Sunday, September 6, 2026

ad

Homeവിശകലനംപാക് ജമാഅത്തെ ഇസ്ലാമിക്ക് നിലനില്‍പ്പിന് ജനാധിപത്യം 
ഇരിപ്പിന് ഇസ്ലാമികരാഷ്ട്രം

പാക് ജമാഅത്തെ ഇസ്ലാമിക്ക് നിലനില്‍പ്പിന് ജനാധിപത്യം 
ഇരിപ്പിന് ഇസ്ലാമികരാഷ്ട്രം

യൂബ്ഖാന്റെ പട്ടാളഭരണം ഒരു പതിറ്റാണ്ട് പിന്നിട്ടപ്പോഴാണ് അതിനെതിരെ 1968 നവംബര്‍ 7 ന് വിദ്യാര്‍ഥി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പാകിസ്താനില്‍ ജനാധിപത്യഭരണം വരുന്നത് തടയാന്‍ അമേരിക്കയുടെയും പാക് ബ്യൂറോക്രസിയിലെ ഒരു പ്രബലവിഭാഗത്തിന്റെയും നിര്‍ദ്ദേശമനുസരിച്ച് 1958 ല്‍ അയൂബ്ഖാന്‍ പ്രവര്‍ത്തിക്കുകയായിരുന്നു. അങ്ങനെയാണ് പട്ടാള അട്ടിമറി നടന്നത്. അന്നും ഏറെക്കുറെ ഇന്നും, പാശ്ചാത്യ ‘ലിബറൽ ജനാധിപത്യ രാജ്യങ്ങള്‍’, പ്രത്യേകിച്ച് അമേരിക്ക, ജനാധിപത്യം മറ്റിടങ്ങളില്‍ വരുന്നത് ഭയപ്പെട്ടിരുന്നു. ഭരണം പിടിച്ചെടുത്ത ഉടനെ അയൂബ് ഖാന്‍ നടത്തിയ ഒരു പ്രസ്താവന രസാവഹമായ അസംബന്ധമായിരുന്നു : ‘ജനാധിപത്യം ചൂടുള്ള കാലാവസ്ഥയില്‍ പ്രവര്‍ത്തിക്കില്ല എന്ന് നമ്മള്‍ മനസ്സിലാക്കണം. ജനാധിപത്യത്തിനു വേണ്ടത് ബ്രിട്ടനെപ്പോലെ തണുപ്പുള്ള രാജ്യങ്ങളാണ്.’ ഈ ഉദീരണത്തെ പരിഹസിച്ചുകൊണ്ട് പഞ്ചാബി കവിയായ ഉസ്താദ് ദമാന്‍ എഴുതി : ‘ഇപ്പോള്‍ ഓരോ ദിവസവും പ്രസന്നവും സുഖപ്രദവുമാണ്. പക്ഷേ, നിങ്ങള്‍ എവിടെ നോക്കിയാലും സൈന്യമാണുള്ളത്.’

അയൂബ് ഖാന്റെ പട്ടാളവാഴ്ച ഇസ്ലാമീകരണ വ്യഗ്രതയെ ചെറുത്തെങ്കിലും ഇന്ത്യയുമായുള്ള 1965 ലെ യുദ്ധത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും അസമമവും ഏകപക്ഷീയവുമായ സാമ്പത്തിക വികസനത്തിന്റെയും ദശാബ്ദമായിരുന്നു അക്കാലം. പട്ടാളഭരണം ഇനിയും തുടര്‍ന്നാല്‍ ജനാധിപത്യ പുനഃസ്ഥാപനം മരീചികയായി കലാശിക്കുമെന്ന് പാക് ജനതയ്ക്ക് ബോധ്യപ്പെട്ടു. അമേരിക്കനനുകൂല പട്ടാള സ്വേച്ഛാധിപതികളോട് എല്ലാക്കാലത്തും മഹാമനസ്കത പുലര്‍ത്തിപ്പോരുന്ന ‘ന്യൂയോര്‍ക്ക് ടൈംസ്’ 1958 ഒക്ടോബര്‍ 12 ന് അയൂബിന്റെ അധികാരക്കവര്‍ച്ചയെക്കുറിച്ച് ഇങ്ങനെ എഴുതി: ‘പ്രസിഡന്റ് ഇസ്കന്ദര്‍ മിര്‍സയും ജനറല്‍ അയൂബ് ഖാനും ക്രമേണ, അര്‍ഹിക്കുന്ന സമയത്ത് ശ്രേഷ്ഠവും സത്യസന്ധവുമായ ഒരു ജനാധിപത്യ സര്‍ക്കാര്‍ സ്ഥാപിക്കാനാണ് ആഗ്രഹിക്കുന്നത്. അവരുടെ ആത്മാര്‍ത്ഥതയില്‍ തെല്ലും സംശയിക്കേണ്ടതില്ല’. ‘അര്‍ഹിക്കുന്ന സമയം’ ആയത് പത്തു വര്‍ഷം പിന്നിട്ടപ്പോൾ 1968 ല്‍ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയപ്പോഴായിരുന്നു. വിദ്യാര്‍ഥിപ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ നോക്കിയെങ്കിലും അവരോടൊപ്പം ആദ്യം തൊഴിലാളികളും താമസിയാതെ അഭിഭാഷകരും അധ്യാപകരും ഭിഷഗ്വരരും ന്യായാധിപരും ലെെംഗികത്തൊഴിലാകളും മറ്റുള്ളവരും അണിചേര്‍ന്നു. ജനാധിപത്യ പുനഃസ്ഥാപനത്തിനുവേണ്ടി താഴെത്തട്ടില്‍ നിന്നുള്ള ജനങ്ങൾ നടത്തിയ പടയൊരുക്കമായിരുന്നു അത്. പാകിസ്താന്റെ ചരിത്രത്തില്‍ ജനങ്ങള്‍ ഇതേപോലെ ഐകമത്യ മനോഭാവത്തോടെ സംഘടിച്ച സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് താരിഖ് അലി എഴുതുന്നു. (ദ ക്ലാഷ് ഓഫ് ഫണ്ടമെന്റലിസംസ്, പു. 184). ഗത്യന്തരമില്ലാതെ 1969 മാര്‍ച്ചില്‍ അയൂബ് ഖാന്‍ രാജിവെച്ചു. തുടർന്ന് ജനങ്ങള്‍ തെരുവുകളില്‍ ആഹ്ലാദ നൃത്തം ചെയ്തു.

ഈ ജനാധിപത്യ പുനഃസ്ഥാപന പ്രക്ഷോഭത്തില്‍ മൗദൂദിസ്റ്റുകളും ഉണ്ടായിരുന്നു. അവര്‍ പക്ഷേ, അരുക്കാക്കപ്പെട്ടു. പ്രക്ഷോഭകാലത്ത് ജമാഅത്തുകാര്‍ ഉര്‍ദുവില്‍ ഉയര്‍ത്തിയ മുദ്രാവാക്യം ഇതായിരുന്നു: ‘എന്താണ് പാകിസ്താന്റെ അര്‍ഥം ? ഒരൊറ്റ അള്ളാഹു മാത്രമേ ഉള്ളൂ എന്നതാണത്.’ അയൂബിന്റെ പട്ടാളവാഴ്ചയുടെ നിരന്തര വിമര്‍ശകനും അതിനാല്‍ തന്നെ ഇടതടവില്ലാതെ ജയിലിലടക്കപ്പെടുകയും ചെയ്തിരുന്ന ജനകീയ കവി ഹബീബ് ജലിബ്, മൗദൂദിസ്റ്റ് മുല്ലമാര്‍ക്ക് പരിഹാസപൂര്‍വം ചുട്ട മറുപടി കൊടുത്തു : ‘എന്താണ് പാകിസ്താന്റെ അര്‍ഥം? അന്നം, വസ്ത്രം, ഔഷധം.’ ഇതായിരുന്നു ഹബീബ് ജലിബ് ഉയര്‍ത്തിയ മുദ്രാവാക്യം. ഈ മുദ്രാവാക്യം പാക് ജനത ഏറ്റെടുത്തു.

വിരോധാഭാസകരമായ വസ്തുത, പട്ടാള സ്വേച്ഛാധിപതി അയൂബ് ഖാന്റെ പിന്‍ഗാമിയായി വന്ന മറ്റൊരു പട്ടാള മേധാവി യാഹ്യാ ഖാനുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ പാക് ജമാഅത്തെ ഇസ്ലാമി തീരുമാനിച്ചു എന്നതാണ്. രാജ്യം വിഭജിക്കപ്പെടാതിരിക്കാനും സോഷ്യലിസ്റ്റ് താഗൂത്തില്‍ (അനിസ്ലാമിക ഭരണം) അകപ്പെടാതെ സംരക്ഷിക്കാനും യാഹ്യാ ഖാനുമായുള്ള സഹകരണം അനുപേക്ഷണീയമാണെന്ന് ജമാഅത്ത് കരുതി. സുരക്ഷാ വിജ്ഞാനീയത്തിലെ പ്രശസ്ത പണ്ഡിതനായ ഹസ്സന്‍ അബ്ബാസ്, ഇസ്ലാമിസ്റ്റുകളും യാഹ്യാ ഖാന്റെ പട്ടാള അജൻഡയുമായുള്ള ബാന്ധവത്തെപ്പറ്റി എഴുതുന്നു : ‘മതരാഷ്ട്രവാദികളായ പാര്‍ട്ടികള്‍ പാകിസ്താനെ ഇസ്ലാമികവത്കരിക്കാനുള്ള അവസരം തേടുകയായിരുന്നു. യാഹ്യാ ഖാനെ മൗദൂദി കാണുകയും ചീഫ് മാര്‍ഷല്‍ ലോ അഡ്മിനിസ്ട്രേറ്ററായ അദ്ദേഹത്തെ ‘ഇസ്ലാമിന്റെ പരിരക്ഷകന്‍’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. യാഹ്യാ ഖാന്‍ മനസ്സില്‍ കാണുന്ന പുതിയ ഭരണഘടന ഇസ്ലാമികമായിരിക്കണമെന്ന ആഗ്രഹമാണ് മൗദൂദി പ്രകടിപ്പിച്ചത്. യാഹ്യാ ഭരണകാലത്ത് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന മേജര്‍ ജനറല്‍ ഷേര്‍ അലി ഖാന്‍ ആണ് ഇസ്ലാമിസ്റ്റ് പാര്‍ട്ടികളെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിക്കും ബംഗാളി ദേശീയവാദത്തിലൂന്നിയ അവാമി ലീഗ് പാര്‍ട്ടിക്കുമെതിരെയുള്ള കുന്തമുനയായി ഒരു തിരഞ്ഞെടുപ്പ് പദ്ധതി ആസൂത്രണം ചെയ്തത്. ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ സകല സഹായവും ഇസ്ലാമിസ്റ്റുകള്‍ക്ക്, പ്രത്യേകിച്ച് ജമാഅത്തെ ഇസ്ലാമിക്ക് ലഭിച്ചു. ജമാഅത്തെ ഇസ്ലാമിയും ജാമിഅത്ത് ഉലമþഇþഇസ്ലാം പാര്‍ട്ടിയും വലിയ പ്രതീക്ഷയിലുമായിരുന്നു.

1968 ല്‍ ജമാഅത്തെ ഇസ്ലാമി സോഷ്യലിസത്തിനെതിരെ വീര്യമേറിയ പ്രചരണം നടത്തുകയും മുസ്ലിം ഐക്യത്തിനുവേണ്ടി ആഹ്വാനം ചെയ്യുകയുമുണ്ടായി. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ഇസ്ലാമിþജാമിഅത്ത്þഇþതുലബ ആ സമയത്ത് ഒരു രണോല്‍സുക സംഘമായി മാറുകയും ക്യാമ്പസുകളിലെ ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ക്കുനേരെ അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു.

1970 ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി ദയനീയമായി പരാജയപ്പെട്ടു. ദേശീയ അസംബ്ലിയിലെ 300 സീറ്റുകളില്‍ നാലെണ്ണം മാത്രമാണ് അവര്‍ക്കു കിട്ടിയത്. പടിഞ്ഞാറന്‍ പാകിസ്താനില്‍ സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. കിഴക്കന്‍ പാകിസ്താനില്‍ ഷെയ്ഖ് മുജീബ് റഹ്മാന്‍ നയിച്ച അവാമി ലീഗ് പാര്‍ട്ടിക്ക് ജനകീയവോട്ടിന്റെ 90 ശതമാനം കിട്ടി. അവാമി ലീഗിനായിരുന്നു ദേശീയ അസംബ്ലിയില്‍ ഭൂരിപക്ഷം. സര്‍ക്കാരുണ്ടാക്കാന്‍ യാഹ്യാ ഖാന്‍ മുജീബ് റഹ്മാനോടായിരുന്നു ആവശ്യപ്പെടേണ്ടിയിരുന്നത്. എന്നാൽ യാഹ്യാ ഖാനും മറ്റ് ജനറല്‍മാരും തിരഞ്ഞെടുപ്പ് ഫലത്തോട് മുഖംതിരിച്ചുനിന്നു. എന്നെന്നേക്കുമായ അപകീര്‍ത്തി ഏറ്റുവാങ്ങി യാഹ്യാ ഖാനുമായി ഭൂട്ടോ ഒരു ഇടപാടുണ്ടാക്കി പാകിസ്താന്റെ പ്രധാനമന്ത്രിയായി. ബംഗാളികള്‍ അടുത്ത കാലത്ത് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തവരാണെന്നും അവരില്‍ ഹിന്ദുയിസത്തിന്റെ രക്തമാണുള്ളതെന്നും അതുകൊണ്ടാണ് അവര്‍ ബംഗാളി ദേശീയത ഉയര്‍ത്തിപ്പിടിച്ച് പാകിസ്താനില്‍ നിന്ന് വിട്ടുപോകാന്‍ കാംക്ഷിക്കുന്നതെന്നുമുള്ള പ്രചാരണം പാക് സര്‍ക്കാര്‍ വൃത്തങ്ങളും ഇസ്ലാമിസ്റ്റുകളും 1950 കളില്‍ തന്നെ തുടങ്ങിവെച്ചതാണെന്ന കാര്യം ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.

പാക് ജനറല്‍ അമീര്‍ അബ്ദുല്ല ഖാന്‍ നിയാസി കിഴക്കന്‍ പാകിസ്താനില്‍ കീഴടങ്ങിയതോടെ ബംഗ്ലാദേശ് എന്ന നവരാഷ്ട്രം പിറന്നു. പാകിസ്താനിലെ സാമൂഹിക–സാമ്പത്തിക അസമത്വം ലഘൂകരിക്കുമെന്ന വാഗ്ദാനവുമായി ഒരു സോഷ്യലിസ്റ്റ് കാര്യപരിപാടിയായിരുന്നു ഭൂട്ടോ മുന്നോട്ടുവെച്ചിരുന്നത്. എന്നാല്‍ വളരെ പെട്ടെന്ന് ഒരു വസ്തുത വെളിവായി. പുതിയ അധികാരകേന്ദ്രത്തിന്റെ സാമ്പത്തികനയങ്ങള്‍ അതിന്റെതന്നെ അസ്തിവാരത്തെ ബലിഷ്ഠമാക്കുന്നതായിരുന്നു. ദേശീയസമ്പത്ത് നീതിയുക്തമായി വിതരണം ചെയ്യപ്പെടുമെന്ന വാഗ്ദാനം ജലരേഖയായി. വിപുലമായ ഭൂപരിഷ്കരണം നടപ്പിലാക്കുമെന്ന് വീമ്പടിച്ച ഭൂട്ടോ, ഭൂപ്രഭുത്വത്തിന്റെ ആനുകൂല്യം തേടാനാണ് തുനിഞ്ഞത് (ഫ്രെഡറിക് ഗ്രെയര്‍, പൊളിറ്റിക്കല്‍ ഇസ്ലാം ഇന്‍ ദ ഇന്ത്യന്‍ സബ്കോണ്ടിനന്റ്: ദ ജമാഅത്തെ ഇസ്ലാമി, പുറം. 35). താരിഖ് അലി എഴുതുന്നു : ‘പട്ടാളമേധാവിയുമായി ഇടപാടുണ്ടാക്കിയതോടെ ചെത്തിച്ചെറുതാക്കപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ഭരണാധിപനായി ഭൂട്ടോ. അദ്ദേഹം തിരഞ്ഞെടുപ്പ് കാലത്ത് മോഹനവാഗ്ദാനങ്ങളുടെ പെരുമഴ തീര്‍ത്തു. എന്നാല്‍ കാര്യമായി ഒന്നും നടന്നില്ല. അദ്ദേഹത്തിന്റെ വാചാടോപം പുരോഗമനതീവ്രവും സമൂലപരിഷ്കരണോന്മുഖവുമായിരുന്നു. മുതലാളിത്തത്തെ തകര്‍ക്കുമെന്നും താമസംവിനാ ഭൂപരിഷ്കരണം നടപ്പാക്കുമെന്നും എല്ലാവര്‍ക്കും ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ ലഭ്യമാക്കുമെന്നുമൊക്കെയായിരുന്നു തിരഞ്ഞെടുപ്പ് കാലത്തെ മനംമയക്കുന്ന വിവരണങ്ങള്‍.’ (താരിഖ് അലി, ദ ക്ലാഷ് ഓഫ് ഫണ്ടമെന്റലിസംസ്, പു.185).

പാകിസ്താനിലെ മധ്യവര്‍ഗത്തെയാണ് ഭൂട്ടോയുടെ നയങ്ങള്‍ ഏറെ പ്രതികൂലമായി ബാധിച്ചത്. ഈ അഭിനവ സോഷ്യലിസ്റ്റിന്റെ സാമ്പത്തികനയങ്ങളും 1970 കളുടെ മധ്യത്തിലുണ്ടായ എണ്ണവില വര്‍ധനയും പണപ്പെരുപ്പം കുത്തനെ ഉയര്‍ത്തി. ഇത് മധ്യവര്‍ഗത്തെ നന്നായി ബാധിക്കുകയും അവര്‍ ഭൂട്ടോയുടെ എതിരാളികളായി മാറുകയും ചെയ്തു.

ബംഗ്ലാദേശിന്റെ പിറവിയോടെ പാകിസ്താന്‍ എന്ന രാജ്യത്തിന്റെ നിലനില്‍പ്പിന്റെ യുക്തി ചോദ്യം ചെയ്യപ്പെട്ടു. രാഷ്ട്രം രണ്ടായി വെട്ടിമുറിക്കപ്പെട്ടത്, ഭരണനിര്‍വഹണത്തില്‍ ഇസ്ലാമിക തത്ത്വങ്ങള്‍ നടപ്പിലാക്കുന്നതിലുള്ള പരാജയമാണെന്ന് പുരോഹിതവര്‍ഗം ആരോപിച്ചു. യാഹ്യാ ഖാനും ജനറല്‍ മിര്‍സയും ഭൂട്ടോയും അനിസ്ലാമികചര്യകളുടെ പേരില്‍ അപലപിക്കപ്പെടുകയും ചെയ്തു. രാഷ്ട്രീയസാഹചര്യം പരുങ്ങലിലായപ്പോള്‍ ഭൂട്ടോ ഇസ്ലാമിക് കാര്‍ഡ് പുറത്തെടുത്തു. പാകിസ്താനെ പുനര്‍ഇസ്ലാമീകരിക്കാനുള്ള ചില നടപടികളുമായി രംഗത്തുവന്നു. പക്ഷേ, ഭൂട്ടോവിരുദ്ധര്‍ ഇതിനെ കറകളഞ്ഞ അവസരവാദമായാണ് കണ്ടത്. മധ്യവര്‍ഗം മതപാര്‍ട്ടികളിലേക്ക് ചാഞ്ഞു എന്നതാണ് അതിന്റെ പരിണിതഫലം.

അടിക്കടി ഇടിഞ്ഞുകൊണ്ടിരുന്ന ഭൂട്ടോയുടെ ജനസമ്മതിയും തുടര്‍ന്നുണ്ടായ തീവ്രമായ രാഷ്ട്രീയ കാലാവസ്ഥയും മൗദൂദിക്കും ജമാഅത്തെ ഇസ്ലാമിക്കും അനുഗ്രഹവും അനുകൂലവുമായ സാഹചര്യമുണ്ടാക്കി. 1976 ല്‍ ജമാഅത്തെ ഇസ്ലാമി, ശരീഅത്ത് നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചു. അക്കാലത്ത് ജമാഅത്തെ ഇസ്ലാമിയില്‍ ഒന്നര ലക്ഷം പേര്‍ പുതുതായി അംഗത്വമെടുത്തു. ജമാഅത്തെ ഇസ്ലാമിയുടെ പുനരുജ്ജീവനം 1972 ല്‍ തന്നെ ആരംഭിച്ചിരുന്നു. പാകിസ്താനി യുദ്ധത്തടവുകാരെ സ്വരാജ്യത്തേക്ക് തിരികെയെത്തിക്കാത്തിടത്തോളം കാലം ബംഗ്ലാദേശ് എന്ന നവരാഷ്ട്രത്തെ അംഗീകരിക്കരുതെന്ന് ഭൂട്ടോയോട് ജമാഅത്ത് ആവശ്യപ്പെട്ടിരുന്നു. 1972 സെപ്തംബറില്‍ ലാഹോറില്‍ വെച്ച് മൗദൂദി ഭൂട്ടോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആ കൂടിക്കാഴ്ചയില്‍ മൗദൂദിയുടെ പ്രധാന ആവശ്യം ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ നിന്ന് ‘ഇടതുപക്ഷ ഭൂതഗണ’ങ്ങളെ പുറത്താക്കണമെന്നതായിരുന്നു. അങ്ങനെ ചെയ്താല്‍ ഭൂട്ടോയുടെ കരട് ഭരണഘടനയ്ക്ക് തന്റെ പാര്‍ട്ടി പരിപൂര്‍ണ പിന്തുണ നല്‍കുമെന്നും മൗദൂദി വാഗ്ദാനം ചെയ്തു. കൂടാതെ, പാകിസ്താനെ ‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്താന്‍’ എന്ന് പുനര്‍നാമകരണം ചെയ്യണമെന്നും മുസ്ലിങ്ങള്‍ക്കു മാത്രമേ പ്രധാനമന്ത്രിയും പ്രസിഡന്റുമാകാന്‍ കഴിയൂ എന്ന നിബന്ധന ഭരണഘടനയില്‍ ഉള്‍പ്പെടുത്തണമെന്നും മൗദൂദി ആവശ്യപ്പെട്ടു. ഭൂട്ടോ വഴങ്ങി. അങ്ങനെ പാകിസ്താന്റെ ചരിത്രത്തില്‍ ആദ്യമായി ഇസ്ലാം മതത്തെ രാഷ്ട്രമതമായി പ്രഖ്യാപിക്കപ്പെട്ടു.

1973 മുതല്‍ ജമാഅത്തെ ഇസ്ലാമി ഭൂട്ടോസര്‍ക്കാരിനെ എതിര്‍ത്തുകൊണ്ടുള്ള പ്രവര്‍ത്തനം തുടങ്ങി. അതിനിടെ അഹമ്മദിയ്യ മുസ്ലിങ്ങളുടെ ശക്തികേന്ദ്രമായ പഞ്ചാബിലെ റബ്വയില്‍ (റബ്വ റെയില്‍വേ സ്റ്റേഷനില്‍) ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി വിഭാഗമായ ഇസ്ലാമി ജാമിഅത്ത്– ഇ–തുലബയുടെ ശാഖയിലെ പ്രവര്‍ത്തകരും അഹമ്മദിയ്യ മുസ്ലിം വിഭാഗത്തില്‍ പെട്ടവരും തമ്മില്‍ വഴക്കും വക്കാണവും സംഘര്‍ഷവുമുണ്ടായി. തുടര്‍ന്ന് പഞ്ചാബിലും ഏറെ വൈകാതെ പാകിസ്താനിലുടനീളവും ഉഗ്രമായ അഹമ്മദിയ്യ വിരുദ്ധ പ്രചാരണം നടന്നു. ജമാഅത്തെ ഇസ്ലാമിയായിരുന്നു ഈ പ്രക്ഷോഭ പരമ്പരയ്ക്ക് നേതൃത്വം നല്‍കിയത്. രാജ്യമൊട്ടാകെ റാലികളും യോഗങ്ങളും ഘോഷയാത്രകളും തെരുവുപ്രകടനങ്ങളും ഇസ്ലാമിസ്റ്റ് സംഘടനയുടെ മുന്‍കൈയില്‍ സംഘടിപ്പിക്കപ്പെട്ടു. ഭൂട്ടോ വീണ്ടും മുട്ടുമടക്കി. ഒരു ഭരണഘടനാ ഭേദഗതിയിലൂടെ അഹമ്മദിയ്യാ സമുദായത്തെ അമുസ്ലിങ്ങളായി പ്രഖ്യാപിച്ചു.

1977 ലെ തിരഞ്ഞെടുപ്പ് കാലത്താണ് ജമാഅത്തെ ഇസ്ലാമിയും ഭൂട്ടോ സര്‍ക്കാരും തമ്മിലുള്ള പോരിന്റെ അവസാനപര്‍വം അരങ്ങേറുന്നത്. വലതുപക്ഷ പാര്‍ട്ടികളെയെല്ലാം കോര്‍ത്തിണക്കി ജമാഅത്തെ ഇസ്ലാമി ഭൂട്ടോ സര്‍ക്കാരിനെതിരെ ബൃഹത്തായൊരു മത–രാഷ്ട്രീയ സഖ്യമുണ്ടാക്കി. ‘പാകിസ്താന്‍ നാഷണല്‍ അലയന്‍സ്’ (PNA) എന്നാണ് അത് അറിയപ്പെട്ടത്. ഈ മത–രാഷ്ട്രീയ മുന്നണിയുടെ പ്രധാന ആവശ്യം പാകിസ്താനില്‍ ‘നിസാം–ഇ–മുസ്തഫ’ (പ്രവാചകന്റെ വ്യവസ്ഥ) പ്രയോഗത്തില്‍ വരുത്തണം എന്നതായിരുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × two =

Most Popular