Sunday, September 8, 2024

ad

Homeനിരീക്ഷണംബാങ്ക് ദേശസാൽക്കരണത്തിന് 
55 വയസ് ആകുമ്പോൾ

ബാങ്ക് ദേശസാൽക്കരണത്തിന് 
55 വയസ് ആകുമ്പോൾ

എസ്.എസ്.അനിൽ (പ്രസിഡന്റ് ബി.ഇ.എഫ്.ഐ.)

മേരിക്കയിലെ ന്യൂ ജഴ്സിയിൽ കഴിഞ്ഞ ഗവർണർ തിരഞ്ഞെടുപ്പ് വേളയിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി മത്സരിച്ച ഫിൽ മർഫി, താൻ അധികാരത്തിലേറിയാൽ പൊതുമേഖലയിൽ ഒരു ബാങ്ക് തുടങ്ങുന്നതിന് നിയമനിർമ്മാണം നടത്തുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. മാത്രമല്ല അദ്ദേഹം അധികാരമേറിയ ഉടൻ അതിനായി പബ്ലിക് ബാങ്ക് ഇംപ്ലിമെന്റേഷൻ ബോർഡ് രൂപീകരിക്കുകയും ചെയ്തു. വിദ്യാഭ്യാസ വായ്പയുൾപ്പടെ ചെറുകിട ഇടപാടുകാർക്ക് സാമ്പത്തിക സഹായം എത്തിക്കൻ കഴിയുമെന്നതുൾപ്പടെയുള്ള പ്രാധാന്യം ചൂണ്ടിക്കാണിച്ച് പ്രസ്തുത ബോർഡ്, പൊതുമേഖലയിൽ ബാങ്ക് തുടങ്ങുന്നതിന് അനുകൂലമായി റിപ്പോർട്ട് നൽകി എന്നാണ് വാർത്ത. റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ഡൗഗ് ബർഗം ഭരിക്കുന്ന നോർത്ത് ഡെക്കോട്ടയിലെ ബാങ്ക് ഓഫ് നോർത്ത് ഡെക്കോട്ടയെ മാതൃകയാക്കിയാണ്, ന്യൂ ജെഴ്സിയിൽ സർക്കാർ ബാങ്ക് തുടങ്ങുമെന്ന് ഫിൽ മർഫി പ്രഖ്യാപനം നടത്തിയത്. അമേരിക്കയിൽ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഏക ബാങ്കാണ് ബാങ്ക് ഓഫ് നോർത്ത് ഡെക്കോട്ട. അമേരിക്കയിലെ എല്ലാ ബാങ്ക് തകർച്ചകളെയും അതിജീവിച്ച് നൂറു വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഈ ബാങ്കിനെ മാതൃകയാക്കി ബാങ്കുകൾ തുടങ്ങാൻ പല അമേരിക്കൻ സ്റ്റേറ്റുകളിലും ഇപ്പോൾ ചർച്ചകൾ നടന്നു വരികയാണ്. ഏതായാലും അമേരിക്കയിൽ പോലും പൊതുമേഖലാ ബാങ്കുകളുടെ പ്രസക്തി ചർച്ച ചെയ്യപ്പെടുന്ന വേളയിലും ഇന്ത്യൻ ഭരണാധികാരികൾ പൊതുമേഖലാ ബാങ്കുകളെ കുത്തകവത്കരിക്കുന്നതിനായി നിലവിലെ ബാങ്കിംഗ് നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ്.

ഇന്ത്യയിൽ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് വേളയിൽ ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് രണ്ടു സംഭവങ്ങൾ നടന്നു. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണമായിരിക്കും മൂന്നാം മോദി സർക്കാരിന്റെ പ്രധാന അജൻഡകളിലൊന്ന് എന്ന അരവിന്ദ് പനഗാരിയയുടെ പ്രഖ്യാപനമാണ് അതിലാദ്യത്തേത്. നാനൂറ് സീറ്റിലേറെ നേടി നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ എത്തുമെന്ന വലിയ ചർച്ചകൾ നടന്നു വരുന്ന വേളയിലാണ് പനഗാരിയയുടെ പ്രഖ്യാപനവും വന്നത്. ഇന്ത്യൻ ധനകാര്യ കമ്മീഷൻ ചെയർമാനും നിതി ആയോഗിന്റെ ആദ്യ വൈസ് ചെയർമാനുമായിരുന്നു അരവിന്ദ് പനഗാരിയ. തുടർന്ന് ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമനും പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണം പുതിയ സർക്കാർ നടപ്പാക്കുമെന്ന സൂചനയും നൽകി. 1969 ലെ ബാങ്ക് ദേശസാൽക്കരണത്തെ എതിർത്ത അന്നത്തെ ഏക രാഷ്ട്രീയ സംഘടനയായ ജനസംഘത്തിന്റെ ഇപ്പോഴത്തെ വക്താക്കളാണ് ഇവരെല്ലാവരുമെന്നതിനാൽ മേൽ പ്രഖ്യാപനങ്ങൾ അദ്ഭുതമുളവാക്കുന്നവയല്ല.

കരുതലില്ലാത്ത സർക്കാർ നയം
സർക്കാരിന്റെ ‘പ്രഖ്യാപിത’ നിർദ്ദേശങ്ങളൊന്നുമില്ലാതെ 2,10,847 കോടി രൂപ, റിസർവ്വ് ബാങ്ക് അതിന്റെ റിസർവ്വ് ഫണ്ടിൽ നിന്നും കേന്ദ്ര സർക്കാരിന് കൈമാറിയതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ശേഷം ധന മേഖലയിൽ നടന്ന ഏറ്റവും വലിയ മറ്റൊരു സംഭവം. കരുതൽ ധനത്തിൽ നിന്നും ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ധന കൈമാറ്റമാണ് റിസർവ്വ് ബാങ്ക് നടത്തിയത്. ഇത് ജനശ്രദ്ധയിലേക്ക് എത്തിയതേയില്ല. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് വേളയിൽപ്പോലും ഇത് എവിടെയും ചർച്ച ചെയ്യപ്പെടുകയുമുണ്ടായില്ല. റിസർവ്വ് ബാങ്കിന്റെ ലാഭമാണ് കരുതൽ ധനമായി കണക്കാക്കപ്പെടുന്നത്. റിസർവ്വ് ബാങ്കിന്റെ കരുതൽ ധനമെന്നാൽ രാജ്യത്തെ സമ്പദ് മേഖലയെ സംരക്ഷിക്കുന്നതിനുള്ള കരുതൽ ധനം എന്നതാണ് അർത്ഥം. അതുകൊണ്ടുതന്നെ ഏറെ സൂക്ഷ്മതയോടെ മാത്രമേ റിസർവ്വ് ബാങ്ക് കരുതൽ ധനം കൈകാര്യം ചെയ്യുകയുള്ളു. റിസർവ്വ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടുകളിലെ ബാലൻസ് ഷീറ്റിൽ ലാഭവിഹിതത്തിൽ നിന്ന് ഒരു നിശ്ചിത സംഖ്യ കണ്ടിൻജൻസി ഫണ്ട് (contingency fund), അസറ്റ് ഡെവലപ്മെന്റ് ഫണ്ട് (Asset development fund) എന്നിവയിലേക്ക് ഉൾപ്പെടുത്തുമായിരുന്നു. രാജ്യത്തെ സാമ്പത്തിക മേഖലയിലെ ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് ഭാവിയിൽ ഉണ്ടായേക്കാവുന്ന ആകസ്മിക പ്രതിസന്ധികൾ തരണം ചെയ്യുന്നതിനുള്ള പണമാണ് കണ്ടിൻജൻസി ഫണ്ടായി മാറ്റിവക്കപ്പെട്ടിരുന്നത്. അഥവാ രാജ്യത്തിന്റെ സമ്പദ് മേഖലയെ സംരക്ഷിക്കുന്നതിനുള്ള യഥാർത്ഥ കരുതൽ ധനമായിരുന്നു റിവർവ്വ് ബാങ്കിന്റെ കണ്ടിൻജൻസി ഫണ്ട്. ഇത് കുറച്ചുള്ള സംഖ്യയിൽ നിന്ന് 4 കോടി രൂപ റിസർവ്വ് ഫണ്ടായി നിലനിർത്തി, ബാക്കിസംഖ്യയായിരുന്നു ആർ.ബി.ഐ. കേന്ദ്ര സർക്കാരിന് കൈമാറാറുണ്ടായിരുന്നത്. ഇതായിരുന്നു റിസർവ്വ് ബാങ്ക് ഏറെ നാളുകളായി നടപ്പിലാക്കിയിരുന്ന നയം. എന്നാൽ 2014 ജൂൺ 30 മുതൽ കണ്ടിനജൻസി, അസറ്റ് ഡെവലപ്മെന്റ് ഫണ്ടുകൾ ബാലൻസ് ഷീറ്റിൽ നിന്നും ഒഴിവാക്കുകയും അതുകൂടി റിസർവ്വ് ബാങ്കിന്റെ കരുതൽ ധനമായി കണക്കാക്കാൻ തുടങ്ങുകയും ചെയ്തു. അതോടെ കരുതൽ ധനത്തിൽ നിന്നും കേന്ദ്ര സർക്കാരിന് കൈമാറേണ്ട സംഖ്യയിലും വലിയ വർദ്ധനവുണ്ടായി. ചുരുക്കത്തിൽ രാജ്യത്തെ സമ്പദ്മേഖലയെ സംരക്ഷിക്കുന്നതിനുള്ള യഥാർത്ഥ കരുതൽ ധനമാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി റിസർവ്വ് ബാങ്ക് കൈമാറുന്നത്. ഇതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നുവന്ന പശ്ചാത്തലത്തിൽ, ബാലൻസ് ഷീറ്റിൽ പ്രത്യേകമായി കാണിക്കാതെ ചെറിയ ഒരു തുക, നീക്കി വെക്കുന്ന പ്രക്രിയ ഇപ്പോൾ റിസർവ്വ് ബാങ്ക് പുനരാരംഭിച്ചിട്ടുണ്ട്.

2009–-10 മുതൽ 2013-–14 വരെയുള്ള അഞ്ച് വർഷക്കാലം കരുതൽ ധനത്തിൽ നിന്ന് റിസർവ്വ് ബാങ്ക് കൈമാറിയ പണം 1,35,467 കോടി ( ഒരു വർഷം ശരാശരി 27,093 കോടി) രൂപയാണ്. ഇത് 2014-–15 മുതൽ 2018-–19 വരെ 3,88,419 കോടി (വർഷം ശരാശരി 77,684 കോടി) രൂപയും 2019-–20 മുതൽ 2023–24 വരെ 4,84,847 കോടി (വർഷം ശരാശരി 96,969 കോടി) രൂപയുമായി ഉയർന്നു. ഒന്നാം മോദി സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു തൊട്ട് മുൻപ്, 2019 ൽ കേന്ദ്ര സർക്കാർ റിസർവ്വ് ബാങ്കിനോട് രണ്ടു ലക്ഷം കോടി രൂപ കരുതൽ ധനത്തിൽ നിന്നും കൈമാറാൻ ആവശ്യപ്പെട്ടതും ആർ.ബി.ഐ. ബോർഡ് അത് നിരസിച്ചതും അന്നു വാർത്തയായിരുന്നു. തിരഞ്ഞെടുപ്പിൽ വീണ്ടും മോദി അധികാരമേറിയതോടെ അന്നത്തെ ആർ.ബി.ഐ.ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ രാജിവച്ചതും ആർ.ബി.ഐ. 1,75,988 കോടി രൂപ കരുതൽ ധനത്തിൽ നിന്നും സർക്കാരിന് കൈമാറിയതുമെല്ലാം ഇത്തരുണത്തിൽ സ്മരണീയമാണ്. കഴിഞ്ഞ പത്തു വർഷത്തെ കരുതൽ ധനത്തിന്റെ കരുതലില്ലാത്ത കുത്തിച്ചോർത്തലിനെ സംബന്ധിച്ച് നിഷ്പക്ഷമായ ഒരു അന്വേഷണം അനിവാര്യമായിരിക്കുകയാണ്.

കഴിഞ്ഞ പതിനഞ്ചു വർഷക്കാലമായി റിസർവ്വ് ബാങ്ക് കേന്ദ്ര സർക്കാരിന് കൈമാറിയ പണത്തെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്ന ചാർട്ട് പരിശോധിച്ചാൽ ഇത് വ്യക്തമാകും.

റിസർവ്വ്‌ ഫണ്ട്‌ കൈമാറിയത്‌
വർഷം സംഖ്യ (കോടി രൂപയിൽ)
2009‐10 18,759
2010‐11 15,009
2011‐12 16,010
2012‐13 33,010
2013‐14 52,679
2014‐15 65,896
2015‐16 65,876
2016-17 30,659
2017-18 50,000
2018-19 1,75,988
2019-20 57,127
2020-21 99,122
2021-22 30,307
2022-23 87,416
2023-24 2,10,874


എണ്ണം കുറച്ച്, വണ്ണം കുറച്ച് വിൽപ്പനയ്ക്ക്

ഇതുപോലെ തന്നെയാണ് പൊതുമേഖലാ ബാങ്കിംഗ് സംവിധാനത്തോടുള്ള കേന്ദ്ര സർക്കാർ നയവും. റിസർവ്വ് ബാങ്ക് നിയമത്തിലെ രണ്ടാം പട്ടിക പ്രകാരം, രാജ്യത്താകെ 137 വാണിജ്യ ബാങ്കുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 12 പൊതുമേഖലാ ബാങ്കുകൾ മാത്രമാണ് നിലവിലുള്ളത്. 1969 ൽ 14 ബാങ്കുകളും 1980 ൽ 6 ബാങ്കുകളും ദേശസാൽക്കരിക്കുമ്പോൾ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അതിന്റെ 7 സബ്സിഡിയറി ബാങ്കുകളുമുൾപ്പടെ 28 ബാങ്കുകളായിരുന്നു പൊതുമേഖലയിലുണ്ടായിരുന്നത്. ഇന്ന് ലയനങ്ങളിലൂടെയും കൂട്ടിച്ചേർക്കലിലൂടെയും അതിന്റെ എണ്ണം 12 ആയി ചുരുങ്ങി. അയ്യായിരത്തിലേറെ ശാഖകളും ലയനത്തെ തുടർന്ന് നിറുത്തലാക്കി. ആർ.ബി.ഐ.യുടെ തന്നെ കണക്കുകൾ പ്രകാരം രാജ്യത്താകെ 1,59,130 വാണിജ്യ ബാങ്ക് ശാഖകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ ഗ്രാമീണ ശാഖകളുടെ എണ്ണം 55,049 ഉം അർദ്ധ നഗര (semi urban) ശാഖകൾ 44,900 ഉം ആണ്. ഇതു രണ്ടും ഗ്രാമ പഞ്ചായത്തുകളിലുള്ളവയെന്ന് കണക്കാക്കിയാൽ പോലും 99,949 ശാഖകൾ മാത്രമാണ് ഗ്രാമപഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന വാണിജ്യ ബാങ്ക് ശാഖകൾ. 2,69,474 ഗ്രാമ പഞ്ചായത്തുകളാണ് രാജ്യത്താകെ നിലവിലുള്ളത്. അർദ്ധ നഗര ശാഖകൾ പൂർണമായും ഗ്രാമ പഞ്ചായത്തുകളിലല്ല എന്നതും ചില ഗ്രാമങ്ങളിൽ ഒന്നിലധികം ശാഖകൾ പ്രവർത്തിക്കുന്നു എന്നതും കണക്കിലെടുത്താൽ ഏതാണ്ട് രണ്ട് ലക്ഷം ഗ്രാമീണ മേഖലയിലും ബാങ്കിംഗ് സൗകര്യം ഇനിയും എത്തിച്ചേർന്നിട്ടില്ല എന്ന് ചുരുക്കം. സർക്കാർ നൽകിവരുന്ന പരിമിതമായ ധനസഹായങ്ങൾ പോലും ബാങ്ക് അക്കൗണ്ടുകളിലൂടെ എന്ന പ്രഖ്യാപനം യാഥാർത്ഥ്യമാകണമെങ്കിൽ ഗ്രാമീണ ബാങ്കിംഗ് ശാഖകൾ ഇനിയും എത്രയോ തുടങ്ങേണ്ടിയിരിക്കുന്നു. അതിനെ മറികടക്കാനെന്ന പേരിലാണ് റിസർവ്വ് ബാങ്ക് ബാങ്കിംഗ് കറസ്പോണ്ടന്റ് എന്ന പേരിൽ പുതിയ ഒരു തൊഴിൽ സംസ്കാരത്തിന് 2006 ജനുവരി 25ന് തുടക്കം കുറിച്ചത്. ഇന്ന് 22,18,000 ബിസിനസ് കറസ്പോണ്ടന്റുമാരാണ് നിലവിൽ പണിയെടുക്കുന്നത്. എന്നാൽ ഇതൊന്നും തന്നെ ഗ്രാമീണ ജനങ്ങൾക്ക് ബാങ്കിംഗ് സൗകര്യമെത്തിക്കുന്നതിന് പര്യാപ്തമായിട്ടേയില്ല.

കേന്ദ്ര സർക്കാരിന്റെ സ്വകാര്യവത്കരണ നയത്തിന്റെ യഥാർത്ഥ ചിത്രം മനസ്സിലാക്കണമെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബാങ്കുകളുടെ ബിസിനസ് വളർച്ച പരിശോധിച്ചാൽ മതിയാകും. പൊതുമേഖലാ ബാങ്കുകൾ 9.4 ശതമാനം നിക്ഷേപ വളർച്ചയും 13 ശതമാനം വായ്പാ വളർച്ചയും കൈവരിച്ചപ്പോൾ സ്വകാര്യ ബാങ്കുകളിൽ ഇത് യഥാക്രമം 20.1 ശതമാനവും 27.9 ശതമാനവുമായിരുന്നു. ഇക്കാലയളവിൽ സ്മോൾ ഫിനാൻസ് ബാങ്കുകളിലെ നിക്ഷേപം 31.3 ശതമാനവും വായ്പ 25.8 ശതമാനവും വർദ്ധിച്ചു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ ബാങ്കുകളാകട്ടെ 18 ശതമാനം നിക്ഷേപ വളർച്ചയും 12 ശതമാനം വായ്പാ വളർച്ചയും കൈവരിച്ചു. ജീവനക്കാരുടെ എണ്ണത്തിലും വലിയ അന്തരമാണ് നിലവിലുള്ളത്. പൊതുമേഖലാ ബാങ്കുകളിൽ 7,72,571 സ്ഥിരം ജീവനക്കാർ പണിയെടുക്കുമ്പോൾ സ്വകാര്യ ബാങ്കുകളിലും വിദേശ ബാങ്കുകളിലുമായി 7,69,890 പേരാണ് നിലവിലുള്ളത്. ദിവസക്കൂലി / കരാർ അടിസ്ഥാനത്തിൽ മൂന്ന് ലക്ഷം പേരും നേരത്തെ സൂചിപ്പിച്ച 22,18,000 ബിസിനസ് കറസ്പോണ്ടന്റുമാരും ബാങ്കിംഗ് മേഖലയിൽ പണിയെടുക്കുന്നു. ഇവരിൽ എട്ടര ലക്ഷം ജീവനക്കാർ മാത്രമാണ് ബാങ്കിംഗ് മേഖലയിലെ സംഘടിത തൊഴിലാളികൾ.

ഇന്നും പൊതുമേഖലാ ബാങ്കിംഗ് സംവിധാനം നിലനിന്നുപോകുന്നത്, ഈ സംഘടിത തൊഴിലാളികളുടെ യോജിച്ചുള്ള ചെറുത്തുനിൽപ്പിലൂടെ മാത്രമാണ്.

ബാങ്ക് ദേശസാൽക്കരണത്തിനു ശേഷം 1991 വരെ രാജ്യത്തെ ബാങ്കിംഗ് മേഖലയിൽ വലിയ ഒരു കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഈ കാലയളവിൽ ആകെ ബാങ്ക് ബിസിനസ്സിന്റെ 90 ശതമാനവും പൊതുമേഖലാ ബാങ്കുകളിലായിരുന്നുവെങ്കിൽ ഇപ്പോൾ അത് 57.5 ശതമാനമായി ചുരുങ്ങി. അന്ന് പൊതുമേഖലാ ബാങ്കുകളുടെ അതേ നയങ്ങൾ തന്നെയായിരുന്നു സ്വകാര്യ മേഖലാ ബാങ്കുകളും തുടർന്നിരുന്നത്. കാർഷിക വായ്പകളുൾപ്പടെ മുൻഗണനാ വായ്പകൾ സ്വകാര്യ ബാങ്കുകളും റിസർവ്വ് ബാങ്ക് മാർഗ്ഗ നിർദ്ദേശപ്രകാരം നൽകി വന്നിരുന്നു. എന്നാൽ 1991 ൽ സാമ്രാജ്യത്വ ആഗോളവത്ക്കരണ നയങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചതു മുതൽ ബാങ്കിംഗ് മേഖലയിലും വലിയ മാറ്റങ്ങൾ വന്നു. പൊതുമേഖലാ ബാങ്കുകളുടെ ജനകീയ ബാങ്കിംഗ് പ്രവർത്തന രീതിക്കും മാറ്റം വരുത്തുന്ന നയങ്ങൾ അതിവേഗം നടപ്പിലാക്കുകയാണിപ്പോൾ. നവ സ്വകാര്യ ബാങ്കുകളുടെ കഴുത്തറപ്പൻ പലിശയും സേവന നിരക്കുകളും പൊതുമേഖലാ ബാങ്കുകളിലും അടിച്ചേൽപ്പിക്കപ്പെട്ടു. പൊതുമേഖലാ ബാങ്കുകളുടെ എണ്ണവും വണ്ണവും കുറച്ച് വിൽപ്പന നടത്തുക എന്ന നയമാണ് ഭരണാധികാരികൾ നടപ്പാക്കാൻ ശ്രമിക്കുന്നത്. രാജ്യം അൻപത്തി അഞ്ചാം ദേശസാൽക്കരണ ദിനം ആചരിക്കുന്ന വേളയിൽ ജനവിരുദ്ധ ബാങ്കിംഗ് നയങ്ങൾക്കെതിരെ ബാങ്കിംഗ് മേഖലയിലെ മുഴുവൻ തൊഴിലാളികളുടെയും നേതൃത്വത്തിൽ ഒരു വലിയ ജനകീയ ചെറുത്തുനിൽപ്പ് ഉയർന്നുവരേണ്ടിയിരിക്കുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seven − 5 =

Most Popular