Sunday, July 14, 2024

ad

Homeലെനിന്റെ 100‐ാം ചരമവാർഷികംഭരണകൂടവും കമ്പോളവും: ലെനിന്റെ പുത്തൻ സാമ്പത്തിക നയം ഉയർത്തുന്ന ചോദ്യങ്ങൾ

ഭരണകൂടവും കമ്പോളവും: ലെനിന്റെ പുത്തൻ സാമ്പത്തിക നയം ഉയർത്തുന്ന ചോദ്യങ്ങൾ

കെ എസ് രഞ്ജിത്ത്

മുഖ്യധാരാ സാമ്പത്തികശാസ്ത്രത്തിലെ അടിസ്ഥാന സമസ്യകളിലൊന്നാണ് കമ്പോളശക്തികൾക്ക് മേൽ ഭരണകൂടത്തിന് എത്രകണ്ട് നിയന്ത്രണങ്ങളാവാം എന്നത്-. ഏതൊക്കെ മേഖലകളിൽ സ്റ്റേറ്റിന്റെ നിയന്ത്രണങ്ങൾ ആവാം ? ഏതൊക്കെ മേഖലകൾ കമ്പോള നിയമങ്ങളുടെ പൂർണ ആധിപത്യത്തിനു വിടാം?പലരും പല കാലങ്ങളിൽ വ്യത്യസ്ത ഉത്തരങ്ങൾ പറഞ്ഞിട്ടുള്ള ചോദ്യമാണിത്. ബൂർഷ്വാ അർത്ഥശാസ്ത്രം പ്രാണവായു പോലെ സർവ്വവ്യാപിയായ ഒന്നായി മാറിയ, പരമസത്യമായി കൊണ്ടാടപ്പെടുന്ന നിയോ ലിബറൽ ലോകത്ത്, അതു സൃഷ്ടിക്കുന്ന സാമൂഹികാസമത്വങ്ങളും വലിയൊരു വിഭാഗം അനുഭവിക്കുന്ന ദുരിതങ്ങളും നോർമലൈസ് ചെയ്യപ്പെട്ടിരിക്കുന്ന ഒരു ലോകത്ത്, ഈ ചോദ്യത്തിന് വലിയ പ്രസക്തി സാധാരണഗതിയിൽ ഉണ്ടാകില്ല. വലിയ പ്രതിസന്ധികൾ കുമിഞ്ഞു കൂടുമ്പോൾ മാത്രമാണ് ഈ വിഷയം വീണ്ടും ചർച്ച ചെയ്യപ്പെടുന്നത്.

കമ്പോളത്തിന്റെ അദൃശ്യ കരങ്ങൾ എല്ലാം ശരിയാംവിധം നോക്കി നടത്തും എന്ന് വിശ്വസിച്ചിരുന്ന ക്ലാസ്സിക്കൽ എക്കണോമിസ്റ്റുകളുടെ ലോകത്തേക്കാണ് സോവിയറ്റ് യൂണിയൻ എന്ന അത്ഭുതം സംഭവിക്കുന്നത്. എല്ലാം കമ്പോളം നോക്കിക്കൊള്ളും എന്ന സ്ഥാനത്ത് എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും ഭരണകൂടത്താൽ നിയന്ത്രിക്കപ്പെടുന്ന ഒരു രാജ്യം പെട്ടെന്ന് ഉദയം ചെയ്തു. ഇത് സോവിയറ്റ് യൂണിയനിലും പുറം ലോകത്തും ഉണ്ടാക്കിയ സൈദ്ധാന്തികവും പ്രായോഗികവുമായ സംഘർഷങ്ങൾ പറഞ്ഞറിയിക്കാനാവാത്തതായിരുന്നു.

ഒക്ടോബർ വിപ്ലവകാലത്തെ റഷ്യ യൂറോപ്പിലെ തന്നെ ഏറ്റവും പിന്നാക്കപ്രദേശമായിരുന്നു. ഭൂപ്രഭുക്കൾ അടക്കിവാണിരുന്ന ഒരു കാർഷിക വ്യവസ്ഥയിലേക്കാണ് കമ്യൂണിസം പൊടുന്നനെ കടന്നു വരുന്നത്. നാളിതുവരെ തങ്ങളുടെ കാൽക്കീഴിൽ കിടന്നിരുന്നവർ ഭരണകർത്താക്കളായി മാറിയത് സ്വാഭാവികമായും അതേവരെ ഭരണവർഗത്തിനും അവർക്കൊപ്പം നിൽക്കുന്നവർക്കും പിടിച്ചില്ല. നൂറ്റാണ്ടുകളായി തങ്ങൾ അനുഭവിച്ചു പോന്നിരുന്ന അളവറ്റ സമ്പത്തും ഭൂമിയും സ്റ്റേറ്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് മാറുന്നതും ആർക്കും ഉൾക്കൊള്ളാനായില്ല. ഒരു സംഘർഷ ഭൂമിയായി വിപ്ലവാനന്തര റഷ്യ മാറുന്നത് അങ്ങനെയാണ്. ലെനിന്റെ ഭാഷയിൽ പറഞ്ഞാൽ യുദ്ധകാല കമ്യൂണിസത്തിന്റെ ഘട്ടം. രാഷ്ട്രീയ പ്രശ്നങ്ങൾ മാത്രമല്ല ഇത് സൃഷ്ടിച്ചത്. നാളിതുവരെ തുടർന്നുപോന്നിരുന്ന ഉല്പാദന സമ്പ്രദായങ്ങളെയും ഇതു തകിടം മറിച്ചു. കാർഷികോല്പാദനം ഇടിഞ്ഞു . കാർഷിക മേഖലയിലെ അധിക സമ്പത്ത് ഉപയോഗിച്ചുകൊണ്ട് റഷ്യയെ ഒരു വ്യാവസായിക കേന്ദ്രമായി വളർത്തിയെടുക്കാനുള്ള സോവിയറ്റ് ഭരണകൂടത്തിന്റെ പരിപാടികൾക്ക് തിരിച്ചടി നേരിട്ടു. ആ കാലഘട്ടത്തിലെ പ്രതിസന്ധികളെ മറികടക്കാൻ ലെനിൻ ആവിഷ്‌കരിച്ച ചില സമീപനങ്ങളാണ് ലെനിന്റെ പുത്തൻ സാമ്പത്തിക നയങ്ങൾ എന്ന് അറിയപ്പെടുന്നത്. ഒരു നൂറ്റാണ്ടിനു മുൻപ് നടന്ന ആ കാര്യങ്ങൾ ഇന്ന് വീണ്ടും ചർച്ച ചെയ്യുന്നതിൽ എന്താണ് പ്രസക്തി ?കമ്പോള ശക്തികളെയും സങ്കേതങ്ങളെയും ഒരു സോഷ്യലിസ്റ്റ് ഭരണകൂടം ഉപയോഗിക്കുന്നത് നീതീകരിക്കാനാവുന്നതാണോ? ഇന്നും ഏറെ വിവാദങ്ങൾക്കിടയാക്കുന്ന ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തിരയുന്നവർക്കുള്ള വലിയൊരു ചരിത്ര പാഠമാണ് വിപ്ലവാനന്തര റഷ്യയിൽ ലെനിന്റെ നേതൃത്വത്തിൽ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്ത ‘പുത്തൻ സാമ്പത്തിക നയം’. അതാതുകാലത്ത് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുകയാണ് ചെയ്യേണ്ടതെന്നും കേവലമായ വരട്ടുവാദങ്ങളിൽ ഉടക്കിക്കിടക്കുകയല്ല വേണ്ടതെന്നും എല്ലാ ഭരണകൂടങ്ങളോടും ഉച്ചൈസ്തരം പ്രഖ്യാപിക്കുന്ന ഒന്നാണ് 1921 മാർച്ചിൽ നടന്ന സോവിയറ്റ് യൂണിയന്റെ പത്താമത് പാർട്ടി കോൺഗ്രസിൽ ഏറെ ആശങ്കകളോടെ ലെനിൻ അവതരിപ്പിച്ച ‘പുത്തൻ സാമ്പത്തിക നയം’.

ഉല്പാദനോപാധികൾ മുഴുവനും ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരികയാണ് വിപ്ലവാനന്തര റഷ്യയിലെ കമ്യൂണിസ്റ്റ് സർക്കാർ ആദ്യഘട്ടത്തിൽ ചെയ്തത്. റഷ്യയിലെ വിപ്ലവത്തിന് ശേഷമുള്ള ഏതാനും വർഷങ്ങൾ കടുത്ത ആഭ്യന്തര യുദ്ധത്തിന്റേതായിരുന്നു. സ്വത്തുവകകളുടെ നിയന്ത്രണം കൈവശം വെച്ചിരുന്ന ഭൂപ്രഭുക്കളും ധനികരും സോവിയറ്റ് ഭരണകൂടത്തിനെതിരെ ശക്തമായ ആക്രമണം ആരംഭിച്ചു . മറുവശത്താകട്ടെ കമ്യൂണിസ്റ്റ് ആശയ സംഹിതകൾക്കനുസൃതമായ കാഴ്ചപ്പാടോടെ സോവിയറ്റ് ഗവണ്മെന്റ് ശക്തമായി നിലകൊണ്ടു. ഉല്പാദനോപാധികളെല്ലാം ദേശസാൽക്കരിച്ചു . കൃഷിഭൂമി കർഷക കൂട്ടായ്മകളുടേതാക്കി മാറ്റി. നാട്ടുമ്പുറങ്ങളിലെ കൃഷിയിടങ്ങളിൽ നിന്നും ധാന്യങ്ങൾ സംഭരിച്ച് വിതരണം ചെയ്യുന്ന ചുമതല സർക്കാർ തന്നെ നേരിട്ട് ഏറ്റെടുത്തു.അതുപോലെ ചെറുതും വലുതുമായ എല്ലാ തൊഴിൽ സംരംഭങ്ങളുടെയും നടത്തിപ്പും സർക്കാർ നേരിട്ട് ഏറ്റെടുത്തു. 1920 വരെ ഈ സംഘർഷങ്ങൾ തീവ്രമായി തുടർന്നു. പരമ്പരാഗതമായി ഉല്പാദനോപാധികൾ കൈവശം വെച്ചുകൊണ്ടിരുന്നവരും ഇപ്പോൾ ദേശസാൽക്കരണത്തെത്തുടർന്ന് അത് നഷ്ടപ്പെട്ടവരുമായവരുടെ ശക്തമായ എതിർപ്പുകൾ രൂക്ഷമായ ആഭ്യന്തര യുദ്ധത്തിലേക്ക് സോവിയറ്റ് യൂണിയനെ കൊണ്ടുചെന്നെത്തിച്ചു.

ഈ പ്രതിസന്ധികളെ അതിജീവിക്കുക എന്ന കടുത്ത വെല്ലുവിളിയാണ് സോവിയറ്റ് ഭരണകൂടത്തിനുണ്ടായിരുന്നത്. ഭക്ഷ്യോല്പന്നങ്ങളുടെ കടുത്ത ക്ഷാമമായിരുന്നു ഇതിന്റെ പ്രത്യാഘാതങ്ങളിൽ പ്രധാനം. പരമ്പരാഗത കർഷക സമൂഹത്തെ കൂടെനിർത്തുക എന്നതായിരുന്നു ഒരു പ്രധാന വെല്ലുവിളി. പാട്ടത്തിനെടുത്ത ഭൂമിയാണെങ്കിൽ കൂടി അവിടെ കൃഷി ചെയ്ത് ഉല്പാദിപ്പിക്കുന്നത് കൈവശം വെയ്ക്കാനുള്ള അവകാശം വിപ്ലവാനന്തരം നഷ്ടപ്പെട്ടത് കർഷകർക്കിടയിൽ അസംതൃപ്തി പരത്തിയിരുന്നു. ‘തനി പരമ്പരാഗത’കർഷക സമൂഹമായിരുന്നു അന്നത്തെ റഷ്യ എന്നതിനാൽ ഇതിന്റെ വ്യാപ്തി വളരെ അധികമായിരുന്നു. ഇതിനെ നേരിടാനാണ് പുത്തൻ സാമ്പത്തിക നയം ലെനിൻ ആവിഷ്കരിക്കുന്നത്. 1921 ഒക്ടോബർ 17 ന് പരസ്യപ്പെടുത്തിയ പുത്തൻ സാമ്പത്തിക നയത്തെ ലെനിൻ വിശദീകരിച്ചത് ഇപ്രകാരമാണ്:

“ നാം ആവിഷ്കരിച്ചിരിക്കുന്ന ഈ പുതിയ നയം,വിപ്ലവാനന്തരം നാം കൈക്കൊണ്ട സമീപനങ്ങളിൽ നിന്നും ഏറെ വ്യത്യസ്തവും അതിനു മുൻപുണ്ടായിരുന്ന സമീപനങ്ങളോട് കൂടുതൽ അടുത്തുനില്കുന്നതുമാണ് …..

‘‘പഴയ റഷ്യൻ സമ്പദ്‌വ്യവസ്ഥയെ, കമ്യൂണിസ്റ്റ് സ്വഭാവത്തിൽ ഉല്പാദനവും വിതരണവും നടക്കുന്ന, സ്റ്റേറ്റിന്റെ നിയന്ത്രണത്തിലുള്ള ഒന്നായി നേരിട്ട് പരിണമിപ്പിക്കുക എന്നതായിരുന്നു നാം ആദ്യം കൈക്കൊണ്ട നയത്തിലൂടെ ലക്ഷ്യമിട്ടിരുന്നത് ……പക്ഷേ 1918 ന്റെ ഉത്തരാർദ്ധത്തോടെ ഇതിന്റെ പ്രശ്നങ്ങൾ നമുക്ക് അനുഭവപ്പെട്ടു തുടങ്ങി. 1920 ആയപ്പോൾ നാം സ്വീകരിച്ച സാമ്പത്തിക സമീപനങ്ങളെ സംബന്ധിച്ച ആശങ്കകൾ വർദ്ധിച്ചു …..

‘‘കമ്യൂണിസ്റ്റ് ഉല്പാദന വിതരണ സമ്പ്രദായത്തിലേക്ക് നേരിട്ട് പ്രവേശിച്ചതാണ് നമുക്ക് പറ്റിയ പാളിച്ച. കർഷകർ നൽകുന്ന അധിക ഉല്പാദനം ഉപയോഗിച്ച് ഫാക്ടറികളിലെ തൊഴിലാളികളുടെ ആവശ്യങ്ങൾ നിറവേറ്റാനാവും എന്നാണ് നാം കരുതിയത്. അതുവഴി കമ്യൂണിസ്റ്റ് രീതിയിലുള്ള ഉല്പാദന വിതരണം കാര്യക്ഷമമായി നടത്താനാവും എന്നും നാം വിചാരിച്ചു.

‘‘ഇത് വളരെ നിശ്ചിതമായും നടപ്പിലാക്കാനാവും എന്നാണ് നാം കരുതിയത്.എന്നാൽ നിർഭാഗ്യവശാൽ ഇതായിരുന്നില്ല യാഥാർഥ്യം.നമ്മുടെ പരിമിതമായ കാലത്തെ അനുഭവം തെളിയിക്കുന്നത് ആ ലൈൻ തെറ്റായിരുന്നു എന്നാണ്.മുതലാളിത്തത്തിൽ നിന്ന് സോഷ്യലിസത്തിലേക്കുള്ള പരിവർത്തനത്തെപ്പറ്റി നാം വിചാരിച്ചതിന് വിരുദ്ധമായാണ് കാര്യങ്ങൾ നടന്നത്. സോഷ്യലിസ്റ്റ് അക്കൗണ്ടിങ്ങിനും നിയന്ത്രണങ്ങൾക്കും വിധേയമായി,നീണ്ടുനിൽക്കുന്ന സങ്കീർണമായ ഒന്നാണ് മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്കുള്ള പരിവർത്തനം ……..

‘‘അതിനാൽ നാം തന്ത്രപരമായ ഒരു ചുവടുമാറ്റം, പിന്തിരിയൽ നടത്തുകയാണ്. ഒരടി കിട്ടിയ മനുഷ്യൻ ഒരടിയും ഇനിയും കിട്ടാത്ത രണ്ടു പേരേക്കാൾ മെച്ചപ്പെട്ടവനാണ് എന്ന പഴഞ്ചൊല്ല് ഇവിടെ നാം ഓർക്കണം.

ഗ്രാമങ്ങളിലെ അധിക ഉത്പാദനത്തെ ഉപയോഗപ്പെടുത്തിയുള്ള നഗര വികസനത്തെ സംബന്ധിച്ചുള്ള കമ്യൂണിസ്റ്റ് കാഴ്ചപ്പാട് ഉല്പാദന ശക്തികളുടെ വികാസത്തെ തടഞ്ഞു.1921 വസന്തകാലത്ത് നാം നേരിട്ട സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധിയുടെ കാരണം അതാണ് …….

പുത്തൻ സാമ്പത്തിക നയം ഒരർത്ഥത്തിൽ മുതലാളിത്ത രീതികളിലേക്കുള്ള ഭാഗികമായ തിരിച്ചുപോക്കാണ്. ഇത് ഏതു പരിധിവരെ പോകുമെന്ന് നമുക്കറിയില്ല.വിദേശ മുതലാളിമാർക്ക് നാം നൽകുന്ന സൗജന്യങ്ങളും (അധികം പേർ അത് സ്വീകരിച്ചിട്ടില്ല ),മുതലാളിമാർക്ക് സ്ഥാപനങ്ങൾ പാട്ടത്തിന് നൽകുന്നതും തീർച്ചയായും മുതലാളിത്തത്തിന്റെ പുനഃസ്ഥാപനമാണ്.ഇത് പുത്തൻ സാമ്പത്തിക നയത്തിന്റെ ഭാഗമാണ്.അധിക ഉത്പാദനം സർക്കാർ കൈവശപ്പെടുത്താതെ കർഷകർക്ക് തുറന്ന കമ്പോളത്തിൽ വിൽക്കാൻ അനുമതി നൽകുന്നത് ഈ നയത്തിന്റെ ഭാഗമാണ് …….

‘‘ഇതിൽ അന്തിമമായി ആരു വിജയിക്കും എന്നത് പ്രവചനാതീതമാണ് : നാം വാതിലുകൾ തുറന്നുകൊടുത്തുകൊണ്ട് കടന്നുവരുന്ന മുതലാളിമാരാണോ ? അതോ നമ്മുടെ സ്റ്റേറ്റിന്റെ അധികാരം കയ്യാളുന്ന തൊഴിലാളിവർഗമാണോ ?…..

‘‘ആരാണ് നേതൃത്വം കയ്യാളുക എന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം .മുതലാളിമാർ ആദ്യം സംഘടിതരായി കമ്യൂണിസ്റ്റുകളെ പരാജയപ്പെടുത്തിയാൽ അത് എല്ലാത്തിന്റെയും അവസാനമാകും. തൊഴിലാളി വർഗ ഭരണകൂടവും അവരെ പിന്തുണയ്ക്കുന്ന കർഷകരും കൂടി ഈ മുതലാളിമാരെ കടിഞ്ഞാണിട്ട് നിർത്തുന്നതിൽ വിജയിച്ചാൽ , സ്റ്റേറ്റ് ആവശ്യപ്പെടുന്ന രീതിയിൽ അവരെ നയിക്കുന്നതിൽ വിജയിച്ചാൽ കാര്യങ്ങൾ മറിച്ചാകും …

പോരാട്ടങ്ങൾ കൂടുതൽ 
രൂക്ഷമാകും…
അരാജകമായ മുതലാളിത്തത്തിന്റെ അപകടങ്ങളെക്കുറിച്ചും നിയന്ത്രണങ്ങളൊന്നുമില്ലാത്ത ചരക്കു കൈമാറ്റത്തിന്റെ ഭവിഷ്യത്തുകളെക്കുറിച്ചും ജനങ്ങളെ ബോധ്യപ്പെടുത്താൻ നമുക്ക് കഴിയണം. മഹാഭൂരിപക്ഷം ജനങ്ങളെയും തൊഴിലാളികളെയും ഇത് ബോധ്യപ്പെടുത്താൻ നമുക്കു കഴിയണം. കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയ സോവിയറ്റ് സമ്പദ്‌വ്യവസ്ഥയെ തിരിച്ചുപിടിക്കാൻ ലെനിന്റെ പുത്തൻ സാമ്പത്തിക നയങ്ങൾക്കായി എന്ന് കണക്കുകൾ ബോധ്യപ്പെടുത്തുന്നു. 1920 കളുടെ മധ്യത്തോടെ ഒന്നാം ലോകയുദ്ധ പൂർവ കാലത്തെ സ്ഥിതിയിലേക്ക് റഷ്യൻ സമ്പദ്‌വ്യവസ്ഥ തിരിച്ചെത്തി. 1913ൽ 8 കോടി ടൺ ധാന്യങ്ങളാണ് റഷ്യ ഉൽപാദിപ്പിച്ചിരുന്നത്. 1920 ൽ ഇത് 5 കോടി ടണ്ണായി കുറഞ്ഞു.എന്നാൽ നാല് വർഷത്തെ പുത്തൻ സാമ്പത്തിക നയങ്ങൾക്കുശേഷം ഇത് 7.3 കോടി ടണ്ണായി വർധിച്ചു. വ്യവസായികോല്പാദനവും തൊഴിലാളികളുടെ വേതനവും വൻ തോതിൽ വർധിച്ചു. 1921 നും 1924 നുമിടയിൽ ഇത് ഇരട്ടിയായി. ഇതിന്റെ ആരോഗ്യകരമായ ചലനങ്ങൾ തുടർന്നുമുണ്ടായി. ഒരുപക്ഷേ 1930 കളിലെ മഹാമാന്ദ്യത്തിന്റെ ചുഴലിയിൽ ലോക മുതലാളിത്തം തകർന്നടിഞ്ഞപ്പോഴും സോവിയറ്റ് സമ്പദ് വ്യവസ്ഥയ്ക്ക് ശക്തമായി മുന്നേറാനുള്ള കരുത്തുനൽകിയത് ലെനിന്റെ ഈ വിപ്ലവകരമായ സമീപനമായിരുന്നു. ബോൾഷെവിക്കുകളിൽ തന്നെ ഒരു വിഭാഗം ഈ നയങ്ങളെ സൈദ്ധാന്തികമായി എതിർത്തിരുന്നു.

സാമ്പത്തിക വികസനത്തിന്റെ പാതകളെക്കുറിച്ച് വരട്ടുവാദത്തിന്റെ ഒരുവിധ സമീപനവും ലെനിൻ എന്ന മഹാനായ വിപ്ലവകാരി പുലർത്തിയിരുന്നില്ല എന്ന് ബോധ്യമാകാൻ ഈ സാമ്പത്തിക നയ രേഖ മാത്രം മതി . എല്ലാത്തിനും വടി പോലെ ഉത്തരം പോക്കറ്റിൽ നിന്നും എടുത്തു നൽകുന്നതല്ല ശരിയായ കമ്യൂണിസ്റ്റ് സമീപനമെന്നും ലെനിൻ വരച്ചു കാട്ടുന്നു. ഈ പുതിയ സാമ്പത്തിക സമീപനങ്ങൾ സ്വീകരിച്ചാൽ സ്റ്റേറ്റിന്റെ ഭാവി എന്താകും എന്നതിനെക്കുറിച്ചു പോലും സുവ്യക്തമായ ഉത്തരമല്ല ലെനിൻ നൽകുന്നത് എന്നത് ശ്രദ്ധിക്കുക. കവിടി നിരത്തി ഭാവി പ്രവചിക്കുന്ന ജ്യോതിഷികളല്ല കമ്യൂണിസ്റ്റുകാർ എന്നും അത് ഉരുത്തിരിഞ്ഞു വരുന്ന വൈരുധ്യങ്ങളാൽ തീരുമാനിക്കപ്പെടുമെന്നും പുത്തൻ സാമ്പത്തിക സമീപനം വിശദീകരിച്ചുകൊണ്ട് ലെനിൻ വ്യക്തമാക്കുന്നു. ഒരു കമ്യൂണിസ്റ്റ് സമൂഹം കെട്ടിപ്പടുക്കുന്നതിന് എളുപ്പവഴികളില്ല എന്നും ഏറ്റവും പ്രാധാന്യമർഹിക്കുന്നത് ജനങ്ങളെ കാര്യങ്ങൾ പറഞ്ഞു ബോധ്യമാക്കുക എന്നതാണെന്നും കൂടി ഈ രേഖയിലൂടെ ലെനിൻ അടിവരയിട്ടു പറയുന്നു.

കമ്യൂണിസത്തിലേക്ക് ചുവടു വെയ്ക്കാൻ ശ്രമിക്കുന്ന സോഷ്യലിസ്റ്റ് സമൂഹങ്ങൾക്ക് വഴികാട്ടിയാണ് ഈ സോവിയറ്റ് അനുഭവം. പരിമിതമായ അളവിലാണെങ്കിൽ പോലും സ്റ്റേറ്റിന്റെ നിയന്ത്രണ പരിധിക്കുള്ളിൽ കമ്പോള ശക്തികളെ പ്രവർത്തിക്കാൻ അനുവദിക്കുക എന്ന ഈ ലെനിനിസ്റ്റ് കാഴ്ചപ്പാട് സമകാലിക ലോകത്തും അതീവ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. സ്റ്റേറ്റോ കമ്പോളമോ എന്നതല്ല അടിസ്ഥാന ചോദ്യമെന്നും, സ്റ്റേറ്റിന്റെ നിയന്ത്രണത്തിനുള്ളിൽ കമ്പോള ശക്തികളെ ഉപയോഗപ്പെടുത്താനാകുമെന്നും ലെനിൻ ഫലപ്രദമായി കാട്ടിത്തന്നു. അതേസമയം ഇത് കാറ്റും കോളും നിറഞ്ഞ ഒരു സമുദ്രത്തിലൂടെയുള്ള യാത്രയാണെന്നും അത് ഏതുവഴിയിലേക്ക് വേണമെങ്കിലും തിരിയാമെന്നും ലെനിൻ തുറന്നു പറഞ്ഞു.

കമ്പോള ശക്തികളെ ഉപയോഗപ്പെടുത്തി സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റങ്ങൾ സൃഷ്ടിക്കുന്ന ചൈന പോലുള്ള രാജ്യങ്ങൾക്കും സോഷ്യലിസത്തിലേക്ക് ചുവടുവെയ്ക്കാനാഗ്രഹിക്കുന്ന മറ്റു രാജ്യങ്ങൾക്കുമെല്ലാം ഇത് വലിയൊരു പാഠമാണ്. ചൈനയിൽ ഇന്ന് നടക്കുന്നത് മുതലാളിത്ത പുനഃസ്ഥാപനമാണെന്ന പ്രചാരണങ്ങളുടെ പൊള്ളത്തരങ്ങളെയും ഇത് തുറന്നുകാട്ടുന്നു. ഒരു പ്രതിഭാസത്തെ കേവലമായ ഒന്നായി കാണാതെ വൈരുധ്യങ്ങൾ നിറഞ്ഞ ഒന്നായി കാണേണ്ടതുണ്ട്.അതോടൊപ്പം ഇത്തരം പരീക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന അപായ സാധ്യതകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലും കൂടിയാണിത്. സമ്പദ്‌വ്യവസ്ഥയും അതിനാധാരമായി നിലനിൽക്കുന്ന രാഷ്ട്രീയ സമീപനങ്ങളും നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണെന്നും അതിനെ തുടർച്ചയായി പുതുക്കിപ്പണിഞ്ഞുകൊണ്ടേയിരിക്കണമെന്നും കൂടി ലെനിന്റെ പുത്തൻ സാമ്പത്തിക നയം നമ്മെ ഓർമപ്പെടുത്തുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen − 14 =

Most Popular