നന്ദിപ്രകടനം നടത്തിയതിലൂടെ തനിക്ക് സീറ്റ് ലഭിക്കില്ലെന്ന യാഥാർഥ്യം ശിവരാജ് സിങ് ചൗഹാനും ഉൾകൊണ്ടിരിക്കുന്നുവെന്ന വിലയിരുത്തലാണ് മാധ്യമങ്ങൾ നടത്തിയത്.,ശക്തരായ സ്ഥാനാർഥികളെ ഇറക്കി സീറ്റ് പിടിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും അതൊക്കെ പാളുമെന്നാണ് ആദ്യ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

മധ്യപ്രദേശിന്റെ വാണിജ്യതലസ്ഥാനമായ ഇൻഡോറിൽ മേയറും ആറു തവണ എംഎൽഎയുമായ വിജയവർഗിയയെ സ്ഥാനാർഥിയാക്കിയത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. സ്ഥാനാർഥിത്വത്തെക്കുറിച്ച് നടത്തിയ പ്രതികരണത്തിൽ അദ്ദേഹം തന്നെ പറഞ്ഞത് ഞാൻ സന്തുഷ്ടനല്ല എന്നാണ്. മത്സരിക്കാൻ ഒരു ശതമാനം പോലും ആഗ്രഹമില്ലെന്ന് പറഞ്ഞ വർഗിയ, ദേശീയ നേതാവായ തനിക്ക് ഇനി ജനങ്ങളുടെ മുമ്പിൽ കൈകൂപ്പി വോട്ട് അഭ്യർഥിക്കാൻ ആഗ്രഹമില്ലെന്ന് വ്യക്തമാക്കി. തനിക്ക് സീറ്റ് നൽകി മകൻ ആകാശ് വിജയ വർഗിയക്ക് സീറ്റ് നിഷേധിക്കുകയാണ് കേന്ദ്ര നേതൃത്വത്തിന്റെ കരുനീക്കമെന്ന് കൈലാസ് വിജയവർഗിയ തിരിച്ചറിയുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആദ്യമായി എം.എൽഎയായ ആകാശ് ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ചിലരെ മർദ്ദിച്ചത് വിവാദമായിരുന്നു. നരേന്ദ്രസിങ് തോമറിനും വലിയ ആവേശമൊന്നു മത്സരിക്കാനില്ല. എന്നാൽ ലോദ് വിഭാഗക്കാരനായ ഒബിസി നേതാവ് പ്രഹ്ളാദ് സിങ് പട്ടേൽ സന്തുഷ്ടനാണ്. കേന്ദ്ര നേതൃത്വത്തിനെതിരെ തിരിഞ്ഞ ഉമാഭാരതിയിൽ നിന്നുള്ള കലാപം തടയുക ലക്ഷ്യമിട്ടാണ് പ്രഹ്ളാദിനെ സ്ഥാനാർഥിയാക്കിയതെന്നാണ് മാധ്യമ നിരീക്ഷണം. മുഖ്യമന്ത്രിസ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ടപ്പോൾ പുതിയ പാർട്ടി ഉണ്ടാക്കിയ ഉമാഭാരതിക്കൊപ്പം നിലയുറപ്പിച്ച നേതാവാണ് പ്രഹ്ളാദ്.

എന്നാൽ പുതിയ സ്ഥാനാർഥി പട്ടികയിലൂടെ ശ്രദ്ധേയമായ മണ്ഡലം സിദ്ധിയാണ്. രണ്ട് തവണ സിദ്ധി ലോക്-സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച റിഥി പാഠക്കിനെയാണ് സിദ്ധി നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയിരിക്കുന്നത്. നിലവിൽ എംഎൽ എയായ കേദാർനാഥ് ശുക്ലയെ മാറ്റിയാണ് റിഥിക്ക് സീറ്റ് നൽകുന്നത്. ഒരു ആദിവാസി യുവാവിന്മേൽ മൂത്രം ഒഴിച്ച വിഷയവുമായുള്ള ബന്ധമാണ് കേദാർനാഥ് ശുക്ളക്ക് സീറ്റ് നഷ്ടപ്പെടാൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. കേദാർനാഥിന്റെ അടുത്ത അനുയായി പ്രവേഷ് ശുക്ളയാണ് ഈ കൊടുംപാതകം ചെയ്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 10 ശതമാനം ആദിവാസി വോട്ട് ബിജെപിക്ക് നഷ്ടപ്പെടുമെന്ന സർവെ റിപ്പോർട്ടാണ് ശുക്ളക്ക് വിനയായത്. മണ്ഡലത്തിൽ ഒരു ബന്ധവുമില്ലത്ത, 100 രൂപയുടെ പ്രവൃത്തി പോലും മണ്ഡലത്തിനായി ചെയ്യാത്ത റിഥിക്ക് സീറ്റ് നൽകിയത് ആരാണെന്ന ചോദ്യമാണ് മേഖലയിലെ ബ്രാഹ്മണ മുഖമായ കേദാർനാഥ് ശുക്ള ചോദിക്കുന്നത്. മോദിക്ക് അദാനിയുമായി ഉണ്ടെന്ന് ആരോപിക്കുന്ന ബന്ധമേ തനിക്ക് പ്രവേശ് ശുക്ളയുമായുള്ളൂ എന്നും കേദാർനാഥ് വിശദീകരിക്കുന്നു. സ്വാഭാവികമായും റിഥി പാഠക്കിനെതിരെ വിമതനായി കേദാർനാഥ് രംഗത്തു വന്നേക്കാം. ഈ സീറ്റ് കേദാർനാഥിൽ നിന്നും തട്ടിയെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ആദിവാസിക്ക് മേൽ മൂത്രം ഒഴിച്ച വീഡിയോ വൈറൽ ആക്കിയത്. മുൻ സിദ്ധി ബിജെപി ജില്ലാ പ്രസിസന്റും ജനസംഘ കാലം മുതലുള്ള പ്രവർത്തകനുമായ രാജേഷ് മിശ്രയാണ് ഈ കരുനീക്കം നടത്തിയത്. മകൻ അനൂപ് മിശ്രക്ക് സീറ്റ് നേടിക്കൊടുക്കുകയായിരുന്നു ലക്ഷ്യം . എന്നാൽ റിഥിക്ക് സീറ്റ് നൽകിയതോടെ ഈ പദ്ധതി പൊളിഞ്ഞു. അതിനാൽ രാജേഷ് മിശ്ര ബി ജെ പിയിൽ നിന്നും രാജിവെച്ചു: മകന് കോൺഗ്രസ് ടിക്കറ്റ് സംഘടിപ്പിക്കാനുള്ള തിരക്കിലാണിപ്പോൾ ഈ നേതാവ്.

ഇതെല്ലാം വിരൽ ചൂണ്ടുന്നത് ബിജെപിക്ക് വിജയം അത്ര എളുപ്പമല്ല എന്നാണ്. മൂന്ന് കേന്ദ്രമന്ത്രിമാരെയും ഏഴ് എംപിമാരെയും രംഗത്തിറക്കിയത് ആരാണ് അടുത്ത മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന ചർച്ചയ്-ക്ക് തുടക്കമിടും. ഇതും തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന ആശങ്കയാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. കഴിഞ്ഞ ലോക്-സഭാ തിരഞ്ഞെടുപ്പിൽ 29 ൽ 28 സീറ്റും നേടിയ ബിജെപിക്ക് മധ്യപ്രദേശിൽ ഇക്കുറി ആ വിജയം ആവർത്തിക്കാനാവില്ലെന്ന് ഉറപ്പിച്ചു പറയാം. നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റാൽ ആഘാതം കൂടുതലാകുമെന്നതിലും സംശയമില്ല. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − nine =

Most Popular