ഒരു ജനറൽ സീറ്റിൽനിന്ന് ലോക്-സഭയിലേക്ക് ഒരു ദളിത് സ്ഥാനാർഥി വിജയിക്കുക എന്നത് ഇന്ത്യയിൽ അപൂർവമായ സംഭവമാണ്; വിശേഷിച്ച‍് നമ്മുടെ രാജ്യത്തിന്റെ ഹൃദയഭൂമിയിൽനിന്ന്, ഹിന്ദുത്വ ശക്തികളുടെ രക്ഷാകേന്ദ്രവും ജാതി രാഷ്ട്രീയത്തിന്റെ വിളനിലവുമായ സ്ഥലത്തുനിന്ന്. ഫെെസാബാദ് മണ്ഡലത്തിലെ വോട്ടർമാരാണ് പ്രതീക്ഷകൾക്കു വിപരീതമായി സമാജ്-വാദി പാർട്ടി ടിക്കറ്റിൽ ജനറൽ സീറ്റിൽ മൽസരിച്ച ദളിത് സ്ഥാനാർഥിയെ വിജയിപ്പിച്ചത്. അതും മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ബുൾഡോസർ രാഷ്ട്രീയത്തെയും കൊണ്ട് കുപ്രസിദ്ധമായ ഉത്തർപ്രദേശ് സംസ്ഥാനത്തുനിന്ന്.
ലോക്-സഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുക എന്ന വൻതോതിൽ പ്രചരിപ്പിക്കപ്പെട്ട (ജനമനസ്സുകളിൽ വ്യാമോഹം സൃഷ്ടിക്കുന്നതിനു വേണ്ടി) തങ്ങളുടെ ലക്ഷ്യം നേടുന്നതിനെ സഹായിക്കുന്നതിന് രാമക്ഷേത്രവും അയോദ്ധ്യയുമാണ് തന്ത്രപരമായ പ്രചാരണ വിഷയമാക്കി ബിജെപി ഉപയോഗിച്ചത്. ജനവികാരത്തെ വർഗീയവൽകരിക്കുന്നതിനുള്ള ഉപകരണമായി മതത്തെ ഉപയോഗിക്കുക എന്ന പ്രധാന അടവാണ് അവർ അതിലൂടെ പ്രയോഗിച്ചത്.
ഹിന്ദുത്വ ദർശനത്തിനെതിരായാണ് ജനങ്ങൾ വോട്ടു ചെയ്തത് എന്നു പറഞ്ഞാൽ അത് അതിരു കടന്ന അവകാശവാദമാകും. എന്നാൽ പ്രാഥമികമായും അവർ വോട്ടു ചെയ്തത് തങ്ങളുടെ ഉപജീവന മാർഗവുമായി ബന്ധപ്പെട്ട വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ്. രാമക്ഷേത്രത്തെ വലയം ചെയ്യുന്ന ഹിന്ദുത്വ വികാരം മുതലെടുക്കാമെന്ന് ബിജെപി പ്രതീക്ഷിച്ചപ്പോൾ, വോട്ടർമാരെ കൂടുതലായി അലട്ടിയത് അവർ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളായിരുന്നു എന്നാണ് വ്യക്തമായത്. ഫെെസാബാദിലെ ജനങ്ങളെ അമർഷം കൊള്ളിച്ചതിനു മുഖ്യകാരണം 4000 ത്തോളം വീടുകളും കടകളും പൂർണമായോ ഭാഗികമായോ ഇടിച്ചു നിരത്തിയതാണ്; ഏതാണ്ട് 40,000 പേരെ വേണ്ടത്ര നഷ്ടപരിഹാരം നൽകാതെ സർക്കാർ വഴിയാധാരമാക്കിയതാണ്. കുടികിടപ്പുകാർ, താഴ്ന്ന വരുമാനക്കാർ, ദളിതർ, ന്യൂനപക്ഷങ്ങൾ എന്നീ വിഭാഗങ്ങളെയാണ് ഈ നയത്തിന്റെ തീവ്രത അതിരൂക്ഷമായി ബാധിച്ചത്.
സാധാരണക്കാർ വിശേഷിച്ച് തങ്ങളുടെ ഉപജീവനമാർഗങ്ങളിൽ ആശങ്കയുള്ളവർ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ എന്നിവ ആഗ്രഹിക്കുന്നവർ ബിജെപിക്കെതിരായി വോട്ടു ചെയ്തുവെന്നാണ് ലോക്-സഭാ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ലോക്-സഭാ തിരഞ്ഞെടുപ്പിന്റെ ട്രെൻഡ് ഇതു മാത്രമായിരുന്നു. മതവിശ്വാസത്തേക്കാൾ ഉപരി തങ്ങളുടെ ഉപജീവനമാർഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വലുതെന്ന് കഴിഞ്ഞ പത്തുവർഷത്തെ അനുഭവങ്ങളിൽനിന്ന് സാധാരണക്കാർക്ക് ബോധ്യമായി എന്നതിന്റെ തെളിവാണ് ഈ ലോക്-സഭാ തിരഞ്ഞെടുപ്പ് ഫലം. 2014ലെയും 2019ലെയും ലോക്-സഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നൽകിയ ഇന്ത്യൻ ജനത ഇത്തവണ ആ ജനവിധി എടുത്തുമാറ്റിയിരിക്കുകയാണ്.
തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തികക്ലേശം, കർഷകരുടെ അസംതൃപ്തി, തൊഴിലാളികളുടെ കഷ്ടാവസ്ഥ, അഗ്നിവീർ പദ്ധതിക്കെതിരായ യുവജനങ്ങളുടെ പ്രതിഷേധം തുടങ്ങിയ ദെെനംദിന ജീവിതപ്രശ്നങ്ങൾ തിരഞ്ഞെടുപ്പ് ആഖ്യാനത്തിൽ മേൽക്കെെ നേടി; തീവ്ര ഹിന്ദുത്വ അജൻഡയെ അത് പിന്നോട്ടടിച്ചു.
തൊഴിലാളിവർഗവും കൃഷിക്കാരും ഗ്രാമീണ തൊഴിലാളികളും ബിജെപിയെ പരാജയപ്പെടുത്തുക എന്ന വെല്ലുവിളി ഏറ്റെടുത്തു. ഗ്രാമീണമേഖലയ്ക്ക് മേധാവിത്വമുള്ള 159 പാർലമെന്റ് മണ്ഡലങ്ങളിൽ ബിജെപി പരാജയപ്പെട്ടു എന്നത് ആ മേഖലയിലെ ജനങ്ങൾ ഭരണമാറ്റത്തിനായാണ് വോട്ടു ചെയ്തത് എന്നതിന്റെ തെളിവായി കണക്കാക്കാവുന്നതാണ്. ലാഭകരമായ മിനിമം താങ്ങുവില കാർഷികോൽപന്നങ്ങൾക്ക് ലഭിക്കാത്തതുമൂലവും തൊഴിലാളികളുടെ വേതനം സ്തംഭനാവസ്ഥയിലായതുമൂലവും ഗ്രാമീണ ഇന്ത്യയിലെ ജനങ്ങൾ കഴിഞ്ഞ പത്തുവർഷത്തെ മോദി വാഴ്ചയിൻകീഴിൽ കടുത്ത യാതനകളാണ് അനുഭവിച്ചത്; അവരുടെ ജീവിതം കൂടുതൽ അരക്ഷിതവും ദുരിതമയവുമായി മാറുകയായിരുന്നു.
ബിജെപിയുടെ തിരഞ്ഞെടുപ്പ് കാമ്പയിനുള്ള പണത്തിന്റെ ഗണ്യമായ തുകയും ലഭ്യമായത് നിയമവിരുദ്ധമായ വഴിയിലൂടെ സമാഹരിച്ച ഇലക്ട്രൽ ബോണ്ടുകളിൽ നിന്നാണെന്ന കാര്യം തുറന്നുകാട്ടപ്പെട്ടതോടെ അവരുടെ കോർപ്പറേറ്റുകളുമായുള്ള അവിശുദ്ധ ബന്ധം കൂടി ജനങ്ങൾക്ക് ബോധ്യമാകുകയായിരുന്നു.
പോളിങ്ങിന്റെ രണ്ടാം ഘട്ടത്തിനുശേഷം വർഗീയ ചേരിതിരിവിന്റെ ഒരു അന്തരീക്ഷം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമം നടന്നു. തങ്ങളുടെ ദെെനംദിന ജീവിതാനുഭവങ്ങൾ അവഗണിച്ചുകൊണ്ട് മതത്തിന്റെ പേരിൽ വർഗീയമായി ചിന്തിക്കാൻ ജനങ്ങളെ നിർബന്ധിതരാക്കുന്നതിനുള്ള ശ്രമമായിരുന്നു അത്. മത – ജാതി സ്വത്വബോധത്തിന്റെ, ഭൂമിശാസ്ത്രപരമായ സ്വത്വബോധത്തിന്റെ പോലും അടിസ്ഥാനത്തിൽ അജ്ഞാതശത്രുക്കൾ സൃഷ്ടിക്കപ്പെട്ടു. വിദേ-്വഷപ്രചാരണത്തിന്റെ കാമ്പയിൻ പൂർണമായും നയിച്ചത് പ്രധാനമന്ത്രി തന്നെയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിനെപോലും അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ അങ്ങേയറ്റം തരംതാണ രാഷ്ട്രീയം കളിക്കുകയായിരുന്നു അതിലൂടെ അദ്ദേഹം. എന്നാൽ വാസ്തവത്തിൽ ജനങ്ങൾ നിലനിൽപിനുവേണ്ടി പാടുപെടുകയായിരുന്നു. ജീവിതച്ചെലവ്, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, അടിസ്ഥാനാവശ്യങ്ങൾ എന്നിവയ്ക്കെല്ലാമുള്ള ചെലവുകൾ വൻതോതിൽ വർദ്ധിച്ചു. എന്തിനു പറയുന്നു ഒരു നേരത്തെ ഉൗണിന്റെ വില പോലും ഗണ്യമായ തോതിൽ വർദ്ധിച്ചു. അതേസമയം അവരുടെ യഥാർത്ഥ വരുമാനത്തിൽ ഇടിവു തട്ടുകയും ചെയ്തു.
ഗ്രാമീണ ഇന്ത്യയിലെ ലക്ഷക്കണക്കിന് ആളുകളുടെ തൊഴിൽ ചെയ്യാനുള്ള അവകാശത്തെ നിഷേധിക്കുകയാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് ബജറ്റിൽ വേണ്ടത്ര തുക വകകൊള്ളിക്കാതിരിക്കുന്നതിലൂടെ മോദി സർക്കാർ ചെയ്യുന്നത്. വേണ്ടത്ര തുക അനുവദിക്കാതെയും കുറഞ്ഞ വേതന നിരക്ക് നൽകിയും സാമൂഹ്യ ഓഡിറ്റ് സൗകര്യങ്ങളെ അട്ടിമറിച്ചും തൊഴിലാളികളെയും പ്രാദേശിക അധികാരികളെയും നിരുൽസാഹപ്പെടുത്തിയും തൊഴിലുറപ്പ് പദ്ധതിയെ മോദി സർക്കാർ ദുർബലമാക്കി. അതിൽ ഏറ്റവും പ്രധാനം സമീപകാലത്ത് ഓൺലെെൻ ഹാജർ സമ്പ്രദായത്തിൽ വരുത്തിയ മാറ്റം, ജാതിയടിസ്ഥാനത്തിൽ ഫണ്ട‍് അനുവദിക്കൽ, ആധാറിനെ അടിസ്ഥാനമാക്കിയുള്ള പേമെന്റ് സമ്പ്രദായം എന്നിവയായിരുന്നു; വേതനം നൽകിയത് പ്രത്യേകിച്ചും ഹാനികരമായ രീതിയിലാണ്.
മഹാരാഷ്-ട്രയിലെ ജൽന ജില്ലയിൽ പർത്തൂർ താലൂക്കിൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കുകീഴിൽ ജോലി ചെയ്യുന്ന വനിതാ തൊഴിലാളിയുടെ വാക്കുകളിൽ ഈ നയത്തിന്റെ ആഘാതം ദർശിക്കാം: ‘‘മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കുകീഴിൽ ജോലി ചെയ്യുമ്പോൾ ഞാൻ കർഷകത്തൊഴിലാളിയായി കൃഷിസ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനേക്കാൾ സുരക്ഷിതത്വവും ആത്മാഭിമാനവും അനുഭവിക്കുന്നു. ഇവിടെ എനിക്ക് ഫ്യൂഡൽ ബന്ധങ്ങൾമൂലം അപമാനവും ബഹിഷ്കരണവും തരംതാഴ്ത്തലും അനുഭവിക്കേണ്ടിവരുന്നു’’. ബിജെപിക്കെതിരായി വോട്ടു ചെയ്യാൻ തീരുമാനിച്ചുകൊണ്ടാണ് അവർ തൊഴിലുറപ്പ് പദ്ധതിക്കെതിരായ ആക്രമണത്തെ ചെറുത്തത്.
ബിജെപിയുടെ നഷ്ടവും ഇന്ത്യാസഖ്യത്തിന്റെ വിജയവും നാം വിശകലനം ചെയ്യുകയാണെങ്കിൽ, ഇരുകൂട്ടരുടെയും പ്രചാരണ പരിപാടികളും പാർട്ടി ഘടനയും പരിഗണിക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്: മേൽപറഞ്ഞ വിഭാഗം വോട്ടർമാരിൽ ഭൂരിപക്ഷവും ബിജെപിയെ നിരാകരിച്ചു. ഉദാഹരണത്തിന് കോൺഗ്രസ്സിന് ഉത്തർപ്രദേശിൽ വളരെ ദുർബലമായ സംഘടനാ സംവിധാനമാണുള്ളത്. ഈ പരിണിത ഫലം മുൻകൂട്ടി കാണുന്നതിൽ കാമ്പയിൻ പരാജയപ്പെടുകയും ചെയ്തു. എന്നുമാത്രമല്ല, ജനകീയ പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് കോൺഗ്രസ് സജീവമായി പോരാടുകയോ സേ-്വച്ഛാധിപത്യ ഭരണകൂടത്തെ വെല്ലുവിളിക്കുകയോ ചെയ്തിട്ടില്ല. സമാജ്-വാദി പാർട്ടി ജനകീയ പ്രശ്നങ്ങളാണ് കാമ്പയിനിലുടനീളം ഉയർത്തിയത്. എന്നാൽ എല്ലാ പോളിങ് ബൂത്തുകളിലും സംയുക്തമായി ആ പ്രചാരണം എത്തിക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു. സമാന സാഹചര്യമാണ് ഹരിയാനയിലും മറനീക്കി പുറത്തുവന്നത്. കോൺഗ്രസ് നേതാക്കൾ പരസ്പരം പോരടിച്ച് കാമ്പയിൻ തടസ്സപ്പെടുത്തുന്ന സ്ഥിതിയാണ് അവിടെയുണ്ടായിരുന്നത്. എങ്ങനെയായാലും ഈ പ്രദേശങ്ങളിലെ വോട്ടർമാർ ബിജെപിക്കെതിരായാണ് വോട്ട് ചെയ്തത്; ഇന്ത്യ സഖ്യത്തിലെ കക്ഷികൾക്ക് അതിന്റെ നേട്ടമുണ്ടാകുകയും ചെയ്തു.
ഹിമാചൽ പ്രദേശിൽ കോൺഗ്രസ് ഒറ്റയ്ക്കാണ് മത്സരിച്ചത്; ഇന്ത്യ സഖ്യത്തിലെ മറ്റു കക്ഷികളെ കൂട്ടി യോജിപ്പിച്ച് ബിജെപിക്കെതിരെ പ്രചാരണം സംഘടിപ്പിക്കുന്നതിൽ അവർ പരാജയപ്പെട്ടു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമായിട്ടുപോലും അവിടുത്തെ നാലു ലോക്-സഭാ മണ്ഡലങ്ങളിലും അവർ പരാജയപ്പെടുകയായിരുന്നു.
പ്രതിപക്ഷം ഒന്നിച്ച് ഒരു വേദിയിൽ വരുന്നതിന് (ഇന്ത്യ സഖ്യം) വലിയ പ്രാധാന്യം നൽകപ്പെട്ടില്ല. എന്നാൽ ജനങ്ങളുടെ സമരത്തിന്റെ ശക്തയായ സ്വാധീനത്തെ അട്ടിമറിക്കുന്നതിനുള്ള ക്രിമിനൽ പ്രവർത്തനമാണ് ഇവിടുത്തെ കോർപ്പറേറ്റ് മാധ്യമങ്ങൾ ചെയ്തത്. തിരഞ്ഞെടുപ്പിനു മുൻപായി കോർപ്പറേറ്റ് മാധ്യമങ്ങളും രാഷ്ട്രീയ വിശകലനക്കാരും ബിജെപിയെ പിന്തുണയ്ക്കുന്ന ബുദ്ധിജീവികളും മോദിയുടെ അജയ്യത എന്ന ആഖ്യാനം സൃഷ്ടിച്ചു. ജനകീയ സമരങ്ങൾക്കു മുൻപിൽ വിശേഷിച്ച് ഒരു വർഷം നീണ്ടുനിന്ന കർഷകസമരത്തിനു മുൻപിൽ മോദിയുടെ നയങ്ങൾ പരാജയപ്പെട്ടത് തമസ്കരിക്കാനുള്ള ഉദ്യമമായിരുന്നു അത്.
കർഷകർ, തൊഴിലാളിവർഗം, വിദ്യാർഥികൾ, യുവജനങ്ങൾ, ഗുസ്തി താരങ്ങൾ, സമൂഹത്തിലെ ഇതരവിഭാഗങ്ങൾ എന്നിവരുടെ സമരങ്ങൾക്ക് ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കുമെന്ന ആത്മവിശ്വാസം ജനങ്ങൾക്കുണ്ടാക്കാൻ സാധിച്ചു. ഉത്തർപ്രദേശിൽ 38 സീറ്റുകളിലും പഞ്ചാബ്, രാജസ്താൻ, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും ബിജെപി പരാജയപ്പെടുമെന്ന് നിരവധി വിശകലന വിദഗ്ദ്ധർ എഴുതിക്കൊണ്ടിരുന്നു. ബിജെപിയുടെ നയങ്ങൾക്കെതിരെ കർഷകരുടെ തുടർച്ചയായ സമരങ്ങൾക്കാണ് ഈ സംസ്ഥാനങ്ങൾ സാക്ഷ്യം വഹിച്ചത്. കർഷക സമരത്തിന്റെ ഐതിഹാസിക ഭൂമിയായ പഞ്ചാബിൽ അക്കൗണ്ട് തുറക്കുന്നതിൽ ബിജെപി പരാജയപ്പെട്ടു; അവരുടെ സഖ്യകക്ഷിയായ അകാലിദളിന് കേവലം രണ്ടു സീറ്റുകളിൽ മാത്രമേ ജയിക്കാൻ സാധിച്ചുള്ളൂ. ബിജെപിക്ക് ഹരിയാനയിൽ അഞ്ചു സീറ്റുകളും രാജസ്താനിലെ കർഷക ഭൂരിപക്ഷ മേഖലയിൽ പതിനൊന്നു സീറ്റും നഷ്ടപ്പെട്ടു. ഇന്ത്യ സഖ്യത്തിന്റെ സംയുക്ത സ്ഥാനാർഥിയായിരുന്ന കർഷക നേതാവ് അമ്രാറാം സികാർ പാർലമെന്റ് മണ്ഡലത്തിൽനിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ചരിത്ര പ്രധാനമായ സമരങ്ങളിലൂടെയും മഹത്തായ ത്യാഗത്തിലൂടെയും ഭൂരഹിത തൊഴിലാളികൾ നേടിയെടുത്ത കെെവശാവകാശഭൂമി സംരക്ഷിക്കുന്നതിനുവേണ്ടി നിരവധി പ്രക്ഷോഭങ്ങൾ നടന്നുവരുന്ന മഹാരാഷ്ട്രയിലെ മറാത്ത്-വാഡ മേഖലയിൽ ബിജെപിക്കും അവരുടെ സഖ്യകക്ഷികൾക്കും വലിയ നഷ്ടമാണ് ഉണ്ടായത്.
ജനാധിപത്യ സംസ്കാരത്തിനും മനുഷ്യാവകാശത്തിനും എതിരെ കഴിഞ്ഞ ഒരു പതിറ്റാണ്ടായി നടന്ന ആക്രമണങ്ങൾക്ക് എതിരെ ഭരണഘടനയെ സംരക്ഷിക്കാൻ തിരഞ്ഞെടുപ്പിൽ ജനങ്ങൾ രംഗത്തുവന്നു. സാധാരണക്കാർക്ക് പ്രത്യേകിച്ച് ഗ്രാമീണ ജനതയ്ക്ക് ഭരണഘടനയെക്കുറിച്ച് പരിമിതമായ ധാരണയേ ഉള്ളൂ എന്നതാണ് യാഥാർഥ്യം. എന്നിരുന്നാലും ഭരണഘടന അവരുടെ അവകാശങ്ങളുടെ പ്രതീകമായി മാറി. അടിച്ചമർത്തപ്പെടുന്ന വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഭരണഘടന പ്രതീകമായത് സംവരണത്തിന്റെ മാത്രമല്ല ആക്രമണങ്ങളിൽനിന്നുള്ള സംരക്ഷണത്തിന്റെയും കൂടിയാണ്. ഭരണഘടനയെ മാറ്റാൻ 400 സീറ്റുകൾ നേടണം എന്ന ബിജെപി നേതാക്കളുടെ പരസ്യമായ ആഹ്വാനം പട്ടികജാതിക്കാർ, പട്ടികവർഗക്കാർ, ന്യൂനപക്ഷങ്ങൾ എന്നിവരെ ശക്തമായി സ്വാധീനിക്കുകയും ബിജെപിക്കെതിരെ സംഘടിതമായി നീങ്ങുന്നതിലേക്ക് അതു നയിക്കുകയും ചെയ്തു. വാസ്തവത്തിൽ, പരമ്പരാഗതമായി ബിഎസ്-പിയ്ക്ക് വോട്ടു ചെയ്തിരുന്ന ഉത്തർപ്രദേശിലെ ദളിത് വോട്ടർമാർ ഇത്തവണ മാറി ചിന്തിക്കുകയും കോൺഗ്രസിനനുകൂലമായി വോട്ടു രേഖപ്പെടുത്തുകയുമായിരുന്നു.
നിഷ്-പക്ഷവും നീതിപൂർവവുമായി തിരഞ്ഞെടുപ്പു നടത്താൻ ബാധ്യതപ്പെട്ട ഭരണഘടനാ സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ. എന്നാൽ തിരഞ്ഞെടുപ്പിൽ ബിജെപി വൻതോതിൽ പണം ഒഴുക്കിയിട്ടും മതവിശ്വാസം ദുരുപയോഗം ചെയ്തിട്ടും ഒരു നടപടിയും എടുക്കാൻ തിരഞ്ഞെടുപ്പു കമ്മീഷന് സാധിച്ചില്ല. അതുപോലെ കേന്ദ്ര അനേ-്വഷണ ഏജൻസികളെ ബിജെപിക്ക് അനുകൂലമായി ദുരുപയോഗം ചെയ്യുകയും ചെയ്തു.
അത് പൗരരുടെ അടിസ്ഥാന മൗലികാവകാശങ്ങൾക്കു നേരെയുള്ള കടന്നാക്രമണമായിരുന്നു. അതുകൊണ്ടുതന്നെ അത് വലിയ ആശങ്ക ഉളവാക്കുന്ന ഒന്നായിരുന്നു. അടിസ്ഥാനപരമായി മിക്ക ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളും വോട്ടർമാരെ ഗുണഭോക്താക്കളായാണ് പരിഗണിക്കുന്നത്. സൗജന്യ ആരോഗ്യ പരിചരണം, വിദ്യാഭ്യാസം, സ്ത്രീകൾക്കും സമൂഹത്തിലെ ഇതരവിഭാഗങ്ങൾക്കും പണം ട്രാൻസ്ഫർ ചെയ്ത് നൽകൽ തുടങ്ങിയ വാഗ്ദാനങ്ങൾ അത്തരം രാഷ്ട്രീയ പാർട്ടികൾ വോട്ടർമാർക്ക് നൽകുന്നു. എന്നാൽ പൊതുജനാരോഗ്യ മേഖല, പൊതുവിദ്യാഭ്യാസം, തൊഴിൽ, കൃഷിക്കും വ്യവസായത്തിനും പശ്ചാത്തല സൗകര്യം സൃഷ്ടിക്കാനുള്ള ഗവൺമെന്റിന്റെ ഉത്തരവാദിത്വം എന്നീ വിഷയങ്ങളെക്കുറിച്ച് അവരാരും ഒരക്ഷരം സംസാരിക്കുന്നില്ല.
ജനപ്രീയ രാഷ്ട്രീയത്തിന് പരിമിതികളുണ്ട്. അത് പൗരരെ അവരുടെ അവകാശങ്ങളിൽനിന്ന് അകറ്റുകയും പരിമിതമായ ആനുകൂല്യങ്ങളിലും സാർവത്രികമല്ലാത്ത ഗവൺമെന്റ് പദ്ധതികളിലും ആകൃഷ്ടരാകാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അവരെ ആ തരത്തിൽ പരുവപ്പെടുത്തിയെടുക്കുന്നു. ഈ പദ്ധതികൾ ജനങ്ങളെ ആകർഷിക്കുമ്പോൾ മേൽപറഞ്ഞ രാഷ്ട്രീയ പാർട്ടികൾ, പൗരർക്ക് അത്യാവശ്യ സൗകര്യങ്ങൾ പ്രദാനം ചെയ്യുക എന്ന ഗവൺമെന്റിന്റെ ബാധ്യതയിൽനിന്ന് പിന്മാറാൻ ഗവൺമെന്റുകളെയും അവയ്ക്ക് നേതൃത്വം നൽകുന്ന രാഷ്ട്രീയ പാർട്ടികളെയും അനുവദിക്കുന്നു. എന്നാൽ അതിനു വിരുദ്ധമായി, നവലിബറലിസത്തിന് ബദലായ സാമ്പത്തിക നയങ്ങളുള്ള ജനകീയ ഗവൺമെന്റുകൾ പൊതുവിദ്യാഭ്യാസം, ആരോഗ്യപരിചരണം, അടിസ്ഥാന സേവനങ്ങൾ, സാമൂഹ്യ ക്ഷേമരാഷ്ട്രത്തിലെ സംരക്ഷണ സ്ഥാപനങ്ങൾ എന്നിവയെ സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനും ഉള്ള നടപടികൾ സ്വീകരിക്കുന്നു. അവയെല്ലാം ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങളാണ്. മറ്റു രാഷ്ട്രീയ പാർട്ടികളാകട്ടെ താൽകാലികവും ജനങ്ങളുടെ ജീവിതത്തിൽ പരിമിതമായ സ്വാധീനം ചെലുത്താൻ കഴിയുന്നതുമായ നേരിട്ടു ദൃശ്യമാകുന്ന ആനുകൂല്യങ്ങൾ നൽകാമെന്ന് വാഗ്ദാനം നൽകി വോട്ടർമാരെ ആകർഷിക്കുന്നു; എന്നാൽ അതിലൂടെ അവർ പൗരരുടെ അടിസ്ഥാന അവകാശങ്ങൾ തകർക്കുകയാണ് ചെയ്യുന്നത്. വാസ്തവത്തിൽ ഈ പാർട്ടികൾ വാർദ്ധക്യകാല പെൻഷൻ പോലെയുള്ള പരിമിതമായ ആനുകൂല്യ പദ്ധതികളിലൂടെ ജനങ്ങളെ തെറ്റായ രീതിയിൽ തരംതിരിക്കുകയാണ്. അതേസമയം കേരളത്തിൽ ലക്ഷക്കണക്കിന് ഗുണഭോക്താക്കൾക്ക് സർക്കാർ പെൻഷൻ നൽകുന്നത് ഒരു ദീനാനുകമ്പയായോ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുന്നതിനായോ അല്ല; മറിച്ച് പൗരരുടെ അടിസ്ഥാന അവകാശം എന്ന നിലയ്ക്കാണ്.
ബിജെപി/ആർഎസ്-എസിനും കുത്തക മാധ്യമങ്ങൾക്കും കോർപ്പറേറ്റുകളെ പിന്തുണയ്ക്കുന്ന വർഗ വിഭാഗങ്ങൾക്കും ദേശീയവും സാർവദേശീയവുമായ ധനമൂലധനത്തിനും എതിരായ ജനവിധിയാണ് ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായത്; ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഇന്ത്യാസഖ്യത്തിന്റെ മുന്നേറ്റം അതാണ് കാണിക്കുന്നത്. ധീരരായ ഇന്ത്യക്കാർ പ്രത്യേകിച്ച് തൊഴിലാളിവർഗവും കർഷകരും തങ്ങളുടെ വോട്ടുകൾ തങ്ങളുടെ ശബ്ദം ഉയർത്തിപ്പിടിക്കുന്നതിനുവേണ്ടി ഉപയോഗിച്ചു.
ഈ ഉൽപാദക വർഗങ്ങളുടെ രോഷം ബിജെപിക്ക് ഇപ്പോൾ തിരിച്ചടിയായിട്ടുണ്ട്. എന്നാൽ ഈ ഫാസിസ്റ്റ് സ്വഭാവമുള്ള പാർട്ടി വർഗീയ അജൻഡയിലൂടെയും സോഷ്യൽ എഞ്ചിനീയറിങ്ങിലൂടെയും രാഷ്ട്രീയ കുതന്ത്രങ്ങളിലൂടെയും സാഹചര്യങ്ങളെ കൗശലപൂർവം മാറ്റിമറിക്കാൻ ശ്രമിക്കും. ബിജെപിയുടെയും അവരുടെ സഖ്യകക്ഷികളുടെയും സാമ്പത്തികവും സാമൂഹികവുമായ അടിച്ചമർത്തൽ നയങ്ങൾക്കും സർവോപരി വർഗീയ ധ്രുവീകരണത്തിനും എതിരായി ബിജെപിക്കെതിരായ ഈ അസംതൃപ്തിയെ ശക്തമായ പ്രതിപക്ഷമായി മാറ്റിത്തീർക്കാനുള്ള ഉത്തരവാദിത്വമാണ് ജനകീയ പോരാട്ടങ്ങൾക്ക് വന്നു ചേർന്നിരിക്കുന്നത്. ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്തുന്നതിനും കോർപ്പറേറ്റ് ഹിന്ദുത്വ കൂട്ടുകെട്ടിനെ അധികാരത്തിൽനിന്ന് അന്തിമമായി പുറത്താക്കാനും ഉള്ള ശേഷി അത് ജനങ്ങൾക്കു നൽകും. ♦