Saturday, November 23, 2024

ad

Homeനിരീക്ഷണംവാർത്താമുറികൾക്ക് വിലങ്ങു വീഴുന്നു

വാർത്താമുറികൾക്ക് വിലങ്ങു വീഴുന്നു

കെ വി സുധാകരൻ

ബിബിസിയുടെ ഇന്ത്യയിലെ വാർത്താമുറിക്ക് വിലങ്ങു വീണതിനെപ്പറ്റി ഉള്ളുതുറന്ന് സംസാരിക്കാൻ പോലും രാജ്യത്തെ പ്രമുഖ വാർത്താചാനലുകൾക്കോ പ്രധാന പത്രങ്ങൾക്കോ കഴിഞ്ഞിട്ടില്ല എന്നതുതന്നെ രാജ്യത്തെ പത്രങ്ങളും മറ്റു മാധ്യമങ്ങളും എത്രയേറെ ഭീതിജനകമായ അന്തരീക്ഷത്തിലാണ് പ്രവർത്തിക്കുന്നതെന്നതിന്റെ തെളിവാണ്. അഥവാ, ഭൂരിപക്ഷം മാധ്യമങ്ങളും ഭീഷണിയുടെ വാളുകളുയർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തോട് നിലനിൽപ്പിനുവേണ്ടി സമരസപ്പെട്ടു പോകാൻ സ്വയം സജ്ജരായിരിക്കുന്നുവെന്നും കരുതാവുന്നതാണ്. ഇതിനു സമാനമായ ചരിത്രം നമുക്കു കാണാനാവുക നാസി ജർമനിയിലെ ഹിറ്റ്ലറുടെ കാലത്താണ്.

അടിയന്തരാവസ്ഥയ്ക്കും മോദി ഗ്യാരന്റി
അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് അരനൂറ്റാണ്ട് എത്താറായ സന്ദർഭത്തിലാണ് ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നു തോന്നിപ്പിക്കുന്ന തരത്തിൽ മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാൻ നരേന്ദ്രമോദി സർക്കാർ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ദിശയിലെ ഏറ്റവും ഒടുവിലത്തെ നടപടിയുടെ ഫലമായാണ് ബ്രിട്ടന്റെ ബിബിസിയുടെ ഇന്ത്യയിലെ വാർത്താമുറി പൂട്ടിക്കെട്ടേണ്ടിവന്നത്. രാജ്യത്തെ മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും ഏറെക്കുറെ മോദിയുടെ സംഘപരിവാർ അജൻഡക്കനുസരിച്ചു ചലിക്കുന്ന പാവകളായി ഇതിനകം തന്നെ മാറ്റിയിട്ടുണ്ട്. നേരത്തെ ചൂണ്ടിക്കാണിച്ച ഏകാധിപത്യ ഭരണാധികാരികളുടെ പാത പിന്തുടർന്ന്, 2014ൽ അധികാരത്തിലെത്തിയകാലംമുതൽ മോദി മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും ഭീഷണിപ്പെടുത്തുകയും വേട്ടയാടുകയും ചെയ്തുകൊണ്ടിരുന്നു. ഒരിക്കൽപ്പോലും പത്രസമ്മേളനങ്ങൾ നടത്തുകയോ, മാധ്യമപ്രവർത്തകരുമായി മുഖാമുഖം സംസാരിക്കുകയോ ചെയ്യില്ലെന്ന് മോദി 2014ൽ തന്നെ തീരുമാനിച്ചിരുന്നു. അതുകൊണ്ടുതന്നെ, പത്തുവർഷത്തെ ഭരണത്തിനിടയിൽ ഒരിക്കൽപ്പോലും മോദി വാർത്താസമ്മേളനം നടത്താൻ മിനക്കെട്ടിട്ടില്ല. മുൻകാല പ്രധാനമന്ത്രിമാരെല്ലാം വിദേശയാത്രകൾ നടത്തുമ്പോൾ മാധ്യമസംഘത്തെ കൂടെ കൂട്ടാറുണ്ടായിരുന്നു. എന്നാൽ, 2024 ഏപ്രിൽ ആദ്യം വരെ നരേന്ദ്രമോദി 75 വിദേശയാത്രകൾ നടത്തി. 66 വിദേശരാജ്യങ്ങൾ സന്ദർശിച്ചു. ഒരിക്കൽപ്പോലും ഒരു മാധ്യമപ്രവർത്തകനെ അദ്ദേഹം കൂടെ കൂട്ടിയിട്ടില്ല. എപ്പോഴും കൂടെ കൂട്ടിയിരുന്നത് അദാനിയെയും അംബാനിയെയും പോലുള്ള ബിസിനസ് സാമ്രാട്ടുകളെയാണ്.

മാധ്യമ സ്വാതന്ത്ര്യം പാതാളത്തോളം താണു
രാജ്യത്തിന്റെ സമീപകാലചരിത്രത്തിൽ ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇത്രയേറെ പിറകിലേക്കു പോയതും നരേന്ദ്രമോദിയുടെ ഭരണത്തിൻ കീഴിലാണ്. മോദി അധികാരത്തിലേറുന്ന 2014ൽ ലോകത്തെ 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മാധ്യമ സ്വാതന്ത്ര്യത്തിൽ 140–ാം സ്ഥാനത്തായിരുന്നു. അതാണ് ഏറ്റവും ഒടുവിൽ 2023ൽ 161–ാം സ്ഥാനത്തായത്. ഭീകര സംഘടനയായ താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാൻ 152–ാമതാണെന്നും നമ്മളേക്കാൾ മാധ്യമസ്വാതന്ത്ര്യ സൂചികയിൽ മുന്നിൽ നിൽക്കുന്നത് പാകിസ്ഥാൻ (150), ഭൂട്ടാൻ (90), ശ്രീലങ്ക (135) എന്നീ രാജ്യങ്ങളാണെന്നും അറിയുമ്പോഴാണ് ഇന്ത്യയിൽ മാധ്യമങ്ങൾ എത്ര അപകടകരമായ സ്ഥിതിയിലാണ് പ്രവർത്തിക്കുന്നതെന്നു മനസ്സിലാവുക.

പാരീസ് ആസ്ഥാനമായ റിപ്പോർട്ടേഴ്സ് സാൻസ് ഫ്രണ്ടിയേഴ്സ് (RSF) ആണ് ലോക മാധ്യമ സൂചിക തയ്യാറാക്കുന്നത്. ഓരോ രാജ്യത്തും നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ, നിയമത്തിന്റെ ചട്ടക്കൂട്, സാമ്പത്തിക സ്ഥിതി, സാമൂഹിക–സാംസ്കാരിക പരിതഃസ്ഥിതി, സാമൂഹ്യ സുരക്ഷിതത്വം എന്നീ അഞ്ച് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി മാധ്യമ പ്രവർത്തകർ, അക്കാദമിക പണ്ഡിതർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവർക്കിടയിൽ 123 ചോദ്യങ്ങൾ ഉന്നയിച്ചു നടത്തുന്ന സർവേയുടെ അടിസ്ഥാനത്തിലാണ് മാധ്യമ സ്വാതന്ത്ര്യ സൂചിക തയ്യാറാക്കുന്നത്. അതിൽ നമ്മുടെ രാജ്യം വളരെയേറെ പിന്നിലാണെന്നു പറഞ്ഞാൽ, മേൽപ്പറഞ്ഞ അഞ്ച് ഭൗതിക സാഹചര്യങ്ങളിലും നാം ഏറെ പിന്നാക്കം പോയിരിക്കുന്നു എന്നു കൂടി കാണേണ്ടതുണ്ട്. മാധ്യമ സ്വാതന്ത്ര്യ ലംഘനങ്ങൾ, മാധ്യമപ്രവർത്തകർക്കെതിരെ നടത്തുന്ന ആക്രമണങ്ങൾ എന്നിവയും സർവെയിലെ മുഖ്യഘടകങ്ങളാണെന്ന് ഓർക്കണം.

മാധ്യമപ്രവർത്തനം ഏറ്റവും ദുർഘടമായ 31 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നുണ്ട് എന്നതും നാം ചിന്തിക്കണം. ഇന്ത്യയിൽ പ്രതിവർഷം നാലു മാധ്യമപ്രവർത്തകരെങ്കിലും ജോലിക്കിടയിൽ കൊല്ലപ്പെടുന്നുണ്ട്. മോദിയുടെ രണ്ടാം ഭരണത്തിന്റെ അഞ്ചുവർഷത്തിനിടയിൽ മാത്രം 28 മാധ്യമപ്രവർത്തകർ കൊല ചെയ്യപ്പെട്ടതായാണ് കണക്ക്.

2020ൽ യുപിയിലെ ഹത്രാസിൽ 19 കാരിയായ ദളിത് യുവതി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം അനേ-്വഷിക്കാൻപോയ മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിക്ക് കാപ്പൻ യുഎപിഎ ചുമത്തപ്പെട്ട് രണ്ട് വർഷം ജയിലിൽ കിടന്നു. ‘ദ വയർ’ എന്ന ഇംഗ്ലീഷ് വാർത്താപോർട്ടലിന്റെ സ്ഥാപക പത്രാധിപരിൽ ഒരാളായ സിദ്ധാർഥ് വരദരാജനെതിരെ നിരവധി കേസുകളെടുത്തു. മോദിക്കെതിരെ നിലപാടെക്കുന്നതിന്റെ പേരിൽ ന്യൂസ് ക്ലിക്കിന്റെ പ്രബീർ പുർകായസ്തയെ യുഎപിഎ ചുമത്തി ഡൽഹി പൊലീസ് ജയിലിലടച്ചു. ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്ലി എഡിറ്റർ പരഞ്ജോയ് താക്കുർത്തയ്ക്ക് ‘അദാനി പവറി’നെതിരെ വാർത്ത നൽകിയതിന്റെ പേരിൽ രാജി വയ്ക്കേണ്ടി വന്നു. മോദി ഗവൺമെന്റിൽനിന്ന് അദാനിക്ക് 500 കോടി രൂപ അന്യായമായി ലഭിച്ചു എന്നായിരുന്നു വാർത്ത. 2016ൽ പത്താൻകോട്ടിൽ നടന്ന തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട റിപ്പോർട്ടിന്റെ പേരിൽ ഒരു ദിവസത്തേക്ക് എൻഡിടിവിയുടെ സംപ്രേഷണം നിരോധിച്ചു. 2017ൽ എൻഡിടിവിയിൽ സിബിഐയെ ക്കൊണ്ട് റെയ്ഡ് നടത്തി.

രാജ്യത്തെ രാഷ്ട്രമായും രാഷ്ട്രത്തെ ഭരണകൂട സംവിധാനമായും ഭരണകൂടത്തെ ഗവൺമെന്റായും ഗവൺമെന്റിനെ ഒരു നേതാവായും കാണുകയെന്നത് ഫാസിസത്തിന്റെ രീതിശാസ്ത്രമാണ്. അതായത‍് നേതാവിനെ വിമർശിച്ചാൽ അത് രാജ്യത്തെ വിമർശിക്കലാകും. ഇതാകട്ടെ രാജ്യദ്രോഹമാവുകയും ചെയ്യും. ഈ ഫാസിസ്റ്റ് സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് മോദിയെ വിമർശിക്കുന്നത് രാജ്യദ്രോഹക്കുറ്റമായി വ്യാഖ്യാനിച്ച് യുഎപിഎ പോലുള്ള നിയമങ്ങൾ വരെ ചുമത്തി പത്രപ്രവർത്തകരടക്കമുള്ള വരെ അഴിക്കുള്ളിലാക്കുന്നത്.

പ്രകോപനം
 ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’
2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് ബിബിസിയിൽ സംപ്രേഷണം ചെയ്ത രണ്ടുഭാഗങ്ങളുള്ള ടിവി പരമ്പരയാണ് ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കലാപം നടന്നത്. കലാപത്തിൽ മോദിക്കുള്ള പങ്ക് വെളിപ്പെടുത്തുന്നതായിരുന്നു ഈ ഡോക്യുമെന്ററി. ഇത് കേന്ദ്ര സർക്കാർ വിലക്കുകയും ഉപയോക്താക്കൾ പങ്കുവച്ച ഡോക്യുമെന്ററിയുടെ ലിങ്കുകൾ നീക്കം ചെയ്യാൻ സാമൂഹ്യ മാധ്യമ സെെറ്റുകളോട് കേന്ദ്ര സർക്കാർ നിർദേശിക്കുകയും ചെയ്തു. എന്നാൽ ഡിവെെഎഫ്ഐ അടക്കമുള്ള യുവജനസംഘടനകൾ ഇൗ ചിത്രം വ്യാപകമായി പ്രദർശിപ്പിച്ചു. ജെഎൻയുവിൽ പ്രദർശിപ്പിക്കാനുള്ള ശ്രമം തടയാനായി സർവകലാശാലാ അധികൃതർ, ചിത്രം പ്രദർശിപ്പിക്കുന്ന മുറിയിലേക്കുള്ള വെെദ്യുതി ബന്ധവും ഇന്റർനെറ്റ് സൗകര്യവും വിച്ഛേദിച്ചു. ഇതേതുടർന്ന് വിദ്യാർഥികൾ അവരുടെ മൊബെെൽ ഫോൺ സ്ക്രീനുകളിൽ ചിത്രം പ്രദർശിപ്പിച്ചു. ജാമിയ മിലിയ സർവകലാശാലയിൽ ചിത്രം പ്രദർശിപ്പിക്കാൻ ശ്രമിച്ച ഒരു ഡസനിലേറെ വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. പിന്നീട് രാജ്യത്തെ പല സർവകലാശാലാ ക്യാമ്പസുകളിലും ചിത്രം പ്രദർശിപ്പിച്ചു. 2023 മെയിൽ മോദി ആസ്ട്രേലിയ സന്ദർശിച്ചപ്പോൾ അവിടത്തെ പാർലമെന്റ് മന്ദിരത്തിൽ ഇതു പ്രദർശിപ്പിക്കപ്പെട്ടു. ഇതെല്ലാം വഴി മോദി ഭീകരത ലോകവ്യാപകമായി ചർച്ച ചെയ്യപ്പെടുകയുണ്ടായി. ബിബിസിയെ മോദി അന്നേ നോട്ടമിട്ടതായിരുന്നു.

മോദിയെ വിമർശിക്കുന്നവരെയെല്ലാം കേന്ദ്ര സർക്കാരിന്റെ അനേ-്വഷണ ഏജൻസികളായ സിബിഐ, ഇഡി, എൻഐഎ, ഇൻകം ടാക്സ് വകുപ്പ് എന്നിവ ഉപയോഗിച്ച് റെയ്ഡ് നടത്തിയും ഭീഷണിപ്പെടുത്തിയും വായടപ്പിക്കാൻ ശ്രമിക്കുകയെന്നത് മോദിയുടെ രീതിശാസ്ത്രമാണ്. അതിപ്പോൾ എല്ലാ പരിധിയും ലംഘിച്ച് മോദി വിമർശകരെ തുറുങ്കിലടയ്ക്കുന്ന സ്ഥിതിവരെ ആയിട്ടുമുണ്ട്. ബിബിസിക്കു സംഭവിച്ചതും അതുതന്നെയാണ്. 2023 ഫെബ്രുവരിയിൽത്തന്നെ ബിബിസിയുടെ ഡൽഹിയിലെയും മുംബെെയിലെയും ഓഫീസുകൾ ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്തു. ഫെബ്രുവരി 14 മുതൽ 17 വരെ നടത്തിയ റെയ്ഡിൽ ജീവനക്കാരുടെ ഫോണുകളും ലാപ്ടോപ്പുകളുമൊക്കെ കസ്റ്റഡിയിലെടുത്തു. ഈ നടപടികളുടെ ഫലശ്രുതി എന്ന വണ്ണമാണ് ഇപ്പോൾ ബിബിസിയുടെ വാർത്താമുറി പൂട്ടിയത്. 2020ൽ കൊണ്ടുവന്ന നിയമപ്രകാരം ഡിജിറ്റൽ മീഡിയയിൽ വിദേശസ്ഥാപനങ്ങൾക്ക് 26 ശതമാനം ഓഹരിയേ പാടുള്ളൂ എന്ന നിബന്ധനയുടെ പേരിലാണ് നിയമം വന്ന് നാലുവർഷത്തിനുശേഷം സർക്കാർ നടപടിയെടുക്കുന്നത്. ഇനി ബിബിസിയുടെ നാലു മുൻ ജീവനക്കാർ സ്ഥാപിച്ച ‘കളക്ടീവ് ന്യൂസ് റൂം’ ആയിരിക്കും ബിബിസി വാർത്തകൾ ഇന്ത്യയിൽ സംപ്രേഷണം ചെയ്യുക. ഇതിന്റെ ഭാഗമായി കളക്ടീവ് ന്യൂസ് റൂമിൽ 26 ശതമാനം ഓഹരിക്കായി ബിബിസി കേന്ദ്ര സർക്കാരിന് അപേക്ഷ നൽകിയിരിക്കുകയാണ്.

ബിബിസി നൽകിയ ചില വാർത്തകളും ഈ നിരോധനത്തിന് ശക്തിപകർന്നിട്ടുണ്ടെന്നു വേണം കരുതാൻ. ലോക്-സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലെ 20 കോടിയിലേറെ വരുന്ന മുസ്ലീങ്ങൾ കടുത്ത ഭീതിയിലാണ്, മുസ്ലീം ന്യൂനപക്ഷം അരികുവൽക്കരിക്കപ്പെടുന്നു, മോദിക്ക് ഈ തിരഞ്ഞെടുപ്പിൽ വിജയിക്കാനാവുമോ എന്നു തുടങ്ങിയ ബിബിസി റിപ്പോർട്ടുകൾ രാജ്യാന്തര തലത്തിൽതന്നെ മോദിയെ വിഷമിപ്പിക്കുന്നുണ്ട്. ഡൽഹിയിൽ നിസ്കരിച്ചുകൊണ്ടിരുന്ന മുസ്ലീങ്ങളെ പൊലീസ് ഭീകരമായി മർദിക്കുന്ന ദൃശ്യങ്ങളും ബിബിസി സംപ്രേഷണം ചെയ്യുകയുണ്ടായി. മുസ്ലീങ്ങളോട് ‘‘നിങ്ങളുടെ യജമാനന്മാർ പാകിസ്താനിലാണ്; ഇവിടെ ജീവിക്കണമെങ്കിൽ മോദിക്ക് വോട്ടു ചെയ്യണം’’ എന്ന് പൊലീസുകാർ ആക്രോശിക്കുന്ന ദൃശ്യങ്ങളും അവർ പ്രചരിപ്പിച്ചു. മുസ്ലീം ജനവിഭാഗം മാത്രം എന്തുകൊണ്ട് ഇങ്ങനെ പീഡിപ്പിക്കപ്പെടുന്നു എന്ന പൊള്ളുന്ന ചോദ്യം ബിബിസി ലോകസമക്ഷം അവതരിപ്പിച്ചു. ഇന്ത്യൻ ഗ്രാമങ്ങളിൽ കുടിവെള്ളത്തിനു വേണ്ടി സ്ത്രീകൾ കിലോമീറ്ററുകൾ താണ്ടുന്ന ദയനീയ കാഴ്ച മോദിയുടെ ‘ജൽ ജീവൻ മിഷന്റെ’ പൊള്ളത്തരം തുറന്നുകാട്ടുന്നതായിരുന്നു. ഇത്തരത്തിലുള്ള വിമർശനങ്ങൾ കൂടിയാണ് ബിബിസിക്കെതിരെ തിരിയാൻ മോദിയെ പെട്ടെന്നു പ്രേരിപ്പിച്ചത്. ആർച്ച് ഡൂക്ക് ഫ്രാൻസ് ഫെർഡിനാന്റിന്റെ കൊലപാതകമാണ് 1914ലെ ഒന്നാം ലോകയുദ്ധത്തിന്റെ പെട്ടെന്നുള്ള പ്രകോപനം എന്നു ചരിത്രത്തിൽ പറയുന്നതുപോലെയാണ് ബിബിസി നൽകിയ മോദി വിരുദ്ധ വാർത്തകൾ സ്ഥാപനത്തെ നിരോധിക്കാൻ പെട്ടെന്നുള്ള കാരണമായത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twelve + five =

Most Popular