ഈ സർക്കാർ അധികാരമേറ്റെടുത്തതിനു ശേഷമുള്ള നാലാമത്തെ നൂറു ദിന കർമ്മ പരിപാടികൾക്ക് തുടക്കമായി. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉള്‍പ്പെടുത്തിയാണ് കർമ്മ പരിപാടി തയ്യാറാക്കിയിട്ടുള്ളത്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനായി പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുക എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ അടിയുറച്ച നയമാണ്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങളെല്ലാം നിറവേറ്റിയ അപൂർവതയായിരുന്നു കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ. ആ വഴിയിലൂടെ പ്രതിസന്ധികൾ അനവധിയുണ്ടായിട്ടും അടിപതറാതെ മുന്നോട്ടു പോവുകയാണ് ഈ സർക്കാരും.
അതിന്റെ ഭാഗമായാണ് നാലാമത്തെ നൂറു ദിന കർമ്മ പരിപാടികൾക്ക് തുടക്കം കുറിച്ചിട്ടുള്ളത്. സാധാരണക്കാരുടെ ക്ഷേമവും സാമൂഹിക ഉന്നമനവും ഉറപ്പു വരുത്തുന്നതിനും സമഗ്രവും സുസ്ഥിരവുമായ വികസനം സാധ്യമാക്കുന്നതിനും സർക്കാർ നടത്തി വരുന്ന പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന ഈ നൂറു ദിന കർമ്മ പരിപാടി ഊർജ്ജം പകരും. പ്രകടന പത്രികയില്‍ നല്‍കിയ 900 വാഗ്ദാനങ്ങള്‍ നടപ്പാക്കി സ്ഥായിയായ വികസന മാതൃക യാഥാര്‍ത്ഥ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉള്‍പ്പെടുത്തിയാണ് കർമ്മ പരിപാടി തയ്യാറാക്കിയിട്ടുള്ളത്.
ഈ വർഷം ഒക്ടോബർ 22 വരെ സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന നൂറു ദിന കർമ്മ പരിപാടിയിൽ 100 ദിവസംകൊണ്ട് 47 വകുപ്പുകളുടെ 13,013.40 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുവാനാണ് ഉദ്ദേശിക്കുന്നത്. ആകെ 1,070 പദ്ധതികൾ നൂറുദിന പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 13,013.40 കോടി രൂപ അടങ്കലും 2,59,384 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും ഈ നൂറുദിന പരിപാടിയില്‍ ലക്ഷ്യമിടുന്നു. 706 പദ്ധതികൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുവാനും 364 പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം/ പ്രഖ്യാപനം 100 ദിന കാലയളവിൽ നടത്തുവാനുമാണ് തീരുമാനിച്ചിട്ടുള്ളത്. ഉപജീവനത്തിനായുള്ള പദ്ധതികളും പശ്ചാത്തല വികസന പദ്ധതികളും നൂറുദിന പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
761.93 കോടി രുപ ചെലവിൽ നിർമ്മിച്ച 63 റോഡുകൾ, 28.28 കോടിയുടെ 11കെട്ടിടങ്ങൾ, 90.91 കോടി രൂപ ചെലവഴിച്ച് നിർമിച്ച 9 പാലങ്ങൾ എന്നിവ ഉൾപ്പെടെ പൂർത്തീകരണം കഴിഞ്ഞ പദ്ധതികൾ പരിപാടിയുടെ ഭാഗമായി ഉദ്ഘാടനം ചെയ്യപ്പെടും. 437.21 രൂപ വകയിരുത്തിയ 24 റോഡുകൾ, 81.74 കോടി രൂപ വരുന്ന 17 കെട്ടിടങ്ങൾ, 77.94 കോടി രൂപ ചെലവുവരുന്ന 9 പാലങ്ങൾ എന്നിവയുടെ നിർമ്മാണ ഉദ്ഘാടനവും ഈ നൂറു ദിവസങ്ങൾക്കുള്ളിൽ നടക്കും.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 30,000 പട്ടയങ്ങൾ കൂടി 100 ദിവസങ്ങൾക്കുള്ളിൽ വിതരണം ചെയ്യും. 37 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ പൂർത്തീകരണവും 29 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണ ഉദ്ഘാടനവും ഈ ഘട്ടത്തിൽ നടക്കും. പുതുതായി 456 റേഷൻ കടകൾ കൂടി കെ-–സ്റ്റോറുകളായി നവീകരിച്ചുകൊണ്ട് സംസ്ഥാനത്ത് 1000 കെ–സ്റ്റോറുകൾ എന്ന നാഴികക്കല്ല് പൂർത്തീകരിക്കും. കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍, അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കുശേഷം ഉപയോഗിക്കേണ്ട മരുന്നുകള്‍ മുതലായ വിലകൂടിയ മരുന്നുകള്‍ ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി കാരുണ്യ കമ്യൂണിറ്റി ഫാര്‍മസി വഴി രോഗികള്‍ക്ക് നല്‍കുന്ന പദ്ധതി ആരംഭിക്കും.
ലൈഫ് മിഷനിലൂടെ പുതിയ 10,000 വ്യക്തിഗത ഭവനങ്ങൾ കൂടി കൈമാറും. അക്ഷരനഗരിയായ കോട്ടയത്തെ അക്ഷര ടൂറിസം ഹബ്ബായിമാറ്റുന്ന പദ്ധതി, തിരുവനന്തപുരം നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന സോളാർ സിറ്റി പദ്ധതി, പൂജപ്പുരയിൽ വനിതകൾക്ക് മാത്രമായി പുതിയ പോളിടെക്നിക് കോളേജ്, കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് – ധർമ്മടം ബീച്ചിന്റെ സമഗ്ര വികസനം, ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം ഡിജിറ്റൽ രൂപത്തിൽ അനാവരണം ചെയ്യുന്ന മ്യൂസിയം, ആധുനിക സജ്ജീകരണങ്ങളോടുകൂടിയ 250 എം.പി.ഐ ഫ്രാഞ്ചൈസി ഔട്ട്ലെറ്റുകൾ തുടങ്ങി നിരവധി പദ്ധതികൾ പൂർത്തീകരിക്കുകയോ തുടക്കംകുറിക്കുകയോ ചെയ്യും. പ്രവർത്തനങ്ങളുടെ വകുപ്പുതലത്തിലുള്ള വിശദ വിവരങ്ങളും പുരോഗതിയും 100 ദിന പരിപാടിക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ വെബ്സൈറ്റിൽ (https://100days.kerala.gov.in) തത്സമയം അറിയിക്കുന്നതാണ്.
മുൻപു നടന്ന മൂന്നു നൂറു ദിന കർമ്മ പരിപാടികളും മികച്ച രീതിയിൽ നിർവ്വഹിക്കാൻ നമുക്ക് സാധിച്ചിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പദ്ധതികൾ കാര്യക്ഷമമായി പൂർത്തീകരിക്കാൻ സാധിച്ചത് വികസന പ്രവർത്തനങ്ങൾക്ക് വലിയ ആക്കം നൽകി. ആദ്യത്തെ കർമ്മ പരിപാടിയിൽ ഏറ്റെടുത്ത 184 പദ്ധതികളിൽ 139 എണ്ണം പൂർത്തീകരിക്കുകയും അവശേഷിച്ച 45 എണ്ണത്തിന്റെ പുരോഗതിയ്ക്ക് വേഗം നൽകാനും സാധിച്ചു. രണ്ടാമത്തെതിൽ 1,564 പദ്ധതികളാണ് ഉൾപ്പെടുത്തിയത്. അതിൽ 1,421 എണ്ണം 100 ദിനങ്ങൾ കൊണ്ടു പൂർത്തീകരിക്കാൻ സാധിച്ചു എന്നത് ചെറിയ നേട്ടമല്ല. 143 പദ്ധതികളുടെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുവാനും ആ ഘട്ടത്തിൽ സാധിച്ചു. ജനങ്ങളോടുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നവയാണ് സർക്കാരിന്റെ നൂറു ദിന പരിപാടികൾ. നാടിന്റെ വികസനവും ജനക്ഷേമവും ഉറപ്പുവരുത്തി സർക്കാർ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകും. ♦