Wednesday, May 1, 2024

ad

Homeവിശകലനംസിപിഐ എമ്മിന് എതിരായ 10 നുണക്കഥകൾ

സിപിഐ എമ്മിന് എതിരായ 10 നുണക്കഥകൾ

അഡ്വ. കെ.എസ്. അരുൺകുമാർ

തിനെട്ടാമത് ലോക്-സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമായി മുന്നേറുമ്പോൾ രാജ്യത്തെ ജനങ്ങൾ നേരിടുന്ന നീറുന്ന പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാകാതിരിക്കാൻ സംഘപരിവാർ നേതൃത്വത്തിലുള്ള കേന്ദ്ര ഗവൺമെന്റ് കഠിനാദ്ധ്വാനം ചെയ്യുകയാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് രാഷ്ടീയ എതിരാളികളെ കള്ളക്കേസിൽ കുടുക്കാൻ തുടർച്ചയായി ശ്രമിക്കുകയും അതിനായി ബി. ജെ.പി ഇതര രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളെ ചോദ്യം ചെയ്യാനായി തുടർച്ചയായി സമൻസ് അയക്കുകയും ചെയ്തു. രണ്ട് സംസ്ഥാന മുഖ്യമന്ത്രിമാരെ ജയിലിലടച്ചു. നിരവധി പ്രതിപക്ഷ പാർട്ടി നേതാക്കളെ ഭയപ്പെടുത്തി കീഴ്പ്പെടുത്തി. ഇഡിയും ആദായ നികുതി വകുപ്പും സിബിഐയും കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയലക്ഷ്യ പൂർത്തീകരണത്തിനായി കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

സമൻസ് കൈപ്പറ്റി ചോദ്യം ചെയ്യലിന് ഹാജരായ നേതാക്കളെ വീണ്ടും വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ഒരു സാമ്പത്തിക രഹസ്യാന്വേഷണ ഏജൻസിയായ എൻഫോഴ്സ്-മെന്റ് ഡയറക്ട്രേറ്റ് (ഇ ഡി.) ബി.ജെ.പിയുടെ ഇലക്ഷൻ ഡിപ്പാർട്ട്-മെന്റായി തരം താണിരിക്കുന്നതാണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ, വിദേശനാണയ ചട്ട ലംഘനങ്ങൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്നതിനും വിചാരണ ചെയ്യുന്നതിനും അധികാരമുള്ള ഇഡി ഇപ്പോൾ കേന്ദ്ര ഭരണത്തിന് നേതൃത്വം നൽകുന്ന ബി.ജെ.പി.ക്ക് ഇലക്ടറൽ ബോണ്ട് ശേഖരിക്കാനുള്ള ഏജൻസിയായിക്കൂടി പ്രവർത്തിക്കുന്നു.

അടുത്ത കാലത്ത് ഡൽഹി മദ്യനയ അഴിമതി ആരോപണ കേസുൾപ്പെടെ നിരവധി കേസുകളിൽ നാം ഇ ഡി യുടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കണ്ടതാണ്. ഇലക്ടറൽ ബോണ്ട് വഴി 2471 കോടി രൂപ ബിജെപി ക്ക് നൽകിയ 41 കമ്പനികൾ കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണം നേരിട്ടിരുന്നു എന്നതിലൂടെ ആരെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഇലക്ടറൽ ബോണ്ടായി ബിജെപിക്കു ലഭിച്ച 2471 കോടി രൂപയിൽ 1,698 കോടി രൂപ ഇഡി റെയ്ഡുകൾക്കു പിന്നാലെയാണ് റെയ്ഡുചെയ്യപ്പെട്ട കമ്പനികൾ ബിജെപിക്കു നൽകിയത്.

30 വർഷം മുൻപ് സമർപ്പിച്ച ആദായ നികുതി റിട്ടേണിലെ ചെറിയ പൊരുത്തക്കേട് വരെ ചൂണ്ടിക്കാണിച്ച് രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചത് ഈ തിരഞ്ഞെടുപ്പു കാലത്താണ്. ഇടതുപക്ഷ പാർട്ടികൾക്കെതിരെ പുതുതായി ഒന്നും ഉയർത്തിക്കൊണ്ടുവരാൻ കഴിയാതെ വരുമ്പോൾ കാലത്തിന്റെ ചവിറ്റു കൊട്ടയിൽ എറിയപ്പെട്ട പഴയ ആരോപണങ്ങൾ പൊടിതട്ടിയെടുത്ത് ഈ തിരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ചിലർ.

മാത്രമല്ല കേന്ദ്ര അന്വേഷണ ഏജൻസികൾ കഠിനാധ്വാനം ചെയ്തിട്ടും ഒരു തെളിവും കണ്ടെത്താൻ കഴിയാത്ത പഴയ കേസുകളും ആരോപണങ്ങളും എടുത്ത് പ്രചരണായുധമാക്കാൻ വലതുപക്ഷവും മാധ്യമങ്ങളും ഇപ്പോൾ നന്നായി പരിശ്രമിക്കുന്നുണ്ട്. പത്ര ദൃശ്യമാധ്യമങ്ങൾ വർഷങ്ങളോളം ചർച്ച ചെയ്ത് അന്വേഷണവും വിചാരണയും സ്വയം നടത്തി ശിക്ഷ വിധിച്ച് സ്വയം അപഹാസ്യരായി മാറിയ കേസുകളും അതിൽ ഉൾപ്പെടുന്നു. താഴെ പറയുന്നവയാണ് ആ കേസുകൾ.

1) ലാവ്ലിൻ കേസ്
മുഖ്യമന്ത്രി പിണറായി വിജയനെ വേട്ടയാടാൻ വേണ്ടി കഴിഞ്ഞ 20 വർഷത്തിലേറെയായി നിരന്തരം ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു കേസാണിത്. ഒരു കുറ്റപത്രം തയ്യാറാക്കി വിചാരണ നടത്താൻ പോലും യോഗ്യമായ കേസല്ല എന്ന് കണ്ടെത്തി വിചാരണക്കോടതി തള്ളിയ കേസാണിത്. സെഷൻസ് കോടതിയുടെ വിധിക്കെതിരെ സി.ബി.ഐ ഹൈക്കോടതിയെ സമീപിച്ചെങ്കിലും നീണ്ട വാദം കേൾക്കലിനു ശേഷം ഹൈക്കോടതി പിണറായി വിജയനെതിരായ അപ്പീൽ തള്ളി. തുടർന്ന് സുപ്രീം കോടതിയിൽ അപ്പീൽപോയ സിബിഐ തന്നെ മേൽ കേസ് നിരന്തരം മാറ്റിവെച്ചുകൊണ്ടിരിക്കുന്നതിന്റെ കാരണം എല്ലാവർക്കും വ്യക്തമാണ്. സത്യത്തിന്റെ കണികയെങ്കിലും ലാവ് ലിൻ കേസ് ആരോപണങ്ങളിൽ ഉണ്ടോ എന്നും വിശ്വാസയോഗ്യമായ എന്ത് തെളിവാണ് സിബിഐ കണ്ടെത്തിയിരിക്കുന്നതെന്നും സുപ്രീം കോടതി പല ഘട്ടത്തിലും ചോദിച്ചിരുന്നു. ആ ചോദ്യം പല തവണ നേരിട്ട സിബിഐ ഇപ്പോൾ തുടർച്ചയായി 39 തവണയാണ് കേസ് മാറ്റി വെച്ചത്. ഈ കേസിലെ പ്രതികളിൽ ഒരാൾ പോലും സുപ്രീം കോടതിയിൽ കേസ് നീട്ടിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

2) സ്വർണ്ണ കള്ളക്കടത്തു കേസ്
നയതന്ത്ര ചാനലിലൂടെയുള്ള സ്വർണ്ണ കള്ളക്കടത്ത് കേസും തുടർന്നുള്ള സാഹചര്യങ്ങളും കസ്റ്റംസും എൻഐഎ യും ഇഡിയും അന്വേഷിച്ചിരുന്നു. കേരളാ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യും, സ്പീക്കറെയും മന്ത്രിമാരെയും അറസ്റ്റ് ചെയ്യും എന്നൊക്കെ പ്രചരിപ്പിച്ച് മാസങ്ങളോളം ആണ് സർക്കാരിനെയും സർക്കാരിന് നേതൃത്വം നൽകുന്ന പാർട്ടിയെയും കേന്ദ്ര അന്വേഷണ ഏജൻസികളും മാധ്യമങ്ങളും വേട്ടയാടിയത്. ഈ അന്വേഷണ ഏജൻസികളെല്ലാം കേസ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിട്ടും മുൻ ആരോപണങ്ങൾ ഒന്നും തന്നെ തെളിയിക്കാൻ അവർക്ക് ആയില്ല. സ്വർണ്ണം കൊണ്ടുവന്നത് ആരെന്നോ ആർക്കുവേണ്ടിയാണ് കൊണ്ടുവന്നത് എന്നോ തെളിയിക്കാൻ കഴിയാതെയും സ്വർണ്ണം കൊടുത്തുവിട്ട യഥാർത്ഥ പ്രതികളെ വിദേശത്തു നിന്ന് കൊണ്ടുവരാനുള്ള ഒരു ശ്രമവും നടത്താതെയും കേന്ദ്ര അന്വേഷണ ഏജൻസികൾ ഇരുട്ടിൽ തപ്പുന്നതാണ് നാം കണ്ടത്.

3) വടക്കാഞ്ചേരി ഫ്ളാറ്റ് കേസ്
ലക്ഷക്കണക്കിന് സാധാരണക്കാരെ വീടിന്റെ ഉടമകളാക്കി മാറ്റുന്ന പദ്ധതിയാണ് ലൈഫ് ഭവന നിർമ്മാണ പദ്ധതി. വടക്കാഞ്ചേരിയിലെ നൂറുകണക്കിന് ആളുകളുടെ സ്വന്തമായി ഒരു വീട് എന്ന സ്വപ്നമാണ് ഒരു മുൻ കോൺഗ്രസ് എം.എൽ.എയുടെ കള്ള പ്പരാതിയുടെ മേൽ പൊലിഞ്ഞത്. കഴിഞ്ഞ പഞ്ചായത്ത് / നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് എൽ.ഡി.എഫിനെതിരെയും സർക്കാരിനെതിരെയും വടക്കാഞ്ചേരി ഫ്ളാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട് നിരവധി നുണ പ്രചാരണങ്ങൾ നടത്തിയിരുന്നു. കേന്ദ്ര അന്വേഷണ ഏജൻസികൾ തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടും വടക്കാഞ്ചേരി ഫ്ളാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട് ഒരു നിയമ വിരുദ്ധതയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

4) ഖുറാൻ വിതരണം
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് യുഎഇ ഗവൺമെന്റ് വിവിധ രാജ്യങ്ങളിലെ ഇസ്ളാം മതവിശ്വാസികൾക്ക് സൗജന്യമായി ഖുറാൻ വിതരണം ചെയ്ത സംഭവത്തിൽ ഖുറാന്റെ ഉള്ളിൽ സ്വർണ്ണം ഒളിപ്പിച്ചു കള്ളക്കടത്ത് നടത്തി എന്ന രൂപത്തിൽ വലിയ പ്രചരണമാണ് മാധ്യമങ്ങളും വലതുപക്ഷവും നടത്തിയത്. ഇ ഡി യും എൻഐഎ യും കസ്റ്റംസും കേസന്വേഷണം ഏറ്റെടുത്ത് തെളിവിനായിപരമാവധി ശ്രമിച്ചു. അവസാനം ഒരു തെളിവും കിട്ടാതെ കേസ് അന്വേഷണം തന്നെ അവർക്ക് ഉപേക്ഷിക്കേണ്ടി വന്നു.

5) ഈന്തപ്പഴ വിതരണം
ഇസ്ളാം മതവിശ്വാസികളുടെ പുണ്യമാസവുമായും ചെറിയ പെരുന്നാൾ ആഘോഷങ്ങളുമായും അനുബന്ധിച്ച് ലോകത്താകമാനമുള്ള നിർധനരായ കുട്ടികൾക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിനാണ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഈന്തപ്പഴം വിതരണം ചെയ്യുന്ന പദ്ധതികൾ നടപ്പാക്കിയിരുന്നത്-. പ്രത്യേകിച്ചും ഓർഫനേജുകൾ, അംഗൻവാടികൾ കേന്ദ്രീകരിച്ച് 250 ഗ്രാം വീതം അടങ്ങുന്ന ഈന്തപ്പഴ വിതരണത്തിൽ ഈന്തപ്പഴത്തിന്റെ കുരുവിന്റെ രൂപത്തിൽ സ്വർണ്ണം കടത്തി എന്ന വ്യാജ വാർത്ത ഉണ്ടാക്കി വർഷങ്ങളോളം ഇടതുപക്ഷത്തെ ഒരു മന്ത്രിയെ വേട്ടയാടി. അവസാനം ഈ വിഷയത്തിൽ വിവിധ അന്വേഷണ ഏജൻസികൾ നാണം കെട്ട് പരാജയം സമ്മതിച്ച് പോകുന്നതാണ് നാം കണ്ടത്.

6) ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ വിധി
സി എം ആർ എൽ, എക്സാലോജിക് എന്നീ രണ്ട് കമ്പനികൾ തമ്മിലുള്ള കരാർ പ്രകാരമുള്ള സേവനങ്ങൾക്ക് ബാങ്ക് അക്കൗണ്ട് വഴി ഒരു കമ്പനി മറ്റൊരു കമ്പനിക്ക് നൽകിയ പ്രതിഫലത്തെ അഴിമതിയായും മാസപ്പടിയായും ചിത്രീകരിച്ച് കഴിഞ്ഞ 9 മാസത്തിലധികമായി നുണ പ്രചാരണം നടത്തുകയാണ്. ആദായ നികുതിയും ജി എസ് ടി യും അടച്ച് പൂർണ്ണമായും ബാങ്ക് വഴി മാത്രം കൈപ്പറ്റിയ, നൽകിയ സേവനത്തിനുള്ള പ്രതിഫലത്തെയാണ് അപവാദ പ്രചരണത്തിനായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ആദായ നികുതി വകുപ്പിന്റെ ഇന്ററീം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ച് വലിയ അഴിമതി നടന്നുവെന്നും കള്ളപ്പണം വെളിപ്പിച്ചു എന്നും പ്രചരിപ്പിക്കുന്നവർ മനസിലാക്കേണ്ടത് ആ ഉത്തരവിൽ സിഎംആർഎൽ കമ്പനിക്ക് പരമാവധി നികുതി ഇളവ് നൽകുകയാണ് സെറ്റിൽമെന്റ് ബോർഡ് ചെയ്തത് എന്നാണ്. രണ്ട് കമ്പനികൾ തമ്മിലുള്ള കരാറിൽ ഒരു തരത്തിലും ബന്ധപ്പെടാത്ത കേരളത്തിന്റെ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ വേണ്ടി മുൻ തിരഞ്ഞെടുപ്പു കാലത്തെപ്പോലെ ഇപ്പോഴും വലതുപക്ഷവും മാധ്യമങ്ങളും സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്ത് ഉപയോഗിക്കുകയാണ്.

7) എസ് എഫ് ഐ ഒ അന്വേഷണം
സി.എം ആർ എൽ, എക്സാലോജിക് എന്നീ രണ്ട് കമ്പനികൾ തമ്മിലുള്ള കരാറും സേവനങ്ങളുമായി ബന്ധപ്പെട്ട് കമ്പനി നിയമപ്രകാരം രജിസ്ട്രാർ ഓഫ് കമ്പനീസ് അന്വേഷണം ആരംഭിച്ചു. 2024 ജനുവരി 12 നാണ് 6 മാസം കാലാവധി നിശ്ചയിച്ച് രജിസ്ട്രാർ ഓഫ് കമ്പനീസ് കമ്പനി നിയമത്തിന്റെ വകുപ്പ് 210 പ്രകാരം അന്വേഷണം ആരംഭിച്ചത്. എന്നാൽ ജനുവരി 31ന് കമ്പനി നിയമം 211 പ്രകാരമുള്ള എസ്എഫ്എഒ അന്വേഷണവും ആരംഭിച്ചു. ഒരേ വിഷയത്തിൽ ഒരേ നിയമ പ്രകാരമുള്ള രണ്ട് അന്വേഷണ ഏജൻസികൾ 18 ദിവസത്തെ ഇടവേളയിൽ 2 തരത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചതിനെതിരെ നിയമ നടപടികളും ആരംഭിച്ചു. ടി കേസിലെ പരാതിക്കാരൻ ബി ജെ പിയിൽ ചേർന്ന ദിവസമാണ് രണ്ടാമത്തെ അന്വേഷണം പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയമാണ്. ഈ തിരഞ്ഞെടുപ്പു കാലത്ത് ഏതെങ്കിലും തരത്തിലുള്ള തെളിവിനായി എസ്എഫ്ഐഒ നെട്ടോട്ടമോടുന്നതാണ് ഇപ്പോൾ നാം കണ്ടു കൊണ്ടിരിക്കുന്നത്.

8) കിഫ്ബി
കേരളത്തിന്റെ പശ്ചാത്തല വികസനത്തിനായി അതുല്യമായ സംഭാവന നൽകിക്കൊണ്ടിരിക്കുന്ന കിഫ്ബിയെ തകർക്കാൻ വേണ്ടിയുള്ള ശ്രമം ആരംഭിച്ചിട്ട് വർഷങ്ങളായി. ബജറ്റിന്റെ പുറത്ത് ഫണ്ട് ശേഖരണം നടത്തുന്ന കിഫ്ബിയുടെ ബാധ്യതകൾ ഗവൺമെന്റിന്റെ ബാധ്യതകളായി പരിഗണിച്ചും കിഫ് ബിക്കെതിരായ ഇ ഡി അന്വേഷണവുമെല്ലാം കേരളത്തിന്റെ വികസന മുന്നേറ്റം തടയുക എന്ന ലക്ഷ്യത്തോടെയാണ്. ഡോ. തോമസ് ഐസക്കിന് 9 തവണ സമൻസ് അയച്ചു. ഐസക്കിന് സമൻസ് അയക്കാനുള്ള കാരണമെന്ത് എന്ന ഹൈക്കോടതിയുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഇഡിക്ക് കഴിഞ്ഞില്ല. അവസാനം ലോക്-സഭ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ പത്തനംതിട്ട ലോക്-സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ തോമസ് ഐസക്കിനെ സമൻസ് അയച്ച് ശല്യപ്പെടുത്തരുത് എന്ന് ഹൈക്കോടതി ഉത്തരവിട്ടു. എന്തായാലും കേരള ഹൈക്കോടതിയിൽ നിന്നും ഇ ഡി ക്കു ലഭിച്ച തിരിച്ചടി അവരുടെ പ്രവർത്തന ചരിത്രത്തിലെ ഏറ്റവും വലിയ പ്രഹരമാണ്. എത്ര തിരിച്ചടി കിട്ടിയാലും ഇ ഡി അതിൽ നിന്നും പാഠം പഠിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

9) കരുവന്നൂർ ബാങ്ക് അന്വേഷണം
അടുത്ത കാലത്ത് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാനും മൾട്ടി സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് ബാങ്കുകളെ പ്രോത്സാഹിപ്പിക്കാനുംവേണ്ടി വ്യാപകമായി ഉപയോഗിക്കപ്പെട്ടതാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ്. കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് വിവരം പുറത്തു വന്നപ്പോൾ അതിശക്തമായ നടപടി സ്വീകരിച്ച പ്രസ്ഥാനമാണ് സി.പി.ഐ എം.

ആദ്യം കേരള പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും 27 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസന്വേഷണം നന്നായി പുരോഗമിക്കുമ്പോഴാണ് ഇഡി അന്വേഷണം ഏറ്റെടുത്തത്. ഇപ്പോൾ ഇഡി അന്വേഷണം പൂർത്തീകരിച്ച് 56 പ്രതികൾക്ക് എതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. ഈ തട്ടിപ്പു കേസിലെ പ്രധാന പ്രതികളെ മാപ്പുസാക്ഷിയാക്കി പ്രഖ്യാപിച്ച ഇ ഡി യുടെ നടപടി തന്നെ സംശയമുളവാക്കുന്നതാണ്. ഇപ്പോൾ കരുവന്നൂർ ബാങ്കിൽ സി പി ഐ എമ്മിന് 5 രഹസ്യ അക്കൗണ്ടുകൾ ഉണ്ടെന്ന് വ്യാജ പ്രചാരണം ഇ ഡി നേതൃത്വത്തിൽ നടത്തുന്നു. പാർട്ടിക്ക് ഒരിടത്തും രഹസ്യഅക്കൗണ്ടുകൾ ഇല്ലെന്നും പാർട്ടിയുടെ എല്ലാ അക്കൗണ്ടുകളും പാൻ കാർഡുമായി ബന്ധിപ്പിച്ചവയാണെന്നും കൃത്യമായി ആദായ നികുതി വകുപ്പിനും ഇലക്ഷൻ കമ്മീഷനും കണക്ക് വിവരങ്ങൾ നൽകുന്ന പാർട്ടി ആണ് സി പി ഐ എം എന്നും പാർട്ടി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ‍്.

10) രാഷ്ടീയ പാർട്ടികളുടെ 
അക്കൗണ്ടുകൾ മരവിപ്പിക്കുന്നു
സിപിഐ എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ 28 വർഷം പഴക്കമുള്ള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് ആദായ നികുതി വകുപ്പിനെക്കൊണ്ട് യാതൊരു നോട്ടീസും നൽകാതെ മരവിപ്പിച്ചാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഏറ്റവും പുതിയ നീക്കം. രഹസ്യ അക്കൗണ്ടുകൾ, കള്ളപ്പണ ഇടപാട്, KYC ഇല്ല എന്നിങ്ങനെ പോകുന്നു ഇഡി – ആദായ നികുതി- മാധ്യമ അച്ചുതണ്ടിന്റെ (ബിജെപിയുടെ) ആരോപണത്തിന്റെയും നുണപ്രചാരണത്തിന്റെയും കാതൽ. ഈ വസ്തുതകളിലേക്ക് ഇറങ്ങി നോക്കുമ്പോഴാണ് കള്ളത്തരം അഥവാ ബിജെപിയുടെ തിരഞ്ഞെടുപ്പ് അജൻഡ പുറത്തുവരുന്നത്. എല്ലാ ബാങ്ക് അക്കൗണ്ടുകളും രഹസ്യമാണ്. ബാങ്കിങ് റെഗുലേഷൻ ആക്ട് അനുസരിച്ച് രാജ്യത്തെ ബാങ്കുകളിലുള്ള ഓരോ അക്കൗണ്ടും രഹസ്യമായി സൂക്ഷിക്കേണ്ട ബാധ്യത ബാങ്കുകൾക്കുണ്ട്. ഒരു അക്കൗണ്ട് ഉടമയുടെ പങ്കാളിയോടു പോലും ഉടമ അറിയാതെ അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്താൻ ബാങ്കിന് അധികാരമില്ല. KYC ഇല്ലാതെ ഒരു അക്കൗണ്ട് നിലവിൽ അസാധ്യമാണ്. ഒരു അക്കൗണ്ട് ഉടമ KYC സമർപ്പിച്ചിട്ടില്ലെങ്കിൽ അത് ആവശ്യപ്പെടാനുള്ള നിയമപരവും ധാർമികവുമായ ചുമതല ബാങ്കുകൾക്കാണ്. ബാങ്കുകൾ ആവശ്യപ്പെടുന്ന രേഖകൾ ഇടപാടുകാരൻ നൽകണം. അല്ലാത്തപക്ഷം ഇടപാട് അസാധ്യമാണ്. നിയമപരമായി മാത്രം വളരെ സുതാര്യമായി ക്രയവിക്രയം നടത്തുന്നതും, മോദി സർക്കാർ അധികാരത്തിലെത്തുന്നതിനും 20 വർഷം മുമ്പ് ആരംഭിച്ചതുമായ ഒരു അക്കൗണ്ടാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം, ഒരു നോട്ടീസ് പോലും നൽകാതെ ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. ഈ തിരഞ്ഞെടുപ്പു കാലത്ത് സി പി ഐ എമ്മിനെ അപകീർത്തിപ്പെടുത്താനും വോട്ടർമാരിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനുംവേണ്ടി മാത്രം ആദായ നികതി വകുപ്പ് നടത്തിയ ഒരു നിയമവിരുദ്ധ നടപടിയാണ് സി.പി.ഐ എം തൃശൂർ ജില്ലാ കമ്മറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചത് എന്നത് വ്യക്തമാണ്.
ഇലക്ടറൽ ബോണ്ട് കേസിൽ എസ് ബി ഐ അധികാരികൾ സുപ്രീം കോടതി മുമ്പാകെ നാണം കെട്ട് മുട്ടിലിഴഞ്ഞ കാര്യവും ആ നിയമ പോരാട്ടത്തിന് നേതൃത്വം നൽകിയത് സി പി ഐ എം ആണെന്നതും ബാങ്ക് ഓഫ് ഇന്ത്യയും ഇൻകം ടാക്സ് അധികാരികളും ഓർക്കുന്നത് നല്ലതാണ്. കേന്ദ്ര സർക്കാരിന് നേതൃത്വം നൽകുന്ന പാർട്ടിയുടെ നേതാക്കൻമാരുടെ ആഹ്വാനം കേട്ട് തിരഞ്ഞെടുപ്പു കാലത്ത് സs കുടഞ്ഞ് എഴുന്നേൽക്കുന്ന കേന്ദ്ര അന്വേഷണ ഏജൻസികൾ മറ്റ് പല കേസുകളിലേയും പോലെ ഇവിടെയും തോറ്റു തുന്നം പാടും എന്നതിൽ സംശയമില്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen − six =

Most Popular