Sunday, September 8, 2024

ad

Homeലെനിന്റെ 100‐ാം ചരമവാർഷികംഭൗതികവാദവും 
ഇന്ദ്രിയവാദ 
വിമർശനവും

ഭൗതികവാദവും 
ഇന്ദ്രിയവാദ 
വിമർശനവും

കെ എൻ ഗണേശ്

ഭൗതികവാദവും ഇന്ദ്രിയവാദ വിമർശനവും’ എന്ന കൃതി ലെനിൻ എഴുതിയത് 1908 ലാണ്. അന്ന് അദ്ദേഹം റഷ്യയിൽനിന്ന് നാടുകടത്തപ്പെട്ട് ജനീവയിലും പാരീസിലും ലണ്ടനിലും പ്രവാസിയായി ജീവിച്ച കാലമായിരുന്നു. അന്നാണ് ഭൗതികവാദത്തെയും ശാസ്ത്രരീതിയെയും സംബന്ധിച്ച നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും ലെനിൻ പരിചയപ്പെടാനിടയായത്. രാഷ്ട്രീയമായി റഷ്യയിൽ മെൻഷെവിക്കുകളുമായുള്ള സംവാദം ശക്തിപ്പെട്ടുവന്ന കാലവുമായിരുന്നു അത്. ചില മെൻഷെവിക്ക്- ചിന്തകർ വളർത്തിക്കൊണ്ടുവന്ന പ്രപഞ്ചസമീപനത്തെ ഖണ്ഡിക്കുകയായിരുന്നു ഈ ഗ്രന്ഥത്തിന്റെ പ്രധാന ഉദ്ദേശ്യം. പ്രവാസ കാലത്ത് റഷ്യയിലേക്ക് രഹസ്യമായി കടത്തിയ ഈ കൃതി പ്രസിദ്ധീകരിക്കുന്നതിൽ മുൻകൈയെടുത്തത് ലെനിന്റെ സഹോദരി അന്നയായിരുന്നു.

ശാസ്ത്രരംഗത്തെ വളർച്ചയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായ ഘട്ടത്തിലാണ് ലെനിൻ ഈ ഗ്രന്ഥമെഴുതുന്നത്. ന്യൂട്ടോണിയൻ ബലതന്ത്രം സൃഷ്ടിച്ച പ്രകൃതിയെ സംബന്ധിച്ച അലംഘനീയമായ ചലനനിയമങ്ങളുടെ സങ്കല്പമാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യംവരെയുള്ള കാലഘട്ടത്തിൽ ആധിപത്യം പുലർത്തിയത്. ഇതിനെ തുടർന്ന് ദ്രവ്യത്തെയും ഊർജത്തെയും ചലനതത്വങ്ങളെയും രസതന്ത്രത്തെയും ജൈവശാസ്ത്രത്തെയും സംബന്ധിച്ച പരിണാമവാദമടക്കമുള്ള നിരവധി മുന്നേറ്റങ്ങളെയും ആധാരമാക്കിയാണ് ആധുനിക മുതലാളിത്ത സമൂഹത്തിന്റെ വളർച്ചയെ നിർണയിച്ച ഒട്ടേറെ കണ്ടെത്തലുകൾ ഉണ്ടായത്. ഈ കണ്ടെത്തലുകളുടെ അർഥത്തെ സംബന്ധിച്ച താത്വിക സംവാദങ്ങളും ശക്തിപ്പെട്ടു. ഇവരിൽ ഗോബ്സ്, ദിദറോ, ഹോൾ ബാക്ക്, ഫോയർബാഹ്-, മാർക്സ്, എംഗൽസ് മുതലായവർ ദ്രവ്യത്തിന്റെ പ്രാഥമികതയിലൂന്നുന്ന ഭൗതികവാദത്തിലുറച്ചുനിന്നപ്പോൾ ബിഷപ്പ് ബെർക്ക്ലിയെ പോലുള്ളവർ ആശയങ്ങളുടെയും ചിന്തയുടെയും പ്രാഥമികതയിലൂന്നി. ഡേവിഡ് ഹ്യുമും എല്ലാ കണ്ടെത്തലുകളെയും സംശയവാദത്തിന്റെ (Scepticism) അടിസ്ഥാനത്തിൽ സമീപിച്ചു. ഇമ്മാനുവേൽ കാന്റ് വസ്തുക്കളുടെ യാഥാർഥ്യം അജ്ഞേയമാണെന്നും പ്രാതിഭാസിക സത്യങ്ങൾ മാത്രമാണ് നമുക്ക് തിരിച്ചറിയാൻ കഴിയുന്നതെന്നും വാദിച്ചു. മനുഷ്യനിർമ്മിതമായ സംവർഗങ്ങളിലൂടെ ഗണിതത്തെയും യുക്തിയെയും ഉപയോഗിച്ചുമാത്രമാണ് നമുക്ക് വസ്തുക്കളുടെ യാഥാർത്ഥ്യം മനസ്സിലാക്കാൻ കഴിയുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലെ കണ്ടെത്തലുകൾ പുതിയ സംവാദങ്ങൾ ഉയർത്തിക്കൊണ്ടുവന്നു. കാന്ത വൈദ്യുതി (Electromagnetism) യെയും താപഗതിക (Thermodynamics) ത്തെയും സംബന്ധിച്ച തത്വങ്ങൾ ദ്രവ്യവും ഊർജവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ധാരണകളിൽ മാറ്റം വരുത്തി. മെൻഡലിയേഫിന്റെ പീരിയോഡിക് ടേബിൾ മൂലകങ്ങളെക്കുറിച്ചുള്ള ധാരണകളിൽ മാറ്റങ്ങൾ സൃഷ്ടിക്കുകയും മൂലകങ്ങളുടെ സ്വഭാവവും അവയുടെ ആണവഘടനയും തമ്മിലുള്ള ബന്ധം പുറത്തുകൊണ്ടുവരുകയും ചെയ്തു. ജെ ജെ തോംസൺ ഇലക്ട്രോൺ കണ്ടെത്തിയതോടെ നെഗറ്റീവ് ചാർജുള്ള ഒരു കണത്തിന്റെ ചലനശേഷിയും വ്യക്തമാക്കപ്പെട്ടു. അന്തരീക്ഷത്തിന്റെ മൗലികഘടകമെന്ന രീതിയിൽ അതുവരെ കണക്കാക്കപ്പെട്ടിരുന്ന ഇൗഥറിന്റെ അസ്തിത്വം ചോദ്യം ചെയ്യപ്പെട്ടു. ഇതോടെ ന്യൂട്ടോണിയൻ ബലതന്ത്രം അലംഘനീയമായി കരുതിയ കേവലദ്രവ്യം, കേവലമായ ചലനം, കേവലമായ സ്ഥലം മുതലായവയും ചോദ്യം ചെയ്യപ്പെട്ടു. ഒരു സെക്കന്റിൽ 3 ലക്ഷം കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പ്രകാശത്തിന്റെ സ്ഥലകാലങ്ങൾ എന്തായിരിക്കുമെന്ന ചോദ്യവും ഉയർന്നു.

ഈ പശ്ചാത്തലത്തിലാണ് പ്രപഞ്ചത്തെയും മനുഷ്യരെയും സംബന്ധിച്ചും ശാസ്ത്രാന്വേഷണത്തെ സംബന്ധിച്ചും പുതിയ ചോദ്യങ്ങൾ ഉയരാനാരംഭിച്ചത്. ന്യൂട്ടോണിയൻ സങ്കൽപ്പങ്ങളുടെ പശ്ചാത്തലത്തിൽ ദെക്കാർത്തെ, ലീബ്നെസ്, സ്പിനോസ, കാന്റ്, ബെർക്ക്ലി, ഹ്യും, ഫിഷ്തെ, ഹെഗൽ മുതലായ നിരവധി ചിന്തകർ അവരവരുടേതായ പ്രപഞ്ച വീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ നിലപാടുകൾ മുന്നോട്ടുവച്ചു. ഈ നിലപാടുകളിൽ അടങ്ങിയിരുന്ന ഒരു അടിസ്ഥാന സങ്കൽപ്പമുണ്ടായിരുന്നു: മനസ്സും ശരീരവും തമ്മിലുള്ള അല്ലെങ്കിൽ ആത്മീയതയും ഭൗതികസത്തയും തമ്മിലുള്ള ദ്വന്ദ്വാത്മകതയായിരുന്നു അത്. ഈ വേർതിരിവ് പല രീതികളിൽ, പല കാഴ്ചപ്പാടുകളിൽ ഇക്കാലത്തെ ചിന്തകർ അവതരിപ്പിച്ചു. മിക്കവാറും ചിന്തകരും ഭൗതികയാഥാർഥ്യങ്ങളെ പൂർണമായി നിഷേധിക്കാതെ അവയെ മനസ്സിന്റെ പ്രവർത്തനങ്ങളുടെ സൃഷ്ടിയായി കണക്കാക്കാനാണ് ശ്രമിച്ചത്. ആശയവാദത്തിൽ ഊന്നിനിന്നുവെങ്കിലും ഭൗതിക യാഥാർഥ്യങ്ങളെയും മനസ്സിന്റെ വ്യാപാരങ്ങളെയും പരസ്പരബന്ധമായി കാണുകയും, വിപരീതങ്ങളുടെ ഐക്യമായി അവതരിപ്പിക്കുകയും ചെയ്തത് ഹെഗലാണ്. ഹെഗലിന്റെ വെെരുദ്ധ്യാത്മകതയെ കീഴ-്-മേൽ മറിച്ച് അതിന് ഭൗതികമായ അടിത്തറ നൽകിയ മാർക്സും എംഗൽസും ഭൗതിക ജീവിതത്തെ പ്രാഥമികമായി കാണുകയും മനുഷ്യരുടെ ബോധത്തിന്റെ വളർച്ചയെ അതിന്റെ ഉൽപ്പന്നമായി വിശദീകരിക്കുകയും ചെയ്തു. അതായത് മറ്റു പല ചിന്തകരും സ്വീകരിച്ച മനസ്സും ശരീരവും തമ്മിലും ആത്മീയതയും ഭൗതികതയും തമ്മിലുമുള്ള കേവല ദ്വന്ദ്വാത്മകതയല്ല മാർക്സും എംഗൽസും അംഗീകരിച്ചത്. മനുഷ്യരുടെ ഭൗതിക അസ്തിത്വം നിർണയിക്കുന്നതാണ് ബോധം. അധ്വാനത്തിലൂടെയുള്ള മനുഷ്യരുടെ ഭൗതിക ജീവിതത്തിന്റെ ഉൽപാദനവും ബോധത്തിന്റെ വികാസവും വെെരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതിക പ്രക്രിയയാണ്.

ഭൗതിക പ്രപഞ്ചത്തെക്കുറിച്ചുള്ള അന്വേഷണ ഫലങ്ങളുടെ ആഴവും പരപ്പും വർദ്ധിച്ചതോടെ അതിനെക്കുറിച്ചുള്ള അറിവിലും മാറ്റം വന്നു. അണുക്കൾ, തരംഗങ്ങൾ, ഊർജരൂപങ്ങൾ, തന്മാത്രകൾ, പദാർഥങ്ങൾ, മൂലകങ്ങൾ എന്നിങ്ങനെ ഭൗതികപ്രപഞ്ച സങ്കൽപ്പത്തിൽ മാറ്റങ്ങൾ സംഭവിച്ചതോടെ, ഭൗതികവാദികൾ ഉന്നയിച്ച ദ്രവ്യംപോലുള്ള സങ്കല്പങ്ങൾ അതിഭൗതികമാണെന്ന വാദം ഉയർന്നുവന്നു. പ്രപഞ്ചസങ്കൽപം ഏതാനും ചില ആശയങ്ങളിൽ ഒതുങ്ങുന്നില്ല. അവയെല്ലാം രൂപത്തിലാണ് മനുഷ്യരുടെ ഇന്ദ്രിയങ്ങളിലേക്ക് കടന്നുവരുന്നത്. പദാർത്ഥങ്ങളും മൂലകങ്ങളും തരംഗങ്ങളും ഊർജവുമെല്ലാം അത്തരത്തിലുള്ള പ്രതിഭാസങ്ങളാണ്. ഇന്ദ്രിയഗോചരമായ വസ്തുക്കൾ അല്ലെങ്കിൽ മൂലകങ്ങൾ എന്ന നിലയിൽ ഇവയെ സംബന്ധിച്ച ഇന്ദ്രിയാനുഭൂതികൾ (Sensations) പഠിപ്പിക്കുകയും അവയുടെ പ്രവർത്തനത്തെ സംബന്ധിച്ച നിഗമനങ്ങളിലെത്തുകയുമാണ് ശാസ്ത്രജ്ഞർ ചെയ്യുന്നത്. ഇവയെല്ലാം ദ്രവ്യമാണോ അല്ലയോ എന്ന അന്വേഷണം ശാസ്ത്രജ്ഞരുടെ വിഷയമല്ല. ലെനിൻ മുഖ്യമായും പരാമർശിക്കുന്ന ഏണസ്റ്റ് മാഷ്, റിച്ചാർഡ് അവിനേരിയസ് എന്നിവരുടെ വാദഗതി ഇതായിരുന്നു.

ഇവരുടെ വാദങ്ങളുടെ പ്രധാന ഘടകങ്ങളായി ലെനിൻ വിലയിരുത്തുന്നത് താഴെ പറയുന്നവയാണ്. ഒന്ന്, മുമ്പ് സൂചിപ്പിച്ച ഇന്ദ്രിയവാദം. രണ്ട്-, പ്രതിഭാസവാദം (Phenomenalism). കർത്താവും വസ്തുവും തമ്മിലുള്ള ഏകോപനം (Principle Coordination), പഠന വിഷയങ്ങളിൽ മറ്റു ഭൗതിക ഘടകങ്ങളുടെ ഇടപെടൽ (Interjection), അനുഭവവേദ്യത (Experience). ഇന്ദ്രിയങ്ങൾക്ക് ഗോചരമാകുന്നത് പ്രതിഭാസങ്ങളാണ്. ഈ പ്രതിഭാസങ്ങളാണ് നിരീക്ഷകർക്ക് അല്ലെങ്കിൽ ഇന്ദ്രിയങ്ങളുൾക്കൊള്ളുന്ന കർത്താക്കൾക്ക് വസ്തുതകളായി അനുഭവപ്പെടുന്നത്. അനുഭവവേദ്യത പ്രതിഭാസങ്ങളും നിരീക്ഷണങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ രൂപങ്ങളാണ്. നിരീക്ഷകരും വസ്തുതകളും തമ്മിലുള്ള ഏകോപനത്തിലൂടെ ജ്ഞാനനിർമ്മിതി നടക്കുന്നത് പഠിക്കുന്ന വസ്തുതകൾക്ക് ഭൗതികാടിത്തറയുണ്ടോ ഇല്ലയോ മുതലായ ചോദ്യങ്ങൾ ഏണസ്റ്റ് മാഷിനും അവിനേരിയസിനും അതിഭൗതികമായ പ്രശ്നങ്ങൾ മാത്രമാണ്. എന്നാൽ അവയിലെ ഘടകങ്ങൾ പഠനത്തിൽ ഇടപെടാം. ഉദാഹരണത്തിന് ഊർജത്തിന്റെ വിന്യാസം ഭൂമിയുടെ പ്രതലത്തിലാണോ അന്തരീക്ഷത്തിലാണോ നടക്കുന്നത് എന്നതനുസരിച്ച് മാറ്റങ്ങളുണ്ടാകാം. അത് ഏതെങ്കിലും ഭൗതികവാദ സങ്കൽപ്പത്തിനനുസരിച്ചല്ല. ഇന്ദ്രിയാനുഭൂതിയിൽ ഈ ഭിന്നത പ്രത്യക്ഷപ്പെടുന്നതുകൊണ്ടു മാത്രമാണ്.

ലെനിന്റെ നിരീക്ഷണങ്ങൾ ഏണസ്റ്റ് മാഷിന്റെയും അവിനേരിയസിന്റെയും നിലപാടുകളിൽ ഒതുങ്ങുന്നില്ല. ശാസ്ത്രജ്ഞനും ചിന്തകനുമായ ഹെൻറി പോയിൻകാരെ, ശാസ്ത്രചിന്തകരായ പിയറി ദുഹെം, കാൾ പിയേഴ്സൻ, ആധ്യാത്മിക ചിന്തകനായ ജെയിംസ് വാർഡ്, ശാസ്ത്രജ്ഞനായ ഹെം ഹോൾട്സ്, ഹെർട്സ്, ലുഡ് വിഗ് ബോൾട്സ്മാൻ, ഏണസ്റ്റ് ഹെെക്കൽ തുടങ്ങി നിരവധി പേരുടെ അഭിപ്രായങ്ങളെ അദ്ദേഹം പരിഗണിക്കുന്നു. ഇവരിൽ രണ്ടു തരത്തിലുള്ള പ്രവണതകൾ അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. ശാസ്ത്രജ്ഞരും ചിന്തകരെന്ന അവകാശവാദമില്ലാത്തവരുമായ ആളുകൾ അവർ പഠിക്കുന്ന ഇന്ദ്രിയഗോചരമായ വസ്തുക്കളെയും പ്രതിഭാസങ്ങളെയും ഭൗതികപ്രക്രിയകളായി പരിഗണിക്കുന്നവരാണ്. അവർ ഭൗതികവാദികളാണ്. ഭൗതികവാദത്തോടുള്ള എതിർപ്പ് പ്രത്യക്ഷപ്പെടുന്നത് ചിന്തകരുടെ ഇടയിൽ നിന്നാണ്. അവർ മനുഷ്യരുടെ ബോധത്തിനും നിരീക്ഷണത്തിനുമപ്പുറമുള്ള ഭൗതിക പ്രപഞ്ചത്തിന്റെ അസ്തിത്വത്തെ നിരാകരിക്കുക മാത്രമല്ല, അതിനു വേണ്ടി നിലകൊള്ളുന്നവരെയെല്ലാം മാർക്സിനെയും എംഗൽസിനെയും അടക്കം, അതിഭൗതികവാദികളായി കാണുകയും ചെയ്യുന്നു.

ഭൗതികവാദത്തിന്റെ നിരാസമാണ് ഏണസ്റ്റ് മാഷിന്റെയും അവിനേരിയസിന്റെയും മറ്റു ചിന്തകരുടെയും പ്രധാന വൈകല്യമായി ലെനിൻ ചൂണ്ടിക്കാണിക്കുന്നത്. ഭൗതികപ്രപഞ്ചത്തിന്റെ ഗതിവിഗതികളായി പ്രതിഭാസങ്ങളെ സൃഷ്ടിക്കുന്നത്, അവയാണ് വ്യത്യസ്ത ഇന്ദ്രിയാനുഭൂതികളായി മാറുന്നത്, അവയെ കണ്ടെത്തുകയും പ്രയോഗിക്കുകയും ചെയ്യുമ്പോഴാണ് മനുഷ്യരുടെ ബോധമണ്ഡലം വികസിക്കുന്നത്. ഈ ഭൗതിക പ്രപഞ്ചത്തെ നിഷേധിക്കുകയും ഇന്ദ്രിയാനുഭൂതികളും വസ്തുതകളും ഒന്നാണെന്നും അതിനപ്പുറമുള്ള പ്രപഞ്ചമില്ലെന്നും വാദിക്കുന്നതോടെ ഈ പണ്ഡിതർ ആശയവാദികളായി മാറുകയാണ്. ആത്മനിഷ്ഠ ആശയവാദത്തിന്റെ വക്താവായ ബിഷപ്പ് ബാർക്ക്ലി ഭൗതിക വസ്തുതകളെ നിഷേധിച്ചില്ല. പക്ഷേ, അത്തരം വസ്തുതകളെ നമ്മുടെ നിരീക്ഷണത്തിന്റെ ഉൽപ്പന്നമാണെന്ന് വാദിക്കുകയാണ് അദ്ദേഹം ചെയ്തത്. നാം കാണുന്നത് നമ്മുടെ ആശയങ്ങളുടെ പ്രതിഫലനങ്ങളെയാണ്. ഇതുതന്നെയാണ് മറ്റൊരു രീതിയിൽ ഏണസ്റ്റ് മാഷും അവിനേരിയസും വാദിക്കുന്നത്. നാം വ്യാഖ്യാനിക്കുന്നത് ഇന്ദ്രിയഗോചരമായ പ്രതിഭാസങ്ങളെയാണ്. ഈ പ്രതിഭാസങ്ങളും അവയുടെ ഇന്ദ്രിയാനുഭൂതികളും ഒന്നാകുന്നതോടെ നാം സൃഷ്ടിക്കുന്ന ആശയങ്ങളുടെ അടിസ്ഥാനത്തിൽ അവയെക്കുറിച്ചുള്ള ജ്ഞാനം ഉല്പാദിപ്പിക്കാൻ നമുക്കു സാധിക്കുന്നു. ശാസ്ത്രത്തിന്റെ രീതിയും അതാണ്. അതിലപ്പുറമുള്ള ഭൗതികസത്തയെ സംബന്ധിച്ച വിഷയങ്ങൾ ശാസ്ത്രത്തിന്റെ വിഷയമല്ല.

ഈ വിശദീകരണത്തിൽ സൂക്ഷ്മതലത്തിൽ ഒരു അഭിപ്രായ വ്യത്യാസമുണ്ട്. ഡേവിഡ് ഹ്യൂമിന്റെയും ഇമ്മാനുവൽ കാന്റിന്റെയും വാദങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടുള്ള അഭിപ്രായവ്യത്യാസമാണിത്. ചില ചിന്തകർ ഹ്യൂമിന്റെ സംശയവാദപരമായ നിലപാടുകൾ സ്വീകരിക്കുന്നു. മറ്റു ചിലർ കാന്റിനോടൊപ്പം വസ്തുതകളുടെ കേവലാസ്തിത്വം (things -in- themselves) അംഗീകരിക്കുന്നു. പക്ഷേ, അവ പ്രതിഭാസലോകത്തിനു പുറമേയാണെന്നും അതുകൊണ്ട് സ്വാഭാവികമായ തലത്തിൽ അജ്ഞേയമാണെന്നും അവർ വാദിക്കുന്നു. പ്രതിഭാസങ്ങളുടെ സാർവലൗകിക സ്വഭാവം തന്നെ സംശയത്തോടെ കാണുന്നവർക്ക് ആശയവാദികളാകാൻ പ്രയാസമില്ല. അവർക്ക് സവിശേഷ പ്രതിഭാസങ്ങളുടെ പഠനത്തിലൂന്നിയാൽ മതി. ശാസ്ത്രപഠനത്തിലെ കേവല ഇന്ദ്രിയ മാത്രവാദം (Empericism) പ്രോത്സാഹിപ്പിക്കുന്നതും ഇതാണ്. എന്നാൽ, കാന്റിന്റെ അനുയായികൾ ഭിന്നരാണ്. അവർ ഇന്ദ്രിയജ്ഞാനത്തിനപ്പുറമുള്ള അതീന്ദ്രിയ (Transcendental) അന്വേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. പൂർണമായും യുക്തിപരതയെ പ്രത്യേകിച്ച് ഗണിതശാസ്ത്രത്തിന്റെ പ്രയോഗത്തെ ആധാരമാക്കിയാണ് അവർ വസ്തുക്കളുടെ ഉൺമയെ പഠിക്കുന്നത്. യുക്തിപരതയുടെ ഉൽപ്പന്നങ്ങളും ഗണിതസമവവാക്യങ്ങളുമാണ് നമുക്ക് എത്തിച്ചേരാൻ കഴിയുന്ന അറിവ്. ഈ അറിവുകളെ പ്രപഞ്ചത്തിന്റെ ചലന നിയമങ്ങളായി വ്യാഖ്യാനിക്കുന്നതോടെ വീണ്ടും അവർ ആശയവാദത്തിലേക്ക് വഴുതിവീഴുന്നു.

പോസിറ്റീവിസം
ഈ വിമർശനങ്ങളുടെ ഭാഗമായി ലെനിൻ പരിശോധിക്കുന്ന നിരവധി സങ്കല്പങ്ങളുണ്ട്. അതിലൊന്ന് പോസിറ്റീവിസമാണ്. ആഗസ്ത് കോംടിന്റെ സംഭാവനയായ ഈ പദപ്രയോഗം, ഇന്ദ്രിയഗോചരമായ, വ്യക്തമായി തെളിയിക്കാൻ കഴിയുന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ എത്തിച്ചേരുന്ന നിഗമനങ്ങളെയും അവയെ ആധാരമാക്കിയുള്ള അറിവുകളെയും സൂചിപ്പിക്കുന്നു. ലെനിൻ ചൂണ്ടിക്കാണിക്കുന്നത് ഈ രീതിക്കും പ്രാതിഭാസികതയ്ക്കും ഇന്ദ്രിയജ്ഞാനത്തിനും അപ്പുറം പോകാൻ കഴിയുന്നില്ലെന്നതാണ്. പ്രതിഭാസങ്ങൾ ഏതുവിധത്തിലുള്ളവയായാലും, അവ ആശയങ്ങളിൽ നിന്നുമാത്രം രൂപപ്പെട്ടതായും വസ്തുതകളും അറിവുമാക്കി അവയെ മാറ്റാൻ പോസിറ്റിവിസ്റ്റ് രീതിക്കു കഴിയും. ലെനിൻ അതിശക്തമായി വിമർശിക്കുന്ന കാൾ പിയേഴ്സിനെപ്പോലുള്ളവർ പോസിറ്റിവിസത്തിന്റെ വക്താക്കളായിരുന്നു. വസ്തുതകളുടെ ഭൗതികതയെ പൂർണ്ണമായും നിഷേധിക്കുകയും അവയെ ഇന്ദ്രിയബദ്ധമായ നിരീക്ഷണ – പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം പരിശോധിക്കണമെന്നു വാദിക്കുകയും ചെയ്തതോടെ പിയേഴ്സൻ ആശയവാദത്തിലാണ് തന്റെ സ്ഥാനമുറപ്പിച്ചതെന്ന് ലെനിൻ ചൂണ്ടിക്കാണിക്കുന്നു. മാഷിന്റെ അനുയായികളായ പെറ്റ് സോൾഡ്, വില്ലി തുടങ്ങിയ പലരും പോസിറ്റിവിസത്തോടുള്ള കൂറുപുലർത്തുകയും അതേസമയം ഭൗതികവാദത്തെ നിരാകരിക്കുകയും ചെയ്തവരാണ്.

അനുഭവവേദ്യത
ഏണസ്റ്റ് മാഷും അവിനേരിയസും, ഇന്ദ്രിയവാദികൾ പൊതുവേയും ഉപയോഗിക്കുന്ന പദപ്രയോഗമാണ് അനുഭവവേദ്യത. ഏതൊരു പ്രതിഭാസവും അനുഭവവേദ്യമാകുമ്പോഴാണ് അവ ഇന്ദ്രിയവാദപരമായ വിമർശനത്തിന് പാത്രമാകുന്നത്. അതായത് ഭൗതികപ്രക്രിയകൾ നടക്കുന്നുണ്ടാകാം, പക്ഷേ ഏതെങ്കിലും പ്രതിഭാസത്തിന്റെ രൂപത്തിൽ അനുഭവവേദ്യമല്ലെങ്കിൽ അവ പഠനാർഹമല്ല. അനുഭവവേദ്യമല്ലാത്ത എന്തിനെക്കുറിച്ചുമുള്ള ആലോചന സാങ്കൽപ്പികമാകും, അതിഭൗതികമാകും എന്നാണ് ലെനിൻ ചൂണ്ടിക്കാണിക്കുന്നത്. അനുഭവങ്ങളെ ഭൗതിക പ്രക്രിയകളുമായി മാത്രം ബന്ധിപ്പിക്കാനല്ല ശ്രമിക്കുന്നത് എന്നാണ്. ആശയപരമായ നിർമിതികളും വിഭ്രാന്തികളും അനുഭവങ്ങളാകാം. വ്യക്തിപരമായ അനുഭവങ്ങളും സാമൂഹ്യമായ അനുഭവങ്ങളും തമ്മിലുള്ള വേർതിരിവുകളുണ്ട്. സാമൂഹ്യ അനുഭവങ്ങൾക്ക് ഭൗതികതലമുണ്ട്, വ്യക്തിഗത അനുഭവങ്ങൾക്ക് എല്ലായ്-പ്പോഴും അതുണ്ടാകണമെന്നില്ല. അതുകൊണ്ട് അനുഭവവേദ്യതയെ ഉപയോഗിച്ച് ഭൗതികവാദത്തെ മാത്രമല്ല ശാസ്ത്രീയമായ അന്വേഷണങ്ങളെപ്പോലും നിരാകരിക്കാം. അനുഭവവേദ്യതയെമാത്രം ഉപയോഗിച്ചുള്ള ജ്ഞാനനിർമ്മിതി ഫലത്തിൽ ആശയവാദത്തിലേക്ക് വഴുതിവീഴുകയാണ് ചെയ്യുക.

പ്രയോഗപരത (Pragmatism)
അനുഭവവേദ്യതയുമായി ബന്ധപ്പെട്ടതാണ് പ്രയോഗവാദം. തന്റെ പുസ്തകത്തിന് ലെനിൻ എഴുതിയ അടിക്കുറിപ്പുകളിലൊന്നിൽ വില്യം ജെയിംസിന്റെ ‘പ്രാഗ്-മാറ്റിസം’ എന്ന പുസ്തകത്തിലെ നിരീക്ഷണങ്ങളെ പരാമർശിക്കുന്നു. വില്യം ജെയിംസും അനുഭവങ്ങളിൽ തന്നെയാണ് ഊന്നുന്നത്. എന്നാൽ, അനുഭവങ്ങൾ പ്രയോഗത്തിൽ വരുമ്പോൾ അവ സ്ഥിരീകരിക്കപ്പെടുന്നതായി അദ്ദേഹം വാദിക്കുന്നു. എന്നാൽ എന്താണ് സ്ഥിരീകരിക്കപ്പെടുന്നത്? വ്യക്തിഗതമായ അനുഭവങ്ങൾ പ്രയോഗത്തിൽ വരുമ്പോഴും വ്യക്തികളുടെ ആത്മനിഷ്ഠത തന്നെയാണ് പുറത്തുവരുക. അത് സാമൂഹികമായ അനുഭവമായി മാറണമെന്നില്ല. സാമൂഹികയമായ അനുഭവങ്ങൾക്ക് എപ്പോഴും ഭൗതികമായ അടിത്തറയുണ്ടാകും. പ്രയോഗപരതയെ ഭൗതികവാദത്തിൽനിന്ന് വേർതിരിക്കുന്നതു വഴി എല്ലാ വിധത്തിലുമുള്ള അനുഭവവേദ്യതകളെയും ആത്മനിഷ്ഠ സമീപനങ്ങളുടെ അടിസ്ഥാനത്തിൽ നിർണയിക്കുക മാത്രമാണ് ചെയ്യുന്നത്. ഇത് ജെയിംസ് തന്നെ എഴുതിയ ‘മതപരമായ അനുഭവങ്ങളുടെ വ്യത്യസ്ത രൂപങ്ങൾ’ എന്ന ഗ്രന്ഥത്തിൽ കൂടുതൽ പ്രകടമായി കാണാം.

സംശയവാദം (Scepticism)
‘‘എല്ലാ വസ്തുതകളെയും സംശയത്തോടെ കാണുക’’എന്ന ആശയം ദെക്കാർത്തെ ആണ് അവതരിപ്പിച്ചതെങ്കിലും അതിനെ അന്വേഷണങ്ങളുടെ അടിസ്ഥാനതത്വമാക്കി മാറ്റിയത് ഡേവിഡ് ഹ്യൂം ആയിരുന്നു. ന്യൂട്ടോണിയൻ ബലതന്ത്രം വെല്ലുവിളിക്കപ്പെടുന്ന സാഹചര്യങ്ങളിൽ ചിന്തകർ സംശയവാദത്തെ മുറുകെപ്പിടിക്കുകയും കേവല സിദ്ധാന്തങ്ങളോടൊപ്പം ഭൗതികവാദത്തെയും തള്ളിപ്പറയാൻ ആരംഭിക്കുകയും ചെയ്തു. വൈജ്ഞാനിക മേഖലയിൽ സാർവലൗകിക സിദ്ധാന്തങ്ങളൊന്നുമില്ലെന്നും സവിശേഷതലങ്ങളിൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ എത്തിച്ചേരുന്ന നിഗമനങ്ങൾ മാത്രമേയുള്ളൂ എന്നും അവർ വാദിച്ചു. ഏണസ്റ്റ് മാഷിന്റെയും അവിനേരിയസിന്റെയും സിദ്ധാന്തങ്ങൾക്ക് ശക്തമായ പിന്തുണ നൽകിയത് ഇവരാണ്. സംശയവാദികളും സംശയിക്കുന്ന കർത്തൃത്വങ്ങളെ അംഗീകരിക്കുന്നതുകൊണ്ട് ആശയവാദത്തിലേക്ക് വഴുതി വീഴുന്നു എന്ന്- ലെനിൻ ചൂണ്ടിക്കാണിക്കുന്നു.

അജ്‍‍‍ഞേയവാദം 
(Agnosticism)
കാന്റിയൻ ദ്വന്ദ്വവാദികളെ അജ്‍‍‍ഞേയവാദികൾ എന്നു വിളിച്ചത് എംഗൽസ് ആണ്. ഒരു വശത്ത് പ്രാതിഭാസിക ലോകത്തിനപ്പുറമുള്ള യാഥാർത്ഥ്യമുണ്ടെന്ന് അംഗീകരിക്കുമ്പോൾ തന്നെ അവ മനുഷ്യർക്ക് അജ്ഞേയമായിരിക്കുമെന്ന് അവർ വാദിച്ചു. അതിനെ മനസ്സിലാക്കാനായി പ്രത്യേക സംവർഗങ്ങളും പഠന രീതികളും ഉപയോഗിക്കേണ്ടിവരും. അപ്പോഴും എത്തിച്ചേരുക സ്വന്തം പരികല്പനകളെ (കാന്റിന്റെ ഭാഷയിൽ സ്കീമുകൾ) യുക്തിപരമായി തെളിവുകളുടെ അടിസ്ഥാനത്തിൽ എത്തിച്ചേരുന്ന നിഗമനങ്ങളാണ്. ശാസ്ത്രത്തിന്റെ യുക്തിയും അതാണ്. അവിടെയും ഭൗതികവാദത്തെ തിരസ്കരിച്ചാൽ സംഭവിക്കുന്നത് പരികൽപ്പനകളും തെളിവുകളുടെ പരിശോധനയും നിഗമനങ്ങളും ബൗദ്ധികമായ അടിത്തറയിൽ മാത്രം നിർണയിക്കപ്പെടുമെന്നതാണ്. എംഗൽസ് ചൂണ്ടിക്കാണിക്കുന്നതുപോലെ അസ്തിത്വത്തിന്റെ എല്ലാ തലങ്ങളും നമുക്ക് അറിയണമെന്നില്ലെങ്കിൽ പോലും നമുക്ക് അറിവുള്ള തലങ്ങളുടെ ഭൗതികത (Materiality) അംഗീകരിക്കേണ്ടി വരും. അത് നിരാകരിച്ചുകഴിഞ്ഞാൽ നാം എത്തിച്ചേരുന്നത് ബൗദ്ധികതയുടെ അല്ലെങ്കിൽ ബുദ്ധിയുടെ പ്രാഥമികതയിലാണ്, ആശയവാദത്തിലാണ്. നവ കാന്റിയന്മാർ എന്നുവിളിക്കപ്പെട്ട ചിന്തകർ എല്ലാവരും ആശയവാദികളാണ്.

യാഥാർത്ഥ്യവാദം (Realism)
ശാസ്ത്രജ്ഞർ എല്ലാവരും ആശയവാദികളല്ല. പക്ഷേ, അവരിൽ പലരും യാഥാർത്ഥ്യവാദികൾ എന്നു വിളിക്കപ്പെടാൻ താല്പര്യമുള്ളവരാണ്. പലപ്പോഴും ഇന്ദ്രിയ ഗോചരമായ, അനുഭവവേദ്യമായ വസ്തുതകളെയും പ്രതിഭാസങ്ങളെയുമാണ് അവർ യാഥാർത്ഥ്യം ആയി മനസ്സിലാക്കുന്നത്. യാഥാർത്ഥ്യത്തിന്റെ ഭൗതികതലങ്ങളെ അവർ നിരാകരിക്കുന്നില്ല. എങ്കിലും ഭൗതിക പ്രപഞ്ചത്തിന്റെ ഗതിവിഗതികൾ നിർണയിക്കുന്നവയാണ് പ്രതിഭാസങ്ങൾ എന്ന് അംഗീകരിക്കുന്നതിൽ അവർക്ക് പ്രയാസമുണ്ട്. എങ്കിലും, ഹെം ഗോൾഡിനെ പോലെയുള്ള ശാസ്ത്രജ്ഞർ സ്വാഭാവിക യാഥാർത്ഥ്യവാദികളാ (naive realists)ണെന്ന് ലെനിൻ ചൂണ്ടിക്കാണിക്കുന്നു. അവർ യാഥാർത്ഥ്യവാദികളാകുന്നത് ഏതെങ്കിലും തത്വചിന്താപരമായ വീക്ഷണങ്ങളിലൂടെയല്ല, അവരുടെ ഗവേഷണ പഠനങ്ങളിലൂടെയാണ്. അതേസമയം, യാഥാർത്ഥ്യവാദത്തിൽ ആശയവാദത്തിന്റെ അംശങ്ങളെയും ഇവർ അംഗീകരിക്കാൻ തയ്യാറാണ്. അതും ഇതും യാഥാർത്ഥ്യമാണെന്നും അവയിൽ ഉചിതമായത് അംഗീകരിക്കാമെന്നുമുള്ള നിലപാടിൽ ഇവർ എത്തുന്നു. ഇവരെ ലജ്ജയോടുകൂടിയ ഭൗതികവാദികൾ (Shamed materialists) എന്നാണ് എംഗൽസ് വിളിക്കുന്നത്. ശരിയായ വിധത്തിലുള്ള യാഥാർത്ഥ്യവാദം ഭൗതികവാദമാണ്. യാഥാർത്ഥ്യവാദികൾ പലപ്പോഴും ഇത് അംഗീകരിക്കാൻ വിസമ്മതിക്കുന്നു.

ആപേക്ഷികതാവാദം (Relativism)
ആശയവാദവും ഭൗതികവാദവും തമ്മിലുള്ള സംവാദത്തിന് പരിഹാരമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ആപേക്ഷികതാവാദമാണ്. നമുക്ക് കേവല സത്യങ്ങളെ കണ്ടെത്താൻ കഴിയുകയില്ല. ആപേക്ഷികതാ വാദങ്ങളെ മാത്രമേ കണ്ടെത്താൻ കഴിയൂ. അത് സംഭവിക്കുന്നത് സത്യം ഇല്ലാത്തതുകൊണ്ടല്ല, അവയെല്ലാം ഇന്ദ്രിയഗോചരമാകണമെന്നില്ല. നമ്മുടെ ബുദ്ധിശക്തിക്കും പരിമിതികളുണ്ട്. നാം കണ്ടെത്തുന്ന സത്യങ്ങൾ ആപേക്ഷികമാണെന്ന തിരിച്ചറിവ് നമ്മെ കൂടുതൽ കണ്ടെത്താൻ പ്രേരിപ്പിക്കുന്നു. പിയറി ദുഹെം (Pierre Duhem) ഒരു ആപേക്ഷികതാവാദിയാണ്. അദ്ദേഹം വൈരുദ്ധ്യാത്മക ഭൗതികവാദത്തോട് അടുത്തുനിൽക്കുന്ന ചിന്തകനുമാണ്. പക്ഷേ, ഭൗതിക പ്രപഞ്ചത്തിന്റെ സൂക്ഷ്മ തലങ്ങളെയെല്ലാം തിരിച്ചറിഞ്ഞില്ലെങ്കിൽ പോലും ഭൗതിക പ്രപഞ്ചം എന്ന യാഥാർത്ഥ്യത്തെ അംഗീകരിക്കുന്നതിൽ പ്രയാസമുണ്ടാകണമെന്നില്ല. അത് ദുഹെം അംഗീകരിക്കുന്നില്ല. ലെനിന്റെ കാലഘട്ടത്തിനുശേഷം ദുഹെമും അമേരിക്കൻ യുക്തിശാസ്ത്രജ്ഞനായ ബില്ലാർഡ് ക്വൈനും ചേർന്ന് സൃഷ്ടിച്ച ദുഹെം – ക്വൈൻ സിദ്ധാന്തം വാദിക്കുന്നത് സ്ഥിരീകരിച്ച തെളിവുകളോടുകൂടിയുള്ള നിഗമനങ്ങളെ മാത്രമേ അറിവായി പരിഗണിക്കാൻ പാടുള്ളൂ എന്നാണ്. ഇതേ വാദം മറ്റൊരു വിധത്തിൽ കാൾ പോപ്പറും അവതരിപ്പിക്കുന്നു. അദ്ദേഹത്തിന്റെ വാദമനുസരിച്ചാണ് ശാസ്ത്രാന്വേഷണമെന്നത് പരികല്പനകളുടെ സ്ഥിരീകരണമാണ്. സ്ഥിരീകരിക്കപ്പെട്ട നിഗമനങ്ങളിൽ ഏതെങ്കിലും ഒന്ന് പിന്നീട് തെറ്റാണെന്ന് തെളിഞ്ഞാൽ ആ വാദഗതിയെത്തന്നെ പുനഃപരിശോധിക്കേണ്ടിവരും. ഈ പുനഃപരിശോധന നടക്കുന്നത് ഭൗതിക യാഥാർത്ഥ്യങ്ങളെ സംബന്ധിച്ച ഏതെങ്കിലും വിധത്തിലുള്ള പൊതുനിഗമനത്തിന്റെ (അതായത് ഭൗതിക യാഥാർത്ഥ്യത്തിന്റെ പ്രാഥമികതയുടെ) അടിസ്ഥാനത്തിലല്ല, മറ്റൊരു പരികല്പനയുടെ അടിസ്ഥാനത്തിലാണ്. പിയറി ദുഹെമിന്റെ വാദം കേവലമായ ആപേക്ഷികവാദമാണ്. അതിന് ആശയവാദത്തോടാണ് ആഭിമുഖ്യം.

‘സ്വാഭാവിക’ ഭൗതികവാദം
ഏണസ്റ്റ് മാഷിന്റെയും പ്രശസ്ത ജെെവ ശാസ്ത്രജ്ഞനായ ഏണസ്റ്റ് ഹെെക്കലിന്റെയും നിലപാടുകളെ ലെനിൻ താരതമ്യപ്പെടുത്തുന്നുണ്ട്. ഹൈക്കൽ മാർക്സിന്റെയോ എംഗൽസിന്റേയോ രീതിയിലുള്ള ഭൗതികവാദിയല്ല. അതേസമയം മാഷിന്റെ രീതിയിൽ ‘ഇന്ദ്രിയഗോചര’ യാഥാർത്ഥ്യത്തെ മാത്രം അംഗീകരിക്കുന്ന ആളുമല്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പ്രപഞ്ച യാഥാർത്ഥ്യങ്ങൾ, പ്രത്യേകിച്ച് ജൈവ യാഥാർത്ഥ്യങ്ങൾ സ്വാഭാവികമാണ്. ഇവിടെ ‘സ്വാഭാവിക’(natural)ത്തിന് മനുഷ്യ സ്വഭാവത്തേക്കാൾ ഉന്നതമായ അർത്ഥമുണ്ട്. തന്റെ ‘പ്രപഞ്ചത്തിന്റെ പ്രഹേളിക’ ( riddle of the universe) എന്ന പുസ്തകത്തിൽ പ്രപഞ്ചത്തിന്റെ ചലന നിയമങ്ങൾക്കനുസരിച്ചാണ് ജീവജാലങ്ങളുടെ വ്യാപനമുണ്ടാകുന്നതെന്നും അതിൽ പാരമ്പര്യത്തിന്റെയും (heredity) ഭൗതിക സാഹചര്യങ്ങളുടെയും (environment) തലങ്ങൾ സന്നിവേശിച്ചിരിക്കുന്നുവെന്നും വാദിക്കുന്നുണ്ട്. ആശയവാദത്തെ പൂർണ്ണമായും ഹെെക്കൽ നിഷേധിക്കുന്നില്ല. എന്നാൽ ജീവജാലങ്ങളുടെ ഉല്പത്തിയെ സംബന്ധിച്ച സ്വാഭാവികതലം കണ്ടെത്തുന്നതോടെ കേവലമായ ഇന്ദ്രിയവാദത്തിൽ നിന്ന് ഹെെക്കൽ മാറിനിൽക്കുന്നു. ഇതേ രീതിയിൽ ലുഡ്-വിഗ് റോബാർട്ട്സ്-മാൻ പ്രകടമായിത്തന്നെ പ്രാതിഭാസികിതയുടെ അടിസ്ഥാനത്തിൽ മാത്രം പ്രപഞ്ചത്തിലെ പ്രക്രിയകളെ പരിശോധിക്കാൻ വിസമ്മതിക്കുന്നു.

ഇതേസമയം, മനുഷ്യശരീരത്തിന്റെ സൂക്ഷ്മതലങ്ങൾ (ഉദാഹരണത്തിന് മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങൾ) മുഴുവനും നമുക്ക് പരിശോധിക്കാൻ കഴിയുന്നില്ല എന്നതിന്റെ അടിസ്ഥാനത്തിൽ ഒരർത്ഥത്തിലുള്ള ‘‘ജീവശക്തി’’സിദ്ധാന്തങ്ങൾ( neo vitalism) ശാസ്ത്രജ്ഞരുടെ ഇടയിൽ തന്നെ വ്യാപിപ്പിക്കുന്നതായി ലെനിൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജനിതകത്തിനു മുമ്പുള്ള മനുഷ്യശരീര പഠനങ്ങളുടെ അവസ്ഥയാണിത്. ഭൗതിക യാഥാർത്ഥ്യങ്ങളിലെ ദുരൂഹതകൾ കൂടുതൽ ആഴത്തിൽ ആശയവാദപരമായ നിലപാടുകളിലേക്ക് ഓടിയൊളിക്കുകയെന്ന അപകടം ശാസ്ത്രജ്ഞർ അംഗീകരിക്കുന്ന വാദങ്ങളിൽ തന്നെ കാണാം.
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seven − four =

Most Popular