Monday, September 9, 2024

ad

Homeവിശകലനംമുരടിക്കുന്ന കൂലി, 
ഇടിയുന്ന കൂലി വിഹിതം

മുരടിക്കുന്ന കൂലി, 
ഇടിയുന്ന കൂലി വിഹിതം

ഡോ. ടി എം തോമസ്‌ ഐസക്‌

നിയോലിബറലിസത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്ന് ഉല്പാദിപ്പിക്കപ്പെടുന്ന മൂല്യത്തിൽ ലാഭത്തിന്റെ വിഹിതം വർദ്ധിപ്പിക്കുകയാണ്. എങ്കിലേ സാമ്പത്തിക വളർച്ചയുടെ വേഗത വർദ്ധിപ്പിക്കാനാകൂവെന്നാണ് അവരുടെ വാദം. സ്വാഭാവികമായും അധ്വാനിക്കുന്നവരുടെ വിഹിതം കുറയും.

സാധാരണഗതിയിൽ കൂലി നിരക്കിലും വരുമാനത്തിലും എന്തുതന്നെ വർദ്ധനയുണ്ടായാലും അത് ഉല്പാദനമൂല്യത്തിന്റെ വർദ്ധനവിന് ആനുപാതികമായി ഉയരില്ല. അല്ലാത്തപക്ഷം തൊഴിലാളികൾക്കു വലിയ ദൗർലഭ്യം നേരിടുകയോ അവർ വളരെ ശക്തമായി വിലപേശി കൂലി ഉയർത്തിക്കുകയോ ചെയ്യണം. ഇത് ഒഴിവാക്കുന്നതിനാണ് അയവേറിയ (flexible) തൊഴിൽ കമ്പോളം എന്ന മുദ്രാവാക്യം നിയോലിബറലിസം ഉയർത്തുന്നത്. സ്വതന്ത്ര ഇന്ത്യയിൽ കൂലി നിരക്കിന്റെയും തൊഴിലെടുക്കുന്നവരുടെ വരുമാനത്തിന്റെയും ഗതിവിഗതികൾ പൊതുവിൽ പരിശോധിക്കാനാണ് ഈ ലേഖനത്തിൽ ശ്രമിക്കുന്നത്.

കർഷകത്തൊഴിലാളികളുടെ കൂലി
കൂലിവേലക്കാരിൽ സിംഹപങ്കും കർഷകത്തൊഴിലാളികളാണ്. അതുകൊണ്ട് അവരുടെ കൂലി നിരക്കിലെ വർദ്ധനയാണ് മുഖ്യമായി പ്രതിപാദിക്കുന്നത്. മറ്റു ഗ്രാമീണ കൈത്തൊഴിലുകാരായ കെട്ടിട നിർമ്മാണക്കാർ, മരപ്പണിക്കാർ, മറ്റു കരകൗശല തൊഴിലാളികൾ തുടങ്ങിയവരുടെ കൂലി കർഷകത്തൊഴിലാളികളേക്കാൾ ഉയർന്നതാണ്. എന്നാൽ പൊതുവിൽ ഈ കൂലി നിരക്കുകളെല്ലാം പരസ്പര അനുപാതങ്ങളിൽ വലിയ മാറ്റമില്ലാതെ ഉയരുകയും താഴുകയും ചെയ്യുന്നുവെന്നതാണ് അനുഭവം. അതുകൊണ്ട് കർഷക ത്തൊഴിലാളികളുടെ കൂലിയെക്കുറിച്ചുള്ള നിഗമനങ്ങളെ പൊതുവിൽ ഗ്രാമീണ മേഖലയിലെ കൂലി നിരക്കുകളിൽ വന്ന മാറ്റങ്ങളായി പരിഗണിക്കാം.

കൊളോണിയൽ കാലഘട്ടത്തിൽ വളരെ പതുക്കെ ഇഴഞ്ഞു മാത്രമേ കർഷക തൊഴിലാളികളുടെ കൂലിയിൽ വർദ്ധന ഉണ്ടായിട്ടുള്ളൂ. ദീപക് ലാൽ എന്നൊരു പണ്ഡിതൻ ലോകബാങ്കിനുവേണ്ടി 1880-നും 1980-നും ഇടയിൽ കർഷകത്തൊഴിലാളികളുടെ കൂലി നിരക്കിൽവന്ന മാറ്റങ്ങളെ ക്രോഡീകരിച്ചിട്ടുണ്ട്. അതുപ്രകാരം പത്തൊൻപതാം നൂറ്റാണ്ടിൽ കൂലിയിൽ വർദ്ധനയേ ഉണ്ടായിട്ടില്ല. എന്നാൽ ഒന്നാം ലോകയുദ്ധത്തിനു ശേഷം കൂലി നിരക്ക് ഉയർന്നു. പക്ഷേ, 1930-കളിലെ ആഗോള മാന്ദ്യത്തെത്തുടർന്ന് ഈ വർദ്ധനയിൽ നല്ലപങ്കും ചോർന്നു പോയി. 1919-നും 1947-നും ഇടയിൽ കർഷകത്തൊഴിലാളിയുടെ കൂലി പ്രതിവർഷം 0.4 ശതമാനം വീതം മാത്രമാണ് വർദ്ധിച്ചത്. ഇതേ സ്ഥിതിവിശേഷം സ്വാതന്ത്ര്യം ലഭിച്ചശേഷവും അറുപതുകളുടെ മദ്ധ്യംവരെ തുടർന്നു. അതിനുശേഷമാണ് കൂലി വർദ്ധിക്കാൻ തുടങ്ങിയത്. ഇതിനു പ്രധാനപ്പെട്ട കാരണം ഹരിത വിപ്ലവത്തെ തുടർന്ന് കാർഷിക ഉല്പാദനക്ഷമതയും ഉല്പാദനവും വർദ്ധിച്ചതാണ്. കർഷകത്തൊഴിലാളി പ്രസ്ഥാനങ്ങൾ ശക്തിപ്പെട്ട കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ കൂലി വർദ്ധന കൂടുതൽ പ്രകടമാണ്. മിനിമംകൂലി നിയമങ്ങളും കൂലി വർദ്ധനവിൽ പങ്കുവഹിച്ചിട്ടുണ്ട്.

എന്നാൽ 1980-കളിൽ കർഷകത്തൊഴിലാളികളുടെ കൂലി നിരക്കിലുള്ള വർദ്ധന മന്ദീഭവിച്ചു. മുകളിൽ ചിത്രം 1-ൽ കാണാവുന്നതുപോലെ 1991-ൽ നിയോലിബറൽ പരിഷ്കാരങ്ങൾ ആരംഭിച്ചതോടെ കർഷകത്തൊഴിലാളികളുടെ കൂലി പൂർണ്ണ മാന്ദ്യത്തിലായി. 2006–-07-നുശേഷമാണ് കൂലി വീണ്ടും ഉയരാൻ തുടങ്ങിയത്. 2006–-07-നും 2014-–15-നും ഇടയിൽ എല്ലാ വിഭാഗം കർഷക തൊഴിലാളികളുടെയും കൂലി നിരക്കുകൾ ആറ് ശതമാനം വീതം പ്രതിവർഷം വളർന്നു. കർഷകത്തൊഴിലാളി കൂലി നിരക്കിൽ ഏറ്റവും വലിയ വർദ്ധനയുണ്ടായ കാലമാണിത്.

ഈ കാലത്തിന്റെ മറ്റൊരു പ്രത്യേകത കാർഷികേതര മേഖലയിലെ കൂലി നിരക്കുകളും സമാനമായി ഉയർന്നുവെന്നുള്ളതാണ്. ചിത്രം 1-ൽ കെട്ടിട നിർമ്മാണ തൊഴിലാളികളുടെ കൂലി നിരക്കേ നൽകിയിട്ടുള്ളൂ. അതിനു പുറമേ മരപ്പണിക്കാർ, അവിദഗ്ധതൊഴിലാളികൾ തുടങ്ങിയവരുടെ കൂലി നിരക്കുകൾ എടുത്താലും ഇതിനു സമാനമായ ഗതിമാറ്റങ്ങളാണു കാണാൻ കഴിയുന്നത്. 2006-–07 മുതലുള്ള കാലത്തിന്റെ മറ്റൊരു പ്രത്യേകത സ്ത്രീ തൊഴിലാളികളുടെ കൂലി പുരുഷ തൊഴിലാളികളേക്കാൾ വേഗതയിൽ വളരാൻ തുടങ്ങി എന്നുള്ളതാണ്. സ്ത്രീ തൊഴിലാളികളുടെ കൂലി പുരുഷ തൊഴിലാളികളുടെ കൂലി വളരെ താഴെയാണ് ഇന്നും ഉള്ളതെങ്കിലും രണ്ടു നിരക്കുകളും തമ്മിലുള്ള അകലം കുറഞ്ഞു തുടങ്ങി.

തൊഴിലുറപ്പും ഗ്രാമീണ കൂലിയും
എന്താണ് 2006-–07- വർഷത്തിന്റെ പ്രത്യേകത? നിയോലിബറൽ നയങ്ങളിൽ മാറ്റങ്ങളൊന്നും വന്നില്ലെങ്കിലും ആ വർഷം തൊഴിലുറപ്പ് നിയമം പാസ്സായി. നൂറ് ദിവസത്തെ അധിക തൊഴിൽ ദിനങ്ങൾ ആവശ്യമുള്ള തൊഴിലാളി കുടുംബങ്ങൾക്കെല്ലാം ഈ നിയമം ഗ്യാരണ്ടി ചെയ്തു. കർഷകത്തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ കുറഞ്ഞുകൊണ്ടിരിക്കുന്ന വേളയിൽ തൊഴിലുറപ്പ് വലിയ സഹായമായിരുന്നുവെന്ന് മാത്രമല്ല, തൊഴിലാളികളുടെ വിലപേശൽ കഴിവ് ഉയർത്തുകയും കൂലി നിരക്കിൽ വർദ്ധനവ് വരുത്തുകയും ചെയ്തു. മിനിമം കൂലി നിരക്കിനേക്കാൾ താഴ്ന്നതാണെങ്കിലും ഓരോ സംസ്ഥാനത്തും നിലവിലുണ്ടായിരുന്ന കർഷകത്തൊഴിലാളി മിനിമം കൂലിയോടു ബന്ധിപ്പിച്ചുകൊണ്ടാണ് തൊഴിലുറപ്പ് കൂലി നിർണ്ണയിക്കപ്പെട്ടത്. ഭൂവുടമകൾ പല സംസ്ഥാനങ്ങളിലും തൊഴിലുറപ്പ് പദ്ധതി കർഷകത്തൊഴിലാളികളുടെ ദൗർലഭ്യം സൃഷ്ടിക്കുന്നുവെന്നു ഭൂവുടമകൾ പരാതിപ്പെട്ടതും ഈ സന്ദർഭത്തിൽ ഓർക്കാവുന്നതാണ്.

ചിത്രം 1
കർഷകത്തൊഴിലാളികളുടെയും കെട്ടിട നിർമ്മാണ തൊഴിലാളികളുടെയും 
യഥാർത്ഥ കൂലി നിരക്കിലുള്ള മാറ്റം (1989-–90/2022-–23)

(കടപ്പാട്:www.ras.org.in)

കൂലിയിലുണ്ടായ വർദ്ധനയുടെ ഏകകാരണം തൊഴിലുറപ്പ് പദ്ധതി ആണെന്നല്ല വാദിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ കർഷക തൊഴിലാളി കൂലി നിരക്കിലുണ്ടായ വർദ്ധനയുടെ വ്യത്യാസത്തെക്കുറിച്ച് പഠിച്ച പണ്ഡിതരിൽ പലരും ഉല്പാദനക്ഷമതയിലെ വർദ്ധനവ് ഒരു പ്രധാന ഘടകമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മറ്റൊരു ഘടകം കാർഷിക മേഖലയിലുള്ള തൊഴിലവസര വർദ്ധനയാണ്. കെട്ടിട നിർമ്മാണ മേഖലയിൽ അഭൂതപൂർവ്വമായ പുരോഗതി ഈ കാലയളവിൽ ഉണ്ടായി. കർഷകത്തൊഴിലാളികൾ കാർഷികേതര മേഖലയിലെ തൊഴിലുകളിൽ ഏർപ്പെടുന്നത് കൂടുതൽ പ്രകടമാകുന്നത് ഈ കാലയളവിലാണ്. കാർഷികോല്പന്നങ്ങളുടെ തറവിലയിൽ വരുത്തിയ വർദ്ധനയും മറ്റൊരു ഘടകമാണ്.

മോദിയുടെ കാലം കൂലി മരവിപ്പിന്റെ കാലം
യുപിഎ സർക്കാരിന്റെ കാലത്ത് അനുവർത്തിച്ച കാർഷിക നയങ്ങളും തൊഴിലുറപ്പും ഗ്രാമീണ കൂലി നിരക്കുകൾ ഉയർത്തുന്നതിന് സഹായിച്ചുവെങ്കിൽ 2014 മുതലുള്ള മോദിയുടെ നയങ്ങൾ ഗ്രാമീണ കൂലി നിരക്കുകളുടെ മരവിപ്പിലേക്ക് നയിച്ചു. ഇത് ചിത്രം 1-ൽ വ്യക്തമായി കാണാം. 2006-–07 മുതൽ 2013–14 വരെ ദ്രുതഗതിയിൽ വളർന്ന കൂലി നിരക്കുകൾ 2014 മുതൽ നാമമാത്രമായിട്ടേ വർധിച്ചുള്ളൂ.

പട്ടിക 1
ഗ്രാമീണ കൂലിനിരക്കുകളിലെ മാന്ദ്യം 2014–-15/2022–-23

തൊഴിൽ കൂലി നിരക്ക് വർദ്ധന
2014-–15 2022-–23
ഉഴവ് 176.90 180.60 3.70
വിത/നടീൽ/കള പറിക്കൽ 125.10 136.90 11.80
കൊയ്-ത്ത്/മെതി/പാറ്റൽ 132.10 134.60 2.50
കൽപ്പണി 227.40 242.34 14.94
ആശാരിപ്പണി 181.20 186.50 5.30

(കടപ്പാട്: www.ras.org.in)

നോട്ടുനിരോധനം, ജി.എസ്.ടി, കോവിഡ് കാലത്തെ അനാസ്ഥ, തൊഴിലുറപ്പിനോടുള്ള അവഗണന തുടങ്ങിയവയെല്ലാം കാർഷിക മേഖലയേയും കൂലിയേയും പ്രതികൂലമായി ബാധിച്ചു. പട്ടിക 1-ൽ ഇത് വ്യക്തമായി കാണാം.

2014–-15 മുതൽ 2022-–23 വരെയുള്ള ഒൻപത് വർഷക്കാലത്തിനിടയിൽ ഉഴവുകൂലിയിൽ 3.70 രൂപയാണ് വർദ്ധിച്ചത്. ഇതേ ജോലിക്ക് 2007-–08-നും 2014–-15-നും ഇടയിൽ യഥാർത്ഥകൂലി 60 രൂപ വർദ്ധിക്കുകയുണ്ടായി. സ്ത്രീകളുടെ നടീൽ/കളപറിക്കൽ തൊഴിലിന് കൂലി 11.80 രൂപയും കൊയ്ത്ത്/മെതി/പാറ്റൽ ഇവയുടെ കൂലി 2.50 രൂപയും വർദ്ധിച്ചു. സ്ത്രീകളുടെ കൂലി നിരക്കുകളിൽ താരതമ്യേന കൂടുതൽ ദുർബലമായ വളർച്ചയേ ഉണ്ടായുള്ളൂ. അതുകൊണ്ട് സ്ത്രീ-–പുരുഷ കൂലി അന്തരം വർദ്ധിച്ചു. ഇതുപോലെ 23 ഇനം ഗ്രാമീണ തൊഴിലുകൾ പരിശോധിച്ചപ്പോൾ 2014-–15-നും 2022-–23-നും ഇടയിൽ മഹാഭൂരിപക്ഷം തൊഴിലുകൾക്കും 1 ശതമാനത്തിൽ താഴെ മാത്രമാണ് പ്രതിവർഷം വർദ്ധനയുണ്ടായത്.

ഫാക്ടറി മേഖലയിലും മരവിപ്പ്
കൂലിപ്പണിയുടെ അതേ ചിത്രമാണ് ഫാക്ടറി മേഖലയിലെ തൊഴിലാളികളുടെ പ്രതിദിന വരുമാനം പരിശോധിച്ചാലും കാണുവാൻ കഴിയുക. കേന്ദ്ര സർക്കാർ എല്ലാ വർഷവും ഓരോ തൊഴിൽ മേഖലയേയും തരംതിരിച്ച് ഫാക്ടറികളുടെ ഉല്പാദനം, ചെലവ്, ലാഭം തുടങ്ങിയവയുടെ കണക്കുകൾ പ്രസിദ്ധീകരിക്കുന്നുണ്ട്. അതിൽ കൂലിവേലക്കാർക്കും ശമ്പളക്കാർക്കുമുള്ള മൊത്തം കൂലി ചെലവിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും കണക്കുണ്ട്. ഈ തുകയെ മൊത്തം ജീവനക്കാരുടെ എണ്ണവും ശരാശരി തൊഴിൽ ദിനങ്ങളുംകൊണ്ട് ഹരിച്ചാൽ ഒരു ദിവസത്തെ കൂലി വരുമാനത്തിന്റെ കണക്ക് കിട്ടും. ഇതുപോലെ സൂപ്പർവൈസർമാരുടെയും മറ്റും ശമ്പളത്തിന്റെയും ആനുകൂല്യങ്ങളുടെയും പ്രതിദിന വരുമാനം കണക്ക് കൂട്ടിയെടുക്കാം. 2002-–03-നും 2021-–22-നും ഇടയിൽ സാധാരണ തൊഴിലാളികളുടെയും സൂപ്പർവൈസർമാരുടെയും പ്രതിദിന വരുമാനത്തിൽവന്ന മാറ്റങ്ങളെയാണ് ചിത്രം 2-ൽ നൽകിയിട്ടുള്ളത്.

ചിത്രം 2
ഇന്ത്യയിലെ ഫാക്ടറികളിൽ തൊഴിലാളികളുടെയും സൂപ്പർവൈസർമാരുടെയും 
പ്രതിശീർഷ പ്രതിദിന വരുമാനം

(കടപ്പാട്: www.ceda.ashoka.edu.in)

ചിത്രം 2-ൽ നീല രേഖ തൊഴിലാളികളുടെ പ്രതിശീർഷ പ്രതിദിന വരുമാനത്തെയും, ചുവന്ന രേഖ സൂപ്പർവൈസർമാരുടെ പ്രതിദിന വരുമാനത്തെയും സൂചിപ്പിക്കുന്നു. രണ്ടും തമ്മിലുള്ള പ്രകടമായ വ്യത്യാസം വളരെ പെട്ടെന്നു മനസിലാക്കാനാകും. സൂപ്പർവൈസർമാരുടെ വരുമാനം തൊഴിലാളികളുടെ വരുമാനത്തിന്റെ 2-3 മടങ്ങ് കൂടുതൽ വരും. സൂപ്പർവൈസർമാരുടെ വരുമാനം വലിയ ചാഞ്ചാട്ടത്തിനു വിധേയമാണ്. അവർക്ക് കിട്ടുന്ന ആനുകൂല്യങ്ങളിൽ വരുന്ന മാറ്റമാണ് കാരണം. പക്ഷേ, അതേസമയം അവരുടെ വരുമാനത്തിന്റെ രേഖ മൊത്തത്തിൽ എടുത്താൽ മുകളിലേക്കാണ്. നേരെമറിച്ച്, തൊഴിലാളികളുടെ വരുമാനത്തിന്റെ രേഖയിൽ വലിയ ചാഞ്ചാട്ടമില്ല. ശ്രദ്ധേയമായ വർദ്ധനയൊന്നും കാണാനും കഴിയില്ല.

തൊഴിലാളികളുടെ കൂലി ആദ്യത്തെ പത്ത് വർഷക്കാലത്തിനിടയിൽ (2002-–03/2011-–12) 265 രൂപയ്ക്കും 280 രൂപയ്ക്കും ഇടയ്ക്കായിരുന്നു. 2003-–04-ലാണ് ഏറ്റവും ഉയർന്ന വരുമാനം (279 രൂപ) ലഭിച്ചത്. എന്നാൽ 2012-–13-നുശേഷം പ്രതിദിന വരുമാനം 230 രൂപയ്ക്കും 307 രൂപയ്ക്കും ഇടയ്ക്ക് തത്തിക്കളിക്കുകയായിരുന്നു. കോവിഡിനു മുമ്പു തന്നെ പ്രതിദിന വരുമാനം ഇടിയാൻ തുടങ്ങിയിരുന്നു. 2017-–18-ൽ വരുമാനം 298 രൂപ ആയിരുന്നത് 2018-–19-ൽ 21 ശതമാനം കുറഞ്ഞ് 235 രൂപയായി. 2019-–20-ൽ വീണ്ടും 230 രൂപയായി. പിന്നീട് ഉയർന്ന് 2021-–22-ൽ 307 രൂപയായി. മൊത്തം കാലയളവ് (2002-–03/2021-–22) എടുത്താൽ ഫാക്ടറി തൊഴിലാളികളുടെ യഥാർത്ഥ വരുമാനം 0.6 ശതമാനം വീതം മാത്രമാണ് വളർന്നത്.

അതേസമയം, സൂപ്പർവൈസർമാരുടെ യഥാർത്ഥ വരുമാനം പ്രതിവർഷം 3.1 ശതമാനംവച്ച് വളർന്നു. അവരുടെ ശരാശരി പ്രതിദിന വരുമാനം 2002–-03-ൽ 980 രൂപ ആയിരുന്നത് 2021-–22-ൽ 1,758 രൂപയായി വർദ്ധിച്ചു. ഇരുവിഭാഗവും തമ്മിലുള്ള അന്തരം വർദ്ധിച്ചു.

ഗ്രാമീണ തൊഴിലുകാരുടെ വരുമാനം
ഗ്രാമീണ മേഖലയിലെ കൂലി നിരക്കുകളെക്കുറിച്ചു മാത്രമാണ് വിശകലനം ചെയ്തത്. ഫാക്ടറി മേഖലയിലേതുപോലെ അവർക്ക് പ്രതിമാസം അല്ലെങ്കിൽ പ്രതിവർഷം എന്തു വരുമാനം ലഭിക്കുമെന്നത് പരിശോധിക്കേണ്ടതുണ്ട്. ഇത് കണക്കാക്കുന്നതിന് കൂലി നിരക്കുപോലെ തന്നെ പ്രധാനമാണ് എത്ര ദിവസത്തെ തൊഴിൽ ലഭിക്കുമെന്നുള്ളത്. ഇന്ത്യയിലെ കർഷകത്തൊഴിലാളികളുടെ ശരാശരി പ്രവൃത്തിദിനങ്ങൾ കുറഞ്ഞുവരുന്നതായിട്ടാണ് ലഭ്യമായ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത്.

പട്ടിക 2
വിവിധ വിഭാഗം തൊഴിലുകാരുടെ പ്രതിമാസ വരുമാനം

തൊഴിൽ വിഭാഗം 2017–18 2018–19 2019–20 2020–21 2021–22
സ്വയംതൊഴിൽ 12,318 12,988 11,560 11,411 12,089
കാഷ്വൽ തൊഴിലാളികൾ 6,959 7,209 7,324 7,431 7,856
സ്ഥിരം തൊഴിലാളികൾ 19,450 19,690 18,907 19,074 19,456

(കടപ്പാട്: www. publications.azimpremjiuniversity.edu.in)

2017-–18-ൽ ആരംഭിച്ച പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വേ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തൊഴിലെടുക്കുന്നവരുടെ പ്രതിമാസ വരുമാന താരതമ്യപ്പെടുത്താനാകും. പട്ടിക 2-ൽ കാണാവുന്നതുപോലെ സ്വയംതൊഴിൽ എടുക്കുന്നവരുടെ വരുമാനത്തിൽ 2017-–18/2021–22 കാലയളവിൽ യഥാർത്ഥ വരുമാനം 12,318 രൂപയിൽ നിന്ന് 12,089 രൂപയായി കുറഞ്ഞു. 2020-–21-ലെ തകർച്ച കോവിഡുമൂലമാണ്. എന്നാൽ 2021-–22-ൽ പോലും സ്വയംതൊഴിൽ വരുമാനം പൂർവ്വസ്ഥിതിയിൽ എത്തിയില്ല. സ്ഥിരം തൊഴിലാളികളുടെ വരുമാനത്തിലും വർദ്ധനയുണ്ടായില്ല. 2017–-18-ലും 2022-–23-ലും അവർക്ക് ഏതാണ്ട് 19,450 രൂപ മാത്രമാണ് വരുമാനം. അതേസമയം, കാഷ്വൽ തൊഴിലാളികളുടെ വരുമാനം 6,959 രൂപയിൽ നിന്ന് 7,856 രൂപയായി അനുക്രമമായി വർദ്ധിച്ചു. ഇത് വളരെ അസ്വാഭാവികമാണ്. കോവിഡും ലോക്ഡൗണും സ്ഥിരം തൊഴിലാളികളെക്കാൾ ബാധിക്കുക കാഷ്വൽ തൊഴിലാളികളെയാണല്ലോ. ഏതായാലും ഒരു കാര്യം വ്യക്തം. മോദിയുടെ ഭരണകാലത്ത് കൂലി നിരക്കുകൾ മാത്രമല്ല തൊഴിലെടുക്കുന്നവരുടെ മൊത്തം വരുമാനവും വർദ്ധിക്കുകയുണ്ടായില്ല.

മൊത്തം ദേശീയ വരുമാനത്തിൽ 
തൊഴിലെടുക്കുന്നവരുടെ വിഹിതം
ദേശീയ വരുമാനം മുതലാളിമാരുടെ ലാഭവും പലിശയും ജന്മിമാരുടെ പാട്ടവും സ്വയംതൊഴിൽ എടുക്കുന്നവരുടെയും തൊഴിലാളികളുടെയും വരുമാനവും കൂടിച്ചേരുന്നതാണ്. ദേശീയ വരുമാന വളർച്ചയുടെ ഗതിവേഗം ഗണ്യമായ തോതിൽ വളർന്നുകൊണ്ടിരിക്കുന്ന കാലയളവിൽ തൊഴിലാളികളുടെ കൂലിയും സ്വയംതൊഴിൽ എടുക്കുന്നവരുടെ വരുമാനവും വേണ്ടത്ര വേഗതയിൽ വർദ്ധിക്കുന്നില്ലെന്നു മാത്രമല്ല, പല ഘട്ടങ്ങളിലും കുറയുകയാണെന്നും കണ്ടു. ഈയൊരു സാഹചര്യത്തിൽ ദേശീയ വരുമാനത്തിൽ തൊഴിലെടുക്കുന്നവരുടെ വിഹിതം ഗണ്യമായി കുറയുകയും മുതലാളിമാരുടെയും ജന്മിമാരുടെയും വിഹിതം വർദ്ധിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്.

ദേശീയ വരുമാന കണക്കിൽ വിവിധ ഉല്പാദന ഘടകങ്ങളുടെ വിഹിതം (factor incomes) ലഭ്യമാണ്. അവ സൂചിപ്പിക്കുന്നത് നിയോലിബറൽ കാലത്തിനു മുമ്പുതന്നെ ദേശീയ വരുമാനത്തിൽ തൊഴിലുടമകളുടെ വിഹിതം വർദ്ധിക്കുന്നതിനും തൊഴിലെടുക്കുന്നവരുടെ വിഹിതം കുറയുന്നതിനുമുള്ള പ്രവണത ശക്തമായിരുന്നുവെന്നാണ്. ദേശീയ വരുമാനത്തിന്റെ ഗണ്യമായൊരു ഭാഗം സ്വയംതൊഴിൽ എടുക്കുന്നവരുടെ വരുമാനമാണ്. അതിനെ പലിശ, പാട്ടം, ലാഭം, കൂലി എന്നിങ്ങനെ വേർതിരിക്കാൻ പ്രയാസമാണ്. അതുകൊണ്ട് മിക്സഡ് ഇൻകം എന്ന പേരിലാണ് സ്വയംതൊഴിലുകാരുടെ വരുമാനം നൽകുന്നത്.

അതുകൊണ്ടാണ് മുതലാളിമാരും തൊഴിലാളികളും മാത്രം അടങ്ങുന്ന സംഘടിത മേഖലയുടെ കണക്കുകൾ പ്രത്യേകമെടുത്ത് പരിശോധിക്കുന്നത്. 1970-–71-ൽ സംഘടിത മേഖലയുടെ ദേശീയ വരുമാനത്തിൽ 10.6 ശതമാനം പലിശയും 1.5 ശതമാനം പാട്ടവും 15.8 ശതമാനം ലാഭവുമായിരുന്നു. അത് 1979–-80 ആയപ്പോഴേക്കും യഥാക്രമം 13.2-ഉം 1.6-ഉം 17.2-ഉം ശതമാനമായി ഉയർന്നു. പലിശ, പാട്ടം, ലാഭം അഥവാ മിച്ചം (surplus) 15.8 ശതമാനത്തിൽ നിന്ന് 32.0 ശതമാനമായി ഉയർന്നു.

ചിത്രം 3
ദേശീയ വരുമാനത്തിൽ തൊഴിലാളികളുടെ വിഹിതവും സംഘടിത മേഖലയിലെ 
വരുമാനത്തിൽ തൊഴിലുടമകളുടെ വിഹിതവും (1980–81/2009–10)

(കടപ്പാട്: www.researchgate.net)

അതിനുശേഷമുള്ള കാലയളവിലെ കണക്കുകൾ ചിത്രം 3-ൽ കൊടുത്തിരിക്കുന്നു. സി.പി. ചന്ദ്രശേഖറും ജയതിഘോഷും എഴുതിയ ലേഖനത്തിൽ നിന്നാണ് ഇത് എടുത്തിട്ടുള്ളത്.

മൂന്നു ദശാബ്ദത്തെ താരതമ്യപ്പെടുത്തുകയാണ്. പുതിയ സാമ്പത്തിക നയങ്ങൾ നടപ്പാക്കിത്തുടങ്ങിയെങ്കിലും 1980-കളിലെ സാമ്പത്തിക വളർച്ചയേക്കാൾ ഉയർന്നതല്ലായിരുന്നു 1990-കളിലെ സാമ്പത്തിക വളർച്ച. എന്നാൽ 2000-ങ്ങളിൽ സാമ്പത്തിക വളർച്ച 5.6 ശതമാനത്തിൽ നിന്ന് 7 ശതമാനമായി ഉയർന്നു. ഈ മൂന്ന് ദശകങ്ങളിൽ മൊത്തം ദേശീയ വരുമാനത്തിൽ തൊഴിലാളികളുടെ വിഹിതത്തിന് എന്തു സംഭവിച്ചുവെന്നതാണ് ചിത്രം 3-ൽ കൊടുത്തിട്ടുള്ളത്.

തൊഴിലാളികളുടെ വിഹിതം 1980-കളിൽ 39.7 ശതമാനം ആയിരുന്നത് 1990-കളിൽ 37.9 ശതമാനമായും 2000-ങ്ങളിൽ 33.9 ശതമാനമായും താഴ്ന്നു. അതേസമയം, മേധാവി വർഗ്ഗങ്ങളുടെ പലിശ, പാട്ടം, ലാഭം എന്നീ മൂന്ന് ഇനങ്ങളിലായുള്ള മിച്ചത്തിന്റെ വിഹിതത്തിന് എന്തു സംഭവിച്ചു? നേരത്തെ സൂചിപ്പിച്ച സ്വയംതൊഴിലുകാരുടെ വിഹിതം സൃഷ്ടിക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കുന്നതിന് സംഘടിത മേഖലയെ മാത്രമേ പരിഗണിക്കുന്നുള്ളൂ. ദേശീയ വരുമാനത്തിൽ സംഘടിത മേഖലയുടെ വിഹിതം 1980-കളിൽ 34.6 ശതമാനം ആയിരുന്നത് 1990-കളിൽ 38.0 ശതമാനമായും 2000-ങ്ങളിൽ 42.1 ശതമാനമായും ഉയർന്നു.

സംഘടിത മേഖലയിൽ തൊഴിലുടമകളുടെ വിഹിതം 1980-കളിൽ 29.0 ശതമാനം ആയിരുന്നത് 1990-കളിൽ 39.4 ശതമാനമായും 2000-ങ്ങളിൽ 48.8 ശതമാനമായും കുതിച്ചുയർന്നു. തൊഴിലാളികളുടെ വിഹിതം ഇതിന്റെ നേർവിപരീതമാണ്. 1980-കളിൽ 71 ശതമാനം ആയിരുന്നത് 1990-കളിൽ 60.6 ശതമാനമായും 2000-ങ്ങളിൽ 57.9 ശതമാനമായും താഴ്ന്നു. ചുരുക്കത്തിൽ ഏറ്റവും അസന്തുലിതമായ രീതിയിലാണ് ഇന്ത്യയിൽ ഉല്പാദിപ്പിക്കപ്പെടുന്ന വരുമാനം വിതരണം ചെയ്യപ്പെടുന്നത്. ഇതാണ് ഭീതിജനകമായി വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വത്തിന്റെ അടിത്തറ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one + seventeen =

Most Popular