Sunday, September 8, 2024

ad

Homeവിശകലനംതിരിച്ചു വരവിന്റെ പാത

തിരിച്ചു വരവിന്റെ പാത

എം എ ബേബി

സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർട്ടികൾ ജനങ്ങളോട് പറയാൻ ശ്രമിച്ച യുക്തിഭദ്രമായ വാദഗതികൾ കേരളത്തിലെ 33.35 ശതമാനം വോട്ടർമാർ അംഗീകരിച്ചപ്പോൾ 45.12 ശതമാനം വോട്ടർമാർ യുഡിഎഫിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. സിപിഐ എമ്മും എൽഡിഎഫും അതിശക്തമായി വിമർശിക്കുന്ന ആർഎസ്എസ് നിയന്ത്രണത്തിലുള്ള കേന്ദ്രഭരണം മാറ്റുവാൻ കൂടുതൽ വലിയ പങ്ക് കോൺഗ്രസിനാണ് ഡൽഹിയിൽ നിർവഹിയ്ക്കാനാവുക എന്ന പ്രചാരണം ഒരു വിഭാഗം വോട്ടർമാരെ ശക്തമായി സ്വാധീനിച്ചിരിക്കുന്നു.

പ്രത്യേകതരം പ്രചാരണത്തിലൂടെ കേന്ദ്രഭരണ പാർട്ടി എന്നതിന്റെ വശീകരണ സാധ്യതകൾ കൂടി ഉപയോഗിച്ച് 20 ശതമാനത്തിനടുത്ത് വോട്ടു നേടിയ ബിജെപി അപ്രതീക്ഷിതമായി പല മണ്ഡലങ്ങളിലും കൂടുതൽ വോട്ടുകൾ സമ്പാദിച്ചു. ഇസ്ലാമോഫോബിയയും ജാതി സമവാക്യങ്ങൾ ലക്ഷ്യംവെച്ചുള്ള പ്രചാരണങ്ങളും തൃശൂർ പൂരം നടത്തിപ്പുസംബന്ധിച്ച് കെട്ടിച്ചമച്ച പ്രചാരണങ്ങളും ഒക്കെ ഇതിന്റെ ഭാഗമായിരുന്നു. തൃശൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുടെ വിജയം‐ മുക്കാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ‐ സമ്മാനിച്ചത് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് അഞ്ചു വർഷം മുമ്പു നടന്ന തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നഷ്ടപ്പെട്ട വോട്ട് കൈമറിഞ്ഞു കിട്ടിയതു കൊണ്ടു തന്നെയാണെന്ന് ലളിതമായി കൂട്ടാനും കുറയ്‌ക്കാനും അറിയുന്നവർക്കെല്ലാം മനസ്സിലാകുന്ന കാര്യമാണ്. അതേ മണ്ഡലത്തിൽ എൽഡിഎഫിന് മുൻ തിരഞ്ഞെടുപ്പിനേക്കാൾ പതിനാറായിരം വോട്ട് വർദ്ധിച്ചു എന്ന വസ്തുതയും കാര്യങ്ങൾ സംശയരഹിതമാക്കുന്നുണ്ട്.

ഇതിന്റെ അർത്ഥം സിപിഐ എം, ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടക പാർട്ടികൾ എന്നിവയ്ക്ക് ആത്മപരിശോധന നടത്തേണ്ട ആവശ്യമൊന്നുമില്ല എന്നല്ല.

ഡൽഹിയിൽ ബിജെപി ഭരണം മാറ്റി ഒരു ബദൽ ഭരണസംവിധാനം കൊണ്ടുവരണമെന്ന് ചിന്തിക്കുന്ന കേരളത്തിലെ വോട്ടർമാർ 80 ശതമാനത്തോളമാണ്. അവരിൽ കേരള ഭരണം ആർക്കാവണമെന്ന ചോദ്യത്തിന് എൽഡിഎഫ് എന്ന് ഉത്തരം നൽകുന്ന കുറേപ്പേർപോലും പാർലമെന്റ് തിരഞ്ഞെടുപ്പാകുമ്പോൾ യുഡിഎഫ് എന്ന് ചിന്തിക്കുന്ന ഒരു പ്രവണത കുറച്ചു നാളുകളായി രൂപപ്പെടുന്നത് കാണാവുന്നതാണ്.

2011, 2016,2021 വർഷങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ശരാശരി വോട്ട് ശതമാനം പരിശോധിക്കുമ്പോൾ എൽഡിഎഫിന് 44.59% ഉം, യുഡിഎഫിന് 41.41% ഉം എന്നു കാണുന്നു.

2009 മുതൽ 2024 വരെയുള്ള നാല് പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ ശരാശരി വോട്ട് എൽഡിഎഫിന് 37.65%ഉം യുഡിഎഫിന് 45.55%ഉം ആണ്.

എന്നാൽ 1989 മുതൽ 2004 വരെയുള്ള കാലഘട്ടത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പുകളിലെ വോട്ട് ശതമാനം എൽഡിഎഫിന് ശരാശരി 44.47ഉം യുഡിഎഫിന് 45.59ഉം ആണ്.

എന്തായിരിക്കും 2009–2024 കാലഘട്ടത്തിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് – യുഡിഎഫ് വ്യത്യാസം യുഡിഎഫിന് അനുകൂലമായി വലിയതോതിൽ വർധിക്കാൻ കാരണം? അതു കൂടുതൽ വിശദമായി പഠിക്കേണ്ടതാണ്. എന്നിരിക്കിലും ചില നിഗമനങ്ങൾ ഇപ്പോൾത്തന്നെ സാധ്യമാണ്. ഒരു പ്രധാന ഘടകം പശ്ചിമബംഗാളിലും ത്രിപുരയിലും ഇടതുപക്ഷ ഗവൺമെന്റുകൾ പരാജയപ്പെടുത്തപ്പെട്ടതിനെത്തുടർന്നുള്ള സാഹചര്യത്തിന്റെ പ്രത്യാഘാതമാകാം. മൂന്നു സംസ്ഥാനങ്ങളിലെ ഗവൺമെന്റുകളും അവിടെനിന്ന് വിജയിച്ചെത്തുന്ന ലോക്-സഭാംഗങ്ങളും ദേശീയ രാഷ്ട്രീയത്തിലും ലോക്-സഭയിലും ചെലുത്തുന്ന സ്വാധീനം അതുവരെ വളരെ പ്രധാനമായിരുന്നു. അതിൽ ചോർച്ചയുണ്ടാകുന്ന പ്രവണത ക്രമാനുഗതമായി വർദ്ധിക്കുകയും, അത് ലോക്-സഭാ തിരഞ്ഞെടുപ്പുകളിൽ വ്യത്യസ്ത തോതിൽ കേരളത്തിലെ വോട്ടർമാരിൽ ഒരു വിഭാഗത്തെ ഓരോ തിരഞ്ഞെടുപ്പിലും വെവ്വേറെ നിലപാട് സ്വീകരിക്കുന്നതിലേക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ടാവാം. ഇനിയും ഇതു സംബന്ധിച്ച വിശകലനം നടത്തേണ്ടതുണ്ട്. ഇതും ബിജെപി ആസൂത്രിതമായി നടത്തിയ കടന്നുകയറ്റങ്ങളും പ്രധാനപ്പെട്ട രാഷ്ട്രീയമായ ഘടകങ്ങളാണ്.

മുസ്ലിം ന്യൂനപക്ഷ പ്രീണനം അവസരവാദപരമായി നടത്തുന്നവരാണ് ഇടതുപക്ഷം എന്ന് ചിത്രീകരിച്ച് വോട്ട് സമ്പാദിക്കാൻ കേരളത്തിൽ യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതും നാം കണ്ടതാണ്. ന്യൂനപക്ഷങ്ങൾക്കെതിരെ അതിക്രമങ്ങളും കടന്നാക്രമണങ്ങളും നടക്കുമ്പോൾ, അത് എപ്പോഴെന്നോ എവിടെയെന്നോ നോക്കാതെ ശക്തമായി പ്രതിഷേധിക്കുകയും അവർക്ക് സാധ്യമായത്ര സംരക്ഷണമൊരുക്കുകയും ചെയ്യുക എന്നത് ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ ഒഴിവാക്കാൻ കഴിയാത്ത കർത്തവ്യമായാണ് ഞങ്ങൾ കാണുന്നത്. അത് വോട്ടിനോ അംഗീകാരത്തിനോ വേണ്ടിയല്ല; മറിച്ച് കമ്യൂണിസ്റ്റുകാരുടെ രക്തത്തിൽ കലർന്ന കടമ എന്ന അർത്ഥത്തിലാണ്. അരുകുവൽക്കരിക്കപ്പെടുന്നതും അടിച്ചമർത്തപ്പെടുന്നതും ഏതു സമുദായത്തിൽപെട്ടവരായാലും അവിടെ ഓടിയെത്തുക എന്നത് കമ്യൂണിസ്റ്റുകാരും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളും എന്നും കൈവിടാതെ കാത്തുസൂക്ഷിക്കുന്ന നിലപാടാണ്. തലശ്ശേരിയിൽ യു കെ കുഞ്ഞുരാമൻ സഖാവ് രക്തസാക്ഷിയായത് ആർഎസ്എസ് ആക്രമണത്തിൽ നിന്ന് മുസ്ലിം പള്ളി സംരക്ഷിക്കാൻ പൊരുതിയതു നിമിത്തമാണെന്ന് മറന്നുപോകരുത്. 1921ലെ മലബാർ സമരത്തെത്തുടർന്ന് മുസ്ലീം ആരാധനാലയങ്ങളുടെ നിർമാണമോ കേടുപാടുകൾ തീർക്കുന്നതോ വിലക്കിക്കൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണം കൈക്കൊണ്ട കുടില തീരുമാനം എങ്ങനെയാണ് തിരുത്തപ്പെട്ടത് എന്ന ചരിത്രവും ഇവിടെ ഓർക്കുന്നത് ഉചിതമാണ്. 1952-ൽ മുസ്ലീംലീഗിന്റെ കൂടി പിന്തുണയോടെ സമുന്നതനായ കോൺഗ്രസ് നേതാവ് സി രാജഗോപാലാചാരിയുടെ നേതൃത്വത്തിലുള്ള ഭരണം മലബാർ ഉൾപ്പെടുന്ന മദിരാശിയിൽ നിലവിൽ വന്നിട്ടും മുസ്ലിം സമുദായത്തിന്റെ ആരാധനാ സ്വാതന്ത്ര്യത്തിനുമേൽ ബ്രിട്ടീഷ് സാമ്രാജ്യത്വകോയ്മ ഏർപ്പെടുത്തിയ ഹീനമായ നിയന്ത്രണം എടുത്തുകളയാൻ സാധിച്ചില്ല. 1957ലെ ഇ എം എസിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് സർക്കാർ വരേണ്ടി വന്നു അക്കാര്യത്തിൽ ജനാധിപത്യപരവും മതസൗഹാർദ്ദപരവുമായ തീരുമാനം കെെക്കൊള്ളുവാൻ. അത് ന്യൂനപക്ഷ പ്രീണനമായിരുന്നുവെന്ന് മുസ്ലീംലീഗും കോൺഗ്രസും ബിജെപിയും പറയുമോ?

പൗരത്വ ഭേദഗതി നിയമം, പലസ്തീൻ പ്രശ്നങ്ങൾ എന്നിവ ഇടതുപക്ഷ ജനാധിപത്യമുന്നണി ശക്തമായി ഉന്നയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുമ്പ് ആഭ്യന്തരമന്ത്രി അമിത്-ഷാ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ ആവശ്യമായ ചട്ടങ്ങൾ തയ്യാറാക്കി ഗസറ്റ് വഴി വിജ്ഞാപനമിറക്കുമ്പോൾ അക്കാര്യത്തിൽ ശക്തമായ നിലപാട് കെെക്കൊള്ളേണ്ടത് ഭരണഘടനാ മൂല്യങ്ങൾ മുറുകെപ്പിടിക്കുന്നവരുടെ കടമയാണ്, വിശേഷിച്ച് ആ നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുത സുപ്രീംകോടതി പരിശോധിക്കാനിരിക്കെ.

പലസ്-തീനിൽ നമ്മുടെ സഹോദരരും കുഞ്ഞുങ്ങളും അമ്മമാരും വൃദ്ധരും അതിനിന്ദ്യവും കരളലിയിക്കുന്നതുമായ വംശഹത്യയ്ക്ക് ഇപ്പോഴും ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നരേന്ദ്ര മോദി ഭരണമാകട്ടെ സയണിസ്റ്റുകളുടെ ഹിറ്റ്ലറൈറ്റ് വംശഹത്യക്കും അപ്പാർത്തീഡിനും ഫലത്തിൽ പിന്തുണ കൊടുക്കുകയുമാണ്; മഹാത്മാഗാന്ധിയും പണ്ഡിറ്റ് നെഹ്രുവും ഇന്ദിരഗാന്ധിയും ഉയർത്തിപ്പിടിച്ച പലസ്തീൻ അനുകൂല നിലപാട് ഉപേക്ഷിച്ചു കൊണ്ടാണ് മോദി സർക്കാർ സയണിസ്റ്റ് കൂട്ടക്കുരുതിക്ക് പിന്തുണ നൽകുന്നത്. അങ്ങനെ നടത്തുന്ന വംശഹത്യയെ മനഃസാക്ഷി ഉള്ളവരെല്ലാം എതിർക്കുന്നതിന്റെ ഭാഗമായാണ് സിപിഐ എമ്മും എൽഡിഎഫും, ജീവിച്ചിരിക്കാനായി പൊരുതുന്ന പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്.

എൽഡിഎഫിന്റെ ശരിയായ നിലപാടുകളിൽ ദുരുദ്ദേശ്യം ആരോപിച്ച് വക്രീകരിക്കുവാൻ ബിജെപിയും യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിച്ചത്, അവരുടെ കുപ്രസിദ്ധമായ ഇടതുപക്ഷ വിരുദ്ധതയുടെ ഭാഗമായാണ്.

കേരളത്തിൽ സിപിഐ എമ്മിനും എൽഡിഎഫിനുമുണ്ടായ തിരിച്ചടിയുടെ രാഷ്ട്രീയ കാരണങ്ങൾ, പാർട്ടിയുടെ സംസ്ഥാന – കേന്ദ്ര കമ്മിറ്റികൾ പരിശോധനാ വിധേയമാക്കിയതിനെത്തുടർന്ന് തയ്യാറാക്കിയ റിപ്പോർട്ട് വിവിധ തലങ്ങളിൽ അവതരിപ്പിച്ച് ഉള്ളുതുറന്ന ഉൾപ്പാർട്ടി ചർച്ചയ്ക്ക് വിധേയമാക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിൽ കെെക്കൊള്ളേണ്ട അനന്തരതീരുമാനങ്ങളും പാർട്ടിയും എൽഡിഎഫും കേരളത്തിൽ സ്വീകരിക്കും. എൽഡിഎഫ് ഗവൺമെന്റ് തലത്തിലും സംഘടനാതലത്തിലും രാഷ്ട്രീയമായും കെെക്കൊള്ളേണ്ട തീരുമാനങ്ങളും നടപടികളും ഇതിന്റെ ഭാഗമായി ഉണ്ടാവും.

ഇത്തരം പരിശോധനയും തുടർ നടപടികളും ഇടതുപക്ഷ പാർട്ടികളെ സംബന്ധിച്ചിടത്തോളം തോൽവിയോ തിരിച്ചടിയോ സംഭവിക്കുമ്പോൾ മാത്രം ഉണ്ടാവുന്ന കാര്യങ്ങളല്ല. 2021ൽ തുടർഭരണം ലഭിച്ചപ്പോൾ രാഷ്ട്രീയമായും സംഘടനാപരമായും ഭരണപരമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പ്രത്യേകം ചർച്ച ചെയ്ത് തീരുമാനിക്കുകയുണ്ടായി. അത് എത്രമാത്രം ശ്രദ്ധാപൂർവം പ്രാവർത്തികമാക്കാൻ സാധിച്ചു; എവിടെയൊക്കെയാണ് വീഴ്ചയോ പോരായ്മയോ ഇതിനിടെ സംഭവിച്ചത് എന്ന പരിശോധനയാണ് പാർട്ടി ഇപ്പോൾ നടത്തുക.

കേരള സംസ്ഥാനക്കമ്മിറ്റി നടത്തിയ പരിശോധനകളെ കൂടി ആസ്പദമാക്കി പാർട്ടി കേന്ദ്രക്കമ്മിറ്റിയുടെ അവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയ ഒരു കാര്യം ക്ഷേമപെൻഷൻ വിതരണത്തിലും മറ്റുമുണ്ടായ പ്രയാസങ്ങൾ ജനങ്ങൾക്ക് അസംതൃപ്തിയുണ്ടാക്കി എന്നതാണ്. കേന്ദ്രത്തിലെ നരേന്ദ്രമോദി സർക്കാർ കേരളത്തോട് വെെരാഗ്യപൂർവം സാമ്പത്തിക ഉപരോധ സമാനമായ സാഹചര്യം സൃഷ്ടിച്ചതുമൂലമാണ് യഥാർഥത്തിൽ ഈ വെെഷമ്യങ്ങൾ ഉണ്ടായത്. എന്നാൽ യുഡിഎഫും ബിജെപിയും മുഖ്യധാരാ മാധ്യമങ്ങളും ഇത് മറച്ചുപിടിക്കുകയും സംസ്ഥാന സർക്കാരിനുമേൽ പഴിചാരുകയുമാണ് ചെയ്തത്. ഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരും എംപിമാരും ചേർന്നു നടത്തിയ സമരവും സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ സമീപനം ചോദ്യംചെയ്തുകൊണ്ടു കേസ് നടത്തിയതും, നവകേരള സദസ്സിന്റെ ഭാഗമായി സംഘടിപ്പിച്ച ജനകീയ സമ്പർക്കപരിപാടിയും ഒരു പരിധി വരെ ബഹുജന ബോധവൽക്കരണത്തിന് സഹായകമായി. എന്നാൽ എതിർ പ്രചാരവേലയെ പൂർണമായി തുറന്നുകാട്ടുന്നതിൽ വിജയിക്കാനായില്ല.

കയർ, കശുവണ്ടി, കെെത്തറി തുടങ്ങിയ പരമ്പരാഗത വ്യവസായമേഖലകളിൽ പ്രശ്നങ്ങളുണ്ട്. രാജ്യത്തെ പൊതുസാമ്പത്തികനയങ്ങളുടെ ദോഷഫലങ്ങളാണവ പലതും. സംസ്ഥാന സർക്കാർ അവയെ സംരക്ഷിക്കാൻ പരമാവധി ശ്രമിക്കുന്നു. എന്നാലും പരിമിതികൾ ഉണ്ട്. ഇടതുപക്ഷത്തിന്റെ പരമ്പരാഗത ശക്തി മേഖലകളാണ് ഇവ. വ്യത്യസ്തതോതിൽ ഈ മേഖലകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഇടതുപക്ഷ സ്വാധീനതയെ ബാധിച്ചതായി കാണാം.

ബിജെപിയും ആർഎസ്എസ്സും ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചും അല്ലാതെയും നടത്തുന്ന ‘ഹെെന്ദവ വികാരം’ ആളിക്കത്തിച്ച് അത് വർഗീയബോധമാക്കാനുള്ള നാനാതരം പ്രവർത്തനപരിപാടികൾ വേണ്ടത്ര ഗൗരവത്തോടെ കണക്കിലെടുക്കുവാനും ചെറുത്തുനിൽപ്പ് സംഘടിപ്പിക്കുവാനും കഴിഞ്ഞിട്ടില്ല എന്ന ഗുരുതരമായ ദൗർബല്യവും തിരിച്ചറിഞ്ഞ് തിരുത്തേണ്ടതാണ്.

ജാതിയുടെയും മതത്തിന്റെയും സ്വാധീനം ജനങ്ങളിൽ തുടരുക ഇന്നത്തെ സാഹചര്യത്തിൽ സ്വാഭാവികമാണ്. എന്നാൽ അത് തീവ്രജാതീയതയായും മുരത്ത വർഗീയതയായും വഴിപിഴയ്ക്കുന്നത്, ശ്രീനാരായണഗുരുവിന്റെയും അയ്യൻകാളിയുടെയും ചട്ടമ്പിസ്വാമികളുടെയും വക്കം അബ്ദുൾഖാദർ മൗലവിയുടെയും ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും വാഗ്-ഭടാനന്ദന്റെയും ഉൾപ്പെടെ പാരമ്പര്യമുള്ള നാടിന് അപമാനകരമാണ്. ഈ ബോധം സമൂഹത്തിൽ ആഴത്തിൽ വ്യാപിപ്പിക്കുന്നതിന് കൂടുതൽ ശ്രദ്ധാപൂർവം ശ്രമിക്കേണ്ടതുണ്ട‍്. ശ്രീനാരായണഗുരുവിന്റെയും യേശുക്രിസ്തുവിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നു എന്ന് അവകാശപ്പെടുന്നവർക്കിടയിലേക്കുപോലും അവിടെയും ഇവിടെയും വർഗീയ പ്രസ്ഥാനങ്ങൾ സ്വാധീനമുറപ്പിക്കുന്നു എന്നു വരുന്നത് അത്യന്തം ആശങ്കാജനകമാണ്.

യുവതലമുറയിൽ അവിടവിടെ പ്രത്യക്ഷപ്പെടുന്ന അരാഷ്ട്രീയതയും ഒപ്പം വർഗീയതീവ്രവാദ സ്വഭാവമുള്ള സംഘടനകളിൽ സജീവമാകാനുള്ള ഒരു വിഭാഗം യുവാക്കളുടെ സന്നദ്ധതയും പരസ്പരവിരുദ്ധമല്ല; പരസ്പര പൂരകങ്ങളായ അപകടമായി വിലയിരുത്തേണ്ടതാണ്.

സിപിഐ എം അംഗീകരിച്ചിട്ടുള്ളതും ശ്രദ്ധാപൂർവം നടപ്പാക്കാൻ ശ്രമിച്ചുപോരുന്നതുമായ ‘തെറ്റുതിരുത്തൽ’ സംബന്ധിച്ച കാര്യങ്ങൾ തിരഞ്ഞെടുപ്പ് അവലോകന ചർച്ചാ വേളയിൽ ഉയർന്നുവരികയുണ്ടായി. ത്രിതല പഞ്ചായത്തു സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും കാര്യക്ഷമമായും അഴിമതിരഹിതമായും പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുന്നതിൽ ചില പോരായ്മകൾ ഒറ്റപ്പെട്ട നിലയിലാണെങ്കിൽപോലും ഉണ്ടാകുന്നത് കർശനമായി തിരുത്തേണ്ടതുണ്ട്.

ജനങ്ങളുടെ സേവകരാണ് ഏതുതലത്തിലുള്ള കമ്യൂണിസ്റ്റുകാരും. അതുപോലെ തന്നെ പ്രധാനമാണ് ജനങ്ങളിൽ മതിപ്പു സൃഷ്ടിക്കാത്ത പെരുമാറ്റം ഉണ്ടാകാതെ നോക്കണമെന്ന കാര്യവും. ഇതെല്ലാം അവലോകനത്തിന്റെ ഭാഗമായി ചൂണ്ടിക്കാണിക്കുന്നു. ‘തെറ്റുതിരുത്തൽ’ തുടർച്ചയായി ഏറ്റെടുക്കേണ്ടതാണ്. അന്യവർഗ ചിന്താഗതികൾ ബാധിക്കാതെ നോക്കാൻ സദാ ജാഗ്രത പാലിക്കണമെന്നും കേന്ദ്രക്കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു.

ഇടതുപക്ഷ ജനാധിപത്യശക്തികൾ ഭാവി രാഷ്ട്രീയത്തിന്റെ ദിശനിർണയിക്കുന്നതിൽ ഇടപെടാൻ കഴിവുള്ള ഒരു ബദലായി ഇന്ത്യയിൽ വളരേണ്ടതുണ്ട്. അത് എന്തിനുവേണ്ടിയാണ് എന്നുള്ള കാര്യം വളരെ വ്യക്തമാണ്. വർഗീയമോ, വർഗീയ ഇതരമോ, വർഗീയവിരുദ്ധമോ എന്ന രൂപത്തിലുള്ള തരംതിരിവുകൾ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ വളരെ വളരെ പ്രധാനമാണെന്നതിൽ സംശയമില്ല. എന്നാൽ അതു മാത്രമായി ഇന്ത്യയുടെ ഭാവി രാഷ്ട്രീയത്തിന്റെ പാതയും ചേരിതിരിവുകളും പരിമിതപ്പെട്ടുകൂടാ. സാമാന്യജനതയുടെ ദെെനംദിന ജീവിതാവശ്യങ്ങൾ ഗവൺമെന്റിന്റെ സാമ്പത്തിക നയപരിപാടികളാൽ നിർണയിക്കപ്പെടുന്നതാണ്. അവിടെ സാധാരണക്കാരുടെ തൊഴിൽ, ജീവിക്കാനുതകുന്ന കൂലി, വിദ്യാഭ്യാസ–ആരോഗ്യ സൗകര്യങ്ങൾ താങ്ങാവുന്ന വിധം എല്ലാ ജനവിഭാഗങ്ങൾക്കും ലഭ്യമാക്കാനുള്ള ഗവൺമെന്റ് ബാധ്യത, കുടിവെള്ളം, വെെദ്യുതി, വിലക്കയറ്റം എന്നിവയിലുള്ള സർക്കാർ ഇടപെടലുകൾ: ഇതെല്ലാം സർക്കാരിന്റെ സാമ്പത്തിക നയങ്ങളുമായി ഗാ-ഢബന്ധമുള്ളതാണെന്നു വ്യക്തം.

ഇന്ത്യാ ബ്ലോക്കിലെ കോൺഗ്രസ്സ് ഉൾപ്പെടെയുള്ള മിക്ക പാർട്ടികളും സാമ്പത്തിക നയസമീപനങ്ങളുടെ കാര്യത്തിൽ ബിജെപിയുമായി അടിസ്ഥാനപരമായി തർക്കിക്കുന്നവരല്ല. കോൺഗ്രസ് മാനിഫെസ്റ്റോ തന്നെ ഇതിന് വ്യക്തമായ തെളിവു നൽകുന്നു. അങ്ങിനെ ആണെങ്കിൽ ജനങ്ങളിൽ മഹാഭൂരിപക്ഷം വരുന്ന തൊഴിലാളി – കർഷക– കർഷകത്തൊഴിലാളി ജനതയേയും പാവപ്പെട്ടവരെയും ഇടത്തരക്കാരെയും പ്രതികൂലമായി ബാധിക്കുന്ന സാമ്പത്തികനയങ്ങൾ പിന്തുടരുന്ന കോൺഗ്രസ്സും അത്തരം പ്രാദേശിക പാർട്ടികളും ചേർന്ന ഇന്ത്യാ ബ്ലോക്കിനൊപ്പം എന്തിനാണ് സിപിഐ -എമ്മും ഇടതുപക്ഷവും സഹകരിച്ചത് എന്ന വിമർശനപരമായ ചോദ്യം ഉയരാം. ഫാസിസ്റ്റ് ആർഎസ്-എസ് നിയന്ത്രിക്കുന്ന ബിജെപി ഭരണം കേന്ദ്രത്തിൽ ഒരു നിമിഷം മുമ്പെങ്കിൽ അങ്ങനെ അവസാനിപ്പിക്കുവാൻ സർവശക്തിയുമെടുത്ത് പൊരുതുകയാണ് ഇന്ന് ഇന്ത്യയിൽ ഓരോ മനുഷ്യസ്നേഹിയുടെയും അടിയന്തര കടമ എന്ന് വ്യക്തമായ തിരിച്ചറിവ് ഉള്ളതിനാലാണ് ഇടതുപക്ഷം എല്ലാ വർഗീയവിരുദ്ധ ശക്തികളെയും വിശാലവേദിയിൽ അണിനിരത്തുക എന്ന നയത്തിനുവേണ്ടി മുന്നണിയിൽനിന്നു പ്രവർത്തിച്ചത്.

എന്നാൽ ദെെനംദിന ജനജീവിതപ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള ശരിയായ സാമ്പത്തിക നയങ്ങൾക്കുവേണ്ടിയുള്ള സമരത്തിന്റെ പോരാട്ടമുഖവും ആർഎസ്എസ് ഫാസിസത്തിന് എതിരായ സമരത്തിനു സമാന്തരമായി ഇന്നല്ലെങ്കിൽ നാളെ തുറന്നേ തീരൂ. അവിടെയാണ് ഇടതുപക്ഷത്തിന്റെയും സിപിഐ എമ്മിന്റെ യും പ്രാധാന്യവും പ്രസക്തിയും. സുശക്തമായ ഒരു സിപിഐ എം ഉണ്ടെങ്കിലേ ഇത്തരം ജനജീവിത പ്രശ്നങ്ങൾ രാജ്യത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട മുഖ്യ ആഖ്യാനമാവുകയുള്ളൂ.

അതുകൊണ്ടുതന്നെ തിരിച്ചടികൾ മറികടന്ന് അതിശക്തവും അഭിമാനകരവുമായ തിരിച്ചുവരവു നടത്തുവാൻ പുരോഗമന ശക്തികൾക്ക് സാധിക്കേണ്ടതുണ്ട്‌. അതിനുള്ള ഒരേയൊരു മാർഗം സത്യസന്ധവും ആത്മാർഥവും നിർഭയവുമായ ആത്മപരിശോധനയും പോരായ‍്മകൾ തിരുത്തുവാനുള്ള സന്നദ്ധതയുമാണ്. അതിൽ ഓരോ പാർട്ടി അംഗവും സ്വന്തം പങ്ക് നിർവഹിക്കണം. ജനങ്ങളുടേതാണ് പാർട്ടി എന്നതിനാൽ ജനങ്ങൾക്കു പറയാനുള്ളതും ക്ഷമാപൂർവം കേട്ട് വേണ്ട തീരുമാനങ്ങൾ കെെക്കൊള്ളണം. തെറ്റിദ്ധാരണമൂലവും ശത്രുതാപരമായ മാധ്യമ കുപ്രചാരണങ്ങൾ വഴിയുമുള്ള ആശയക്കുഴപ്പങ്ങൾ ദൂരീകരിക്കാനും ഈ പ്രക്രിയയിലൂടെ പാർട്ടിക്കു സാധിക്കും. സംഘടനാപരമായ കെട്ടുറപ്പും അച്ചടക്കവും കാത്തുസൂക്ഷിച്ചുകൊണ്ട് ഈ കടമകൾ നിറവേറ്റാനുള്ള ശേഷി കേരളത്തിലും ഇന്ത്യയിലും സിപിഐ എമ്മിനുണ്ട്. അത് അനുഭവവേദ്യമാകുന്നതോടെ പാർട്ടിക്കും എൽഡിഎഫ് ഗവൺമെന്റിനും എതിരെ കുപ്രചാരണങ്ങൾ നടത്തുന്നവർ നിരാശരാകും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one + 5 =

Most Popular