Thursday, May 2, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻകുത്തകകളുടെ 
കിട്ടാക്കടങ്ങൾ
എഴുതിത്തള്ളിയ 
പതിറ്റാണ്ട് (2014–24)

കുത്തകകളുടെ 
കിട്ടാക്കടങ്ങൾ
എഴുതിത്തള്ളിയ 
പതിറ്റാണ്ട് (2014–24)

എന്തായിരുന്നു ബിജെപിയുടെ വാഗ്ദാനങ്ങളും അവകാശവാദങ്ങളും

 

 ‘‘ബാങ്കുകളുടെ കിട്ടാക്കടങ്ങൾ (Non- Performing Assets) കഴിഞ്ഞ കുറേ വർഷങ്ങളായി കുത്തനെ ഉയരുകയാണ്; ബാങ്കിങ് മേഖലയിലെ കിട്ടാക്കടങ്ങൾ കുറച്ചു കൊണ്ടുവരാൻ വേണ്ട കൃത്യമായ നടപടികൾ ബിജെപി കെെക്കൊള്ളും’’ – 2014ലെ ബിജെപി മാനിഫെസ്റ്റോ.

 

 ‘‘പൊതുമേഖലാ ബാങ്കുകൾ ആയിരക്കണക്കിന് കോടി രൂപ നഷ്ടത്തിലായിരിക്കുകയും അതിനൊപ്പം കിട്ടാക്കടങ്ങൾ വർധിക്കുകയും ചെയ്യുന്നതിലാണ് മുൻപ് കുപ്രസിദ്ധമായിരുന്നത്. എന്നാൽ ഇന്നോ?’’ – റോസ്ഗാർ മേളയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി മോദി.

 മുൻകടങ്ങൾ വീട്ടാതെ കുടിശ്ശികയിട്ട കക്ഷികൾക്കൊന്നും ഒരൊറ്റ വായ്പ പോലും താൻ അധികാരത്തിലെത്തിയ ശേഷം നൽകിയിട്ടില്ല എന്നായിരുന്നു 2018ൽ നരേന്ദ്രമോദി നടത്തിയ തള്ള്. ‘‘കുടുംബവാഴ്ചയുടെ കാലത്തെ വായ്പകളുടെ ചില്ലിക്കാശുവരെ പിടിച്ചെടുക്കും’’ എന്നും മോദി വിളിച്ചു പറഞ്ഞു.

 

 വായ്പയെടുത്ത് മുങ്ങി നടക്കുന്ന വിദ്വാന്മാരെയെല്ലാം നിയമത്തിന്റെ രുചിയെന്തെന്ന് പഠിപ്പിക്കുമെന്നാണ് ഏഴ് വർഷം മുൻപത്തെ ഒരഭിമുഖസംഭാഷണത്തിൽ മോദി പറഞ്ഞത്. വൻ തുക വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ വിദേശത്തേക്ക് രക്ഷപ്പെടുന്നവരെയാണ് മോദി ലക്ഷ്യമാക്കിയത്. മോദി ഇങ്ങനെ കൂട്ടിച്ചേർത്തു. ‘‘വായ്പയെടുത്ത് മുങ്ങിയവരെ പിടികൂടാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ അത് നരേന്ദ്രമോദിക്കു മാത്രമാണെന്ന പൊതുജനങ്ങൾക്കറിയാം. നിശ്ചയമായും ഞാനത് ചെയ്തിരിക്കും’’.

 സമീപകാലത്ത് ഒരു റോസ്ഗാർ മേളയിൽ (തൊഴിൽ മേള) മോദി ഇങ്ങനെ പറഞ്ഞു: ‘‘യുപി ഗവൺമെന്റ് ബാങ്കിങ് മേഖലയെ അഴിമതിയിൽ മുക്കി തകർത്തു; അതേസമയം എന്റെ ഗവൺമെന്റ് അതിനെ തകർച്ചയിൽനിന്ന് കരകയറ്റി. പ്രബലരായ ആളുകൾ ഫോൺ വിളിച്ചു പറഞ്ഞാലുടൻ ബാങ്കുകളിൽനിന്ന് വായ്പ കിട്ടുന്ന ഏർപ്പാട് ഞാൻ അവസാനിപ്പിച്ചു’’.

ഫെെനാൻഷ്യൽ അക്കൗണ്ടബിലിറ്റി നെറ്റ്-വർക്ക് തയ്യാറാക്കിയ NPAs + Write Offs + Wilfull Defaulters -– Report Card 2014-–24 നെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്

 

ബാങ്കിൽനിന്ന് വായ്പ വാങ്ങി മുങ്ങുന്നത് അവസാനിച്ചോ? എന്താണ് യാഥാർഥ്യം?

ണക്കുകൾ വെളിപ്പെടുത്തുന്നത്, പൊതുമേഖലാ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 2014–15 ലെ നിലയിൽ നിന്ന് 1.6 ഇരട്ടി വർധിച്ചുവെന്നാണ്. അതായത് മോദിയുടെ പത്തുവർഷത്തിനുള്ളിൽ മാത്രം 54 ലക്ഷം കോടി രൂപ കിട്ടാക്കടമായി.
‘‘ഈ ബാങ്കിങ് അത്ഭുതം’’ സംഭവിച്ചത് എഴുതിത്തള്ളൽ എന്ന മാന്ത്രികവടിയുടെ പ്രവർത്തന ഫലമായാണ്. 2014–2023 നുവിടയ്ക്ക് മോദി സർക്കാരിന്റെ കാലത്ത് 14.56 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണ് ബാങ്കുകൾ എഴുതിത്തള്ളിയത്. 2015ലേതിനെക്കാൾ മൂന്നിരട്ടിയിലേറെ വർധനവാണ് എഴുതിത്തള്ളിയതിൽ ഉണ്ടായത്. 2023–24 ലെ ഉത്തർപ്രദേശ് സർക്കാരിന്റെ മൊത്തം ചെലവിനത്തെക്കാൾ 2.5 ഇരട്ടി അധികമാണ് ഇങ്ങനെ എഴുതിത്തള്ളിയ തുക.

 പൊതുമേഖലാ ബാങ്കുകൾ ഓരോ വർഷവും എഴുതിത്തള്ളുന്ന തുക 2013ലേതിന്റെ 17 ഇരട്ടിയാണ് 2023 ആയപ്പോൾ – 2013ൽ 7,187 കോടി രൂപയായിരുന്നത് 1.27 ലക്ഷം കോടി രൂപയായി വർധിച്ചു.

 പൊതുമേഖലാ ബാങ്കുകളിൽ കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഏറ്റവുമധികം തുക എഴുതിത്തള്ളിയത് സ്റ്റേറ്റ് ബാങ്ക് ഓ-ഫ് ഇന്ത്യയാണ് – 2023ഓടുകൂടി മൂന്ന് ലക്ഷം കോടി രൂപ ആയി.

 സ്വകാര്യ ബാങ്കുകൾ എഴുതിത്തള്ളുന്ന തുക 2013നെ അപേക്ഷിച്ച് 2023 ആയപ്പോൾ 20 ഇരട്ടി വർധിച്ചു – 2013ൽ 4115 കോടി ആയിരുന്നത് 2023ഓടുകൂടി 84000 കോടി രൂപയായി ഉയർന്നു.

 എഴുതിത്തള്ളിയതിൽനിന്ന് തിരിച്ചുപിടിച്ച തുക 8 ശതമാനത്തിൽനിന്ന് 19 ശതമാനമായി വർധിച്ചുവെങ്കിലും എഴുതിത്തള്ളിയ തുക വിവിധ മാർഗങ്ങളിലൂടെ തിരിച്ചുപിടിച്ചത് 2017–18ൽനിന്ന് 2021–22 വരെ വെറും 14% മാത്രമാണ്. ഇത് വെളിപ്പെടുത്തുന്നത്, എഴുതിത്തള്ളിയ തുകയും അതിൽനിന്ന് തിരിച്ചുപിടിച്ച തുകയും തമ്മിൽ ഭീമമായ അന്തരമുണ്ടെന്നാണ്.

 ബോധപൂർവം കുടിശ്ശിക വരുത്തുന്നവരുടെ എണ്ണം 2014നെ അപേക്ഷിച്ച് 1.6 ഇരട്ടിയോളം വർധിച്ചിട്ടുണ്ട്; 25 ലക്ഷം രൂപയോ അതിലധികമോ ബോധപൂർവം കുടിശ്ശികയിട്ടിട്ടുള്ള 9,249 കേസുകളുണ്ട്; 2023 നവംബറിലെ കണക്കാണിത്; ഇത്രയും കേസുകളിലായി 1,96,930 കോടി രൂപ കുടിശ്ശികയുമുണ്ട്.

 മെഹുൽ ചോക്സിയും ഋഷി അഗർവാളും ഉൾപ്പെടെ ഏറ്റവും വലിയ 50 ബോധപൂർവം കുടിശ്ശിക വരുത്തുന്നവർ ഏകദേശം 8,70,000 രൂപയുടെ കുടിശിക വരുത്തിയിട്ടുണ്ട്.

♦ അടുത്ത കാലത്ത്, ബോധപൂർവമുള്ള കുടിശ്ശികക്കാർ അഥവാ മുൻധാരണയോടെയുള്ള തട്ടിപ്പുകാർ എന്ന് പട്ടികപ്പെടുത്തിയിട്ടുള്ളവരുടെ കാര്യത്തിൽ തന്നെ ‘‘ഒത്തുതീർപ്പുകളിലൂടെ പരിഹാരം കാണൽ’’ അഥവാ ‘‘സാങ്കേതികമായ എഴുതിത്തള്ളൽ’’ നടത്താൻ പോലും റിസർവ് ബാങ്ക് അനുവദിക്കുന്നുണ്ട്. ഇത്തരത്തിലുള്ള കടക്കാർക്കെതിരെ ക്രിമിനൽ നടപടികളുമായി മുന്നോട്ടു പോകുന്നതിൽനിന്ന് അവരെ രക്ഷിക്കാനാണ് ഈ ‘‘അനുരഞ്ജനം’’. പൊതുമേഖലാ ബാങ്കുകളിലെ യൂണിയനുകൾ ഇതിനെ പല്ലും നഖവുമുപയോഗിച്ച് എതിർത്തിട്ടുണ്ട്. റിസർവ് ബാങ്കിന്റെ ഇത്തരം നിർദ്ദേശങ്ങൾ കോർപ്പറേറ്റ് വെട്ടിപ്പുകാർക്കും തട്ടിപ്പുകാർക്കും ഒത്തുതീർപ്പുണ്ടാക്കി പരിഹാരം കാണുന്നതിനും വീണ്ടും ഇങ്ങനെ തട്ടിപ്പ് തുടരുന്നതിനും അവസരമൊരുക്കലാണ്.

സൂപ്പർ സലൂണുകൾ

 വർധിച്ചുവരുന്ന കിട്ടാക്കടത്തെ നിയന്ത്രിക്കുന്നതിനുള്ള സംവിധാനമെന്ന നിലയിൽ മുന്നോട്ടുവയ്ക്കപ്പെട്ട എൻ സി എൽ ടി (National Company Law Tribunal) പ്രക്രിയ കോർപ്പറേറ്റുകൾക്ക് നേട്ടമുണ്ടാക്കുന്ന ഒന്നായി മാറ്റപ്പെട്ടിരിക്കുകയാണ്; ഭീമമായ തോതിലുള്ള ഹെയർ കട്ടുകളാണ് (മുടിവെട്ട് – പ്രഖ്യാപിത ആസ്തി മൂല്യത്തിൽ കുറവ് വരുത്തൽ) അതിനുള്ള കാരണം. കമ്പനികളുടെ തിരിച്ചടവ് സാധ്യതയില്ലാത്ത കടബാധ്യതയിന്മേൽ തീർപ്പുണ്ടാക്കുമ്പോൾ ബാങ്കുകൾക്കുണ്ടാകുന്ന നഷ്ടം എന്ന നിലയിലാണ് മുടിവെട്ടുകൾ നിർവചിക്കപ്പെട്ടിരിക്കുന്നത്.

 ഇലക്ട്രോസ്റ്റീൽ കമ്പനിയെപോലെയുള്ള ചിലത് 60 ശതമാനം ഹെയർകട്ട് നൽകിയാണ് വിറ്റത്; അതിനെ വേദാന്ത ഗ്രൂപ്പ് വാങ്ങിയതാകട്ടെ, അതിന്റെ വിലയുടെ 40% മാത്രം നൽകിയും. അലോക് ഇൻഡസ്ട്രീസിന് 83% ഹെയർ കട്ടാണ് ലഭിച്ചത്. അതിനെ റിലയൻസ് വാങ്ങിയത് അതിന്റെ അസൽ മൂല്യത്തിന്റെ 17% നൽകിയും. ഉദാഹരണണത്തിന്, അടുത്ത കാലത്ത് അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള ആർകോമിന്റെ (RCom) സമ്പൂർണ ഉടമസ്ഥതയിലുള്ള സബ് സിഡിയറി സ്ഥാപനമായ റിലയൻസ് കമ്യൂണിക്കേഷൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ പ്രശ്ന പരിഹാര പദ്ധതിക്ക് എൻസിഎൽടി അംഗീകാരം നൽകി. ആ കമ്പനിക്ക് പണം കടം കൊടുത്തവരുടെ (ബാങ്കുകളോ മറ്റു സ്ഥാപനങ്ങളോ) അവകാശവാദം മൊത്തം 49,668 കോടി രൂപ തങ്ങൾക്ക് നൽകാനുണ്ടെന്നായിരുന്നു; എന്നാൽ 47,251 കോടി രൂപ മാത്രമേയുള്ളൂവെന്നാണ് എൻസിഎൽടി അംഗീകരിച്ചത്; പ്രശ്നം തീർപ്പാക്കിയതാകട്ടെ 455.92 കോടി രൂപ നൽകണമെന്ന നിലയിലാണ്; അതായത് ബാങ്കിന് അഥവാ കടം കൊടുത്തവർക്ക് അവർ നൽകിയ കടത്തിന്റെ 0.92% മാത്രമേ തിരിച്ചുകിട്ടുന്നുള്ളൂ.

 ആർപിജി എന്റർപ്രൈസസിന്റെ ചെയർമാൻ ഹർഷ് ഗോയങ്ക ഇങ്ങനെയാണ് പ്രസ്താവിച്ചിട്ടുള്ളത് –‘‘പ്രൊമോട്ടർമാർ അവരുടെ ഭാഗത്തുനിന്ന് വെട്ടിക്കുറയ്ക്കുന്നു; ക്ലീനർമാർ കമ്പനി ഏറ്റെടുക്കുന്നു; ബാങ്കുകളിൽനിന്ന് /എൻസിഎൽടിയിൽ നിന്ന് 80% മുതൽ 90% വരെ ഹെയർ കട്ട് ലഭിക്കുന്നു. ഇതാണ് ഇപ്പോഴത്തെ കളികൾ.’’

 ഇത്തരത്തിലുള്ള ഭീമമായ ഹെയർകട്ടുകൾ അഥവാ വായ്പ തിരിച്ചടവിൽ വരുത്തുന്ന ഇളവുകൾ ആണ് വൻതോതിലുള്ള കിട്ടാക്കടത്തിനു പരിഹാരം കാണുന്നതിനായി പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളുന്നത്; ഇതിലൂടെ നഷ്ടപ്പെടുന്നത് പൊതുജനത്തിന്റെ നികുതിപ്പണമാണ്– നഷ്ടം ഖജനാവിനാണ്. പാർലമെന്ററി സമിതി ശുപാർശ ചെയ്തത് ‘‘ഹെയർ കട്ട് എത്ര മാത്രമാകാമെന്നതിന് ഒരു മാനദണ്ഡം അനിവാര്യമാണെ’’ന്നും ആഗോളമാനദണ്ഡവുമായി പൊരുത്തപ്പെടുന്നതാകണം എന്നുമാണ്.



♦ കടം തിരിച്ചടയ്ക്കാതെ കുടിശ്ശികയാക്കിയവരെ സംബന്ധിച്ച സർക്കാർ രേഖയുടെ പൂർണവിവരം ലഭിക്കുന്നതിന് 2023 നവംബറോടുകൂടി ഫയൽ ചെയ്ത ഒരു കോടിയും അതിൽ കൂടുതലും തുക വായ്പയെടുത്തിട്ട് തിരിച്ചടയ്ക്കാത്തവർക്കെതിരായ കേസുകളുടെ എണ്ണം 23,707 ആണെന്ന കാര്യം മനസ്സിലാക്കിയിരിക്കണം. അവർ മൊത്തം തിരിച്ചടയ്ക്കേണ്ട തുക 5,63,850 കോടി രൂപയാണ്.

♦ ബാങ്ക് തട്ടിപ്പുകളിൽ ഈ പ്രവണത വ്യക്തമായും കാണാം. 2005–14 കാലത്ത് 34,993 കോടി രൂപയുടെ തട്ടിപ്പു നടന്നിരുന്നത് 2015–2023 കാലമായപ്പോൾ 5.89 ലക്ഷം കോടി രൂപയുടേതായി കുതിച്ചുയർന്നു–ഏകദേശം 17 ഇരട്ടിയുടെ വർധന.

അയ്യയ്യേ എന്തൊരു നാണക്കേട്!

♦ 10,000 രൂപയുടെ കടബാധ്യതയുണ്ടായിരുന്ന വിജയ് മല്യ 2016ൽ രാജ്യം വിട്ട് വിദേശത്ത് കടന്നു. അയാളെ ഉടൻ തിരിച്ചുകൊണ്ടുവരുമെന്നാണ് ധനമന്ത്രി വാക്കു നൽകിയത്. എന്തുകൊണ്ട് ഇന്നേവരെ, എട്ടുവർഷമായിട്ടും, അത് നടന്നില്ല? നമുക്ക് ബ്രിട്ടനുമായി നല്ല സുഹൃദ് ബന്ധം ഉണ്ടെന്നാണല്ലോ സർക്കാർ പറയുന്നത്.

♦ നീരവ് മോദിയും മെഹുൽ ചോക്സിയും പഞ്ചാബ് നാഷണൽ ബാങ്കും ഉൾപ്പെട്ട 11,400 കോടി രൂപയുടെ കൊള്ള നടന്നത് മോദിയുടെ ഭരണകാലത്തല്ലേ? ഇതിനകം അതിന്മേൽ എന്തു നടപടിയാണ് കെെക്കൊണ്ടത്?

♦ ഇവിടെയുള്ള ബാങ്കുകൾക്ക് 7000 കോടി രൂപയുടെ കടം തിരിച്ചടയ്ക്കാനുള്ളപ്പോഴാണല്ലോ 2014ൽ (മോദി ഭരണത്തിൽ വന്നശേഷം) വിൻസം ഡയമണ്ട്സിന്റെ ജതിൻ മേത്ത നാടുവിട്ടത്! അയാളും കുടുംബവും ഇപ്പോഴും വിദേശത്ത് സസുഖം ആർഭാട ജീവിതം നയിക്കുന്നുണ്ടല്ലോ. അയാൾ ഗൗതം അദാനിയുടെ ഉറ്റചങ്ങാതിയാണെന്നാണ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്.

♦ എബിജി ഷിപ്പ്-യാഡിന്റെ ഋഷി കമലേഷ് അഗർവാൾ 22,842 കോടി രൂപയാണല്ലോ ബാങ്കുകളെ പറ്റിച്ചത്; ഈ തട്ടിപ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടത് 2019ലാണ്; പക്ഷേ ഇതേ വരെ കാര്യമായ തുടർനടപടിയൊന്നും ഉണ്ടായില്ലല്ലോ.

♦ 2017ൽ കനീഷ് ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡ് 824 കോടി രൂപയാണ് ബാങ്കുകളെ പറ്റിച്ചത്.

♦ ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റെർലിങ് ബയോടെക് ലിമിറ്റഡ് 2017ൽ ആന്ധ്രാബാങ്കിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തെ 8100 കോടി രൂപയാണ് വെട്ടിച്ചത്.

♦ റോട്ടോമാക് പേന നിർമാണകമ്പനിയുടെ വിക്രം കോത്താരി തട്ടിപ്പ് നടത്തിയതിന് 2018ൽ അറസ്റ്റ് ചെയ്യപ്പെടുമ്പോൾ അയാൾക്ക് 2919 കോടി രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. ആരോഗ്യസ്ഥിതി മോശമാണെന്ന പേരിൽ അയാൾ ജാമ്യം നേടി; ഇപ്പോൾ അയാൾ ജീവിച്ചിരിപ്പില്ല. ഈ വെട്ടിപ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടത് 2015ലാണെന്ന് ഓർക്കുക.

♦ വീഡിയോകോൺ തട്ടിപ്പ് കേസിൽ ഐസിഐസിഐ ബാങ്കാണ് ആ കമ്പനിക്ക് 3250 കോടി രൂപ വായ്പ നൽകിയത്; ആ വെട്ടിപ്പിൽ ഐസിഐസിഐ ബാങ്കിന്റെ സിഇഒ ചന്ദാ കൊച്ചാറിനും പങ്കുണ്ടായിരുന്നു. ഈ വെട്ടിപ്പ് പുറംലോകം അറിയുന്നതുവരെ പ്രധാനമന്ത്രിയുടെ വിദേശയാത്രകളിൽ അദ്ദേഹത്തെ അനുഗമിച്ചിരുന്ന സംഘത്തിലെ സ്ഥിരാംഗമായിരുന്നു ചന്ദ കൊച്ചാർ.

♦ 2018ലാണ് ആർപി ഇൻഫൊസിസ്റ്റം തട്ടിപ്പ് വെളിച്ചത്തുവന്നത്; 515.15 കോടി രൂപയാണ് ആ വെട്ടിപ്പിൽ ഉൾപ്പെട്ടത്.

♦ 2018ലാണ് എയർസെൽ തട്ടിപ്പും പുറത്തുവന്നത്; ആ കമ്പനിയുടെ സ്ഥാപകനായ സി ശിവശങ്കരൻ ഐഡിബിഐയെ മാത്രം 600 കോടി രൂപയുടെ വെട്ടിപ്പ് നടത്തി. അയാളും ഇപ്പോൾ വിദേശത്ത് സുഖജീവിതം നയിക്കുന്നു.

 

ഹെെലെെറ്റുകൾ
r മതിയായ രേഖകളൊന്നുമില്ലാതെ അതിസമ്പന്നർക്ക് നൽകിയ വായ്പകളുമായി ബന്ധപ്പെട്ട കിട്ടാക്കടങ്ങൾ വർധിച്ചുവരുന്നത് സാധാരണ ജനങ്ങളെ ബാധിക്കുന്നത് എങ്ങനെയാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ശരിയാണ്; സാധാരണക്കാരെ അത് ബാധിക്കുന്നത് ദരിദ്രർക്ക് ലഭിക്കേണ്ട വായ്പയ്ക്ക് പണമില്ലാതെ വരുന്നത് മൂലമാണ്; അതുപോലെ സാധാരണക്കാർ ഉയർന്ന പലിശ നൽകേണ്ടതായി വരുന്നതുമൂലവുമാണ്.

r കിട്ടാക്കടത്തിന്റെ ഭാരമാകെ പേറേണ്ടി വരുന്നത് പൊതുമേഖലാ ബാങ്കുകളാണ്. കിട്ടാക്കട പ്രശ്നത്തിന്റെ രൂക്ഷത പൊതുവെ ഏറ്റവുമധികം ബാധിക്കുന്നത് പൊതുമേഖലാ ബാങ്കുകളെയാണ്. 2000 അവസാനം വരെയുള്ള കാലത്ത് സ്വകാര്യബാങ്കുകളെ അപേക്ഷിച്ച് പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം കുറവായിരിക്കെ 2010കളായപ്പോൾ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം വലിയതോതിൽ വർധിച്ചുവരുന്നതായി കാണുന്നു; സ്വകാര്യബാങ്കുകൾ നൽകേണ്ട കിട്ടാക്കടത്തെക്കാൾ 6 ശതമാനം അധികമാണ് ഈ കാലഘട്ടത്തിലെ കിട്ടാക്കടത്തിന്റെ അനുപാതം. അതിനാൽ, കോർപറേറ്റുകളുടെയും മനഃപ്പൂർവം വായ്പാതിരിച്ചടയ്ക്കാത്തവരുടെയും തട്ടിപ്പിന്റെ ഭാരമാകെ പൊതുജനത്തിന്റെ മേൽവന്നു പതിക്കുന്നു. ലാഭത്തിന്റെ സ്വകാര്യവൽക്കരണവും നഷ്ടത്തിന്റെ ദേശസാൽക്കരണവുമാണല്ലോ ഈ കാലത്തെ ആപ്തവാക്യം!

r ആരാണ് കോർപറേറ്റുകൾക്ക് അനിയന്ത്രിതമായി വായ്പ നൽകുന്നത്? 2010കളിൽ കിട്ടാക്കടം കുത്തനെ വർധിച്ചതാണ് പൊതുമേഖലാ ബാങ്കുകളുടെ ശിഷ്ട ലാഭം (netprofit) ഇടിയാൻ ഇടയായത്. ഈ കാലത്ത് പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനലാഭം വർധിച്ചിട്ടും അവ നഷ്ടത്തിലാകുന്നുവെന്നതാണ് ശ്രദ്ധിക്കപ്പെടേണ്ട കാര്യം. കിട്ടാക്കടം വർധിച്ചതാണ് അതിനു കാരണം.

r കുന്നുകൂടുന്ന കിട്ടാക്കടത്തിൽ ദരിദ്രർക്ക് കാര്യമായ ഉത്തരവാദിത്വമൊന്നുമില്ല. ചരിത്രപരമായി ബാങ്കുകൾ കാർഷികമേഖലയ്ക്കും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും വായ്പ നൽകാൻ ബാധ്യസ്ഥരായതിനായതിനാൽ ബാങ്കുകളുടെ കിട്ടാക്കടം അധികവും മുൻഗണനാ മേഖലകളിൽ നിന്നായിരുന്നു. ഇതായിരുന്നു 1990കളിലെയും 2000ങ്ങളിലെയും പ്രവണത. 2010കളിൽ നാം കാണുന്നത് പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടത്തിൽ മുൻഗണനാ മേഖലയുടെ വിഹിതം കുറയുകയും മുൻഗണനേതര മേഖലയിലെ കിട്ടാക്കടത്തിലുണ്ടായ ഭീമമായ വർധനവ് അതിന്റെ വിഹിതം കുതിച്ചുയരുന്നതിനും ഇടയാക്കി. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ 50 ശതമാനത്തോളം 2000ങ്ങളിൽ മുൻഗണനേതര മേഖലയിൽ നിന്നായിരുന്നെങ്കിൽ 2019 ആയപ്പോൾ അതിന്റെ വിഹിതം 80 ശതമാനത്തോളമായി കുതിച്ചുയർന്നു. ഇത് കാണിക്കുന്നത് നമ്മുടെ സാമ്പത്തികനയത്തിൽ മുൻഗണന നിശ്ചയിക്കുന്നതിൽ വന്ന ചുവടുമാറ്റമാണ്.

r ബിസിനസ് സൈക്കിളിൽ കിട്ടാക്കടത്തിന് ഒരു സ്ഥാനവുമില്ല. ഉൽപാദനം വർധിക്കുന്നതിനനുസരിച്ച് ക്രമേണ ഉയർന്ന കിട്ടാക്കടത്തിൽ നിക്ഷേപങ്ങളുടെ സ്വാധീനമുണ്ടാകുമെന്ന് വാദിക്കുന്നവരുണ്ട്. എന്നാൽ 2013 മുതൽ ഉൽപാദന വളർച്ച നിരക്ക് വർധിച്ചിട്ടും കിട്ടാക്കടം പെരുകി വരുന്നതിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. ആയതിനാൽ ബിസിനസ് സൈക്കിളിനെ കിട്ടാക്കടം ഒരുവിധത്തിലും സ്വാധീനിക്കില്ല. ചെറുകിട മേഖലയെ പിന്തുണയ്ക്കുന്നതിന് അറച്ചു നിൽക്കുമ്പോൾ പോലും വൻകിട ബിസിനസുകാരെ താലോലിക്കുന്ന സർക്കാർ നയവുമായാണ് അതിന് ബന്ധം.

r കിട്ടാക്കടം വർധിപ്പിക്കുന്നത് വമ്പൻ സ്രാവുകളാണ്, ചെറുമീനുകളല്ല. വൻകിട കോർപ്പറേറ്റുകളാണ് സമീപകാലത്ത് അവരുടെ കിട്ടാക്കട അനുപാതം കുത്തനെ ഉയരുന്നതിനിടയാക്കുന്നത്. ചെറുകിട – ഇടത്തരം സ്ഥാപനങ്ങളെയും സൂക്ഷ്മ – ചെറുകിട സ്ഥാപനങ്ങളെയും സംബന്ധിച്ചിടത്തോളം അവയുടെ കിട്ടാക്കട അനുപാതം വൻകിട കോർപ്പറേറ്റുകളുടേതിനേക്കാൾ തീരെ കുറവാണെന്ന് നമുക്ക് കാണാം.

r അതിസമ്പന്നർ സൃഷ്ടിക്കുന്ന കിട്ടാക്കടം ദരിദ്രർക്ക് വായ്പ കിട്ടാനുള്ള സാധ്യത ഇല്ലാതാക്കുന്നു. വലിയതോതിൽ കിട്ടാക്കടം വർധിക്കുന്നതുമൂലമുണ്ടാകുന്ന നഷ്ടം, വായ്പ നൽകുന്നതിനുള്ള ബാങ്കുകളുടെ ശേഷിയെ പ്രതികൂലമായി ബാധിക്കുന്നു. ഈ കാലഘട്ടത്തിൽ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെ മൊത്തം വായ്പാ വിതരണത്തിൽ പൊതുമേഖലാ ബാങ്കുകളുടെ വിഹിതം കുത്തനെ കുറയുന്നതായാണ് കാണുന്നത്. കിട്ടാക്കടം കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന കാലത്ത് ഇടത്തരം ചെറുകിട – സൂക്ഷ്മ സംരംഭങ്ങളുടെ വായ്പാ ആവശ്യങ്ങൾ പൊതുമേഖലാ ബാങ്കുകൾ നിറവേറ്റുന്നതിന്റെ അനുപാതം കുറഞ്ഞുവരുന്നു. സമ്പന്നർക്ക് ശരിയായ രേഖകൾ കൂടാതെ ബാങ്കുകൾ അനുവദിക്കുന്ന വായ്പകൾ കാരണം വായ്പ ലഭിക്കുന്നതിൽ പിന്തള്ളപ്പെട്ടു പോകുന്നത് ദരിദ്രരാണ്.

r 2021 – 22ൽ പൊതുമേഖലാ ബാങ്കുകളും സ്വകാര്യബാങ്കുകളും കൂടി മൊത്തം എഴുതിത്തള്ളിയത് 1,72,800 കോടി രൂപയാണ്; ഇത് തൊഴിലുറപ്പ് പദ്ധതിക്കും ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമായി 2023 – 24 വകയിരുത്തിയ തുകയേക്കാൾ ഏറെ കൂടുതലാണ്.

r 292 ആളുകളുടെ മരണത്തിനിടയാക്കിയ ദാരുണമായ ബാലാസോർ ട്രെയിൻ അപകടം സുരക്ഷാ ആവശ്യങ്ങൾക്കായി കൂടുതൽ പണം ചെലവിടേണ്ടതിന്റെ പ്രശ്നം ഉയർത്തിക്കൊണ്ടുവന്നു.സിഎജി റിപ്പോർട്ടനുസരിച്ച് റെയിൽവേ ട്രാക്കുകളുടെ പുതുക്കലിന് ആവശ്യമായി വരുന്ന പണത്തിലെ മൊത്തം കുറവ് 1,03,395 കോടി രൂപയാണ്. പൊതുമേഖലാ ബാങ്കുകൾ ആ വർഷം മാത്രം എഴുതിത്തള്ളിയ തുക 1,33,945 കോടി രൂപയായിരുന്നുവെന്നതും കൂടി ഇതിനോട് ചേർത്തുവായിക്കുക.

r എഴുതിത്തള്ളലുകൾ ബാങ്കിങ് സംവിധാനത്തെ തന്നെ അസ്ഥിരീകരിക്കും: ചെറിയ തിരിച്ചടവോടുകൂടിയ വായ്പകൾ എഴുതിത്തള്ളാൻ ഉപയോഗിക്കുന്നത് ഇടത്തരക്കാരുടെ നിക്ഷേപങ്ങളാണ്. ബാങ്കുകൾ അവയുടെ ഭാരമാകെ പാവപ്പെട്ട നിക്ഷേപകരുടെ ചുമലിലാണ് കയറ്റിവയ്ക്കുന്നത്. പാവപ്പെട്ട നിക്ഷേപകർക്ക് നിക്ഷേപത്തിനു ലഭിക്കേണ്ട പലിശയിൽ കുറവു വരുന്നു. അവർ വായ്പയെടുക്കുമ്പോൾ കോർപ്പറേറ്റുകൾ നൽകേണ്ടതിനേക്കാൾ ഉയർന്ന പലിശ നൽകേണ്ടതായി വരുന്നു; പാവപ്പെട്ട നിക്ഷേപകർ തന്നെയാണ് കൂടുതൽ ബാങ്ക് ചാർജുകൾ നൽകേണ്ടതായി വരുന്നതും. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചും ബാങ്കുകൾ തങ്ങൾക്കുണ്ടാക്കുന്ന നഷ്ടം നികത്താൻ ശ്രമിക്കുന്നു. ഇങ്ങനെ കടം എഴുതിത്തള്ളുന്നത് ക്രിമിനലുകൾ വീണ്ടും വായ്പയെടുക്കുന്നതിനിടയാക്കുന്നു. അവരെ സംബന്ധിക്കുന്ന വിവരങ്ങൾ അവരുടെ കിട്ടാക്കടം എഴുതിത്തള്ളുന്നതിലൂടെ ശരിയായ വിധത്തിലാകുന്നതുമൂലം അവർക്ക് വായ്പ ലഭിക്കാനുള്ള റേറ്റിങ് ഉയരുന്നു. സ്വാഭാവികമായും കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്ന നല്ല ഇടപാടുകാരും കുടിശ്ശികയിടാൻ തുടങ്ങുന്നു. ഇത് ബാങ്കുകളെ ബാധിക്കും. ശക്തമായ ഈട് നൽകിയിട്ടുള്ള വായ്പക്കാർ ഒഴികെ മറ്റുള്ളവരെല്ലാം വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തും; എന്നിട്ട് അത് എഴുതിത്തള്ളുന്നതും കാത്തിരിപ്പാവും.

r 2018ൽ മനഃപൂർവം കുടിശ്ശിക വരുത്തുന്ന 5600 പേരിൽ 15% പേരും ഗുജറാത്തിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

r എബിജി ഷിപ്പ്-യാർഡും (ഋഷി അഗർവാൾ), വിൻസം ഡയമൺഡ്സും (ജതിൻ മേത്ത) മറ്റു നിരവധി മനഃപൂർവം കുടിശ്ശികയിടുന്നവരുമെല്ലാം അധികാരത്തിന്റെ ഇടനാഴികളിലുള്ളവരുടെ അടുപ്പക്കാരാണ്. ചിലരെല്ലാം മുൻപേ തന്നെ വിദേശത്തേക്ക് കടന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

6 − 2 =

Most Popular