Wednesday, May 1, 2024

ad

Homeവിശകലനംബാങ്ക്‌ ജീവനക്കാർ ആരെ തിരഞ്ഞെടുക്കണം?

ബാങ്ക്‌ ജീവനക്കാർ ആരെ തിരഞ്ഞെടുക്കണം?

എസ് എസ് അനിൽ (പ്രസിഡന്റ്, ബി.ഇ.എഫ്.ഐ.)

സുപ്രധാനമായ തിരഞ്ഞെടുപ്പിനാണ് ഇന്ത്യൻ ജനത തയ്യാറെടുക്കുന്നത്. രാജ്യത്തിന്റെ ഭരണഘടനയെയും മതനിരപേക്ഷതയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിന്, ഇന്ത്യൻ പാർലമെന്റിൽ ആര് നമ്മളെ പ്രതിനിധീകരിക്കണം എന്നതാണ് സുപ്രധാന ചോദ്യം. ഇതിൽ ബാങ്ക് ജീവനക്കാരും തീർച്ചയായും ഒരു പക്ഷം പിടിച്ചേ മതിയാകൂ.

എണ്ണം കൂടുന്നു, അവകാശങ്ങൾ കവരുന്നു.
ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ നൽകിയ കണക്ക് പ്രകാരം രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ 7,72,571 ജീവനക്കാർ പണിയെടുക്കുന്നുണ്ട്. ജീവനക്കാർ എന്നാൽ ഏറ്റവും താഴേക്കിടയിലുള്ള ഹൗസ് കീപ്പർ മുതൽ ജനറൽ മാനേജർ വരെ എന്നതാണ് അർത്ഥം. പലപ്പോഴും ബാങ്കുകളിലെ ഓഫീസർമാരെ ജീവനക്കാർ / തൊഴിലാളികൾ എന്ന് വിശേഷിപ്പിക്കാറില്ല. അഥവാ അങ്ങനെ വിശേഷിപ്പിക്കുന്നതിൽ പലർക്കും താത്പര്യവുമില്ല. എന്നാൽ അത് ശരിയായ ഒരു ധാരണയേയല്ല. ഗുജറാത്തിൽ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലെ ഒരു ചീഫ് മാനേജർ, അദ്ദേഹം പണിയെടുക്കുന്ന റീജണൽ ഓഫീസിനുള്ളിൽ സ്വയം ജീവിതം അവസാനിപ്പിച്ചത് 2024 ഫെബ്രുവരി മാസത്തിലാണ്. അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പിൽ ജോലി സംബന്ധമായ സമ്മർദ്ദവും മേലധികാരികളുടെ അവഗണനയുമാണ് മരണകാരണമായി രേഖപ്പെടുത്തിയിരുന്നത്. അതായത് ഒരു ശരാശരി തൊഴിലാളി അനുഭവിക്കുന്നതുപോലെയോ അതിലേറെയോ തൊഴിൽ സമ്മർദ്ദം ബാങ്കിംഗ് മേഖലയിലെ എക്സിക്യൂട്ടീവ് തസ്തികയിൽ പണിയെടുക്കുന്ന ഒരു ഉദ്യോഗസ്ഥൻ അനുഭവിക്കേണ്ടി വരുന്നു എന്ന് ചുരുക്കം. രാജ്യത്ത് നിലവിലുള്ള നിയമപ്രകാരം തൊഴിലാളി എന്ന നിർവ്വചനത്തിൽ ബാങ്ക് ഓഫീസർമാർ ഉൾപ്പെടില്ലെങ്കിലും അവരെല്ലാവരും യഥാർത്ഥത്തിൽ ജീവനക്കാർ തന്നെ എന്ന് വ്യക്തം.

രാജ്യത്തെ സ്വകാര്യ ബാങ്കുകളിൽ അതായത് പഴയ /പുതിയ തലമുറ സ്വകാര്യ ബാങ്കുകൾ, സ്മോൾ ഫിനാൻസ് ബാങ്കുകൾ, പേയ്-മെന്റ് ബാങ്കുകൾ എന്നിവിടങ്ങളിലായി 7,69,890 ജീവനക്കാരാണ് പണിയെടുക്കുന്നത്. ഇത് ബാങ്കിംഗ് മേഖലയിലെ സ്ഥിരം ജീവനക്കാരുടെ കണക്കെങ്കിൽ പൊതുമേഖലയിലും സ്വകാര്യ ബാങ്കുകളിലുമായി 3,00,000 ലേറെ ദിവസക്കൂലിക്കാരും കരാർ ജീവനക്കാരും പണിയെടുക്കുന്നുണ്ട്. മേൽപ്പറഞ്ഞ ബാങ്കുകളിൽ റിസർവ്വ് ബാങ്ക് ഉത്തരവിലൂടെ വന്ന പുതിയ ഒരു തൊഴിൽ സംസ്കാരമാണ് ബിസിനസ് കറസ്-പോണ്ടന്റുമാർ എന്നത്. ബാങ്കിംഗ് സൗകര്യം കടന്നു ചെല്ലാത്ത ഗ്രാമപ്രദേശങ്ങളിൽ അതെത്തിക്കുന്നതിന് വേണ്ടി നടപ്പിലാക്കുന്നത് എന്നതാണ് ആ ഉത്തരവിൽ റിസർവ്വ് ബാങ്ക് വ്യക്തമാക്കുന്നത്. അഥവാ ആഗോളവത്കരണ നയത്തിന്റെ പുതിയ ഒരു ഉൽപ്പന്നമാണ് ബി.സി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ബിസിനസ് കറസ്പോണ്ടന്റുമാർ. കൂടുതൽ ഗ്രാമീണ ശാഖകൾ തുറന്നിരുന്നുവെങ്കിൽ ഗ്രാമീണർക്ക് കൂടുതൽ ബാങ്കിംഗ് സേവനം ലഭ്യമായേനെ. എന്നു മാത്രമല്ല ഗ്രാമീണ ജനതയിൽ പലർക്കും ബാങ്കിംഗ് മേഖലയിൽ പുതിയ ജോലിയും ലഭിക്കുമായിരുന്നു. അത് സമ്പദ്മേഖലയിൽ ഉണ്ടാക്കുമായിരുന്ന ചലനങ്ങൾ എത്രയോ അധികമായിരുന്നേനെ. 2022 മാർച്ച് 31 ന് റിസർവ്വ് ബാങ്ക് പുറത്തുവിട്ട കണക്കു പ്രകാരം രാജ്യത്ത് 22,18,000 ബി.സി.മാരാണ് പണിയെടുക്കുന്നത്! അതായത് പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലുമായി രാജ്യത്താകെ 40,60,000 ലേറെ ജീവനക്കാർ പണിയെടുക്കുന്നുണ്ട്. ഇതു കൂടാതെ വിവിധ സഹകരണ ബാങ്കുകളിലായി പത്ത് ലക്ഷം പേരും ഗ്രാമീണ ബാങ്കുകളിൽ 91,664 പേരും റിസർവ്വ് ബാങ്കിൽ 13,298 പേരും നബാർഡിൽ 3,000 പേരും പണിയെടുക്കുന്നു. ചുരുക്കത്തിൽ 50 ലക്ഷത്തിലേറെ തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമാണ് ബാങ്കിംഗ് മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്.

‘അഗ്നി വീർ’ സംസ്കാരം 
ബാങ്കുകളിൽ
ഈ 50 ലക്ഷത്തിൽ പകുതിയിലേറെയും ബി.സി, കരാർ, ദിവസക്കൂലി, കോസ്റ്റ് ടു കമ്പനി അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ്. ബാക്കി പകുതിയിൽ നിശ്ചിതമായ സേവന വേതനക്കരാർ നിലവിലുള്ളത് അതിലെ പകുതി ജീവനക്കാർക്ക് മാത്രമാണ്. നമ്മുടെ രാജ്യത്ത് നടപ്പിലാക്കി വരുന്ന സാമാജ്യത്വ ആഗോളവത്കരണ സാമ്പത്തിക നയങ്ങളാണ് ബാങ്കുകളിലെ തൊഴിൽ സംസ്കാരം ഇത്തരം ഒരു അവസ്ഥയിലേക്ക് മാറ്റിത്തീർത്തതിന് കാരണമായത്.1991 ൽ ഈ നയം തുടങ്ങി വച്ചത് കോൺഗ്രസ് സർക്കാരാണ്. ഇപ്പോൾ ബി.ജെ.പി. അത് തീവ്രതയോടെ തുടരുന്നു.

പൊതുമേഖലാ ബാങ്കുകളിൽ പോലും സ്ഥിരം തൊഴിൽ സങ്കൽപ്പം അവസാനിപ്പിക്കുന്നതിനുള്ള നീക്കമാണ് കേന്ദ്ര ഭരണാധികാരികൾ തുടരുന്നത്. ക്ലാസ് 4 അഥവാ ഹൗസ് കീപ്പിംഗ് കാഡർ പൂർണമായും കരാർവത്കരിക്കുന്നതിനുള്ള ശ്രമത്തിന് 2002 ലെ കോൺഗ്രസ് സർക്കാരാണ് തുടക്കം കുറിച്ചത്. ബാങ്കിംഗ് മേഖലയിൽ ഇത്തരം പരീക്ഷണങ്ങൾക്ക് തുടക്കം കുറിക്കാറുള്ള രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. യിലാണ് ആദ്യമായി പ്രസ്തുത കാഡറിൽ പൂർണമായും കരാർവത്കരണം നടപ്പിലാക്കിയത്. തുടർന്ന് 2014 ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ക്ലറിക്കൽ തസ്തികയിലും നിശ്ചിത കാലത്തേക്ക് അപ്രന്റീസുകളെ നിയമിച്ച് അസ്ഥിര നിയമനത്തിന് തുടക്കം കുറിച്ചു. ഇപ്പോൾ മറ്റ് പൊതുമേഖലാ ബാങ്കുകളും അതേ പാതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അവിടെയാണ് ഇടത് പ്രതിപക്ഷ കക്ഷികളുടെ നിർദ്ദേശങ്ങൾ പൂർണമായും അവഗണിച്ച് 29 തൊഴിൽ നിയമങ്ങൾ ഒറ്റയടിക്ക് ഭേദഗതി ചെയ്ത് പാസാക്കിയ 4 തൊഴിൽ കോഡുകളുടെ ആപത്ത് തൊഴിലാളികൾ മനസ്സിലാക്കേണ്ടത്. ഇപ്പോൾ ഇന്ത്യൻ സൈന്യത്തിൽപ്പോലും ‘അഗ്നിവീർ’ എന്ന ഓമനപ്പേരിൽ സർക്കാർ നടപ്പിലാക്കിയ നിശ്ചിതകാല തൊഴിൽ സംസ്കാരം ഈ തൊഴിൽ കോഡുകളുടെ ഭാഗമാണ് എന്ന കാര്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

ബാങ്കിംഗ് നയങ്ങൾ 
കുത്തകകൾക്ക്
ഇനി ബാങ്കിംഗ് നയങ്ങൾ പരിശോധിച്ചാലോ? രാജ്യത്ത്, നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതിനു ശേഷം, കഴിഞ്ഞ 10 വർഷക്കാലം എഴുതിത്തള്ളിയ വായ്പ 14,56,226 കോടി രൂപയാണ്. ഇതിൽ എൺപത് ശതമാനത്തിലേറെയും അഞ്ച് കോടിക്ക് മുകളിലാണ്. വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകൾ പ്രകാരം ഇങ്ങനെ എഴുതിത്തള്ളിയ വായ്പകളിൽ വലിയ കുത്തക കമ്പനികളുടേത് മാത്രം 7,40,968 കോടി രൂപയാണ്. അതായത് ആകെ എഴുതിത്തള്ളിയതിന്റെ 51% വും വൻകിട കുത്തക മുതലാളിമാരുടെ കമ്പനികളുടേതാണ്. ഇത് എഴുതിത്തള്ളലുകളെങ്കിൽ മോദി സർക്കാർ 2017 ൽ നടപ്പിലാക്കിയ ഐ.ബി.സി. (Insolvency and Bankruptcy Code) നിയമത്തിലൂടെ ‘‘പിടിച്ചെടുത്ത്” ലേലത്തിനുവെച്ച വായ്പകൾ 23.19 ലക്ഷം കോടി രൂപയുടേതാണ്. ഈ വായ്പകളിൽ വൻതുകയുടെ വെട്ടിക്കുറവ് നൽകി കുത്തക മുതലാളിമാർക്ക് കൈമാറിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ നടക്കുന്ന കൈമാറ്റങ്ങളൊന്നും തന്നെ എഴുതിത്തള്ളലുകളായല്ല അറിയപ്പെടുന്നത്. അതെല്ലാം ‘മുടി വെട്ടൽ’ (Hair Cut) മാത്രം. അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാടെൽ കമ്പനിയുടെ 47,251 കോടിയുടെ കിട്ടാക്കടം ജ്യേഷ്ഠൻ മുകേഷ് അംബാനിയുടെ ജിയോ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്ക് കൈമാറിയത് കേവലം 455.9 കോടി രൂപയ്-ക്കാണ്. വേണുഗോപാൽ ധൂതിന്റെ ഉടമസ്ഥതയിലുള്ള വീഡിയോകോൺ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 13 കമ്പനികളുടെ 71,433 കോടി രൂപയുടെ വായ്പ ഒരു ദീർഘ മുടി വെട്ടലിലൂടെ (ഡീപ് ഹെയർ കട്ട്) വേദാന്ത കൈക്കലാക്കിയത് കേവലം 2,962 കോടി രൂപക്കായിരുന്നു. വേദാന്ത ഇലക്ടറൽ ബോണ്ടിലൂടെ മാത്രം 25 കോടി രൂപയാണ് ബി.ജെ.പി. ക്ക് കൈമാറിയത് എന്നത് മറക്കരുത്. ഇതാണ് ക്രോണി ക്യാപ്പിറ്റലിസം അഥവാ ശിങ്കിടി മുതലാളിത്തം.

രാജ്യത്തെ വാണിജ്യ ബാങ്കുകളിൽ 204.75 ലക്ഷം കോടി രൂപയുടെ നിക്ഷേപവും 164.35 ലക്ഷം കോടിയുടെ വായ്പയുമാണ് നിലവിലുള്ളത്. സാധാരണക്കാരുടെ അധ്വാനത്തിന്റെ ഉൽപ്പന്നമാണ് ബാങ്കുകളിലെ നിക്ഷേപം. അതിൽ നിന്നാണ് ബാങ്കുകൾ വായ്പകൾ നൽകുന്നത്. വായ്പകൾ കൂടുതലും കുത്തകകളുടെ കൈകളിലെത്തിക്കണം എന്നതാണ് നിലവിലെ സർക്കാർ നയം. എന്നിട്ടോ, അവരുടെ സമ്പത്തിൽ ലക്ഷം കോടികളുടെ വർദ്ധനവുണ്ടാകുന്നു. പക്ഷേ വായ്പയുടെ തിരിച്ചടവിൽ ഭീമമായ കുറവാണ് ഉണ്ടാകുന്നത്. ബാങ്കുകൾ എഴുതിത്തള്ളിയ 14.56 ലക്ഷം കോടി രൂപയിൽ ഭൂരിഭാഗവും അവരെടുത്ത വായ്പകളാണ്. ‘മുടി വെട്ടി’ നായി മാറ്റിവച്ചിരിക്കുന്ന 23.19 ലക്ഷം കോടി രൂപ പൂർണമായും ഈ വൻകിട കുത്തകകളുടേത് മാത്രമാണ്. സാധാരണക്കാരന്റെ നിക്ഷേപങ്ങളെടുത്ത് കുത്തകകൾ ധൂർത്ത് നടത്തുമ്പോൾ, അവർക്ക് ഓശാന പാടുകയാണ് ഭരണാധികാരികൾ. ഇതിന് അനുകൂലമായ നയങ്ങളെല്ലാം തന്നെ ഇന്ത്യൻ പാർലമെന്റിൽ പാസാക്കിയതാണ്. ഇത്തരം ചങ്ങാത്ത മുതലാളിത്ത നയങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കുന്ന നേരത്ത് ബി.ജെ.പി.യും കോൺഗ്രസും കോറസ് പാടുന്ന പോലെ ഒന്നിച്ച് വോട്ട് ചെയ്യും. പാർലമെന്റിൽ ഇതിനെതിരെ നിലപാടെടുക്കുന്നത്, ശബ്ദമുയർത്തുന്നത് വോട്ട് ചെയ്യുന്നത് ഇടതുപക്ഷ കക്ഷികൾ മാത്രം.

പ്രകടനപത്രികകൾ 
തമ്മിലുള്ള അന്തരം
രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ തങ്ങളുടെ നയമമെന്ത് എന്ന് അവർ വ്യക്തമാക്കുകയാണ്. ഭരണകക്ഷികളുടെ നയം വ്യക്തം. നിതി ആയോഗ് മുൻ വൈസ് ചെയർമാൻ അരവിന്ദ് പനഗാരിയയും ധനമന്ത്രി നിർമ്മലാ സീതാരാമനും അത് വ്യക്തമാക്കിയിരിക്കുന്നു. ‘മൂന്നാം മോദി’യുടെ ഒന്നാം നയം പൊതുമേഖലാ ബാങ്കുകൾ കുത്തകകൾക്ക് വെള്ളിത്തളികയിൽ കൈമാറുക തന്നെയെന്ന് അവർ പറഞ്ഞുകഴിഞ്ഞു. ഇന്ത്യയിലെ സാധാരണക്കാരായ നിക്ഷേപകരോടാണ്, അവരുടെ നിക്ഷേപത്തുക കുത്തകകൾക്ക് ചൂതാട്ടം നടത്താൻ നൽകുമെന്ന ധാർഷ്ട്യത്തോടെയുള്ള നിർമലാ സീതാരാമന്റെ പ്രഖ്യാപനം. തൊഴിൽ കോഡുകളും ഉടൻ പ്രാബല്യത്തിൽ കൊണ്ടുവരും. സ്വകാര്യവത്കരണവും പുതിയ തൊഴിൽ കോഡും നിലവിലുള്ള സ്ഥിരം തൊഴിൽ സംസ്കാരം പൂർണമായും ഇല്ലാതാക്കും. ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾ പോലും അവസാനിക്കും. ഇതാണ് നിലവിലുള്ള കേന്ദ്ര ഭരണകക്ഷിയുടെ നയം. മറ്റ് രാഷ്ട്രീയ കക്ഷികളുടെ കാര്യമോ? അവിടെയും ഇവിടെയുമില്ലാത്ത വാക്കുകളും മൗനവും; രണ്ടും ഒന്നു തന്നെ, ഒരേ നയങ്ങൾ. എന്നാൽ വ്യത്യസ്ത ശബ്ദങ്ങൾ ഇല്ലേ? ഉണ്ട്. വ്യത്യസ്തമായ നയങ്ങൾ നിർദ്ദേശിക്കുന്ന ഒരു പ്രകടനപത്രികയിലെ ഏതാനും ചില വരികൾ പരിശോധിക്കാം:

“പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തും,പൊതുമേഖലാ ബാങ്ക് സ്വകാര്യവൽക്കരണം അവസാനിപ്പിക്കും, പൊതുമേഖലാ ബാങ്കുകളിലെ കേന്ദ്ര സർക്കാരിന്റെ ഓഹരികൾ കുറയ്ക്കുന്നതിന് ബാങ്കിംഗ് നിയമങ്ങളിൽ വരുത്തുവാൻ നിർദ്ദേശിച്ച ഭേദഗതികൾ വേണ്ടെന്നുവെക്കും. മുൻഗണനാ വായ്പകൾ നൽകുന്ന ബാങ്കുകളുടെ ശ്രേണിയിൽ സ്വകാര്യ ബാങ്കുകളെയും ഉൾപ്പെടുത്തും, ബാങ്കുകളുടെ അപകടസാധ്യതകൾ കുറയ്ക്കുന്നതിന് കാര്യക്ഷമമായ മൂലധന നിയന്ത്രണം കൊണ്ടുവരും.’’

“‘വൻകിട വായ്പകളുടെ പലിശ നിരക്ക് വർദ്ധിപ്പിക്കും; ചെറുകിട വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കും.സേവിംഗ്സ് അക്കൗണ്ടുകളുടെയും റീട്ടെയിൽ നിക്ഷേപങ്ങളുടെയും പലിശ നിരക്ക് വർധിപ്പിക്കും, സാധാരണ റീട്ടെയിൽ, ഫിനാൻഷ്യൽ ഇൻക്ലൂഷൻ ഉപഭോക്താക്കൾക്ക് സർവീസ് ചാർജുകൾ കുറയ്ക്കും.’

“‘കോർപ്പറേറ്റ് വായ്പക്കാരുടെ ബിനാമി സ്വത്തുക്കൾ ഉൾപ്പെടെയുള്ള ആസ്തികൾ പിടിച്ചെടുക്കുന്നതിലൂടെ എല്ലാ നിഷ്ക്രിയ ആസ്തികളും (എൻപിഎ) ഇല്ലാതാക്കും. മനഃപൂർവമായി വായ്പാ തിരിച്ചടവിൽ വീഴ്ചവരുത്തുന്നവരെ ശിക്ഷിക്കാനും വായ്പ തിരിച്ചുപിടിക്കാനും ഉതകുന്ന തരത്തിൽ ക്രിമിനൽ നിയമങ്ങൾ ഭേദഗതി ചെയ്യും, ഇൻസോൾവൻസി & ബാങ്കറപ്റ്റ്സി കോഡ് (IBC) പിൻവലിക്കും.’’

‘‘2015-ലെ റീജിയണൽ റൂറൽ ബാങ്ക്സ് ( ഭേദഗതി) നിയമം റദ്ദാക്കും. “സഹകരണത്തെ സംസ്ഥാന വിഷയമായി നിലനിർത്തും, ബാങ്കിംഗ് റഗുലേഷൻ (1949) ഭേദഗതി നിയമം 2020 പിൻവലിക്കും. റിസർവ് ബാങ്കിന്റെ മേൽനോട്ടത്തിൽ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിന് പ്രാഥമിക സഹകരണ സംഘങ്ങളെ അനുവദിക്കും. കൊള്ളപ്പലിശക്കാരുടെ പിടിയിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനായി സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്തും. സഹകരണ ബാങ്കുകളെ ആദായ നികുതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കും’’.

‘”നാല് ലേബർ കോഡുകളിലൂടെ തൊഴിൽ നിയമങ്ങളിൽ വരുത്തിയ, തൊഴിലാളി വിരുദ്ധവും തൊഴിലുടമകൾക്ക് അനുകൂലവുമായ എല്ലാ ഭേദഗതികളും റദ്ദാക്കും.’’
– സിപിഐ എം പ്രകടന പത്രികയിൽനിന്ന്

ബാങ്ക് ജീവനക്കാരുടെ 
വോട്ട് ഇടതുപക്ഷത്തിനുതന്നെ
വായിക്കാൻ, മനസ്സിലാക്കാൻ സിപിഐ എമ്മിന്റെ പ്രകടന പത്രികയിൽ ഇനിയും ഒട്ടേറെ കാര്യങ്ങളുണ്ട്. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഉയർത്തിയിരുന്ന ആശയങ്ങൾ പലതുമുണ്ട് അതിൽ. ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് എത്രയെത്ര പ്രക്ഷോഭങ്ങൾ, പണിമുടക്കുകൾ ബാങ്കിംഗ് മേഖലയിലെ എല്ലാ സംഘടനകളുടെയും നേതൃത്വത്തിൽ ബാങ്ക് ജീവനക്കാർ നടത്തിയിരുന്നു. ഇപ്പോഴിതാ വലിയ ഒരു അവസരം ജീവനക്കാർക്ക് വന്നിരിക്കുന്നു. ഇവിടെ ബാങ്ക് ജീവനക്കാർ വ്യക്തമായ ഒരു തീരുമാനം എടുക്കേണ്ടിയിരിക്കുന്നു. നാൽപ്പത്തഞ്ചു ലക്ഷം ബാങ്ക് ജീവനക്കാരിൽ ഹിന്ദുക്കളും മുസ്ലീമുകളുണ്ട്. ക്രിസ്ത്യാനികളും പാഴ്സികളും ബുദ്ധമത വിശ്വാസികളും ഒരു മതത്തിലും വിശ്വസിക്കാത്തവരും എല്ലാവരുമുണ്ട്. തൊഴിലാളികളുടെ വിശ്വാസത്തെ മുതലെടുക്കുകയാണ് കേന്ദ്ര ഭരണാധികാരികൾ. വർഗ്ഗീയതയുടെ വൻമതിൽ കെട്ടി, ജനങ്ങളുടെ ദുരിതം മറയ്ക്കുന്ന പുതിയ തന്ത്രം. അതുകൊണ്ടുതന്നെ നമ്മുടെ സമ്മതിദാനാവകാശം, അതാർക്കാകണം എന്നതിന് വ്യക്തത വേണം. നമ്മൾ പണിയെടുക്കുന്ന നമ്മുടെ മേഖലയെ സംരക്ഷിക്കാൻ, ഭരണഘടന സംരക്ഷിക്കാൻ, ജനാധിപത്യം സംരക്ഷിക്കാൻ, മതനിരപേക്ഷത സംരക്ഷിക്കാൻ, അന്തസ്സോടെ പണിയെടുത്ത് ആത്മാഭിമാനത്തോടെ ജീവിക്കാൻ, അതിനാകണം നമ്മുടെ കൈയൊപ്പ്. നമ്മുടെ അന്നം മുടക്കുന്നവർക്കാകരുത് നമ്മുടെ വോട്ട്. നമ്മോടൊപ്പം കൈകോർക്കുമെന്ന് നമുക്കുറപ്പുള്ള, നമ്മുടെ ശബ്ദം ഇന്ത്യൻ പാർലമെന്റിൽ ഉയർത്താനാകുമെന്ന് നമുക്ക് വിശ്വാസമുള്ള, ഇടത് പക്ഷ സ്ഥാനാർത്ഥികൾക്കാകണം നമ്മുടെ വോട്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 3 =

Most Popular