ഏപ്രിൽ 8ന് മനോരമയുടെ ഒന്നാം പേജിൽ സ്തോഭജനകമായ ഒരെെറ്റം മുകളറ്റത്തായി നാല് കോളത്തിൽ മത്തങ്ങാതലക്കെട്ടോടെ അവതരിപ്പിച്ചിരിക്കുന്നു. ‘‘സിപിഎം അക്കൗണ്ട് മരവിപ്പിച്ചതിനുപിന്നാലെ 81 അക്കൗണ്ടിൽ പരിശോധന. പെരുമാറ്റച്ചട്ടം മറികടന്ന് ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നു കണ്ടെത്താൻ ഇഡി’’. പരസ്യം നൽകാനുള്ള കവർ പേജിൽ മാസ്റ്റർ ഹെഡ്ഡിന്റെ വലതുവശത്തായി ഇതേ സാധനത്തെ ഇങ്ങനെ അവതരിപ്പിച്ചിരിക്കുന്നു: ‘‘81 സിപിഎം അക്കൗണ്ടുകളിൽ ഇഡി പരിശോധന’’. കവർ കഴിഞ്ഞുള്ള ഒന്നാമത്തെ പേജിൽ തങ്ങൾ ഇങ്ങനൊരു കൊസ്രാക്കൊള്ളി സാധനം നൽകിയിട്ടുണ്ടെന്നും മറ്റൊന്നും വായിച്ചില്ലെങ്കിലും തീർച്ചയായും അത് വായിക്കണമെന്ന വായനക്കാരോടുള്ള മനോരമ മൊയ്ലാളിമാരുടെ അറിയിപ്പാണിത്. ‘‘81 അക്കൗണ്ടിൽ പരിശോധന’’ എന്നാൽ പല പാർട്ടികളുടെയെന്നും വായിച്ചെടുക്കാം. പക്ഷേ, സംഗതി അങ്ങനെയല്ല ‘‘81 സിപിഎം അക്കൗണ്ടി’’ലാണ് പരിശോധന എന്ന തെര്യപ്പെടുത്തലുകൂടിയാണ് ഈ കവർപേജ് ഏർപ്പാട്.
പെരുമാറ്റച്ചട്ടലംഘനം പരിശോധിക്കാനുള്ള ഏജൻസിയാണോ ഈ ഇഡിയെന്ന സാധനം? കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ പരിധിയിൽ വരുന്ന സാമ്പത്തിക കുറ്റാനേ-്വഷണ ഏജൻസിയായാണല്ലോ ഇഡി അറിയപ്പെടുന്നത്. എന്നാൽ ഇ ഡി കേസെടുത്ത് ഒരാളെ അറസ്റ്റു ചെയ്താൽ വേണമെങ്കിൽ അയാളെ ആചന്ദ്രതാരം പിടിച്ചകത്തിടാം. അതാണ് മനീഷ് സിസോദിയയുടെയും അരവിന്ദ് കേജ്-രിവാളിന്റെയും കേസുകൾ ഓർമിപ്പിക്കുന്നത്. അതേപോലെ കേരളത്തിലെ സിപിഐ എം പ്രവർത്തകരെയും നേതാക്കളെയുമാകെ അകത്താക്കി വലതുപക്ഷ രാഷ്ട്രീയത്തിന് അരങ്ങൊരുക്കലാണല്ലോ മനോരമയുടെ ലക്ഷ്യം. മറ്റൊരു കാര്യം, ഇലക്ഷൻ കമ്മീഷനുവേണ്ടി ചട്ടലംഘനം നടക്കുന്നുണ്ടോന്ന് അനേ-്വഷിക്കാൻ ഇഡിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവരെന്തിന് തൃശ്ശൂരിൽ മാത്രം വട്ടം ചുറ്റുന്നു എന്നു കൂടി പറയേണ്ടേ? അതോ തൃശ്ശൂരിൽ എൽഡിഎ-ഫ് സ്ഥാനാർഥി ചട്ടലംഘനം നടത്തിയതായി പരാതിയുണ്ടോ?ഇഡിയുടെ പ്രചാരണത്തിന്റെ അട്ടിപ്പേറെടുത്തിട്ടുള്ള മാധ്യമ കൂതറകൾ പൊതുസമൂഹത്തോട് ഇതെല്ലാം കൂടി ഒന്നു പറയേണ്ടതല്ലേ!
8–ാം തീയതി ഒന്നാം പേജിൽ തന്നെ സംഭ്രമജനകമായ തലക്കെട്ടു നൽകി കഥയെഴുതിയ മനോരമ പക്ഷേ 6–ാം തീയതി ആദായ നികുതിക്കാർ സിപിഐ എം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ച വാർത്ത 7–ാം തീയതിയിലെ പത്രത്തിൽ ഏതോ ഒരു മൂലയിൽ ആരും ശ്രദ്ധിക്കാത്ത വിധമാണ് നൽകിയിട്ടുള്ളതെന്നു കൂടി നാം ഓർക്കണം. മനോരമയ്ക്കും മാതൃഭൂമിക്കുമൊന്നും അത് വാർത്തയേയല്ല. പകരം സിപിഐ എമ്മിനെതിരെ കഥ മെനയുന്നതിലാണ് അവയ്ക്ക് താൽപര്യം. തൃശ്ശൂർ ജില്ലയിലാകെ സിപിഐ എമ്മിന് ആദായനികുതി അടയ്ക്കാത്ത രഹസ്യ അക്കൗണ്ടുകൾ ഉണ്ടെന്ന് തട്ടിവിടുന്ന മനോരമ യഥാർഥത്തിൽ ഇഡി നടത്തുന്ന ഗുണ്ടായിസത്തിനു ചൂട്ടുംപിടിച്ചുനിൽക്കുന്ന മാധ്യമ ഗുണ്ടാപ്പണിയാണ് നടത്തുന്നതെന്ന് പറയാതെ വയ്യ. ഇത്തരമൊരു മാധ്യമ ഗുണ്ടായിസമാണ് ഈ കഥയ്ക്കൊപ്പം ‘‘ദിനചിത്രം’’ എന്ന മേൽക്കുറിപ്പു നൽകി മുഖ്യമന്ത്രി പിണറായിക്കെതിരെ ഒരു പ്രൊപ്പഗാൻഡ ചിത്രം നൽകിയിരിക്കുന്നത്. മെെക്കിനെ പിടിച്ച് കെട്ടിയിട്ടിരിക്കുന്നു പോലും! മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ ഏറ്റവുമധികം ജനപിന്തുണയുള്ള നേതാവായതിലുള്ള അസഹിഷ്ണുതയാണ് ഈ ചിത്രവധത്തിൽ കാണുന്നത്. സംഗതികളുടെ പോക്കു കണ്ട് മനോരമയുടെ ഹാലിളകിയിരിക്കുന്നുവെന്നാണ് തോന്നുന്നത്. ചെവിയിൽ ചെമ്പരത്തിയും ചൂടി മണിച്ചിത്രത്താഴിൽ കുതിരവട്ടം പപ്പു അവതരിപ്പിക്കുന്ന കഥാപാത്രത്തെപ്പോലെ കോട്ടയത്തങ്ങാടിയിൽ ചാടിച്ചാടി നടക്കുന്ന അവസ്ഥയിലാണിപ്പോൾ ഈ പത്രത്തിന്റെ അമരക്കാർ.
8–ാം തീയതിയിലെ ‘മനോരമ’യിലെ തന്നെ മൂന്നാം പേജിലെ (പ്രാദേശികം) ചിത്രവിന്യാസം കൂടി ഒന്നു നോക്കിയാലോ? തിരുവനന്തപുരം മണ്ഡലത്തിലെ പ്രചാരണത്തിന്റെ ചിത്രം യുഡിഎഫ്, ബിജെപി, എൽഡിഎഫ് എന്ന നിലയിലും ആറ്റിങ്ങലിൽ യുഡിഎഫ്, എൽഡിഎഫ്, ബിജെപി എന്ന നിലയിലുമാണ് നൽകിയിട്ടുള്ളത്. ഇത് സ്ഥിരം പാറ്റേണുമാണ്. മനോരമയുടെ മോഹത്തിന്റെ പ്രതിഫലനമാണ് ഇവിടെ കാണുന്നത്. ഇതേ ദിവസത്തെ മനോരമയുടെ 7–ാം പേജിൽ, ‘‘ഡിഎംകെ കരുത്തിൽ സിപിഎം സ്ട്രോങ് ’’ എന്നൊരു ശീർഷകത്തിൽ തിരഞ്ഞെടുപ്പ് നിരീക്ഷണം നടത്തുന്നു. എന്നാൽ പലവട്ടം സിപിഐ എം ഈ മണ്ഡലത്തിലെ രണ്ട് നിയമസഭാ സീറ്റുകളിൽ വിജയിച്ചിട്ടുണ്ടെന്നും, സിപിഐ എം നേതൃത്വത്തിൽ നടന്ന ഒട്ടേറെ സമരങ്ങളുടെ ചരിത്രമുള്ള പ്രദേശമാണ് ഡിണ്ടിഗൽ എന്നും മനോരമയ്ക്കുപോലും പറയേണ്ടിവന്നു. സിപിഐ എമ്മിന്റെ സ്ഥാനാർഥികളെക്കുറിച്ചു മാത്രമല്ല, കോൺഗ്രസ് സ്ഥാനാർഥികളെക്കുറിച്ചും ഇതേ ശീർഷകത്തിൽ വിശകലനം നടത്താവുന്നതാണ്, തമിഴ്നാട്ടിൽ. 1971ൽ നിയമസഭാ സീറ്റുകൾ മൊത്തം ഡിഎംകെയ്ക്കുകൊടുത്ത് ലോക്-സഭാ സീറ്റുകൾ പകരം വാങ്ങിയ ഇന്ദിരാഗാന്ധിയുടെ ഡീലിനെക്കുറിച്ച് മനോരമ മറന്നോ ആവോ.
‘‘മുഖ്യമന്ത്രിയെയും മകളെയും രക്ഷിക്കുന്നത് ബിജെപി: ഡി കെ ശിവകുമാർ’’ എന്നൊരു ഒറ്റക്കോളം ഐറ്റമുണ്ട്. എന്തായാലും ഇതു പറയാൻ സർവഥാ ‘‘യോഗ്യൻ’’ തന്നെയാണേയ് ഈ വിദ്വാൻ. കോൺഗ്രസിന്റെ പണച്ചാക്ക് രാഷ്ട്രീയത്തിന്റെ പ്രതിനിധിയായ ഇദ്ദേഹത്തെ ഇഡി അകത്താക്കിയിട്ട് പുറത്തുവിട്ടത് ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമാണോന്നു കൂടി ഒന്നു വ്യക്തമാക്കിയാൽ കൊള്ളാം. കെ സി വേണുഗോപാലിനു സോളാർ – സരിതക്കേസിൽ നിന്നു സിബിഐ വിടുതൽ നൽകിയതും രാഹുലിന്റെ അളിയൻ വാദ്രയ്ക്കുമേൽ കുരുക്കു മുറുക്കാതിരിക്കാൻ ഇലക്ടറൽ ബോണ്ടിന്റെ ഡീലുറപ്പിച്ചതുമെല്ലാം ബിജെപി – കോൺഗ്രസ് ഒത്തുകളിയായിരിക്കുമല്ലോ.
ഏപ്രിൽ 9നു മനോരമയിൽ ഇഡിയെ പിടിച്ച് സിപിഐ എമ്മിനെ വിരട്ടൽ സ്റ്റോറി തന്നെയാണ് പ്രൈം ഐറ്റം. ‘‘സഹകരണ തട്ടിപ്പ് : എല്ലാ കേസുകളും പരിശോധിക്കും. ഇഡി കൂടുതൽ ബാങ്കുകളിലേക്ക്. കേന്ദ്രത്തിനും റിസർവ് ബാങ്കിനും പ്രാഥമിക റിപ്പോർട്ട് നൽകി’’. ആ റിപ്പോർട്ട് കണ്ടിട്ടാകും മോദിജി അടുത്ത വണ്ടീം പിടിച്ച് തൃശ്ശൂരിലേക്ക് പാഞ്ഞത്. മ്മക്ക് അപ്പോ തന്നെ അറിയാമല്ലോ ഈ ഹാലിളക്കങ്ങൾക്കും വാലുപൊക്കലുകൾക്കുമെല്ലാം പിന്നിലുള്ള രാഷ്ട്രീയ ചവിട്ടുനാടകം എന്തെന്ന്. എൽഡിഎഫും യുഡിഎഫും തമ്മിലുള്ള മത്സരത്തിൽ ബിജെപി സ്ഥാനാർഥിയെ മൂന്നാം സ്ഥാനത്തെങ്കിലും മാന്യമായി എത്തിക്കാനുള്ള അറ്റകെെ പ്രയോഗമാണ് ഇപ്പോൾ കാണുന്ന പൊറാട്ടു നാടകങ്ങളിലെല്ലാം ഉള്ളത്. ഇഡിയെപ്പേടിച്ച് വാലുംചുരുട്ടി ഓടുന്നവരല്ല ഇടതുപക്ഷത്തുള്ളവർ എന്നെങ്കിലും മനോരമയ്ക്ക് അറിയുമോ ആവോ.
ഇഡി ഇപ്പം പിടിക്കുമെന്ന് പിറുപിറുത്തും കുരച്ചും കൊറേ നാളായി വായനക്കാരെ മുൾമുനയിൽ നിർത്താൻ ശ്രമിക്കുന്ന മനോരമ കരുവന്നൂർ കേസുമായി ബന്ധപ്പെട്ടു തന്നെ കേരള ഹെെക്കോടതിയുടെ ‘‘എന്തായി നിങ്ങളെ അനേ-്വഷണം, നിങ്ങടെ കെെയിൽ എന്ത് തെളിവുണ്ട്’’ എന്നെല്ലാമുള്ള ചോദ്യങ്ങൾക്കു മുന്നിൽ അണ്ണാക്കിൽ പുട്ടുകുടുങ്ങിയ പോലെ വായും പൊളിച്ച് നിന്നത് നമ്മള് കണ്ടതാണല്ലോ മനോരമ കൊച്ചാട്ടന്മാരെ ! പോരെങ്കിൽ ഏപ്രിൽ രണ്ടിന് എഎപി നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിങ്ങിന് ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി തന്നെ മതിയല്ലോ മനോരേമ ഇതിനെല്ലാം മറുപടിയായി. ഏപ്രിൽ മൂന്നിന് മനോരമയുടെ 9–ാം പേജിൽ ആ വിധിയെക്കുറിച്ചുള്ള റിപ്പോർട്ടൊന്നു നോക്കാം നമുക്ക്. തലവാചകം ഇങ്ങനെ: ‘‘കോടതി വിധി ആം ആദ്മി പാർട്ടിക്ക് ആശ്വാസം. ‘സിംഹം’ പുറത്ത്; അടി ബിജെപിക്ക്.’’ കോടതി വിധിയെക്കുറിച്ചുള്ള റിപ്പോർട്ടിലെ ഹെെലെെറ്റ് നോക്കൂ: ‘‘സുപ്രീംകോടതിയുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ ഇഡി.’’ തെളിവില്ലാതെ കേസും വിചാരണയുമൊന്നും കൂടാതെ ആരെയും പിടിച്ച് ജയിലിലിടാമെന്ന വകുപ്പ് കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലുള്ളതുകൊണ്ടാണല്ലോ ആസേതുഹിമാചലം ഇഡിയുടെ ഈ അഴിഞ്ഞാട്ടം നടക്കുന്നത്. ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ സുപ്രീംകോടതിക്കുമുന്നിൽ വായും പൊളിച്ചുനിന്ന അതേ ഇഡിയെ തന്നെയാണ് നമ്മൾ കേരള ഹെെക്കോടതിയിൽ കരുവന്നൂർ കേസിൽ കണ്ടത്. അതുംപോട്ടെ; കഴിഞ്ഞ ദിവസമാണല്ലോ കിഫ്ബി കേസിൽ ഡോ. തോമസ് ഐസക്കിനെ ഉടൻ ചോദ്യം ചെയ്യാൻ മുട്ടി വന്ന ഇഡിയുടെ തലയ്ക്കിട്ട് കൊട്ടുംകൊടുത്ത് ഓടിച്ചുവിട്ടപ്പോൾ ‘‘ഇഡിക്കു തിരിച്ചടി’’ എന്ന് എഴുതുന്നതിനു പകരം ‘‘ഐസക്കിനാശ്വാസം’’ എന്ന് എഴുതിയ നമ്മുടെ മനോരമാദികൾ ആർഎസ്-എസിന്റെ ഗുണ്ടകളായി പണിയെടുക്കുന്ന ഇഡിക്ക് വിടുവേല ചെയ്യുകയാണ്. കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ താൻ വിഷം കുടിച്ച് ചത്തുകളയുമെന്ന് പ്രതിജ്ഞ ചൊല്ലി വിഷക്കുപ്പിയും പോക്കറ്റിലിട്ടു നടന്ന മനോരമക്കുടുംബത്തിലെ പഴേ മൂത്തോനായിരുന്നല്ലോ 1950 കളിൽ കമ്യൂണിസ്റ്റുകാരെ എതിരിടാൻ കോൺഗ്രസിനെക്കാൾ പറ്റിയത് ആർഎസ്എസാണെന്ന് കണ്ട് കോട്ടയം തിരുനക്കര മെതാനത്ത് ആർഎസ്-എസിന് (ജനസംഘത്തിന്) വേദിയൊരുക്കിയത്.
ഏപ്രിൽ മൂന്നിനുതന്നെ മനോരമ സിപിഐ എമ്മിനു കുരുക്കുമുറുക്കാൻ ഇഡിയുടെ പിന്നാലെ കൂടിയ ഇതേ ദിവസത്തെ 11–ാം പേജിലെ സ്റ്റോറി വെളിപ്പെടുത്തുന്നത്: ‘‘കരുവന്നൂർ ബാങ്ക്: സിപിഎം രഹസ്യ അക്കൗണ്ടുകൾ പിടിമുറുകുന്നു.’’ ഇതിൽ നിന്നു തന്നെ ഇഡി കേരളത്തിൽ കളിക്കണതും ബിജെപിയുടെ പ്രൊപ്പഗൻഡ മെഷീനായിട്ടാണെന്ന് വ്യക്തം. അതിനു പിന്നാലെ കൂടിയിരിക്കുകയാണ് കോൺഗ്രസും. ബിജെപിയുടെയും കോൺഗ്രസിന്റെയും പരാജയ ഭീതിയാണ് കേരളത്തിൽ അവരെ ഒക്കച്ചങ്ങായിമാരാക്കിയിരിക്കുന്നത്.
ഏപ്രിൽ മൂന്നിന്റെ മനോരമയുടെ 9–ാം പേജിലെ ഒരിനം നോക്കൂ: ‘‘സികാർ: സിപിഐ എമ്മിനെ കെെവിടാതെ കോൺഗ്രസ്’’ എന്ന് ശീർഷകം. ഇതു വായിച്ചാൽ തോന്നുക വെറുതെയൊരു ദയ തോന്നി കോൺഗ്രസ് ഒരു സീറ്റ് എറിഞ്ഞുതന്നതാണെന്നാണല്ലോ. നിയമസഭാ തിരഞ്ഞെടുപ്പിലെ തിക്താനുഭവം ആവർത്തിക്കാതിരിക്കാൻ രാജസ്താനിലെ കോൺഗ്രസ് നേതൃത്വം സിപിഐ എമ്മുമായും ചില പ്രാദേശിക കക്ഷികളുമായും സഖ്യമുണ്ടാക്കാൻ നിർബന്ധിതമാകുകയായിരുന്നുവെന്നതല്ലേ സത്യം. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ഇത്തരമൊരു സഖ്യത്തിനു തയ്യാറായിരുന്നെങ്കിൽ കോൺഗ്രസിനു ഭരണത്തുടർച്ചയുണ്ടാക്കാമായിരുന്നു. ആ അനുഭവമാണ് ഇപ്പോൾ കൂട്ടുകെട്ടുണ്ടാക്കാൻ ആ പാർട്ടിയെ നിർബന്ധിതമാക്കിയത്.
ഏപ്രിൽ 5ന്റെ ‘‘മാതൃഭൂമിയുടെ 6–ാം പേജിൽ ഒരു പ്രത്യേക വാർത്ത വായിക്കാം: സെെനിക സ്കൂളുകൾ ആർഎസ്എസ് സംഘടനകൾക്ക്. വെളിപ്പെടുത്തലുമായി റിപ്പോർട്ടേഴ്സ് കളക്ടീവ്.’’ പുതുതായി അനുവദിച്ച സെെനിക സ്കൂളുകളിൽ 62 ശതമാനവും ആർഎസ്എസ് അനുബന്ധ സംഘടനകൾക്കെന്നാണ് റിപ്പോർട്ടേഴ്സ് കളക്ടീവ് കണ്ടെത്തിയത്. ഇന്ത്യൻ സെെന്യത്തിനുള്ളിൽ കടന്നുകൂടി സ്ലീപ്പിങ് സെല്ലുകളായി നിൽക്കുന്നതിനും വേണ്ടി വരുമ്പോൾ ഉണർന്നു പ്രവർത്തിക്കുന്നതിനുമുള്ള ആർഎസ്-എസ് സംവിധാനം അത്ര രഹസ്യമൊന്നുമല്ലല്ലോ. മാലേഗാവ് സ്-ഫോടനക്കേസിൽ പ്രതിയായ കേണൽ ശ്രീകാന്ത് പുരോഹിത് സെെനികോദ്യോഗസ്ഥനായിരുന്നെന്നും മാലേഗാവിലെയും മെക്കാ മസ് ജിദിലെയും സംഝൗത്ത എക്സ്പ്രസിലെയും സ്ഫോടനങ്ങൾക്ക് ഉപയോഗിച്ചത് നമ്മുടെ സെെന്യത്തിന്റെ ആയുധപ്പുരയിലെ ആയുധങ്ങളാണെന്നതും അത്ര രഹസ്യമൊന്നുമല്ലല്ലോ. പൂനയിലെ ആർഎസ്-എസ് നിയന്ത്രണത്തിലുള്ള സെെനിക സ്കൂളുകളിലെ പ്രോഡക്ടാണ് ഈ ശ്രീകാന്ത് പുരോഹിതെന്നും അക്കാലത്തുതന്നെ വെളിപ്പെട്ടതാണല്ലോ. എന്നിട്ട് ആരുമത് പ്രധാനവാർത്തയാക്കിയില്ല. ആരും ചർച്ച ചെയ്തതുമില്ല.
സെെന്യത്തിൽ മാത്രമല്ല പൊലീസിലും സിവിൽ സർവീസിലുമെല്ലാം ആർഎസ്എസിന്റെ സ്ലീപ്പിങ് സെല്ലുകൾ ഉണ്ടെന്നത് യാഥാർഥ്യമാണ്. പുൽവാമ സ്ഫോടനവുമായും മുൻപ് നടന്ന പാർലമെന്റ് ആക്രമണവുമായും ബന്ധമുണ്ടെന്നു കണ്ട ഒരു ഐപിഎസുകാരൻ കേസും കൂട്ടവുമൊന്നും കൂടാതെ രക്ഷപ്പെട്ടത് ആരെങ്കിലും ചർച്ച ചെയ്തോ? ഇല്ലല്ലോ. മോദി ഭരണകാലത്ത് പഞ്ചാബ് അതിർത്തിയിലെ ഒരു സെെനികത്താവളത്തിനു നേരെ നടന്ന ആക്രമണത്തിനെത്തിയ ഭീകരർ ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ വാഹനത്തിലായിരുന്നു എത്തിയത് എന്ന് വാർത്ത വന്നിട്ടും അയാളെ പിടികൂടാൻ പഞ്ചാബിലെ അന്നത്തെ ബിജെപി സർക്കാരോ കേന്ദ്ര സർക്കാരോ തയ്യാറായില്ലല്ലോ.
ഇപ്പോൾ റിപ്പോർട്ടേഴ്സ് കളക്ടീവ് എന്ന സംഘടന പുറത്തുകൊണ്ടുവന്ന വാർത്തയെക്കുറിച്ച് ഏതെങ്കിലുമൊരു മാധ്യമം ചർച്ചാവിഷയമാക്കിയോ? ഇല്ലല്ലോ. അതാണ് നമ്മുടെ നാട്ടിലെ നിഷ്പക്ഷ മാധ്യമപ്രവർത്തനം! അതോ അവയ്ക്കും ഇഡിപ്പേടിയാണോ? ♦