Thursday, November 21, 2024

ad

Homeകവര്‍സ്റ്റോറിമെക്സിക്കോയിൽ 
നിന്നുള്ള പാഠം

മെക്സിക്കോയിൽ 
നിന്നുള്ള പാഠം

സ്കറിയ ചെറിയാൻ

ലോകത്താകെ തീവ്ര  വലതുപക്ഷം  ശക്തിപ്പെടുന്നു എന്ന തരത്തിൽ  രാഷ്ട്രീയ  സാഹചര്യങ്ങൾ  നീങ്ങുന്ന സമയത്താണ്  മെക്സിക്കോയിൽ ദേശീയ  തിരഞ്ഞെടുപ്പ് നടന്നതും, അവിടുത്തെ ഇടതുപക്ഷ  പാർട്ടിയായ മൊറെന തുടർഭരണത്തിലേക്ക് കാലെടുത്തുവച്ചിരിക്കുന്നതും. പിങ്ക് തരംഗത്തിന്റെ തുടർച്ചയെന്നോണം  കോവിഡാനന്തരം ലാറ്റിൻ അമേരിക്കയിൽ ആഞ്ഞടിച്ച ഇടതു തരംഗം  മെക്സിക്കോയിലും സ്വാധീനം  ചെലുത്തിയെന്നുവേണം  കരുതാൻ. അതോടൊപ്പം ആദ്യ  മൊറെന സർക്കാരിന്റെ പ്രവർത്തന  മികവും അതിനൊരു  വലിയ കാരണമായി  കാണുവാൻ  സാധിക്കും.

2014ൽ ആണ് മൊറെന  എന്ന ഇടതുപക്ഷ  രാഷ്ട്രീയ  പാർട്ടി  രൂപീകരിക്കപ്പെട്ടത്.കൃത്യം  നാലു വർഷത്തിനുള്ളിൽ ഭരണത്തിലേറാനും, മെക്സിക്കോയുടെ മുഖഛായ തന്നെ  മാറ്റുവാനും ഈ പാർട്ടിക്ക് സാധിച്ചു. 2018ൽ നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ  സ്ഥാപക നേതാവായ ആൻഡ്രേ മനുവേൽ ലോപ്പസ് ഒബ്രഡോർ  വിജയിക്കുകയും മെക്സിക്കോയുടെ പ്രസിഡന്റായി അധികാരമേൽക്കുകയും ചെയ്തു. ഭരണത്തിൽ  വന്നയുടൻ  തന്നെ തങ്ങളുടെ  ലക്ഷ്യം  നവ ഉദാരവത്കരണത്തിന്റെ അന്ത്യമാണെന്ന് ഒബ്രഡോർ മെക്സിക്കൻ ജനതയോട്  വിളിച്ചു പറഞ്ഞു.

അന്നുവരെ മെക്സിക്കോ തുടർന്നു പോന്നിരുന്ന സ്വകാര്യവത്കരണ– ഉദാരവത്കരണ നയങ്ങളാണ്  രാജ്യത്തെ സാമ്പത്തികമായും, സാമൂഹികമായും  പിന്നോട്ടടിച്ചത്. ഇതേത്തുടർന്ന് തൊഴിൽ  ഇല്ലായ്മയും പട്ടിണിയും  രാജ്യത്ത് രൂക്ഷമായിരുന്നു. അതിന്റെ അനന്തര ഫലമെന്ന് പറയട്ടെ, യുവാക്കൾ  അടങ്ങുന്ന മെക്സിക്കൻ ജനതയുടെ ഒരു വിഭാഗം  ലഹരിക്ക് അടിമപ്പെടുകയും, സാമ്പത്തിക വളർച്ചയ്ക്കായി ലഹരി  മാഫിയകളുടെ  കിങ്കരന്മാരുമായി മാറുകയും ചെയ്തു. രാജ്യത്തിന്റെ ക്രമസമാധാനം  മോശമാകുന്നതിനും, അക്രമ സംഭവങ്ങൾ  രാപകലില്ലാതെ അരങ്ങേറുന്നതിനുമെല്ലാം ഇത്തരം  അരാജകത്വ  പ്രവണതകൾ വലിയ  രീതിയിൽ  കാരണമായിരുന്നു ആ സമയത്ത്.

എന്നാൽ ഇതിനെല്ലാം പരിഹാരം  കാണാൻ തയ്യാറായിത്തന്നെയാണ് ഒബ്രഡോർ രാജ്യത്തിന്റെ ഭരണ  തലപ്പത്തേക്ക് എത്തിയത്. തന്റെ  സർക്കാരിന്റെ വികസന  പദ്ധതികളും വീക്ഷണവും  ജനങ്ങളുടെ  മുൻപിലേക്ക് ആദ്യമേ  തന്നെ അയാൾ അവതരിപ്പിച്ചു. “Fourth Transformation’ എന്നായിരുന്നു പദ്ധതിയുടെ പേര്.  രാജ്യത്തെ അടിസ്ഥാന  പ്രശ്നങ്ങൾക്കായിരുന്നു പദ്ധതിയിൽ  ആദ്യ സ്ഥാനം. തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കൽ, ദാരിദ്ര്യ നിർമാർജനം, വിദ്യാർത്ഥി സൗഹൃദ പദ്ധതികൾ  തുടങ്ങിയവയ്ക്ക് അതിനാൽ  മുൻ‌തൂക്കം  നൽകി. രാജ്യത്തിന്റെ  പശ്ചാത്തല  സൗകര്യ വികസനവും, വൻകിട വ്യവസായ  പദ്ധതികളും   സർക്കാരിന്റെ പ്രധാന  അജൻഡയിൽ  ഉൾപ്പെടുത്തി.

അധികാരത്തിലെത്തിയ ഉടൻ തന്നെ മൊറെന സർക്കാർ പ്രാധാന്യം നൽകിയത്  ദാരിദ്ര്യ നിരക്കും, ബഹുമുഖ ദാരിദ്ര്യ നിരക്കും കുറയ്ക്കുക എന്നതായിരുന്നു.2023 ആയപ്പോഴേക്കും രാജ്യത്തെ ദാരിദ്ര്യ നിരക്ക്  2018നെ അപേക്ഷിച്ച്  6 ശതമാനത്തിലധികം കുറച്ചുകൊണ്ട് 43.5 ശതമാനത്തിലേക്ക്  എത്തിക്കുവാൻ  ഗവൺമെന്റിനു സാധിച്ചു. ബഹുമുഖ  ദാരിദ്ര്യ നിരക്കാവട്ടെ 41.9 ശതമാനത്തിൽ  നിന്ന് 36.3 ശതമാനമായി കുറയ്ക്കുവാനും സർക്കാരിന് സാധിച്ചു. ഇത്തരത്തിൽ ഒരു സമൂഹത്തെ  തന്നെ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ  നിന്നും ഘട്ടം  ഘട്ടമായി  മോചിപ്പിക്കുന്നതിന് മൊറെന  സർക്കാർ  രൂപീകരിച്ച  ക്ഷേമ  പദ്ധതികൾ നവ  ലിബറൽ  നയങ്ങളിൽപ്പെട്ട് വീർപ്പുമുട്ടുന്ന രാജ്യങ്ങൾക്ക്  മാതൃകയാണ്.

ആദ്യം തന്നെ രാജ്യത്തെ വൃദ്ധരായവർക്ക് ക്ഷേമ  പെൻഷൻ  നൽകാൻ  സർക്കാർ തീരുമാനിച്ചു. നിലവിൽ  രണ്ടുമാസത്തിൽ ഒരിക്കൽ 6000 പെസോയാണ് പെൻഷൻ തുകയായി  ലഭിക്കുക. ഒരു മാസം ശരാശരി  2500 പെസോയാണ് മെക്സിക്കോയിൽ ജീവിത  ചെലവ് എന്നിരിക്കെ ഈ പെൻഷൻ  പദ്ധതി  തന്നെ രാജ്യത്തെ പാവപ്പെട്ടവരുടെയും  സാധാരണക്കാരുടെയും  ജീവിത നിലവാരം ഉയർത്താൻ സഹായകരമായിട്ടുണ്ട്. രാജ്യത്തെ കൂലി  നിരക്ക് ഉയർത്തിയതും  ജനങ്ങളെ  ദാരിദ്ര്യത്തിന്റെ വ്യഥകളിൽ  നിന്നും മോചിപ്പിക്കുന്നതിൽ പ്രധാന  പങ്കുവഹിച്ചിട്ടുണ്ട്. നിലവിൽ ഏതാണ്ട് 20 ശതമാനം  കൂലി വർദ്ധനവാണ്  ഒബ്രഡോർ സർക്കാർ നടപ്പാക്കിയത്.ഇന്നിപ്പോൾ ദിവസക്കൂലി  നിരക്ക് 248 പെസോയിൽ എത്തി നിൽക്കുന്നു.

ആൻഡ്രോ മാനുവൽ ലോപ്പസ് ഒബ്രട്ഡോർ

മെക്സിക്കോ അഭിമുഖീകരിച്ച  പ്രധാന  പ്രശ്നമായിരുന്നു, അരക്ഷിതരും തൊഴിൽ  രഹിതരുമായ  യുവാക്കൾ വർദ്ധിച്ചുവരുന്നത്. മെക്സിക്കോയിലെ യുവതയുടെ  22 ശതമാനത്തോളം  ഈ ഗണത്തിൽപ്പെടുന്നവർ ആയിരുന്നു.ഇത്തരത്തിൽ രാജ്യത്തിന്റെ വികസനത്തിന്‌ ഏറ്റവുമധികം മുതൽക്കൂട്ട് ആവേണ്ട  യുവതയുടെ  ദുരിത സാഹചര്യം  മാറ്റാൻ ഒബ്രഡോർ സർക്കാർ മുൻകൈയെടുത്തു. തുടർന്ന് ഈ ഗണത്തിൽ   ഉൾപ്പെടുന്ന യുവാക്കൾക്കായി പദ്ധതി  രൂപീകരിച്ചു. രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും, വിവിധങ്ങളായ  ഇടങ്ങളിൽ  പരിശീലനം  നൽകി  തൊഴിൽ  നേടിക്കൊടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

2023ലെ കണക്കുകൾ  പ്രകാരം  49 ലക്ഷം യുവാക്കൾക്കാണ് പദ്ധതി പ്രകാരം  ജോലി ലഭിച്ചത്.മാത്രമല്ല  പരിശീലന  കാലയളവിൽ  സ്റ്റൈപന്റും മെഡിക്കൽ ഇൻഷുറൻസും യുവാക്കൾക്ക് സർക്കാർ തന്നെ നൽകുന്നുണ്ട്. അതിനാൽ യുവാക്കളെ സ്വയംപര്യാപ്തരാക്കാൻ ഇതിനോടകം  മെക്സിക്കൻ സർക്കാരിന് സാധിച്ചു. മെക്സിക്കൻ ജനതയെ സംബന്ധിച്ച്  ഇത്തരത്തിലുള്ള തൊഴിലാളി സൗഹൃദ നടപടികൾ  നിത്യജീവിതത്തിൽ  തന്നെ ആശ്വാസകരവും ജീവിത  നിലവാരം മെച്ചപ്പെടുത്തുന്നതുമാണ്.

തൊഴിൽ  സൃഷ്ടിക്കുക മാത്രമല്ല സർക്കാർ ചെയ്തത്  മറിച്ച്  തൊഴിൽ  രംഗത്തെ  കോർപ്പറേറ്റ് താല്പര്യങ്ങൾ  ഇല്ലാതാക്കുവാൻകൂടി ഈ കാലയളവിൽ  മെക്സിക്കോയിലെ ഇടത്  സർക്കാരിന് സാധിച്ചു. നിലനിന്നിരുന്ന പൂർണമായ ഔട്ട്സോഴ്‌സിങ് സംവിധാനം  എടുത്തുകളഞ്ഞു കൊണ്ട് നിയമ നിർമ്മാണം നടത്തുകയും, ഔട്ട്സോഴ്‌സിങ് പ്രത്യേക  ഇനം  തൊഴിലുകൾക്കും, കമ്പനികളുടെ  പ്രധാന  മേഖലയിൽ പെടാത്ത തൊഴിൽ  രംഗത്തേയ്ക്കും മാത്രമായി ചുരുക്കി. എന്നാൽ അവയെല്ലാം തൊഴിൽ  മന്ത്രാലയത്തിൽ നിയമപരമായി രജിസ്റ്റർ ചെയ്യണമെന്നുള്ള നിബന്ധന ഉൾപ്പെടുകയും ചെയ്തു. ഇതിലൂടെ കമ്പനികൾ  നികുതി  വെട്ടിക്കുന്നതിന് അറുതിവരുത്തുവാനും തൊഴിൽ  അവകാശങ്ങൾ  സംരക്ഷിക്കുവാനും  സാധിച്ചു. ഇതേ തുടർന്ന് ഏതാണ്ട് 30 ലക്ഷം തൊഴിലാളികൾ  ഔപചാരിക തൊഴിലിടങ്ങളിലേക്ക് മാറി. ലാഭം  പങ്കുവയ്ക്കൽ, ആരോഗ്യ പരിരക്ഷ, സാമൂഹ്യ  സുരക്ഷ തുടങ്ങിയ  അനേകം  ആനുകൂല്യങ്ങൾ  തൊഴിൽ  നിയമത്തിലെ പരിഷ്കരണത്തിലൂടെ  നടപ്പാക്കാൻ സാധിച്ചു.

ഇതിനെല്ലാം ഉപരിയായി  വിദ്യാർഥികൾക്ക്  നൽകിയ  പരിരക്ഷയും  മെക്സിക്കോയിലെ ദാരിദ്ര്യ നിരക്കും തൊഴിലില്ലായ്മ നിരക്കും സഹായകരമായി. മൊറെന  സർക്കാർ വിദ്യാർത്ഥികൾക്കായി വിവിധ ഇനം  സ്കോളർഷിപ്പുകൾ  ഈ കാലയളവിനുള്ളിൽ  നൽകി. പ്രൈമറി  തലത്തിൽ  വിദ്യാർത്ഥികൾക്ക് എല്ലാ മാസവും 800 പെസോയും പതിനാല്  മുതൽ ഇരുപത്തിയൊന്ന് വയസുവരെ  വിദ്യാഭ്യാസത്തിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക്‌ 1,600 പെസോയും സ്കോളർഷിപ്പ്  ഇനത്തിൽ സർക്കാർ നൽകി. ഇത്തരം  പദ്ധതികൾ  പ്രായോഗികമാക്കിയതിലൂടെ  സമൂഹത്തിലെ    താഴേത്തട്ടിലുള്ള  കുടുംബങ്ങൾക്ക്‌  കൂടുതൽ  സാമ്പത്തിക ഭാരം  ഉണ്ടാവാതെ, ദാരിദ്ര്യത്തിൽ നിന്നും കരകയറ്റാനും  സാധിച്ചു  എന്നുവേണം  മനസ്സിലാക്കാൻ.

കാർഷിക  മേഖലയെ  ചേർത്തുപിടിച്ചതും  മൊറെന  സർക്കാറിനെ മെക്സിക്കൻ ജനതയുടെ  ഗുഡ് ബുക്കിൽ ഇടം പിടിക്കാൻ സഹായിച്ചു. 2018ൽ നവലിബറൽ  നയങ്ങൾ  കാർഷിക  മേഖലയുടെ നടുവൊടിച്ചിരിക്കുകയായിരുന്നു. കാർഷിക  മേഖലയിൽ  നിന്നും കർഷകരെ അപ്രത്യക്ഷരാക്കി, കുത്തകകളെ  വളർത്താനായിരുന്നു അതുവരെയുള്ള വലത് സർക്കാർ കാർഷിക  പദ്ധതികൾ  ആവിഷ്കരിച്ചിരുന്നത്. എന്നാൽ ഇടത് സർക്കാർ വന്നതു മുതൽ സമൂലമായ  മാറ്റം കാർഷിക  മേഖലയിലും  പ്രകടമായിരുന്നു.

രാജ്യത്തെ പ്രധാന  കാർഷിക  ഉൽപ്പന്നങ്ങൾ ആയ അരി, ഗോതമ്പ്,ചോളം, ബീൻസ്, പാൽ  തുടങ്ങിയ എല്ലാ ഇനങ്ങൾക്കും താങ്ങുവില സർക്കാർ നിശ്ചയിച്ചു. ഇതുവഴി  കർഷകർക്ക്  സ്ഥിര  വരുമാനം  ഉറപ്പാക്കുകയും, സാമ്പത്തിക നഷ്ടം  വരാതെ  നോക്കുവാനും സർക്കാരിന് സാധിച്ചു. കൂടാതെ  2022ൽ മെക്സിക്കൻ സർക്കാർ  270 കോടി ഡോളർ സെക്രട്ടേറിയറ്റ് ഓഫ് അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റിന് അനുവദിച്ചു. അനന്തര  ഫലമെന്നോണം  രാജ്യത്തെ ഭക്ഷ്യ  ഉൽപ്പാദനം  29 കോടി  ടൺ  കടന്നു. മുൻ വർഷത്തേതിലും  30 ലക്ഷം ടണ്ണിന്റെ വർദ്ധനവാണ് ഉണ്ടായത്. മുഖ്യമായും  ഉൽപ്പാദനത്തിൽ വലിയ വർദ്ധനവുണ്ടാകാൻ കാരണം  രാസവള സബ്‌സിഡി ഉയർത്തിയതും (70ശതമാനത്തിൽ  അധികം  വർദ്ധനവ്) , ക്ഷീര സംഭരണത്തിനായി കൂടുതൽ  തുക  ( 85 ശതമാനത്തിൽ അധികം  വർദ്ധനവ്) അനുവദിച്ചതുമാണെന്ന്  മനസ്സിലാക്കാൻ സാധിക്കും.

ക്ഷേമ പദ്ധതികൾക്കൊപ്പം തന്നെ  വൻകിട  പശ്ചാത്തല  സൗകര്യം  വികസന  പദ്ധതികളും  നടപ്പിലാക്കാൻ ഒന്നാം മൊറെന സർക്കാരിന് സാധിച്ചു.അതിൽ  തന്നെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയായിരുന്നു 2022ൽ തുറന്ന എണ്ണ റിഫൈനറി. അന്നുവരെ മെക്സിക്കോ ഡീസലും ഗ്യാസൊലിനുമായി  ആശ്രയിച്ചിരുന്നത് അമേരിക്കയെ  ആയിരുന്നു. എന്നാൽ പുതിയ റിഫൈനറി  വന്നതോടെ കാര്യങ്ങൾ മാറി. ദിവസേന  1,00,000 ബാരൽ ക്രൂഡ് ഓയിൽ  ഉത്പാദിപ്പിക്കാൻ ഇന്നിപ്പോൾ മെക്സിക്കോയ്ക്ക് സാധിക്കുന്നുണ്ട്.  പൂർണമായ പ്രവർത്തനത്തിൽ  എത്തുമ്പോൾ ഏതാണ്ട് 3,40,000 ബാരൽ  ക്രൂഡ് ഓയിൽ ദിവസേന  ഉത്പാദിപ്പിക്കാൻ  കഴിയുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. എന്തുതന്നെയായാലും  ഊർജ്ജ് മേഖലയിൽ  അമേരിക്കയേയും മറ്റ് പശ്ചാത്യ രാജ്യങ്ങളെയും ആശ്രയിക്കുന്നത് അവസാനിപ്പിക്കാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം. ഇതിനോടകം  റിഫൈനറിയുടെ വരവോടെ  2,65,200 തൊഴിൽ  സൃഷ്ടിക്കാൻ മെക്സിക്കൻ സർക്കാരിന് സാധിച്ചു. ഇത്തരമൊരു വൻകിട  പദ്ധതിയിലൂടെ  രാജ്യത്തെ നിർമ്മാണ മേഖലയെ കൂടിയാണ്  സർക്കാർ ഊറ്റം കൊള്ളിച്ചിട്ടുള്ളത്.

പൂർത്തീകരിച്ച പദ്ധതികൾക്ക്  അപ്പുറത്തേക്ക് വൻകിട  പദ്ധതികൾ പലതും നിലവിൽ  അതിന്റെ പല ഘട്ടങ്ങളിലാണ് ട്രെൻ മായ (Tren Maya) എന്ന  1554 കിലോ മീറ്റർ നീളുന്ന  റെയിൽവേ ശൃംഖലയുടെ പണി പുരോഗമിക്കുകയാണ്. പദ്ധതി  പൂർത്തിയാക്കുന്നതോടെ ചൈനയുടെയും  സോവിയറ്റ് യൂണിയന്റെയും മാതൃകയിൽ  മെക്സിക്കോയിലെ കർഷകർക്ക് നഗരങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരുവാനും, കച്ചവടം  നടത്തുവാനും  സാധിക്കും.ഒപ്പം തെക്കൻ  മെക്സിക്കോയുടെ പ്രധാനപ്പെട്ട വിനോദ  സഞ്ചാര കേന്ദ്രങ്ങളും  ഈ പദ്ധതിയിലൂടെ  ഉണർവ്വ് കണ്ടെത്തും എന്ന് സർക്കാർ കണക്കാക്കുന്നു. റെയിൽവേയുടെ നിർമ്മാണത്തിലൂടെ മാത്രം 80,000 പേർക്ക് തൊഴിൽ  ലഭ്യമാകുമെന്നും  പ്രതീക്ഷിക്കപ്പെടുന്നു.

മെക്സിക്കോയിൽ ഇടതുതരംഗത്തിന് വഴിതെളിച്ചത്, പ്രധാനമായും  സർക്കാർ നടത്തിയ  ക്ഷേമ പ്രവർത്തനങ്ങളും, കാർഷിക  മേഖലയെ അർഹിക്കുന്ന വിധത്തിൽ  പരിഗണിച്ചതുമാണ്. മാത്രമല്ല  2018നു മുൻപ്  നവ  ഉദാരവത്കരണം വരുത്തിയ  അറുതികൾ മെക്സിക്കൻ ജനതയെ  വലതുപക്ഷത്തിൽ  നിന്നും പാടേ അകറ്റിയിട്ടുണ്ട്.  വളർന്നുവരുന്ന തീവ്ര  വലതുപക്ഷ പ്രവണതകളെയും മുതലാളിത്ത ലോക ക്രമത്തെയും എങ്ങനെ ജനകീയ പദ്ധതികളിലൂടെ  പ്രതിരോധിക്കാമെന്നതിനും ഇടതുപക്ഷത്തെ  എങ്ങനെ ശക്തിപ്പെടുത്താമെന്നതിനും  മെക്സിക്കോ ഒരു പാഠമായി മാറിയേക്കാം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seven + 10 =

Most Popular