Tuesday, April 30, 2024

ad

Homeനിരീക്ഷണംരണ്ടു മാനിഫെസ്റ്റോകള്‍ കൂട്ടിവായിക്കുമ്പോള്‍

രണ്ടു മാനിഫെസ്റ്റോകള്‍ കൂട്ടിവായിക്കുമ്പോള്‍

എ കെ രമേശ്

കോൺഗ്രസ്സിന്റെ ‘ന്യായപത്ര’വും സി പി ഐ എ മ്മിന്റെ മാനിഫെസ്റ്റോയും കൂട്ടിവായിച്ചപ്പോൾ സത്യത്തിൽ അട്ടർ കൺഫ്യൂഷൻ എന്നതായി എന്റെ നില!

കോൺഗ്രസ്സ് മാനിഫെസ്റ്റോയുടെ ആദ്യ അധ്യായത്തിന്റെ തലക്കെട്ട് ധാര്‍മ്മിക നീതി (equity) എന്നാണ്. സി പി ഐ എം പ്രകടന പത്രിക തുടങ്ങുന്നതാകട്ടെ, മതനിരപേക്ഷത എന്ന തലക്കെട്ടുമായും. ഇതിൽ എതാണ് പ്രധാനം എന്നതായി ആദ്യത്തെ കൺഫ്യൂഷൻ.

മതവും രാഷ്ട്രീയവും തമ്മിലുള്ള അതിര്‍വരമ്പ് ഇല്ലാതാക്കുന്ന ബി ജെ പി നയത്തിനോട് അതിശക്തമായി വിയോജിച്ചുകൊണ്ടാണ് സി പി ഐ എം പത്രിക തുടങ്ങുന്നത്.

ജനാധിപത്യവും മതനിരപേക്ഷതയും അഴിച്ചെടുക്കാനാവാത്ത വിധം കൂട്ടിപ്പിരിക്കപ്പെട്ടതുകൊണ്ട്, ബി ജെ പി വാഴ്ചയിൽ സംഭവിച്ചതു പോലെ മതനിരപേക്ഷ തത്വങ്ങൾ ഉപേക്ഷിച്ചാൽ, ജനാധിപത്യം തന്നെ അട്ടിമറിക്കപ്പെടും എന്ന് പത്രിക ഓർമിപ്പിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് പൗരത്വ ഭേദഗതി ബില്ലിന്റെ ചട്ടങ്ങൾ പുറത്തിറക്കിയത് വോട്ടർമാരെ ധ്രുവീകരിക്കാനള്ള അപകടകരമായ നടപടിയാണ് എന്ന് അസന്ദിഗ്ധമായ ഭാഷയിൽ സി പി ഐ എം പറയുന്നു. അതുകൊണ്ടുതന്നെ, പൗരത്വഭേദഗതി നിയമം ഉപേക്ഷിക്കണം എന്ന കാര്യത്തിൽ തങ്ങൾ പ്രതിജ്ഞാബദ്ധമാണ് എന്ന് മാനിഫെസ്റ്റോ തുടക്കത്തിൽ തന്നെ അടിവരയിട്ട് പറയുന്നു. ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും നേരെ നടക്കുന്ന ആക്രമണങ്ങളും മണിപ്പൂരിലെ ഗോത്രവർഗക്കാർക്കു നേരെ നടന്ന കൂട്ടക്കുരുതികളും ബോധ്യപ്പെടുത്തുന്നത്, ഇന്ത്യയുടെ സവിശേഷതയായ വൈവിധ്യത്തെയും ബഹുസ്വരതയെയും തകർത്തെറിയാൻ വിഭജനത്തിന്റെ രാഷ്ട്രീയത്തിന് കഴിയുമെന്നാണ് മാനിഫെസ്റ്റോ ഓർമ്മിപ്പിക്കുന്നത്.

വായന നിർത്തി അക്കാര്യത്തില്‍ കോൺഗ്രസ്സ്എന്തു പറയുന്നു എന്ന് നോക്കാനായി ധൃതി. മുഴുവന്‍ പേജും ഓടിച്ചു നോക്കി. കണ്ടില്ല. വീണ്ടും ഒന്നു കൂടി വിശദമായി പരതി നോക്കി. ഇല്ല, അതേപ്പറ്റി ഒന്നും കാണാനില്ല.

എങ്കിൽ പിന്നെ ധാര്‍മ്മിക നീതി എന്ന അധ്യായം ഒന്നു കൂടി മുങ്ങിത്തപ്പുക തന്നെ. അതേപ്പറ്റി എന്തെങ്കിലും പറയാതെ എന്ത് ധാര്‍മ്മിക നീതി? ഉണ്ട്, സാമൂഹികനീതി എന്നാണ് ആദ്യത്തെ ഉപ തലക്കെട്ട്. കോൺഗ്രസ് എക്കാലവും പിന്നാക്കക്കാരുടെയും പീഡിത വിഭാഗത്തിന്റെയും ഉന്നമനത്തിന്റെ ചാമ്പ്യന്മാരായിരുന്നു എന്നാണ്‌ തുടക്ക വാചകം. പിന്നെ അത് ഇന്ത്യന്‍ ജനസംഖ്യയുടെ 70 ശതമാനം വരുന്ന ഒ ബി സി, എസ് സി, എസ്ടി വിഭാഗങ്ങളെപ്പറ്റിയാണ്. അവര്‍ക്കുള്ള സംവരണ പരിധി 50 ശതമാനം എന്നത് കൂട്ടും എന്ന പ്രഖ്യാപനം ഉണ്ട്.പക്ഷേ മുസ്ലീങ്ങളെപ്പറ്റിയോ മറ്റു ന്യൂനപക്ഷങ്ങളെപ്പറ്റിയോ ഒരക്ഷരം ഉരിയാടുന്നില്ല ആ ഭാഗത്തും.

എന്നാല്‍ തൊട്ടടുത്ത തലക്കെട്ട് കണ്ടപ്പോള്‍ ആശ്വാസമായി. റിലീജിയസ് ആൻഡ് ലിംഗ്വിസ്റ്റിക് മൈനോറിറ്റീസ് ! ആവൂ, തേടിയ വള്ളി കാലില്‍ ചുറ്റിയ പോലെ!ഒരു ബോക്സ് ഐറ്റം ആണ്‌. ഇന്ത്യയുടെ ചരിത്രവും മതങ്ങളുടെ ബഹുസ്വരതയും ഉണ്ട്, അഥോറിറ്റേറിയനിസത്തിനും മെജോറിറ്റേറിയനിസത്തിനും ഒരു സ്ഥാനവും ഇല്ല എന്ന് നല്ല പ്രാസഭംഗിയിൽ പറയുന്നുണ്ട്, ഭാഷാ ന്യൂനപക്ഷങ്ങൾക്കും മത ന്യൂനപക്ഷങ്ങൾക്കും ഉള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോൺഗ്രസ്സ് ഉണ്ടാകും എന്ന പറച്ചില്‍ ഉണ്ട്. മതന്യൂനപക്ഷങ്ങൾക്ക് ഭരണഘടനയുടെ 15, 16,25,26,28, 29, 30 എന്നീ വകുപ്പുകൾ ഉറപ്പ് നൽകുന്ന അവകാശങ്ങൾ ബഹുമാനിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുമെന്നും പറയുന്നുണ്ട്. ഇതുണ്ടാവുമ്പോൾ പിന്നെന്തിന് വേറിട്ട് പൗരത്വേ ഭേദഗതിപരാമർശം എന്നാണ് ഒരു ലീഗ് സുഹൃത്തും ചോദിച്ചത്. എങ്കിലും വെറുതെ ഭരണഘടന എടുത്തൊന്ന് മറിച്ചു നോക്കി. ആർട്ടിക്കിൾ15: മതം, വംശം, ജാതി, ലിംഗം ജന്മസ്ഥലം എന്നീ കാരണങ്ങളാൽ വിവേചനം കാട്ടുന്നതിനെതിരാണ്, 16 ജോലിക്കാര്യത്തിലുള്ള വിവേചനത്തിനെതിരാണ്, 25 ഏത് മതവും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം നൽകുന്നതാണ്, 26മതപരമായ കാര്യങ്ങൾ നോക്കി നടത്താനുള്ള സ്വാതന്ത്ര്യത്തെപ്പറ്റിയാണ്, 28ചില പ്രത്യേക വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മതപരമായ ഉപദേശങ്ങളോ ആരാധനയോ നടത്തുന്നതിനുള്ള സ്വാതന്ത്ര്യമാണ്. 29 ന്യൂനപക്ഷ താൽപര്യം സംരക്ഷിക്കാനായി വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്നതിനുള്ള സ്വാതന്ത്ര്യമാണ്, ആർട്ടിക്കിൾ 30 ആകട്ടെ, ഭാഷാ/ മതന്യൂനപക്ഷങ്ങളുടെ ഭാഷ, ലിപി സംസ്കാരം എന്നിവ സംരക്ഷിക്കുന്നതിനെപ്പറ്റിയാണ്. ഇതൊക്കെയും ഒരു പൗരനല്ലേ ലഭിക്കൂ എന്ന് അപ്പോഴാണ് തോന്നാൻ തുടങ്ങിയത്! ഇപ്പറഞ്ഞതൊന്നും നേരല്ല എന്ന്! എന്നു വെച്ചാൽ ഇക്കണ്ട പേജുകളിലൊന്നും പൗരത്വ നിയമത്തെപ്പറ്റി മിണ്ടാട്ടമേ ഇല്ല എന്ന് ഞാൻ കരുതിയത് നേ രാണ് എന്നർത്ഥം! അങ്ങനെയൊരു ഭേദഗതി നടന്ന മട്ടേ കോൺഗ്രസ്സിന് ഇല്ല. ഇതല്ലെങ്കിൽ പിന്നെ എന്താണ് മൃദുഹിന്ദുത്വം? ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ, ആമയെ ചുടുമ്പോൾ മലർത്തി ചുടണം എന്ന് പറഞ്ഞ സസ്യഭുക്കായ സന്ന്യാസിയെയാണ് അത് ഓര്‍മ്മിപ്പിച്ചത്.

ആരോഗ്യം
ആരോഗ്യപരിരക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്വം ആണെന്ന് അംഗീകരിച്ച ആദ്യ പാർട്ടി തങ്ങളാണ് എന്ന അവകാശവാദം ഉയർത്തിക്കൊണ്ടാണ് കോൺഗ്രസ്സ് മാനിഫെസ്റ്റോ ആരോഗ്യം എന്ന അധ്യായം ആരംഭിക്കുന്നത്. സ്വതന്ത്ര ഇന്ത്യയിൽ ആദ്യം അധികാരത്തില്‍ എത്തിയ പാർട്ടിയല്ലേ? അത് സ്വാഭാവികം.

എവിടെയെല്ലാം സൗജന്യം ആക്കാം എന്ന് മാനിഫെസ്റ്റോ എണ്ണിപ്പറയുന്നുണ്ട്.

രാജസ്താന്‍ മോഡൽ കാഷ്ലെസ് ഇൻഷൂറൻസ് ആണ് നിർദ്ദേശിക്കുന്നത് .സ്വകാര്യമേഖലയിലും പൊതുമേഖലയിലും ഉള്ള ഇൻഷൂറൻസ് പദ്ധതികള്‍ പ്രോത്സാഹിപ്പിക്കും എന്നാണ്‌ വാഗ്ദാനം.

ഇവിടെയാണ്‌ സി പി ഐ എം അനുഭവത്തിന്റെ വെളിച്ചത്തില്‍ പച്ചയ്ക്ക് വെട്ടിത്തുറന്നു പറയുന്നത്,സ്വകാര്യ ഇൻഷൂറൻസ് നേതൃത്വത്തില്‍ ഉള്ള ആരോഗ്യ പരിരക്ഷ അവസാനിപ്പിക്കണം എന്ന്!

ആരോഗ്യത്തിനുള്ള സര്‍ക്കാര്‍ ചെലവ് ജി ഡി പിയുടെ 5 ശതമാനം ആക്കി ഉയര്‍ത്തണം, അതിൽ 2 ശതമാനം യൂണിയൻ സർക്കാർ വഹിക്കണം എന്നും സി പി ഐ എം മാനിഫെസ്റ്റോ നിർദ്ദേശിക്കുന്നു.

2023-–24 കാലത്തെ ജിഡിപി ആയ 172. 9 ലക്ഷം കോടി രൂപയുടെ 5 ശതമാനം എന്നാല്‍ അത് 8.645 ലക്ഷം കോടി രൂപ വരും. അത്രയും വേണം ആരോഗ്യ മേഖലയ്ക്ക് എന്ന് സിപിഐ എം.

കോൺഗ്രസ്സിന്റെ കണക്കോ?

ആരോഗ്യത്തിനുള്ള ബജറ്റ് നീക്കിയിരിപ്പ് 2028– – 29 ൽ എത്തുമ്പോള്‍ 4 ശതമാനം ആക്കും എന്ന് അവരുടെ മാനിഫെസ്റ്റോ. ഇപ്പോഴത്തെ കണക്ക് വെച്ചല്ലേ താരതമ്യം
സാധ്യമാവൂ. അതുകൊണ്ട് ലഭ്യമായ കണക്കുകൾ വെച്ച് പരിശോധിക്കാം.

2023-–24 ല്‍ ചെലവാകും എന്ന് സർക്കാർ കണക്കാക്കുന്ന 45,03,097 കോടി രൂപയുടെ 4 ശതമാനം എന്നാല്‍ 1.8012 ലക്ഷം കോടി രൂപ. സി പി ഐ എമ്മിന്റെ ആവശ്യം കോൺഗ്രസ്സിന്റെതിലും എതാണ്ട് അഞ്ചിരട്ടി. (കൃത്യമായി പറഞ്ഞാല്‍ 4.8 ഇരട്ടി)
സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ നിന്ന് തടിയൂരണം എന്ന പഴയ നവ ലിബറൽ നയങ്ങള്‍ വെച്ച് കണക്ക് കൂട്ടിയതാവാം കോൺഗ്രസ്സ്.

എന്നാല്‍ സി പി ഐ എം അസന്ദിഗ്ധമായി ആവശ്യപ്പെടുന്നത്‌ ആരോഗ്യ പരിരക്ഷയുടെ സ്വകാര്യ വല്‍ക്കരണം അവസാനിപ്പിക്കണം എന്നാണ്.
ഓരോ ജില്ലയിലും ഓരോ മെഡിക്കല്‍ കോളേജ്, ആശമാരുടെ വേതനം കൂട്ടും, എല്ലാ ഒഴിവുകളും നികത്തും തുടങ്ങി പതിവ് വാഗ്ദാനങ്ങളുടെ പട്ടിക നിരത്തുന്നുണ്ട് കോൺഗ്രസ്സ്.

അതേ അവസരം, ജീവന്‍ രക്ഷാ മരുന്നുകള്‍ക്കുള്ള ജിഎസ്ടി ഒഴിവാക്കണം, ഇന്ത്യൻ പേറ്റന്റ് നിയമനങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കരുത്, ആയുഷ്മാൻ ഭാരത്/പി എം ജെ എ വൈ പദ്ധതികൾ ഉപേക്ഷിക്കണം, അതിന് പകരം പൊതു ഉടമസ്ഥതയിലുള്ള സാർവത്രിക ആരോഗ്യ പരിരക്ഷാസമ്പ്രദായം ആരംഭിക്കണം, ഇ എസ് ഐ പദ്ധതി വിപുലീകരിക്കുകയും പരിഷ്കരിക്കുകയും ചെയ്തുകൊണ്ട് സംഘടിത – അസംഘടിത മേഖലകളിലെ തൊഴിലാളികൾക്ക് മതിയായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കണം, നിർണായക മേഖലകളിലെ മരുന്ന് കമ്പനികളുടെ കുത്തക അവസാനിപ്പിക്കണം, പൊതുമേഖലാ മരുന്ന് കമ്പനികൾ അത്യാവശ്യമരുന്നുകളും വാക്സിനുകളും ഉൽപാദിപ്പിക്കത്തക്കവിധം സ്വകാര്യ വൽക്കരണ ശ്രമത്തിൽ നിന്ന് പിൻവാങ്ങണം, അധാർമികമായ ക്ലിനിക്കൽ ട്രയലുകൾ തടയാൻ വ്യവസ്ഥകൾ ഉണ്ടാക്കണം, മരുന്ന് മാർക്കറ്റിങ്ങിന് നിർബന്ധമായും ഒരു എത്തിക്കൽ കോഡ് നടപ്പാക്കണം, ഡോക്ടർമാരുടെയും നഴ്സ്മാരുടെയും ലഭ്യത ഉറപ്പാക്കാൻ വേണ്ടത്ര സേവനം ലഭ്യമല്ലാത്ത വടക്കുകിഴക്കൻ മേഖലയിലും ദരിദ്ര സംസ്ഥാനങ്ങളിലും പുതിയ മെഡിക്കൽ കോളേജുകൾ സർക്കാർ ഉടമസ്ഥതയിൽ ആരംഭിക്കണം എന്നു തുടങ്ങിയ സി പി ഐ എമ്മിന്റെ ആവശ്യങ്ങളോട് യാതൊരു തരത്തിലും യോജിക്കാനാവില്ല കോൺഗ്രസ്സിന്. നിലവിലുള്ള നയങ്ങൾക്ക് ആരോഗ്യമേഖലയിലെ ബദൽ നയങ്ങളാണതിൽ. അക്കാര്യത്തിൽ അവർക്ക് അടുപ്പം ബി ജെ പിയോടാണല്ലോ?

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 − 8 =

Most Popular