ശാസ്ത്രത്തിന്റെ മൂല്യം
പ്രശസ്ത ഫ്രഞ്ച് ശാസ്ത്രജ്ഞനും ചിന്തകനുമായ ഹെൻറി പോയിൻകാരെയുടെ ശ്രദ്ധേയമായ കൃതിയാണ് ‘ശാസ്ത്രത്തിന്റെ മൂല്യം’. ഒരുവശത്ത് ശാസ്ത്ര വിജ്ഞാനത്തെ സ്വാധീനിക്കുന്ന ഭൗതികവാദം അടക്കമുള്ള അതിഭൗതികവാദഗതികളെ ശക്തമായി എതിർക്കുന്ന പൊയിൻകാരെ മറുവശത്ത് നിരീക്ഷകരായ ശാസ്ത്രജ്ഞരും അവർ പരിശോധിക്കുന്ന പ്രതിഭാസങ്ങളും തമ്മിലുള്ള ബന്ധത്തെ ഏണസ്റ്റ് മാഷ് സൂചിപ്പിക്കുന്ന കർത്താവും വസ്തുവും തമ്മിലുള്ള ഏകോപനത്തിന് സമാനമായി വിലയിരുത്തുന്നു. പ്രതിഭാസങ്ങളുടെ നിരീക്ഷിക്കപ്പെടുന്ന യുക്തിയോട് പൊരുത്തപ്പെടുന്ന സമവാക്യങ്ങളാണ് ശാസ്ത്രജ്ഞർ സൃഷ്ടിക്കുന്നത്. പ്രയോഗതലത്തിൽ വരുമ്പോൾ ഈ സമവാക്യങ്ങൾക്ക് അല്ലെങ്കിൽ നിഗമനങ്ങൾക്ക് മൂല്യം ഉണ്ടാകും. നിഗമനങ്ങൾ ആത്യന്തിക സത്യങ്ങളല്ല. അവയ്ക്ക് അതതു കാലഘട്ടത്തിലുള്ള സ്വീകാര്യത മാത്രമേ ഉണ്ടാവുകയുള്ളൂ. ഏണസ്റ്റ് മാഷിന്റെ നിലപാടുകളുടെ മറ്റൊരു രൂപമായാണ് ലെനിൻ ഇതിനെ വിലയിരുത്തുന്നത്. ഇതനുസരിച്ച് ശാസ്ത്രത്തിന്റെ മൂല്യം ഇന്ദ്രിയഗോചരമായ വസ്തുതകളുടെ വിശദീകരണ ക്ഷമതയാണ്. അതിനപ്പുറമുള്ള വിശകലനങ്ങളെല്ലാം ശാസ്ത്രത്തിന്റെ പരിധിക്കപ്പുറമാണ്. അതായത്, ഭൗതിക യാഥാർത്ഥ്യങ്ങളുടെ പ്രാഥമികതയെ പൊയിൻകാരെ അംഗീകരിക്കുന്നില്ല. വസ്തുതകളുടെ വിശദീകരണം എന്നത് ധൈഷണികമായ കൃത്യതയുടെയും യുക്തിപരതയുടെയും ഭാഗമായിത്തീരുന്നതോടെ പോയിൻകാരെയും ആശയവാദത്തിലേക്ക് വീഴുന്നു.
ഭൗതിക പ്രപഞ്ചത്തിന്റെ പ്രാഥമികത
മേൽ സൂചിപ്പിച്ച പല വാദഗതികളുടെയും സ്വാധീനം ഇന്നും നിലനിൽക്കുന്നതായി നമുക്കറിയാം. ലെനിൻ ഇവയെയെല്ലാം സമീപിക്കുന്നത് ഒരൊറ്റ നിലപാടിൽ നിന്നാണ്. മനുഷ്യജീവിതങ്ങൾക്കും ആശയ പ്രപഞ്ചത്തിൽ നിന്നും വേർതിരിഞ്ഞ ഒരു ഭൗതിക പ്രപഞ്ചം നിലവിലുണ്ട്. നമ്മുടെ ജൈവ പ്രപഞ്ചവും മനുഷ്യ ജീവിതങ്ങളും പ്രവർത്തനങ്ങളും ചിന്തയും എല്ലാം അതിന്റെ ഭാഗങ്ങൾ മാത്രമാണ്. ബോധമണ്ഡലത്തിൽ പ്രകടിപ്പിക്കപ്പെടുന്ന പ്രപഞ്ചത്തെയും പ്രകൃതിയെയും കുറിച്ചുള്ള ധാരണകൾ ഭൗതിക യാഥാർത്ഥ്യത്തിന്റെ പ്രതിഫലനങ്ങൾ ആണ്. മറ്റൊരു രീതിയിൽ പറയുകയാണെങ്കിൽ സാമൂഹ്യബോധം സാമൂഹ്യ അസ്തിത്വത്തിന്റെ പ്രതിഫലനമാണ്. പ്രപഞ്ച യാഥാർത്ഥ്യത്തെ കുറിച്ചുള്ള നമ്മുടെ ബോധം വികസിക്കുന്നത് ഭൗതിക പ്രപഞ്ചവുമായുള്ള നമ്മുടെ പ്രതിപ്രവർത്തനത്തിലൂടെയാണ്. അതിനെ അറിയാനും നിയന്ത്രിക്കാനുമുള്ള നമ്മുടെ ശ്രമങ്ങളിലൂടെയാണ്; ഭൗതിക ജീവിതത്തിന്റെ ഉത്പാദനം എന്ന് മാർക്സ് പരാമർശിച്ചതും ഈ പ്രക്രിയയെയാണ്. ഭൗതിക ജീവിതത്തിന്റെ ഉല്പാദനത്തിന്റെ വികാസവും ബോധമണ്ഡലത്തിന്റെ വളർച്ചയും ചരിത്രപരമായ പ്രക്രിയകളായിത്തീരുന്നു. ഈ വികാസത്തിന്റെ ഓരോ ഘട്ടത്തിലുമുണ്ടാകുന്ന പരിമിതികളെയും വൈരുദ്ധ്യങ്ങളെയും മറികടക്കേണ്ടിവരുന്നതോടെ ഇത് വൈരുദ്ധ്യാത്മകമായ പ്രക്രിയയായിത്തീരുന്നു. ഈ പ്രക്രിയയെ ലെനിൻ വിശദീകരിക്കുന്നത് ഇങ്ങനെയാണ്:
‘‘വൈരുദ്ധ്യാത്മക ഭൗതികവാദം ദ്രവ്യത്തിന്റെ ഘടനയെയും അതിന്റെ ധർമ്മങ്ങളെയും സംബന്ധിച്ച ഓരോ ശാസ്ത്ര സിദ്ധാന്തത്തിന്റെയും ഏകദേശം ആപേക്ഷിക സ്വഭാവത്തിൽ ഊന്നുന്നു. അത് പ്രകൃതിക്ക് കേവലമായ അതിരുകളില്ലെന്നും ദ്രവ്യത്തിന്റെ ചലനാത്മകതയിലും ഒരു അവസ്ഥയിൽ നിന്ന് മറ്റൊരു അവസ്ഥയിലേക്കുള്ള രൂപപരിണാമത്തിലും, നമ്മുടെ കാഴ്ചപ്പാടിൽ നിന്നും ഇവ തമ്മിൽ പൊരുത്തമില്ലെന്ന തോന്നലുളവാക്കുമെന്നുമുള്ള ഉറച്ച നിലപാട് സ്വീകരിക്കുന്നു’’. ( പുറം 249)
അതായത് ദ്രവ്യത്തിന്റെ ഒരു ദശയിൽ നിന്നും മറ്റൊരു ദശയിലേക്കുള്ള മാറ്റവും ഇലക്ട്രോണുകളും കാന്ത വൈദ്യുതിയും അതുപോലെ അക്കാലത്തെ ‘‘ഭൗതികവാദത്തിലെ പ്രതിസന്ധി’’യെ കുറിച്ചുള്ള ചർച്ചകളും എല്ലാം ഭൗതിക പ്രപഞ്ചത്തിന്റെ അപരിമിതമായ സ്വഭാവത്തിന്റെയും ചലനാത്മകതയുടെയും നിരന്തരമായ രൂപാന്തരങ്ങളുടെയും സൂചനകൾ മാത്രമാണ്. ഭൗതിക പ്രപഞ്ചത്തിന്റെ പ്രാഥമികതയെ അവ നിഷേധിക്കുന്നില്ലെന്നു മാത്രമല്ല, അതിന്റെ അടിസ്ഥാന സ്വഭാവം വൈരുദ്ധ്യാത്മകമാണെന്നുകൂടി വ്യക്തമാക്കുകയാണ്. ഭൗതികത്തിലെ പ്രതിസന്ധി വൈരുദ്ധ്യാത്മക ഭൗതികവാദത്തെ ഉത്പാദിപ്പിക്കുകയാണെന്ന് ലെനിൻ വിലയിരുത്തുന്നു. ന്യൂട്ടോണിയൻ ബലതന്ത്രം സൃഷ്ടിച്ച യാന്ത്രിക ഭൗതികവാദം ഉപേക്ഷിക്കണമെന്നത് അനിവാര്യമാണ്. പക്ഷേ അതിനുള്ള പരിഹാരം ആശയവാദമോ ആപേക്ഷികവാദമോ അല്ല വൈരുദ്ധ്യാത്മക ഭൗതികവാദമാണത‍്. ഭൗതിക പ്രപഞ്ചത്തിന്റെ പ്രാഥമികതയിൽ ഊന്നാതെ വൈരുദ്ധ്യാത്മക ഭൗതികവാദം വളർത്തിക്കൊണ്ടുവരാൻ സാധിക്കുകയില്ല.
ലെനിന്റെ ഈ വാദത്തെ ഖണ്ഡിക്കാനായി അക്കാലത്ത് ഉപയോഗിക്കപ്പെട്ട ഒരു വിമർശനമുണ്ട്. ബോധമണ്ഡലം ഭൗതിക പ്രപഞ്ചത്തിന്റെ സാമൂഹ്യബോധം സാമൂഹ്യ അസ്തിത്വത്തിന്റെയും പ്രതിഫലനമാണെന്ന നിലപാട് യാന്ത്രിക ഭൗതികവാദത്തെ സൂചിപ്പിക്കുന്നു എന്നതാണ് ഈ വിമർശനം. ലെനിന്റെ ഗ്രന്ഥത്തിനു മുഴുവനും എതിരായ വിമർശനമായി ഇത് ഉപയോഗിക്കപ്പെടുന്നുണ്ട്. ഫോയർബാഹിനും ഡ്യൂറിങ്ങിനുമെതിരെയുള്ള എംഗൽസിന്റെ വിമർശനത്തിലാണ് ഈ പദം പ്രത്യക്ഷപ്പെടുന്നത്. ഹെഗൽ ‘പ്രതിഫലന’ത്തിന് നൽകുന്ന വിശദീകരണത്തിൽ നിന്നാണ് എംഗൽസ് ഇത് സ്വീകരിക്കുന്നത്. ഹെഗലിന് പ്രതിഫലനം കണ്ണാടിയിൽ കാണുന്ന പ്രതിച്ഛായയല്ല, വസ്തുതകളും പ്രതിഭാസങ്ങളും മനുഷ്യ മസ്തിഷ്കത്തിലും ബോധത്തിലും സൃഷ്ടിക്കുന്ന ചിന്തകളും ഭാവങ്ങളും ആശയങ്ങളും അവയുടെ അടിസ്ഥാനത്തിൽ രൂപംകൊള്ളുന്ന ചിന്തയുമാണ്. മറ്റൊരു രീതിയിൽ പറയുകയാണെങ്കിൽ പ്രതിഫലനം എന്നത് ബോധമണ്ഡലത്തിന്റെ സൃഷ്ടിയും വികാസവുമാണ്. ഈ പ്രക്രിയയുടെ സൂക്ഷ്മതലങ്ങളിൽ ഇനിയും അന്വേഷണം ആവശ്യമാണെങ്കിലും ഈ പൊതു തത്വം, ബുദ്ധിയും ചിന്തയും ദൈവ നിർമ്മിതിയുമാണെന്ന് ഇപ്പോഴും ശഠിക്കുന്നവരെ മാറ്റിനിർത്തിയാൽ, സാർവത്രികമായി അംഗീകരിക്കപ്പെടുന്നുണ്ട്. നിർമ്മിത ബുദ്ധിയെക്കുറിച്ചുള്ള ഇന്നത്തെ ചർച്ചകളുടെ പശ്ചാത്തലത്തിൽ യാന്ത്രിക ഭൗതികവാദത്തിന് പുതിയ മുഖം കൈവന്നിരിക്കുകയാണ്. അത് ഭൗതിക പ്രപഞ്ചവുമായി ബന്ധപ്പെട്ട വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് വിപരീതമാണുതാനും.
മാർക്സിസവും ഇന്ദ്രിയവാദവും
ലെനിന്റെ ഗ്രന്ഥത്തിന്റെ ഉദ്ദേശ്യം ശാസ്ത്രീയ ചിന്തയുടെ വിമർശനമോ ഭൗതികവാദത്തിനുള്ള ഒരു പുതിയ സംഭാവനയോ അല്ല, മെൻഷെവിക്കുകളുടെയും ചില സോഷ്യലിസ്റ്റ് വിപ്ലവകാരികളുടെയും നിലപാടുകളോടുള്ള വിമർശനമാണ്. എ ബോഗ്ദനോവ്, ബസറോവ്, വലന്റിനോവ്, ചുപ്കെവിച്ച്, ലുസെവിച്ച്, ഹെൽ ഫോണ്ട്, ബെർമാൻ, സുവറോവ്, സോഷ്യലിസ്റ്റായ ചെർണോവ് തുടങ്ങി ലെനിന്റെ വിമർശനത്തിനു പാത്രമായവർ പിന്നീട് ഏതെങ്കിലും വിധത്തിലുള്ള സംഭാവനകൾ ചെയ്തവരല്ല. അവരിൽ അനറ്റോളി ലുണാച്ചാർസ്കി മാത്രമാണ‍് പിന്നീട് പ്രസിദ്ധനാകുന്നത്. ലെനിന്റെ ലക്ഷ്യം മറ്റൊന്നാണ്. മാർക്സിസത്തിന്റെ ചരിത്രപരവും വൈരുദ്ധ്യാത്മകവുമായ നിലപാടുകളിൽ ‘‘ശാസ്ത്രീയതയുടെ’’ പേരിൽ കടന്നുവന്ന വ്യതിയാനത്തെയാണ് ലെനിൻ വിമർശിക്കുന്നത്. മാർക്സിനെയും എംഗൽസിനെയും തിരുത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നതിന്റെ പേരിൽ മാർക്സിസത്തിന്റെ ഭൗതികവാദ നിലപാടുകളിൽ വെള്ളം ചേർക്കുകയും ആശയവാദത്തോട് പ്രത്യക്ഷമായും പരോക്ഷമായും സമരസപ്പെടുകയും ചെയ്യുന്ന മേൽപ്പറഞ്ഞ ‘ബുദ്ധിജീവി’ ( പലരും പ്രൊഫസർമാർ) കളുടെ നിലപാടുകളെയാണ് ലെനിൻ വിമർശിക്കുന്നത്.
ഇത്തരം നിലപാടുകളുടെ പരിണതഫലങ്ങൾ സാമൂഹ്യശാസ്ത്ര പഠനങ്ങളിൽ പ്രത്യക്ഷപ്പെടുന്നു എന്ന് ലെനിൻ ചൂണ്ടിക്കാണിക്കുന്നു. അതിലൊന്ന് മാർക്സിസ്റ്റ് അർത്ഥശാസ്ത്രത്തെക്കുറിച്ചുയരുന്ന വിമർശനമാണ്. അധ്വാനത്തിന്റെ മൂല്യത്തെക്കുറിച്ച് മാർക്സ് നൽകുന്ന വിശദീകരണം മുഴുവനും ‘അതിഭൗതിക’മാണെന്നു വിലയിരുത്തുകയും‘ ഇന്ദ്രിയഗോചരമായ’ സാമ്പത്തിക പ്രക്രിയകൾ മാത്രമാണ് പഠനവിധേയമാക്കേണ്ടത് എന്ന് വാദിക്കുകയും ചെയ്യുന്ന രീതി ഉദാഹരണമാണ്. ലെനിൻ പഠന വിഷയമാക്കുന്നില്ലെങ്കിലും, ഇതേ കാലത്ത് ജീവിക്കുകയും പുരോഗമനവാദികളായി അറിയപ്പെടുകയും ചെയ്ത സ്റ്റാൻലി ജെ വോൺസിന്റെ സിദ്ധാന്തങ്ങൾ ഈ പ്രവണതയെ സൂചിപ്പിക്കുന്നു. ജോൺ സ്റ്റുവർട്ട് മില്ലിന് ഏണസ്റ്റ് മാഷിലും കൂട്ടരിലും ഉണ്ടായിരുന്ന സ്വാധീനത്തെ ലെനിൻ തന്നെ പരാമർശിക്കുന്നുണ്ട്. പിന്നീട് ബോൺ ബാവെർക്കിനെ പോലുള്ള മാർക്സിസ്റ്റ് വിമർശകരായ സാമ്പത്തിക ശാസ്ത്രജ്ഞരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അധ്വാന മൂല്യ സിദ്ധാന്തത്തിൽ തന്നെയാണ്. അതോടെ മനുഷ്യാധ്വാനത്തിന്റെ ഭൗതികത സാമൂഹ്യശാസ്ത്രത്തിൽ നിന്ന് നീക്കം ചെയ്യപ്പെടുകയും ‘ഇന്ദ്രിയ ഗോചര’മായ കമ്പോള ബന്ധങ്ങൾ അതിന്റെ സ്ഥാനം ഏറ്റെടുക്കുകയും ചെയ്യുന്നു. ആശയവാദം അർത്ഥശാസ്ത്രത്തിനുമേൽ സ്വാധീനം ചെലുത്തുന്ന രീതിയാണിത്.
ഇതിന്റെ മറ്റൊരു ഫലവും കൂടി ലെനിൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഉൽപാദന പ്രക്രിയയുടെ പ്രാഥമികതയ്ക്കു പകരം വിതരണവും കമ്പോള ബന്ധങ്ങളും സ്ഥാനം പിടിക്കുമ്പോൾ സമൂഹ ബന്ധങ്ങളിൽ വിതരണത്തിന് പ്രാധാന്യം കൈവരുന്നു. ക്ഷേമപ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ധാർമിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള വിതരണം, തുല്യനീതി തുടങ്ങിയവയ്ക്ക് ഉത്പാദന ബന്ധങ്ങളുടെയും അവയുടെ ചൂഷണ രൂപങ്ങളുടെയും സമൂലമായ പരിവർത്തനം അല്ലെങ്കിൽ സാമൂഹ്യ വിപ്ലവത്തിനേക്കാൾ അംഗീകാരം ലഭിക്കുന്നു. ചരിത്രപരവും വൈരുദ്ധ്യാത്മകവുമായ ഭൗതികവാദത്തിൽ അധിഷ്ഠിതമായ സാമൂഹ്യ വിപ്ലവ സങ്കല്പം ‘അതിഭൗതിക’മാണെന്ന് മുദ്രകുത്തപ്പെടുമ്പോൾ തികച്ചും ആശയവാദപരമായ ‘ധാർമിക’ സമീപനങ്ങൾ സാമൂഹ്യ പരിവർത്തനത്തിന്റെ രൂപങ്ങളായി മാറുന്നു. അതോടൊപ്പം വിവിധ രീതിയിലുള്ള ‘അനുഭവവേദ്യത’യുടെ പ്രായോഗിക രീതികളും സാമൂഹ്യപ്രക്രിയയുടെ ‘യഥാർത്ഥ’’ രൂപങ്ങളായി കണക്കാക്കപ്പെടുന്നു.
വൈരുദ്ധ്യാത്മക ഭൗതികവാദം ഉയർത്തുന്ന സാമൂഹ്യ വിപ്ലവത്തിന്റെ രാഷ്ട്രീയത്തിനെതിരെ ഇന്ദ്രിയവാദവും ആശയവാദവും അവയിൽ നിന്ന് ഉയർന്നുവരുന്ന സാമൂഹ്യ പ്രക്രിയകളുടെ സങ്കല്പങ്ങളും ചേർന്ന് ബൂർഷ്വാ പ്രത്യയശാസ്ത്രത്തെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതാണ് ലെനിൻ അവതരിപ്പിക്കുന്നത്. ലെനിൻ പിന്നീട് ചേർത്ത മറ്റൊരു കുറിപ്പിൽ അദ്ദേഹം തന്നെ ശക്തമായി വിമർശിച്ചുപോന്ന നരോദ്നിക് നേതാവായ എൻ ജി ചെർണിഷേസ്കി എങ്ങനെ ഫൊയർ ബാഹിനെ അവലംബിച്ചുകൊണ്ട് ഭൗതികവാദത്തെ മുറുകെപ്പിടിച്ചു എന്നു വിവരിക്കുന്നുണ്ട്. ഇന്ദ്രിയവാദത്തിനെതിരായ വിമർശനം വർഗ്ഗ സമരത്തിന്റെ ഭാഗമായ ആശയ സമരത്തിന്റെ പ്രത്യേക മേഖലയായി ലെനിൻ വിലയിരുത്തുന്നു. ആശയവാദവും ഭൗതികവാദവും തമ്മിലുള്ള സംഘർഷം കാലഹരണപ്പെടുകയില്ല, കൂടുതൽ ശക്തി പ്രാപിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ലെനിന്റെ ഈ പുസ്തകത്തിനു ശേഷം ഇതിലുയർത്തിയ പ്രമേയങ്ങൾ ഏതാണ്ട് മുഴുവനും സാമൂഹ്യ ശാസ്ത്ര മേഖലകളിൽ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. പ്രാതിഭാസികത, അനുഭവവേദ്യത, ആപേക്ഷികവാദം, അസ്തിത്വവാദം, അജ്ഞേയവാദം തുടങ്ങിയവയെല്ലാം സംവാദങ്ങളിൽ പ്രമുഖ സ്ഥാനം പിടിച്ചു. ദുഹെം – ക്വൈൻ, ഗോദൽ കോപ്പറും വിയന്നസർക്കിളും ഫ്രാങ്ക‍്ഫർട് സ്കൂൾ, ഹെെഡഗർ, ഗുസേൽ, ഗദാമർ, ഘടനോത്തരവാദികൾ, തോസ് ക്യൂണും ശിഷ്യരും, ഇമ്റെ ലക്കാനോസ്, ബ്രൂണാെ ലത്വാ, സാമൂഹ്യ നിർമ്മിതിവാദികൾ, മനോവിശ്ലേഷകർ, സാംസ്കാരിക ഭൗതികവാദികൾ തുടങ്ങി നിരവധി പണ്ഡിതർ ലെനിൻ വിമർശിച്ച വാദഗതികൾ ഏറ്റെടുക്കുകയും വികസിപ്പിക്കുകയും ചെയ്തു. ആശയവാദവും ഭൗതികവാദവും തമ്മിലുള്ള ഭിന്നത കാലഹരണപ്പെടുന്നു എന്നുള്ള വാദം വീണ്ടും ഉയർത്തപ്പെട്ടു. കർത്താവും വസ്തുവും തമ്മിലുള്ള ഏകോപനത്തിന്റെയും വ്യത്യസ്തതകളുടെയും അടിസ്ഥാനത്തിൽ സാമൂഹ്യബന്ധങ്ങളെയും അധികാര ഘടനയെയും സംബന്ധിച്ച് പുതിയ സിദ്ധാന്തങ്ങൾ അവതരിപ്പിക്കപ്പെട്ടു. ഇവയെല്ലാം പ്രയോഗ തലത്തിൽ സാമൂഹ്യ വിപ്ലവ പ്രസ്ഥാനങ്ങളെ തകർക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തു. 1905ലെ മോസ്കോ വിപ്ലവത്തിനുശേഷം സാമൂഹ്യ വിപ്ലവങ്ങൾ പ്രതീക്ഷയുളവാക്കിയ ഘട്ടത്തിലാണ് ലെനിന്റെ രചന വരുന്നത്. മറ്റൊരു ഘട്ടത്തിൽ, അത്തരം പ്രതീക്ഷകൾ നിലനിർത്തുന്നതിനുവേണ്ടി ലെനിന്റെ കൃതി ഇപ്പോഴും പ്രസക്തമാകുന്നു. ♦
(അവസാനിച്ചു)