Friday, February 20, 2026

ad

Homeകവര്‍സ്റ്റോറിനവഫാസിസത്തിൽ എന്താണ് പുതിയത്?

നവഫാസിസത്തിൽ എന്താണ് പുതിയത്?

സുദീപ് ദത്ത

ന്ത്യയിൽ ഇപ്പോഴുള്ള ഭരണത്തെ പരാമർശിച്ചുകൊണ്ട് സിപിഐ എം നവഫാസിസം എന്ന പദം ഉപയോഗിച്ചത് ഇടതുപക്ഷത്തിനുള്ളിൽ എന്ന പോലെ നമ്മുടെ രാജ്യത്തെ മറ്റു വിഭാഗങ്ങൾക്കിടയിലും ഗൗരവമുള്ള ചർച്ചകളുയർത്തിയിരിക്കുകയാണ്. അവരിൽ ചിലർ സമ്പൂർണ ഫാസിസമെന്ന് മുദ്ര കുത്താനാണ് ആഗ്രഹിക്കുന്നത്. മറ്റു ചിലരാകട്ടെ ഫാസിസ്റ്റുവിരുദ്ധ മുന്നണി രൂപീകരിക്കാനുള്ള തിടുക്കത്തിലുമാണ്!

എന്നാൽ, ഏതൊരു ഭരണത്തിന്റെയും രാഷ്ട്രീയ സ്വഭാവത്തെക്കുറിച്ച് വിശകലനം ചെയ്യേണ്ടത് പ്രാഥമികമായും ആ ഭരണസംവിധാനത്തിന്റെ വർഗപരമായ ഘടകങ്ങളെയും അതിലെ വെെരുദ്ധ്യങ്ങളെയും രാഷ്ട്രീയവും സാമ്പത്തികവുമായ ഉള്ളടക്കത്തെയും അടിസ്ഥാനമാക്കിയായിരിക്കണം; അല്ലാതെ ഭരണകൂടം ജനങ്ങൾക്കുമേൽ അഴിച്ചുവിടുന്ന ക്രൂരമായ കടന്നാക്രമണങ്ങളുടെ തോത് നോക്കിയാകരുത്. ചരിത്രത്തിന്റെ വിവിധ ദശാസന്ധികളിൽ ഭരണകൂടത്തിന്റെ നടപടികൾ വ്യത്യസ്ത രാജ്യങ്ങളിൽ വ്യത്യസ്തമായിരിക്കാം; സേ-്വച്ഛാധിപതികളായ മിക്കവാറും ഭരണാധികാരികൾ ബൂർഷ്വാ ജനാധിപത്യ പാർലമെന്ററി സംവിധാനത്തെ അംഗഭംഗം വരുത്താനുമിടയുണ്ട്. ഇത്തരക്കാരെയെല്ലാം ഫാസിസ്റ്റുകൾ എന്ന് മുദ്രകുത്താനാവില്ല; കാരണം ഫാസിസത്തിന് സവിശേഷവും ചരിത്രപരവുമായ സാമൂഹിക, സാമ്പത്തിക പശ്ചാത്തലമുണ്ട്.

അതിനാൽ, ഈ ലേഖനത്തിൽ ഉൗന്നൽ നൽകാൻ ശ്രമിക്കുന്നത് ഇന്ത്യൻ ഭരണസംവിധാനത്തിന്റെ ചില പ്രത്യേക സവിശേഷതകളിലാണ്; അതിന്റെ അടിസ്ഥാനത്തിൽ പഴയ രൂപത്തിലുള്ള ഫാസിസത്തിനു മുൻപായി ‘നവ’ (Neo) എന്ന പദം കൂട്ടിച്ചേർക്കുന്നതിനിടയാകുന്നതെങ്ങനെയെന്ന് വിശദീകരിക്കാനും ശ്രമിക്കുന്നു. നിശ്ചയമായും നവഫാസിസത്തെ ചെറുത്തു തോൽപ്പിക്കുന്നതിനുള്ള മൂർത്തമായ അടവുകൾ ആവിഷ്കരിക്കുന്നതിനും ചിട്ടപ്പെടുത്തുന്നതിനും പഴയ രൂപത്തിലുള്ള ഫാസിസത്തിൽനിന്നും നവഫാസിസം എങ്ങനെ ഘടനാപരമായി വ്യത്യസ്തമായിരിക്കുന്നുവെന്നും നവഫാസിസത്തിന്റെ സാമ്പത്തികാടിത്തറയെന്തെന്നും വിശകലനം ചെയ്യേണ്ടതും മനസ്സിലാക്കേണ്ടതും അനുപേക്ഷണീയമാണ്. ഈ സംവിധാനത്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ പ്രകടരൂപങ്ങളെക്കുറിച്ച് മറ്റൊരു ലേഖനത്തിൽ വിശദീകരിക്കുന്നതാണ്.

യുദ്ധ വിമുക്തമായ യൂറോപ്പിനുമേൽ പിടിമുറുക്കിയ 1920കളിലെയും 1930കളിലെയും സാമ്പത്തികപ്രതിസന്ധിയായിരുന്നു ഫാസിസത്തിന്റെ ഉയർന്നുവരവിനിടയാക്കിയ വിളനിലം. സാമ്പത്തികമായി തകർക്കപ്പെട്ടിരുന്ന ജർമനിയിൽ 1929ലെ വാൾസ്ട്രീറ്റ് തകർച്ച പിന്നെയും ഏറെ ആഴത്തിൽ ആഘാതം സൃഷ്ടിച്ചു. തൊഴിലില്ലായ്മ 33 ശതമാനമായി വർധിച്ചു; വ്യാവസായികോൽപ്പാദനം 50 ശതമാനത്തിലേക്ക് ചുരുങ്ങി; ബാങ്കുകൾ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു; നിലവിലുണ്ടായിരുന്ന ലിബറൽ ജനാധിപത്യ സ്ഥാപനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു. പാശ്ചാത്യ മുതലാളിത്തത്തെ ‘സോവിയറ്റ് റഷ്യയെന്ന ഭൂതം’ വേട്ടയാടുകയായിരുന്നു; ആ ഘട്ടത്തിൽ പാശ്ചാത്യമുതലാളിത്തത്തിന്റെ രക്ഷകനായാണ് ഫാസിസം ഉയർന്നുവന്നത്.

ഫാസിസത്തിന്റെ കാതലായ സാമ്പത്തിക ഇടപെടലുകളെ ചുവടെ ചേർക്കുന്നവിധം തരംതിരിക്കാവുന്നതാണ്: (a) ധനമേഖലയ്ക്കു മേൽ പിടിമുറുക്കുകയും ബാങ്കുകളിൽ സൂക്ഷിച്ചിട്ടുള്ള വ്യക്തിഗത സമ്പാദ്യങ്ങളുൾപ്പെടെ എല്ലാ വൻകിട ബാങ്കുകളിൽ നിന്നും മൂലധനത്തിന്റെ നിയന്ത്രണം കെെവശപ്പെടുത്തുകയും ചെയ്യുക: (b) പണത്തെയാകെ ഭരണകൂടം സ്പോൺസർ ചെയ്യുന്നതും ഉറപ്പായും ലാഭം ലഭിക്കുന്നതുമായ സ്വകാര്യ വൻകിട വ്യവസായങ്ങളിലേക്ക് -–പ്രത്യേകിച്ചും ആയുധനിർമാണം, ലോഹങ്ങൾ എന്നിവയിലേക്ക്– വഴിതിരിച്ചുവിടൽ; (c) പൊതുപശ്ചാത്തല വികസനത്തിന് വൻതോതിൽ സർക്കാർ നിക്ഷേപം നടത്തുകയും താൽക്കാലിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യൽ; (d) ബാങ്കുകളിലുള്ള വ്യക്തിഗത സമ്പാദ്യങ്ങളിൽ നിന്നും നിർബന്ധപൂർവം കെെക്കലാക്കിയ പണത്തിനുപകരമായി ട്രഷറി ബോണ്ടുകളും ഡെലിവറി ബില്ലുകളും നൽകൽ; ആദ്യം നൽകിയ പ്രോമിസറി നോട്ടുകളുടെ കാലാവധി പൂർത്തിയായിക്കഴിഞ്ഞാൽ അവയ്ക്കുപകരം ദീർഘകാലാടിസ്ഥാനത്തിലുള്ള ബോണ്ടുകൾ നൽകൽ; അങ്ങനെ പ്രതിസന്ധിയെ ഭാവിയിലേക്ക് തള്ളിനീക്കൽ!

കോർപ്പറേറ്റുകൾ അടയ്ക്കേണ്ട നികുതി ബാധ്യതകൾ എഴുതിത്തള്ളിക്കൊണ്ടും മൂലധന ശക്തികൾ തമ്മിലുള്ള മത്സരത്തെ നിയന്ത്രിച്ചുനിർത്തിയും തൊഴിലാളികളുടെ ചെറുത്തുനിൽപ്പിനെ തകർത്തും ഫാസിസ്റ്റുകൾ വൻകിട വ്യാവസായിക കോർപറേഷനുകൾക്ക് ഉയർന്ന നിരക്കിലുള്ള ലാഭം ഉറപ്പാക്കി. ഹതഭാഗ്യരായ ജൂതസമൂഹത്തെ അടിമപ്പെടുത്തി കൂലി നൽകാതെ പണിയെടുപ്പിക്കാൻ വേണ്ട തൊഴിൽ ശക്തിയെ സൃഷ്ടിക്കുകയും ചെയ്തു.

എന്നാൽ, തങ്ങളുടെ വാഗ്ദാനങ്ങൾ പൂർത്തീകരിക്കാൻ മൂലധനത്തിൽനിന്നുള്ള ആദായനിരക്ക് പോരാതെ വന്നതിനെ തുടർന്ന് കൊള്ളയടിച്ചും പിടിച്ചുപറിച്ചും മൂലധനം സഞ്ചയിക്കുന്നതിനായി ഫാസിസത്തിന് മറ്റു രാജ്യങ്ങളെ ആക്രമിക്കേണ്ടതായും വന്നു. സെെനിക വ്യവസായത്തെ ശാശ്വതമായി നിലനിർത്തുന്നതിനും ഇതാവശ്യമായിരുന്നു. എന്നിട്ടും, ഫ-ാസിസത്തിന് ആത്യന്തികമായി അതിജീവിക്കാൻ കഴിഞ്ഞില്ല; കാരണം മഹത്തായ ചെമ്പട അതിനെ പരാജയപ്പെടുത്തി.

ഇനി നമുക്ക് ഇന്നത്തെ സാഹചര്യവും കഴിഞ്ഞ നൂറ്റാണ്ടിലെ പ്രതിസന്ധിയും തമ്മിലുള്ള വ്യത്യാസങ്ങളിലേക്കൊന്ന് എത്തിനോക്കാം.

ഒന്നാമതായി, ആ കാലത്ത് ഫിനാൻസിന് ദേശീയ സെന്ററുകൾ ഉണ്ടായിരുന്നു; അതിനാൽ അതിനുമേൽ നിയന്ത്രണമേർപ്പെടുത്താനുള്ള ഒരു ദേശ രാഷ്ട്രത്തിനു ചില സാധ്യതകളുണ്ട‍്. ഇന്ന്, ഇന്റർനാഷണൽ ഫിനാൻസ് മൂലധനം ഇന്ന് ഏതൊരു ദേശരാഷ്ട്രത്തെയും കാൾ കൂടുതൽ ശക്തമാണ്; അതുകൊണ്ടുതന്നെ ഇന്റർനാഷണൽ ഫിനാൻസിനെ നിയന്ത്രിക്കാൻ ഒരു ഭരണകൂടത്തിനും ഏറെക്കുറെ കഴിയില്ലയെന്നു തന്നെ പറയാം. നവലിബറൽ ആഗോളവൽക്കരണം ആധുനികകാലത്തെ ഫാസിസത്തിന്റെ അടിത്തറയെ തന്നെ ഘടനാപരമായി മാറ്റിയിരിക്കുകയാണ്.

രണ്ടാമതായി, സാമ്പത്തിക മേധാവിത്വം ഉൽപ്പാദനപരമായ മുതലാളിത്തത്തിൽ (Productive Capitalism) നിന്നും റെന്റിയർ മുതലാളിത്തത്തിലേക്ക് (ചരക്കുൽപാദനത്തിൽനിന്ന് വ്യത്യസ്തമായി ഭൂമി, പ്രകൃതി വിഭവങ്ങൾ തുടങ്ങിയവയുടെ ഉടമസ്ഥതയിൽ നിന്ന് ഗണ്യമായ വരുമാനമുണ്ടാക്കുന്ന മുതലാളിത്ത സാമ്പത്തിക സംവിധാനമാണ‍് റെന്റിയർ അഥവാ വാടക മുതലാളിത്തം) ചുവടുമാറ്റുകയാണ്. ഇപ്പോൾ ഏറ്റവും വലിയ, ഒന്നാംനിരയിലെ കമ്പനികൾ പ്രകൃതി വിഭവങ്ങൾക്കുമേലും രാഷ്ട്രത്തിന്റെ ആസ്തികൾക്കുമേലുള്ള കുത്തകാവകാശത്തിലൂടെയാണ് ആദായം ചോർത്തിയെടുക്കുന്നത്. ചിലർ തങ്ങളുടെ ഡിജിറ്റൽ പ്ലാറ്റ് ഫോമുകൾക്കുവേണ്ടി പാട്ടം പിരിക്കുകയാണ് ചെയ്യുന്നത്. മറ്റു ചിലരാകട്ടെ, ധനകമ്പോളങ്ങളിൽ (Financial Markets) നിക്ഷേപം നടത്തുന്നു.

ഇന്നത്തെ ഭീമൻ റെന്റിയർ കോർപ്പറേഷനുകൾ സമസ്ത മേഖലകളിലെയും അധ്വാനിക്കുന്നവരെ കൊള്ളയടിക്കുകയാണ്; ചെറുകിട ഉൽപ്പാദനത്തിലും സ്വയം തൊഴിലിലും ഏർപ്പെട്ടിരിക്കുന്നവരെപ്പോലും കൊള്ളയടിക്കുന്നു. ഉൽപ്പാദനമേഖലകളിലുള്ളവരെ മാത്രമല്ല പുനരുൽപ്പാദനത്തിന്റെ മേഖലകളിലുള്ളവരെയും റെന്റിയർ കോർപ്പറേഷനുകൾ ഞെക്കിപ്പിഴിയുകയാണ്. പ്രകൃതി വിഭവങ്ങൾക്കു വേണ്ടിയുള്ള അവയുടെ അത്യാർത്തിയെക്കുറിച്ച് പിന്നെ പറയുകയും വേണ്ട.

മൂന്നാമതായി, പഴയ ഫാസിസ്റ്റ് ഭരണകൂടങ്ങൾ ഭാവിയിലേക്കു കൂടി ലക്ഷ്യം വച്ചുള്ള ബോണ്ടുകൾ (Futuristic bonds) വിതരണം ചെയ്തുകൊണ്ട് പ്രതിസന്ധിയെ വെെകിപ്പിക്കാനാണ് ശ്രമിച്ചത്. എന്നാൽ നവലിബറൽ കാലത്ത് മേധാവിത്വം വഹിക്കുന്ന ഫെെനാൻഷ്യൽ ഉപകരണങ്ങൾ ഹ്രസ്വകാല, മധ്യകാല, ദീർഘകാല ഫ്യൂച്ചർ ബോണ്ടുകളുടെയും ഡെറിവേറ്റീവ് വ്യാപാരത്തിന്റെയും വിവിധ രൂപങ്ങളാണ്. അപകടസാധ്യതപോലും സ്പെക്കുലേറ്റീവ് ബോണ്ടുകളെന്ന നിലയിൽ ചരക്കുവൽക്കരിക്കപ്പെടുകയാണ്.

ഇന്ന്, പൊതുനിക്ഷേപങ്ങളെ ഭാവികാലത്തേക്കുള്ള സ്പെക്കുലേറ്റീവ് നിക്ഷേപങ്ങളാക്കി തള്ളിനീക്കുന്നതിന് സമ്പൂർണ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ആവശ്യം ഇല്ലാത്തത്ര ശക്തമായി മാറിയിരിക്കുകയാണ് കമ്പോളം. കമ്പോളം തകർന്നു വീഴുന്നതുവരെ അഥവാ പരമാധികാര കടബാധ്യത (Sovereign default– പരമാധികാരമുള്ള രാഷ്ട്രം തന്നെ കടബാധ്യതയിൽ കുടുങ്ങുന്ന അവസ്ഥ) പ്രത്യക്ഷമാകുന്നതുവരെ ഫാസിസ്റ്റ് രാഷ്ട്രം അതിന്റെ സമ്പൂർണ അവതാരം കെെവരിക്കേണ്ടത് ആവശ്യമായി വരുന്നില്ല.

നാലാമത്തെ ഘടകം, ഇടത്തരം വരുമാനക്കാരായ ഉപഭോക്താക്കളുടെ ഒരു പുത്തൻഗ്രൂപ്പ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നതാണ്; ഇവരാണ് നവലിബറലിസത്തിന്റെ ഗുണഭോക്താക്കൾ. ഉയർന്ന വിലയുള്ളതും ഹ്രസ്വകാലം മാത്രം നിലനിൽക്കുന്നതുമായ ചരക്കുകൾ ഏറ്റവുമധികം വാങ്ങുന്നത് ഇവരാണ്. അവരിലൊരു വിഭാഗം എല്ലാ നവലിബറൽ സംവിധാനങ്ങളെയും സാമൂഹികമായും പ്രത്യയശാസ്ത്രപരമായും ന്യായീകരിക്കുകയും നിയമസാധുതയുള്ളതാക്കുകയുമാണ്. സോഷ്യൽമീഡിയ വൻതോതിൽ ഉപയോഗത്തിൽ വന്നതോടെ ഇന്നത്തെ സമൂഹത്തിൽ പ്രബലമായ വിധം അഭിപ്രായരൂപീകരണം ഏറ്റവുമധികം നടത്തുന്നത് അവരാണ്. അതുകൊണ്ടുതന്നെ, ബൂർഷ്വാ പാർലമെന്ററി സംവിധാനത്തെ അപ്പാടെ തകർക്കേണ്ടത് അടിയന്തരാവശ്യമായി വരുന്നില്ല.

നവലിബറൽ– വർഗീയതയുടെ ഈ പ്രത്യയശാസ്ത്ര പിന്തുണക്കാർ ഇപ്പോൾ കടുത്ത പ്രതിസന്ധിയിൽപെട്ടിരിക്കുകയാണ്; തങ്ങളുടെ വാങ്ങൽ ശേഷി ഇടിഞ്ഞുവരുന്നതിൽ എല്ലാ ബൂർഷ്വാ പണ്ഡിറ്റുകളും അങ്കലാപ്പിലായിരിക്കുകയാണ്. അവരുടെ തൊഴിലവസരങ്ങൾ ഏതുനിമിഷവും ഇല്ലാതാകാമെന്ന അവസ്ഥ ശക്തിപ്പെടുകയാണ്. ഈ പ്രതിഭാസം അധീശത്വ സ്വഭാവമുള്ള അവരുടെ വർഗബോധത്തിൽ അനുകൂലമായ വ്യതിയാനം കൊണ്ടുവന്നേക്കാം.

ഇന്റർനാഷണൽ ഫിനാൻസ് മൂലധനം ഏതൊരു രാഷ്ട്രത്തെയുംകാൾ ഏറെ വലിപ്പവും ശക്തിയുമുള്ളതാണെന്നും അതുകൊണ്ടുതന്നെ അതിനെ നിയന്ത്രിക്കുക എന്നത് ബുദ്ധിമുട്ടാണെന്നും ഈ ലേഖനത്തിൽ ആദ്യമേ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ അമേരിക്കയുടെ കാര്യം വേറിട്ടതുതന്നെയാണ്; ആഗോള ഓഹരി വിപണിമൂല്യത്തിന്റെ ഏകദേശം 60 ശതമാനത്തെയും നിയന്ത്രിക്കുന്നത് അമേരിക്കയാണ്. അതുകൊണ്ടുതന്നെ അമേരിക്ക ഏതെങ്കിലും തരത്തിലുള്ള ധനപരമായ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അത് വിജയിച്ചേക്കാം.

ഉദാഹരണത്തിന്, ട്രംപ് ഡോളറിന് തന്ത്രപരമായ മൂല്യശോഷണം ഏർപ്പെടുത്തിയേക്കാം. അമേരിക്കയിൽനിന്നുള്ള കയറ്റുമതി വർധിപ്പിക്കുന്നതിന് ഡോളറിന്റെ വിനിമയ നിരക്ക് അങ്ങനെ കുറയ‍്ക്കുന്നു; വ്യാപാരകമ്മി (പ്രത്യേകിച്ചും ചെെനയുമായുള്ളത്) കുറയ്ക്കുന്നു. കടബാധ്യതകൾ ലഘൂകരിക്കുന്നതാക്കുന്നു (ഡോളർ ദുർബലമാക്കുന്നതുമൂലം അമേരിക്കയുടെ വിദേശകകടം കുറയുന്നു). ഇത് വിലയിടിവുണ്ടാക്കുന്നില്ല (അതിന് കർക്കശമായ പണ നയം വേണ്ടി വരും). മറിച്ച് അതിലുപരി വിനിമയനിരക്കിലെ കൗശലത്തിലൂടെയായിരിക്കുമിത് നടപ്പാക്കുന്നത്.

അമേരിക്കൻ ട്രഷറിക്കും ഫെഡറൽ റിസർവിനും വിദേശനാണയ വിനിമയ വിപണിയിൽ അമേരിക്കൻ ഡോളർ വിൽപ്പന നടത്താവുന്നതാണ്; അതേസമയം യൂറോയും യെന്നും യുവാനും വാങ്ങുകയും ചെയ്യാം; അങ്ങനെ അമേരിക്കൻ ഡോളറിന്റെ വിതരണം വർധിക്കുന്നു. ചരിത്രത്തിൽ ഇതിനു സമാനമായ ഒരു മുൻ അനുഭവമാണ് 1985ലെ പ്ലാസ ഉടമ്പടി; അതുപ്രകാരം അമേരിക്കയും ജപ്പാനും ജർമനിയും സംയുക്തമായി ഡോളറിനെ ദുർബലമാക്കാൻ ധാരണയിലെത്തി– ആ നീക്കം വിജയകകരമായി; പക്ഷേ അത് ജപ്പാനിൽ സാമ്പത്തിക കുമിളയ്ക്ക് ഇടയാക്കി.

വ്യാപാരയുദ്ധം രൂക്ഷമാക്കുകയാണ് ധനമൂലധനത്തെ നിയന്ത്രിക്കുന്നതിനുള്ള മറ്റൊരു സംവിധാനം; വ്യാപാരയുദ്ധം രൂക്ഷമാക്കൽ ഇതിനകം തന്നെ ട്രംപ് സർക്കാർ തുടങ്ങിക്കഴിഞ്ഞു. ഈ നടപടികളെല്ലാം തന്നെ ആഗോള ഉൽപ്പാദന മൂല്യ ശൃംഖലയിൽ, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിൽ, ശ്രദ്ധേയമായ ആഘാതമുണ്ടാക്കും. ആ നിലയിൽ ഫാസിസത്തിന്റെ പുതിയ രൂപത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് ട്രംപിന്റെ നടപടികൾ ഏറെ പ്രധാനമാണ്.

എന്നാൽ, നവലിബറലിസം അനിവാര്യമായും ജനജീവിതത്തിനുമേൽ വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. പൊതുജനങ്ങളുടെ പ്രതികരണത്തെ വഴിതിരിച്ചുവിടുന്നതിന് ഫാസിസ്റ്റ് ശക്തികൾ രംഗത്തെത്തുന്നു. അവർ സാധ്യമായ എല്ലാ വിഭാഗീയ അടവുകളും പ്രയോഗിക്കുന്നു; പ്രധാനമായും മതപരമോ വംശീയമോ ആയ തീവ്രവികാരം ആളിക്കത്തിക്കുന്നു. നിലവിലുള്ള നവലിബറൽ വാഴ്ചയ്ക്ക് തങ്ങൾ ഒരു ബദൽ മുന്നോട്ടുവയ്ക്കുകയാണെന്ന വഞ്ചനാപരമായ അവകാശവാദമാണ് ഇവർ മുന്നോട്ടുവയ്ക്കുന്നത്. അധികാരത്തിലുള്ള പ്രമാണി വർഗത്തിന്റെ മേൽക്കോയ്മയെ തങ്ങൾ തകർക്കുമെന്ന് നവഫാസിസം വാഗ്ദാനം നൽകുന്നു. അതേസമയം യഥാർഥത്തിൽ അത് അഭൂതപൂർവമായ വിധത്തിലുള്ള കുത്തകവൽക്കരണം ഉറപ്പാക്കുന്നു. എല്ലാ ചെറുത്തുനിൽപ്പുകളെയും തകർക്കുന്നതിന് നവഫാസിസം സമൂഹത്തിലും രാഷ്ട്രീയത്തിലും സേ-്വച്ഛാധിപത്യം അടിച്ചേൽപ്പിക്കുന്നു.

ഏറ്റവും പ്രധാനപ്പെട്ട കാര്യം, ധനക്കമ്മി വർധിപ്പിക്കാനോ സമ്പന്നർക്കു മേൽ നികുതി ഏർപ്പെടുത്താനോ നവലിബറലിസം ഒരിക്കലും നവഫാസിസത്തെ അനുവദിക്കില്ല. ഓരോ ഏഴ്–എട്ട് വർഷത്തിനിടയിലും പ്രതിസന്ധി പിന്നെയും രൂക്ഷമാകും. ഇതിനിടയ്ക്കുള്ള കാലഘട്ടത്തിൽ ഏതെങ്കിലും ലിബറൽ ഗവൺമെന്റ് അധികാരത്തിലെത്തുകയാണെങ്കിലും അതേ നവലിബറൽ തീട്ടൂരം തന്നെയായിരിക്കും അതും പിന്തുടരുക; ഇങ്ങനെയാകുമ്പോൾ നവഫാസിസ്റ്റ് ശക്തികൾക്ക് വീണ്ടും അധികാരത്തിലെത്താനുള്ള സാധ്യത ഉണ്ടാകുന്നു.

നവലിബറലിസത്തിലെ പ്രതിസന്ധിയാണ് നവഫാസിസത്തിന്റെ ഉൽപ്പത്തിക്ക് ഇടയാക്കുന്നത്; ഏത് വികസ്വര രാജ്യത്തായാലും നവഫാസിസത്തിന്റെ സാമ്പത്തികനയം നവലിബറലിസത്തിന് കീഴടങ്ങിക്കൊണ്ടുള്ളതായിരിക്കും. അതുകൊണ്ടുതന്നെ നവലിബറൽ സിദ്ധാന്തത്തിനുള്ളിൽ നിന്ന് നവഫാസിസ്റ്റ് വ്യവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാനുള്ള ഒരു സാധ്യതയുമില്ല.
ദേശീയാതിർത്തികൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന മൂലധനത്തിന്റെ പ്രതിസന്ധിയിൽനിന്നും ഉരുവം കൊണ്ടതാണ് നവലിബറലിസം എന്നോർക്കുക; ഇനിയിപ്പോൾ മൂലധനത്തിന് സ്വതന്ത്രമാകാൻ വളരെയധികം സാധ്യതയൊന്നുമില്ല.

ഈ സാഹചര്യത്തിൽ, നവ-ഫാസിസത്തിനെതിരെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ പോരാട്ടം നടത്തുകയാണ് നമ്മുടെ പ്രാഥമിക കടമ. നിലവിലുള്ള ചൂഷണാധിഷ്ഠിത വ്യവസ്ഥയ്ക്ക് സമഗ്രവും മൂർത്തവുമായ ബദലുകൾ മുന്നോട്ടുവച്ചായിരിക്കണം അത്തരം പോരാട്ടങ്ങൾ. തീവ്രമായ പിന്തിരിപ്പൻ പ്രത്യയശാസ്ത്രത്തെ പൊരുതിതോൽപ്പിക്കാൻ കഴിയണമെങ്കിൽ കൂടുതൽ തീവ്രവും പുരോഗമനപരവുമായ പ്രത്യയശാസ്ത്രത്തിനുമാത്രമേ കഴിയൂ. അതിനാൽ, സോഷ്യലിസ്റ്റ് ബദലുകൾ പ്രചരിപ്പിക്കണമെന്ന ആഹ്വാനം കേവലം സാങ്കൽപ്പികമായ സാഹചര്യത്തെ അടിസ്ഥാനമാക്കിയല്ല; മറിച്ച് വ്യവസ്ഥാപരമായ പ്രതിസന്ധിയുടെ വസ്തുനിഷ്ഠസാഹചര്യത്തിൽ അനിവാര്യമായും നടപ്പാക്കേണ്ട ഒന്നാണത്.

നമ്മുടെ ചെറുത്തുനിൽപ്പ് അടവിന്റെ അന്തസ്സത്ത, പൊതു ആസ്തികളുടെ സ്വകാര്യവൽക്കരണത്തിനും പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്നതിനും ട്രെയ്നികളെയും അപ്രന്റീസുമാരെയും വൻതോതിൽ കൊണ്ടുവന്നതുകൊണ്ട് തൊഴിൽബന്ധങ്ങൾ അനൗപചാരികമാക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിനും ചെറുകിട ഉൽപ്പാദകർക്ക് ആ രംഗത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്കു നേരെയുള്ള കടന്നാക്രമണത്തിനും നിലനിൽപ്പിനായുള്ള സബ്സിഡികൾ വെട്ടിക്കുറയ്ക്കുന്നതിനുമെതിരെയുള്ള ഉശിരൻ ജനകീയ മുന്നേറ്റങ്ങൾ വർധിപ്പിക്കുന്നതും ശക്തിപ്പെടുത്തുന്നതുമായിരിക്കണം.

പ്രതേ-്യകിച്ച്, നവഫാസിസ്റ്റ് സംവിധാനത്തിനു പ്രിയപ്പെട്ട കുത്തകകൾക്കെതിരെയും പൊതുവിൽ ഈ വ്യവസ്ഥയ്ക്കെതിരെയുമുള്ള ഏകോപിതമായ പണിമുടക്കുകൾ നാം ആസൂത്രണം ചെയ്യണം. സ്വകാര്യവൽക്കരണ വിരുദ്ധ പോരാട്ടമായിരിക്കണം ഇതിന്റെ കുന്തമുന. അതിനാൽ വർഗസമരത്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ മണ്ഡലത്തിലേക്ക് ഇതിനെ ഉയർത്തണം.

തൊഴിലില്ലായ്മ പ്രശ്നത്തിന് പരിഹാരം കാണാൻ നവഫാസിസത്തിന് കഴിയില്ല; അതിനാൽ സുസ്ഥിരവും ഉറപ്പുള്ളതുമായ തൊഴിൽ ലഭ്യതയ്ക്കായി ദീർഘകാല ആസൂത്രണത്തോടുകൂടിയതും നന്നായി ഏകോപിപ്പിക്കപ്പെട്ടതുമായ സമരങ്ങൾ നടത്തുന്നതിനായിരിക്കണം നാം മുൻഗണന നൽകേണ്ടത്.

സ്വകാര്യ മെെക്രോഫിനാൻസ് ഏജൻസികൾ ദ്രുതഗതിയിൽ വ്യാപിക്കുന്നതിനെതിരെ നാം ശക്തമായ സമരം കെട്ടിപ്പടുക്കണം. ധനമൂലധനത്തിന്റെ അധീശാധിപത്യപരമായ മേൽക്കോയ്മയ്ക്കെതിരെ മഹാഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളെ അണിനിരത്താൻ അതിലൂടെ നമുക്കു കഴിയും.

നവഫാസിസം പൂർണമായും ആധിപത്യം സ്ഥാപിക്കുന്നത് തടയുന്നതിനുള്ള ഒരേയൊരു വഴി ഒരു പുതിയ സമൂഹ സൃഷ്ടിയിലേക്കുള്ള മാറ്റത്തിന്റെ മൂർത്തമായ പാത മുന്നോട്ടുവച്ചുകൊണ്ട് നവലിബറൽ വ്യവസ്ഥയ്ക്കെതിരെ ജനങ്ങളെയാകെ അണിനിരത്തിയുള്ള ഉശിരൻ സംയുക്ത സമരമാണ്. നമ്മുടെ സമരത്തിന്റെ രണോത്സുകതയും വ്യാപനവും കൊണ്ടുമാത്രമേ ബഹുജനങ്ങളെ അതിവേഗം പുരോഗമനപരമായി മുന്നോട്ടുകൊണ്ടുവരാനാകൂ. എല്ലാവിധ മൂർത്തതയോടും കരുത്തോടുംകൂടി ലോകക്രമത്തിന്റെ മാറ്റത്തിനോട് –പഴയ ഫാസിസത്തിന്റെ നവ അവതാരത്തോട്– പ്രതികരിക്കാൻ തൊഴിലാളിവർഗം സ്വയം സജ്ജരാകണം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen − 13 =

Most Popular