Sunday, May 26, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്തൊഴിൽമേഖല നിർമിത ബുദ്ധിയുടെ കാലത്ത്‌‐ 2

തൊഴിൽമേഖല നിർമിത ബുദ്ധിയുടെ കാലത്ത്‌‐ 2

കെ എസ് രഞ്ജിത്ത്

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 34

സാങ്കേതികവിദ്യകളുടെ വളർച്ച നിരവധി തൊഴിൽ മേഖലകളിൽ നേരിട്ടുള്ള മനുഷ്യാധ്വാനത്തിന്റെ ആവശ്യകത ഇല്ലാതാക്കുന്നുണ്ട് എന്ന് നാം കണ്ടു. ഇതുളവാക്കുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ്? ഇത് ഗുരുതരമായ സാമൂഹിക അസമത്വത്തിന് ഇടയാക്കുമോ? സാമ്പത്തിക പ്രവർത്തനങ്ങളെ ആത്യന്തികമായി മന്ദീഭവിപ്പിക്കുമോ? അതോ ചില മേഖലകളിലെ തൊഴിലുകളെ മാത്രം വിപരീതമായി ബാധിക്കുകയും മറ്റ് പല മേഖലകളിലും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമോ? കഴിഞ്ഞ രണ്ടു ദശകക്കാലത്തെ കടുത്ത തൊഴിൽ മാന്ദ്യത്തിനു പ്രധാന കാരണം, ഉല്പാദന മേഖലകളിലെ ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ പ്രയോഗമാണെന്ന നിഗമനത്തിലാണ് എം ഐ ടിയിലെ പ്രൊഫസറായ ബ്രിനോൾഫ്സോണും അദ്ദേഹത്തിന്റെ സഹഎഴുത്തുകാരനുമായ ആൻഡ്രൂ മകഫേയും തങ്ങളുടെ പഠനത്തിലൂടെ എത്തിച്ചേർന്നത്. റോബോട്ടിക്സ്, ഡിജിറ്റൽ ഓട്ടോമേഷൻ തുടങ്ങിയ അതിശക്തമായ നവീന സാങ്കേതികവിദ്യകളുടെ കടന്നുവരവ് നിർമാണ മേഖലകളെയും ക്ലറിക്കൽ സ്വഭാവമുള്ള ജോലികളെയും മാത്രമല്ല ബാധിക്കുക, നിയമം ,ധനമേഖല, വൈദ്യരംഗം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ നിരവധി ഉന്നത തൊഴിലുകളെയും ബാധിക്കുമെന്നാണ് അവരുടെ നിഗമനം.

റോബോട്ടിക്സും ഡിജിറ്റൽ സാങ്കേതികവിദ്യകളും നിലവിലുള്ള പല തൊഴിലുകളെയും ഇല്ലാതാക്കും എന്ന കണ്ടെത്തലിൽ വലിയ പുതുമയില്ല. ഇത് തൊഴിൽ മേഖലയിലെ ചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആർക്കും കണ്ടെത്താവുന്ന ഒരു കാര്യമാണ്. പക്ഷേ ഇവിടെ പ്രസക്‌തമായ ഒരു ചോദ്യം പുതിയ സാങ്കേതിക വിദ്യകളുടെ കടന്നുവരവോടെ നഷ്ടപ്പെടുന്ന തൊഴിലുകളും പുതുതായി സൃഷ്ടിക്കപ്പെടുന്ന തൊഴിലുകളും തമ്മിലുള്ള അന്തരം എത്രത്തോളമുണ്ട് എന്നതാണ്. ഏതു പ്രക്രിയയാണ് തീവ്രമായി സംഭവിച്ചു കൊണ്ടിരിക്കുന്നത്? നിലവിലുള്ള തൊഴിലുകളുടെ നഷ്ടപ്പെടലോ പുതിയ തൊഴിലുകളുടെ സൃഷ്ടിയോ? അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ മുൻനിർത്തി ഇവർ നടത്തിയ വിശദമായ എംപിരിക്കൽ പഠനത്തിലെ കണ്ടെത്തലുകൾ താഴെ പറയുന്നവയാണ്.

ഉല്പാദനമേഖലയിലെ സാമ്പത്തികമികവിന്റെ മൂർത്തമായ തെളിവായി ഉയർത്തിക്കാട്ടുന്ന ഘടകം ഉല്പാദനക്ഷമതയാണ് (productivity). ഉല്പാദനഘടകങ്ങളിൽ ഏതെങ്കിലും ഒന്ന് അധികം കൂട്ടുമ്പോൾ എന്ത് ഫലമാണ് അതുണ്ടാക്കുന്നത് എന്നത് നോക്കിയാണ് ആ ഘടകത്തിന്റെ ഉല്പാദനക്ഷമതയെ വിലയിരുത്തുന്നത്. ഉദാഹരണത്തിന് ഒരു മണിക്കൂർ തൊഴിൽ ശക്തി അഥവാ തൊഴിലാളിയുടെ അധ്വാന സമയം വർധിപ്പിക്കുകയാണെങ്കിൽ അത് എത്ര കണ്ട് ഉല്പാദനം കൂട്ടി, അതല്ലെങ്കിൽ പുതിയൊരു യന്ത്രത്തിനായി മുടക്കിയ മൂലധനം മൂലം ഉല്പാദനം എത്ര കണ്ടു വർധിപ്പിച്ചു. എങ്ങനെ ഉല്പാദനക്ഷമതയെ വിലയിരുത്താം. ഈ സാമ്പത്തിക ശാസ്ത്ര മാനദണ്ഡമുപയോഗിച്ച് രണ്ടാംലോക യുദ്ധാനന്തര അമേരിക്കൻ സമ്പദ്‌വ്യസ്ഥയെ ബ്രിനോൾഫ്സനും മകഫെയും വിലയിരുത്തുന്നുണ്ട്. ഇതിൽ അവർ കണ്ടെത്തിയ നിഗമനം ഇതാണ്. രണ്ടാംലോക യുദ്ധത്തിനു ശേഷമുള്ള നിരവധി വർഷങ്ങളിൽ ഉല്പാദനക്ഷമതയുടെ രേഖയും ആകെ തൊഴിലെടുക്കുന്നവരുടെ എണ്ണത്തെ സൂചിപ്പിക്കുന്ന രേഖയും ഏറെക്കുറെ സമാന്തരമായാണ് പൊയ്ക്കൊണ്ടിരുന്നത്. അതിനർത്ഥം സാമ്പത്തിക വളർച്ചയ്ക്കൊപ്പം തൊഴിലും സമാന അളവിൽ വളർന്നിരുന്നു എന്നാണ്. തൊഴിലാളികൾ കൂടുതൽ ഉല്പാദനക്ഷമത ഉണ്ടാക്കുന്നു, അതിനനുസരിച്ച് സമ്പദ്‌വ്യസ്ഥ കൂടുതൽ വളരുന്നു, അതോടൊപ്പം ആകെയുള്ള തൊഴിലുകളുടെ എണ്ണവും വർദ്ധിക്കുന്നു എന്ന അനുമാനത്തിൽ ഇത് നമ്മെ എത്തിക്കുന്നു. രണ്ടാം ലോക യുദ്ധാനന്തര കാലത്തുള്ള ഏതാനും ദശകം അമേരിക്കയുടെയും മറ്റ് പാശ്ചാത്യ മുതലാളിത്ത രാഷ്ട്രങ്ങളുടെയും സമ്പദ്‌വ്യവസ്ഥയുടെയും സുവർണ യുഗമായിരുന്നു (ഇതിന് സാമ്പത്തികേതരമായ മറ്റ് പല കാരണങ്ങളും കൂടിയുണ്ടായിരുന്നു എന്നത് മറ്റൊരു കാര്യം). എന്നാൽ 2000 ആയതോടെ സ്ഥിതിഗതികൾ മാറി. ഉല്പാദനക്ഷമതയുടെയും തൊഴിലിന്റെയും രേഖകൾ തമ്മിലുള്ള വിടവ് വർദ്ധിച്ചു. ഉല്പാദനക്ഷമതയുടെ രേഖ മുകളിലേക്കും തൊഴിൽ രേഖ താഴേക്കും ചരിച്ചു തുടങ്ങി. 2011 ആകുമ്പോഴേക്കും ഈ അന്തരം വളരെ പ്രകടമായി. സമ്പത്തുല്പാദനം വർധിക്കുമ്പോഴും തൊഴിൽ വർധിക്കുന്നില്ല എന്ന പ്രതിഭാസം പ്രത്യക്ഷപ്പെട്ടു. Joblses Growth എന്ന് ഇത് വിളിക്കപ്പെട്ടു. അമേരിക്കയിൽ മാത്രമല്ല മറ്റ് പല വികസിത മുതലാളിത്ത സമ്പദ്‌വ്യസ്ഥകളിലും ഈ പ്രതിഭാസം പ്രത്യക്ഷപ്പെട്ടു. സ്വാഭാവികമായും ഇത് അനന്തര പ്രത്യാഘാതങ്ങളിലേക്കും നയിച്ചു. സാമൂഹികമായ അസമത്വം മൂർച്ഛിച്ചു. സാമൂഹിക സംഘർഷങ്ങൾ ഉടലെടുത്തു. കുടിയേറ്റക്കാർക്കെതിരായ പ്രക്ഷോഭങ്ങളിൽ തുടങ്ങി വെറുപ്പിന്റെ രാഷ്ട്രീയം തലപൊക്കി. പല യൂറോപ്പ്യൻ രാജ്യങ്ങളിലും നവ ഫാസിസ്റ്റു പ്രസ്ഥാനങ്ങൾ തന്നെ ഉദയം ചെയ്തു. എന്നാണ് ബ്രിനോൾഫ്സനും മകഫെയും ഇതിനെ വിളിക്കുന്നത്. സമ്പദ്‌വ്യസ്ഥ കുതിക്കുന്നതിനിടയാക്കുന്ന സാങ്കേതികവിദ്യ തന്നെ തൊഴിൽ മേഖലയുടെ വളർച്ചയെ തടഞ്ഞിരിക്കുന്നു എന്നാണ് ഇവർ എത്തിച്ചേർന്ന നിഗമനം.

അമേരിക്കയിലെ തൊഴിൽ മേഖലയിലെ വളർച്ചാ നിരക്കിൽ വന്ന മാറ്റം

Decade Non farm employment growth %
1940s 37.7
1950s 24.5
1960s 31.3
1970s 27.4
1980s 20.2
1990s 19.8

ഈ വെളിപ്പെടുത്തൽ പലരെയും ഞെട്ടിക്കുന്ന ഒന്നായിരുന്നു. സാങ്കേതികവിദ്യയുടെ പുരോഗതിക്ക് പോസിറ്റീവ് ഫലം മാത്രമാണുള്ളത് എന്ന ഒരു ധാരണയാണ് പൊതുവെ പ്രബലമായിട്ടുള്ളത്. അത് സമൂഹത്തിൽ പ്രയോഗിക്കപ്പെടുമ്പോഴുണ്ടാകുന്ന വിവിധ വശങ്ങൾ, വിവിധ സാമൂഹികവിഭാഗങ്ങളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഇതൊന്നും പൊതുവെ ഗൗരവതരമായി പഠിക്കപ്പെടുന്നില്ല. ചോദ്യംചെയ്യാൻ പാടില്ലാത്ത വിശുദ്ധ പശുവാണ് ആധുനിക ലോകത്ത് ശാസ്ത്രം. അതോടൊപ്പം മറ്റൊരു സുപ്രധാന ഡാറ്റയും ഇവരുടെ പഠനം പുറത്തു കൊണ്ടുവന്നു. ആഭ്യന്തരോത്പാദനത്തിൽ (GDP ) വളർച്ച ഉണ്ടാകുമ്പോഴും ശരാശരി വരുമാനം പുറകോട്ടു പോകുന്നു എന്നതാണത്. ബ്രിനോൾഫ്സോൺ ഇതേക്കുറിച്ച് പറയുന്നതിപ്രകാരമാണ് “നമ്മുടെ കാലഘട്ടത്തിലെ ഒരു പ്രതിഭാസമാണിത്. ഉല്പാദനക്ഷമത റെക്കോഡ് വിതാനത്തിൽ, ഉല്പാദനരംഗത്തെ നവീന മുന്നേറ്റങ്ങൾ മുൻപൊരിക്കലും ഉണ്ടാകാത്തത്ര അളവിൽ സംഭവിക്കുന്നു. അതേസമയം ശരാശരി വരുമാനവും തൊഴിലും ഇടിയുന്നു. സ്ഥാപങ്ങളിലുണ്ടാകുന്ന സാങ്കേതിക വളർച്ചയ്ക്കൊപ്പം തങ്ങളുടെ സ്കില്ലുകൾ ഉയർത്തി നിർത്താനാവാതെ, പിടിച്ചുനിൽക്കാനാവാത്ത സ്ഥിതിയിലേക്ക് തൊഴിലാളികൾ എത്തിപ്പെടുന്നു.

ഡിജിറ്റൽ സാങ്കേതിക വിദ്യകളും റോബോട്ടിക്സും തൊഴിലുകൾ ഇല്ലാതാക്കുന്നതിന് സ്ഥിതിവിവര കണക്കുകളെ ആസ്പദമാക്കിയ വിശകലനത്തിന് ആവശ്യകതകളൊന്നും തന്നെയില്ല. ഏതു ഉല്പാദനത്തുറയെടുത്താലും ഇത് ദൃശ്യമാണ്. വൻകിട നിർമാണമേഖലയിൽ 1997ൽ പണിയെടുത്തിരുന്നവരുടെ എണ്ണവുമായി താരതമ്യം ചെയ്താൽ ഇന്നത് ഗണ്യമാംവിധം കുറവാണ്. വ്യവസായിക റോബോട്ടുകൾ 1980കൾ മുതൽക്കേ വൻകിട വാഹന നിർമാണ ഫാക്ടറികളിൽ പല മേഖലകളും കയ്യാളി തുടങ്ങിയിരുന്നു. അതിന്ന് ഡ്രൈവറില്ലാതെ വാഹനമോടിക്കുന്ന സ്ഥിതിവരെ എത്തിനിൽക്കുന്നു. നിർമിതബുദ്ധിയുടെയും ബിഗ്‌ ഡാറ്റയുടേയുമൊക്കെ കടന്നുവരവോടെ കാലാകാലങ്ങളായി നിലനിന്നിരുന്ന വൈറ്റ് കോളർ തൊഴിലുകൾ പലതും ഇല്ലാതാകുന്ന സാഹചര്യമുണ്ടായിരിക്കുന്നു. അധ്വാനശക്തി ഏറ്റവും കുറഞ്ഞ ചെലവിൽ ലഭ്യമായ നമ്മുടെ നാട്ടിൽ പോലും ഇത്തരം സാങ്കേതിക വിദ്യകൾ ഉപയോഗിക്കപ്പെടാനുള്ള സമ്മർദം വളർന്നു വരികയാണ്. വൈദ്യുത ബോർഡിലെ മീറ്റർ റീഡിങ് പണികൾ ഓട്ടോമേറ്റ് ചെയ്യാനുള്ള കേന്ദ്ര വൈദ്യുത റഗുലേറ്ററി ബോർഡിന്റെ സമ്മർദം വളരെ പണിപ്പെട്ടാണ് കെഎസ്ഇബി ഒഴിവാക്കിയത്. ഏതാണ്ട് 2000 പേരുടെ തൊഴിൽ ഇല്ലാതാക്കുന്ന നീക്കമായിരുന്നു അത്. അതോടൊപ്പം ബോർഡിനുമേൽ അധിക സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്ന ഒന്നും. കേവലമായ അർത്ഥത്തിൽ മാത്രം ഓട്ടോമേഷനെ അംഗീകരിക്കനാവില്ല. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഇക്കണോമിക് പ്രൊഫസ്സറായ ബ്രയാൻ ആർതർ ‘autonomous economy’ എന്നാണ് ഓട്ടോമേഷന് മുൻകൈ കൊടുക്കുന്ന ഇന്നത്തെ സമ്പദ്‌വ്യസ്ഥയെ വിളിക്കുന്നത്.

എന്നാൽ സമീപകാലത്തുണ്ടായ സാമ്പത്തികമാന്ദ്യങ്ങളുടെ മുഴുവൻ ഉത്തരവാദിത്വവും സാങ്കേതികവിദ്യക്ക് മേൽ ചാർത്തിക്കൊടുക്കുന്നത് ശരിയായിരിക്കില്ല. ഗുരുതരമായ പല പ്രതിസന്ധികളിലൂടെയുമാണ് മുതലാളിത്ത സമ്പദ്‌വ്യവസ്ഥ പലപ്പോഴും കടന്നുപോയിട്ടുള്ളത്. സാമ്പത്തികവും സാമ്പത്തികേതരവുമായ പല നീക്കങ്ങളിലൂടെയുമാണ് ആ പ്രതിസന്ധികളെ അത് അതിജീവിച്ചതും. അതുകൊണ്ട് ഇപ്പോൾ രൂപപ്പെട്ടിരിക്കുന്ന പ്രതിസന്ധിയെ പൂർണമായും സാങ്കേതികവിദ്യകളിലുണ്ടായ മാറ്റങ്ങളുമായി ബന്ധപ്പെടുത്തുന്നത് സാങ്കേതിക അതിനിർണയ വാദമായിരിക്കും. എന്നു മാത്രമല്ല ഈ തൊഴിലുകളെയും സാധാരണക്കാരെയും മാത്രം നേരിട്ട് ബാധിക്കുന്ന രീതിയിലാണ് ഇന്നത്തെ പ്രതിസന്ധിയുടെ സ്വഭാവം.

തൊഴിൽമേഖലയുടെ ഘടനയും കാലാകാലങ്ങളിൽ മാറിയിട്ടുണ്ട്. 1900ൽ 41 ശതമാനം പേർ കാർഷികമേഖലയിൽ പണിയെടുത്തിരുന്ന അമേരിക്കയിൽ ഇന്ന് കേവലം 2 ശതമാനം പേരാണ് പണിയെടുക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ആദ്യവർഷങ്ങളിൽ 30 ശതമാനം പേർ നിർമാണമേഖലയിൽ പണിയെടുത്തിരുന്ന സ്ഥാനത്ത് ഇന്ന് 10 ശതമാനം പേരാണ് പണിയെടുക്കുന്നത്. ഇത്തരത്തിലുള്ള ഘടനാപരമായ മാറ്റങ്ങൾ സാങ്കേതികവിദ്യയുടെ ഉല്പാദനമേഖലയിലെ ഉപയോഗം ആരംഭിക്കുന്ന 18‐ാം നൂറ്റാണ്ടുമുതൽ നടന്നുപോന്നിട്ടുണ്ട്. പക്ഷേ ദീർഘകാലയളവിൽ മൊത്തം തൊഴിലിനെ ഇത് ദോഷകരമായി ബാധിക്കുന്ന രീതിയിലുള്ള ചരിത്രമല്ല ഇതുവരെയും ഉണ്ടായിരുന്നത്. പക്ഷേ സമീപകാലത്തുണ്ടായിരിക്കുന്ന തൊഴിൽശോഷണം പുനഃസ്ഥാപിക്കപ്പെടുക സാധ്യമാണോ എന്ന ചോദ്യം ആശങ്കയോടെ തന്നെ പലയിടത്തുനിന്നും ഉയർത്തപ്പെടുന്നുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 + nineteen =

Most Popular