ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം ഇത്രമാത്രം മോശമായ കാലം മുമ്പുണ്ടായിട്ടില്ല. അല്ലെങ്കിൽ, മോദി വാഴ്ചക്കാലത്ത് ഏതു രാജ്യവുമായാണ് ഇന്ത്യയുടെ ബന്ധം മെച്ചപ്പെട്ടിരിക്കുന്നു എന്നു പറയാവുന്നത്? ആദ്യമൊക്കെ ഇന്ത്യ – അമേരിക്ക ബന്ധം ഗാഢമായിരുന്നു. അമേരിക്കയിലെ ട്രമ്പ് ഭക്തർക്കൊഴിച്ച് മറ്റെല്ലാവർക്കും അരോചകമായിരുന്നു പ്രധാനമന്ത്രി മോദി അമേരിക്ക സന്ദർശിച്ചപ്പോൾ നടത്തിയ ട്രമ്പ് സ്തുതിയും മറ്റുമെന്ന് അവിടത്തെ മാധ്യമങ്ങളും നിരീക്ഷകരും അന്നേ അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് ട്രമ്പിനെ തോൽപിച്ച് ബെെഡൻ പ്രസിഡന്റായപ്പോൾ അമേരിക്കൻ സർക്കാരിന് മോദിയോടും ഇന്ത്യയോടുമുള്ള സമീപനത്തിൽ താൽപര്യക്കുറവ് പ്രകടമായിരുന്നു.
പ്രധാനമന്ത്രി മോദിയും കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡൊയും (ഇന്ത്യ – കാനഡ സർക്കാരുകൾ) തമ്മിലുള്ള ബന്ധം മോശമായത് കാനഡ പൗരനും ഖലിസ്താനി ഭീകരനുമായ ഹർദീപ് സിങ് നിജ്ജർ കഴിഞ്ഞ ജൂണിൽ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയൻ പട്ടണമായ സറെയിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ്. ആ കൊലപാതകത്തിൽ ഇന്ത്യാ സർക്കാരിനു പങ്കുള്ളതായി കാനഡ കണ്ടെത്തി. ആ വിമർശനമാണ് ട്രുഡൊ പരസ്യമായി ഉന്നയിച്ചതും.
നിജ്ജർ പഞ്ചാബിനെ ഇന്ത്യയിൽ നിന്നു വേർപെടുത്തി പ്രത്യേക രാഷ്ട്രമാക്കാനായി പ്രവർത്തിക്കുന്ന ഖലിസ്താൻ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായിരുന്നു. അവർ പഞ്ചാബിൽ ഭീകര പ്രവർത്തനം നടത്താനും ഇന്ത്യയുടെ ഭദ്രതയെ തകർക്കാനും ശ്രമിക്കുന്നതായി മോദി സർക്കാർ ആരോപിക്കുന്നു. ആ നിലപാടിന്റെ അടിസ്ഥാനത്തിൽ നിജ്ജറിനെ കാനഡയിൽവെച്ച് കൊലപ്പടുത്തുന്നതിൽ അവിടത്തെ ഇന്ത്യൻ ഹെെക്കമ്മീഷൻ പങ്കുവഹിച്ചു എന്നാണ് കാനഡ പ്രധാനമന്ത്രി ട്രുഡൊ ആരോപിക്കുന്നത‍്. ഈ ആരോപണം സാധൂകരിക്കുന്ന തെളിവുകൾ തങ്ങളുടെ കെെവശം ഉണ്ടെന്നാണ് അവർ അവകാശപ്പെടുന്നത്.
ഇത് താനോ തന്റെ സർക്കാരോ ഒറ്റയ്ക്ക് കണ്ടുപിടിച്ചിട്ടുള്ള കാര്യമല്ല എന്നും അമേരിക്കൻ സർക്കാർ ഇതുമായി ബന്ധപ്പെട്ട് വിശ്വസനീയമായ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ആ നിഗമനത്തിൽ തങ്ങൾ എത്തിയത് എന്നും ട്രുഡൊ വെളിപ്പെടുത്തി. പ്രധാനമന്ത്രി മോദി ഏറ്റവും വിലമതിക്കുന്നതാണ് അമേരിക്കയും അവിടത്തെ ഭരണാധികാരികളുമായുള്ള ബന്ധം. ട്രുഡൊ പറയുന്നതനുസരിച്ച് അമേരിക്കയാണ് ഇന്ത്യാ സർക്കാർ അറിഞ്ഞും പങ്കാളികളായുമായാണ് നിജ്ജർ കൊല്ലപ്പെട്ടതെന്നതിന്റെ സ്ഥിരീകരണം കാനഡാ പ്രധാനമന്ത്രിക്ക് കൊടുത്തത്. ഇക്കാര്യം അമേരിക്ക നിഷേധിച്ചിട്ടുമില്ല. അതോടെ പ്രധാനമന്ത്രി മോദിക്കും ഇന്ത്യക്കും ട്രുഡോയുടെ ആരോപണത്തെ കയ്യോടെ തള്ളിക്കളയാൻ കഴിയാത്ത സ്ഥിതി വന്നിരിക്കുകയാണ്.
ഖലിസ്താൻവാദികളായ ഒരു വിഭാഗം സിഖുകാർ മുഖ്യമായി പ്രവർത്തിക്കുന്നത് ഇന്ത്യയ്ക്കു പുറത്താണ്. ഇന്ത്യയ്ക്കകത്തുള്ള അത്തരം വാദഗതികളെ പഞ്ചാബിലെ ജനങ്ങൾ തന്നെ കഴിഞ്ഞ കാലത്ത് ഒറ്റപ്പെടുത്തിയിരുന്നു. രാജ്യത്തിനകത്ത് പഞ്ചാബികൾക്കോ സിഖുകാർക്കോ കൂടുതൽ അവകാശങ്ങളും അധികാരങ്ങളും വേണമെന്നല്ല ഈ വാദഗതിക്കാരുടേത്. ഈ രാജ്യത്തിൽനിന്നു വേറിട്ടുപോകണമെന്നാണ്. അത് ഒരിക്കലും ഒരു രാജ്യത്തിനും അംഗീകരിക്കാനാവില്ല. പഞ്ചാബിലെ സിഖ് ജനത ഈ വാദം തള്ളിക്കളഞ്ഞതാണ്. അവിടെ വിഘടന വാദത്തിനു ജനപിന്തുണയില്ല. അതുകൊണ്ടാണ് കാനഡപോലെയുള്ള ചില രാജ്യങ്ങൾ കേന്ദ്രീകരിച്ച് ഈ അഭിപ്രായഗതിക്കാർ പ്രവർത്തിക്കുന്നത്. ബ്രിട്ടൻ, അമേരിക്ക മുതലായ പല രാജ്യങ്ങളിലെയും സിഖുകാരും ആദ്യം ഈ വാദത്തെ അനുകൂലിച്ചിരുന്നു. എന്നാൽ, ഇത് പ്രായോഗികമോ യുക്തിയുക്തമോ, ശരിയോ അല്ല എന്നു കണ്ട് അവരെല്ലാം പൊതുവിൽ ഈ ആവശ്യം പിൻവലിക്കുകയോ ഉപേക്ഷിക്കുകയോ ആയിരുന്നു.
മാത്രമല്ല, മറ്റു രാജ്യങ്ങളിൽ വിഘടനവാദം ഉയർത്തുന്നതിനെ ലോകശക്തികൾ പൊതുവിൽ പിന്താങ്ങാതായിട്ടുണ്ട്. രണ്ടാം ലോക യുദ്ധത്തിനുശേഷം ഇന്ത്യ ഉൾപ്പെടെ നിരവധി കോളനികൾ സ്വാതന്ത്ര്യം നേടി. അവയിൽ വിഘടനവാദം വളർത്തി ശിഥിലീകരിക്കാൻ അക്കാലത്തുതന്നെ സാമ്രാജ്യത്വ ചേരിയുടെ പിന്തുണയോടെ ശ്രമങ്ങൾ നടന്നിരുന്നു. ആഫ്രിക്കയിൽ കോംഗൊ, ഉൾപ്പെടെ പല രാജ്യങ്ങളിലും സാമ്രാജ്യത്വശക്തികൾ വിഘടനവാദങ്ങൾക്ക് ഒത്താശ ചെയ്യുകയുണ്ടായി. ഇന്ത്യയിൽതന്നെ നാഗാലാൻഡിലും മറ്റും വിഘടന പ്രസ്ഥാനങ്ങൾക്ക് സാമ്രാജ്യത്വശക്തികൾ പിന്തുണ നൽകിയിരുന്നു. പിൽക്കാലത്ത് ഇന്ത്യയിൽ എന്ന പോലെ തന്നെ ആഫ്രിക്കൻ രാജ്യങ്ങളിൽ ഉൾപ്പെടെ വിഘടന വാദികൾക്കും അവരെ പിന്തുണയ്ക്കുന്ന സാമ്രാജ്യത്വശക്തികൾക്കും എതിരായി ജനവികാരം ഉയർന്നത് അവയ്ക്ക് തിരിച്ചടിയായി.
സാമ്രാജ്യത്വത്തിനു നിലനിൽക്കാൻ ലോകത്ത് സമാധാനവും അതിനു സഹായകമായ രീതിയിൽ ഒാരോ രാജ്യത്തിന്റെയും ജനതയുടെയും സ്വാതന്ത്ര്യവും സ്വയംഭരണാവകാശവും നിലനിർത്തിക്കൂട. ആ ചിന്താഗതിയുടെ പ്രേരണകൊണ്ടാണ് വിയത്-നാമിൽനിന്നു പിൻവാങ്ങിയ അമേരിക്കയും കൂട്ടാളികളും പശ്ചിമേഷ്യയിൽ ഇടപെടാൻ ആരംഭിച്ചത്. ആദ്യം അഫ്ഗാനിസ്താനിലും പിന്നീട് ഇറാഖിൽ സദ്ദാം ഹുസെെന്റെ സർക്കാരിനും എതിരെയാണ് അത് തുടങ്ങിവച്ചത്. അറബ് രാജ്യങ്ങൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് സ്വന്തം കാലിൽനിന്നുകൊണ്ട് രാഷ്ട്രനിർമാണം ആരംഭിച്ചത് അമേരിക്കയ്ക്കും കൂട്ടുകാർക്കും സ്വീകാര്യമായില്ല. ആ നീക്കം വിജയിച്ചാൽ പതിറ്റാണ്ടുകളായി ആഗോളതലത്തിൽ എണ്ണക്കച്ചവടം നിയന്ത്രിച്ചിരുന്ന പാശ്ചാത്യരായ ആഗോളക്കുത്തകകൾക്ക് കെട്ടുകെട്ടേണ്ടിവരും. അത് സാമ്രാജ്യത്വ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാകും. സ്വതന്ത്രനിലപാട് കെെക്കൊണ്ട് രാഷ്ട്ര പുനർ നിർമാണം ഗൗരവമായി ആരംഭിച്ച ഇറാഖിലെ സദ്ദാം സർക്കാരിനെ തകർത്തും സദ്ദാമിനെ തൂക്കിക്കൊന്നുമാണ് പാശ്ചാത്യശക്തികൾ പശ്ചിമേഷ്യയിൽ തങ്ങളുടെ പുതിയ അധിനിവേശം ആരംഭിച്ചത്.
ഇത്തരം നീക്കങ്ങൾ സാമ്രാജ്യത്വശക്തികൾ പല പല രൂപങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്നുണ്ട്. പഴയ കോളനി രാജ്യങ്ങളിലെയും മറ്റ് ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെയും സമ്പത്ത് കയ്യടക്കിയും അവയുമായി അസമമായ വ്യാപാരം നടത്തിയും മുമ്പ് കോളനി രാജ്യങ്ങളെ ചൂഷണം ചെയ്ത് നേടിയ സമ്പത്തിനു പകരം വയ്ക്കാനാണ് സാമ്രാജ്യശക്തികൾ ശ്രമിച്ചത്. അവയുടെ അടിസ്ഥാന സ്വഭാവത്തിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. അക്കാര്യത്തിൽ മൂന്നാം ലോക രാജ്യങ്ങളിൽനിന്നു മൊത്തത്തിൽ ചെറിയ തോതിലെങ്കിലും അവ തിരിച്ചടി നേരിടുന്നുണ്ട്. സാമ്രാജ്യത്വ–വികസ്വര രാജ്യങ്ങൾ തമ്മിലുള്ള വടംവലി നിരവധി കാര്യങ്ങളിൽ തുടർന്നുവരികയാണ്. ഈ പശ്ചാത്തലത്തിലാണ് ഖലിസ്താൻ വേറിട്ടുപോകൽ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ഹർദീപ് സിങ് നിജ്ജർ കൊല ചെയ്യപ്പെട്ടതിന്റെ പേരിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളത്.
അമേരിക്കയും കാനഡയും ഉൾപ്പെടെ ഇത്തരം വിഘടനശക്തികൾക്ക് പിന്തുണ നൽകുന്നുവെന്നത് അനിഷേധ്യമായ വസ്തുതയാണ്. അതിനെ ചെറുക്കുകയും വേണം. എന്നാൽ അത് നയതന്ത്രബന്ധങ്ങൾ തകരാതെയും വിദേശങ്ങളിൽ തൊഴിലെടുത്തു ജീവിക്കുകയും വിദ്യാഭ്യാസം നടത്തുകയും ചെയ്യുന്ന പ്രവാസി സമൂഹത്തിന്റെ താൽപ്പര്യങ്ങൾ ഹനിക്കാതെയുമായിരിക്കണം. അതിന് അന്താരാഷ്ട്ര നിയമങ്ങൾ ഉയർത്തിപ്പിടിക്കാൻ നമ്മൾ തയ്യാറാവുന്നതിനൊപ്പം അതിനു വിഘാതമായി കാനഡയിൽ നിന്ന് എന്തെങ്കിലും നീക്കമുണ്ടാകുമ്പോൾ അന്താരാഷ്ട്ര സമൂഹത്തിന്റെയും വേദികളുടെയും പിന്തുണയോടെ അത്തരം നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കുകയാണ് വേണ്ടത്.
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധങ്ങളിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തോതിലുള്ള തകർച്ചയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പരമ്പരാഗതമായി ഇന്ത്യ നല്ല ബന്ധം പുലർത്തിപ്പോന്ന കാനഡയുമായി ഉള്ള അന്താരാഷ്ട്രബന്ധം എത്രയും വേഗം പുനഃസ്ഥാപിക്കപ്പെടണം.
വിഘടനവാദികൾക്കും ഭീകരതയ്ക്കും എതിരെ ജനങ്ങളെ അണിനിരത്തി പൊരുതുന്നതിനൊപ്പം ഇത്തരം ഛിദ്രശക്തികളെ പ്രോത്സാഹിപ്പിക്കുന്ന ആഗോള സാമ്രാജ്യത്വത്തിനെതിരെയും ശക്തമായ നിലപാടെടുക്കാൻ ഇന്ത്യാ ഗവൺമെന്റ് തയ്യാറാകണം. മോദി ഗവൺമെന്റ് അതിന് തയ്യാറാകാത്തതാണ് സാമ്രാജ്യത്വശക്തികളുടെ പിന്തുണയോടെ വിഘടന വാദികൾ ഇന്ത്യയിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഈ തിരിച്ചറിവോടെയാണ് ഇന്ത്യാ ഗവൺമെന്റ് പ്രശ്നങ്ങൾ കെെകാര്യം ചെയ്യേണ്ടത്. ♦